താലിബാനോട് കേരളത്തിൽ അനുഭാവ മനോഭാവം വെച്ച് പുലർത്തുന്നവർ മനുഷ്യത്വവിരോധികളാണെന്നേ കരുതാനാവൂ എന്ന് എഴുത്തുകാരി സിദ്ദിഹ. താലിബാന്റെ നയങ്ങൾ ഏതു വിധേനയും ഇസ്ലാമികല്ല എന്ന് നിസ്സംശയം പറയട്ടെ, അഫ്ഘാൻ സ്ത്രീകൾ നേരിടുന്ന സംഘർഷങ്ങൾ മനുഷ്യത്വവിരുദ്ധമാണ്- ട്രൂ കോപ്പി വെബ്‌സീനിൽ അവർ എഴുതുന്നു.
ഫിഖ്ഹ് എന്നറിയപ്പെടുന്ന ഷരിഅ അടിസ്ഥാനമാക്കി കൈക്കൊള്ളുന്ന നിയമങ്ങൾ പല ഇസ്ലാമിക രാജ്യങ്ങളിലും വ്യത്യാസപ്പെടുന്നതായി കാണാം. ഇത് വ്യക്തി ജീവിതത്തിൽ ഇടപെടുന്നതോ സമൂഹത്തിൽ ഇടപെടുന്നതോ ആവാം. ‘സിയാസ്സ' എന്നത് ഒരു സമൂഹത്തിൽ/ഭരണക്രമത്തിൽ ഇടപെടുന്ന തരം ഫിഖ്ഹ്കളാണ്. അർത്ഥം വ്യക്തമാക്കുന്നതുപോലെ അതാതു രാജ്യങ്ങളിലെ നിയമനിർമാതാക്കൾക്കനുസരിച്ച് സമൂഹഘടനക്ക് അനുയോജ്യമായ വിധത്തിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ഇവ ഇസ്ലാമിനെതിരായിട്ടുള്ളതുമായിരിക്കില്ല.
മുസ്ലിംകൾ മാത്രമുള്ള മക്കയിലെയും ജൂതന്മാർ കൂടുതലായുണ്ടായിരുന്ന മദീനയിലെയും നബി ഭരണം വ്യത്യസ്തമായിരുന്നു. ഗോത്രകലാപങ്ങൾക്ക് മധ്യസ്ഥത വഹിച്ച് ജൂത- മുസ്ലിം സമാധാന ഉടമ്പടിയുണ്ടാക്കിയ നബിയെ മദീനയിൽ കാണാം.
ഫിഖ്ഹ് രൂപപ്പെടുന്നതിൽ പിൽക്കാലങ്ങളിൽ ആണധികാര വ്യവസ്ഥിതിക്കുമാത്രമാണ് പങ്കുണ്ടായിരുന്നത്. കുതിരയിലും ഒട്ടകത്തിലും പടനയിച്ച സ്ത്രീകളിലൊരാൾ നബിയുടെ പത്നി കൂടിയാണ്. എന്നിരിക്കെ വാഹനമോടിക്കുന്നതിനുള്ള അനുമതി ഈയടുത്ത കാലം വരെ സൗദിയിൽ സ്ത്രീകൾക്ക് നിരോധിക്കപ്പെട്ടിരുന്നു.
നടുറോട്ടിലിട്ടു തല്ലിക്കൊല്ലാനും പെൺപള്ളിക്കൂടങ്ങൾ ബോംബിട്ട് തകർക്കാനുമാണ് ഇസ്‌ലാം പറയുന്നതെന്ന് വരുത്തിത്തീർക്കുന്ന കിരാതന്മാർക്ക് കൊടുക്കേണ്ടത് ഭരണകൂടമല്ല, ഭ്രാന്താലയങ്ങളാണ്. ലോകത്തെമ്പാടുമുള്ള സമാധാനം കാംക്ഷിക്കുന്ന വലിയ വിഭാഗം മുസ്ലിം സമുദായത്തെ നിർദ്ദാക്ഷിണ്യം ഒറ്റുകൊടുക്കുകയാണ് താലിബാനും അവരെ അനുകൂലിക്കുന്നവരും ചെയ്യുന്നത്.
പർദ്ദയിടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതിലൂടെ രാജ്യങ്ങൾ കൂടുതൽ ഇസ്ലാമികമാകുന്നു എന്നാണ് മുസ്ലിംകൾ മനസിലാക്കേണ്ടത്. താലിബാന് കേരളത്തിൽ അനുഭാവ മനോഭാവം വെച്ച് പുലർത്തുന്നവർ മനുഷ്യത്വവിരോധികളാണെന്നേ കരുതാനാവൂ- സിദ്ദിഹ എഴുതുന്നു.