ഉരുകിത്തെളിയുന്ന അമേരിക്കൻ ജനാധിപത്യം

കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡിനെ വെള്ളക്കാരനായ പൊലീസ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനെതിരായ ജനരോഷം അമേരിക്കയിൽ പടരുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയിലെ വംശവെറിയന്മാരുടെ അടിച്ചമർത്തലിന്റെ ചരിത്രത്തെകുറിച്ചും പ്രതിഷേധത്തെ കുറിച്ചും വിശദീകരിക്കുകയാണ് സാജൻ ജോസ്. ഒപ്പം ജോർജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കയിൽ ഉരുത്തിരിഞ്ഞ് വരുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് വിശകലനം ചെയ്യുകയാണ് ലേഖകൻ.

തിരിഞ്ഞു നോക്കിയാൽ പത്ത് നാനൂറ് കൊല്ലത്തെ ചരിത്രം പറയാനുണ്ട് അമേരിക്കയുടെ മണ്ണിൽ വംശവെറിയന്മാർ നടമാടിയ അടിച്ചമർത്തലിന്റെ മനുഷ്യമനസ്സാക്ഷി നടുക്കുന്ന സംഭവപരമ്പരകൾക്ക്. അധിനിവേശക്കാലത്ത് തദ്ദേശീയരെ നിഷ്‌ക്കരുണം കൊന്നുതള്ളിയവരുടെ പിന്മുറക്കാർ പിന്നീട് ജനാധിപത്യപ്രക്രിയയെ ആശ്ലേഷിച്ചുവെങ്കിലും വർണ്ണവർഗ്ഗചിന്തകളിൽ നിന്നും അടിസ്ഥാനപരമായി മുക്തിനേടിയിട്ടില്ലെന്നതിന്റെ നേർതെളിവാണ് ഇതര വംശങ്ങളിലുള്ളവർക്ക് പൊതുവിലും ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് പ്രത്യേകിച്ചും നേരിടേണ്ടിവരുന്ന പൊലീസ് അതിക്രമങ്ങൾ. ഇക്കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് ആഫ്രിക്കൻ അമേരിക്കൻ വംശജർ വെള്ളക്കാരായ പൊലീസിന്റെ പിടിയിൽ അറസ്റ്റിനിടയിലോ അതിനടുത്ത സമയങ്ങളിലോ കൊല്ലപ്പെട്ടിട്ടുണ്ട്.

മിനിയാപ്പോളിസിലെ ഭവനരഹിതരുടെ കുടിലുകൾ
മിനിയാപ്പോളിസിലെ ഭവനരഹിതരുടെ കുടിലുകൾ

2014 - ൽ ന്യുയോർക്ക് പൊലീസ് Chokehold (ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ഒരാളുടെ കഴുത്ത് കൈകൊണ്ടു ചുറ്റിപ്പിടിക്കൽ) എന്ന ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശ്വാസംമുട്ടി മരണപ്പെട്ട എറിക്ക് ഗാർനെർ (Eric Garner), 2014 ആഗസ്റ്റിൽ ലോസ് ഏഞ്ചൽസിൽ പൊലീസ് വെടിയുതിർത്ത് കൊലപ്പെടുത്തിയ നിരായുധനായിരുന്ന 25 കാരൻ എസ്സെൽ ഫോർഡ് (Ezell Ford). 2014 ആഗസ്റ്റ് 9 ന് മിസൗറി സംസ്ഥാനത്തെ ഫെർഗുസൺ (Ferguson) എന്ന പട്ടണത്തിൽ മൈക്കൽ ബ്രൗൺ (Michael Brown) എന്ന് പേരായ 18 കാരൻ ആഫ്രിക്കൻ അമേരിക്കനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധങ്ങൾ നടക്കുന്ന സമയത്താണ് ഫോർഡിന്റെ കൊലപാതകവും അരങ്ങേറുന്നത്. ഇങ്ങനെ നൂറുകണക്കിന് കൊലപാതകങ്ങൾ. ജോർജ്ജ് ഫ്‌ളോയിഡ് കൊലചെയ്യപ്പെട്ട അതെ മിനിയാപ്പോളിസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അറസ്റ്റിനിടെ സമാനമായ Chokehold നടപടിക്ക് വിധേയരായ ഏതാണ്ട് അൻപത്തഞ്ചോളം പേരാണ് ശ്വാസം നിലച്ച് അബോധാവസ്ഥയിൽ പോയിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു.

സാധാരണ ഗതിയിൽ ഇത്തരം പൊലീസ് അതിക്രമങ്ങൾക്കെതിരായി നടക്കുന്ന പ്രതിക്ഷേധസമരങ്ങൾ ഒരാഴ്ചയിലവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഈ കുറിപ്പെഴുതുന്ന നേരത്തും അമേരിക്കയിലെ മിക്ക നഗരങ്ങളിലും രാത്രികാല കർഫ്യൂ നിലനിൽക്കുകയാണ്

സാധാരണ ഗതിയിൽ ഇത്തരം പൊലീസ് അതിക്രമങ്ങൾക്കെതിരായി നടക്കുന്ന പ്രതിക്ഷേധസമരങ്ങൾ ഒരാഴ്ചയിലവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഈ കുറിപ്പെഴുതുന്ന നേരത്തും അമേരിക്കയിലെ മിക്ക നഗരങ്ങളിലും രാത്രികാല കർഫ്യൂ നിലനിൽക്കുകയാണ്. ഇക്കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ആദ്യത്തെ വ്യക്തിപരമായ അനുഭവം. മുൻപ് പരാമർശിച്ച സമാന സംഭവങ്ങൾക്കെതിരെ വ്യാപകമായ പ്രതിക്ഷേധസ്വരങ്ങൾ ഉയർന്നിരുന്നെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമായി കഴിഞ്ഞയാഴ്ച തുടങ്ങിവച്ച പ്രതിഷേധപ്രകടനങ്ങളും കൊള്ളയും കൊള്ളിവയ്പ്പും ഒരാഴ്ച പിന്നിടുമ്പോഴും തുടരുകയാണ്. കാരണം ജോർജ്ജ് ഫ്‌ളോയ്ഡ് പ്രതിക്ഷേധസമരങ്ങളിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും നടപ്പ് രാഷ്ട്രീയ വ്യവസ്ഥകളിൽ വിശ്വാസം നഷ്ടപ്പെട്ട യുവാക്കളാണ്. ജനകീയനായിരുന്ന ബാരക്ക് ഒബാമ "മാറ്റം' എന്ന മുദ്രാവാക്യവുമായി എട്ടുകൊല്ലം അമേരിക്കൻ ഐക്യനാടുകൾ ഭരിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സാധാരണക്കാരന് അനുഭവപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം. ഒബാമ കെയറുപോലുള്ള ആരോഗ്യപരിരക്ഷാപദ്ധതികളൊക്കെത്തന്നെ ആവിഷ്‌ക്കരിക്കപ്പെട്ടപ്പോഴും സാധാരണക്കാരായ കുടിയേറ്റക്കാരുടെയും ദിവസക്കൂലിക്കാരന്റെയും അരികുവൽക്കരിക്കപ്പെട്ട നിറമുള്ളവന്റെയും (POC, person of color) ആഗ്രഹങ്ങൾക്കൊത്തുയരാൻ സാക്ഷാൽ ഒബാമയ്ക്ക് പോലുമായില്ല എന്നതാണ് പരമാർത്ഥം.

അത്രമേൽ കോർപ്പറേറ്റുവൽക്കരിക്കപ്പെട്ടുപോയി അമേരിക്കയിലെ രാഷ്ട്രീയപ്പാർട്ടികൾ. വാൾസ്ട്രീറ്റ് മുതലാളിമാരുടെ ഫണ്ട് കൈപ്പറ്റാതെ ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് പോലും പിടിച്ച് നിൽക്കാനോ ഇലക്ഷനിൽ വിജയിക്കാനോ കഴിയുന്നില്ല. കേർപ്പറേറ്റുകൾ അവരുടെ കച്ചവടതാല്പര്യങ്ങൾ ലോബിയിങ്ങിലൂടെ നടത്തിയെടുക്കാൻ സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി (Super PAC) എന്ന ലേബലിൽ ഇലക്ഷനുകൾക്ക് പരോക്ഷമായി മുതലാളിമാർ ഫണ്ട് ചെയ്യും. സ്വതന്ത്രമായാണ് ഇവരൊക്കെ പ്രവർത്തിക്കുന്നതെന്നാണ് പൊതുവെയുള്ള പറച്ചിൽ. എന്നാൽ ഫണ്ട് നൽകുന്നവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് അത് വാങ്ങി തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു വരുന്നവരുടെ പരമപ്രധാനമായ ലക്ഷ്യം. വേണ്ടുന്നവരെ ഉയർത്താനും ഇഷ്ടമില്ലാത്തവരെ വെട്ടാനും ഈ "അജ്ഞാത' ഫണ്ടുകൾക്ക് ശക്തിയുണ്ട്.

നടപ്പുരാഷ്ട്രീയ വ്യവസ്ഥിതിയിൽ മനസ്സുമടുത്ത് മാറിനിന്നിരുന്നവരെ രാഷ്ട്രധർമ്മത്തിന്റെ വഴികളിലേക്ക് തിരിച്ചുവിടാൻ ബെർണി സാന്‌ഡേഴ്‌സിനും കൂട്ടർക്കും വളരെപ്പെട്ടെന്ന് സാധ്യമായി.

പ്രധാനമായും ഇന്ത്യയിലെ പൊതുവഴികളിൽ കേന്ദ്രീകൃതമായിരിക്കുന്ന തിരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി അമേരിക്കൻ തിരഞ്ഞെടുപ്പുകൾ ടെലിവിഷനിലൂടെയും ഇപ്പോൾ നിരവധിയായ സോഷ്യൻ മീഡിയ ചാനലുകൾ വഴിയുമാണ് നടത്തപ്പെടുന്നത്. വഴിയരികിൽ കാണുന്ന ഫ്‌ളക്‌സുകൾക്കും ചുവരെഴുത്തുകൾക്കും ബദലായി ടെലിവിഷൻ ചാനലുകളുടെ പ്രൈം ടൈം പരസ്യങ്ങൾ കൊണ്ട് നിറയ്ക്കും. കാശുകൊടുത്തുനടത്തുന്ന ഇത്തരം പ്രൊപ്പഗണ്ട വീഡിയോകൾ ആവശ്യമനുസരിച്ച് സ്ഥലത്തെ വർണ്ണ-വർഗ്ഗ-സാമ്പത്തിക നിലയനുസ്സരിച്ച് വെട്ടിയൊതുക്കിത്തല്ലിപ്പതംവരുത്തി നാഴികയ്ക്ക് നാല്പത് വട്ടം സംപ്രക്ഷേണം ചെയ്യും. താരതമ്യേന കുറഞ്ഞ ഉപദ്രവകാരിയായ ഒരു വ്യാളിയെ (lesser evil) തിരഞ്ഞെടുക്കുക എന്നൊരു സ്വാതന്ത്ര്യം മാത്രമേ വോട്ടു ചെയ്യുന്നവന്റെ മുൻപിലവശേഷിക്കുന്നുണ്ടാവൂ. ഇത്തരം പ്രൊപ്പഗണ്ടാ മെഷിനറികളിലൂടെയുള്ള തീവ്രപ്രചാരണതന്ത്രങ്ങൾക്കൊടുവിൽ ആർക്കാണോ കക്ഷിരാഷ്ട്രീയത്തിലൊന്നും കാര്യമായി ഇടപെടാതെനിൽക്കുന്ന സ്വതന്ത്രവോട്ടർമാരെ പക്ഷം ചേർക്കാനാവുന്നത്, ആ തിരഞ്ഞെടുപ്പിൽ ആ പാർട്ടിയുടെ സ്ഥാനാർത്ഥി വിജയിക്കുന്നു. എന്നാൽ, രണ്ടിടത്തും വാതുവച്ച കോർപ്പറേറ്റുകൾക്ക് ഏത് വ്യാളി തിരഞ്ഞെടുക്കപ്പെട്ടാലും സമം. വർണ്ണവിവേചനവും കടുത്ത ദേശീയതയും കൈമുതലായുള്ള നിലവിലെ പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയെക്കുറിച്ച് പരാമശിക്കുന്നതിലർത്ഥമില്ല, എന്നാൽ പൊതുവെ സാധാരണക്കാരും കുടിയേറ്റക്കാരും വിശ്വസിച്ച് നെഞ്ചേറ്റുന്ന ഡെമോക്രാറ്റിക്ക് പാർട്ടിയുടെ അവസ്ഥയും മറ്റൊന്നല്ല. മുൻപ് ഹിലരി ക്ലിന്റണും ഇനി വരുന്ന നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയാകുന്ന ജോ ബൈഡനും തിരഞ്ഞെടുപ്പ് ചെലവുകൾക്കായി സൂപ്പർ പായ്ക്കുകളുടെ സഹായം സ്വികരിച്ചിരിക്കുന്നതിനാൽ വിജയിച്ചുവരുന്നപക്ഷം അവരുടെ ചൊൽപ്പടിയ്ക്കു നിൽക്കാനെ ഇപ്പറഞ്ഞവർക്കും ആവതുള്ളൂ. കാരണം, പറഞ്ഞ പ്രകാരം പണമെണ്ണി വാങ്ങിയാണ് ഇലക്ഷൻ പ്രചാരണം നടത്തിയത്. ആയതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നാൽ ഫണ്ട് ചെയ്തവൻ പറയുന്നത് കേൾക്കേണ്ടിവരുമെന്നത് സ്വാഭാവികപ്രക്രിയയാണ്.

ബെർണി സാൻഡേഴ്സ്
ബെർണി സാൻഡേഴ്സ്

രാഷ്ട്രീയപ്പാർട്ടികളുടെ അവിശുദ്ധ കോർപറേറ്റ് കൂട്ടുകെട്ടുകളുടെ ദുഷിച്ച കഥകൾ വിക്കിലീക്‌സ് പോലുള്ള പ്രസാധകരിലൂടെ ലോകം കണ്ടപ്പോൾ ഇത്തരം നിലപാടുകൾക്കെതിരെ സാധാരണക്കാരിലും യുവജനങ്ങളിലും വളർന്നുവന്ന എതിർപ്പുകൾക്കൊടുവിലാണ് മേൽപ്പറഞ്ഞ ജനവിഭാഗങ്ങൾ സെനറ്റർ ബെർണി സാന്‌ഡേഴ്‌സിൽ അവരുടെ രക്ഷകനെ കണ്ടത്. വാൾസ്ട്രീറ്റ് ഭീമൻമാരുടെ പക്കൽനിന്നും നയാപൈസ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സ്വീകരിക്കാതെ സാധാരണക്കാരുടെ പോക്കറ്റുമണിയിൽ നിന്നും അഞ്ചും പത്തും കൂട്ടിവച്ച് ജനങ്ങളെ സംഘടിപ്പിച്ച് സാന്‌ഡേഴ്‌സും സഹയാത്രികരും നടത്തിയ പ്രൈമറി കാംപയിനുകൾ യുവാക്കൾക്കും കുടിയേറ്റക്കാർക്കും അരികുവൽക്കരിക്കപ്പെട്ട ഇതര അമേരിക്കക്കാരനും എന്തെന്നില്ലാത്ത പ്രതീക്ഷകളാണ് കൊടുത്തത്. നടപ്പുരാഷ്ട്രീയ വ്യവസ്ഥിതിയിൽ മനസ്സുമടുത്ത് മാറിനിന്നിരുന്നവരെ രാഷ്ട്രധർമ്മത്തിന്റെ വഴികളിലേക്ക് തിരിച്ചുവിടാൻ ബെർണി സാന്‌ഡേഴ്‌സിനും കൂട്ടർക്കും വളരെപ്പെട്ടെന്ന് സാധ്യമായി. ചടുലമായ ഇത്തരമൊരു നീക്കത്തിൽ തെല്ലു ഭയന്നുപോയ സൂപ്പർ പായ്ക്കുകളുടെ അമരത്തെ ലോബിയിസ്റ്റുകൾ സാധാരണക്കാരന്റെ മാറ്റത്തിനായുള്ള പ്രതീക്ഷകളെ മുളയിലെ നുള്ളിക്കളഞ്ഞ് ബെർണി സാന്‌ഡേഴ്‌സിന്റെ പടയോട്ടത്തെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതിൽ വിജയിക്കുന്നത് ഇക്കഴിഞ്ഞ മാസങ്ങളിൽ നമ്മളൊക്കെക്കണ്ടതാണ്.

വ്യവസ്ഥിതിയുടെ ഉരുക്കുമൂഷ്ടികൾക്കിടയിൽപ്പെട്ട് ശ്വാസം കിട്ടാതെ പിടയുന്ന പാർശ്വവൽക്കരിക്കപ്പെട്ടവന്റെ പ്രതീകം മാത്രമാണ് ജോർജ്ജ് ഫ്ളോയ്ഡ്

മേൽപ്പറഞ്ഞ പ്രകാരം അമർഷമൊടുങ്ങാത്ത, ഇരുരാഷ്ട്രീയപ്പാർട്ടികളിലും പ്രതീക്ഷ നഷ്ടപ്പെട്ട, കാര്യമായ ജീവിതമാർഗ്ഗങ്ങളോ ആരോഗ്യ ഇൻഷുറൻസോ ഇല്ലാതെ ഭാവി ഇരുളറഞ്ഞെതെന്ന് ഉറപ്പിച്ച ലക്ഷക്കണക്കായ അതേ അമേരിക്കൻ ജനതയാണ് ഈ ആഴ്ചകളിൽ കണ്ട ജോർജ്ജ് ഫ്‌ളോയ്ഡ് കസ്റ്റഡിക്കൊലപാതക പ്രതിക്ഷേധസമരങ്ങൾക്ക് പിന്നിലണിനിരന്നിരിക്കുന്നത് എന്നതാണ് വരികൾക്കിടയിലെ വായനയിൽ നിന്നും മനസ്സിലാവുന്നത്. ഒരു രാഷ്ട്രീയക്കാരന്റെയും പൊള്ളയായ വാഗ്ദാനങ്ങളിൽ ഇന്നിവർ വിശ്വസിക്കുന്നില്ല. കൊള്ളിവയ്പ്പും കൊള്ളയും നടത്തി ഈ ദുഷിച്ചുനാറിയ വ്യവസ്ഥിതിയോട് ആവുന്നത്ര ശക്തിയിൽ നിരായുധരായി അവർ യുദ്ധം ചെയ്യുകയാണ്. വ്യവസ്ഥിതിയുടെ ഉരുക്കുമൂഷ്ടികൾക്കിടയിൽപ്പെട്ട് ശ്വാസം കിട്ടാതെ പിടയുന്ന പാർശ്വവൽക്കരിക്കപ്പെട്ടവന്റെ പ്രതീകം മാത്രമാണ് ജോർജ്ജ് ഫ്ളോയ്ഡ്. അതിൽ കറുത്തവനും വെളുത്തവനും മഞ്ഞനിറമുള്ളവനും തവിട്ടുനിറമുള്ളവനും ഉണ്ട്. ഒരു വശത്ത് കോവിഡ് മഹാമാരി കാരണമുണ്ടായ തൊഴിൽ നഷ്ടവും കടുത്ത സാമ്പത്തിക ബാധ്യതകളും. വൈറസ് ബാധമൂലം മരണപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും പൊതുവിതരണം, ആരോഗ്യം, ഗതാഗതം തുടങ്ങിയ അവശ്യ സർവ്വീസുകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ദിവസവേതനക്കാരും തലചായ്ക്കാനൊരു വീടില്ലാതെ തെരുവിൽ കഴിയുന്നവരുമൊക്കെയായിരുന്നു. മറുവശത്ത് അതിസങ്കീർണങ്ങളായ സമ്പത്ത് കൈമാറ്റ അൽഗരിതങ്ങളാൽ നയിക്കപ്പെടുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ വാൾസ്ട്രീറ്റിലെ വലിയ സെർവറുകളിലൊളിച്ചിരുന്ന് ദുരന്തങ്ങളും പ്രക്ഷോഭങ്ങളും കണ്ട് മനമിടറാതെ മുതലാളിയെ വലിയ മുതലാളിയാക്കുന്നു. അസമാനതകളുടെ ഈ വൈജാത്യമാണ് അമേരിക്കൻ ജനതയെ പ്രജാക്ഷോഭത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. അല്ലാതെ അവർക്ക് ടാർഗറ്റ് എന്ന സൂപ്പർ മാർക്കറ്റ് മുതലാളിയോടോ ആപ്പിൾ കമ്പനിയോടോ പ്രത്യേകിച്ചെതിർപ്പൊന്നുമില്ല. പ്രതീക്ഷകൾ നഷ്ടപ്പെട്ട ഒരു ജനത ഏതു തരത്തിലും പ്രതികരിക്കും. അടുത്തകാലത്ത് കേട്ട മാറ്റത്തിനായുള്ള ഉച്ചത്തിലുള്ള മുറവിളിയാണിത്. കാതുള്ളവർക്ക് കേൾക്കാമത്. ഈ മുറവിളികൾ ഏറ്റവും പഴക്കമുള്ള ഈ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യുമെന്ന് വിലയിരുത്താനാണ് ആഗ്രഹിക്കുന്നത്. പ്രതീക്ഷയ്ക്ക് വകയുണ്ടെങ്കിലും തികച്ചും ദുർഘടം പിടിച്ച ഞെരുങ്ങിയിടുങ്ങിയ വഴികളിലൂടെയാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ഈ നടത്തം. ആ നടത്തത്തിനിടയിൽ ജോർജ്ജ് ഫ്ളോയിഡിനും, ട്രെവോൺ മാർട്ടിനും, എറിക് ഗാർനർക്കും, എസ്സെൽ ഫോർഡിനും, മൈക്കൽ ബ്രൗണിനും കൂടെ ആയിരക്കണക്കായ പരാമർശിക്കപ്പെടാത്തവർക്കും നീതി ലഭിക്കട്ടെ.

Comments