2022 ഫെബ്രുവരി 24-ന് റഷ്യൻ സൈന്യം യുക്രെയ്‌നിലേക്ക് അതിക്രമിച്ചു കയറി നാല് വർഷം പിന്നിടുമ്പോൾ, യുദ്ധം കൂടുതൽ ആശങ്കാജനകമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. മനുഷ്യജീവനും ഉപജീവനമാർഗങ്ങളും തകർക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ സാംഗത്യത്തെത്തന്നെ വെല്ലുവിളിക്കുന്ന ഒരു കഠിന പോരാട്ടമായി ഇത് തുടരുന്നു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന നാടകീയതയും പ്രതീക്ഷകളും ഇപ്പോൾ ദുരിതങ്ങൾക്കും ഉത്കണ്ഠകൾക്കും വഴിമാറിയിരിക്കുകയാണ്. സമാധാനത്തിനായുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ എവിടെയും എത്തുന്നില്ല.
ഏകദേശം 1,200 കിലോമീറ്റർ ദൈർഘ്യത്തിലാണ് യുദ്ധമുഖം വ്യാപിച്ചുകിടക്കുന്നത്. ഇന്ന് യുക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണെങ്കിലും, 2022-ന് ശേഷമുള്ള അവരുടെ മുന്നേറ്റങ്ങൾ വളരെ സാവധാനത്തിലുള്ളതും വലിയ വില നൽകേണ്ടി വന്നതുമാണ്. ഇരുവശത്തുമായി 1.8 ദശലക്ഷത്തോളം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാരുടെ നാശനഷ്ടങ്ങളും അതിരൂക്ഷമായി തുടരുന്നു. പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും വളരെ ഉയർന്നതാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
യുക്രെയ്ൻ യുദ്ധത്തിലെ സൈനിക നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ റഷ്യയ്ക്ക് വലിയ തോതിലുള്ള ആളപായം സംഭവിച്ചതായി കാണാം. യുദ്ധമുഖത്തെ അവ്യക്തതകളും ഇരുപക്ഷവും പുറത്തുവിടുന്ന വിവരങ്ങളിലെ പരിമിതികളും കാരണം ഈ കണക്കുകൾ പൂർണമല്ല.
അന്താരാഷ്ട്ര ഏജൻസികളും ഇന്റലിജൻസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് റഷ്യയുടെ മരണനിരക്ക് യുക്രെയ്‌നിനേക്കാൾ വളരെ കൂടുതലാണെന്നാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ പലതാണ്. റഷ്യൻ സൈന്യം പലപ്പോഴും "ഹ്യൂമൻ വേവ്" ആക്രമണ രീതികളാണ് സ്വീകരിക്കുന്നത്. സങ്കീർണ്ണ മേഖലകളിൽ വലിയ തോതിൽ സൈനികരെ മുൻനിരയിലേക്ക് അയക്കുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങളെ നിരന്തരമായി ആക്രമിക്കാൻ യുക്രെയ്‌നിന് കഴിയുന്നുണ്ട്. കൂടാതെ റഷ്യ നിർബന്ധിതമായി സൈന്യത്തിൽ ചേർത്തവരും (Mobilized personnel) തടവുകാരും മതിയായ പരിശീലനമില്ലാതെ യുദ്ധമുഖത്തെത്തുന്നത് വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ഇതിൽ ഇന്ത്യയിൽ നിന്നും നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തവരും ഉണ്ട്.

ഇരുരാജ്യങ്ങളും തങ്ങളുടെ യഥാർത്ഥ നാശനഷ്ടങ്ങൾ പുറത്തുവിടാൻ തയ്യാറാകാത്തത് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് തടസ്സപ്പെടുത്തുന്നു. യുദ്ധത്തിന്റെ ഭാഗമായി മനോവീര്യം തകർക്കാൻ വേണ്ടി ഇരുപക്ഷവും എതിരാളികളുടെ മരണസംഖ്യ പെരുപ്പിച്ചു കാണിക്കാറുണ്ട്. അതേസമയം പരിക്കേറ്റവരിലും കാണാതായവരിലും എത്രപേർ പിന്നീട് മരണത്തിന് കീഴടങ്ങി എന്നത് സംബന്ധിച്ച കണക്കുകൾ അപൂർണ്ണമാണ്. വിവിധ ഏജൻസികളുടെ കണക്കനുസരിച്ച് റഷ്യയുടെ ആകെ നാശനഷ്ടങ്ങൾ (കൊല്ലപ്പെട്ടവർ, പരിക്കേറ്റവർ, കാണാതായവർ) 1.2 ദശലക്ഷം (12 ലക്ഷം) കവിഞ്ഞു. ഇതിൽ മരണസംഖ്യ മാത്രം 3,25,000 വരെയാകാം. 2026 ഫെബ്രുവരിയിലെ കണക്കുകൾ ഉദ്ധരിച്ച് പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞത്, ഏകദേശം 1.6 ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ്. അതേസമയം ന്യൂയോർക്ക് ടൈംസ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇരുപക്ഷത്തുമായി ആകെ നാശനഷ്ടങ്ങൾ 2 ദശലക്ഷത്തോട് അടുക്കുന്നു എന്നാണ്.
യുദ്ധമേഖലകളിലെ സ്ഥിതിഗതികളിൽ വലിയ മാറ്റമൊന്നും കാണാനില്ല. 2025-ൽ സാധാരണക്കാരായുള്ള ഇരകളുടെ എണ്ണം കുത്തനെ വർധിച്ചു. ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ കാരണം, പൂജ്യം ഡിഗ്രിയിൽ താഴെയുള്ള ശൈത്യകാല താപനിലയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ദിവസവും ഏതാനും മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഖേർസൺ പോലുള്ള യുദ്ധമുഖത്തുള്ള പ്രദേശങ്ങളിൽ, ഷെല്ലാക്രമണം തുടരുമ്പോൾ കുട്ടികൾ ഭൂഗർഭ അറകളിലാണ് താമസിക്കുന്നത്. അവരുടെ പഠനവും ഉറക്കവുമെല്ലാം ബേസ്‌മെന്റുകളിലായി ഒതുങ്ങുന്നു.
യുദ്ധം സ്ത്രീകളിൽ ഏൽപ്പിക്കുന്ന ആഘാതവും അതിഭീകരമാണ്. അധിനിവേശം ആരംഭിച്ചത് മുതൽ പതിനായിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെടുകയും അത്രത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസംഘടന കണക്കാക്കുന്നു. ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം ഇവരുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രാജ്യത്തുടനീളം ഏകദേശം 3.7 ദശലക്ഷം ആളുകൾ സ്വന്തം നാടിനുള്ളിൽ തന്നെ പലായനം ചെയ്യപ്പെട്ടവരായി തുടരുന്നു; ഏകദേശം ആറ് ദശലക്ഷത്തോളം പേർ വിദേശ രാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയുന്നു.
അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച്, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇപ്പോൾ ഏകദേശം 588 ബില്യൺ ഡോളർ ചിലവ് വരും. ഇത് 2025-ൽ യുക്രെയ്‌നിന്റെ പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം മൂന്നിരട്ടിയാണ്. പാർപ്പിടം, ഗതാഗതം, ഊർജ്ജ സംവിധാനങ്ങൾ എന്നിവയെല്ലാം തകർന്നിരിക്കുകയാണ്. പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിന് പോലും പതിനായിരക്കണക്കിന് കോടി രൂപ ചിലവാകും. മാനുഷിക സഹായ ഏജൻസികൾ ജനറേറ്ററുകളും ഹീറ്റിംഗ് ഉപകരണങ്ങളും അറ്റകുറ്റപ്പണികളും നൽകുന്നുണ്ടെങ്കിലും, രാഷ്ട്രീയമായ ഒരു ഒത്തുതീർപ്പിന് പകരം വെക്കാൻ കേവലം സഹായങ്ങൾക്കൊണ്ട് മാത്രം കഴിയില്ലെന്ന് അവർ തുറന്നു സമ്മതിക്കുന്നു.

സാമ്രാജ്യത്വ മോഹവും സ്വേച്ഛാധിപത്യ യുക്തിയും
റഷ്യൻ ഭരണകൂടം അതിവേഗത്തിലുള്ള ഒരു വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിഭവങ്ങൾ ചോർത്തുന്നതും റഷ്യൻ കരുത്തിന്റെ പരിമിതികൾ തുറന്നുകാട്ടുന്നതുമായ ഒരു നീണ്ട യുദ്ധത്തെയാണ് അവർക്ക് നേരിടേണ്ടി വന്നത്. യുക്രെയ്‌നെ നാറ്റോയിൽ നിന്ന് അകറ്റി നിർത്തുന്നതിനും റഷ്യയുടെ സ്വാധീനം ഉറപ്പിക്കുന്നതിനും ഈ അധിനിവേശം അനിവാര്യമാണെന്ന് റഷ്യൻ നേതൃത്വം ഇപ്പോഴും വാദിക്കുന്നു. എന്നാൽ ഇതിന്റെ ഫലം നേരെ വിപരീതമായിരുന്നു. ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരുകയും, അതുവഴി റഷ്യയുമായുള്ള നാറ്റോ സഖ്യത്തിന്റെ അതിർത്തി കൂടുതൽ വ്യാപിക്കുകയും ചെയ്തു.
