Photo : Defence of Ukraine, twitter

മറ്റുള്ളവരുടെ വേദനയും
മലയാളിയുടെ വിമുഖതയും

റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിന് സാക്ഷിയാവുമ്പോൾ

‘രാഷ്ട്രീയപ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളത്തിൽ പോലും യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ കുറവായിരുന്നു. സ്വാതന്ത്ര്യത്തെ ഭയക്കുന്ന തരം ഒരു രാഷ്ട്രീയ മരവിപ്പിലേക്ക് നമ്മുടെ ജനാധിപത്യജീവിതം തന്നെ പരുവപ്പെടുന്നത് നാം അനുഭവിക്കുകയാണ്.

1839-ൽ, ക്യാമറ കണ്ടുപിടിച്ച അന്നുമുതൽ, ഫോട്ടോഗ്രാഫി മരണവുമായി ചങ്ങാത്തത്തിലായിരുന്നു എന്ന് തന്റെ പ്രസിദ്ധമായ പുസ്തകത്തിലൊരിടത്ത്, (Regarding the Pain of Others) കലാവിമർശകയും ചിന്തകയും നോവലിസ്റ്റുമായിരുന്ന സൂസൻ സോണ്ടാഗ് പറയുന്നു. 2001-ലെ 9/11 നും ശേഷമാണ് ഈ പുസ്തകം അവർ എഴുതുന്നത്. ലോകത്തെ മുഴുവനും നടുക്കിയ ഒരു ഭീകരാക്രമണത്തിന്റെ കാഴ്ചയ്ക്ക് നമ്മളെല്ലാവരും സാക്ഷിയാവുന്നതും ആ ദിവസമാണ്. പിന്നീട്, പല പ്രാവശ്യം ട്വിൻ ടവർ തകർച്ച നമ്മൾ ടെലിവിഷനിൽ കണ്ടു. ആ ചിത്രങ്ങൾ നമ്മുടെ പത്രങ്ങളിലും മാസികകളിലും പല പ്രാവശ്യം അച്ചടിച്ചു. ഒരൊറ്റ ആക്രമണത്തിന്റെ പല ആവർത്തിയുള്ള ആവിഷ്‌കാരമായിരുന്നു അത്. ലോകം പിന്നെയും മുമ്പോട്ടുപോന്നു. വീണ്ടും ഭീകരാക്രമണങ്ങളും യുദ്ധങ്ങളും അഭയാർഥിപ്രവാഹവും ഉണ്ടായി, ലോകം അതിന് വീണ്ടും വീണ്ടും സാക്ഷിയായി.

ക്യാമറ മരണത്തെ പിടിച്ചുവാങ്ങുന്നു.
ക്യാമറ മരണത്തെ ചരിത്രമാക്കുന്നു.
ക്യാമറ മരണത്തെ സൂക്ഷിച്ചുവെയ്ക്കുന്നു.
വാർത്തയ്‌ക്കൊപ്പം ആദ്യമായി ഫോട്ടോഗ്രാഫിയിലൂടെയും യുദ്ധം അവതരിക്കപ്പെട്ട നാളുകളെ ഓർമിച്ചാകണം സൂസൻ സോണ്ടാഗ് ഇങ്ങനെ മരണത്തെപ്പറ്റിയും ക്യാമറയെപ്പറ്റിയും എഴുതിയത്. ഒരുപക്ഷെ രണ്ടാം ലോകമഹായുദ്ധത്തെ ലോകം വർത്തമാനപത്രങ്ങളിലൂടെ അറിയാൻ തുടങ്ങിയ നാളുകളെ ഓർമിച്ച്​.
ലോകം, പിന്നീട്, ഏത് നരകവും ചിത്രീകരിക്കാൻ തുടങ്ങി. ടെലിവിഷനിൽ ചിലപ്പോൾ നമ്മളത് ‘ലൈവ്' ആയി കണ്ടു. നമ്മുടെ തലമുറകളുടെ ഓർമയിലെ യുദ്ധങ്ങളും ഭീകരാക്രമണങ്ങളും അങ്ങനെ ചിത്രീകരിക്കപ്പെടുന്നു.

സാക്ഷികളാകുന്നവരുടെ കൂടി യുദ്ധം

മരണങ്ങൾ- യുദ്ധങ്ങളിലത് കൂട്ടക്കൊലകളാണ്- ഒരു വീട്ടുവർത്തമാനമാകുന്നത് ഇപ്പോൾ യുദ്ധം മൂവി ക്യാമറ കൊണ്ട് ചിത്രീകരിക്കപ്പെടുന്നതുകൊണ്ടാണ്. യുദ്ധത്തിൽ കൊല്ലപ്പെടുന്നവരെ, പാർപ്പിടം തകർക്കപ്പെടുന്നവരെ, അഭയാർഥികളാവുന്നവരെ നമ്മൾ ഇപ്പോൾ ‘നേരിട്ട്' കാണുന്നു. അല്ലെങ്കിൽ, നമ്മുടെ ഇരുവശങ്ങളിൽ നിന്നാണ് ഈ മനുഷ്യർ ഇങ്ങനെയെല്ലാം ആവുന്നത്. നരഹത്യകൾ ഉറപ്പുവരുത്തി, പാർപ്പിടങ്ങളുടെയും, മനുഷ്യ പെരുമാറ്റത്തിന്റെ ഏത് ഇടങ്ങളുടെയും സമ്പൂർണനാശം ഉറപ്പുവരുത്തി യുദ്ധങ്ങൾ മുന്നേറുന്നു. യുദ്ധത്തിൽ പങ്കാളിയല്ലാത്തവരെ യുദ്ധം അതിന്റെ ചുറ്റും നിർത്തി കാഴ്ചക്കാരാക്കുന്നു. അതുകൊണ്ടാണ്, കഴിഞ്ഞ 40 ദിവസങ്ങളിലധികമായി നടക്കുന്ന റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഇന്ന് രണ്ട് രാജ്യങ്ങളുടെ യുദ്ധം മാത്രമല്ലാതാവുന്നത്, മനുഷ്യചരിത്രത്തിലെ തന്നെ ആപൽസന്ധിയാവുന്നത് - മധ്യ പൗരസ്ത്യ നാടുകളിലെ നിലക്കാത്ത യുദ്ധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കുമൊപ്പം.

