റെഡ് ക്രോസ് സംഘത്തെയും കൊന്നൊടുക്കി ഇസ്രായേൽ; ഗാസയിൽ തുടരുന്ന ആക്രമണപരമ്പര

ഗാസയിൽ സന്നദ്ധപ്രവർത്തകരായി പ്രവർത്തിച്ചിരുന്ന റെഡ് ക്രോസ് വളണ്ടിയർമാരെ പോലും വെറുതെവിടാതെ ഇസ്രായേൽ സൈന്യം. 15 പേരുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിൽ നിന്ന് കണ്ടെത്തി. മേഖലയിലേക്ക് ഭക്ഷണം എത്തിക്കുന്നത് പോലും തടഞ്ഞ് ക്രൂരത…

വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെ ഗാസയിൽ ആക്രമണ പരമ്പര തുടരുകയാണ് ഇസ്രായേൽ സൈന്യം. തെക്കൻ ഗാസയിൽ നിന്നും റഫയിൽ നിന്നും ഖാൻ യൂനിസിൽ നിന്നും നിരവധി പലസ്തീനികളെയാണ് കുടിയൊഴിപ്പിച്ചത്. കുടിയിറക്കിയ പലസ്തീനികളോട് അൽ-മവാസിയിലെ ഹ്യുമാനിറ്റേറിയൻ സോണിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് സാധാരണക്കാരായ മനുഷ്യരെ കുടിയൊഴിപ്പിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ഇസ്രായേൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ശുചിത്വം, ആരോഗ്യം, സുരക്ഷ, പോഷകാഹാരം എന്നിവ ഉറപ്പാക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കലിൻെറ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് ഇത് നടക്കുന്നതെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ മനുഷ്യത്വവിരുദ്ധമായ മറ്റൊരു വാർത്തയുടെ റിപ്പോർട്ട് കൂടി ഗാസയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. പലസ്തീനിൽ ആക്രമണം മൂലം കെടുതികളനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയായിരുന്ന ആരോഗ്യപ്രവർത്തകർ അടങ്ങിയ റെഡ് ക്രോസ് വളണ്ടിയർമാരെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരിക്കുകയാണ്. തെക്കൻ ഗാസ മുനമ്പിൽ നിന്നാണ് 15 സന്നദ്ധ പ്രവർത്തകരുടെ മൃതദേഹം കണ്ടെത്തിയത്. എട്ട് പലസ്തീൻ ആരോഗ്യപ്രവർത്തകരും ആറ് സന്നദ്ധ പ്രവർത്തകരും ഒരു യുഎൻ സ്റ്റാഫ് അംഗവും അടക്കമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റെഡ് ക്രോസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

പലസ്തീനിൽ ആക്രമണം മൂലം കെടുതികളനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയായിരുന്ന ആരോഗ്യപ്രവർത്തകർ അടങ്ങിയ റെഡ് ക്രോസ് വളണ്ടിയർമാരെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരിക്കുകയാണ്.
പലസ്തീനിൽ ആക്രമണം മൂലം കെടുതികളനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയായിരുന്ന ആരോഗ്യപ്രവർത്തകർ അടങ്ങിയ റെഡ് ക്രോസ് വളണ്ടിയർമാരെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരിക്കുകയാണ്.

എട്ട് പിആർസിഎസ് ഡോക്ടർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐഎഫ്ആർസി) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ആംബുലൻസ് ഓഫീസർമാരായ മുസ്തഫ ഖുഫാഗ, സാലിഹ് മുഅമർ, എസ്സെദിൻ ഷാത്ത്, ഫസ്റ്റ് റെസ്പോണ്ടർ വളണ്ടിയർമാരായ മുഹമ്മദ് ബഹ്ലൂൾ, മുഹമ്മദ് അൽ-ഹൈല, അഷ്റഫ് അബു ലബ്ദ, റായ്ദ് അൽ-ഷെരീഫ്, റിഫാത്ത് റദ്വാൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ഇവരെ തിരിച്ചറിഞ്ഞതായും റെഡ്‌ ക്രോസ് വ്യക്തമാക്കി. സംഭവത്തിൽ കാണാതായ ഒരു ആംബുലൻസ് ഓഫീസറെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല ഹമാസിൻെറ പ്രകോപനം കാരണമാണ് ആക്രമണം ഉണ്ടായതെന്നാണ് ഇസ്രായേൽ സൈന്യത്തിൻെറ വിശദീകരണം. മാർച്ച് 23-ന് അൽ- ഹാഷാഷിൻ പ്രദേശത്ത് വെച്ചാണ് റെഡ് ക്രോസ് പ്രവർത്തകരെ കാണാതായത്.

പെരുന്നാൾ ദിനത്തിലും മേഖലയിൽ ഇസ്രായേൽ ആക്രമണം തുടര്‍ന്നിരുന്നു. ഈജിപ്തിന്റെ വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ ബദൽ സമർപ്പിച്ച ഘട്ടത്തിലാണ് രൂക്ഷമായ ആക്രമണം തുടരുന്നത്. ഇസ്രായേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കുട്ടികളും സ്ത്രീകളുമടക്കം 22 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെക്കൻ ഗസയിലെ റഫക്ക് സമീപം കരയാക്രമണവും രൂക്ഷമാണ്. ഗാസയിലേക്കുള്ള ഭഷ്യവസ്തുക്കളുടെ വിതരണം ഇസ്രായേൽ തടഞ്ഞിരുന്നതിനാൽ ഗാസയിൽ പെരുന്നാൾ ദിനത്തിൽ പോലും ആളുകൾക്ക് ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. കനത്ത ബോംബിങ് തുടരുന്നതിനാൽ ജീവകാരുണ്യപ്രവർത്തകർക്കും സംഭവസ്ഥലത്തേക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണ്. അതേസമയം മധ്യസ്ത രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. 50 ദിവസത്തെ വെടിനിർത്തലിന് ഹമാസ് അഞ്ച് ബന്ദികളെ മോചിപ്പിക്കണം എന്നാണ് കരാർ. എന്നാൽ അമേരിക്കൻ പിന്തുണയോടെ ബദൽ പദ്ധതിയുമായി ഇസ്രായേൽ രംഗത്തെത്തിയിട്ടുണ്ട്.

Comments