ഗാസയിൽ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുകയാണ്. ഒരുപക്ഷെ, 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യദുരന്തത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ അവസാനത്തെ ഔദ്യോഗിക കണക്ക് പ്രകാരം, ഒക്ടോബർ ഏഴു മുതൽ തുടരുന്ന ബോംബാക്രമണത്തിൽ ഇതുവരെ 5,791 പേർ കൊല്ലപ്പെട്ടു. ഇതിൽ 2,360 കുട്ടികളാണ്.
ഗാസയിലെ മനുഷ്യജീവിതം സാധ്യമാക്കുന്ന സിവിലിയൻ ഇൻഫ്രാസ്ട്രചർ ഏറെക്കുറെ പൂർണമായും തകർക്കപ്പെട്ടിരിക്കുന്നു. ഒന്നോ രണ്ടോ ദിവസം കൂടി ഇതേപോലെ യുദ്ധം തുടർന്നാൽ ഒരൊറ്റ ആശുപത്രികൾക്കും പ്രവർത്തിക്കാൻ വേണ്ട ഇന്ധനമില്ലെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന വാർത്തകൾ. 20 ലക്ഷത്തോളം മനുഷ്യർക്ക് ഒരു ആരോഗ്യസംവിധാനവും ലഭ്യമല്ലാത്ത സാഹചര്യം ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. ഒരു ഡിസ്റ്റോപ്പിയൻ സിനിമക്കുപോലും ഒരുപക്ഷെ ചിന്തിക്കാൻ കഴിയാത്തത്ര നരകയാതനയിലാണ് ഗാസയിലെ ജനം.
ഗാസയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ബോംബുകളെക്കാൾ കൂടുതൽ വരും ദിവസങ്ങളിൽ മനുഷ്യരെ കൊല്ലാൻ സാധ്യത ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവമായിരിക്കുമെന്നാണ്. ജനസംഖ്യയിൽ പകുതിയിലധികവും കുട്ടികളായ ഒരു സമൂഹമാണ് ഗാസയിലുള്ളത് എന്നുകൂടി ഓർക്കേണ്ടത്.
ഗാസക്ക് മുകളിലുള്ള ഇസ്രായേൽ ആക്രമണം തുടരുമ്പോൾ സത്യത്തിൽ ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെടുന്നത്, ലിബറൽ ഡെമോക്രസികളും അതിന്റെ ജനാധിപത്യ മേനിനടിക്കലുമാണ്. ഇതിന്റെ ആഴം മനസ്സിലാക്കാൻഉക്രൈയ്ൻ - റഷ്യ യുദ്ധത്തിൽ ഇക്കൂട്ടർ എടുക്കുന്ന നിലപാടുകളും അതിന്റെ മോറൽ ഹൈഗ്രൗണ്ടും പരിശോധിക്കാം. ഉക്രൈയ്ൻ- റഷ്യ യുദ്ധം ആരംഭിച്ചതോടെ ലിബറൽ ഡെമോക്രസികളുടെ ജനാധിപത്യ മേനിനടിക്കൽ അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു. രാജ്യങ്ങൾ മാത്രമല്ല, മാധ്യമങ്ങൾ മുതൽ യൂണിവേഴ്സിറ്റികൾ വരെ സകല സ്ഥാപനങ്ങളും ഉക്രൈയ്നുപിന്നിൽ അണിനിരന്നു. യുദ്ധവിരുദ്ധത എന്ന, പൊതുവിൽ കുറെ കാലമായെങ്കിലും സാമ്രാജ്യത്വശക്തികൾ ഉപയോഗിക്കാത്ത നരേറ്റീവ്, ഈ യുദ്ധത്തോടെ അവരുടെ പ്രൊപ്പഗാൻഡയുടെ ഏറ്റവും വലിയ അച്ചുതണ്ടായി മാറി. റഷ്യക്കെതിരായ യുദ്ധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള യുദ്ധമായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ അന്ന് പറഞ്ഞതെല്ലാം സൗകര്യപൂർവ്വം മറക്കുകയാണ് ഇവരെല്ലാം.