അധിനിവേശം റഷ്യയ്ക്കുള്ളിലെ സ്വേച്ഛാധിപത്യ പ്രവണതകളെയും ശക്തമാക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ വിദേശ ആസ്തികൾ മരവിപ്പിക്കാൻ കാരണമായി. ഇത് റഷ്യയിലെ സമ്പന്നവർഗ്ഗത്തെ ഭരണകൂടവുമായി കൂടുതൽ അടുപ്പിച്ചു. അതേസമയം, റഷ്യയ്ക്കുള്ളിൽ നടക്കുന്ന അഴിമതി അന്വേഷണങ്ങളും സ്വത്ത് കണ്ടുകെട്ടലുകളും ഉദ്യോഗസ്ഥ ഭരണകൂടത്തിനുള്ളിൽ കേന്ദ്രീകൃതനിയന്ത്രണവും അച്ചടക്കവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കരുതപ്പെടുന്നു.
സാമ്പത്തിക സമ്മർദ്ദം ദൈനംദിന ജീവിതത്തിൽ പ്രകടമാണ്. വർദ്ധിച്ചുവരുന്ന നികുതികൾ, പണപ്പെരുപ്പം, യുദ്ധച്ചെലവുകൾ എന്നിവ സാധാരണ കുടുംബങ്ങളെയും ചെറുകിട ബിസിനസ്സുകളെയും ശ്വാസം മുട്ടിക്കുന്നു. ജനങ്ങൾ ഇപ്പോൾ ദുരിതങ്ങളുമായി പൊരുത്തപ്പെടുകയും ഈ സംഘർഷം എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയുമാണ്.
പുടിന്റെ തന്ത്രം വളരെ വ്യക്തമാണ്. യുക്രെയ്‌നോ അവരുടെ സഖ്യകക്ഷികളോ മടുക്കുന്നത് വരെ സമ്മർദ്ദം തുടരുക എന്നതാണ് അത്. യുക്രെയ്‌നിന്റെ പ്രദേശങ്ങൾ വിട്ടുകൊടുക്കുക, അവരുടെ സൈനിക ശേഷി പരിമിതപ്പെടുത്തുക, ദീർഘകാല നിഷ്പക്ഷത പാലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ പുടിന്റെ സർക്കാർ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ഈ ലക്ഷ്യങ്ങൾ സുരക്ഷാ ആശങ്കകളെയാണോ അതോ സാമ്രാജ്യത്വ മോഹങ്ങളെയാണോ കാണിക്കുന്നതെന്നത് തർക്കവിഷയമായിരിക്കും. എന്നാൽ പുടിൻ തന്റെ പഴയ സ്വാധീനമേഖലയിൽ റഷ്യയുടെ ആധിപത്യം വീണ്ടും ഉറപ്പിക്കാനുള്ള ശ്രമമായാണ് ഈ യുദ്ധത്തിന്റെ രീതികൾ കാണിക്കുന്നത്.

