ഇസ്രായേൽ അനുകൂല നിലപാട് ; അറബി പ്രസാധകരും ഷാർജ ബുക്ക് ഫെയറും ഫ്രാങ്ക്ഫർട്ട് ബുക്ക്‌ഫെയർ ബഹിഷ്‌ക്കരിക്കുന്നു

“ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ സംഘാടകരുടെ അറിയിപ്പിനെത്തുടർന്ന് ഇക്കൊല്ലത്തെ പങ്കാളിത്തം ഞങ്ങൾ റദ്ദാക്കുന്നു,” എന്നാണ് ഷാർജ ബുക്ക്ഫെയർ അഥോറിറ്റി പറഞ്ഞത്. പുസ്തകവും സംസ്കാരവും ജനങ്ങൾ തമ്മിൽ സംവാദവും പരസ്പരധാരണയും വളർത്തണമെന്നാണ് ഞങ്ങൾ കരുതുന്നത്. മുമ്പെന്നത്തേക്കാളുമേറെ ഇത് ഇന്ന് പ്രധാനമാണെന്നു ഞങ്ങൾ കരുതുന്നു.

ഒക്ടോബർ പതിനെട്ടു മുതൽ ഇരുപത്തിരണ്ടു വരെയാണ് ഇക്കൊല്ലത്തെ ബുക്ക്ഫെയർ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെ പ്രദർശനനഗരിയിൽ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിതും പ്രധാനപ്പെട്ടതുമായ ഈ പുസ്തകമേള എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുകയാണ് ഇക്കൊല്ലം.

പലസ്തീനിലെ ഗാസ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് ജർമൻ സർക്കാർ അഭിപ്രായത്തിനൊപ്പമാണ് ബുക്ക്ഫെയർ അഥോറിറ്റി ഇങ്ങനെ ഒരു നിലപാട് എടുത്തത്. “ഇസ്രായേലിന് നേരെ ഹമാസ് നടത്തുന്ന കിരാതമായ യുദ്ധത്തെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾക്ക് ഞെട്ടലുണ്ടായി. ഞങ്ങളുടെ ചിന്തകൾ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഈ യുദ്ധത്താൽ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യരോടും ഒപ്പമാണ്. ഇസ്രായേലിനെതിരായ ഈ യുദ്ധം ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയറിൻറെ എല്ലാ മൂല്യങ്ങൾക്കുമെതിരെയാണ്. ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ എല്ലാകാലത്തും മനുഷ്യത്വത്തോടൊപ്പമാണ്. ജനാധിപത്യപരവും സമാധാനപൂർണവുമായ സംവാദത്തിനൊപ്പമാണ്. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തോടെ ഈ മനുഷ്യത്വം തകർക്കപ്പെട്ടിരിക്കുകയാണ്.” ബുക്ക്ഫെയർ ഡയറക്ടറായ ജൂർഗൻ ബൂസ് ഇന്നലെ പറഞ്ഞു. “ഇസ്രായേലിനെതിരായ യുദ്ധം, അതുണ്ടാക്കിയ വിഷമതകൾ, യാത്രാനിയന്ത്രണങ്ങൾ എന്നിവ പുസ്തകമേളയുടെ പരിപാടികളെ ബാധിച്ചിരിക്കുകയാണ്.” ബൂസ് കൂട്ടിച്ചേർത്തു. 

ജൂർഗൻ ബൂസ്

ഇസ്രായേലിൽ നിന്നുള്ള ഗായകരായ ലിറാസിൻറെയും റീതയുടെയും സംഗീതപരിപാടി റദ്ദാക്കേണ്ടി വന്നിരിക്കുന്നു. പക്ഷേ, ഭീകരത ഒരിക്കലും വിജയിക്കരുത്. അതിനാൽ ഇസ്രായേലി, ജൂതശബ്ദങ്ങൾ ഈ മേളയിൽ സവിശേഷമായി ദൃശ്യമാകണം എന്നു ഞങ്ങൾ കരുതുന്നു. ജർമനിയിലെ ജൂതസമുദായത്തിൻറെ ഒരു പ്രധാനപ്രതിനിധിയായ മെറോൺ മെൻഡലുമായി ഇസ്രായേലിനുനേരെ നടന്ന ആക്രമണം ഒരു പാനൽ ചർച്ചയിൽ അവതരിപ്പിക്കപ്പെടും. ടെൽ അവീവിലും ബെർലിനിലുമായി താമസിക്കുന്ന എഴുത്തുകാരി ലിസി ഡോറോൺ വരുന്ന ശനിയാഴ്ച ഇസ്രായേലിലെ സമകാലികസംഭവങ്ങളെ പരാമർശിക്കും. ഇവ കൂടാതെ ഇസ്രായേലി- ജൂതശബ്ദങ്ങൾക്കായി പുതിയ വേദികളൊരുക്കാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. പെൻ ബെർലിൻ ബുക്ക്ഫെയറുമായി ചേർന്ന് കൾച്ചറൽ ആൻഡ് പൊളിറ്റിക്കൽ സ്റ്റേജിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. മേള ആരംഭിക്കുന്നതിനുമുമ്പ് ഇത്തരം കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനാവുമെന്ന് ഞാൻ ആശിക്കുന്നു. ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ ഇസ്രായേലിനൊപ്പം പൂർണമായും ഐക്യപ്പെട്ടു നില്ക്കുന്നു.- ജൂർഗൻ ബൂസ് പറഞ്ഞു.

അതിവേഗത്തിലാണ് ഈ പ്രസ്താവനയോട് ലോകമെങ്ങും നിന്നുള്ള പ്രസാധകരുടെ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. “ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ സംഘാടകരുടെ അറിയിപ്പിനെത്തുടർന്ന് ഇക്കൊല്ലത്തെ പങ്കാളിത്തം ഞങ്ങൾ റദ്ദാക്കുന്നു,” എന്നാണ് ഷാർജ ബുക്ക്ഫെയർ അഥോറിറ്റി പറഞ്ഞത്. പുസ്തകവും സംസ്കാരവും ജനങ്ങൾ തമ്മിൽ സംവാദവും പരസ്പരധാരണയും വളർത്തണമെന്നാണ് ഞങ്ങൾ കരുതുന്നത്. മുമ്പെന്നത്തേക്കാളുമേറെ ഇത് ഇന്ന് പ്രധാനമാണെന്നു ഞങ്ങൾ കരുതുന്നു. – ഷാർജ ബുക്ക് അഥോറിറ്റി ഒരു അറിയിപ്പിൽ പറഞ്ഞു. എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും ഇതേ വാക്കുകളോടെ മേള ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു.

ഒട്ടേറെ പ്രസാധകരും എഴുത്തുകാരും പ്രതിഷേധവുമായി വന്നതോടെ പാലസ്തീനിയൻ ശബ്ദവും മേളയിൽ തീർച്ചയായും ഉണ്ടാവും എന്നും ഇത് ലിറ്റ്പ്രോം സംഘടിപ്പിക്കുന്ന ഒരു അവാർഡ് പരിപാടിയെക്കുറിച്ചാണെന്നും അല്ലാതെ ബുക്ക്ഫെയർ സംബന്ധിച്ച് അല്ല എന്നും വിശദീകരണവുമായി ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ അഥോറിട്ടി രംഗത്തു വന്നു. ലിറ്റ്പ്രോം ഈ പരിപാടി ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയറിൽ നടത്തണ്ട എന്നു തീരുമാനിച്ചതായി അവരുടെ വെബ്സൈറ്റിൽ അറിയിച്ചതായും ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ അഥോറിറ്റി വിശദീകരിച്ചു. പക്ഷേ, ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയറിൻറെ തീരുമാനത്തിൽ പ്രതിഷേധിക്കുന്നവർക്ക് ഈ വിശദീകരണം ബോധ്യപ്പെട്ടിട്ടില്ല.

ലിസി ഡോറോൺ

പാലസ്തീനിയൻ എഴുത്തുകാരിയായ അദാനിയ ഷിബ്ലി എഴുതിയ മൈനർ ഡീറ്റെയ്ൽ  എന്ന നോവലിന് ബുക്ക്ഫെയറിൽ വച്ച് നല്കാൻ എടുത്തിരുന്ന തീരുമാനം കുറച്ചുനാളായി ജർമനിയിൽ വിവാദം ഉയർത്തിയിരുന്നു. 1949ൽ ഒരു ഇസ്രായേലി സൈനികർ ഒരു ജൂതപ്പെൺകുട്ടിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചാണ് ഈ നോവൽ. ലിറ്റ്പ്രോം ആണ് ഈ പുരസ്കാരം ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയറിൽ വച്ച് നല്കും എന്നു പ്രഖ്യാപിച്ചിരുന്നത്. അവരാണ് റദ്ദാക്കിയതായി അറിയിച്ചതും. ഈ നോവലിൻറെ ജർമൻ പരിഭാഷ ബെറെൻബെർഗ് വെർലാഗ് 202ലാണ് പ്രസിദ്ധീകരിച്ചത്.  ഈ സമ്മാനത്തിൻറെ ജൂറി അംഗമായിരുന്ന ഉൾറിച്ച് നോളർ, അദാനിയ ഷിബ്ലിക്ക് ഈ പുരസ്കാരം നല്കുന്നതിൽ പ്രതിഷേധിച്ച് രാജിവച്ചതോടെയാണ് ജർമനിയിൽ വിവാദം ആരംഭിച്ചത്. ഈ പുരസ്കാരത്തിൻറെ പേരിൽ ആൻറിസെമറ്റിസം ആരോപിക്കപ്പെടും എന്ന് ജർമൻ സാംസ്കാരികസ്ഥാപനങ്ങൾ തർക്കം ഉയർത്തിയതോടെയാണ് വിവാദം ശക്തമായതും പുരസ്കാരം റദ്ദാക്കിയതും. ഇതിനെത്തുടർന്നാണ് ജൂർഗൻ ബൂസ് പ്രസ്താവനയുമായി വന്നത്. ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയറിന് പുറത്ത് ഉചിതമായ വേദിയിൽ ഈ പുരസ്കാരം നല്കും എന്നാണ് ലിറ്റ്പ്രോം പറയുന്നത്. 

