റഷ്യ - യുക്രെയ്ൻ യുദ്ധം ; ചൈനയേയും ഇന്ത്യയേയും എങ്ങനെ ബാധിക്കും

Truecopy Webzine

കമൽറാം സജീവ് :ഈ ആക്രമണം രൂക്ഷമാവുന്നതിനൊപ്പം ആഗോളതലത്തിൽ തന്നെ ഈ ആക്രമണം ചൈനയുടെ ലോക സാധ്യതകളെ എങ്ങനെയാണ് മാറ്റിപ്പണിയാൻ പോകുന്നത്? ചേരിചേരാ നയം എന്ന നിലയിൽ നിന്ന ഇന്ത്യക്ക് , ആഫ്റ്റർ സോവിയറ്റ് യൂണിയൻ ഉണ്ടായിട്ടുള്ള uncertain നിലപാടുകളെ ഈ യുദ്ധം / അധിനിവേശം എങ്ങനെയാണ് ബാധിക്കുക?

സ്​റ്റാൻലി ജോണി :തന്ത്രപരമായ വീക്ഷണത്തിൽ നോക്കിയാൽ ചൈനയെ സംബന്ധിച്ച് ഈ യുദ്ധം അനുകൂലമായ നീക്കമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി, ഗ്ലോബൽ ജിയോപൊളിറ്റിക്സിന്റെ ശ്രദ്ധാകേന്ദ്രം ഇൻഡോ പസിഫിക് ആകുമെന്നും അവിടെ ചൈനയും അമേരിക്കയും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്ന സമയത്താണ് പുടിൻ ഗ്ലോബൽ ജിയോപൊളിറ്റിക്സിന്റെ ക്ലോക്ക് 30 വർഷം പുറകോട്ട് തിരിച്ചുവെക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൻശക്തി മത്സരം എന്നത് ഇപ്പോൾ വീണ്ടും യൂറോപ്പിലേക്ക്​ മാറി. അത് തത്കാലത്തേയ്ക്കായിരിക്കാം. ദീർഘകാലത്തേയ്ക്ക് നിലനിൽക്കണമെന്നില്ല. പക്ഷെ പുടിന്റെ യുക്രെയിനിലെ സൈനികനടപടിക്കുശേഷം തത്കാലത്തേയ്ക്കെങ്കിലും അന്താരാഷ്​ട്രതലത്തിലെ പ്രാഥമിക ജിയോ പൊളിറ്റിക്കൽ തർക്കം യൂറോപ്പിലേയ്ക്ക് മാറിയിരിക്കുന്നു.
ചൈനയെ സംബന്ധിച്ച് അമേരിക്കൻ സമ്മർദം ചൈനയിൽ നിന്ന് മാറുന്നു. ചൈനയയ്ക്ക് സാമ്പത്തികവും സൈനികവുമായ വളർച്ചയിൽ കുറേക്കൂടി ശ്രദ്ധിക്കാൻ സാധിക്കും. കാരണം, മുമ്പ് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പെട്ടുകിടന്നപ്പോൾ ചൈനയുടെ ശ്രദ്ധ അവരുടെ സാമ്പത്തികവും സൈനികവുമായ വളർച്ചയിലായിരുന്നു. അങ്ങനെയൊരു സാധ്യതയാണ് ഒന്ന്

രണ്ടാമത്തേത് യുക്രെയിൻ ആക്രമണത്തെ ലോകരാഷ്ട്രങ്ങൾ എങ്ങനെ നേരിടുന്നു എന്നത് ചൈനയെ സംബന്ധിച്ച്​ ഒരു പാഠമായിരിക്കും. കാരണം ആത്യന്തികമായി ചൈനയ്ക്ക് തായ്​വാനെ വീണ്ടെടുക്കണം. തായ്‌വാൻ ഇംപീരിയൽ ചൈനയുടെ ഭാഗമായിരുന്നു. പിന്നീട് ജപ്പാന്റെ കോളനിയായി മാറുകയും പിന്നെ സ്വയംഭരണ ദ്വീപായി മാറുകയുമാണ് ചെയ്തത്. 100 വർഷത്തെ അപമാനം അവസാനിക്കുന്നത് തായ്​വാനെ വീണ്ടെടുക്കുന്നതിലൂടെയായിരിക്കുമെന്നാണ് ചൈനയുടെ നിലപാട്. പക്ഷെ ചൈന തായ്‌വാനെ വീണ്ടെടുക്കുകയാണെങ്കിൽ അതിന് പലതരം അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണല്ലോ അമേരിക്കയും മറ്റുള്ളവരുമൊക്കെ പറയുന്നത്. ഇവർ ഇങ്ങനെ പറയുമ്പോൾ, ‘നാറ്റോ’യുടെ മൂക്കിനുതാഴെ പുടിൻ യുക്രെയിനെ വീണ്ടെടുക്കുമ്പോൾ ‘നാറ്റോ’ എന്തുചെയ്തു, അമേരിക്ക എന്തുചെയ്തു അല്ലെങ്കിൽ എന്താണ് അവർക്ക് ചെയ്യാൻ കഴിയുക എന്ന ചോദ്യം നിലനിൽക്കുന്നു. അത്തരം പ്രതികരണങ്ങൾ ഒരുപക്ഷെ ചൈനയുടെ ഭാവിതീരുമാനങ്ങളെക്കൂടി ബാധിച്ചേക്കാം