പല പ്രാവശ്യം ട്വിൻ ടവർ തകർച്ച നമ്മൾ ടെലിവിഷനിൽ കണ്ടു. ആ ചിത്രങ്ങൾ നമ്മുടെ പത്രങ്ങളിലും മാസികകളിലും പല പ്രാവശ്യം അച്ചടിച്ചു. / Photo: Flickr
പല പ്രാവശ്യം ട്വിൻ ടവർ തകർച്ച നമ്മൾ ടെലിവിഷനിൽ കണ്ടു. ആ ചിത്രങ്ങൾ നമ്മുടെ പത്രങ്ങളിലും മാസികകളിലും പല പ്രാവശ്യം അച്ചടിച്ചു. / Photo: Flickr

അല്ലെങ്കിൽ, യുദ്ധവിരുദ്ധമായ നിലപാട് ഇന്ന് രാഷ്ട്രങ്ങളുടെയോ ഭരണകൂടങ്ങളുടെയോ മാത്രം നയപരമായ പ്രശ്‌നമല്ല. രാഷ്ട്രങ്ങളുടെ അതിർത്തിയെ ഭേദിക്കുന്നവിധം മനുഷ്യാവസ്ഥയുടെ ‘ചലിക്കുന്ന ചിത്രം' ഇന്ന് യുദ്ധം, യുദ്ധത്തിനുപുറത്ത്, ലോകത്തിന് സമ്മാനിക്കുന്നു. യുദ്ധം ഇന്ന് അതിൽ പങ്കെടുക്കുന്നവരുടെ മാത്രമല്ല, സാക്ഷികളാവുന്നവരുടെ കൂടിയാണ്. അഥവാ, അന്യരുടെ വേദനയിൽ നമ്മളും പ്രവേശിക്കുന്നു.

ഇന്ത്യ എന്ന ‘നിഷ്​പക്ഷ’ രാഷ്​ടം

ഏതൊരു രാജ്യത്തെയും പൗരജീവിതത്തെ സാംസ്‌കാരികമായി ഉയർത്താൻ പ്രാപ്തമാക്കുന്ന രാഷ്ട്രീയബോധ്യം എന്ന നിലയ്ക്കാണ് ഇന്ന് യുദ്ധവിരുദ്ധത ലോകസമൂഹത്തിൽ ഇടപെടുന്നത്. ഒരു വംശം എന്ന നിലയിൽ അക്രമത്തിൽ നിന്നുള്ള അതിന്റെ വിടുതി മനുഷ്യർ എപ്പോഴും പരീക്ഷിയ്ക്കുന്നത് അങ്ങനെയാണ്. സമാധാനപ്രിയർ എന്ന നിലയ്ക്കല്ല അത്. സ്വാതന്ത്ര്യത്തെ ആഗ്രഹിയ്ക്കുന്നവർ എന്ന നിലയ്ക്കാണ്. ചിലപ്പോൾ കപടമെങ്കിലും, ചിലപ്പോൾ അപ്രാപ്തമെങ്കിലും ഐക്യരാഷ്ട്ര സംഘടന എടുക്കുന്ന ‘യുദ്ധവിരുദ്ധത'യുടെ പ്രസക്തി അങ്ങനെ കൈവരിക്കുന്നു. ചില സമയങ്ങളിൽ ആളുകൾക്കിടയിൽത്തന്നെ യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു. ചിലപ്പോൾ തങ്ങളുടെ ഭരണകൂടങ്ങളുടെ തന്നെ സ്വന്തം യുദ്ധങ്ങളിൽ നിന്ന് അവിടങ്ങളിലെ ജനങ്ങൾ വേർപെടുന്നതും നമ്മൾ കാണുന്നു - വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കൻ ജനത സ്വീകരിച്ച പ്രസിദ്ധമായ നിലപാടുപോലെ. റഷ്യയിൽ ‘അപൂർവം മാത്രമായി സാധിക്കുന്നത്'.

ഒരു വംശം എന്ന നിലയിൽ അക്രമത്തിൽ നിന്നുള്ള അതിന്റെ വിടുതി മനുഷ്യർ എപ്പോഴും പരീക്ഷിയ്ക്കുന്നത് അങ്ങനെയാണ്. സമാധാനപ്രിയർ എന്ന നിലയ്ക്കല്ല അത്. സ്വാതന്ത്ര്യത്തെ ആഗ്രഹിയ്ക്കുന്നവർ എന്ന നിലയ്ക്കാണ്.

