യുദ്ധത്തെക്കുറിച്ചുള്ള നമ്മുടെ എല്ലാ കവിതകളും തീർന്നു പോയോ?

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ യുക്രെയ്ൻ യുദ്ധത്തെ തുടക്കം മുതൽ നാടകീയ സ്വഭാവമുള്ള റെസ്‌ക്യു ഓപറേഷനായി ചുരുക്കുകയും, പിന്നീടതിനെ പൂർണമായും വിസ്മരിക്കുകയും ചെയ്യുകയായിരുന്നു. റഷ്യ യുക്രെയ്‌നു മേൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങൾ യുദ്ധത്തെ ഏതൊക്കെ തരത്തിൽ സാമാന്യവത്കരിക്കാൻ സഹായകരമാകുന്നു എന്നന്വേഷിക്കുകയാണ് വെബ്‌സീൻ പാക്കറ്റ് 73.

Truecopy Webzine

ണ്ടു മാസങ്ങളായി റഷ്യ യുക്രെയ്‌നു മേൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങൾ യുദ്ധത്തെ ഏതൊക്കെ തരത്തിൽ സാമാന്യവത്കരിക്കാൻ സഹായകരമാകുന്നു എന്നന്വേഷിക്കുകയാണ് വെബ്‌സീൻ പാക്കറ്റ് 73. കെ. വേണു, എൻ.എം. പിയേഴ്‌സൺ, കരുണാകരൻ, ഇ.എ. സലിം എന്നിവരുടെ ലേഖനങ്ങൾ ചരിത്രത്തെയും വർത്തമാന സാഹചര്യങ്ങളെയും അടിസ്ഥാനമാക്കി യുദ്ധത്തെക്കുറിച്ചുള്ള ആധുനിക ലോകത്തിന്റെ, പ്രത്യേകിച്ച് മലയാളികളുടെ കാഴ്ചപ്പാടിനെ വിശകലനം ചെയ്യുന്നു. മോസ്‌കോയിൽ നിന്ന് റഷ്യൻ സുഹൃത്ത് പറയുന്നു; "ഇവിടെ പ്രത്യേകിച്ചൊന്നുമില്ല' എന്ന ലേഖനത്തിൽ, വർഷങ്ങൾക്കു മുൻപ് മോസ്‌കോയടക്കം ഏതാനും റഷ്യൻ നഗരങ്ങൾ സന്ദർശിക്കുകയും ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയും ചെയ്ത ഓർമ്മയിൽ ഈ യുദ്ധം ആ മനുഷ്യരെ എങ്ങനെയാവും ബാധിക്കുക എന്നോർക്കുകയാണ് വി. അബ്ദുൾ ലത്തീഫ്.

കെ. വേണു: പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയ്നിൽ തങ്ങൾക്ക് പ്രത്യേക അവകാശങ്ങളുണ്ടെന്ന മട്ടിലാണ് റഷ്യയുടെ സമീപനം. യുക്രെയ്നെപ്പോലെ സോവിയറ്റ് റിപ്പബ്ലിക്കുകളായിരുന്ന പല ദേശീയസമൂഹങ്ങളും ഇപ്പോൾ കിഴക്കൻ യൂറോപ്പിലെ സ്വതന്ത്ര രാജ്യങ്ങളാണ്. മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഈ രാജ്യങ്ങളും രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചു തന്നെയാണ് നിലനിൽക്കുന്നത്. യുക്രെയ്നുമാത്രം അത്തരം രാജ്യാന്തര നിയമങ്ങളൊന്നും ബാധകമല്ലെന്ന മട്ടിലാണ് വ്‌ലാദിമിർ പുടിന്റെ നീക്കങ്ങൾ. പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ "നാറ്റോ'യെ നേരിടാനുള്ള ഒരു ഉപാധിയായിട്ടാണ് പുടിൻ യുക്രെയ്നെ ഉപയോഗപ്പെടുത്തുന്നത്. അമേരിക്കയുടെ സി.ഐ.എ.യ്ക്ക് ബദലായി സോവിയറ്റ് യൂണിയൻ വളർത്തിക്കൊണ്ടുവന്ന രാജ്യാന്തര ചാരസംഘടനയായ കെ.ജി.ബി.യുടെ തലവനായിരുന്നു പുടിൻ. ഇപ്പോഴും ആ ചാരക്കണ്ണകൾ തന്നെയാണ് പുടിനെ നിയന്ത്രിക്കുന്നതെന്ന് കരുതേണ്ടിവരും.