ഇന്ത്യയെ സംബന്ധിച്ച് ഇതൊരു ധർമസങ്കടമാണ്. ഒരുഭാഗത്ത് ഇന്ത്യ എല്ലാകാലത്തും എടുത്തിരുന്ന തത്വാധിഷ്ഠിത നിലപാടാണ് എല്ലാ രാജ്യങ്ങളുടെയും പ്രാദേശിക സമഗ്രതയും പരമാധികാരവും പിന്തുണയ്ക്കുന്നു എന്നത്. അത് ഇന്റർനാഷണൽ ഓർഡറിന്റെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നാണ് നമ്മൾ പറയുന്നത്. പക്ഷെ യുക്രെയിന്റെ കാര്യത്തിൽ അത് പാലിക്കപ്പെടുന്നില്ല. ക്രൈമിയ യുക്രെയിന് നഷ്ടപ്പെട്ടു, ഡോൺബാസ് നഷ്ടപ്പെട്ടു. ഇപ്പോൾ റഷ്യൻ സൈനികർ അവിടെയുണ്ട്. അപ്പോൾ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന ഒരു ധർമസങ്കടമുണ്ട് ഒരുഭാഗത്ത്. മറുഭാഗത്ത് എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം താത്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകളാണല്ലോ എടുക്കുന്നത്. അതായത് പലസ്തീനിയൻ അധിനിവേശത്തിന്റെ ഭാഗമായി ഇസ്രായേലുമായുള്ള ബന്ധം ഇല്ലാതാക്കാനൊന്നും ഇന്ത്യൻ സർക്കാർ തയ്യാറല്ലല്ലോ. ഒരുഭാഗത്ത് തത്വാധിഷ്ടിത നിലപാട് എടുക്കുകയും മറുഭാഗത്ത് ഇസ്രായേലുമായി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ഇന്ത്യ എടുക്കുന്നത്. 2003-ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയതിനുശേഷം അമേരിക്കയ്ക്കെതിരെ ഉപരോധം വേണമെന്നോ അല്ലെങ്കിൽ അമേരിക്കയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കണമെന്നോ ഒന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. അമരിക്കയുമായ ബന്ധത്തിൽ യാതൊരു വിള്ളലുമുണ്ടായിട്ടില്ല. 2003-ലെ യുദ്ധത്തിന് രണ്ടുവർഷത്തിനുശേഷമാണ് ഇന്ത്യ അമേരിക്കയുമായിട്ടുള്ള ആണവ കരാറുമായി മുന്നോട്ടുപോകുന്നത്.

ഇത്തരം അധിനിവേശങ്ങൾ മുമ്പും നടന്നിട്ടുണ്ട്, അത് ഇന്ത്യയുടെ തത്വാധിഷ്ടിത നിലപാടിന് വിരുദ്ധമായതായിട്ടുപോലും ഇന്ത്യ ഒരു റിയൽ പൊളിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള നിലപാടാണ് എടുത്തിട്ടുള്ളത്. അത്തരം നിലപാടാണ് ഇന്ത്യ ഇത്തവണയും എടുക്കാൻ ശ്രമിക്കുന്നതെന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. പ്രശ്നമെന്താണെന്നുവെച്ചാൽ കൂടുതൽ ശക്തമായ നിലപാട് റഷ്യക്കെതിരെ എടുക്കാൻ ഇന്ത്യ വലിയ സമ്മർദം നേരിടുന്നുണ്ട്, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന്. എന്നാൽ, റഷ്യ ഇന്ത്യയുടെ പരമ്പരാഗത പങ്കാളിയാണ്, ഇന്ത്യയുടെ വളരെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയാണ്.

താലിബാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചുവന്നശേഷം, ചൈനയുമായിട്ടുള്ള അതിർത്തി പ്രശ്നത്തിനുശേഷം ഇന്ത്യ കൂറേക്കൂടി കോണ്ടിനെന്റൽ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലുള്ള വിദേശനയങ്ങളാണ് എടുക്കുന്നത്. ഇന്ത്യയുടെ ഭൂഖണ്ഡ സുരക്ഷയ്ക്ക് റഷ്യയുമായിട്ടുള്ള ബന്ധം വളരെ പ്രധാനമാണ്. അമേരിക്കയുമായും ജപ്പാനുമായും ആസ്ട്രേലിയയുമായും മാരിടൈം സുരക്ഷ നമ്മൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ഭൂഖണ്ഡ സുരക്ഷയും ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യ എത്രത്തോളം ഒരു മാരിടൈം ശക്തിയാണോ അത്രതന്നെ കോണ്ടിനെന്റൽ ശക്തിയുമാണ്. ഇന്ത്യ ജപ്പാൻ പോലെയോ ആസ്ട്രേലിയയെ പോലെയോ ദ്വീപല്ല. അമേരിക്കയെപ്പോലെ അറ്റ്​ലാൻറിക്​സമുദ്രത്തിലും പസഫിക് സമുദ്രത്തിലും കിടക്കുന്ന രാജ്യമല്ല. ഇന്ത്യ ഒരു ഏഷ്യൻ ഭൂഖണ്ഡ ശക്തിയാണ്. അവിടെ റഷ്യയെ പൂർണമായി അവഗണിക്കാൻ പറ്റിയെന്ന് വരില്ല. ഇത്തരത്തിലുള്ള വിദേശനയ പ്രതിസന്ധികളാണ് ഇന്ത്യ ഇന്ന് നേരിടുന്നത്.

ഇതുവരെയുള്ള ഇന്ത്യയുടെ നടപടി നോക്കിയാൽ കൃത്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. കാരണം, ഒരുഭാഗത്ത് അധിനിവേശത്തിനെതിരെ സംസാരിക്കുന്നു, മറുഭാഗത്ത് റഷ്യയെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല.

സ്​റ്റാൻലി ജോണി / കമൽറാം സജീവ് അഭിമുഖത്തിന്റെ പൂർണ്ണ രൂപം ട്രൂകോപ്പി വെബ്സീൻ ആപ്പിൽ സൗജന്യമായി വായിക്കാം

Comments