അതോടൊപ്പം, ഈ യുദ്ധത്തിലൂടെ രൂപപ്പെടുന്ന മറ്റൊരു രാഷ്ട്രീയസന്ദർഭവുമുണ്ട്. റഷ്യയുടെ അധിനിവേശത്തെ, യുക്രെയ്ൻ ജനതയ്ക്കുമൊപ്പം, യൂറോപ്യൻ ജനത നേരിടുന്ന രീതിയാണ്. ഈ യുദ്ധത്തെ യൂറോപ്പ്​ പ്രതിരോധിക്കുന്നത് യുദ്ധവിരുദ്ധ നിലപാടുകൊണ്ട് മാത്രമല്ല. വിവിധ ദേശീയ ജനവിഭാഗങ്ങൾ എന്ന നിലയ്ക്ക് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സ്വാശ്രയത്വത്തിൽ വിശ്വാസം വീണ്ടെടുത്തുകൊണ്ടുകൂടിയാണ് ഇന്ന് ഈ പ്രതിഷേധങ്ങൾ നടക്കുന്നത്. ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കുപുറത്ത് അവ പൗരജീവിതത്തിലെ ഉത്തരവാദിത്വത്തിലേയ്ക്ക് അങ്ങനെ ലോകജനത പ്രവേശിക്കുന്നു. രാഷ്ട്രങ്ങൾക്ക്, അവ എത്ര ചെറുതും ദുർബലമെങ്കിലും, നിലനിൽക്കാൻ അവകാശമുണ്ട് എന്ന് ലോകത്തെ വീണ്ടും ഇത് ബോധ്യപ്പെടുത്തുന്നു. ജനാധിപത്യ ജീവിതത്തെ ഇത് സ്വാതന്ത്ര്യത്തിന്റെ വാഹകമാക്കുന്നു. ഈ യുദ്ധത്തെ നമ്മുടെ കാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ സംഭവമാക്കുന്നതും അതാണ്. ഇത് ജനാധിപത്യവാഞ്ചയെ, രാഷ്ട്രീയസ്വാശ്രയത്വത്തെ, ഭരണകൂട രാഷ്ട്രീയത്തിനു പുറത്തെ ചർച്ചാവിഷയമാക്കുന്നു.

എന്നാൽ, യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തോട് നരേന്ദ്രമോദി സർക്കാർ എടുത്ത ‘നിഷ്​പക്ഷ രാഷ്ട്രത്തിന്റെതായ നിലപാട്', എത്ര വേണമെങ്കിലും ന്യായീകരിക്കാവുന്ന അതിലെ നയതന്ത്രത്തിനും പുറത്ത്, ഒരു ജനാധിപത്യസമൂഹം എന്ന നിലയ്ക്ക് ഇന്ത്യയെ ദുർബലപ്പെടുത്തുന്നു. അതിനെ റഷ്യയുമായുള്ള ഇന്ത്യയുടെ പരമ്പരാഗതബന്ധത്തെ പ്രതി കുറച്ചുകാണാൻ പറ്റില്ല. അങ്ങനെ ചെയ്യുമ്പോൾ, ജനാധിപത്യത്തിന്റെ പ്രവർത്തനത്തെയും സമൂഹത്തിൽ അതിന്റെ നിർവഹണപരമായ പങ്കിനെയും മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോൾ, നമ്മൾ നമ്മുടെതന്നെ ജനാധിപത്യജീവിതത്തെ അസ്ഥിരപ്പെടുത്തുന്നു. മാത്രമല്ല, ഇതിനകം രൂപപ്പെട്ട (ഒരുപക്ഷെ യുദ്ധത്തെ പകർത്തിയ ക്യാമറയുടെ കാലം മുതൽ) മനുഷ്യജീവിതത്തിന്റെ പരിഷ്‌കൃതവും സംസ്‌കാരസമ്പന്നവുമായ ലോകത്തിന്റെ സാധ്യതയെ യൂണിയൻ ഗവണ്മെന്റിന്റെ ഈ നിലപാട് നിഷേധിക്കുന്നു.

യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തോട് നരേന്ദ്രമോദി സർക്കാർ എടുത്ത ‘നിഷ്​പക്ഷ രാഷ്ട്രത്തിന്റെതായ നിലപാട്', എത്ര വേണമെങ്കിലും ന്യായീകരിക്കാവുന്ന അതിലെ നയതന്ത്രത്തിനും പുറത്ത്, ഒരു ജനാധിപത്യസമൂഹം എന്ന നിലയ്ക്ക് ഇന്ത്യയെ ദുർബലപ്പെടുത്തുന്നു. / Photo: Flickr
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തോട് നരേന്ദ്രമോദി സർക്കാർ എടുത്ത ‘നിഷ്​പക്ഷ രാഷ്ട്രത്തിന്റെതായ നിലപാട്', എത്ര വേണമെങ്കിലും ന്യായീകരിക്കാവുന്ന അതിലെ നയതന്ത്രത്തിനും പുറത്ത്, ഒരു ജനാധിപത്യസമൂഹം എന്ന നിലയ്ക്ക് ഇന്ത്യയെ ദുർബലപ്പെടുത്തുന്നു. / Photo: Flickr

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ പുതിയ ഒന്നാവില്ല, ഇത്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ പൊതു ഇച്ഛയ്ക്ക് വിപരീതമായി ഈ സർക്കാർ എടുത്ത നിലപാടിൽ ചിലപ്പോൾ ഇതേ നിലപാടുകളുടെ വേറെ വേറെ നിഴലുകൾ നമ്മൾ കാണുന്നു. ജനാധിപത്യത്തെ പ്രച്ഛന്നമായ സ്വേച്ഛാധിപത്യത്തിലേയ്ക്ക് ഒതുക്കുന്ന രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. എന്നാൽ, ഇങ്ങനെയെല്ലാമുള്ള ഭരണകൂട നിലപാടിനുപുറത്ത്, ഒരു ജനത എന്ന നിലയ്ക്ക്, ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴത്തെ റഷ്യ - യുക്രെയ്ൻ യുദ്ധം ‘നിഷ്പക്ഷമായ പൊതുമൗന'ത്തിലേയ്ക്ക് അപ്രത്യക്ഷമാവുകയാണ് എന്നുവരികിൽ, തീർച്ചയായും അത് നമ്മെ ഉത്കണ്ഠപ്പെടുത്തണം. ഇന്ത്യ, ഇന്നും, ബഹുസ്വരമായ അതിന്റെ രാഷ്ട്രീയാസ്തിത്വത്തെ മനസ്സിലാക്കുന്നതും നിർണയിക്കുന്നതും ജനാധിപത്യപരമായ അതിന്റെ നിലനിൽപ്പിലൂടെയാകുന്നു എന്നതിനാൽ, വിശേഷിച്ചും.