നമ്മുടെ നാട്ടിൽ സി.പി.എമ്മിനെ പോലുള്ള പാർട്ടികൾ പുടിന്റെ നടപടികളെ ന്യായീകരിക്കുകയും ഇപ്പോഴത്തെ യുദ്ധത്തിന് കാരണം പാശ്ചാത്യ രാജ്യങ്ങളാണെന്ന് സമർഥിക്കുകയും ചെയ്യുന്നതുകാണാം. തീർച്ചയായും കൗതുകകരമായ കാഴ്ച തന്നെയാണത്. റഷ്യ ഇപ്പോൾ പൂർണമായും ഒരു മുതലാളിത്ത രാജ്യമാണെന്ന യാഥാർഥ്യം പോലും അവർ വിസ്മരിക്കുന്നു.
ഏതായാലും പുടിൻ കണക്കുകൂട്ടിയതുപോലെയല്ല കാര്യങ്ങളുടെ പോക്ക്. രണ്ടാഴ്ചകൊണ്ട് യുക്രെയ്?നെ വരുതിയിലാക്കാമെന്ന് കരുതിയ പുടിൻ രണ്ടുമാസം കഴിഞ്ഞിട്ടും കരകയറാനാകാതെ ഉഴലുകയാണ്. അക്ഷരാർഥത്തിൽ ഐതിഹാസികമായ ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ സൈന്യവും ജനങ്ങളും നടത്തുന്നത്.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
റഷ്യയും പുടിനും ചില ന്യായീകരണ കൗതുകങ്ങളും|കെ. വേണു


എൻ.എം. പിയേഴ്‌സൺ: ഇന്ന് ലോകം വലിയ ശൂന്യത അനുഭവിക്കുകയാണ്. യുദ്ധത്തിനെതിരെ മനുഷ്യാഭിപ്രായങ്ങളുടെ മിസൈൽ നിർമിക്കുന്ന ഫാക്ടറി ഇന്ന് ഷട്ടറിട്ടിരിക്കുകയാണ്. മനുഷ്യസ്നേഹത്തിന്റെ അവാച്യമായ അത്ഭുത തുരത്തുകൾ നമുക്ക് നഷ്ടപ്പെട്ടു, പകരം നമുക്ക് മോദിയും പിണറായിയും. ഇരുവരും പ്രതിനിധീകരിക്കുന്നത് വലതുപക്ഷവും ഇടതുപക്ഷവും. മുഖംമൂടി മാറ്റിയാൽ ഇരുവർക്കും ഒരേ അഭിപ്രായം. റഷ്യയുടെ അധിനിവേശത്തെ ന്യായീകരിക്കുകയും യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ അധിനിവേശ വിരുദ്ധ പ്രമേയത്തെ മൃദുതലോടലിലൂടെ തഴുകുകയും ചെയ്?ത മോദിയുടെ നയതന്ത്രം മനുഷ്യവിരുദ്ധവും ഇന്ത്യയുടെ വിദേശനയത്തിന്റെ നിരാസവുമാണ്. ഇന്ത്യൻ ഇടതുപക്ഷവും റഷ്യൻ അധിനിവേശത്തെ ന്യായീകരിക്കുകയാണ്.