ജനാധിപത്യത്തോടുള്ള ലിബറൽ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഈ സമീപനം ഒട്ടും പുതുമയുള്ളതല്ല എങ്കിലും, മനുഷ്യാവകാശം, അന്താരാഷ്ട്ര നിയമസംവിധാനം എന്നിങ്ങനെ ലിബറൽ ഡെമോക്രസികൾ കൊണ്ടാടുന്ന മൂല്യങ്ങൾ ഏത് വിധമാണ് സാമ്രാജ്യത്വതാല്പര്യങ്ങളുടെ ഉപകരണങ്ങളാക്കി മാറ്റുന്നത് എന്ന് പരിശോധിക്കാനുള്ള അവസരം കൂടിയാണ് ഗാസക്ക് മുകളിൽ തുടരുന്ന നരഹത്യ.
ഹമാസിന്റെ ആക്രമണത്തോടെയാണല്ലോ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പലസ്തീൻ- ഇസ്രായേൽ വിഷയത്തിലേക്ക് ഒരിക്കൽ കൂടി വന്നത്. അതിനുമുന്നേ ദിവസേനയെന്നോണം പലസ്തീനികൾ ഇസ്രായേൽ പട്ടാളത്തിന്റെ തോക്കിനിരയാകുന്നുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയോ പിന്തുണയോ ഇല്ലാതെ അതെല്ലാം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരുന്നു. എന്നാൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത തിരിച്ചടി കാര്യങ്ങളുടെ സ്ഥിതി മാറ്റി. ലോകത്തിന്റെ മുഴുവനും ശ്രദ്ധയും വീണ്ടും വെസ്റ്റ് ഏഷ്യയിലേക്ക് വന്നു എന്നു മാത്രമല്ല, ഇസ്രായേലിന് ഇന്നുവരെ ലഭിക്കാത്തത്ര പിന്തുണ മാനുഷിക പരിഗണകളുടെ മേൽ ലഭിച്ചു.
യാതൊരു സാഹചര്യത്തിലും യുദ്ധത്തിൽ പങ്കില്ലാത്ത സിവിലിയൻ ജനതക്കുനേരെ അക്രമം പ്രയോഗിക്കരുത് എന്ന ഉന്നതമായ നീതിബോധമായിരുന്നു ആക്രമണങ്ങളെ തള്ളിപ്പറഞ്ഞവരെല്ലാം മുന്നോട്ടുവെച്ചത്. എന്നാൽ ഹമാസിന്റെ ആക്രമണം കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോൾ യുദ്ധമുഖം അപ്പാടെ മാറിയിരിക്കുന്നു. ഇസ്രായേൽ ജനതക്ക് നേരിട്ട ആക്രമണത്തിന്റെ ആയിരമിരട്ടി വലിയ ആക്രമണം പലസ്തീനിലെ ജനതക്കുനേരെ ഇസ്രായേലി ഭരണകൂടം നടത്തിക്കൊണ്ടിയിരിക്കുന്നു. എന്നാൽ അന്ന് സിവിലിയൻ ജനതക്കെതിരെ അക്രമം പ്രയോഗിക്കുന്നതിന്റെ നൈതികത ചോദ്യം ചെയ്തവർ പലരും ഇന്ന് തന്ത്രപരമായ മൗനത്തിലാണ്.
കഴിഞ്ഞ ആഴ്ച നടന്ന രണ്ടു സംഭവവികാസങ്ങൾ മാത്രം പരിശോധിച്ചാൽ, എത്രമാത്രം വലിയ വൈരുധ്യമാണ് ലിബറൽ ജനാധിപത്യവും അതിന്റെ നിലപാടുകളും തമ്മിലുള്ളത് എന്ന് തിരിച്ചറിയാൻ കഴിയും.
