ഇസ്രായേലി ക്രൂരത ചരിത്രത്തുടർച്ചയാണ്;
ഓർക്കാം, ഫ്രീഡം ഫ്ലോട്ടില കൂട്ടക്കൊല

നിരായുധരായ ഒരു ജനതയെ അതിക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്യുന്ന, ആധുനിക ലോകത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഏറ്റവും വലിയ നരമേധം. ഇതൊക്കെയാണ് ലോകത്തിന്റെ സങ്കടമായി മാറിയ ഗാസാമുനമ്പിൽ നിന്ന് സദാ കാണുന്നതും കേൾക്കുന്നതും.

നിലയ്ക്കുന്നില്ല, ഇസ്രായേലി സേനയുടെ രക്തദാഹം. ഹിംസയുടെ ഗ്രാഫുയരുന്നതുകണ്ട് പൊട്ടിച്ചിരിക്കുകയായിരിക്കുമോ ടെൽ അവീവിലെ വാർ റൂമിലിരിക്കുന്ന പട്ടാള ഉദ്യോഗസ്ഥർ? ബോംബുകളുടെ പൊട്ടിത്തെറിയിൽ ജീവനറ്റുപോയ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ, അവരുടെ കൈത്തണ്ടയിൽ രക്തലിപിയാൽ മുദ്രണം ചെയ്ത പേരുകൾ തിരഞ്ഞ്, ആധി പിടിച്ച് നെട്ടോട്ടമോടുന്ന പലസ്തീനി അമ്മമാരുടെ ആർത്തനാദം കേട്ട് അർമാദിക്കുന്ന പട്ടാളക്കാരുടെ ചിത്രം ഇറാനിയൻ പത്രങ്ങളിലുണ്ട്.

വെള്ളവും വെളിച്ചവും നൽകാതെ, ഭക്ഷണസാമഗ്രികളുമായി പോകുന്ന ജീവകാരുണ്യപ്രവർത്തകരെ തടയുകയും അവരെ തിരിച്ചോടിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ നിഷ്ഠൂരത. നിരായുധരായ ഒരു ജനതയെ മുഴുവൻ അതിക്രൂരമായി പീഡിപ്പിക്കുകയും പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്യുന്ന, ആധുനിക ലോകത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കുന്ന ഏറ്റവും വലിയ നരമേധം. ഇതൊക്കെയാണ് ലോകത്തിന്റെ സങ്കടമായി മാറിയ ഗാസാമുനമ്പിൽ നിന്ന് സദാ കാണുന്നതും കേൾക്കുന്നതും.

ഗാസയിലെ കുട്ടികളുടെ കൈകളിൽ തിരിച്ചറിയാനായി പേരുകൾ എഴുതുന്നു

ഉപരോധത്താൽ വീർപ്പുമുട്ടിക്കുന്നതിന്റെ മഹാദുരന്തങ്ങളേയും പലസ്തീനികൾ അതിജീവിക്കും. മറ്റു പല ക്രൂരപീഡനങ്ങളുമെന്ന പോലെ അവയൊന്നും അന്നാട്ടുകാർക്ക് പുതുമയല്ല. ഏത് വിധത്തിലുള്ള ഉപരോധങ്ങളിലും ഉലയാതെ പിടിച്ചുനിൽക്കാനുള്ള മനക്കരുത്ത് ജന്മനായുള്ളവരാണ് പലസ്തീൻ ജനത. അനീതിയുടെ ഭൂപടത്തിൽ കെട്ടിയുയർത്തിയ ബാരിക്കേഡുകൾക്കുള്ളിൽ ആയിരക്കണക്കിന് നിരാലംബരെ പട്ടിണിക്കിട്ട് കൊല്ലുമ്പോഴും പലസ്തീനികൾ പ്രതിരോധിച്ചുനിന്നതാണ് ചരിത്രം. ഗാസ അഥവാ ഗസ്സ എന്നാൽ ഹീബ്രുഭാഷയിൽ കരുത്ത് എന്നാണർഥം. പതിറ്റാണ്ടുകളായി അടർക്കളത്തിൽ ചെറുത്തുനിൽക്കുന്ന ഒരു കൊച്ചുരാജ്യത്തിന്റെ ഏറ്റവും ജനസാന്ദ്രമായ മുനമ്പിന് കരുത്തുറ്റ നഗരം എന്ന പേരുവീണതും ആകസ്മികമാകാം. ചതഞ്ഞ സ്വപ്‌നങ്ങളുടെ ഖബർസ്ഥാൻ എന്നൊരു മറുനാമവുമുണ്ട് ഗാസാ മുനമ്പിന്. സമകാലിക സാഹചര്യത്തിൽ അതാകാം കൂടുതൽ അനുയോജ്യം.