യുക്രെയ്നിന്റെ പോരാട്ടവും പാശ്ചാത്യ രാജ്യങ്ങളും
കീവ് ഇപ്പോഴും പിടിച്ചു നിൽക്കുന്നു, റഷ്യൻ സേന അവിടെനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണ്. കൂടാതെ, യുക്രെയ്‌നിയൻ സൈന്യം ഇന്ന് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുദ്ധപരിചയമുള്ള സേനകളിലൊന്നായി വളർന്നിരിക്കുന്നു. എന്നാൽ അവർ ഇതിനായി നൽകേണ്ടി വരുന്ന വില വളരെ വലുതാണ്. സൈന്യത്തിലേക്ക് പുതിയ ആളുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി മാറുന്നു, അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടു, രാജ്യത്തിന്റെ സാമ്പത്തിക നിലനിൽപ്പ് പൂർണ്ണമായും പാശ്ചാത്യ സഹായത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
യുക്രെയ്‌നിന്റെ ഭരണകൂടത്തെയും സൈനിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി യൂറോപ്യൻ യൂണിയൻ അടുത്തിടെ 90 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകി. രാഷ്ട്രീയമായി, അതീവ ജാഗ്രതയോടെയുള്ള ഒരു സങ്കീർണാവസ്ഥയിലാണ് കീവ് ഇപ്പോൾ. യുക്രെയ്‌നിന്റെ അതിർത്തികൾ പൂർണ്ണമായും വീണ്ടെടുക്കണമെന്നും ശക്തമായ സുരക്ഷാ ഉറപ്പുകൾ വേണമെന്നും പ്രസിഡന്റ് സെലൻസ്‌കി നിർബന്ധം പിടിക്കുന്നു. അതേസമയം, അന്താരാഷ്ട്ര സുരക്ഷാ ഉറപ്പുകളുടെ പിൻബലമുണ്ടെങ്കിൽ വിശ്വസനീയമായ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും താൻ തയ്യാറാണെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. യുക്രെയ്‌നിന്റെ ചർച്ചാ തന്ത്രങ്ങൾ ശ്രദ്ധേയമാണ്. റഷ്യയുടെ കൂടുതൽ അധിനിവേശത്തിന് വഴിമരുന്നിടുന്ന വിട്ടുവീഴ്ചകൾ ഒഴിവാക്കിക്കൊണ്ട് തന്നെ, സമാധാനത്തിന് തങ്ങൾ സന്നദ്ധരാണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ അവർ ശ്രമിച്ചേക്കാം. സൈനിക ശക്തിയും പാശ്ചാത്യ പിന്തുണയും ഒഴികെ മറ്റൊരു വ്യക്തമായ സ്വാധീനശക്തിയും ഇല്ലാത്തതിനാൽ, നിരന്തരമായ ചർച്ചകൾക്കിടയിലും കീവ് പ്രതിസന്ധിയിലാണ്.
പാശ്ചാത്യ രാജ്യങ്ങൾ ഈ യുദ്ധത്തെ പരമാധികാരത്തിന്റെ സംരക്ഷണമായും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമമായുമാണ് ചിത്രീകരിക്കുന്നത് (വെനിസ്വലയിൽ അമേരിക്ക കടന്നുകയറി ഒരു ഭരണാധികാരിയെ പിടിച്ചുകൊണ്ടുപോയപ്പോഴൊന്നും ഈ നിലപാട് കണ്ടില്ല). അതേസമയം പാശ്ചാത്യരാജ്യങ്ങളുടെ നയങ്ങളിൽ തന്ത്രപരമായ താൽപ്പര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. നാറ്റോയുടെ വികാസം, ഉപരോധങ്ങൾ, സൈനിക സഹായം എന്നിവയെല്ലാം ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണ്.
സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം തന്നെ ചർച്ചകൾക്കായി അമേരിക്കയും സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ വ്യാപാര കേന്ദ്രീകൃത നയതന്ത്രം സഖ്യകക്ഷികൾക്കും എതിരാളികൾക്കും മേൽ ഏർപ്പെടുത്തിയ തീരുവനയം ഉൾപ്പെടെ സാമ്പത്തിക മാർഗ്ഗങ്ങളെ തന്ത്രപരമായ ആയുധങ്ങളായി ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ, നികുതി ചുമത്താനുള്ള ഈ അധികാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ സമീപകാലവിധി ഈ നീക്കത്തെ ദുർബലപ്പെടുത്തുകയും, നയതന്ത്രത്തിനൊപ്പം സാമ്പത്തികസമ്മർദ്ദം ഉപയോഗിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയും ചെയ്തു.
യൂറോപ്യൻ രാജ്യങ്ങൾ ആയുധങ്ങളും ഫണ്ടും നൽകുന്നത് തുടരുന്നുണ്ടെങ്കിലും, സഹായത്തിന്റെ രീതികളിൽ മാറ്റം വരുന്നുണ്ട്. ചില മേഖലകളിൽ സൈനിക സഹായം കുറഞ്ഞപ്പോൾ, അത് പരിഹരിക്കാനായി യൂറോപ്യൻ വിഹിതം വർദ്ധിപ്പിക്കുകയായിരുന്നു. എന്നാൽ, ഉപരോധങ്ങളെക്കുറിച്ചും ഊർജ്ജ നയത്തെക്കുറിച്ചും യൂറോപ്യൻ യൂണിയനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങൾ സൂചിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയ ഐക്യം ഉറപ്പില്ലാത്തതെന്നാണ്. പാശ്ചാത്യ നേതാക്കളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ഒരു ധാർമ്മിക പോരാട്ടവും അതേസമയം തന്ത്രപരമായ ഒരു അവസരവുമാണ്, അവർക്ക് റഷ്യയെ ദുർബലപ്പെടുത്തുന്നതിനും, സഖ്യങ്ങൾ ശക്തമാക്കുന്നതിനും, യൂറോപ്യൻ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണിത്. പൊതുജനങ്ങളുടെ ആവേശം കുറയുമ്പോഴും ഈ പിന്തുണ തുടരുന്നതിന് പിന്നിലെ കാരണം ഈ ഇരട്ട ലക്ഷ്യങ്ങളാണ്.

അന്താരാഷ്ട്ര നിയമങ്ങളുടെ മങ്ങുന്ന പ്രസക്തി
അന്താരാഷ്ട്രസ്ഥാപനങ്ങളുടെ പരിമിതികളെ ഈ യുദ്ധം വ്യക്തമായി തുറന്നുകാട്ടിയിട്ടുണ്ട്. പീഡനങ്ങളും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളും ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്രസംഘടന രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമങ്ങൾ നടപ്പിലാക്കാനുള്ള സംവിധാനം ദുർബലമാണെന്ന് എല്ലാ രാജ്യങ്ങൾക്കും അറിയാം. രാഷ്ട്രീയമായ ഒത്തുതീർപ്പുകളില്ലാതെ വെടിനിർത്തലിനും മാനുഷിക പരിഗണനകൾക്കുമായുള്ള ആഹ്വാനങ്ങൾ വലിയ ഫലമൊന്നും ഉണ്ടാക്കുന്നില്ല. ഈ സങ്കീർണ സാഹചര്യം ശീതയുദ്ധകാലത്തെ സംഘർഷങ്ങളെ ഓർമ്മിപ്പിക്കുന്നു. അന്ന് അന്താരാഷ്ട്ര സ്ഥാപനങ്ങൾ വെറും തർക്കവേദികൾ മാത്രമായാണ് പ്രവർത്തിച്ചിരുന്നത്. വൻശക്തികൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ, നിയമപരമായ തത്ത്വങ്ങൾ എത്ര പെട്ടെന്നാണ് ശാക്തികരാഷ്ട്രീയത്തിന് വഴിമാറുന്നത് എന്ന് യുക്രെയ്ൻ യുദ്ധം തെളിയിക്കുന്നു.
ഇരുപക്ഷത്തുനിന്നും ആക്രമണങ്ങൾ തുടരുന്നതിനിടയിലും നയതന്ത്ര ശ്രമങ്ങൾ മുന്നോട്ട് പോയേക്കാം. ജനീവയിലും അബുദാബിയിലും ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിൽ ഇപ്പോഴും വലിയ അകലമുണ്ട്. പിടിച്ചെടുത്ത പ്രദേശങ്ങൾക്ക് അംഗീകാരം നൽകണമെന്നും സൈനിക പരിധികൾ വേണമെന്നുമാണ് റഷ്യയുടെ ആവശ്യം. എന്നാൽ സുരക്ഷാ ഉറപ്പുകളിലും പരമാധികാരത്തിലും യുക്രെയ്ൻ ഉറച്ചുനിൽക്കുന്നു. ആരും തന്നെ നിർണ്ണായകമായ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ല. ഈ യുദ്ധം വലിയ സാമ്പത്തിക-മനുഷ്യനഷ്ടങ്ങൾ വരുത്തിവെക്കുന്ന ഒരു സ്തംഭനാവസ്ഥയിൽ എത്തിനിൽക്കുന്നു. ഒരു നാടകീയമായ അധിനിവേശമായി തുടങ്ങിയത് ഇപ്പോൾ ഒരു നീണ്ട പോരാട്ടമായി മാറിയിരിക്കുന്നു. പെട്ടെന്നുള്ള വിജയത്തേക്കാൾ നിരന്തരമായ തിരിച്ചടികൾക്കും ദുരിതങ്ങൾക്കുമായി യുദ്ധം മാറിയത് ലോകസമ്പത് വ്യവസ്ഥയെത്തന്നെ പിടിച്ചുലച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ, നേരിട്ടും അല്ലാതെയും, ഏറ്റുവാങ്ങുന്നത് മറ്റുരാജ്യങ്ങളാണ്.