അതിൽ ഒന്നാമത്, ഗാസയിലെ അൽ അഹിൽ അറബ് ആശുപത്രിക്കുമുകളിൽ ഇസ്രായേൽ നടത്തിയ ആക്രമണവും അതിനോട് അമേരിക്ക ഉൾപ്പെടയുള്ള രാജ്യങ്ങൾ എടുത്ത സമീപനവുമാണ്. ഗാസയിലെ അവശേഷിക്കുന്ന ചുരുക്കം ആശുപത്രികളിലൊന്നിലേക്ക് ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ഞൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗാസയിൽ തുടരുന്ന വംശഹത്യയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിൽ ഒന്നായിരുന്നു ഒക്ടോബർ 17-ന് നടന്ന ഈ ആക്രമണം.
എല്ലാ അന്തരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇസ്രായേൽ ഈ യുദ്ധം തുടരുന്നത്. ആദ്യ ദിനം തന്നെ ഇസ്രായേൽ ഭരണകൂടം പ്രഖ്യാപിച്ചത് ഗാസയിലേക്കുള്ള വെള്ളം, വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവ ബ്ലോക്ക് ചെയ്യുമെന്നാണ്. ഇത്തരമൊരു നടപടിക്ക് യാതൊരു അന്താരാഷ്ട്ര നിയമസാധുതയും ഇല്ല എന്നുമാത്രമല്ല വലിയ യുദ്ധക്കുറ്റം കൂടിയാണ്. എന്നാൽ ഈ നടപടി യാതൊരു എതിർപ്പും ലിബറൽ വെസ്റ്റിൽ നിന്ന് നേരിട്ടില്ല എന്നത് എടുത്തു പറയേണ്ടതാണ്. ഇതേസമയം ഒരു മന്ത്രം പോലെ വെസ്റ്റേൺ ലിബറൽ ഡെമോക്രസികളുടെ ഭരണാധികാരികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്, ഇസ്രായേലിന് സ്വന്തം രാഷ്ട്രം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്നാണ്. യുദ്ധക്കുറ്റങ്ങൾ ചെയ്യുകയാണോ ഒരു രാജ്യത്തിന് പ്രതിരോധിക്കാനുള്ള അവകാശമെന്ന് തിരിച്ചു ചോദിക്കേണ്ട മാധ്യമങ്ങൾ ഭരണാധികാരികളേക്കാൾ ഉച്ചത്തിൽ ഇസ്രായേലിനു പിന്തുണ നൽകുന്ന കാഴ്ചയും കാണാം.
യുദ്ധസമയങ്ങളിൽ ആശുപത്രി പോലുള്ള സിവിലിയൻ സംവിധാനങ്ങളെ ആക്രമിക്കുന്നതിന് ജനീവ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര നിയമങ്ങളിൽ കൃത്യമായ വിലക്കുണ്ട്. എന്നാൽഇസ്രായേൽ നടത്തിയ ഈ ആക്രമണം അത്തരം വിമർശനങ്ങളൊന്നും പൊതുവിൽ 'rule based order' ന്റെ സംരക്ഷകരായി വേഷം കെട്ടുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നേരിട്ടില്ല. മാത്രമല്ല, ഇസ്രായേൽ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും മുഖം രക്ഷിക്കാൻ ഇസ്രായേൽ പറയുന്ന വാദങ്ങൾ ഏറ്റുപറയുകയാണുണ്ടായത്. ഒടുവിൽ ഇവരെല്ലാം ഇസ്‍ലാമിക ജിഹാദികൾക്ക് അബദ്ധം പറ്റി സ്വന്തം ക്യാമ്പിനുനേരെ തൊടുത്തു വിട്ട മിസൈലാക്രമണമാണ് നടന്നതെന്ന തീർപ്പിലെത്തി.
