കരയുന്ന, കെട്ടിപ്പിടിക്കുന്ന, ഫേസ്ബുക്ക് ലൈവ് വരുന്ന പ്രധാനമന്ത്രി പടിയിറങ്ങുമ്പോൾ

ഒരു മനുഷ്യൻ ഏറ്റവും അവസാനം കൈവിട്ടുകളയാൻ ആഗ്രഹിക്കുന്ന ഒന്നാണ് അധികാരം, അതിനെ ഉപേക്ഷിച്ചു സ്വന്തം ബോധ്യങ്ങളോട് അങ്ങേയറ്റത്തെ സത്യസന്ധതയുമായി 42 മത്തെ വയസ്സിൽ പാർലമെന്റിൽ നിന്ന് പടിയിറങ്ങുന്ന മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേണിനെ കുറിച്ച്

ന്നത്തെ ദിവസത്തെ മനോഹരമാക്കുന്നത് ജസീന്തയുടെ പാർലമെന്റിലെ വിടവാങ്ങൽ പ്രസംഗമാണ്. 15 വർഷത്തെ പാർലമെന്ററി ജീവിതത്തിനും അഞ്ചുവർഷത്തെ പ്രധാനമന്ത്രി പദത്തിനും രാഷ്ട്രീയ ജീവിതത്തിനു തന്നെയും അടിവരയിട്ടുകൊണ്ടു നടത്തിയ 35 മിനിട്ടു പ്രസംഗം.

ഒരു നേതാവിനു എങ്ങനെയെല്ലാം സർവ്വസാധാരണമായിരിക്കാം എന്നുള്ളതിന്റെ സാക്ഷ്യം. അവസാനത്തെ15 മിനിറ്റ് ഹൃദയം കൊണ്ടല്ലാതെ കേൾക്കാൻ കഴിയില്ല. ഒരു നേതാവ് അസാധാരണമായ സിദ്ധികളുള്ള ഒരു അത്ഭുതജീവി അല്ലെന്നു സ്വന്തംജീവിതം കൊണ്ട് അടയാളപ്പെടുത്തിയതിന്റെ അനുഭവസാക്ഷ്യം.

ആകുലതകളുള്ള, ആശങ്കകളുള്ള, കരയുന്ന, കെട്ടിപ്പിടിക്കുന്ന, ഫേസ്ബുക്ക് ലൈവ് വരുന്ന, അമ്മയാവാൻ ആഗ്രഹിക്കുന്ന, അമ്മയാവാൻ കഴിയാത്തതിൽ ദുഃഖിക്കുന്ന, അതിനെ മറികടക്കാൻ തിരക്കുകളിലേക്കു നൂണ്ടുപോകുന്ന, ഐവിഎഫ് പരാജയപ്പെടുമ്പോൾ ഒരിക്കലും അമ്മയാവില്ലേ എന്നു സംശയം കൊള്ളുന്ന, 37 മത്തെ വയസ്സിൽ ഗർഭിണിയാണ് എന്നറിയുമ്പോൾ തുള്ളിച്ചാടുന്ന, ചുമതല മറ്റൊരാളെ ഏൽപ്പിച്ചു പ്രസവാവധി എടുക്കുന്ന, കുഞ്ഞിനു മുലകൊടുക്കാൻ പരിപാടികളുടെ സമയക്രമം മാറ്റുന്ന, കൈക്കുഞ്ഞുമായി ഐക്യരാഷ്ട്രസഭയുടെ അകത്തളത്തിലേക്കു കയറുന്ന; അത്ഭുതസിദ്ധികൾ യാതൊന്നുമില്ലാത്ത, ഒരു സാധാരണമനുഷ്യന്റെ സകല പരിമിതികളും പരാധീനതകളും ഉള്ള ഒരാൾ. ആ എനിക്കും ഇവിടെ എത്തിച്ചേരാൻ കഴിയും, എനിക്കും നയിക്കാൻ കഴിയും. അതിനെ ആവിഷ്‌കരിക്കുകയായിരുന്നു ഞാൻ.

മകളോടൊപ്പം യു.എൻ ജനറൽ അസംബ്ലിയിൽ ജസീന്ത

കെട്ടിപ്പിടിക്കാൻ പോകുന്ന പ്രധാനമന്ത്രി എന്ന വിമർശനം കേൾക്കുമ്പോൾ അത് നിയന്ത്രിക്കണോ എന്ന സംശയം വന്നു എന്നെ തടയുമായിരുന്നു; എന്നാൽ അതിനെയെല്ലാം തള്ളിമാറ്റി ആശ്ലേഷം എന്റെ കൈകളെ കവിഞ്ഞുകൊണ്ടിരുന്നു. എനിക്ക് ഞാൻ ആയിരിക്കാൻ അല്ലാതെ മറ്റൊന്നിനും സമയം ഉണ്ടായിരുന്നില്ല. അകലങ്ങൾ പാലിക്കുമ്പോൾ മാത്രമല്ല, പരമാവധി അടുത്തുനിൽക്കുമ്പോഴും നേതാവായിരിക്കാൻ കഴിയും. കല്ലുപോലെ കടുപ്പമായിരിക്കുമ്പോൾ മാത്രമല്ല, പഞ്ഞിപോലെ അയഞ്ഞിരിക്കുമ്പോഴും നയിക്കാൻ കഴിയും.

ഒരു മനുഷ്യൻ ഏറ്റവും അവസാനം കൈവിട്ടുകളയാൻ ആഗ്രഹിക്കുന്ന ഒന്നാണ് അധികാരം, അതിനെ ഉപേക്ഷിച്ചു സ്വന്തം ബോധ്യങ്ങളോട് അങ്ങേയറ്റത്തെ സത്യസന്ധതയുമായി 42 മത്തെ വയസ്സിൽ പടിയിറങ്ങുന്ന ഒരാൾക്ക് ഇങ്ങനെയല്ലാതെ എങ്ങനെയാണു അയാളെ ആവിഷ്‌ക്കരിക്കാൻ കഴിയുക.

ജസീന്തയുടെ വിടവാങ്ങൽ പ്രസംഗത്തിന്റെ പൂർണരൂപം

Comments