യൂറോപ്യൻ പബ്ലിഷേഴ്സ് അസോസിയേഷൻ (എഫ്ഇപി) പ്രസിഡണ്ട് റിച്ചാർഡോ ഫ്രാങ്കോ ലെവി ഹമാസ് ആക്രമണത്തെ അപലപിച്ചു. ഇസ്രായേലി പ്രസാധകരോട് തങ്ങളുടെ ഐക്യദാർഢ്യം ഒരു കത്തിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തു.  അതേസമയം ഇൻറർനാഷണൽ പബ്ലിഷേഴ്സ് അസോസിയേഷൻ (ഐപിഎ) ജനറൽ സെക്രട്ടറി ഹോസെ ബൊർഗിനോ പറഞ്ഞു: "കൂടുതൽ കൊലപാതകങ്ങൾ, കൂടുതൽ നഷ്ടങ്ങൾ, ക്രൂരതകൾ ഓർക്കുന്ന മറ്റൊരു തലമുറ. ഈ ദീർഘകാല സംഘർഷങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ കഴിവില്ലായ്മ കാരണം മാനവികത ദരിദ്രമാണ്. ഈ മേഖലയിലെ എല്ലാ പ്രസാധകസഹപ്രവർത്തകരോടും ഈ ശത്രുതകൾ എത്രയും വേഗം അവസാനിപ്പിക്കുമെന്ന ആശ പങ്കുവയ്ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

യുദ്ധസാഹചര്യവും വിമാനങ്ങൾ റദ്ദാക്കലും കാരണം ഇസ്രായേലി പബ്ലിഷേഴ്സിന് മേളയിൽ പങ്കെടുക്കാനാവാത്ത സാഹചര്യമാണെന്നാണ് ബുക്ക് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് ഇസ്രായേൽ അധ്യക്ഷൻ ബെഞ്ചമിൻ ട്രിവാക്സ് പറഞ്ഞു.

ഇക്കൊല്ലത്തെ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെയർ ബഹിഷ്ക്കരിക്കണമെന്ന് മലേഷ്യയിലെ പ്രസാധകരും ആവശ്യം ഉയർത്തിയിട്ടുണ്ട്. പലസ്തീനിലെയും ഗാസയിലെയും കൂട്ടക്കൊലയിൽ മൌനമായിരിക്കരുതെന്ന് കെയ്റോ ആസ്ഥാനമായ അറബ് പബ്ലിഷേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു. 

ഉക്രെയിൻ യുദ്ധം കാരണം റഷ്യൻ പ്രസാധകരും ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നില്ല. സ്ലൊവാക്യ ആണ് ഈ മേളയിലെ അതിഥി രാജ്യം. ഇന്ത്യ പവലിയിനിൽ മുപ്പത്തഞ്ച് പ്രസാധകരുണ്ട്. 

2015ൽ സൽമാൻ റുഷ്ദി പങ്കെടുത്തു എന്ന പേരിൽ ഇറാൻ ഫ്രാങ്ക്ഫർട്ട് ബുക്ക്ഫെയർ ബഹിഷ്ക്കരിച്ചിരുന്നു. ഇക്കൊല്ലവും സൽമാൻ റുഷ്ദി പങ്കെടുക്കുന്നുണ്ട്. 

കോവിഡ് സാഹചര്യത്തിനുമുമ്പത്തെ പ്രതാപത്തിലേക്ക് തിരികെ എത്തിയില്ലെങ്കിലും മെച്ചപ്പെടും എന്നു കരുതിയിരുന്ന ഫ്രാങ്ക്ഫർട്ട് പുസ്തകമേളയുടെ എഴുപത്തഞ്ചാം പതിപ്പ് ആണ് യുദ്ധസാഹചര്യങ്ങളാൽ പ്രതിസന്ധിയിലാവുന്നത്. 

Comments