രണ്ടാമത്തെ സംഭവം, യു.എൻ രക്ഷാസമിതിയിൽ ഗാസയുമായി ബന്ധപ്പെട്ടുവന്ന രണ്ട് ചർച്ചകളും അതിൽ രാജ്യങ്ങൾ എടുത്ത നിലപാടുമാണ്. ഒക്ടോബർ 16ന് റഷ്യ ഗാസയിൽ വെടിനിർത്തൽ നിർദേശിച്ചുകൊണ്ട് രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഫ്രാൻസ്, ജപ്പാൻ, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തതോടെ ആ പ്രമേയം തള്ളപ്പെട്ടു. രണ്ടു ദിവസങ്ങൾക്കപ്പുറം ബ്രസീൽ കൊണ്ടുവന്ന സമാനമായ മറ്റൊരു പ്രമേയം അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയുണ്ടായി. യുദ്ധം തുടരുകയും ഇസ്രായേലിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുകയുമാണ് തങ്ങൾക്ക് വേണ്ടതെന്ന് കൃത്യമായി അമേരിക്ക ലോകത്തിനോട് പറയുകയാണ് ഇതിലൂടെ ചെയ്തത്.
പാശ്ചാത്യ മാധ്യമങ്ങൾ പൂർണമായും പ്രൊപ്പഗാൻഡ മെഷീനറിയായി മാറുന്ന സ്ഥിതിയും ഇസ്രായേൽ- പലസ്തീൻ യുദ്ധത്തോടെ വ്യക്തമായി. രാഷ്ട്രങ്ങളുടെ കാര്യത്തിലെന്നപോലെ ഇവിടെയും ഇതൊട്ടും പുതുമയുള്ളതല്ല എങ്കിലും യാതൊരു മാദ്ധ്യമധാർമികതയും ഇല്ലാത്ത ഏകപക്ഷീയ നിലപാട് അവരുടെ തന്നെ മുമ്പേയുള്ള സമാനരീതികളെ കടത്തിവെട്ടുന്നതാണ്.
യുദ്ധം ആരംഭിച്ച് ആദ്യ ഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിട്ട ഇൻഫോർമേഷൻ വാർ അതേപോലെ യാതൊരു ഫാക്ട് ചെക്കും കൂടാതെ എഴുതിവിടുകയായിരുന്നു പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ. ശത്രുവിനെ പരമാവധി തിന്മയുടെ പ്രതീകമായി ചിത്രീകരിക്കാൻ പടച്ചുണ്ടാക്കിയ കഥകൾ അങ്ങനെ സത്യം എന്നപോലെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. നാല്പത് കുട്ടികളെ കഴുത്തറുത്ത കഥയും മറ്റും ഇപ്പോഴും യാതൊരു തെളിവുമില്ലാതെ മുന്നിലുണ്ട്.
ഇതേ കാലഘട്ടത്തിൽ നടക്കുന്ന മറ്റൊരു ശ്രദ്ധേയമായ കാര്യം പാശ്ചാത്യ ലോകത്തിൽ പലസ്തീൻ ജനതക്ക് അനുകൂലമായി ഉയർന്നു വരുന്ന ജനകീയ പ്രതിഷേധങ്ങളാണ്. ഫ്രാൻസും ബ്രിട്ടനുമടക്കം സുപ്രധാന രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഇത്തരം പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പല രീതികളും പ്രയോഗിച്ചു കൊണ്ടിരിക്കുമ്പോഴും അനുദിനം കൂടുതൽ ശക്തിയോടെ ഇത്തരം പ്രതിഷേധങ്ങൾ തെരുവുകളെ കീഴടക്കുകയാണ്.
ലിബറൽ ജനാധിപത്യങ്ങൾ അവർ മുന്നോട്ട് വെക്കുന്നു എന്ന് പറയപ്പെടുന്ന മൂല്യങ്ങളോട് യാതൊരു സത്യസന്ധതയും പുലർത്താത്ത അവയെ കേവലം മറ്റ് താല്പര്യസംരക്ഷണത്തിനുള്ള ഉപാധി മാത്രമായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് എന്ന വിമർശനത്തിന് അടിവരയിടുകയാണ് ഗാസയിലെ തുടരുന്ന ബോംബാക്രമണങ്ങൾ.
ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെ ഒരു വാക്കുകൊണ്ട് പോലും എതിർക്കാത്ത സകല ഭരണാധികാരികളും നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്ക് പിന്തുണ നൽകുന്നവരാണ്.