എണ്ണ, പ്രതിരോധം, ഭൗമരാഷ്ട്രീയം; പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ലക്ഷ്യമെന്ത്?

റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുടിന്റെ സന്ദർശനം ഗ്ലോബൽ സൗത്തിലെ ഭൗമരാഷ്ട്രീയത്തെ എങ്ങനെയാവും ബാധിക്കുക?

റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അതീവ നിർണായകമായ കൂടിക്കാഴ്ചയും അദ്ദേഹം നടത്തുന്നുണ്ട്. സന്ദർശനത്തിൻെറ ഭാഗമായി മോസ്കോയും ഡൽഹിയും നിരവധി കരാറുകളിൽ ഒപ്പിടും. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക വലിയ സമ്മർദ്ദമുയർത്തിയതിന് മാസങ്ങൾക്കുള്ളിലാണ് പുടിൻെറ വരവ്. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്ക കാര്യമായ ശ്രമങ്ങൾ ഈ ഘട്ടത്തിൽ നടത്തുന്നുണ്ട്. ഇന്ത്യയും റഷ്യയും കാലങ്ങളായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ്. മോദിയും പുടിനും തമ്മിൽ നല്ല അടുപ്പവും സൂക്ഷിക്കുന്നുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചകൾ എന്താവുമെന്ന് പരിശോധിക്കാം.

വ്യാപാര കരാറുകളും ഭൗമരാഷ്ട്രീയവും

ഇന്ത്യയുമായുള്ള സൗഹൃദം ശക്തമാക്കുകയെന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. അതിൻെറ പ്രധാനകാരണം ഏകദേശം 150 കോടി മനുഷ്യരുള്ള രാജ്യമാണ് ഇന്ത്യയെന്നത് തന്നെെയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ലോകത്ത് തന്നെ മൂന്നാമതാണ് ഇന്ത്യ. ഇതിന് റഷ്യയെയാണ് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ എപ്പോഴും ഇങ്ങനെയായിരുന്നില്ല സാഹചര്യം. യുക്രെയ്ൻ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെറും 2.5 ശതമാനം മാത്രമായിരുന്നു. എന്നാൽ അത് ഇപ്പോൾ 35 ശതമാനമായി ഉയർന്നിരിക്കുകയാണ്. വലിയ ഇളവുകളോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഇത് അമേരിക്കയെ വല്ലാതെ പ്രകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്ന് പോലും പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആരോപണം ഉന്നയിച്ചത്. പ്രതികാര നടപടിയെന്ന നിലയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുകളിൽ ട്രംപ് ഭരണകൂടം 25 ശതമാനം അധികനികുതി ചുമത്തിയിരുന്നു. അതിന് ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൻെറ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് മാറ്റി പഴയ പോലെ എണ്ണ വാങ്ങുന്നതിന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പുടിൻെറ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഇന്ത്യയും റഷ്യയും കാലങ്ങളായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ്. മോദിയും പുടിനും തമ്മിൽ നല്ല അടുപ്പവും സൂക്ഷിക്കുന്നുണ്ട്.
ഇന്ത്യയും റഷ്യയും കാലങ്ങളായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ്. മോദിയും പുടിനും തമ്മിൽ നല്ല അടുപ്പവും സൂക്ഷിക്കുന്നുണ്ട്.

ആയുധക്കച്ചവടമാണ് ഇന്ത്യ - റഷ്യ നയതന്ത്ര ബന്ധത്തിലെ മറ്റൊരു പ്രധാന വിഷയം. സോവിയറ്റ് കാലം മുതലേ ഇന്ത്യ റഷ്യയിൽ നിന്ന് ധാരാളമായി ആയുധങ്ങൾ വാങ്ങാറുണ്ട്. പുടിൻെറ സന്ദർശനത്തിന് തൊട്ടുമുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ ഫൈറ്റർ ജെറ്റുകളും പ്രതിരോധ സംവിധാനങ്ങളും വാങ്ങിക്കാൻ പോവുന്നുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

തൊഴിലാളി ദൗർബല്യം കാരണം വലിയ പ്രതിസന്ധിയിലായതിനാൽ റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് കൂടുതൽ സ്കിൽഡ് ജീവനക്കാരെ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള എതിർപ്പിനെ മറികടക്കുന്നതിനുള്ള ഭൗമരാഷ്ട്രീയ തന്ത്രങ്ങൾക്കും പുടിൻ ഇന്ത്യാ സന്ദർശനത്തിലൂടെ ശ്രമിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ്ങുമായി പുടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെയും ആ ഘട്ടത്തിൽ കണ്ടിരുന്നു. മൂന്ന് നേതാക്കളും ഒരുമിച്ച് നിൽക്കുന്ന ചിത്രം അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് നൽകിയ സന്ദേശം വ്യക്തമായിരുന്നു. വ്യാപാരയുദ്ധത്തിലൂടെ മറ്റ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്ന അമേരിക്കക്കുള്ള മറുപടി ആയിരുന്നു ഈ കൂടിക്കാഴ്ച്ചകൾ. യൂറോപ്യൻ യൂണിയനിൽ നിന്ന് ഏകദേശം ഒറ്റപ്പെട്ട നിലയിലാണ് റഷ്യ. അതിനാൽ തന്നെ ഗ്ലോബൽ സൗത്തിൽ നിന്നും ഏഷ്യയിൽ നിന്നും പിന്തുണ ഉറപ്പാക്കേണ്ടതും റഷ്യയുടെ ആവശ്യമാണ്. സാമ്പത്തികബന്ധം മെച്ചപ്പെടുത്തൽ, പ്രതിരോധ - വ്യാപാര കരാറുകൾ, കൂടുതൽ സൗഹാർദ്ദപരമായ പ്രഖ്യാപനങ്ങൾ മോദി - പുടിൻ കൂടിക്കാഴ്ചയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

Comments