പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചുള്ള സ്ഫോടന പരമ്പരകൾ, പശ്ചിമേഷ്യയിൽ യുദ്ധരീതി മാറുന്നതെങ്ങനെ?

പശ്ചിമേഷ്യയിൽ പേജറുകളും വാക്കി ടോക്കികളുമെല്ലാം സ്ഫോടനത്തിനുള്ള പുതിയ ആയുധങ്ങളാക്കുകയാണ് മൊസാദ്. ഹിസ്ബുൾ കേന്ദ്രങ്ങൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങൾ യുദ്ധത്തിൻെറ രീതി മാറുന്നതിൻെറ സൂചനയാണ്. അശാന്തി വിതയ്ക്കുന്ന ഈ ടെക്നോളജി യുദ്ധത്തിൻെറ ഗതി എന്താവും?

News Desk

വാക്കി ടോക്കികൾ (Walkie Talkie) പൊട്ടിത്തെറിച്ച്, ലെബനൻ (Lebanon) തലസ്ഥാനമായ ബെയ്റൂത്തിൽ 20ഓളം പേരാണ് കൊല്ലപ്പെട്ടത്. അതിന് തൊട്ടുമുൻപത്തെ ദിവസം, ബെയ്റൂത്തിലെ ഹിസ്ബുൾ കേന്ദ്രത്തിൽ പേജറുകൾ (Pager) പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഈ രണ്ടാമത്തെ സ്ഫോടനം. തുടർച്ചയായ രണ്ട് ദിവസങ്ങളിലാണ് ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടാവുന്നത്. ചൊവ്വാഴ്ച്ച പേജറുകളും ബുധനാഴ്ച്ച വാക്കി ടോക്കികളും സോളാർ പാനലുകളും കാർ ബാറ്ററികളുമെല്ലാം തനിയെ പൊട്ടിത്തെറിച്ചതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. പരസ്യമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിൽ പോലും ആക്രമണത്തിന് പിന്നിൽ ഇസ്രായേലും മൊസാദുമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആൽഫാ ന്യൂമറിക് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും റേഡിയോ സിഗ്നലുകളുടെ രൂപത്തിൽ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പേജർ എന്ന ഉപകരണം.
ആൽഫാ ന്യൂമറിക് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും റേഡിയോ സിഗ്നലുകളുടെ രൂപത്തിൽ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന പേജർ എന്ന ഉപകരണം.

പേജറുകളും വാക്കിടോക്കികളും കാർ ബാറ്ററികളുമുൾപ്പടെ പൊട്ടിത്തെറിച്ചതെല്ലാം ഇലക്ട്രോണിക് ഉപകരണങ്ങൾ. ലോകം മുൻപ് കണ്ടിട്ടില്ലാത്ത, ആക്രമണത്തിന്റെ ഒരു പുതിയ രീതി. വീടുകളിലും ആശുപത്രികളിലും കടകളിലും സ്ഫോടനങ്ങൾ നടന്നു. മൊബൈൽ ഫോണുകളിലും ലാപ്ടോപ്പുകളിലുമുൾപ്പടെ ഏത് ഇലക്ട്രോണിക് ഉപകരണത്തിലും സ്ഫോടനം ആവർത്തിച്ചേക്കാമെന്ന ഭയം ആളുകളിലേക്ക് പടർന്നുകഴിഞ്ഞു. വീടിനകത്തെ ഫ്രിഡ്ജോ എ.സിയോ പോലും സുരക്ഷിതമല്ലെന്ന തോന്നൽ ഭയം വിതച്ചിരിക്കുന്നു. അതായത്, ഹിസ്ബുള്ളയുടെ പ്രവർത്തകരെ, ശാരീരികമായി പരിക്കേൽപ്പിക്കുന്നതിനൊപ്പം മാനസികമായും സാങ്കേതികമായും തകർക്കുക എന്നതാണ് ഇസ്രയേലിൻെറ ലക്ഷ്യം. മധ്യേഷ്യയിൽ പൊടുന്നനെ ഇങ്ങനെ യുദ്ധത്തിൻെറ രീതി മാറുന്നതെങ്ങനെയാണ് എന്നതാണ് ഇപ്പോഴുയരുന്ന പ്രധാന ചോദ്യം.

ഹസൻ നസ്റുല്ല
ഹസൻ നസ്റുല്ല

സ്ഫോടനങ്ങൾ ലബനനിലെ ജനങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള തലവൻ ഹസൻ നസ്റുല്ല പ്രതികരിച്ചിട്ടുണ്ട്. യുദ്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊ ആവ് ഗാലന്റും പറഞ്ഞുകഴിഞ്ഞു. ലബനനുമായി അതിർത്തി പങ്കിടുന്ന ഉത്തരമേഖലയിൽ ഇസ്രയേൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, മേഖലയെ സംഘർഷത്തിലാക്കും വിധമൊരു യുദ്ധം ഇപ്പോൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒക്ടോബർ ഏഴ് ആക്രമണത്തിനുള്ള ഇസ്രയേൽ മറുപടി എന്ന തരത്തിലാണ് വിദേശകാര്യ വിദഗ്ധർ ആക്രമണത്തെ കാണുന്നത്. ഹമാസ് പ്രവർത്തകർ എവിടെപ്പോയൊളിച്ചാലും തെരഞ്ഞെത്തി ഇല്ലാതാക്കുമെന്ന ബെഞ്ചമിൻ നെതന്യാഹൂവിന്റെ ഭീഷണിയുടെ തുടർച്ചയെന്ന നിലയിലും.

ഹിസ്ബുള്ളയുടെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ഏറിയപങ്കും ഇലക്ട്രോണിക് പേജറുകൾ ഉപയോഗിച്ചുള്ളതായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ മൊബൈലുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹസൻ നസ്റുല്ല ഹിസ്ബുള്ള പ്രവർത്തകരോട് പേജറുകളിലേക്ക് മാറാൻ നിർദേശിച്ചത്. തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയിൽ നിന്നാണ് പേജറുകൾ വാങ്ങിയത്. എന്നാൽ ഇത് നിർമിച്ചത് ഗോൾഡ് അപ്പോളോയുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന ഹംഗറിയിലുള്ള മറ്റൊരു കമ്പനിയാണ്. ഇവിടുന്ന് ഹിസ്ബുൾ വാങ്ങിയ പേജറുകളിൽ മൂന്ന് ഗ്രാമോളം അളവിൽ സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നെന്നും പ്രത്യേക സന്ദേശങ്ങൾ വഴി ഇവ ഓപ്പറേറ്റ് ചെയതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ഹിസ്ബുള്ളയുടെ എറ്റവും വലിയ ഇന്റലിജൻസ് വീഴ്ച്ചയായി ഇത് വിലയിരുത്തപ്പെടും.

എന്നാൽ വാക്കി ടോക്കികളുടെ കാര്യമിങ്ങനെയല്ല. ജാപ്പനീസ് കമ്പനിയായ ഐ കോമിന്റെ വി-82 മോഡൽ വാക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ ഈ മോഡലുകളുടെ നിർമാണം പത്തുവർഷം മുൻപ് തന്നെ അവസാനിപ്പിച്ചിരുന്നെന്ന് ഐ കോം പ്രതികരിച്ചിട്ടുണ്ട്. അതായത്, പേജറുകൾ പോലെ (അഞ്ചുമാസം മുൻപാണ് ഇവ ഹിസ്ബുള്ള വാങ്ങിയത്) പുതിയതായി ഉത്പാദിപ്പിക്കപ്പെടുന്ന ഉപകരണങ്ങളിൽ മാത്രമല്ല, നിലവിലുള്ള, ഉപയോക്താക്കൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിലും സ്ഫോടക വസ്തുക്കൾ നിറയ്ക്കാനും ഉപയോഗിക്കാനും ഇസ്രയേലിന് കഴിഞ്ഞു എന്നത് ഹിസ്ബുള്ളയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു പക്ഷേ, ഇസ്രയേൽ ഈ ആക്രമണം കൊണ്ട് ഉദ്ദേശിച്ചതും അത് തന്നെയാകാം.

കമല ഹാരിസ് അമേരിക്കൻ പ്രസിഡണ്ടായാൽ രണ്ടുവർഷത്തിനുള്ളിൽ ഇസ്രായേൽ ഇല്ലാതാകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ, ട്രംപ് നുണ പറയുകയാണെന്നും താൻ ഇസ്രയേൽ വിരുദ്ധയല്ലെന്നുമായിരുന്നു കമലയുടെ മറുപടി. നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുക എന്നല്ലാതെ അമേരിക്ക വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാണ്.
കമല ഹാരിസ് അമേരിക്കൻ പ്രസിഡണ്ടായാൽ രണ്ടുവർഷത്തിനുള്ളിൽ ഇസ്രായേൽ ഇല്ലാതാകുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ, ട്രംപ് നുണ പറയുകയാണെന്നും താൻ ഇസ്രയേൽ വിരുദ്ധയല്ലെന്നുമായിരുന്നു കമലയുടെ മറുപടി. നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുക എന്നല്ലാതെ അമേരിക്ക വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാണ്.

സംശയം തോന്നുന്ന എല്ലാ പേജറുകളും വാക്കി ടോക്കികളും നശിപ്പിച്ച് കളയുകയാണ് ഇപ്പോൾ ഹിസ്ബുള്ള. സ്ഫോടനങ്ങൾക്ക് തിരിച്ചടിയായി ലബനൻ അതിർത്തിയിൽ ഇസ്രയേൽ സൈനിക ബാരക്കുകൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണവും നടത്തി. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു ടെക്നോളജി വാറിനാണ് ഇസ്രയേലും മൊസാദും തുടക്കമിട്ടിരിക്കുന്നത്. എവിടെ വെച്ചും ആക്രമണം നടക്കാമെന്ന ഭീതിയാണ് ഇത് പടർത്തുന്നത്. കൈകളിൽ വെച്ചോ, വീടുകളിൽ വെച്ചോ, ഓഫീസുകളിൽ വെച്ചോ, വലിയ ആൾക്കൂട്ടമുള്ളിടത്ത് വെച്ചോ സ്ഫോടനങ്ങൾ ഉണ്ടാകാമെന്ന അവസ്ഥ. ആയിരക്കണക്കിന് പേർക്ക് ഇപ്പോൾ നടന്ന സ്ഫോടനങ്ങളിൽ പരിക്കേറ്റിട്ടുമുണ്ട്.

ഇപ്പോഴുണ്ടായ ആക്രമണത്തിലൂടെ ഇസ്രായേൽ ഉദ്ദേശിക്കുന്നത് തങ്ങളുടെ സൈനിക ശേഷി പ്രകടിപ്പിക്കാനും, ഹിസ്ബുള്ളയടക്കം തങ്ങളെ എതിർക്കുന്ന മറ്റെല്ലാ സംഘടനകളെയും ഭയപ്പെടുത്താനുമാണ്. നിലവിലെ സംഘർഷങ്ങളിലും അമേരിക്കയുടെ പുറത്തുനിന്നുള്ള പിന്തുണ ഇസ്രായേലിനുണ്ട്. അമേരിക്കയിലെ പ്രസിഡൻഷ്യൽ ഡിബേറ്റിലും ഈ വിഷയം വലിയ ചർച്ചയായിരുന്നു. നിലവിലെ സ്ഥാനാർഥികളായ ഡോണൾഡ് ട്രംപും കമലാ ഹാരിസും ഇസ്രായേലിന് അനുകൂലിക്കുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുള്ളവരാണ്.

അന്റോണിയോ ഗുട്ടെറസ്
അന്റോണിയോ ഗുട്ടെറസ്

കമല ഹാരിസ് അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ടുവർഷത്തിനുള്ളിൽ ഇസ്രായേൽ ഇല്ലാതാകുമെന്ന ആരോപണം ട്രംപ് നടത്തിയിരുന്നു. എന്നാൽ, ട്രംപ് നുണ പറയുകയാണെന്നും താൻ ഇസ്രയേൽ വിരുദ്ധയല്ലെന്നുമായിരുന്നു കമലയുടെ മറുപടി. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തുനിന്ന് ഇസ്രയേലിനെ പിന്തുണയ്ക്കുക എന്നല്ലാതെ അമേരിക്ക വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാണ്.

അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ് ലെബനനിൽ നടന്നതെന്നാണ് വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിലെ വിദഗ്ദരുടെ പ്രതികരണം. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി അടിയന്തിര യോഗം ചേരുവാനിരിക്കുകയാണ്. “മനുഷ്യാവകാശത്തിന് നേരെയുള്ള കടുത്ത ആക്രമണമാണ് ലെബനനിൽ നടന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടക്കണം. ഐക്യരാഷ്ട്രസഭ സ്ഫോടനത്തിലെ ഇരകൾക്കൊപ്പം നിൽക്കുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. “സമാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനുള്ള സാധാരണക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാന് ലോകനേതാക്കള് തന്നെ മുന്നിട്ടിറങ്ങേണ്ട സമയമാണിത്. സാധാരണക്കാരുടെ സംരക്ഷണത്തിനായിരിക്കണം മുഖ്യപരിഗണന”- യു.എൻ ഹൈക്കമ്മീഷണർ വോക്കർ ടുര്‍ക്ക് പ്രതികരിച്ചു.

Comments