സപ്തംബർ 11; സമകാലിക ചരിത്രത്തിൽ മനുഷ്യത്വത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും നേരെ നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെ ഓർമ്മദിനം: ചിലിയിൽ കമ്യൂണിസ്റ്റ് സർക്കാറിനെ അട്ടിമറിക്കുകയും അലൻ ഡെയും നെരൂദയും ഉൾപ്പെടെ ചിലിയൻ കമ്യൂണിസ്റ്റ് സർക്കാറിലെ പ്രമുഖരുൾപ്പെടെ ആയിരങ്ങളെ കൂട്ടക്കശാപ്പ് ചെയ്യുകയും ചെയ്ത ദിനം.
മറ്റൊരു സപ്തംബർ 11 നാണ്, 25 വർഷങ്ങൾക്കു മുമ്പ് ഭീകരവാദികൾ അമേരിക്കൻ എയർവേയ്സിന്റെ യാത്രാവിമാനങ്ങൾ തട്ടിയെടുത്ത് അത് കൊണ്ടുപോയി ഇടിച്ച് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്തത്. ആയിരങ്ങളെ കൂട്ടക്കൊലക്കിരയാക്കി, ലോകത്തെയും ലോകത്തിന്റെ അധിനായകനായി വാഴുന്ന അമേരിക്കയെയും ഞെട്ടിച്ച സംഭവം.
ഈ രണ്ടു ഭീകരാക്രമണങ്ങൾക്കും പിറകിൽ പ്രത്യക്ഷമായോ പരോക്ഷമായോ സി ഐ എയും അമേരിക്കയുടെ അധിനിവേശതാല്പര്യങ്ങളുമാണെന്നതാണ് അനിഷേധ്യമായ വസ്തുത.
ഇന്നിപ്പോൾ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ 26-ാം വാർഷികദിനം കടന്നുപോകുമ്പോൾ അമേരിക്കയും അവരുടെ പശ്ചിമേഷ്യൻ പങ്കാളി ഇസ്രായേലും ഇറാനും മധ്യപൂർവ്വദേശത്തെ തങ്ങൾക്കനഭിമതരായ രാഷ്ട്രങ്ങൾക്കുനേരെ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങൾ തന്നെ സൃഷ്ടിച്ച ഭീകരവാദികളെ ചൂണ്ടിയാണ് അമേരിക്ക ഇസ്ലാമോഫോബിയ ലോകമെമ്പാടും പടർത്തി കൊണ്ടിരിക്കുന്നത്.
മധ്യപൂർവദേശത്തെ കമ്യൂണിസ്റ്റ് സ്വാധീനത്തിനും സോവ്യറ്റ് യൂണിയനുമെതിരെ അമേരിക്ക സൃഷ്ടിച്ച ഭീകരവാദികൾ അമേരിക്കയ്ക്കുനേരെ തന്നെ ആഞ്ഞടിച്ച ലോകത്തെ ഞെട്ടിച്ചദിനമാണല്ലോ സപ്തംബർ 11.
‘വിവരസാങ്കേതികവിദ്യയുടെ മെക്ക’യെന്ന് വിശേഷിപ്പിക്കുന്ന, സൂപ്പർ കമ്പ്യൂട്ടറുകളും ഡാറ്റാബേസുകളും കൊണ്ട് സമ്പന്നമായ ഭരണകൂടസംവിധാനവും മാധ്യമവ്യവസ്ഥയുമുള്ള അമേരിക്കയും അവരുടെ ഇന്റലിജൻസ് സംവിധാനങ്ങളും അക്ഷരാർത്ഥത്തിൽ സ്തബ്ധമായിപ്പോയ സംഭവമാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണം. ഇതിൻ്റെ തുടർച്ചയിലായിരുന്നു അഫ്ഗാൻ അധിനിവേശവും ലോകമാകെ ഇസ്ലാമിക് ഫോബിയ പടർത്തിയ ഭീകരവിരുദ്ധയുദ്ധത്തെ കുറിച്ചുള്ള വാചകമടികളും കടന്നാക്രമണങ്ങളും ആസൂത്രിതമായി തന്നെ ശക്തിപ്പെട്ടത്. തങ്ങൾ തന്നെ സൃഷ്ടിച്ച മുജാഹിദ്ദീൻ മിലിട്ടറി തുടർച്ചയായിരുന്നു അൽ ഖ്വയ്ദയും താലിബാനുമൊക്കെ എന്ന കാര്യം മറച്ചുപിടിച്ചുകൊണ്ടാണ് യു.എസ് മേധാവികൾ ഭീകരതക്കെതിരെ യുദ്ധപ്രഖ്യാപനങ്ങൾ നടത്തിയത്.

അതൊക്കെ അമേരിക്കയുടെ നാട്യങ്ങളും വെറും തട്ടിപ്പായിരുന്നുവെന്നാണ് പിൽക്കാല അഫ്ഘാൻ സംഭവങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.
സപ്തംബർ 11- ന്, സംഭവം നടന്ന് മണിക്കൂറുകൾക്കകം അന്നത്തെ സി ഐ എ ഡയറക്ടർ ജോർജ് ടെനറ്റ് പറഞ്ഞത്, ഇത്തരമൊരു മുന്നറിയിപ്പില്ലാത്ത ഭീകരാക്രമണത്തിനുപിന്നിൽ ഒസാമ ബിൻ ലാദനല്ലാതെ മറ്റാരുമായിരിക്കില്ലെന്നാണ്. അന്നത്തെ ബുഷ് ഭരണകൂടം ഇസ്ലാമികഭീകരവാദത്തിനും ‘തിന്മ’യുടെ ശക്തികൾക്കുമെതിരെ യുദ്ധപ്രഖ്യാപനം തന്നെ നടത്തി. അക്കാലത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ പറഞ്ഞത്, നയതന്ത്രപരവും രാഷ്ട്രീയവും സാമ്പത്തികവും വിദ്യാഭ്യാസപരവും കുറ്റാന്വേഷണപരവും ആവശ്യമായിടത്ത് സൈനികവുമായ എല്ലാ ഉപാധികളും ഉപയോഗിച്ച് ഭീകരവാദികളെ പിഴുതെറിയും, അവരുടെ താവളമായ അഫ്ഘാനിലെ താലിബാൻ ഭരണം തകർത്ത് ഭീകരവാദികളുടെ വേരറുക്കുമെന്നൊക്കെയായിരുന്നു.
ഹണ്ടിംഗ്ടൺ തിസീസും അമേരിക്കൻ ഭരണകൂടവും ചേർന്ന് സൃഷ്ടിച്ച ഒസാമ ബിൻ ലാദനും അൽഖ്വയ്ദയും താലിബാനും എന്ന അപരാധപൂർണമായ സമകാലിക ചരിത്രയാഥാർത്ഥ്യത്തെ കുറിച്ച് അജ്ഞത നിലനിർത്തിക്കൊണ്ടായിരുന്നു ബുഷിൻ്റെ ഭീകരവിരുദ്ധ യുദ്ധ കോലാഹലങ്ങൾ.
പാശ്ചാത്യ മാധ്യമങ്ങളും യു.എസ് അധിനായകരും, തങ്ങൾ തന്നെ സൃഷ്ടിച്ചതാണ് ഒസാമ എന്ന ക്രൂരസത്യത്തെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. ശീതയുദ്ധകാലത്ത് മധ്യപൂർവ്വദേശത്തെ തങ്ങളുടെ മൂലധന താല്പര്യങ്ങളിലായിരുന്നു ‘പാശ്ചാത്യ വിരുദ്ധരാക്ഷൻ’ എന്ന് അവർ തന്നെ വിശേഷിപ്പിച്ച ഒസാമയും അയാളുടെ ഭീകരസംഘങ്ങളും ജന്മമെടുത്തത്. ഇസ്ലാമിനെ ‘കമ്യൂണിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപദ്ധതി’യാക്കി അവതരിപ്പിച്ചു. ആഗോള ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി പോരാടുന്ന മുജാഹിദ്ദീൻ, താലിബാൻ, അൽഖയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയ്ക്കു പിറകിൽ സി ഐ എയും മൊസാദും അമേരിക്കയുമായിരുന്നു.
ഒരു ഭീകരവാദിയെന്ന നിലക്ക് ഒസാമ പ്രത്യക്ഷപ്പെടുന്നത് 90- കൾക്കുശേഷമല്ല എന്നത് അമേരിക്ക എന്നും മറച്ചുപിടിക്കാനാഗ്രഹിക്കുന്ന കാര്യമാണ്. തങ്ങളുടെ കുടിലവും ഹീനവുമായ കമ്യൂണിസ്റ്റ് ഉന്മൂലനചരിത്രത്തെ മറച്ചു പിടിക്കാനാണിത് എന്ന് വ്യക്തം.
റീഗൺ ഭരണകൂടവും സി ഐ എയും പാക്കിസ്ഥാനിലെ സിയാവുൽ ഹക്ക് സർക്കാറിൻ്റെയും ഐ എസ് ഐയുടെയും സഹായത്തോടെയാണ് മുജാഹീദിനെയും താലിബാനെയും സൃഷ്ടിച്ചെടുത്തത്. പാക്കിസ്ഥാനിലെ മതപാഠശാലകളെ ഭീകരവാദികളെ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളാക്കി മാറ്റുകയായിരുന്നു സാമ്രാജ്യത്വ ശക്തികൾ. അവരാണ് അഫ്ഗാനിലെ നജീബുള്ള സർക്കാറിനെ അട്ടിമറിച്ച് കൂട്ടക്കൊലകൾ നടത്തിയത്.

വേൾഡ് ട്രേഡ് സംഭവത്തിനുശേഷം താലിബാൻ ഭീകരവാദത്തിൻ്റെ താവളമാണെന്നുപറഞ്ഞ് അഫ്ഗാൻ കീഴടക്കി പാവസർക്കാറുകളെ വാഴിച്ച അമേരിക്ക, വേൾഡ് ട്രേഡ് സെൻ്റർ സംഭവത്തിൻ്റെ ആസൂത്രകനായ ലാദനെ വധിച്ചെങ്കിലും ഇന്നിപ്പോൾ 1996-ലെന്ന പോലെ അമേരിക്ക താലിബാനെ ഭരണ മേല്പിച്ചിരിക്കുകയാണ്. സപ്തംബർ 11- ൻ്റെ 20-ാം വാർഷികത്തിൽ അമേരിക്ക ആ ഭീകരാക്രമണത്തിന് ഉത്തരവാദിയായ താലിബാനെ തന്നെ അധികാരം തിരിച്ചേല്പിച്ചത് ചരിത്രത്തിൻ്റെ വിരോധാഭാസമായി തോന്നാമെങ്കിലും അതാണ് അമേരിക്കയെന്ന തിരിച്ചറിവാണ് ലോകത്തിന് നൽകുന്നത്.
സ്വന്തം പൗരരുടെ ജീവനെടുത്തവരെ തന്നെ, താലിബാനെ തന്നെ അധികാരമേൽപ്പിച്ച് അമേരിക്ക സപ്തംബർ 11 ൻ്റെ സ്മരണ പുതുക്കുന്ന വൈരുധ്യാത്മകതയ്ക്കാണ് ലോകം അന്ന് സാക്ഷിയായത്.
ഇതിനെ നാമെന്താണു് വിളിക്കുക?
ഗാസയിൽ തുടരുന്ന കൂട്ടക്കൊലകൾക്ക് പിറകിലാരാണ്? ഇറാനെ ആക്രമിക്കുന്ന, ക്യൂബയെ വളഞ്ഞുപിടിക്കുന്ന, ചൈനയ്ക്കുനേരെ ഉപരോധം നടത്തുന്ന സാമ്രാജ്യത്വ രാഷ്ടീയമാണിന്ന് ഭീകര വാദം. സയണിയസത്തെയും രാഷ്ടീയ ഇസ്ലാമിസത്തെയും ഹിന്ദുത്വത്തെയും യുറോപ്പിലാകെ വംശീയത പടർത്തുന്ന നവനാസികളെയും വളർത്തുന്നത് അമേരിക്കയുടെയും ട്രംപിന്റെയും നവഫാഷിസമാണ്.
വെനിസ്വലയിലെ ജനങ്ങൾ തെരഞ്ഞടുത്ത പ്രസിഡന്റിനെയും ജീവിതപങ്കാളിയെയും വ്യാജമയക്കുമരുന്ന് കേസുണ്ടാക്കി, രാജ്യത്തേക്ക് അതിക്രമിച്ച് കയറി, എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തി, അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ട്രംപിസത്തിന്റെ ഭീകരവാഴ്ചയുടെ നാളുകളിലാണ് ലോകം ചിലിയൻ അട്ടിമറിയുടെയും വേൾഡ് ട്രേഡ് ടെന്റർ ആക്രമണത്തിന്റെയും ചോര വീഴുന്ന ഓർമ്മകളിലൂടെ കടന്നുപോകുന്നത്.
