ജീവന് ഭീഷണിയുമായി യുദ്ധമേഖലയിൽ
കുടുങ്ങിക്കിടക്കുന്നു,
40,000-ലേറെ
കപ്പൽ ജീവനക്കാർ

“പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, അറബിക്കടൽ എന്നീ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 3,000–3,200 കപ്പലുകളും അവയിലുള്ള 40,000-ത്തിലധികം ജീവനക്കാരും ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ്. തുറമുഖങ്ങൾ യുദ്ധത്തിന്റെ ഭാഗമായി അടച്ചിടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതോടെ ഇവരുടെ ജീവൻ ഭീഷണിയിലാണ്. ട്രംപിന്റെ പഞ്ചദിന 'വെടിനിർത്തൽ' തന്ത്രപരമായ മറ്റൊരു ചുവടുവെയ്പാണെങ്കിൽ കാര്യങ്ങൾ വീണ്ടും മാറിമറിയും”- കെ.എം. സീതി എഴുതുന്നു.

റാൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ഗൾഫ്മേഖലയിലെ സ്ഥിതിഗതികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനവും ഇറാന്റെ പ്രതികരണവും ആശങ്കകൾ വർധിപ്പിച്ചിരുന്നു. അതിനിടയിലാണ് ട്രംപ് അഞ്ചുദിവസത്തെ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനുമായുള്ള ചർച്ച 'പുരോഗമിക്കുക'യാണെന്നും ഇതിനിടയിൽ ചിലപ്പോൾ കരാറുകൾ ഉണ്ടായേക്കാമെന്നും ട്രംപ് സൂചന നൽകുന്നുണ്ട്. പക്ഷെ ഇറാൻ ഇത് മുഖവിലയ്ക്കെടുക്കാൻ സാധ്യതയുണ്ടോ എന്നറിയില്ല.

ചർച്ചകൾക്കിടയിലാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്. ഇറാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. അവർക്കു അന്ന് നഷ്ടപെട്ടത് അവരുടെ പരമോന്നത നേതാക്കളും വലിയൊരു ഭരണവൃന്ദവുമാണ്. രക്തസാക്ഷിത്വം രാഷ്ട്രീയപ്രവർത്തനമായി കൊണ്ടുനടക്കുന്ന ഭരണകൂടത്തിന് ഇത് വലിയ വെല്ലുവിളിയാണ്.

ഇതിനിടയിലാണ് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി രൂക്ഷമാകുന്നത്. ഇത് കേവലമൊരു സുരക്ഷാപ്രശ്നത്തിനപ്പുറം രാജ്യാന്തരരംഗം നേരിടുന്ന വലിയൊരു മാനുഷിക- സാമ്പത്തിക ദുരന്തമായി മാറിയിരിക്കുന്നു. മേഖലയിൽ തുടരുന്ന ശക്തമായ സൈനികനീക്കങ്ങൾ കാരണം പേർഷ്യൻ ഗൾഫും ഹോർമുസ് കടലിടുക്കും പൂർണ്ണമായും അപകടമേഖലകളായി മാറി. മിസൈൽ- ഡ്രോൺ ആക്രമണങ്ങൾ പതിവായതോടെ ചരക്ക് നീക്കം ഏതാണ്ട് നിലച്ച മട്ടാണ്. ശത്രുരാജ്യങ്ങൾക്കു മാത്രമേ വിലക്കുള്ളുവെന്ന് ഇറാൻ പറയുന്നുണ്ടെങ്കിലും ഇൻഷുറൻസ് പരിരക്ഷയുടെ പരിമിതികൾ കണ്ടറിഞ്ഞ് കപ്പലുകൾ മുന്നോട്ടുപോകാൻ മടിക്കുന്നു.

ഇറാൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ഗൾഫ്മേഖലയിലെ സ്ഥിതിഗതികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനവും ഇറാന്റെ പ്രതികരണവും ആശങ്കകൾ വർധിപ്പിച്ചിരുന്നു. അതിനിടയിലാണ് ട്രംപ് അഞ്ചുദിവസത്തെ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ഗൾഫ്മേഖലയിലെ സ്ഥിതിഗതികൾ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനവും ഇറാന്റെ പ്രതികരണവും ആശങ്കകൾ വർധിപ്പിച്ചിരുന്നു. അതിനിടയിലാണ് ട്രംപ് അഞ്ചുദിവസത്തെ 'വെടിനിർത്തൽ' പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, യുദ്ധംകാരണം കടലിൽ കുടുങ്ങിയ പതിനായിരക്കണക്കിന് കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സാധാരണഗതിയിൽ ഒരു മാസത്തെ കരുതൽ ഭക്ഷണസാധനങ്ങൾ കരുതുമെങ്കിലും കപ്പൽ ജീവനക്കാർ ഇപ്പോൾ വലിയ ആശങ്കയിലാണ്. ഇനിയും ദിവസങ്ങൾ നീണ്ടുപോയാൽ കാര്യങ്ങൾ മാറും. തുറമുഖങ്ങൾ യുദ്ധത്തിന്റെ ഭാഗമായി അടച്ചിടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തതോടെ ഇവരുടെ ജീവൻ വലിയ ഭീഷണിയിലാണ്.

അന്താരാഷ്ട്രവ്യാപാരത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന കപ്പൽ ജീവനക്കാരാണ് (Seafarers) ഈ പ്രതിസന്ധിയിൽ ഏറ്റവും കഷ്ടപ്പെടുന്നത്. പലപ്പോഴും അവർ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകുന്നു.

പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, അറബിക്കടൽ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ഏകദേശം 3,000–3,200 കപ്പലുകളും അവയിലുള്ള 40,000-ത്തിലധികം ജീവനക്കാരും ഇപ്പോൾ ഈ കടൽ മേഖലകളിൽ കുടുങ്ങിക്കിടക്കുകയോ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലോ ആണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാനമായ കപ്പൽപ്പാതകളാണിവ. പ്രത്യേകിച്ച് ഇന്ധന വിതരണത്തിന് ഈ പാതകൾ അത്യന്താപേക്ഷിതമാണ്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങൾ ഇന്ധനവിപണിയെ മാത്രമല്ല, ഭക്ഷണസാധനങ്ങളുടെ ലഭ്യതയെയും വ്യവസായങ്ങളെയും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്നു.

കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ കുടിവെള്ളം, ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വെള്ളത്തിനും മറ്റുമായി പല കപ്പലുകളും തുറമുഖങ്ങളിൽ അടുക്കാൻ അനുമതി തേടുന്നുണ്ടെങ്കിലും, കർശനമായ നിയന്ത്രണങ്ങൾ കാരണം എല്ലാ കപ്പലുകളെയും സ്വീകരിക്കാൻ തുറമുഖങ്ങൾക്ക് കഴിയുന്നില്ല.

കപ്പൽ ജീവനക്കാരെ മാറ്റുന്ന നടപടികൾ (Crew changes) നിർത്തിവെച്ചത് പ്രതിസന്ധി വർധിപ്പിച്ചു. ആഴ്ചകൾക്കുമുൻപ് ജോലി കഴിഞ്ഞ് മടങ്ങേണ്ടവർ ഇപ്പോഴും കപ്പലുകളിൽ തന്നെ തുടരാൻ നിർബന്ധിതരാകുന്നു. അമിതമായ ജോലിഭാരവും അനിശ്ചിതത്വവും കാരണം ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലും ശാരീരിക തളർച്ചയിലുമാണ്.

അതേസമയം, യുദ്ധംകാരണം കടലിൽ കുടുങ്ങിയ പതിനായിരക്കണക്കിന് കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.
അതേസമയം, യുദ്ധംകാരണം കടലിൽ കുടുങ്ങിയ പതിനായിരക്കണക്കിന് കപ്പൽ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

സുരക്ഷാഭീഷണിയും
ജീവനക്കാരുടെ ദുരിതവും

കപ്പൽ ജീവനക്കാർ നേരിടുന്ന ശാരീരിക- മാനസിക വെല്ലുവിളികൾ അതീവ ഗുരുതരമാണ്. 2026 മാർച്ച് തുടക്കം മുതൽ ഈ മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇരുപതിലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പുറമെ ജി.പി.എസ് (GPS) തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഇലക്ട്രോണിക് ഇടപെടലുകളും നടക്കുന്നു. ഇത്തരം ആക്രമണങ്ങളിൽ ഇതിനകം തന്നെ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഈ കടൽപ്പാതയിലൂടെയുള്ള ഓരോ യാത്രയും ഇപ്പോൾ വലിയ അപകടസാധ്യത നിറഞ്ഞതാണ്. എപ്പോൾ, എവിടെനിന്ന് ആക്രമണം ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണിന്നുള്ളതെന്നു ഒരു കപ്പൽ ജീവനക്കാരൻ അയച്ച സന്ദേശത്തിൽ പറയുന്നു. കൃത്യമായ സുരക്ഷയോ ആശ്വാസമോ ഇല്ലാതെ, എപ്പോൾ വേണമെങ്കിലും ലക്ഷ്യം വയ്ക്കപ്പെട്ടേക്കാം എന്ന ഭീതിയിൽ ജോലി ചെയ്യുന്നത് ജീവനക്കാരിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള സംഘടനകളുടെ മുന്നറിയിപ്പുകൾ

നിലവിലെ സാഹചര്യം കടലിലെ മനുഷ്യജീവനുകൾക്ക് "അതീവ ഗുരുതരമായ അപകടമാണ്" എന്ന് അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) മുന്നറിയിപ്പ് നൽകുന്നു. കപ്പൽ ജീവനക്കാർ സാധാരണക്കാരായ തൊഴിലാളികളാണെന്നും ഭൗമരാഷ്ട്രീയ തർക്കങ്ങളുടെ ഇരകളായി അവരെ മാറ്റരുതെന്നും തൊഴിൽ സംഘടനകളും ഷിപ്പിംഗ് ഏജൻസികളും വ്യക്തമാക്കുന്നു.

ആഗോള വ്യാപാരത്തിന്റെ 80 ശതമാനത്തിലധികം നടക്കുന്നത് സമുദ്രമാർഗ്ഗമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു മേഖലയെ താങ്ങിനിർത്തുന്നവരാണ് ഈ ജീവനക്കാർ. അന്താരാഷ്ട്രതലത്തിൽ ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും, പ്രതിസന്ധി ഘട്ടങ്ങളിൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പലപ്പോഴും അർഹമായ പരിഗണന ലഭിക്കുന്നില്ലന്നു അവർ പരാതിപ്പെടുന്നു.

കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നു ജീവനക്കാർ ആവശ്യപ്പെടുന്നു. ദീർഘകാലമായി ജോലി ചെയ്യുന്ന ജീവനക്കാരെ മാറ്റി പുതിയവർക്ക് ചുമതല നൽകാനുള്ള സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നും അവർ പറയുന്നു. കപ്പലുകൾക്ക് അപകടമേഖലകളിൽനിന്ന് പുറത്തുകടക്കാൻ പ്രത്യേക 'സുരക്ഷിത സമുദ്ര ഇടനാഴികൾ' (Protected Maritime Corridors) സ്ഥാപിക്കണമെന്നു രാജ്യാന്തര കപ്പൽ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നു. സമുദ്ര ഏജൻസികൾക്കൊപ്പം രാഷ്ട്രീയ- സൈനിക നേതൃത്വങ്ങളും ഒത്തുചേർന്നാൽ മാത്രമേ സുരക്ഷിത യാത്ര ഉറപ്പാക്കാൻ കഴിയൂ എന്ന് അവർ ഓർമിപ്പിക്കുന്നു.

ലോക വിപണിയിൽ വ്യാപാരം തുടരുന്നു, വിലകൾ മാറുന്നു, കമ്പോളങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നു. എന്നാൽ ഈ വ്യവസ്ഥിതിയെ താങ്ങിനിർത്തുന്ന 'മനുഷ്യവിഭവശേഷി' അങ്ങേയറ്റം അപകടാവസ്ഥയിലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആഗോളവ്യാപാരത്തിന്റെ കാര്യത്തിൽ കപ്പൽ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. എന്നാൽ മറ്റ് അവശ്യസേവനമേഖലകളിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന സുരക്ഷയോ പരിഗണനയോ ഇവർക്ക് ലഭിക്കുന്നില്ല. പലപ്പോഴും ഇവർ ലോകത്തിന്റെ കണ്ണിൽപ്പെടാതെ പോകുന്നു. കാര്യങ്ങൾ സാധാരണ നിലയിലായിരിക്കുമ്പോൾ ഈ ജീവനക്കാരുടെ സാന്നിധ്യം ആഗോള വ്യാപാരത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നു. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ, ഈ മേഖലയിലെ ധാർമ്മികവും നിയമപരവുമായ വലിയ പോരായ്മകൾ ജീവനക്കാരെ സഹായിക്കുന്നില്ല.

ആഗോളവ്യാപാരത്തിന്റെ കാര്യത്തിൽ കപ്പൽ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. എന്നാൽ മറ്റ് അവശ്യസേവനമേഖലകളിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന സുരക്ഷയോ പരിഗണനയോ ഇവർക്ക് ലഭിക്കുന്നില്ല.
ആഗോളവ്യാപാരത്തിന്റെ കാര്യത്തിൽ കപ്പൽ ജീവനക്കാർക്ക് വലിയ പങ്കുണ്ട്. എന്നാൽ മറ്റ് അവശ്യസേവനമേഖലകളിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന സുരക്ഷയോ പരിഗണനയോ ഇവർക്ക് ലഭിക്കുന്നില്ല.

ഇന്ത്യയുടെ ആശങ്ക

ഈ പ്രതിസന്ധി ഇന്ത്യയെ സംബന്ധിച്ച് അതീവ നിർണ്ണായകമാണ്. ലോകമെമ്പാടുമുള്ള കപ്പൽ ജീവനക്കാരിൽ വലിയൊരു വിഭാഗം ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ലോകമെമ്പാടുമായി ഏകദേശം 3,20,000 സജീവ കപ്പൽ ജീവനക്കാർ ഇന്ത്യയ്ക്കുണ്ട്. ഫിലിപ്പീൻസിനും ചൈനയ്ക്കും പിന്നിലായി കപ്പൽ ജീവനക്കാരെ നൽകുന്ന ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയുടെ ഈ മൊത്തം നാവികരിൽ 25,000–30,000 പേർ മാത്രമാണ് ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ജോലി ചെയ്യുന്നത്. ബാക്കി ബഹുഭൂരിപക്ഷവും - ഏകദേശം 2,90,000–2,95,000 പേർ- വിദേശ പതാകയുള്ള (ഉദാഹരണത്തിന് പനാമ, ലൈബീരിയ) കപ്പലുകളിലാണ് ജോലി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കിടയിലും 611 ഇന്ത്യൻ ജീവനക്കാരുള്ള 22 ഇന്ത്യൻ കപ്പലുകൾ മാത്രമാണ് അവിടെയുള്ളത്. ബാക്കിയുള്ളവർ വിദേശ കപ്പലുകളിലാണ്. ആഭ്യന്തര കപ്പലുകളിൽ ഇന്ത്യൻ പൗരന്മാർക്ക് മുൻഗണന നൽകണമെന്നാണ് നിയമമെങ്കിലും, ഉയർന്ന ശമ്പളം ലഭിക്കുന്ന വിദേശ കപ്പലുകളിലേക്കാണ് സാമ്പത്തിക കാരണങ്ങളാൽ ഭൂരിഭാഗം പേരും ആകർഷിക്കപ്പെടുന്നത്.

കപ്പൽ ജീവനക്കാരുടെ സുരക്ഷ മാത്രമല്ല ഇവിടെ പ്രശ്നം. അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെയും വിവിധ വിഭാഗങ്ങളുടെയും സാമ്പത്തിക നിലനിൽപ്പിനെക്കൂടി ഇത് ബാധിക്കുന്നു. അതുകൊണ്ട്തന്നെ ഗൾഫ്മേഖലയിലെ പ്രതിസന്ധി അവരുടെ അതിജീവനത്തെ നേരിട്ട് ബാധിക്കുന്നു. ട്രംപിന്റെ പഞ്ചദിന 'വെടിനിർത്തൽ' ഒരു തന്ത്രപരമായ മറ്റൊരു ചുവടുവെയ്പാണെങ്കിൽ കാര്യങ്ങൾ വീണ്ടും മാറിമറിയും.


Summary: Ship crew trapped in war zone worldwide during Iran Israel US War, KM Seethi writes on the context of Strait of Hormuz.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments