ദൈവദത്തം എന്നാണ് ഹീബ്രു ഭാഷയിൽ നെതന്യാഹു എന്ന പദത്തിനർത്ഥം. ഈ പേര് ഇസ്രായേൽ ഭരണാധികാരി സ്വയം സ്വീകരിച്ചതാണ്. മൂന്ന് ടേമുകളിലായി ഭരണം കൈയ്യാളുമ്പോഴും ദൈവദത്തമായ ഒരു നന്മയും ജീവിതത്തിൽ പുലർത്തിയിട്ടില്ലാത്ത, ഹിംസയുടെ സാത്താനികരൂപം പൂണ്ട മനുഷ്യനായാണ് ചരിത്രം കൊടുംക്രൂരനായ ഈ ഇസ്രായേൽ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുക. സ്വന്തം രാജ്യത്തിനകത്ത് പോലും തന്റെ ആക്രമണോൽസുകമായ നിലപാടുകളെ അനുകൂലിക്കാനുള്ള ആൾബലം ക്ഷയിച്ച് വരുന്ന നെതന്യാഹു, അസ്തിത്വം ഉറപ്പാക്കാനുള്ള കൂട്ടക്കുരുതികളാണ് നടത്തുന്നത്. ഗാസയിലെ കുഞ്ഞുങ്ങളെയും സാധാരണ മനുഷ്യരെയും ചാമ്പലാക്കുന്ന മിസൈൽ ആക്രമണങ്ങൾക്ക് ട്രംപിന്റെ ഗ്രീൻ സിഗ്നൽ ലഭിക്കുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് അവിചാരിത ആക്രമണത്തിലൂടെ, അമേരിക്കയുമായി സൗഹൃദം സൂക്ഷിക്കുന്ന ഖത്തറിനെ ഇസ്രായേൽ ഞെട്ടിച്ചത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എന്ന് ഇസ്രായേൽ പറയുന്നു. ആക്രമണം നടന്ന് പത്ത് മിനുട്ട് കഴിഞ്ഞാണ് അമേരിക്ക ഈ വിവരം അറിയിച്ചതെന്നാണ് ഖത്തർ പ്രധാനമന്ത്രി പറഞ്ഞത്. ഗാസ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മാധ്യസ്ഥ ചർച്ചക്കിടെ, എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് നെതന്യാഹുവിന്റെ സൈന്യം ഖത്തറിനെ ആക്രമിച്ചത്. അവരുടെ ലക്ഷ്യം ഹമാസ് നേതാവ് ഖാലിദ് മിഷായേലും മറ്റ് നേതാക്കളുമായിരുന്നു. അവരെ കിട്ടിയില്ലെങ്കിലും അഞ്ച് ഹമാസ് പ്രവർത്തകർ വധിക്കപ്പെട്ടു. ഖത്തറിന് നേരെയുള്ള ഇസ്രായേലിന്റെ പൊടുന്നനെയുള്ള ആക്രമണം ഇന്ത്യയുൾപ്പെടെ ലോകരാജ്യങ്ങൾ അപലപിച്ചു. അറബ് - ഗൾഫ് സഹകരണ കോ - ഓപ്പറേഷൻ (ജി.സി.സി) രാജ്യങ്ങളിലേക്ക് അമേരിക്കൻ സഹായത്തോടെ അധിനിവേശത്തിന്റെ പുതിയ വല വീശുകയെന്ന തന്ത്രം കൂടി നെതന്യാഹുവിനും കൂട്ടാളികൾക്കുമുണ്ടാവും. യെമനിലും ലെബനോണിലും ടുനീഷ്യയിലുമെല്ലാം ഇസ്രായേൽ ഈ തന്ത്രം പരീക്ഷിച്ചതാണ്. 'മൊസാദി'ന്റെ ചാരക്കണ്ണുകൾ ഗൾഫിന്റെ ആകാശത്ത് വട്ടം കറങ്ങിത്തുടങ്ങിയിട്ട് കാലമേറെയായി. ഇറാന്റെ ആത്മവീര്യത്തിന് മുമ്പിൽ വിലപ്പോകാത്ത ആയുധങ്ങളാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ നെതന്യാഹു രാകി മിനുക്കുന്നത്.

ഇസ്രായേലിന്റെ രക്ഷകനായ ട്രംപ് 'ആധുനിക കാലത്തെ ഹിറ്റ്ലർ' എന്ന് മുദ്രാവാക്യം മുഴക്കി അമേരിക്കയിലും പ്രതിഷേധമിരമ്പി. വാഷിംഗ്ടണിലെ റെസ്റ്റോറന്റിൽ അത്താഴം കഴിക്കാനെത്തിയ പ്രസിഡന്റ് ട്രംപിനു നേരെ പലസ്തീൻ അനുകൂലികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. ‘വാഷിംഗ്ടണിനെ സ്വതന്ത്രമാക്കുക’, ‘പലസ്തീനിനെ സ്വതന്ത്രമാക്കുക’, ‘ട്രംപ് നമ്മുടെ കാലത്തെ ഹിറ്റ്ലർ’ എന്നിങ്ങിനെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരിൽ ഒരാൾ പലസ്തീൻ പതാകയുടെ നിറങ്ങളിലുള്ള സ്‌കാർഫ് വീശി. ട്രംപ് പ്രതിഷേധക്കാരുടെ അടുത്തേക്ക് പോയി ഏതാനും നിമിഷം തലകുലുക്കി ശാന്തമായി പുഞ്ചിരിച്ചു. തുടർന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ നിർദേശം നൽകിയ ശേഷം നമുക്ക് പോകാം എന്ന് പറഞ്ഞു. ട്രംപിനെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ സീക്രട്ട് സർവീസ് പിന്നീട് പ്രതിഷേധക്കാരെ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്തു. സംഭവത്തിൽ സീക്രട്ട് സർവീസും മെട്രോപൊളിറ്റൻ പോലീസും പ്രതികരിച്ചില്ല. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധമന്ത്രി പീറ്റർ ഹെഗ്‌സെത്ത്, വിദേശമന്ത്രി മാർക്കോ റൂബിയോ, വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ, വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് തുടങ്ങിയവർ ട്രംപിനൊപ്പം ഉണ്ടായിരുന്നു.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഉപരോധിക്കപ്പെട്ടതും തകർന്നതുമായ ഗാസ മുനമ്പിലെ വിനാശകരമായ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. പ്രശസ്തമായ അമേരിക്കൻ സർവകലാശാലകളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ നടന്നു.
ഖത്തറിലുണ്ടായ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ സഹോദര രാജ്യങ്ങൾക്ക് നേരെയുള്ള ഏത് ആക്രമണത്തെയും ചെറുക്കുമെന്ന് സൗദി അറേബ്യയുടെ കിരീടാകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രസ്താവിച്ചിട്ടുണ്ട്. ഗാസ നിവാസികളുടെ അവകാശങ്ങൾ ഒരു ശക്തിക്കും കവർന്നെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസ പലസ്തീൻ ഭൂമിയാണ്. അവിടുത്തെ ജനങ്ങളുടെ അവകാശങ്ങൾ ആർക്കും നിഷേധിക്കാനാവാത്തതാണ്. ആക്രമണം വഴി അത് കവർന്നെടുക്കാനോ ഭീഷണികൾ വഴി അത് ഇല്ലാതാക്കാനോ ഒരു ശത്രുവിനും കഴിയില്ല. പലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവ ലംഘിക്കപ്പെടുന്നത് തടയാനും ആർജ്ജവത്തോടെ പ്രവർത്തിക്കാൻ സൗദി അറേബ്യ ഉറച്ച നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ജനതക്കെതിരായ ക്രൂരമായ ആക്രമണങ്ങളെയും പട്ടിണി, നിർബന്ധിത കുടിയിറക്കൽ കുറ്റകൃത്യങ്ങൾ എന്നിവയെയും രാജ്യം അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ സംഘർഷത്തിന് ശാശ്വത പരിഹാരമായി 2002-ൽ സൗദി അറേബ്യ മുൻകൈയെടുത്ത് അറബ് സമാധാന പദ്ധതി മുന്നോട്ടുവെച്ചിരുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ വീക്ഷണത്തിലൂടെ അന്താരാഷ്ട്രതലത്തിൽ സൗദി അറേബ്യ ഈ പദ്ധതി മുന്നോട്ട് വെച്ചു. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാനുള്ളതാണ് ഈ പദ്ധതി. സൗദി അറേബ്യ നടത്തിയ തീവ്രശ്രമങ്ങളുടെ ഫലമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനം അറബ് സമാധാന പദ്ധതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര സമവായത്തെ ശക്തിപ്പെടുത്തി.
മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുമായി ആഭ്യന്തര നേട്ടങ്ങൾ ഒത്തൊരുമിച്ചു പോകുന്നു. ഖത്തറിനെതിരായ ക്രൂരമായ ആക്രമണം അടക്കം മേഖലയിലെ ഇസ്രായേൽ ആക്രമണങ്ങളെ സൗദി അറേബ്യ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഈ ആക്രമണം അഭിമുഖീകരിക്കാനും ഇസ്രായേലിനെ തടയാനും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കോട്ടംതട്ടിക്കുന്ന ക്രിമിനൽ നടപടികളിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാനും അറബ്, ഇസ്‌ലാമിക, അന്താരാഷ്ട്ര തലങ്ങളിൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികളിലും സൗദി അറേബ്യ ഖത്തറിനൊപ്പം നിലകൊള്ളുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി.