ഇടതുപക്ഷ വ്യാഖ്യാനത്തിൽ യുദ്ധത്തിന്റെ കാരണഭൂതർ അമേരിക്കയാണ്. യുക്രെയ്നെ "നാറ്റോ' സഖ്യത്തിൽ അംഗമാക്കി റഷ്യയെ ആക്രമിക്കാനുള്ള നീക്കമാണ് യുദ്ധത്തിലെത്തിയതെന്നാണ് ഇടതുന്യായീകരണം. കേരളത്തിലെ പല കവലകളിലും മുഴങ്ങുന്ന ഈ ന്യായീകരണം ഓക്കാനമുണ്ടാക്കുന്നതാണ്. ലോകത്തിന്റെ യഥാർഥ ദുരന്തം യുദ്ധത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ് അതിനെതിരെ ശബ്ദിക്കാൻ ബെർട്രന്റ് റസലിനെപ്പോലെയുള്ള നൈതിക ശക്തികൾ ഇല്ലാതെപോയതാണ്. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയ റസ്സലിനെ ബ്രിട്ടീഷ് ഭരണകൂടം ജയിലിലടച്ചു.

ഇന്ന് കേരളത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു കാര്യത്തിലും വ്യക്തമായ നിലപാടില്ലാത്ത മനുഷ്യരുടെ കലപിലകളാണ് കേരളം കേൾക്കുന്നത്. നമ്മുടെ വരേണ്യബുദ്ധിജീവികളും തൊഴിലാളിവർഗത്തിന്റെ ജൈവ ബുദ്ധിജീവികളും മൗനത്തിലാണ്. മൗനമാണ് സുരക്ഷിതമായ ഇടം ഒരുക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഇവർ മൗലികമായ വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ഉപരിപ്ലവ വിഷയങ്ങളിൽ ഒച്ചവെക്കുകയും ചെയ്യും. അതുകൊണ്ട് അവരുടെ ശബ്ദം തകരച്ചെണ്ടയുടെ പതറുന്ന ശബ്ദമായി മാറിയിരിക്കുന്നു.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
യുദ്ധം നിരപരാധികളെ കൊന്നൊടുക്കുമ്പോൾ ലോകം ഇത്രമേൽ നിശ്ശബ്ദമാകുന്നതെന്തുകൊണ്ട്?|എൻ.എം. പിയേഴ്‌സൺ


കരുണാകരൻ: "രാഷ്ട്രീയപ്രബുദ്ധ'മെന്ന് അവകാശപ്പെടുന്ന കേരളത്തിൽ പോലും അത്തരം യുദ്ധവിരുദ്ധ പ്രതിഷേധങ്ങൾ കുറവായിരുന്നു. അല്ലെങ്കിൽ അത്തരം ചർച്ചകൾ പൊതു വാർത്താവിതരണത്തിനപ്പുറത്തേയ്ക്ക് വികസിച്ചില്ല, വികസിക്കുന്നില്ല. അങ്ങനെയെങ്കിൽ, യുദ്ധത്തെ മാത്രമല്ല, 'വരാനിരിക്കുന്ന' ഹിംസാത്മകമായ ഏതുതരം ആധിപത്യത്തെയുമല്ല, അപ്പോൾ, നമ്മുടെ രാഷ്ട്രീയസമൂഹം ഏറ്റുവാങ്ങുന്നത്. മറിച്ച്, സ്വാതന്ത്ര്യത്തെ ഭയക്കുന്ന തരം ഒരു രാഷ്ട്രീയ മരവിപ്പിലേക്ക് നമ്മുടെ ജനാധിപത്യജീവിതം തന്നെ പരുവപ്പെടുന്നത് നാം അനുഭവിക്കുകയാണ്.

