താലിബാൻ കൊലപ്പെടുത്തിയ ഹാസ്യതാരം നാസർ മുഹമ്മദ് ഖാഷ

താലിബാന്റെ പുനരാഗമനം; ഇസ്​ലാമിക തീവ്രവാദത്തിന്റെ പ്രചോദന നിമിഷം

ഐസിസിന്റെ തകർച്ചയും അൽ ഖാഇദയുടെ പ്രാന്തവൽക്കരണവും സൃഷ്ടിച്ച നിരാശാജനകമായ ശൂന്യതയിൽ ഇസ്​ലാമിക തീവ്രാദത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദന നിമിഷമായിരിക്കും താലിബാന്റെ പുരാനരാഗമനം

ഫ്ഗാനിസ്ഥാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
1996 ലെ താലിബാൻ ആധിപത്യത്തിന് സമാനമായ ഒരു സാഹചര്യം വിദൂരമല്ലെന്ന സൂചനയാണ് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മതയാഥാസ്ഥിതികത്വം ശക്തമായ ഗ്രാമീണമേഖലകളിലാണ് അവരിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്രാമങ്ങൾ അധീനപ്പെടുത്തി നഗരങ്ങളെ പിന്നീട് വളയുകയെന്ന തന്ത്രമാണ് അവർ നടപ്പാക്കുന്നതെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഇതെഴുതുമ്പോൾ (ആഗസ്ത് 6 ) ബി.ബി.സി വാർത്തയിൽ കണ്ടത് അഫ്ഗാനിസ്ഥാന്റെ മിക്ക മേഖലകളിലും അവർ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞെന്നാണ്. വടക്ക്, വടക്ക് കിഴക്കൻ പ്രവിശ്യകൾ, മധ്യപ്രവിശ്യകൾ, കുണ്ടൂസ്, ഹെറാത്, കാണ്ഡഹാർ, ലഷ്‌കർ ഗാ തുടങ്ങിയ നഗരങ്ങൾ - ഇവയെല്ലാം ഏറെക്കുറെ താലിബാന് വഴങ്ങിത്തുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ നടപ്പിലാക്കിയ അതേ തന്ത്രങ്ങളും ഭയം ജനിപ്പിക്കാനുള്ള ക്രൂരമായ അടവുകളും തന്നെയാണ് ഇപ്പോഴും അവർ വിജയകരമായി നടപ്പാക്കുന്നത്. ചെറുതും വലുതുമായ യുദ്ധപ്രഭുക്കളെ പറ്റുമെങ്കിൽ വിലയ്ക്കുവാങ്ങുകയോ അല്ലെങ്കിൽ ആക്രമിച്ച് കീഴടക്കുകയോ ചെയ്യുക, എതിർപ്പിന്റെ സകല സ്രോതസ്സുകളെയും നിഷ്ഠൂരമായി ഉന്മൂലനം ചെയ്യുക, സ്ത്രീകളുടെ ചലന- വസ്ത്രധാരണ- ഉപജീവന സ്വാതന്ത്ര്യങ്ങളെ വിലക്കുക, കൊമേഡിയൻ നാസർ മുഹമ്മദ് ഖാഷയെ കൊന്നത് പോലെ സർഗാത്മക വിമർശനങ്ങളെ മുളയിലേ നുള്ളിക്കളയുക, ഇസ്​ലാമിന്റെ ഏറ്റവും നിരാർദ്രവും നിഷ്ഠൂരവുമായ വ്യാഖ്യാനം അക്ഷരാർഥത്തിൽ അടിച്ചേൽപ്പിക്കുക തുടങ്ങി മുമ്പ് പരീക്ഷിച്ചു വിജയിച്ച രീതികൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

താലിബാന് സമാനമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇന്ന്​ ഇന്ത്യയിൽ ഭരണം കയ്യാളുന്നത്​ എന്നതിനാലും ഇന്ത്യൻ മുസ്‌ലിംകളിൽ ചെറിയ വിഭാഗമെങ്കിലും മതതീവ്രവാദത്തെ ആശ്ലേഷിക്കാനുള്ള ആന്തരിക സാഹചര്യം നിലനിൽക്കുന്നതിനാലും താലിബാന്റെ പുനരാഗമനമുണ്ടാക്കുന്ന വെല്ലുവിളി നിസ്സാരമല്ല

പകുതി രാജ്യവും താലിബാൻ പിടിയിൽ

ബി.ബി.സിയുടെ ഇന്നത്തെ കണക്കനുസരിച്ച് 15 മില്യൺ അഫ്ഗാനികൾ - മൊത്തം ജനസംഖ്യയുടെ നേർപകുതി - ഇപ്പോൾ താലിബാന്റെ പൂർണമോ ഭാഗികമോ ആയ നിയന്ത്രണത്തിലാണ്. കാബൂളിന്റെ പതനം ഒരു പക്ഷെ ഉടനെ ഉണ്ടാവുകയില്ലെങ്കിലും താലിബാന്റെ രണ്ടാംവാഴ്ച ഏകദേശം ഉറപ്പിക്കാവുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്. വീണ്ടുമൊരു താലിബാൻ ഭരണം അഫ്ഗാനിസ്ഥാനിലും അതിന്റെ അയൽപക്കത്തും ശിഷ്ടലോകത്തും എന്ത് പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്ന് ആലോചിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയ്ക്ക് അതുണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ- വിശേഷിച്ച് താലിബാന് സമാനമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇന്ന്​ ഇന്ത്യയിൽ ഭരണം കയ്യാളുന്നതെന്നതിനാലും ഇന്ത്യൻ മുസ്‌ലിംകളിൽ ഒരു ചെറിയ വിഭാഗമെങ്കിലും മതതീവ്രവാദത്തെ ആശ്ലേഷിക്കാനുള്ള ആന്തരിക സാഹചര്യം ഇവിടെ നിലനിൽക്കുന്നതിനാലും - പ്രത്യേക പരിഗണന അർഹിക്കുകയും ചെയ്യുന്നു.

അഫ്ഘാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr
അഫ്ഘാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ സൈനികൻ. 2011-ലെ ചിത്രം. / Photo: The U.S. Army, Flickr

20 കൊല്ലം മുമ്പാണ് അമേരിക്കൻ സൈന്യം താലിബാന്റെ കാപാലിക വാഴ്ചയ്ക്ക് അന്ത്യം കുറിക്കുന്നത്. അമേരിക്കൻ ഇടപെടലിന്റെ രാഷ്ട്രീയ ശരി- തെറ്റുകൾ എന്തൊക്കെയായാലും അത് മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ആർക്കും ആശ്വാസം പകർന്ന ഒരു സംഭവമായിരുന്നു. 20 കൊല്ലം ഒറ്റയ്ക്കും സഖ്യസൈന്യങ്ങൾക്കൊപ്പവും ശ്രമിച്ചിട്ടും തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങളിൽ പലതും നേടാതെ നാണം കെട്ട അവസ്ഥയിലാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ മെയ് മാസത്തിൽ പിൻവലിച്ചത്. അൽ ഖാഇദയുടെ ഉന്മൂലനവും ഒസാമ ബിൻ ലാദനെ കൊന്നതുമാണ് എടുത്തുപറയാവുന്ന നേട്ടങ്ങൾ. അതിന് കൊടുക്കേണ്ടി വന്ന വിലയാകട്ടെ വമ്പിച്ചതും. 2312 അമേരിക്കൻ സൈനികർ ഇക്കാലയളവിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. 20,066 സൈനികർക്ക് പരിക്കേറ്റു. 20 കൊല്ലത്തെ സൈനികസാന്നിധ്യത്തിന് അമേരിക്ക ചെലവാക്കിയതാകട്ടെ 824 ബില്യൺ ഡോളറും! അതായത് 61 ലക്ഷം കോടി രൂപ.