2010 മേയ് 31.
ഇസ്രായേലി ഉപരോധത്തിൽ പിടഞ്ഞൊടുങ്ങിയ പലസ്തീൻ ജനതയുടെ പട്ടിണി മാറ്റാൻ ഭക്ഷണസാമഗ്രികളും മറ്റുമായി പോയ ഫ്രീഡം ഫ്ലോട്ടില എന്ന തുർക്കി കപ്പലിനെ ആക്രമിച്ച് സന്നദ്ധസേവകരും കപ്പൽ ജീവനക്കാരുമായ ഒമ്പത് പേരെ കൊലപ്പെടുത്തിയ കറയും ഇസ്രായേലിന്റെ കൈകളിൽ പുരണ്ടിട്ടുണ്ട്. യുദ്ധമല്ലേ, ധാർമ്മികതയെപ്പറ്റി പറയണ്ട എന്നല്ലേ?

ഫ്രീഡം ഫ്ലോട്ടില

യുദ്ധമുഖത്ത് അതിരിട്ടുതിരിച്ച അദൃശ്യമായ കള്ളികൾക്കുള്ളിൽ പക്ഷേ പട്ടിണി കിടക്കുന്ന കുട്ടികളേയും സ്ത്രീകളേയും മുതിർന്നവരേയുമെല്ലാം നിർദ്ദയം കൊന്നൊടുക്കിയ ഒരു സാഹചര്യത്തിലാണ് സമാധാനക്കപ്പലിൽ അവർക്ക് വെള്ളവും ഭക്ഷണവുമായി തുർക്കി സംഘം പുറപ്പെട്ടത്. അന്ന് ഗാസയിലേക്ക് പോയ കപ്പലിൽ 475 സമാധാന പ്രവർത്തകരാണുണ്ടായിരുന്നത്. അവരെയാണ് ഇസ്രായേലി പട്ടാളക്കാർ ആക്രമിച്ചതും നിരവധി പേരെ വെടിവച്ചിട്ടതും. ശുഭ്രപതാക വീശിയാണ് നിരായുധരായ സമാധാനസേന ഇസ്താംബൂളിൽ നിന്ന് ഗാസയിലേക്ക് നീങ്ങിയിരുന്നത്. ഒമ്പത് മൃതദേഹങ്ങൾ ഇസ്താംബൂളിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തപ്പോൾ ടർക്കിഷ് ജനതയോടൊപ്പം ലോകമെങ്ങുമുള്ള സമാധാന പ്രവർത്തകരും ദുഃഖിച്ചു. കപ്പലിലുള്ളവർ ഇങ്ങോട്ടാക്രമിച്ചതുകൊണ്ടാണ് തിരികെ വെടിവെക്കേണ്ടിവന്നതെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് അന്നും ഇസ്രായിലിന്റെ ഔദ്യോഗിക വക്താക്കൾ ലോകത്തോട് പറഞ്ഞത്. കപ്പലിലുള്ളവരെ മുഖാമുഖം വെടിവെക്കുന്നതിനു മുമ്പുതന്നെ ഇസ്രായേലി സേന ഹെലികോപ്റ്ററുകളിൽ നിന്നും പട്ടാളബോട്ടുകളിൽ നിന്നും കപ്പലിനെ ആക്രമിച്ചിരുന്നതായി പിന്നീട് യാത്രക്കാർ വെളിപ്പെടുത്തി.

കൊല ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഫുർഖാൻ ദോഗാൻ എന്ന പത്തൊമ്പതുകാരൻ അതിനിഷ്ഠൂരമായ ആക്രമണത്തിന് വിധേയനായിരുന്നതായി തുർക്കിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അങ്കാറ യൂണിവേഴ്‌സിറ്റി വിദ്യാർഥിയായിരുന്ന ഫുർഖാന്റെ ശിരസ്സിൽ നാലും നെഞ്ചിൽ രണ്ടും വെടിയുണ്ടയേറ്റു. മുൻ തായ്ക്വണ്ടാ ചാമ്പ്യനും തുർക്കി ദേശീയ ടീം പരിശീലകനുമായ സെറ്റിൻ തോപ്‌ഗോലു എന്ന അമ്പത്തിനാലുകാരനും കൊല്ലപ്പെട്ടവരിലുൾപ്പെടും.

ഫുർഖാൻ ദോഗാൻ, സെറ്റിൻ തോപ്‌ഗോലു

കുറുനരികൾ ഇരകളെ കൊല്ലുന്നതുപോലെയാണ് ഇസ്രായേലിന്റെ അരഡസൻ പട്ടാളകപ്പലുകൾ, സഹായദൗത്യവുമായി പോയ കപ്പലിനെ വളഞ്ഞ് ആക്രമിച്ച് വെടിയുതിർത്തതെന്നാണ് സഹയാത്രികന്റെ തലച്ചോർ ചിതറിത്തെറിച്ച ഭീകരദൃശ്യത്തിന് സാക്ഷിയായ യിൽദിറിം എന്ന സമാധാനപ്രവർത്തകൻ പ്രതികരിച്ചത്. സൈനികർക്ക് മുന്നിൽ കീഴടങ്ങിയിട്ടും നിലയ്ക്കാത്ത വെടിമുഴക്കങ്ങൾ ശാന്തിയുടെ തുരുത്തിലേക്ക് തുഴഞ്ഞ ആ യാനപാത്രത്തെയാകെ കിടിലം കൊളളിച്ചു. മെഡിറ്ററേനിയൻ കടൽപരപ്പിൽ ചോരയും തിരയും ഇടകലർന്നു. കപ്പലിന്റെ ഡെക്കിൽ വെടിയുണ്ടയേറ്റ് അറ്റുവീണ മനുഷ്യാവയവങ്ങൾ. ഫ്രീഡം ഫ്ലോട്ടിലയെ ആക്രമിച്ചവർക്കെതിരെ ലോകമെമ്പാടും ജനരോഷം ഇരമ്പി. എഴുത്തുകാരും ബുദ്ധിജീവികളും ഇസ്രായിലിനെതിരെ സാംസ്‌കാരിക ഭ്രഷ്ട് കൽപിക്കണമെന്ന് ആഹ്വാനം ചെയ്തു. സ്‌കോട്ടിഷ് നോവലിസ്റ്റ് ഇയാൻ ബംഗ്‌സ്, ആലീസ് വാക്കർ (അമേരിക്ക), സ്വീഡിഷ് കുറ്റാന്വേഷണ നോവലിസ്റ്റ് ഹെന്നിംഗ് മാംഗെൽ, കനേഡിയൻ നോവലിസ്റ്റ് മാർഗരറ്റ് ആറ്റ് വുഡ് എന്നിവരും ഇസ്രായിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കി.

അതേവർഷം അയർലാന്റിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ സമാധാനക്കപ്പലും ഇസ്രായേലി സൈന്യം തടഞ്ഞു. ഗാസയ്ക്കുമേലുള്ള ഉപരോധം അവസാനിപ്പിക്കുന്നതുവരെ ഇനിയും സഹായസാമഗ്രികളുമായി കപ്പലുകൾ പുറപ്പെടുമെന്ന് തുർക്കി ജനതയോട് ഐക്യദാർഢ്യം പുലർത്തിയ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾപ്രഖ്യാപിച്ചു. തുർക്കി പ്രധാനമന്ത്രി എർദോഗാനും കപ്പൽക്കൊലയ്ക്ക് ശേഷമുള്ള സംഭവവികാസങ്ങളിൽ പലസ്തീൻ ജനതയോടുള്ള പ്രതിബദ്ധത പ്രകടമാക്കി.

ഇതെല്ലാം പത്തുവർഷം മുമ്പ് നടന്ന ചരിത്രം. പക്ഷേ ഇപ്പോഴും പ്രക്ഷുബ്ധതകളെയത്രയും ഉള്ളിലടക്കിപ്പിടിച്ച്, ബോംബുകളുടേയും മിസൈലുകളുടേയും ദൃഷ്ടിയിൽപെടാതെ അവശേഷിച്ച പലസ്തീനിലെ മനുഷ്യർ കുടിവെള്ളത്തിനായി, ഒരു നേരത്തെ അന്നത്തിനായി അന്യരോട് കൈനീട്ടുന്നു. ഉദാരത തേടുന്ന ആ കരചരണങ്ങൾ ഏത് നിമിഷവും അറ്റുവീഴാം, ആ പ്രാണനുകൾ ഏത് നേരവും പൊടുന്നനവെ പൊലിയാം. കഴുകൻ കണ്ണുകളുമായി ഇരമ്പിവരുന്ന യുദ്ധവിമാനങ്ങൾക്കുതാഴെ മക്കളേയും ഉടപ്പിറന്നവരേയുമെല്ലാം കെട്ടിപ്പിടിച്ച് അവരത്രയും കാത്തിരിക്കുകയാണ് - അതിധീരമായ രക്തസാക്ഷിത്വത്തെ.

Comments