കേരളത്തിലെതന്നെ ബൗദ്ധികലോകം, യുക്രെയ്ൻ സംഭവത്തിൽ പുലർത്തുന്ന നിഷ്പക്ഷസമീപനം, മറ്റൊരർഥത്തിൽ, ഈ മരവിപ്പിന്റെ അടയാളമാണ്. അല്ലെങ്കിൽ, പഴയ സോവിയറ്റ് റഷ്യയുടെ ഭരണകൂട രാഷ്ട്രീയത്തിനകത്തെ ബൗദ്ധിക മുരടിപ്പിനെയാണ് ഇത് കാണിക്കുന്നത്. ജനാധിപത്യത്തെ, ദേശങ്ങളിലേക്ക് പടരുന്ന അതിന്റെ ഉണ്മയെ, അവിശ്വസിക്കുകയാണ് അപ്പോൾ ചെയ്യുന്നത്. കേരളത്തിലെ ഔദ്യോഗിക ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന എഴുത്തുകാരുടെ കരുതലുള്ള മൗനത്തിനകത്ത് യുക്രെയ്ൻ യുദ്ധം റഷ്യയുടെ നിലനിൽപ്പിന്റ പ്രശ്നം മാത്രമായത് അങ്ങനെയാണ്. അല്ലെങ്കിൽ, പഴയ ശീതയുദ്ധ രാഷ്ട്രീയകാലത്തെ ബൗദ്ധികവ്യവഹാരം അവർ ആവർത്തിക്കുന്നത് എന്തുകൊണ്ടാകും?

"യുക്രെയ്ൻ, അത് ലെനിൻ സൃഷ്ടിച്ചതാണ്' - ഇതായിരുന്നു വ്‌ലാദിമിർ പുടിൻ തന്റെ അധിനിവേശത്തെ ന്യായീകരിക്കാൻ കഴിഞ്ഞ ഫെബ്രുവരി 21-ന് പറഞ്ഞത്. ആ നാളുകളിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയപ്രസ്താവവും അതായിരുന്നു. ആ പ്രസ്താവനയിൽ ഒരു രാഷ്ട്രം എന്ന നിലയ്ക്ക് യുക്രെയ്ൻ ജനതയുടെ അതിജീവനം അവസാനിപ്പിക്കാനുള്ള അത്രയും ഹിംസാത്മകമായ നിശ്ചയവും ഉണ്ടായിരുന്നു. കഴിഞ്ഞ 40 ദിവസങ്ങളിൽ ലോകം എന്നും "കാണുന്നതും' അതാണ്.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
മറ്റുള്ളവരുടെ വേദനയും മലയാളിയുടെ വിമുഖതയും|കരുണാകരൻ


ഇ.എ. സലിം: നിരപരാധികളായ യുക്രെയ്ൻ ജനതയോട് റഷ്യ അഴിച്ചുവിട്ടിരിക്കുന്ന ബലപ്രയോഗം അതിരുവിട്ട് വളരുമ്പോഴും യുദ്ധവിരുദ്ധ വികാരമുണ്ടാകാതിരിക്കുന്നത് യുദ്ധങ്ങളെ സാധൂകരിക്കുന്ന വലതുപക്ഷ ചിന്തയോട് നാം അനുരജ്ഞനപ്പെടുന്നതുകൊണ്ടാണ്. ഇതാണ് മനുഷ്യാവസ്ഥ, ഇങ്ങനെയോക്കെയാണ് മനുഷ്യജീവിതം മുന്നോട്ടുപോകുന്നത് എന്ന്? പ്രബലമായ രാഷ്ട്രീയധാരണ പൊതുസമൂഹത്തിന്റെ ബോധത്തിന് സ്വീകാര്യമാകുന്നു. ഇതാണ് യഥാർഥ്യം, ഇങ്ങനെയാണ് കാര്യങ്ങൾ എന്ന പക്ഷവും ചിന്തയും എന്നും ഉണ്ടായിരുന്നു. അവർക്കായിരുന്നു അധികാരബലവും. പക്ഷെ, അങ്ങനെയല്ല വേണ്ടത്, അത് തിരുത്തപ്പെടെണ്ടതാണ്, ആ ജീവിതാവസ്ഥയെ മാറ്റിപ്പണിയേണ്ടതാണ് എന്നു വാദിച്ച് മുന്നോട്ടുവരുന്ന സംഘടനകളും ലോകസമാധാന പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. ചിന്തകരും എഴുത്തുകാരും കലാപ്രവർത്തകരും സംഘംചേരുകയും യുദ്ധമില്ലാത്ത ലോകം സ്വപ്നം കാണുകയും അതിനായി മുദ്രാവാക്യങ്ങൾ ഉയർത്തുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. യുദ്ധത്തിൽ ഏർപ്പെടുന്ന രണ്ട് പക്ഷങ്ങളുടെയും പിന്തുണക്കാരോ അനുകൂലികളോ ആയിരുന്നില്ല അവർ. പകരം, മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. അതിനെയാണ് പുരോഗമന നിലപാടെന്ന് സമൂഹം കണ്ടത്.