ഒരു നിലയ്ക്ക് പറഞ്ഞാൽ രണ്ടു വൻസാമ്രാജ്യങ്ങളെ തുരത്തിയോടിച്ചതിന്റെ ആത്മവിശ്വാസമാണ് താലിബാൻ പ്രതിഫലിപ്പിക്കുന്നത്. താലിബാന്റെ രൂപീകരണത്തിന് മുമ്പാണ് സോവിയറ്റ് അധിനിവേശത്തിന് അറുതി വരുന്നതെങ്കിലും അതിലുണ്ടായിരുന്ന മിക്കവാറും ആളുകൾ സോവിയറ്റ് അധിനിവേശത്തിനെതിരെ പോരാടിയതിന്റെ യുദ്ധാനുഭവങ്ങൾ ഉള്ളവരാണ്. അധിനിവേശകരുടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാനും യമനും വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയുള്ള നീണ്ട ചരിത്രാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. താലിബാൻ എന്ന സംഘടന പുതിയതാണെങ്കിലും മതപ്രോക്തമായ പോരാട്ടവീര്യമുള്ള, തീവ്രസ്വഭാവമുള്ള പുരോഹിതരുടെയും അവരുടെ വിദ്യാർത്ഥികളുടെയും ചരിത്രത്തിന് രണ്ടര നൂറ്റാണ്ടിന്റെ പഴക്കമെങ്കിലുമുണ്ട്. സ്ഥലപരിമിതി മൂലം ആ ചരിത്രത്തെക്കുറിച്ച്​ ചില സൂചനകൾ മാത്രം നൽകാം. അഫ്ഘാൻ രാഷ്ട്രീയം മനസ്സിലാക്കാൻ ഈ ചരിത്ര പശ്ചാത്തലം അനിവാര്യമാണ്.

ദക്ഷിണേഷ്യ വീണ്ടും ഇസ്​ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മർമകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് പ്രാദേശികമായ രാഷ്ട്രീയ പരിതോവസ്ഥയിൽ ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാം.

ഈസ്റ്റിന്ത്യ കമ്പനിയുടെ ആഗമന കാലം മുതൽ ബ്രിട്ടീഷ് സൈനികരും ഉദ്യോഗസ്ഥരും എഴുതിയ രേഖകളും പുസ്തകങ്ങളുമാണ് ഇക്കാര്യത്തിൽ ലഭ്യമായ പ്രധാന സംഗതികൾ. കൊളോണിയൽ മുൻവിധികൾ മാറ്റിനിർത്തിയാൽ തന്നെ ഇത്തരം രചനകൾ പ്രയോജനപ്രദമാണ്. പഠാനി ഗോത്രജീവിതത്തിന്റെ സ്വഭാവ സവിശേഷതകളും അതിന്റെ ഒന്നിനെയും വകവക്കാത്ത മനോഭാവത്തിൽ മതത്തോടുള്ള തീവ്രാവലംബനം സൃഷ്ടിക്കുന്ന വിചിത്രമായ തീക്ഷ്ണതയും മരണത്തോട്​ അത്​ കൊടുക്കുന്ന അനുരാഗാത്മകതയും ചരിത്രപരമായി മനസ്സിലാക്കുമ്പോൾ മാത്രമേ താലിബാൻ യുദ്ധവീര്യത്തിന്റെ മനഃശാസ്ത്രം തിരിച്ചറിയാൻ കഴിയൂ. പഠാണിയുടെ നിർദ്ദയവും അഗമ്യവുമായ ഭൂമിശാസ്ത്രം എങ്ങനെ അവന്റെ മനഃശാസ്ത്രത്തെയും ജീവിതവീക്ഷണത്തെയും നിർണയിക്കുന്നുവെന്നും ഈ ചരിത്രം നമുക്ക് പറഞ്ഞുതരും. അതിനു ശേഷം താലിബാന്റെ തിരിച്ചുവരവ് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുക കുറേക്കൂടി എളുപ്പമാകും.

താലിബാന്റെ പൂർവ്വ ചരിത്രം

19ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തിൽ സർജനായി പ്രവർത്തിച്ചിരുന്ന ഡോക്ടർ ഹെൻറി ബെൽയു എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും പഠാൻ സംസ്‌കാരത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഒരു ഭാഷാശാസ്ത്ര ഗവേഷകനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഹെൻറി ബെൽയു പഞ്ചാബിയിൽ വൈദ്യശാസ്ത്ര കൃതികളും പഷ്ത്തൂ ഭാഷയെപ്പറ്റി പഠനങ്ങളുമൊക്കെ രചിച്ച ഒരാളായിരുന്നു. അദ്ദേഹത്തിന്റെ രചനയിൽ അധിനിവേശക മുൻവിധികൾ തീർച്ചയായും കാണും. എന്നിരുന്നാലും പഠാൻ ഗോത്രസംസ്‌കാരത്തെ ചരിത്രപരമായി മനസ്സിലാക്കാൻ ഇത്തരം രചനകൾ അനിവാര്യമാണ്. പതിറ്റാണ്ടുകളോളം പഠാന്മാരുമായി, പ്രത്യേകിച്ച് അവരിലെ പ്രമുഖ ഗോത്രവിഭാഗമായ യുസുഫ്‌സായ് വിഭാഗത്തെക്കുറിച്ച് അദ്ദേഹം ശ്രദ്ധേയമായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

1950-കളിലെ അഫ്ഘാനിസ്ഥാനിലെ ഒരു ഫാമിലി പാർക്ക്. / Photo: picryl.com
1950-കളിലെ അഫ്ഘാനിസ്ഥാനിലെ ഒരു ഫാമിലി പാർക്ക്. / Photo: picryl.com

പഠാൻ ഗോത്രാഭിമാനവും ഹിംസാത്മകതയും തമ്മിലുള്ള പാരസ്പര്യമാണ് അവയിലൊന്ന്. ബെൽയുവിന്റെ ഒരു വിവരണം ഇങ്ങനെയാണ്: ‘‘അവരുടെ ജീവിതസാഹചര്യങ്ങൾ അവരെ വിരുദ്ധഗുണങ്ങളുടെ ഉടമകളാക്കി മാറ്റിയിരിക്കുന്നു - നന്മ തിന്മകളുടെ ഒരു വിചിത്ര മിശ്രണം. അവർ ദൃഢശരീരരും ധീരരും അഭിമാനികളുമാണ്. അതേ സമയം അവർ വിശ്വസിക്കാൻ കൊള്ളാത്തവരും കൗശലക്കാരുമാണ്. മിതവ്യയശീലമുള്ള അവർ അപരിചിതരോട് ആതിഥേയത്വവും യാചകരോട് ദീനദയാലുത്വവും പ്രകടിപ്പിക്കും. അഭയാർഥിയെ സംരക്ഷിക്കുകയും സ്വന്തം ജീവൻ കൊടുത്തും അവർക്കായി പ്രതിരോധമൊരുക്കുകയും ചെയ്യും. പക്ഷെ നിരപരാധികളായ വഴിയാത്രക്കാരെ അവർ രസത്തിന് വേണ്ടി കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യും. അങ്ങേയറ്റം ദേശഭക്തിയും വംശാഭിമാനവുമുള്ളവർ, എന്നാൽ സ്വർണത്തിനു വേണ്ടി തങ്ങളുടെ ഏറ്റവും വിശുദ്ധമായ താല്പര്യങ്ങളെയും ഏറ്റവുമടുത്ത ബന്ധുക്കളെയും അവർ ഒറ്റിക്കൊടുത്തെന്നിരിക്കും.ആന്തരികമായ ഒരധികാരകേന്ദ്രത്തിനും വിധേയരാവില്ല അവർ. തമ്മിൽ തമ്മിലും അയൽക്കാരുമായും അവർ നിരന്തരസംഘർഷത്തിലായിരിക്കും. കൊലയും കൊള്ളയും അവർക്ക് വെറും നേരംപോക്ക് മാത്രം. പ്രതികാരവും പിടിച്ചുപറിയും അവരുടെ നിത്യവൃത്തി. അവരുടെ മലനിരകളുടെ ഗുപ്തസ്ഥാനങ്ങളിൽ അവരനുഭവിക്കുന്ന സുരക്ഷിതത്വം കാരണം നമുക്ക് മുമ്പ് വന്ന സകലഭരണകൂടങ്ങളെയും ചരിത്രാതീതകാലം മുതൽ തന്നെ അവർ വെല്ലുവിളിച്ചുപോന്നു.’’
ഈസ്‌റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ആദ്യമായി അഫ്ഘാനിലെത്തുകയും കാബൂൾ രാജാവുമായി 1809 ൽ കൂടിക്കാഴ്ച നടത്തുകയും ചെയ്ത മൗണ്ട് സ്​റ്റുആർട് എൽഫിൻസ്റ്റനും ഏകദേശം സമാന വിവരണമാണ് നൽകുന്നത്. 1851 ൽ പുറത്തുവന്ന തന്റെ പുസ്തകത്തിൽ (എ ഇയർ ഓൺ ദി പഞ്ചാബ് ഫ്രോണ്ടിയർ) ഹെർബെർട് എഡ്വേർഡ്സ് നൽകുന്ന ചിത്രവും ഏറെ വ്യത്യസ്തമല്ല.

റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്ക്​ താലിബാന്റെ തിരിച്ചുവരവ് നൽകുന്നത് അമേരിക്കയുമായി എതിരിടാതെ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ സ്വാധീനവൃത്തം സൃഷ്ടിക്കാനുള്ള സുവർണാവസരമാണ്.

ഇത്രയും പറഞ്ഞത് അഫ്ഘാനിലെ മതപരതയുമായി ഇന്നത്തെ അവസ്ഥ എങ്ങനെ ചരിത്രപരമായി കണ്ണിചേരുന്നു എന്ന് പറയാനാണ്. പഠാൻ ഗോത്രസവിശേഷതകളെ വിവരിച്ച മുമ്പ് പരാമർശിച്ച വ്യക്തികളെല്ലാം ഒരേ പോലെ ഊന്നുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ഒരധികാരകേന്ദ്രത്തിനും വഴിപ്പെടാത്ത പഠാണി എങ്ങനെ മതാധികാരത്തിന് പൂർണമായും വഴിപ്പെടുന്നു എന്നതാണ്. രണ്ടാമത്തേത് താലിബാൻ എന്ന് ഇന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ആദിരൂപം രണ്ടു നൂറ്റാണ്ടോളമായി അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ പരിസരങ്ങളിൽ എങ്ങനെ രൂപപ്പെടുകയും സാമൂഹ്യസ്വാധീനം നേടുകയും ചെയ്യുന്നുവെന്നതാണ്. ഹെർബെർട് എഡ്വേർഡ്സ് പഠാൻ ജീവിതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വൈരുധ്യമായി ചൂണ്ടിക്കാട്ടുന്നത് ഇതുതന്നെയാണ്.

പഠാന്റെ സുപ്രസിദ്ധമായ സ്വാതന്ത്ര്യവാഞ്ചയും നിരാശ്രയത്വവും ഒരു ഭാഗത്ത് അവരെ നിർവചിക്കുമ്പോൾതന്നെ മതത്തോടുള്ള അസാധാരണമായ ആശ്രയഭാവവും അവരെ സമാനമായി നിർവചിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഡോക്ടർ ഹെൻറി ബെൽയു ഇതിങ്ങനെ വിവരിക്കുന്നു: ‘‘അവർ പൂർണമായും അവരുടെ പുരോഹിതരുടെ നിയന്ത്രണത്തിലാണ്. അവിശ്വാസികളുടെ നിറം വെളുപ്പായാലും കറുപ്പായാലും അവർക്കെതിരിലുള്ള ജിഹാദിന് അവർ സദാ സന്നദ്ധരാണ്. പുണ്യവാളന്മാരോടും മതവർഗ്ഗത്തോടുമുള്ള പരമമായ ഭയഭക്തി അവർക്കിടയിൽ സാർവത്രികമാണ്. ഈ വിഭാഗങ്ങളിൽ നിന്നുള്ള യുക്തിഹീനമാം വിധം അസാധ്യങ്ങളും പരസ്പര വിരുദ്ധങ്ങളുമായ ആജ്ഞകൾ കണ്ണുമടച്ച് സ്വീകരിക്കാനും നടപ്പിൽവരുത്താനുമുള്ള സന്നദ്ധതയും അതുപോലെ അവരുടെ പൊതുസവിശേഷതയാണ്.'’

ഡോ. ഹെന്റി ബെൽയു (ഇടത്), അഫ്ഘാനിസ്ഥാൻ അമീർ ആയിരുന്ന (1863-66) ഷെർ അലി ഖാൻ, കേണൽ ഫ്രെഡറിക് പൊള്ളോക്ക്, കേണൽ ക്രോഫോഡ്  ട്രോട്ടർ. 1869-ലെ ചിത്രം / Photo: British Library, Wikimedia Commons
ഡോ. ഹെന്റി ബെൽയു (ഇടത്), അഫ്ഘാനിസ്ഥാൻ അമീർ ആയിരുന്ന (1863-66) ഷെർ അലി ഖാൻ, കേണൽ ഫ്രെഡറിക് പൊള്ളോക്ക്, കേണൽ ക്രോഫോഡ് ട്രോട്ടർ. 1869-ലെ ചിത്രം / Photo: British Library, Wikimedia Commons

ഈ പ്രവണത വിശദീകരിക്കുന്നതിനിടയിലാണ് 1860 കളിൽ ‘താലിബാൻ' എന്നതിന് സദൃശമായ ഒരു പദം ഡോക്ടർ ഹെൻറി ബെൽയു ഉപയോഗിക്കുന്നത്. അക്കാലത്തെ മറ്റു ബ്രിട്ടീഷ് രേഖകളിലും ഈ പദം കാണാവുന്നതാണ്. 1864 ൽ General Report on the Yusufzais എന്ന രചനയിലാണ് അദ്ദേഹം പഠാണികളെ ഏറ്റവും സ്വാധീനിക്കാൻ കഴിവുള്ള രണ്ടു മതപുരോഹിത വിഭാഗങ്ങളെ വിവരിക്കുന്നത്. ഒന്നാമത്തെ വിഭാഗം സയ്യിദുമാർ എന്നറിയപ്പെടുന്ന, അറബ് വേരുകളുള്ള, പ്രവാചകനിലേക്ക് കുടുംബവൃക്ഷത്തെ ബന്ധിപ്പിക്കുന്ന കൂട്ടരാണ്. നമ്മുടെ തങ്ങന്മാർക്ക് സമാനരാണിവർ. അവർക്ക് ഭൂസ്വത്ത് ദാനം ചെയ്യാനും അവരെ ഭയഭക്തിയോടെ അനുസരിക്കാനുമുള്ള പഠാണികളുടെ മനോഭാവം അദ്ദേഹം വിവരിക്കുന്നുണ്ട്. രണ്ടാമത്തെ വിഭാഗം പ്രാദേശിക മസ്ജിദുകളിൽ ഇമാമുമാരായി പ്രവൃത്തി എടുക്കുന്നവരാണ്.

ഇമാമുമാരെ മതാനുഷ്ഠാനങ്ങളിൽ സഹായിക്കുകയും അവരുടെ അഭാവത്തിൽ അവരുടെ കർത്തവ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെയും ഈ സന്ദർഭത്തിൽ പരാമർശിക്കുന്നുണ്ട്. മുല്ലമാർ, മൗലവിമാർ, മൗലാനമാർ എന്നൊക്കെയുള്ള പദങ്ങളാണ് ബ്രിട്ടീഷുകാർ ഇവരെക്കുറിച്ച് പറയുമ്പോൾ ഉപയോഗിക്കുന്നത്.
‘‘അവർ ബാങ്ക് വിളിക്കുകയും ഇമാമിന്റെ അഭാവത്തിൽ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുകയും മറ്റു മതപരമായ ചുമതലകൾ നിർവ്വഹിക്കുകയും ചെയ്യുന്നു. അവരുടെ സമയത്തിന്റെ സിംഹഭാഗവും ‘താലിബ് -അൽ -ഉലൂമിന്' ഖുറാനും പ്രാർത്ഥനാരീതികളും ഇസ്​ലാമികതത്വങ്ങളും പഠിപ്പിക്കാനാണ് ചെലവഴിക്കുന്നത്.’’

‘താലിബ് -അൽ -ഉലൂം’ എന്ന്​ ഡോ. ഹെൻറി പറയുന്നത് ശരിയല്ലെന്നും ‘താലിബാൻ - അൽ -ഉലൂം' എന്നാണ് പറയേണ്ടിയിരുന്നതെന്നും പിൽക്കാലത്ത് ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (ചാൾസ് അല്ലൻ എഴുതിയ God's Terrorists: The Wahhabi Cult and the Hidden Roots of Modern Jihad ഉദാഹരണം - പുറം 18 ). താലിബ് അല്ലെങ്കിൽ താലിബാൻ അൽ ഉലൂം (അറിവ് തേടുന്നവർ) എന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ വിവരിച്ച കൂട്ടരുടെ അതേ മനോഭാവവും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്ന, കാലപരമായി ആധുനികതയിലേക്ക് ഒട്ടും കടന്നുവരാത്ത ഒരു കൂട്ടായ്മയാണ് ഇന്നത്തെ താലിബാനും.

വിൻസ്റ്റൺ ചർച്ചിൽ / Photo: Wikimedia Commons
വിൻസ്റ്റൺ ചർച്ചിൽ / Photo: Wikimedia Commons

ഹെർബെർട് എഡ്വേഡ്സിനും ഹെൻറി ബെൽയുവിനും അരനൂറ്റാണ്ടിന് ശേഷം വിൻസ്റ്റൺ ചർച്ചിൽ താലിബ് അൽ ഉലൂം എന്ന പദം ഉപയോഗിക്കുന്നുണ്ട്. അന്നദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിലെ ഒരു ചെറിയ ഉദ്യോഗസ്ഥൻ മാത്രമായിരുന്നു. ചർച്ചിൽ എഴുതി: ‘‘അവരുടെ അന്ധവിശ്വാസം അവരെ പലതരം പൗരോഹിത്യങ്ങളുടെ ദുരയ്ക്കും സ്വേഛാധിപത്യത്തിനും വിധേയരാക്കുന്നു - മുല്ലമാർ, സാഹിബ്സാദമാർ, അഖണ്ഢസാദമാർ. ഫക്കീറുകൾ - അത് കൂടാതെ ഒരു വലിയ വിഭാഗം അലഞ്ഞു നടക്കുന്ന താലിബ് അൽ ഉലൂമുകൾക്കും. ഈ താലിബ് അൽ ഉലൂമുകളാകട്ടെ തുർക്കിയിലെ ദൈവശാസ്ത്ര വിദ്യാർഥികളുമായി കത്തിടപാട് നടത്തുകയും ജനങ്ങളുടെ ചെലവിൽ ജീവിക്കുകയും ചെയ്യുന്നു.’’

സമകാലികത ഭൂതകാലം

കൊളോണിയൽ കാലഘട്ടത്തിലെ രേഖകൾ വിശദമായി ഉദ്ധരിച്ചത് അവ പൂർണമായും നിഷ്‌കളങ്കമാണെന്നോ അവയിൽ പരോക്ഷമായോ പ്രത്യക്ഷമായോ ഉള്ള അധിനിവേശ മുൻവിധികൾ കാണാത്തതു കൊണ്ടോ അല്ല. ഗോത്രീയമായ ഹിംസാത്മക സ്വഭാവ വിശേഷങ്ങളും നിരാർദ്രമായ മതബോധവും സമഞ്ജസമായി സമ്മേളിച്ച ഒരു സാമൂഹ്യഘടന പഠാണികൾക്കിടയിൽ നൂറ്റാണ്ടുകളായിത്തന്നെ നിലനിന്നു വന്നിരുന്നുവെന്നു ചൂണ്ടിക്കാണിക്കാനായിരുന്നു. അതിനെ ഉപയോഗിച്ച് സോവിയറ്റ് ആധിപത്യത്തെ ബലഹീനമാക്കാനുള്ള അമേരിക്കൻ പദ്ധതിയുടെ പരിണതഫലമാണ് പിന്നീട് നാം കണ്ടത്.

മുസ്​ലിം രാജ്യങ്ങളിലെല്ലാം തീവ്രവാദം വളർന്നതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന രസകരമായ ഒരു വസ്തുത; പാകിസ്താനിലടക്കം ഇസ്​ലാമികതീവ്രവാദം വളർന്നത് അതിന്റെ ജനപ്രിയത കൊണ്ടല്ല, അതിന് ലഭിച്ച ഭരണകൂട പിന്തുണ മൂലമാണ്.

ആ ചരിത്രത്തിന്റെ വിശദാംശങ്ങൾ ഈ ലേഖനത്തിന്റെ സന്ദർഭത്തിൽ പ്രധാനമാണെങ്കിലും സ്ഥലപരിമിതി അതിനനുവദിക്കുന്നില്ല. ഇസ്​ലാമിക മതമൗലികവാദത്തെയും അതിന്റെ തീവ്ര രാഷ്ട്രീയഭാവത്തെയും ദൈവശാസ്ത്രപ്രോക്തമായ ഹിംസാത്മകതയേയും സൗദി അറേബ്യയെയും പാകിസ്താനെയും കൂട്ടുപിടിച്ച്​ അമേരിക്ക യുദ്ധസജ്ജമാക്കിയതിന്റെ സമീപകാലചരിത്രം ഇത് വായിക്കുന്ന മിക്ക ആൾക്കാർക്കും പരിചിതമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.

പാകിസ്താൻ ഇതിലേക്ക് വന്നു വീണതിനെക്കുറിച്ചുള്ള ആ രാജ്യത്തെ ഒരു സൈനിക ജനറലിന്റെ രസകരമായ പ്രസ്താവന താരിഖ് അലി തന്റെ Clash of Fundamentalisms എന്ന പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്: ‘‘അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിക്കാൻ അമേരിക്കക്കാവശ്യംവന്ന ഒരു ഗർഭനിരോധന ഉറയായിരുന്നു പാകിസ്താൻ. ഞങ്ങളുടെ ആവശ്യം തീർന്നു. ഇനി ഞങ്ങളെ കക്കൂസിലെ ഫ്ളഷ് ഉപയോഗിച്ച് വലിച്ചെറിയാമെന്നാണ് അവർ കരുതുന്നത്.'’ (Pakistan was the condom the Americans needed to enter Afghanistan. We've served our purpose and they think we can just be flushed down the toilet.)

ജനറൽ സിയാ ഉൽ ഹഖ്
ജനറൽ സിയാ ഉൽ ഹഖ്

അത്തരമൊരു വലിച്ചെറിയലിന് വിധേയമാകാൻ പാകിസ്താൻ സമ്മതിച്ചില്ലെന്ന് മാത്രമല്ല സോവിയറ്റ് തകർച്ചക്ക് ശേഷവും സജീവമായി അഫ്ഗാനിൽ തങ്ങളുടെ താല്പര്യസംരക്ഷണത്തിന് വേണ്ട അപകടകരമായ കളികൾ പാകിസ്താൻ തുടരുകയും ചെയ്തു. ഈ കളികളുടെ പശ്ചാത്തലം ശ്രദ്ധേയമാണ്. സോവിയറ്റ് ആധിപത്യത്തിനെതിരിലുള്ള പോരാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മദ്രസകളാണ് പെഷവാറിലും പരിസരപ്രദേശങ്ങളിലുമായി അമേരിക്കൻ ഡോളറുകളുടെ സമൃദ്ധിയിൽ കൂണുകൾ പോലെ പൊട്ടിമുളച്ച് പടർന്ന് പന്തലിച്ചത്. 1977 - 1989 കാലത്തതായിരുന്നു ഇത്. അവയിൽ ലക്ഷക്കണക്കിന് അഫ്ഘാനി അഭയാർത്ഥികൾ പഠിതാക്കളായി. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഡോളറിന്റെ ഒഴുക്ക് നിലച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്കക്ക് വേറെ തന്ത്രപരമായ താല്പര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട പ്രധാനസംഗതിയാണ് ദക്ഷിണേഷ്യയിൽ ഇസ്​ലാമിക തീവ്രവാദം വളർത്താനായി രണ്ടു പതിറ്റാണ്ട് അമേരിക്കൻ ബ്രിട്ടീഷ് അനുഗ്രഹാശിസ്സുകളോടെ ജനറൽ സിയാഉൽ ഹഖ് ശ്രമിച്ചതിന്റെ കഥ. മുസ്​ലിം രാജ്യങ്ങളിലെല്ലാം തീവ്രവാദം വളർന്നതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്ന രസകരമായ ഒരു വസ്തുത താരിഖ് അലി ചൂണ്ടിക്കാണിക്കുന്നുണ്ട്. പാകിസ്താനിലടക്കം ഇസ്​ലാമികതീവ്രവാദം വളർന്നത് അതിന്റെ ജനപ്രിയത കൊണ്ടല്ല, അതിന് ലഭിച്ച ഭരണകൂട പിന്തുണ മൂലമാണ്.

സ്ത്രീകൾ, സ്വതന്ത്രമായി ചിന്തിക്കുന്നവർ, സർഗവ്യാപാരങ്ങളിൽ ഏർപ്പെടുന്നവർ, ഇസ്​ലാമിന്റെ താലിബാൻ വ്യാഖ്യാനങ്ങളോട് യോജിക്കാത്ത മറ്റു ഇസ്​ലാം മതവിശ്വാസികൾ തുടങ്ങി അഫ്ഘാൻ ജനതയിലെ ഒരു വലിയ വിഭാഗമായിരിക്കും താലിബാന്റെ ഇരകൾ

അമേരിക്കൻ പിന്തുണയോടെ ജനറൽ സിയാ നടത്തിയ മതതീവ്രവൽക്കരണത്തിന്റെ ഫലമായാണ് പിന്നീട് സെപ്റ്റംബർ 11 ആക്രമണം അടക്കം പലതും സംഭവിച്ചതെന്ന് ഇന്ന് എല്ലാവർക്കുമറിയാം. മദ്രസകളിലെ വിദ്യാർത്ഥികൾക്ക് തീവ്രമതപാഠങ്ങൾ മാത്രമല്ല ഓതിക്കൊടുത്തത്, അവർ ആയുധോപയോഗത്തിലും പ്രാവീണ്യം നേടി. സോവിയറ്റ് യൂണിയനെതിരിലുള്ള വിശുദ്ധ യുദ്ധത്തിന്​ കോപ്പ് കൂട്ടുന്ന തിരക്കിൽ ഒരു പതിറ്റാണ്ട് കഴിയുമ്പോൾ തന്നെ പാമ്പ് പാൽ കൊടുത്ത കൈയിലേക്ക് തന്നെ വിഷം കയറ്റുമെന്ന് അന്നാരും ഓർത്തില്ല. ശീതയുദ്ധത്തിന്റെ ചൂടിൽ ഭാവിയെ ആരും വിഭാവനം ചെയ്തില്ല. വർത്തമാനം മാത്രമേ പ്രസക്തമായി തോന്നിയുള്ളൂ. യുദ്ധവിദ്യയിലും തീവ്രമതബോധത്തിലും ഇങ്ങനെ പാപസ്‌നാനം ചെയ്യപ്പെട്ടവരാണ് പിന്നീട് താലിബാനും അൽ ഖാഇദയുമായി രംഗത്തെത്തിയത്. ബാക്കി ചരിത്രം സുവിദിതമാണല്ലോ.

കിഴക്കിന്റെ പുത്രിയും ദക്ഷിണേഷ്യയിലെ സ്ത്രീശാക്തീകരണത്തിന്റെ ആത്യന്തിക പ്രതീകവുമായ ബേനസീർ ഭൂട്ടോ ആണ് സ്ത്രീവിരുദ്ധതയുടെ സംഘരൂപമായ താലിബാനെ കാബൂൾ പിടിച്ചടക്കാനായി പാകിസ്താൻ കമാൻഡോകളുടെ അകമ്പടിയോടെ അഫ്ഘാനിസ്ഥാനിൽ അഴിച്ചുവിട്ടതെന്ന വസ്തുത നാം പറഞ്ഞുവരുന്ന ഇക്കഥയിലെ ഏറ്റവും വിചിത്രമായ വൈരുധ്യം! ഭൂട്ടോയുടെ ആഭ്യന്തരമന്ത്രിയായിരുന്ന ജനറൽ നസീറുള്ള ഖാൻ ബാബർ ഇതിനെക്കുറിച്ചു പറഞ്ഞത് കൗതുകകരമാണ്. താലിബാൻ പാകിസ്താന് തന്നെ ഒരു സുരക്ഷാഭീഷണിയായി തോന്നാൻ തുടങ്ങിയപ്പോൾ പ്രശ്‌നത്തിന് ഏറ്റവും നല്ല പരിഹാരം തീവ്രവാദികൾക്ക് സ്വന്തമായി ഒരു രാജ്യം കൊടുക്കുകയാണെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നാണ് ജനറൽ ബാബർ പറഞ്ഞത്.

ബേനസീർ ഭൂട്ടോ
ബേനസീർ ഭൂട്ടോ

ഏതായാലും 1996 ൽ (ബി.ജെ.പി ഇന്ത്യയിൽ ഭരണത്തിലേറുന്നതിന് മൂന്നു കൊല്ലം മുമ്പ്) താലിബാൻ അധികാരം പിടിച്ചെടുക്കുകയും അഞ്ചു കൊല്ലം കഴിഞ്ഞ്​സെപ്​തംബർ 11 ലെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സൂത്രധാരന്മാർക്ക് അഭയം കൊടുത്തതിന്റെ പേരിൽ അമേരിക്ക അവരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. 20 കൊല്ലം കഴിഞ്ഞ്​ അമേരിക്കൻ സൈന്യം അഫ്ഘാനിസ്ഥാൻ വിടുമ്പോൾ നാം കാണുന്ന കാഴ്ച താലിബാൻ വീണ്ടും അമേരിക്കൻ സഖ്യരാജ്യമായ പാകിസ്ഥാന്റെ തന്നെ പിന്തുണയോടെ വീണ്ടും അധികാരമെറാനുള്ള സാധ്യതയാണ്. ഐക്യരാഷ്ട്രസഭ അത് തടയാൻ സമാധാനസേനയെ നിയോഗിക്കുകയോ അമേരിക്ക വീണ്ടും കളത്തിലിറങ്ങാൻ തീരുമാനിക്കുകയും ചെയ്യാത്തിടത്തോളം അതൊരു പ്രബല സാധ്യത തന്നെയാണ്. അങ്ങനെ സംഭവിച്ചാൽ എന്തൊക്കെയായിരിക്കും പ്രത്യാഘാതങ്ങളെന്ന ചോദ്യത്തിന് ചുരുക്കത്തിൽ പറയാവുന്ന നിഗമനങ്ങളാണ് - ഉത്തരങ്ങളാണ് - ഈ ലേഖനത്തിന്റെ ശിഷ്ടഭാഗം.

എന്ത് സംഭവിക്കും?

താലിബാൻ തിരിച്ചു വന്നാൽ അഫ്ഗാനിസ്ഥാനിൽ എന്ത് സംഭവിക്കും എന്നതാണ് പ്രാഥമികമായ ഒരു ചോദ്യം.
മൂന്നു സാധ്യതകൾ ഉറപ്പിച്ചു പറയാം.
1996 മുതൽ 2001 വരെ താലിബാൻ തുടർന്നുവന്ന കൊടും ക്രൂരവും മനുഷ്യപ്പറ്റില്ലാത്തതുമായ, മതത്തിന്റെ നിരാർദ്രവും നിർദ്ദയവുമായ വ്യാഖ്യാനത്തിൽ അധിഷ്ഠിതമായ, സമൂഹ നിയമങ്ങൾ നടപ്പാക്കും എന്നുതന്നെയാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ അനുഭവങ്ങൾ തെളിയിക്കുന്നത്. പുലി അതിന്റെ പുള്ളികൾ മായ്ചുകളയുമെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഈ നിയമങ്ങളുടെ ഇരകൾ സ്ത്രീകൾ, സ്വതന്ത്രമായി ചിന്തിക്കുന്നവർ, സർഗവ്യാപാരങ്ങളിൽ ഏർപ്പെടുന്നവർ, ഇസ്​ലാമിന്റെ താലിബാൻ വ്യാഖ്യാനങ്ങളോട് യോജിക്കാത്ത മറ്റു ഇസ്​ലാം മതവിശ്വാസികൾ തുടങ്ങി അഫ്ഘാൻ ജനതയിലെ ഒരു വലിയ വിഭാഗമായിരിക്കും.

താലിബാനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അഫ്ഘാൻ സൈനികർ / Photo: Ministry of Defense, Afgh
താലിബാനുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അഫ്ഘാൻ സൈനികർ / Photo: Ministry of Defense, Afgh

രണ്ടാമത്തെ സാധ്യത, താലിബാൻ അന്തർദ്ദേശീയ ബന്ധങ്ങളിൽ കുറച്ചുകൂടി നയപരത കാണിക്കുമെന്നതാണ്. ആദ്യ താലിബാൻ ഭരണകൂടത്തിന് ഒരു വിദേശകാര്യനയം തന്നെ ഉണ്ടായിരുന്നില്ല. രാജ്യത്തിനുള്ളിൽ കൊടുംക്രൂരതകൾ അഴിച്ചുവിടുമ്പോൾ തന്നെ അന്തർദ്ദേശീയമായി നയചാതുരിയോടെ ഇടപെടുന്ന ഒരു രീതി പ്രതീക്ഷിക്കാമെന്നന്നാണ് സമീപകാലാനുഭവങ്ങൾ സൂചിപ്പിക്കുന്നത്. താലിബാൻ പ്രതിനിധി സംഘങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ റഷ്യ, ചൈന, ഇറാൻ തുടങ്ങി പല രാജ്യങ്ങളും സന്ദർശിച്ച് വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഉയ്ഗൂർ മുസ്​ലിംകളെ പീഡിപ്പിക്കുന്ന കാര്യത്തിൽ മിണ്ടാതിരിക്കുന്നേടത്തോളം ചൈന പാകിസ്താന്റെ നിലപാടിനൊത്ത് പോകാനാണ് സാധ്യത. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ രണ്ടു ദിവസം മുമ്പ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന് നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്; ‘‘ചൈന ഞങ്ങളുടെ സുഹൃത്താണെന്നും അവരുടെ സുരക്ഷയും നിക്ഷേപങ്ങളും ഞങ്ങൾക്ക് പ്രധാനമാണെന്നു’’മാണ്.

താലിബാന്റെ നേതൃസ്ഥാനീയരായ യാഖൂബും ബരാദാറും തമ്മിൽ ഒരു ശാക്തികമത്സരത്തിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്.

മദ്ധ്യേഷ്യയിലെ തങ്ങളുടെ സ്വാധീനവൃത്തത്തിലുള്ള രാജ്യങ്ങളിൽ അസ്ഥിരതയ്ക്ക് ശ്രമിക്കില്ലെന്ന ഉറപ്പ് കിട്ടിയാൽ റഷ്യയും മൗനം പാലിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന പ്രസ്താവനകൾ സൂചിപ്പിക്കുന്നത് ഇറാനും താലിബാനുമായി നയപരമായ അടുപ്പവും അകലവും പാലിക്കുമെന്നാണ്. അമേരിക്കയുടെയും നാറ്റോ സൈന്യത്തിന്റെയും അഭാവത്തിൽ ഈ മൂന്നു രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ അഫ്ഘാനിസ്താന്റെ ഭാവി നിർണയിക്കാൻ മാത്രം പ്രധാനമാണ്. അവർക്ക് താലിബാന്റെ തിരിച്ചുവരവ് നൽകുന്നത് അമേരിക്കയുമായി എതിരിടാതെ അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ സ്വാധീനവൃത്തം സൃഷ്ടിക്കാനുള്ള സുവർണാവസരമാണ്. അതിന്റെ ഗുണദോഷങ്ങൾ പ്രവചനാതീതമാണ്.

താലിബാൻ പ്രതിനിധി മുല്ല ബരാദർ അഖുന്ദ്, ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദർശിച്ചപ്പോൾ / Screen Grab from South China Morning Post's Video.
താലിബാൻ പ്രതിനിധി മുല്ല ബരാദർ അഖുന്ദ്, ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദർശിച്ചപ്പോൾ / Screen Grab from South China Morning Post's Video.

മൂന്നാമത്തേത്, പല തലങ്ങളിലുമുള്ള ആഭ്യന്തരയുദ്ധം അഫ്ഗാനിസ്ഥാനിൽ അവിരാമം തുടരുമ്പോൾ തന്നെ താലിബാനുള്ളിൽ ആന്തരിക ശൈഥില്യത്തിനുള്ള സാധ്യതയാണ്. ഹിബത്തുല്ല അഖുണ്ടസാദയാണ് ഇപ്പോൾ താലിബാന്റെ പരമോന്നതനേതാവ്. മുല്ല യാഖൂബ്, സിറാജുദ്ദീൻ ഹഖ്ഖാനി, മുല്ല ബരാദാർ എന്നിവരാണ് ഇതിനുതാഴെ വരുന്ന മൂന്നു പ്രമുഖ നേതൃസ്ഥാനീയർ. ഇവരിൽ മുല്ല യാഖൂബ് സ്ഥാപക നേതാവ് മുല്ല ഉമറിന്റെ മകനാണ്. ഹഖ്ഖാനി അതേ പേരിലറിയപ്പെടുന്ന ശക്തമായ വിഭാഗത്തിന്റെ പ്രതിനിധി. മുല്ല ബരാദാറാകട്ടെ രാഷ്ട്രീയവിഷയങ്ങളുടെ കാര്യവാഹകനും. പരമോന്നത നേതാവ് ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്ന ആളല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ഈ മൂന്ന് സഹായകരാണ് തീരുമാനങ്ങളെടുക്കുന്നത്. ഇവരിൽ യാഖൂബും ബരാദാറും തമ്മിൽ ഒരു ശാക്തികമത്സരത്തിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വ്യത്യസ്തമായി അത്തരം അധികാര മത്സരങ്ങൾക്കുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്. പിളർന്ന താലിബാൻ ഐക്യമത്യം മഹാബലമാവുന്ന താലിബാനെക്കാൾ ലോകത്തിന് നല്ലതാണെന്ന് വിചാരിക്കുന്നതിനാൽ മാധ്യമങ്ങളുടെ ഈ പ്രവചനം ശരിയാകുമെന്ന് പ്രത്യാശിക്കാം!

ഹിബത്തുല്ല അഖുണ്ടസാദ / Photo: Wikimedia Commons
ഹിബത്തുല്ല അഖുണ്ടസാദ / Photo: Wikimedia Commons

അഫ്ഘാനിസ്താനുപുറത്ത് എന്തൊക്കെയാണ് താലിബാൻ തിരിച്ചുവരവിന്റെ പ്രത്യാഘാതങ്ങൾ? ഐസിസിന്റെ തകർച്ചയും അൽ ഖാഇദയുടെ പ്രാന്തവൽക്കരണവും സൃഷ്ടിച്ച നിരാശാജനകമായ ശൂന്യതയിൽ ഇസ്​ലാമിക തീവ്രവാദത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദന നിമിഷമായിരിക്കും താലിബാന്റെ പുരാനരാഗമനം. മാത്രവുമല്ല ഇസ്​ലാമിക തീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് അഫ്ഘാനിസ്ഥാൻ വീണ്ടും പ്രതിഷ്ഠിക്കപ്പെടാൻ ഇതിടയാക്കും. മേൽവിലാസമില്ലാതെ അലയുന്ന കൊച്ചു കൊച്ചു ബിൻ ലാദന്മാർ അഫ്ഗാനിസ്ഥാനിൽ ശരണം തേടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. ചുരുക്കത്തിൽ ദക്ഷിണേഷ്യ വീണ്ടും ഇസ്​ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മർമകേന്ദ്രമായും സുരക്ഷാബിന്ദുവായും വീണ്ടും മാറുന്നത് പ്രാദേശികമായ രാഷ്ട്രീയ പരിതോവസ്ഥയിൽ ഇന്ത്യയിലടക്കം കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാം. ലോക ഭീകരവാദ ഭൂപടത്തിൽ ദക്ഷിണേഷ്യ വീണ്ടും മർമബിന്ദുവാകുന്നതിന്റെ തന്ത്രപരമായ വിവക്ഷ ഈ ലേഖനത്തിൽ വിശദീകരിക്കാൻ കഴിക്കുന്നതിനേക്കാൾ സങ്കീർണമാണ്. പക്ഷെ അതുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യയെപ്പറ്റി ഒരു കാര്യം പറയാതെ വയ്യ.

ഹിന്ദു ബുദ്ധ ഇസ്​ലാമിക തീവ്രവാദങ്ങൾ - ഇന്ത്യ, ശ്രീലങ്ക, മ്യാൻമർ, ബംഗ്ലാദേശ്, പാകിസ്താൻ - സിഖ് തീവ്രവാദ ധാരകൾ ശക്തിപ്പെടാനുള്ള വ്യക്തമായ സാധ്യതകൾ - ഇവയൊക്കെ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നാം താലിബാന്റെ പുനരാഗമനവും രാഷ്ട്രീയാധിപത്യത്തിന്റെ സാധ്യതകളും ചർച്ച ചെയ്യുന്നത്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ വിശകലനവിധേയമല്ലാത്ത ഒരു രാഷ്ട്രീയസാഹചര്യത്തിലേക്കാണ് അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ദക്ഷിണേഷ്യയെ നയിച്ച് കൊണ്ടിരിക്കുന്നത്.

താലിബാന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച്​ നയതന്ത്രപരമായ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുക. മാത്രവുമല്ല അതുണ്ടാക്കാൻ പോകുന്ന സുരക്ഷാ ഭീഷണികളും ഗൗരവതരമാണ്.

ഇന്ത്യ ഇന്നൊരു ഹിന്ദുത്വ രാഷ്ട്രമാണെന്നതും ഒരു ബഹുസ്വര ജനാധിപത്യത്തിന് സ്വാഭാവികമായി ലഭിക്കുന്ന തന്ത്രപരവും സാങ്കേതികവുമായ പരിരക്ഷകൾ അതിനിപ്പോൾ ലഭിക്കുക പ്രയാസമാണെന്നതും നമ്മുടെ മുമ്പിലുള്ള അവസ്ഥയെ അപഗ്രഥന ദുസ്സാധ്യമാക്കുന്നുണ്ട്. സാങ്കേതികമായി നാമിപ്പോഴും ഒരു ബഹുസ്വര ജനാധിപത്യമാണ്, പക്ഷെ അത് സാങ്കേതികാർത്ഥത്തിൽ മാത്രമാണ് എന്നതാണ് നമ്മെ ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുത്തുന്ന ദൗർഭാഗ്യകരമായ വസ്തുത. കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയുടെ സാന്നിധ്യം അഫ്ഗാനിൽ സജീവമായിരുന്നു. അഫ്ഘാൻ- ഇന്ത്യ ബന്ധം വാസ്തവത്തിൽ പാകിസ്താനെ വെറി പിടിപ്പിച്ച ഒരു കാര്യമായിരുന്നു. പക്ഷെ താലിബാന്റെ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച്​ നയതന്ത്രപരമായ വലിയൊരു പ്രതിസന്ധിയിലേക്കാണ് നയിക്കുക. മാത്രവുമല്ല അതുണ്ടാക്കാൻ പോകുന്ന സുരക്ഷാ ഭീഷണികളും ഗൗരവതരമാണ്.

ലഷ്‌കർ ഗായിൽ യുദ്ധത്തിനിടെ തകർക്കപ്പെട്ട ഒരു കെട്ടിടം. / Photo: Twitter
ലഷ്‌കർ ഗായിൽ യുദ്ധത്തിനിടെ തകർക്കപ്പെട്ട ഒരു കെട്ടിടം. / Photo: Twitter

അതേ സമയം പാകിസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. പാക്കിസ്ഥാൻ താലിബാൻ സജീവ രാഷ്ട്രീയവുമായി രംഗപ്രവേശനം ചെയ്യുകയും തങ്ങളുടെ അഫ്ഘാനി സഹോദരങ്ങളുമായി ചേർന്ന് പാകിസ്ഥാൻ ഭരണകൂടത്തിന് തലവേദന ഉണ്ടാക്കുകയും ചെയ്താൽ സ്ഥിതിഗതികൾ നേരെ മാറിമറിയും. ഇതിലേതാണ് സംഭവിക്കുകയെന്നു ഇപ്പോൾ പറയുക പ്രയാസമാണ്. കുപ്പിയിൽ നിന്ന് പുറത്തിറങ്ങിയാൽ ജിന്നെങ്ങനെ പെരുമാറുമെന്ന് പ്രവചിക്കുക സാധ്യമല്ല.
മധ്യേഷ്യയിലെ ഓരോ രാജ്യവും ഉൽക്കണ്ഠാകുലമാണ്. മതതീവ്രവാദത്തെ പടിക്ക് പുറത്ത് നിർത്താനായി സോവിയറ്റ് യൂണിയന്റെ പതനം മുതൽ സകലശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാണിവ.

രണ്ടു മാസം മുമ്പ് ഉസ്ബക്കിസ്ഥാനിൽ പോയപ്പോൾ സംസാരിച്ച ഓരോ വ്യക്തിയും പങ്കുവച്ച ഭീതി ഇത് തന്നെയായിരുന്നു. അന്തർദ്ദേശീയതലത്തിൽ കൃത്യമായ ഒരു തീരുമാനം വന്നാൽ മാത്രമേ താലിബാന്റെ തിരിച്ചുവരവ് തടയാനാവൂ. ഒരു ഭാഗത്ത് അവർ ലോകരാജ്യങ്ങളുമായി നയതന്ത്രചർച്ചകൾ തുടരുന്നു. മറുഭാഗത്ത് പണ്ട് ചെയ്തതുപോലെ അഫ്ഘാനിലുടനീളം ഭീകരത അഴിച്ചുവിടുന്നു. അമേരിക്കയും യൂറോപ്പും കാഴ്ചക്കാരായി മാറിയെന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തെ മുമ്പത്തേതിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഇന്ത്യ താലിബാനുമായി നേരിട്ട് സംസാരിക്കാൻ ആരംഭിച്ചെങ്കിലും വ്യക്തമായ ഒരു നിഗമനത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുരുക്കത്തിൽ അഫ്ഘാനിസ്ഥാൻ പുതിയൊരു ദശാസന്ധിയിലേക്ക് പരിണമിക്കുകയാണ്, ദക്ഷിണേഷ്യയും. ▮


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments