ബാഹ്യലോകവുമായുള്ള ഇടപെടലുകൾ താലിബാന്റെ കടുംപിടിത്തങ്ങളിൽ അയവ് വരുത്തുമോ? കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളും മതമൗലികവാദവും കാരണം ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു പ്രസ്ഥാനം ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരത്തിലേക്ക് എത്തുന്ന ഘട്ടത്തിൽ, ആഗോളതലത്തിലുള്ള സാമ്പത്തിക-നയതന്ത്ര സമ്മർദ്ദങ്ങളെ അതിജീവിക്കാൻ അതിന് സ്വയം നവീകരിക്കേണ്ടി വരില്ലേ? താലിബാൻ നേതാക്കളുടെ ഇന്ത്യാ സന്ദർശനം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ ഉയർന്ന് വരാവുന്ന ഒരു ചോദ്യമാണിത്.
അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിൽ, വനിതാ മാധ്യമപ്രവർത്തകരെ ആദ്യം മാറ്റിനിർത്താൻ ശ്രമിക്കുകയും, എന്നാൽ നയതന്ത്രപരമായ ചട്ടങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും സമ്മർദ്ദത്തിൽ അത് തിരുത്തി വനിതാ മാധ്യമ പ്രവർത്തകരുമായി സംസാരിക്കാൻ നിർബന്ധിതമാവുകയും ചെയ്ത സംഭവം ഈ ചോദ്യത്തിന് ഒരു പ്രാഥമിക ഉത്തരം നൽകുന്നുണ്ട്. 'താലിബാനിസം' എന്ന പിന്തിരിപ്പൻ ആശയത്തെ, 'പ്രായോഗിക രാഷ്ട്രീയം' എന്ന ലോകനിയമം മെല്ലെ തിരുത്തിയെഴുതാൻ തുടങ്ങിയിരിക്കുന്നു എന്ന് ന്യായമായും കരുതാം.
താലിബാന്റെ ഉദയം
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്റെ പിന്മാറ്റത്തിന് ശേഷമുള്ള അരാജകത്വത്തിൽ, പാകിസ്ഥാനിലെ മദ്രസകളിലെ വിദ്യാർത്ഥികളെ (ത്വലബ) കേന്ദ്രീകരിച്ചാണ് താലിബാൻ വളർന്നുവന്നത്. മുല്ല മുഹമ്മദ് ഉമർ ആയിരുന്നു സ്ഥാപക നേതാവ്. ഇന്ത്യയിൽ വളർന്ന് വികസിച്ച യാഥാസ്ഥിതിക ഇസ്ലാമിക വിഭാഗമായ ദിയോബന്ദി (Deobandi) ധാരയെയും, പഷ്തൂൺ ഗോത്ര നിയമമായ പഷ്തൂൺവാലിയെയും സമന്വയിപ്പിച്ചാണ് അവരുടെ പ്രത്യയശാസ്ത്രം രൂപപ്പെട്ടത്. ഇസ്‌ലാമിക ശരീഅത്ത് കണിശമായി നടപ്പാക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.
അക്ഷരവാദപരമായ കടുംപിടിത്തമാണ് സ്ത്രീ വിദ്യാഭ്യാസം നിഷേധിക്കൽ, പൊതുരംഗത്തെ സ്ത്രീകളുടെ വിലക്ക്, സംഗീതം, സിനിമ എന്നിവയുടെ നിരോധനം തുടങ്ങിയ നിലപാടുകളിലേക്ക് താലിബാനെ എത്തിച്ചത്. 'താലിബാനിസം' എന്നത് ഇന്ന് ലോകമെമ്പാടും പിന്തിരിപ്പൻ ആശയങ്ങൾക്കുള്ള ഒരു പര്യായമായി മാറിയിരിക്കുന്നു. എന്നാൽ കേവലം ഒരു മത വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയിൽ നിന്ന് ഒരു രാജ്യത്തിന്റെ ഭരണകൂടം എന്ന ഉത്തരവാദിത്തത്തിലേക്ക് മാറിയതോടെ, ലോകവുമായുള്ള ഇടപെടലുകൾക്ക് അവർ നിർബന്ധിതമാകുകയാണ്. ഈ സാഹചര്യമാണ് താലിബാന് എക്കാലവും 'താലിബാനിസത്തിൽ' തുടരാനാകുമോ എന്ന ചോദ്യം സാധ്യമാക്കുന്നത്.

പ്രായോഗിക രാഷ്ട്രീയവും ആശയപരമായ ശാഠ്യങ്ങളും
മതപരമായ വേരുകളുള്ള പ്രസ്ഥാനങ്ങൾ അധികാരത്തിൽ വന്നതിന് ശേഷം, ആഗോള-ആഭ്യന്തര സാഹചര്യങ്ങൾക്കനുരിച്ച് നിലപാടുകളിൽ മാറ്റം വരുത്തിയതിന് ചരിത്രപരമായ നിരവധി ഉദാഹരണങ്ങളുണ്ട്. ഈ പ്രസ്ഥാനങ്ങളെല്ലാം താലിബാൻ നേരിടുന്നതിന് സമാനമായ ഒരു സംഘർഷത്തിലൂടെ കടന്നുപോയിട്ടുണ്ട്. മതപരമായ ശാസനകളോ ആധുനിക ഭരണനിർവഹണമോ എന്ന സംഘർഷം അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
എണ്ണരാഷ്ട്രീയവും സാമൂഹിക വിപ്ലവവും
ലോകത്തെ ഏറ്റവും യാഥാസ്ഥിതിക രാജ്യമായിരുന്ന സൗദി അറേബ്യയെ തന്നെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ, ഭരണകൂട താൽപര്യങ്ങൾ മതപരമായ കാർക്കശ്യങ്ങൾ നേർപ്പിക്കുന്നത് എങ്ങനെ എന്ന് വ്യക്തമായി മനസ്സിലാക്കാം.
സൗദിയിൽ നിലനിന്നിരുന്ന യാഥാസ്ഥിതിക മതനേതൃത്വം സ്ത്രീകളെ ഡ്രൈവിംഗ്, ജോലി, പൊതു വിനോദങ്ങൾ എന്നിവയിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ എണ്ണയിൽ നിന്ന് മാത്രം വരുമാനം നേടുന്ന 'പെട്രോസ്റ്റേറ്റ്' എന്ന പ്രതിച്ഛായ മാറ്റി, വിദേശ നിക്ഷേപം ആകർഷിക്കാനായി 'വിഷൻ 2030' എന്ന പദ്ധതി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിക്കുന്നു. ഈ നയം മാറ്റത്തിലൂടെ നിർദ്ദിഷ്ട സാമ്പത്തികലക്ഷ്യങ്ങൾ കൈവരിക്കാൻ വേണ്ടി സമൂലമായ സാമൂഹ്യ മാറ്റങ്ങൾക്ക് സൗദി സാക്ഷ്യം വഹിക്കുകയായിരുന്നു. സൗദിയെ ആധുനികമായ ഒരു തുറന്ന സമൂഹമാക്കി മാറ്റിപ്പണിയുവാൻ അദ്ദേഹം ആരംഭിച്ചു. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയും തൊഴിൽ രംഗത്ത് അവരെ കൂടുതൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന നവീനമായ സമീപനത്തിന്ന് അദ്ദേഹം തുടക്കം കുറിച്ചു. മതപരമായ വിലക്കുകൾക്ക് നിയമപരമായ പിൻബലമില്ലെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചു തുടങ്ങിയത് അതിന്റെ ഭാഗമായാണ്. മുത്തവയുടെ (മത പോലീസ്) അധികാരം വെട്ടിക്കുറച്ചു. സൗദി നഗരങ്ങളിൽ സിനിമാശാലകളും സംഗീത കച്ചേരികളും തുറന്നു. യാഥാസ്ഥിതികതയെ മറികടക്കാൻ അധികാര കേന്ദ്രീകരണമാണ് മുഹമ്മദ് ബിൻ സൽമാൻ ഉപയോഗിച്ചത്. വിയോജിപ്പുള്ള മതപണ്ഡിതരെ നിശ്ശബ്ദരാക്കുകയും, ഭരണകൂടത്തിന് അനുകൂലമായ ദൈവശാസ്ത്രപരമായ ന്യായീകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. അഥവാ പ്രായോഗിക രാഷ്ട്രീയത്തിന്ന് വേണ്ടി മതപരമായ കടുംപിടിത്തങ്ങൾ ഉപേക്ഷിക്കാൻ സൗദി തയ്യാറാവുകയായിരുന്നു.
ഇറാൻ മറ്റൊരു ഉദാഹരണമാണ്. അന്താരാഷ്ട്ര ഒറ്റപ്പെടലിനെ നേരിടാൻ കാർക്കശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത അനുഭവം ഇറാന്റെ ചരിത്രത്തിൽ കാണാം.1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം കടുത്ത പുരോഹിത ഭരണം നിന്ന ഇറാനിൽ, അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്താൻ വേണ്ടി പ്രായോഗിക രാഷ്ട്രീയത്തിൽ ഊന്നിയുള്ള മാറ്റങ്ങൾ സ്വയം സ്വീകരിക്കുകയായിരുന്നു. തീവ്ര യാഥാസ്ഥിതികതയും കടുംപിടുത്തങ്ങളും ഇറാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുകയും അത് സാമ്പത്തിക ഉപരോധങ്ങൾക്ക് വഴി തുറക്കുകയും ചെയ്തിരുന്നു. അത് തിരിച്ചറിഞ്ഞ അവർ ഭൗമരാഷ്ട്രീയപരമായ നിലനിൽപ്പിനു വേണ്ടി സമീപനങ്ങളിൽ അഴിച്ചുപണി നടത്തി. മിതവാദപരമായ നയതന്ത്രത്തിലൂടെ സാമ്പത്തിക ഉപരോധങ്ങളെ അതിജീവിക്കാനും ആണവ പരിപാടികൾ സംബന്ധിച്ച് ലോകരാജ്യങ്ങളുമായി ഒരു ധാരണയിലെത്താനും അവർക്ക് സാധിച്ചു. പഴയകാല പക മറന്ന് സൗദി അടക്കമുള്ള അയൽരാജ്യങ്ങളുമായി അവർ ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചു. ഇതിനർത്ഥം മതപരമായ കാർക്കശ്യങ്ങൾ പൂർണമായും ഉപേക്ഷിച്ചു എന്നല്ല. മറിച്ച്, ദേശീയ താൽപ്പര്യം മുന്നിട്ട് വരുന്ന ഘട്ടങ്ങളിൽ മതപരമായ കടുംപിടിത്തങ്ങളിൽ അയവ് വരുത്താൻ അവർ തയ്യാറാകുന്നു എന്നാണ്.

ഇനി തുർക്കിയിലേക്ക് വന്നാലും സമാന അനുഭവം കാണാം. ഇസ്‌ലാമിക വേരുകളുള്ള എ.കെ.പി (AKP) പാർട്ടി ഭരിക്കുന്ന തുർക്കി, അധികാരത്തിൽ വന്ന ശേഷം യൂറോപ്യൻ യൂണിയൻ അംഗത്വം ലക്ഷ്യമിട്ട് നിരവധി മാറ്റങ്ങൾക്ക് വിധേയമാകുകയുണ്ടായി. എ.കെ.പിയുടെ വർധിച്ച മതാത്മകത യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. എന്നാൽ യൂറോപ്യൻ യൂണിയനിൽ ചേരുന്നത് തുർക്കിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള സ്ഥാനത്തിനും അത്യന്താപേക്ഷിതമായിരുന്നു. ഈ ഘട്ടത്തിൽ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിന്നും വേണ്ടി കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യാൻ എ.കെ.പി നിർബന്ധിതമായി. വലിയ തോതിലുള്ള ഉദാരവൽക്കരണ പരിഷ്കാരങ്ങൾ അവർ നടപ്പാക്കി. ഇസ്‌ലാമിക പാശ്ചാത്തലമുള്ള ഒരു പാർട്ടി, തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രഖ്യാപിത ആശയങ്ങളിൽ വെള്ളം ചേർത്തതിന്റെ ഉദാഹരണങ്ങളാണിത്.
ഇസ്‌ലാമിക ലോകത്ത് മാത്രമല്ല, ജൂത-ക്രൈസ്തവ ലോകത്തും ഈ പ്രക്രിയ നടന്നിട്ടുണ്ട്. ഇസ്രയേൽ ഉദാഹരണമായി എടുത്താൽ, ജൂത സ്വത്വത്തിൽ അധിഷ്ഠിതമായ ഒരു ആധുനിക രാജ്യമാണിത്. അതി-ഓർത്തഡോക്സ് (Haredi) വിഭാഗത്തിന്റെ കടുത്ത മതശാസനകൾ ഇവിടെ നിലനിൽക്കുന്നു. എന്നാൽ, രാജ്യത്തിന്റെ സുരക്ഷ, സാമ്പത്തിക വികസനം തുടങ്ങിയ കാര്യങ്ങളിൽ ഭരണകൂടം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. ഇസ്രയേലിൽ വിദ്യാർത്ഥികൾ നിർബന്ധിതമായി സൈനിക സേവനം ചെയ്യണം. എന്നാൽ സൈനിക സേവനത്തിൽ മത വിദ്യാർത്ഥികൾക്ക് ഇളവ് നൽകേണ്ടി വരുന്നത് മതപരമായ സ്വാധീനത്തിന് വഴങ്ങുന്നതിന്റെ ഉദാഹരണമായി പറയാം. ശാബ്ബത്ത് ദിനത്തിൽ സമ്പൂർണ്ണ അടച്ചിരിപ്പാണ് ജൂത നിയമം. അതേസമയം, ടെൽ അവീവ് പോലുള്ള നഗരങ്ങളിൽ ശാബ്ബത്തിൽ പൊതുഗതാഗതം അനുവദിക്കുന്നത് ആധുനികതയുമായുള്ള ഒത്തുതീർപ്പായി കരുതാം. ഇവിടെ പ്രായോഗിക ഒത്തുതീർപ്പ് ഒരു ഭരണതന്ത്രമായി ഉപയോഗിക്കുകയാണ് ഇസ്രയേലും.
ക്രിസ്തുമതത്തിന്ന് മേധാവിത്വമുള്ള രാജ്യങ്ങളും ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാം. കത്തോലിക്കാ സഭയുടെ പരമാധികാര ഭരണകൂടമായ വത്തിക്കാൻ പോലും, ആഗോള സമൂഹവുമായി ഇടപെടാൻ നിർബന്ധിതരായിട്ടുണ്ട്. പോപ്പ് ഫ്രാൻസിസ് സാമ്പത്തിക സുതാര്യത ഉറപ്പാക്കാനായി വത്തിക്കാൻ ബാങ്കിൽ (IOR) അന്താരാഷ്ട്ര നിലവാരത്തിലുള്ള കർശനമായ പരിഷ്കാരങ്ങൾ നടപ്പാക്കിയത് ഓർമ്മിക്കുക. മാത്രമല്ല, പുരോഹിതർക്കെതിരായ ലൈംഗിക പീഡനക്കേസുകൾ മൂടിവെക്കുന്ന രീതി അവസാനിപ്പിക്കാൻ ആഗോള സമ്മർദ്ദം അവരെ നിർബന്ധിതരാക്കി. അന്താരാഷ്ട്ര അംഗീകാരം നിലനിർത്താൻ ദൈവശാസ്ത്രപരമായ നിലപാടുകൾ പോലും ചോദ്യം ചെയ്യപ്പെടുന്ന പരിഷ്കാരങ്ങൾക്ക് വത്തിക്കാൻ വഴങ്ങേണ്ടി വന്നു എന്നതാണു ചരിത്രം.
താലിബാനിൽ മിതവാദികൾ ഉദയം കൊള്ളുമോ?
ഈ ചരിത്രപരമായ ഉദാഹരണങ്ങൾ താലിബാന്റെ കാര്യത്തിൽ ഒരു സുപ്രധാന വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. യാഥാസ്ഥിതിക നിലപാടുകളും കാർക്കശ്യങ്ങളും ഒരു രാഷ്ട്രത്തിന്റെ അധികാര താൽപര്യങ്ങളുമായി ഒത്തുപോകില്ല. നീണ്ട യുദ്ധങ്ങളും ആഭ്യന്തര ശൈഥില്യങ്ങളും തരിപ്പണമാക്കിയ അഫ്ഗാന് അന്താരാഷ്ട്ര ധനസഹായം, വ്യാപാരബന്ധങ്ങൾ, വിദേശ നിക്ഷേപം എന്നിവ അനിവാര്യമാണ്. അവ ലഭ്യമാകാതെ അവർക്ക് മുന്നോട്ട് പോകാനാകില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ സഹായം നൽകണമെങ്കിൽ സ്ത്രീകളുടെ അവകാശങ്ങൾ ഒരു പ്രധാന ഉപാധിയായി മുന്നോട്ട് വെക്കുന്നുണ്ട്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുമ്പോൾ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ അടിസ്ഥാന ചട്ടങ്ങൾ പാലിക്കാൻ താലിബാൻ നിർബന്ധിതരാകും. വനിതാ മാധ്യമപ്രവർത്തകരുമായി സംസാരിക്കേണ്ടി വന്ന സംഭവം ഇതിന്റെ ആദ്യ സൂചനയായി കാണാം. രാജ്യത്തെ പട്ടിണി, ദാരിദ്ര്യം, വികസനപരമായ ആവശ്യങ്ങൾ എന്നിവയെ അഭിമുഖീകരിക്കാൻ ആധുനിക വിദ്യാഭ്യാസവും സാങ്കേതികവിദ്യയും ആവശ്യമാണ്. പ്രാകൃത ഗോത്രനിയമങ്ങളും മതാന്ധതയും കൊണ്ട് ഒരു രാഷ്ട്രത്തെ നയിക്കാൻ സാധിക്കില്ലെന്ന് അവർക്ക് അംഗീകരിക്കേണ്ടി വരും.

ഈ സമ്മർദ്ദങ്ങൾ താലിബാൻ നേതാക്കളിലെ 'പ്രായോഗികവാദി' വിഭാഗത്തിന് ശക്തി പകർന്നേക്കാം. താലിബാന്റെ സ്ഥാപക നേതാക്കളിൽ പോലും രാഷ്ട്രീയ അതിജീവനത്തിനായി കൂടുതൽ അയവുള്ള നയങ്ങൾ സ്വീകരിക്കണമെന്ന് വാദിക്കുന്നവർ ഉയർന്നുവന്നേക്കാം. ഇത് പൂർണ്ണമായ ഒരു പരിവർത്തനമായിരിക്കില്ല, മറിച്ച് മാറ്റത്തിലേക്കുള്ള യാത്രയുടെ പ്രാരംഭമായിരിക്കും. അതായത്, സാമ്പത്തിക നേട്ടങ്ങൾക്കായി സ്ത്രീ വിദ്യാഭ്യാസത്തിൽ ചെറിയ ഇളവുകൾ നൽകുക, അന്താരാഷ്ട്ര വേദികളിൽ പങ്കെടുക്കുമ്പോൾ കടുംപിടിത്തം ഒഴിവാക്കുക തുടങ്ങിയ പ്രായോഗിക സമീപനങ്ങൾ എത്രയും പെട്ടെന്ന് അവർ സ്വീകരിച്ചേക്കാം. സൗദി അറേബ്യയുടെയും ഇറാന്റെയും വഴി താലിബാൻ നിയന്ത്രിത അഫ്ഗാനും പിന്തുടരാനാണ് സാധ്യത. ആധുനിക ലോകത്തിന്റെ സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദ്ദങ്ങളെ അവഗണിച്ച് ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാവില്ല. രാഷ്ട്രീയമായ അതിജീവനവും സാമ്പത്തികമായ നിർബന്ധങ്ങളും മതപരമായ കടുംപിടിത്തങ്ങളെ ദുർബലപ്പെടുത്തും.
താലിബാന്റെ ഇന്ത്യാ സന്ദർശനം പോലുള്ള നയതന്ത്ര ഇടപെടലുകളും അന്താരാഷ്ട്ര സമൂഹവുമായുള്ള ബന്ധങ്ങളും താലിബാൻ എന്ന പ്രസ്ഥാനത്തിനുള്ളിൽ ഒരു 'മിതവാദ ധാര' രൂപപ്പെടുന്നതിനുള്ള ചുവടുവെയ്പ്പാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്വാധീനം, താലിബാനിസത്തിന്റെ കാർക്കശ്യങ്ങളിൽ വിദൂരമല്ലാത്ത ഭാവിയിൽ ഗണ്യമായ അയവ് വരുത്താൻ സാധ്യതയുണ്ടെന്ന് ചരിത്രപരമായ തെളിവുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