റഷ്യയിലെയും അമേരിക്കയിലെയും തീവ്ര വലതുപക്ഷ - സമഗ്രാധികാരവാദികൾ "മനുഷ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ ബിന്ദുവിലേക്ക് ഭൂമിയെ കൊണ്ടുപോകുന്നു' എന്നാണ് യുക്രെയ്ൻ യുദ്ധത്തെയും ഭൂഗോളം സമീപിച്ചുകൊണ്ടിരിക്കുന്ന അടിയന്തരാവസ്ഥയെയും സൂചിപ്പിച്ച്? ഏപ്രിൽ ആറിന് ന്യൂ സ്റ്റേറ്റ്സ്മാന് നൽകിയ അഭിമുഖത്തിൽ വിഖ്യാത പണ്ഡിതൻ നോം ചോംസ്‌കി പറഞ്ഞത്. "ചർച്ചചെയ്തു പരിഹരിക്കാൻ നിലവിലുള്ള സാധ്യതകളെ നമ്മൾ ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഒരുപക്ഷെ സർവനാശകരമായ ആണവയുദ്ധത്തിലേക്ക് നാം നീങ്ങിയേക്കാം', അദ്ദേഹം പറഞ്ഞു- "ചിത്രം ഇതാ വഷളായിരിക്കുന്നു, ഭൂമിയിലെ മനുഷ്യരുടെ സംഘജീവിതം തകർന്നുപോയേക്കാമെന്ന തരത്തിലെ ദൃശ്യങ്ങളെയാണ് നാമിപ്പോൾ നേരിടുന്നത്.'- ആദ്യത്തെ ആണവയുദ്ധം മുതൽക്കേ ഈ ലോകത്തെ കണ്ടുപഠിച്ചുകൊണ്ടിരിക്കുന്ന 93 കാരനായ ചോംസ്‌കി പറയുന്നു.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
യുദ്ധപക്ഷത്തെ മലയാളി|ഇ.എ. സലിം


വി. അബ്​ദുൽ ലത്തീഫ്​: റഷ്യയിലെ ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ വലിയ പാടാണ്. സോവിയറ്റ് യൂണിയൻ തകർന്ന് റഷ്യൻ ഫെഡറേഷൻ നിലവിൽവന്നതോടെ ഭക്ഷണം, പാർപ്പിടം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വ്യക്തികളുടെ മാത്രം ഉത്തരവാദിത്തമായി. സ്വാതന്ത്ര്യം എന്ന വാക്കിന് ഇങ്ങനെയൊരർത്ഥം കൂടിയുണ്ടെന്ന് റഷ്യക്കാർ അങ്ങനെയാണ് മനസ്സിലാക്കുന്നത്. മോസ്‌കോയിൽ ഒരു ശരാശരിക്കാരന് മാസം കഴിയാൻ ഒരു ലക്ഷം റൂബിൾ ചെലവുണ്ട് എന്നാണ് കണക്ക്. കൊള്ളാവുന്ന ഒരു അപ്പാർട്ടുമെന്റിന് 40,000 റൂബിളിനുമേൽ വാടകകൊടുക്കണം. ഇതേ നിരക്കിൽത്തന്നെയാണ് മറ്റു ചെലവും. അപ്പോൾ മനുഷ്യർക്ക് ഓടി നടന്ന് ജോലിചെയ്യുകയല്ലാതെ വഴികളില്ല. നമ്മുടെ നാട്ടിലെ മനുഷ്യരുടെ മുഖത്തു കാണുന്ന ആഹ്ലാദഭാവം റഷ്യൻ നഗരവാസികൾക്കില്ല എന്നതും ശ്രദ്ധിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ജീവിതാഹ്ലാദം നഷ്ടപ്പെട്ടുപോയ മനുഷ്യരാണവർ. ആളുകളുടെ മുഖത്ത് സന്തോഷമില്ലെങ്കിലും അവർ എപ്പോഴും തിരക്കുകൂട്ടി നടക്കുമെങ്കിലും മോസ്‌കോയും സെൻറ്​ പീറ്റേഴ്‌സ് ബർഗുമെല്ലാം പളപളാ മിന്നുന്ന കെട്ടിടങ്ങളും സൗകര്യമുള്ള നിരത്തുകളും ഇലക്​ട്രിക്​ ബസുകളുമൊക്കെയായി സമ്പന്ന യൂറോപ്യൻ നഗരങ്ങളോട് കിടപിടിച്ചുനിന്നു.

യുക്രെയ്​ൻ യുദ്ധത്തിന്റെ ആദ്യദിവസങ്ങളിൽ മോസ്‌കോയിലെ സുഹൃത്തിനോട് യുദ്ധവാർത്തകൾ അന്വേഷിച്ചിരുന്നു. എന്നാൽ, ‘ഇവിടെയൊന്നും യുദ്ധത്തിന്റേതായ ഒരു അനക്കവും വാർത്തയും ഇല്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. യുക്രെയ്​നിൽനിന്ന് സുഹൃത്തുക്കൾ അയച്ചുകൊടുത്ത ചില വീഡിയോകൾ പിന്നീടദ്ദേഹം ഷെയർ ചെയ്തു. തകർന്ന കെട്ടിടങ്ങളുടെയും കത്തിക്കൊണ്ടിരിക്കുന്ന ഇലക്​ട്രിസിറ്റി ലൈനുകളുടെയും തീയണയ്ക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് അംഗങ്ങളെയുമൊക്കെയാണ് ആ വീഡിയോയിൽ കാണാൻ കഴിഞ്ഞത്. കീവിലും പരിസരത്തും നടന്ന മിസൈൽ ആക്രമണമോ എയർ റെയ്‌ഡോ ഒക്കെയാവണം ആ നാശനഷ്ടങ്ങൾക്കുപിന്നിൽ. യുദ്ധം രണ്ടോ മൂന്നോ ആഴ്ച പിന്നിട്ടപ്പോൾ രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പു കണ്ട ഏറ്റവും വലിയ അഭയാത്ഥിപ്രവാഹമാണ് യുക്രെയ്​നിൽ നിന്ന് അയൽരാജ്യങ്ങളിലേക്കുണ്ടായത്. 40 ലക്ഷത്തിലധികം മനുഷ്യരാണ് പല രാജ്യങ്ങളിലായി ചിതറിപ്പോയത്.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം:
മോസ്‌കോയിൽ നിന്ന് റഷ്യൻ സുഹൃത്ത് പറയുന്നു; 'ഇവിടെ പ്രത്യേകിച്ചൊന്നുമില്ല' |വി. അബ്ദുൽ ലത്തീഫ്



Summary: കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ യുക്രെയ്ൻ യുദ്ധത്തെ തുടക്കം മുതൽ നാടകീയ സ്വഭാവമുള്ള റെസ്‌ക്യു ഓപറേഷനായി ചുരുക്കുകയും, പിന്നീടതിനെ പൂർണമായും വിസ്മരിക്കുകയും ചെയ്യുകയായിരുന്നു. റഷ്യ യുക്രെയ്‌നു മേൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങൾ യുദ്ധത്തെ ഏതൊക്കെ തരത്തിൽ സാമാന്യവത്കരിക്കാൻ സഹായകരമാകുന്നു എന്നന്വേഷിക്കുകയാണ് വെബ്‌സീൻ പാക്കറ്റ് 73.


Comments