മലയാളി കണ്ടില്ലെന്നു നടിക്കുന്ന യുദ്ധം

‘രാഷ്ട്രീയപ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളത്തിൽ പോലും അത്തരം യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ കുറവായിരുന്നു. അല്ലെങ്കിൽ അത്തരം ചർച്ചകൾ പൊതു വാർത്താവിതരണത്തിനപ്പുറത്തേയ്ക്ക് വികസിച്ചില്ല, വികസിക്കുന്നില്ല. അങ്ങനെയെങ്കിൽ, യുദ്ധത്തെ മാത്രമല്ല, ‘വരാനിരിക്കുന്ന' ഹിംസാത്മകമായ ഏതുതരം ആധിപത്യത്തെയുമല്ല, അപ്പോൾ, നമ്മുടെ രാഷ്ട്രീയസമൂഹം ഏറ്റുവാങ്ങുന്നത്. മറിച്ച്, സ്വാതന്ത്ര്യത്തെ ഭയക്കുന്ന തരം ഒരു രാഷ്ട്രീയ മരവിപ്പിലേക്ക് നമ്മുടെ ജനാധിപത്യജീവിതം തന്നെ പരുവപ്പെടുന്നത് നാം അനുഭവിക്കുകയാണ്.

‘യുക്രെയ്ൻ, അത് ലെനിൻ സൃഷ്ടിച്ചതാണ്' - ഇതായിരുന്നു വ്ലാദിമിർ പുടിൻ തന്റെ അധിനിവേശത്തെ ന്യായീകരിക്കാൻ കഴിഞ്ഞ ഫെബ്രുവരി 21-ന് പറഞ്ഞത്. ആ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയപ്രസ്താവവും അതായിരുന്നു.

കേരളത്തിലെതന്നെ ബൗദ്ധികലോകം, യുക്രെയ്ൻ സംഭവത്തിൽ പുലർത്തുന്ന നിഷ്​പക്ഷസമീപനം, മറ്റൊരർഥത്തിൽ, ഈ മരവിപ്പിന്റെ അടയാളമാണ്. അല്ലെങ്കിൽ, പഴയ സോവിയറ്റ് റഷ്യയുടെ ഭരണകൂട രാഷ്ട്രീയത്തിനകത്തെ ബൗദ്ധിക മുരടിപ്പിനെയാണ് ഇത് കാണിക്കുന്നത്. ജനാധിപത്യത്തെ, ദേശങ്ങളിലേക്ക് പടരുന്ന അതിന്റെ ഉണ്മയെ, അവിശ്വസിക്കുകയാണ് അപ്പോൾ ചെയ്യുന്നത്. കേരളത്തിലെ ഔദ്യോഗിക ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന എഴുത്തുകാരുടെ കരുതലുള്ള മൗനത്തിനകത്ത് യുക്രെയ്ൻ യുദ്ധം റഷ്യയുടെ നിലനിൽപ്പിന്റ പ്രശ്‌നം മാത്രമായത് അങ്ങനെയാണ്. അല്ലെങ്കിൽ, പഴയ ശീതയുദ്ധ രാഷ്ട്രീയകാലത്തെ ബൗദ്ധികവ്യവഹാരം അവർ ആവർത്തിക്കുന്നത് എന്തുകൊണ്ടാകും?

‘യുക്രെയ്ൻ, അത് ലെനിൻ സൃഷ്ടിച്ചതാണ്' - ഇതായിരുന്നു വ്ലാദിമിർ പുടിൻ തന്റെ അധിനിവേശത്തെ ന്യായീകരിക്കാൻ കഴിഞ്ഞ ഫെബ്രുവരി 21-ന് പറഞ്ഞത്. ആ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയപ്രസ്താവവും അതായിരുന്നു. ആ പ്രസ്താവനയിൽ ഒരു രാഷ്ട്രം എന്ന നിലയ്ക്ക് യുക്രെയ്​ൻ ജനതയുടെ അതിജീവനം അവസാനിപ്പിക്കാനുള്ള അത്രയും ഹിംസാത്മകമായ നിശ്ചയവും ഉണ്ടായിരുന്നു. കഴിഞ്ഞ 40 ദിവസങ്ങളിൽ ലോകം എന്നും ‘കാണുന്നതും' അതാണ്. യുദ്ധത്തിന്റെയും അതിജീവനത്തിന്റെയും സാക്ഷികളാവാൻ ലോകത്തെ എല്ലാ വിഭാഗം മനുഷ്യരും വന്നുനിൽക്കുന്നത് അങ്ങനെയാണ്. യുക്രെയ്ൻ അധിനിവേശം ഈജിപ്തിലുണ്ടാക്കുന്ന റൊട്ടിക്ഷാമം പോലെ, ലോകമെങ്ങുമുള്ള വില വർധന പോലെ, ഇത് ഇന്ന് ഇന്ത്യയെയും പലവിധത്തിൽ കുടുക്കിയിട്ടിരിക്കുന്നു. തീർച്ചയായും, ഇന്നിത് ഭരണകൂടത്തിന്റെ ഏത് ഇച്ഛയ്ക്കും പുറത്താണ് സംഭവിക്കുന്നത്.

ഇപ്പോൾ നമ്മുടെ മുമ്പിലേക്ക് ടെലിവിഷൻ ‘കൊണ്ടുവന്നു തള്ളുന്ന' യുദ്ധത്തിന്റെ ഇമേജുകൾ നമ്മുടെയും ജീവിതം അത്ര സമാധാനപൂർവമായ ഒന്നല്ല എന്ന് കാണിക്കുന്നു. പൗരൻ എന്ന നിലയ്ക്ക് ഏത് ദിവസവും, ഒരുപക്ഷെ, നഷ്ടപ്പെടാൻ പോവുന്ന സ്വാതന്ത്ര്യം എത്ര വിലമതിച്ചതാണ് എന്നുകൂടി ഈ അധിനിവേശം നമ്മെ ഓർമിപ്പിക്കുന്നു.

റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രെയ്‌നിൽ നിന്ന് പോളണ്ടിലേക്ക് പോകുന്നവർ / Photo: Wikimedia Commons
റഷ്യൻ ആക്രമണത്തെത്തുടർന്ന് യുക്രെയ്‌നിൽ നിന്ന് പോളണ്ടിലേക്ക് പോകുന്നവർ / Photo: Wikimedia Commons

മലയാളികൾ യുദ്ധം കണ്ടിട്ടില്ല, യുദ്ധം ചെയ്തിട്ടില്ല, എന്തിന് കടുത്ത ജീവിതസാഹചര്യങ്ങൾ ഒന്നുമുണ്ടായിട്ടില്ല എന്നും അതിനാൽ ഇവിടെ മഹത്തായ കഥകളോ നോവലോ ഉണ്ടായിട്ടില്ല എന്നും വാദിക്കുന്ന ചിലരുണ്ട്, ഇപ്പോഴും നമ്മുടെ ഭാഷയിലും. സാഹിത്യത്തെക്കുറിച്ചാണ് ഇങ്ങനെ സംസാരിക്കുന്നതെങ്കിലും ഇതിൽ ഒരു രാഷ്ട്രീയവും ഉണ്ട് - നേരത്തെ സൂചിപ്പിച്ച, ജനാധിപത്യത്തിന്റെ സാർവദേശീയമായ ഉണ്മയെക്കുറിച്ചുള്ള അജ്ഞതയാണ് അത്. ഇത്രയും അലസവും, ഓർക്കുമ്പോൾ അരിശവും തോന്നുന്ന ഒരു വാദം ഇങ്ങനെ അധികം കണ്ടിട്ടില്ല. അല്ലെങ്കിൽ ഇതിനകം മലയാളികൾ കണ്ട യുദ്ധ സിനിമകൾ, വായിച്ച യുദ്ധകഥകൾ, നോവലുകൾ, എന്തിന് ലോകത്ത് ഓരോ യുദ്ധം നടക്കുമ്പോഴും അവിടെ നിന്ന്​ തന്റെ രാജ്യത്തെ നോക്കി കൈ ഉയർത്തുന്ന മലയാളിയുടെ ന്യൂസ് വാല്യൂ പോലും ഈ വായനക്കാരെ ഉദ്ബുദ്ധരാക്കിയില്ല എന്നുവേണം കരുതാൻ. പക്ഷെ ഇതും നമ്മൾ ചർച്ചചെയ്യാതെ വിടുകയാണ് പതിവ്.

മലയാളികൾ യുദ്ധം കണ്ടിട്ടില്ല, യുദ്ധം ചെയ്തിട്ടില്ല, എന്തിന് കടുത്ത ജീവിതസാഹചര്യങ്ങൾ ഒന്നുമുണ്ടായിട്ടില്ല എന്നും അതിനാൽ ഇവിടെ മഹത്തായ കഥകളോ നോവലോ ഉണ്ടായിട്ടില്ല എന്നും വാദിക്കുന്ന ചിലരുണ്ട്, ഇപ്പോഴും നമ്മുടെ ഭാഷയിലും.

എനിക്ക് പക്ഷെ ഇതൊന്നും അങ്ങനെയല്ല.
ഒരു രാവിലെ, മറ്റൊരു രാജ്യത്ത്, മറ്റൊരു രാജ്യത്തിന്റെ യുദ്ധടാങ്കിനു മുമ്പിൽ ചെന്നുപെട്ട ഓർമയുണ്ട് യുദ്ധത്തെ വെറുക്കാൻ. 1990-ലെ സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശകാലത്താണ്. അന്ന് ഒരു മേൽപ്പാലത്തിന്റെ താഴെ കൈകൾ തലയ്ക്കുവെച്ച് നിരയായി ഇരിക്കുന്ന നിസഹായരായ അസംഖ്യം മനുഷ്യരുടെ കാഴ്ച തന്നെ എനിക്ക് ​സ്വേച്​ഛാധിപതികളെ ഓർക്കാനുള്ള ഒരു മെറ്റഫർ ആണ്. അവിടെ നിന്ന്​ പട്ടാളക്കാരുടെ കണ്ണിൽപെടാതെ തെരുവുകളിൽ നിന്നും തെരുവുകളിലൂടെ ഓടിപ്പോവുന്ന ഞാനും എനിക്കൊരു മെറ്റഫർ ആണ്. അല്ലെങ്കിലും ഒരാൾക്ക് സ്വേച്​ഛാധിപതികളെ വെറുക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. ജീവിതം കൊണ്ടും രാഷ്ട്രീയം കൊണ്ടും ഓർമകൾ കൊണ്ടും.

പുടിൻ എന്ന സാർ, സ്​റ്റാലിൻ

അതെന്തായാലും, ലെനിനെപ്പറ്റി വ്ലാദിമിർ പുടിൻ പറഞ്ഞത് സത്യമായിരുന്നില്ല. വമ്പിച്ച നുണയായിരുന്നു. അല്ലെങ്കിൽ സ്വേച്​ഛാധിപതികൾക്ക് പാകമായ ഒന്നുതന്നെയായിരുന്നു ആ നുണ. സത്യം മറ്റൊന്നാണ്.
അതുവരെയും ‘സാറിസ്റ്റ് റഷ്യ'യുടെ അധീനതയിലായിരുന്ന വിവിധ ‘ദേശീയതകളെ മോചിപ്പിക്കുക' എന്ന ചരിത്രപരമായ ഒരു പ്രക്രിയ കൂടി ഒക്ടോബർ വിപ്ലവത്തിലുണ്ടായിരുന്നു. സാർ ഭരണത്തിൻ കീഴിലെ റഷ്യയെ ലെനിൻ വിശേഷിപ്പിച്ചത് ‘രാഷ്ട്രങ്ങളുടെ തടവറ' എന്നാണ്. സ്വതന്ത്രമാകാനും സ്വന്തം രാഷ്ട്രീയ ഭാഗധേയം നിശ്ചയിക്കാനും ദേശീയതകൾക്ക് അവസരം നൽകുക എന്നതുതന്നെയായിരുന്നു ലെനിൻ ആഗ്രഹിച്ചത്. നാലുമാസങ്ങൾക്കുശേഷം, 1919 ആഗസ്റ്റിൽ, ലെനിൻ, യുക്രൈൻ തൊഴിലാളികൾക്കും കർഷകർക്കും എഴുതുന്ന കത്തിൽ തന്റെ നിലപാടിനെ അടിസ്ഥാനമാക്കി രണ്ട് ഉപാധികൾ മുമ്പോട്ടുവെയ്ക്കുന്നുമുണ്ട്: ഒന്ന്, ഒറ്റയ്ക്ക്, വേർപെട്ട്, ‘സോഷ്യലിസ്റ്റ്' അസ്തിത്വമുള്ള ഒരു രാഷ്ട്രമായി നിലനിൽക്കുക. രണ്ട്, മറ്റൊരു ‘സോവിയറ്റ്' ആയി റഷ്യക്കൊപ്പം നിൽക്കുക.

ലെനിൻ ആവശ്യപ്പെട്ടത്, ‘നമുക്കാവശ്യം രാഷ്ട്രങ്ങളുടെ സ്വേച്​ഛാനുസാരമായ ഒരു യൂണിയനാണ്'' എന്നാണ്. എന്നാൽ, ലെനിന്റെ ഈ ദേശീയ വിമോചന സങ്കൽപം, അദ്ദേഹത്തിന്റെ തന്നെ ‘തൊഴിലാളിവർഗ /പാർട്ടിയുടെ സ്വേച്ഛാധിപത്യ'ത്തിനുകീഴിൽ റഷ്യയുടെ ‘സോവിയറ്റ് സാമ്രാജ്യത്വരാഷ്ട്രീയ’ത്തിന് കീഴടങ്ങുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്, സോവിയറ്റ് റഷ്യയുടെ പതനം വരെയും.

പുരോഗമനപരമെന്നും വിപ്ലവാത്മകമെന്നും വേണ്ടുവോളം തെറ്റിദ്ധരിച്ച മറ്റൊരു ആധിപത്യരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ പരിണാമവുമായിരുന്നു അത്. ലോകമാകട്ടെ, അതിന് വലിയ വില തന്നെ കൊടുക്കുകയും ചെയ്തു. ആ അർഥത്തിൽ, ലെനിന്റെ സോവിയറ്റ് രാഷ്ട്രീയ സങ്കൽപത്തിനകത്തെ തന്നെ വൈരുദ്ധ്യമാണ് യുക്രെയ്നും പുടിനും ഇന്ന് ഒരുമിച്ച് നേരിടുന്നത്. സാറിസ്റ്റ് റഷ്യയിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുകയാണ് പുടിൻ. യുക്രെയ്ൻ പോസ്റ്റ്- സോവിയറ്റ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാനും, യൂറോപ്പിലെ മറ്റുപല രാജ്യങ്ങളെയും പോലെ, ശ്രമിക്കുന്നു. പുടിൻ ഒരേസമയം സാറിനെയും സ്​റ്റാലിനെയും ഓർമിപ്പിക്കുന്നു. ഒരു ഹൊറർ ചലച്ചിത്രത്തിലെ വില്ലന്റെ സങ്കീർണമായ പാത്രചിത്രീകരണത്തെ എന്നപോലെ.

ലെനിൻ, സ്റ്റാലിൻ / Photo: Wikimedia commons
ലെനിൻ, സ്റ്റാലിൻ / Photo: Wikimedia commons

സോവിയറ്റ് ബ്ലോക്കിന്റെ ‘രക്തരഹിത പതന'മാണ്, ഒരുപക്ഷെ, നമ്മുടെ കാലത്ത് ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണം. ലോകത്തെങ്ങുമുള്ള സ്വേച്​ഛാധിപത്യ ഭരണകൂടങ്ങളെ അവിശ്വസിക്കാൻ അത് പഠിപ്പിച്ചു. അതിന്റെ അലകൾ പിന്നീട് അറബ് വസന്തത്തിലും, ഇപ്പോൾ ഭരണകൂടത്തിനെതിരെ ശ്രീലങ്കയിലെ ജനകീയപ്രക്ഷോഭം വരെയും നീളുന്നുമുണ്ട്. ഈ പ്രക്ഷോഭങ്ങൾ പലതും പരാജയപ്പെട്ടുവെങ്കിലും അവ തുറന്നിട്ട സാധ്യത പക്ഷെ മനുഷ്യ ചരിത്രത്തിൽ എന്നേയ്ക്കുമായി നിലനിൽക്കുന്നതായിരുന്നു.

സ്​റ്റാലിൻ എന്ന സി.പി.എം. താരനേതാവ്​

കേരളത്തിലേക്ക് തിരിച്ചുവരുകയാണെങ്കിൽ, എന്തുകൊണ്ടാകും സി.പി.എമ്മിന്, ഈയിടെ കഴിഞ്ഞ അവരുടെ പാർട്ടി കോൺഗ്രസിൽ, റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിനെതിരെ ഒരു പ്രമേയം പോലും അവതരിപ്പിക്കാനാകാതെ പോയത്? ലോകം അത് ആഗ്രഹിക്കുന്നില്ലേ? എന്തുകൊണ്ടാണ് ജോസഫ് സ്റ്റാലിൻ ഇപ്പോഴും സി.പി.എമ്മിന് താരനേതാവ് ആവുന്നത്? അതും സ്റ്റാലിനിസത്തിന്റെ മറുജന്മം പോലെ അവതരിച്ച വ്ലാദിമർ പുടിൻ ഭീഷണമായ ഒരു റഷ്യയെ ലോകത്തിന് കാണിച്ചുതരുന്ന ഈ നാളുകളിൽ?

എന്തുകൊണ്ടാകും സി.പി.എമ്മിന്, ഈയിടെ കഴിഞ്ഞ അവരുടെ പാർട്ടി കോൺഗ്രസിൽ, റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിനെതിരെ ഒരു പ്രമേയം പോലും അവതരിപ്പിക്കാനാകാതെ പോയത്? ലോകം അത് ആഗ്രഹിക്കുന്നില്ലേ?

തീർച്ചയായും, കമ്യൂണിസത്തിന്റെ കണ്ടാലറിയുന്ന മൂന്നു മുഖങ്ങളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്തതാവില്ല, ഇത്. മറിച്ച്, അതിൽ നിഷ്‌കളങ്കമല്ലാത്ത ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. മാർക്‌സിനെ പാർട്ടി ബുദ്ധിജീവികൾക്കും, ലെനിനെ പാർട്ടി അണികൾക്കുമായി വീതിക്കുന്ന ‘കേരളീയ പ്രബുദ്ധത'യാണ് ഇതുവരെയും നമ്മുടെ ഇടതുപക്ഷത്തിന് സ്വീകാര്യമായിരുന്നത് - ഇ.എം.എസ്. മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ പൊതു ഇടതുരാഷ്ട്രീയം അങ്ങനെ വിതരണം ചെയ്യുന്നു. സ്റ്റാലിനിസത്തെ പ്രതിരോധിക്കുന്നു എന്നുനടിക്കുന്ന കവിയും കഥാകൃത്തും അങ്ങനെയാണ് കേരളത്തിൽ സി.പി.എമ്മിന്റെ ചേരിയിൽ എത്തുന്നത്. അത്, പരക്കെ സ്വീകാര്യമായ രാഷ്ട്രീയമാകുന്നത് - അത്രയും കപടമായിട്ടും.

ഏകാധിപത്യത്തിന്റെയും ഹിംസയുടെയും ഉറവിടമായാണ് ലോകവും, യൂറോപ്പിലെ മുൻ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും സ്റ്റാലിനെ കാണുന്നത്. എന്നാൽ, സ്റ്റാലിനിലേയ്ക്ക് തിരിയുന്ന സി.പി.എം. ഇപ്പോൾ പ്രകടിപ്പിയ്ക്കുന്നത് ആ പഴയ സോവിയറ്റ് നേതൃത്വത്തെയാവില്ല. മറിച്ച്, ‘ശക്തനായ നേതാവ്', ‘അയാളുടെ അണികൾ' എന്ന ഇന്നത്തെ പൊതു ഇന്ത്യൻ മനസ്സിലേയ്ക്ക് തങ്ങളുടെ പ്രാദേശിക നേതൃബിംബത്തെക്കൂടി കൊണ്ടുവരുക എന്ന ‘കാഞ്ഞ ബുദ്ധി'കൂടി അതിലുണ്ട്. ഇന്ത്യയ്ക്ക് മോദിയെ എന്ന പോലെ കേരളത്തിന് പിണറായി വിജയൻ... ശക്തനായ നേതാവും അയാളുടെ അണികളും എന്നുകൂടി ഇപ്പോഴത്തെ ഈ സ്റ്റാലിൻ പ്രേമത്തിൽ ‘ശ്വാസ’മായി സി.പി.എം. അടക്കിവെച്ചിരിക്കുന്നു.

റഷ്യയും യുക്രെയ്​നും തമ്മിലുള്ള യുദ്ധത്തിൽ (അങ്ങനെയല്ല, റഷ്യ യുക്രെയ്​നെ ആക്രമിയ്ക്കുകയാണ്, അവിടത്തെ തിരഞ്ഞെടുത്ത ഭരണകൂടത്തെ അധികാരത്തിൽ നിന്ന്​ പുറത്താക്കാനും ആ രാഷ്ട്രത്തെ തുടച്ചുനീക്കാനുമായുള്ള അധിനിവേശമാണത്) റഷ്യയുടെ വിജയം ആഗ്രഹിക്കുന്ന ‘ഔദ്യോഗിക ഇടത്' മറച്ചുവെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നുണ്ട്: ജനാധിപത്യത്തിൽ തനിക്കുതന്നെയുള്ള അവിശ്വാസമാണത്. ലോകത്തെ ഏറ്റവും സമ്പന്നനും സ്വേച്ഛാധിപതിയും ജനാധിപത്യത്തെ വെറുക്കുകയും ചെയ്യുന്ന ഒരാളുടെ വിജയം റഷ്യൻ ജനതയുടെ വിജയമായി അവതരിപ്പിക്കുന്നതിലെ ശ്രദ്ധ മതിയാകും ഇവരുടെ അധികാര സങ്കൽപത്തെയും മനസിലാക്കാൻ.

1968-ലെ വിയ്റ്റ്നാം യുദ്ധത്തിൽ സൈഗോൺ തെരുവിൽ വെച്ച്ഒരുവിയറ്റ് കോംഗ് സസ്‌പെക്റ്റിനെബ്രിഗേഡിയർ ജനറൽഎൻഗ്യോൻ എൻഗോക്ക് ലോൺ, പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുന്നു. എഡ്വേർഡ് തോമസ് ആഡംസ്ക്യാമറയിൽ പകർത്തിയത്‌. / Photo: Wikimedia Commons
1968-ലെ വിയ്റ്റ്നാം യുദ്ധത്തിൽ സൈഗോൺ തെരുവിൽ വെച്ച്ഒരുവിയറ്റ് കോംഗ് സസ്‌പെക്റ്റിനെബ്രിഗേഡിയർ ജനറൽഎൻഗ്യോൻ എൻഗോക്ക് ലോൺ, പോയന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുന്നു. എഡ്വേർഡ് തോമസ് ആഡംസ്ക്യാമറയിൽ പകർത്തിയത്‌. / Photo: Wikimedia Commons

അരനൂറ്റാണ്ടിലധികമായി കാണും, ജനാധിപത്യത്തിന്റെ പരിണാമത്തെ കമ്യൂണിസ്റ്റ് ബൗദ്ധിക താൽപര്യത്തോടെ കാണുന്ന ഒരു രീതി കേരളത്തിൽ വേരുറച്ചതുകൊണ്ടും, പഴയ സോവിയറ്റ് രാഷ്ട്രീയത്തിന്റെ നറുമണം ഇപ്പോഴും നമ്മുടെ മാധ്യമ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടുമാകാം, ഇങ്ങനെയൊരു ‘ഇടതുപക്ഷം' നമ്മുടെ ചുറ്റുവട്ടത്ത് ഇപ്പോഴുമുള്ളത്. അല്ലെങ്കിൽ, ഇത്, യുക്രെയ്​ൻ /റഷ്യ പ്രതിസന്ധി, പഴയ ശീതയുദ്ധകാലത്തേക്ക് അല്ല നമ്മുടെ ആലോചനകളെ കൊണ്ടുപോകുന്നത്. മറിച്ച് പോസ്റ്റ്- സോവിയറ്റ് രാഷ്ട്രീയത്തിലേക്ക്, അതിന്റെ തനതായ ജനാധിപത്യ സമുച്ചയങ്ങളിലേക്ക്, യൂറോപ്പ് പ്രവേശിക്കുന്ന വിധമാണ് നാം കാണുന്നത്. അതാകട്ടെ, ജനാധിപത്യത്തെ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശ്വാസവും ആകാംഷകളും നൽകുന്ന ഒന്നുമാണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും ഇന്നുനടക്കുന്ന യുദ്ധവിരുദ്ധ ജാഥകൾ പുടിനെതിരെ മാത്രമല്ല, ഏതുസമയത്തും എവിടെയും പ്രത്യക്ഷപ്പെടാവുന്ന ഭരണകൂട സ്വേഛ്ചാധിപത്യത്തിനും എതിരാണ് എന്നുകൂടി മനസിലാക്കുമ്പോൾ ഇത് കൂടുതൽ മനസ്സിലാവും. എന്നാൽ, വർത്തമാന ഇന്ത്യയിൽ, രാഷ്ട്രീയപ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ, ഇന്ന് ‘കാണാനാകാത്തത്' അതാണ്.

ദുരന്തത്തോട്​ വിമുഖമാവുന്ന രാഷ്ട്രീയം

യഥാർഥത്തിൽ, സംഭവിക്കുന്ന ഒരു മരണം പകർത്തുകയും അതിനെ എക്കാലത്തേയ്ക്കുമായി എംബാം ചെയ്യുകയും ചെയ്യുന്നത് ക്യാമറകൾക്കുമാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ് എന്ന് സൂസൺ സോണ്ടാഗ് പറയുന്നു. കൂടാതെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങൾ യുദ്ധ ഫോട്ടോഗ്രാഫുകളിൽ ഏറ്റവും ആഘോഷിക്കപ്പെടുന്നതും പലപ്പോഴും നിർമിക്കപ്പെടുന്നതുമാണ് എന്നും.

1968-ലെ വിയ്റ്റ്‌നാം യുദ്ധത്തിൽ സൈഗോൺ തെരുവിൽ വെച്ച് എഡ്വേർഡ് തോമസ് ആഡംസ് ക്യാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫ്, ഒരു വിയറ്റ് കോംഗ് സസ്​പെക്​റ്റിനെ ബ്രിഗേഡിയർ ജനറൽ എൻഗ്യോൻ എൻഗോക്ക് ലോൺ, പോയൻറ്​ ബ്ലാങ്കിൽ വെടിവെച്ചുകൊല്ലുന്നത് യുദ്ധത്തിനെതിരായ പ്രശസ്തമായ ഒരു പ്രസ്താവനയായി ഇന്നും ലോകം കാണുന്നു. എന്നാൽ, അതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു: യുദ്ധത്തിൽ പങ്കാളിയല്ലെങ്കിലും നിങ്ങൾ യുദ്ധത്തിന് സാക്ഷിയാവുക. ഇന്നത് ലോകമെങ്ങുമുള്ള ടെലിവിഷൻ ചാനലുകൾ ഏറ്റെടുത്തിരിക്കുന്നു. യുക്രെയ്​ൻ യുദ്ധത്തിന് അങ്ങനെ നാം ഓരോരുത്തരും സാക്ഷിയാവുന്നു.
അല്ലെങ്കിൽ ഏതൊരു യുദ്ധത്തിനും ഇന്ന് നമ്മൾ സാക്ഷികളാണ്. യുദ്ധം മനുഷ്യരെയും ഭൂമിയെയും കൊല്ലുന്നു. അതുകൊണ്ടുതന്നെ അത് എപ്പോഴും മനുഷ്യചരിത്രത്തിലെ ദുരന്തവും പ്രതിസന്ധിയുമാകുന്നു. എങ്കിൽ, അങ്ങനെയൊരു അവസ്ഥയോട് വിമുഖമാവുന്ന രാഷ്ട്രീയം, ബൗദ്ധികജീവിതം, ആരെയും ചിന്തിപ്പിക്കണം. സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റയും വിലപ്പെട്ട പാഠങ്ങൾ യുദ്ധവും നൽകുന്നു. ഏതൊരു സമൂഹത്തിനും. എത്ര ദൂരത്തെങ്കിലും.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments