വംശീയതയിൽ തൊടാൻ ധൈര്യമുണ്ടോ ബൈഡനും കമലയ്ക്കും?

യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നോമിനികളായ ജോ ബൈഡനും, കമല ഹാരിസും പൊലീസിനോടും ക്രിമിനൽ നീതിന്യായ വ്യവസ്ഥയോടും പാലിക്കുന്ന മൃദുസമീപനം റാഡിക്കൽ ലെഫ്റ്റ് കൂട്ടായ്മകളിലും മുന്നേറ്റങ്ങളിലും വിമർശന വിധേയമായിരുന്നു. ജോ ബൈഡൻ അടുത്ത പ്രസിഡൻറാകുമെന്ന സൂചനകൾക്കിടെ വംശീയാതിക്രമങ്ങൾക്കെതിരായ ഭരണകൂട നിലപാട്​ പരിശോധിക്കുകയാണ്​ യു.എസിൽനിന്ന് ശിൽപ സതീഷ്

‘‘അവരെന്റെ മകനെ വെടിവെച്ചു... ഏഴു തവണ... ഏഴു തവണ.. ഏഴു തവണ... അവന്റെ ജീവിതത്തിന് ഒരു വിലയും ഇല്ലേ? ഉണ്ട്, എന്റെ മകന്റെ ജീവന് വിലയുണ്ട്...അവനൊരു മനുഷ്യനാണ്.. അവന്റെ ജീവന് വിലയുണ്ട്..''
വിസ്‌കോൻസിനിലെ കെനോഷാ എന്ന നഗരത്തിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ജേക്കബ് ബ്ലേക് ജൂനിയറിന്റെ അച്ഛൻ വിങ്ങലോടെ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ. രണ്ടു വ്യക്തികൾ തമ്മിലുളള തർക്കം പരിഹരിക്കാൻ ശ്രമിച്ച ജേക്കബിനുനേരെ സംഭവ സ്ഥലത്തെത്തിയ കെനോഷാ പൊലീസ് ഉദ്യോഗസ്ഥനായ റസ്റ്റെൻ ഷെസ്‌കി വെടിവെക്കുകയായിരുന്നു. ജേക്കബ് ബ്ലേക് എന്ന 29 കാരൻ, കാറിൽ ഇരിക്കുകയായിരുന്ന തന്റെ മൂന്നു മക്കളുടെ കൺമുന്നിൽ വെടിയേറ്റുവീണു. സുഷുമ്‌നാനാഡിക്ക് ഗുരുതര പരിക്കേറ്റ്, അരക്കുകീഴെ തളർന്ന ജേക്കബിനെ കൈ വിലങ്ങണിയിച്ചാണ് ആശുപത്രിയിൽ കിടത്തിയിരിക്കുന്നത് എന്നും അച്ഛൻ പറഞ്ഞു.

ജേക്കബ്​ ബ്ലേകിനെ വെടിവെച്ച സംഭവത്തിനെതിരെ നടന്ന പ്രതിഷേധം
ജേക്കബ്​ ബ്ലേകിനെ വെടിവെച്ച സംഭവത്തിനെതിരെ നടന്ന പ്രതിഷേധം

വംശീയ വിവേചനങ്ങൾക്കും, പൊലീസ് നടത്തുന്ന വംശീയ കൊലപാതകങ്ങൾക്കും എതിരെ അമേരിക്കയിൽ മൂന്നു മാസമായി നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ, ആവർത്തിക്കുന്ന ഇത്തരം പൊലീസ് അതിക്രമങ്ങൾ വിരൽ ചൂണ്ടുന്നത് വ്യവസ്ഥാപിതമായ മാറ്റങ്ങളുടെ അഭാവം ആണ്. അമേരിക്കയിൽ തുടങ്ങി, ലോകം മുഴുവൻ പടർന്നു പന്തലിച്ച ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ' മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടിയ വിഷയങ്ങളോട് പ്രതികരിക്കാനോ, ശക്തമായി ഇടപെടുവാനോ ഭരണകൂടം കാണിക്കുന്ന വിമുഖത ഇവിടെ വ്യക്തമാണ്. ചരിത്രപരമായ തെറ്റുകൾക്കുമേൽ തെറ്റുകൾ അടുക്കിവെച്ച് മുന്നേറുന്ന അമേരിക്കൻ സമൂഹത്തിൽ അന്തർലീനമായ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇത് തുറന്നുകാട്ടുന്നു.

ജേക്കബ് ബ്ലെയ്ക്കിനുനേരെ വെടി ഉതിർത്തതിൽ പ്രതിഷേധിച്ച് കെനോഷായിൽ നടന്ന സമരങ്ങൾ നിയന്ത്രിക്കാൻ എത്തിയ പൊലീസ് സേനാംഗങ്ങൾ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ' മുന്നേറ്റ പ്രവർത്തകരെ തുരത്തി ഓടിച്ചപ്പോൾ, അതേ തെരുവിന്റെ ഒരു വശത്ത് അണിനിരന്ന വലതുപക്ഷ, വൈറ്റ് സുപ്രിമസിസ്റ്റ് സംഘങ്ങൾ അഭിനന്ദിച്ചും, കുടിക്കാൻ വെള്ളം നൽകിയും കൂറ് കാണിച്ചു. പൊലീസ് സേനയിൽ തീവ്ര വലതുപക്ഷ സംഘങ്ങളും, വൈറ്റ് സുപ്രിമസിസ്റ്റ് അംഗങ്ങളും വർദ്ധിക്കുന്നു എന്ന വാദം ശരി വെക്കുന്നതാണ് കെനോഷായിൽ അരങ്ങേറിയ രംഗങ്ങൾ.

കൈൽ റിട്ടൺഹൗസ് എന്ന 17 കാരൻ, പൊലീസിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരുന്നവർക്കുനേരെ വെടിയുതിർത്തു. നിയമവിരുദ്ധമായി കൈയ്യിൽ കരുതിയ എ.കെ 47 തോക്ക് കൊണ്ടാണ് കൈൽ രണ്ടുപേരെ കൊല്ലുകയും, ഒരാളെ പരിക്കേൽപ്പിക്കുകയും ചെയ്തത്. എന്നാൽ പൊലീസിനുമുന്നിൽ നടന്ന ഈ സംഭവത്തിനുശേഷം കൈലിന് അനായാസേന അവിടുന്ന് കടക്കാൻ സാധിച്ചു, കൈലിനുനേരെ തിരിഞ്ഞ പ്രതിഷേധക്കാരിൽ നിന്ന് രക്ഷ നേടാൻ പൊലീസിന്റെ അടുക്കലേക്ക് അയാൾ ഓടി. എന്തുകൊണ്ട് ജേക്കബ് ബ്ലേക്കിനെ വെടിവെച്ച പൊലീസ്, കൈൽ റിട്ടേൺഹൗസിനു നേരെ വെടി ഉതിർക്കാഞ്ഞത്?

വെളുത്ത വർഗക്കാർ ആയുധം കൈയ്യിലേന്തിയാൽ പോലും അപകടകാരികളായി അമേരിക്കൻ പൊലീസിന് തോന്നാത്തത് എന്തുകൊണ്ടാകും? അവരെ മാത്രം മനുഷ്യരായി പരിഗണിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്താണ്? മാരകമായ ഒരു ആയുധം കൈയ്യിൽ കരുതിയ കൈൽ എന്ന 17 വയസ്സുകാരനും, നിരായുധനായ ജേക്കബ് ബ്ലേകും പൊലീസിന് വ്യത്യസ്തരാകുന്നത് നിറത്തിന്റെ, വംശത്തിന്റെ പേരിലാണ്.
അമേരിക്കൻ സമൂഹത്തിൽ ചരിത്രപരമായ വംശീയ വിവേചനം ആഴത്തിൽ വേരോടിയിട്ടുണ്ട്. ഉപരിപ്ലവമായ മാറ്റങ്ങൾ ഈ വിദ്വേഷത്തിലൂന്നിയ, മേധാവിത്വ മനോഭാവത്തിൽ അധിഷ്ടിതമായ സമൂഹത്തെ, അതിലെ നിർമിതികളെ, നയങ്ങളെ മാറ്റില്ല എന്നും പൗരവകാശ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെയാണ് ‘ഡീഫണ്ട് ദി പൊലീസ്' എന്ന ആവശ്യത്തിന് അമേരിക്കൻ പശ്ചാത്തലത്തിൽ പ്രാധാന്യം കൂടുന്നത്. കാരണം, കുറ്റകൃത്യം തടയുന്നതിലുപരി ആഫ്രിക്കൻ അമേരിക്കൻ മനുഷ്യരെ നിയന്ത്രിക്കാനും, തടവിലാക്കാനും, അടിച്ചമർത്താനും മാത്രമുള്ള ഉപകരണമായി പൊലീസും, നിയമവ്യവസ്ഥയും, തടവറകളും മാറുന്നതായി കാണാൻ കഴിയും. വൈറ്റ് പ്രോപ്പർട്ടിയും സുപ്രീമസിയും സംരക്ഷിക്കാൻ തുടങ്ങിയ പൊലീസ് ഇന്നും ആ കൃത്യം ഭംഗിയായി നിർവഹിക്കുന്നു.

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധം
ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധം

1970 കളിൽ അമേരിക്കയിൽ അരങ്ങേറിയ ‘വാർ ഓൺ ഡ്രഗ്‌സ്' ഇതിന് ഉത്തമ ഉദാഹരണമാണ്. ഇത്തരം നിയമ നിർമിതികൾ അറിഞ്ഞോ അറിയാതെയോ ലക്ഷ്യം വെച്ചത് ആഫ്രിക്കൻ അമേരിക്കൻ ജനസമൂഹത്തെ ക്രമാതീതമായി തുറങ്കിലടക്കുകയും, പാർശ്വവൽക്കരിക്കുകയും ചെയ്യുക എന്നതിനായിരുന്നു.

ക്രാക്ക് കൊക്കൈയ്‌നും പൗഡർ കൊക്കൈയ്‌നും

ഡ്രഗ്‌സ് ഉപയോഗത്തിൽ ഏതാണ്ട് ഒരുപോലെ നിന്ന വൈറ്റ് അമേരിക്കക്കാരും, ബ്ലാക്ക് അമേരിക്കക്കാരും പക്ഷേ, ശിക്ഷയുടെ കാര്യത്തിൽ ആ അനുപാതം നിലനിർത്തിയില്ല. മയക്കുമരുന്ന് കൈയ്യിൽ വെച്ചതിന് ബ്ലാക്ക് അമേരിക്കൻ ജനത ക്രമാതീതമായി ജയിലിലടക്കപ്പെട്ടു. കൊക്കൈയ്ൻ കൈവശം വെക്കുന്ന ശിക്ഷ തീരുമാനിക്കുന്നതിൽ ‘ക്രാക്ക് കൊക്കൈയ്‌നും' ‘പൗഡർ കൊക്കൈയ്‌നും' തമ്മിലുള്ള അന്തരം ഇതിന് ആക്കം കൂട്ടി. ബ്ലാക്ക് അമേരിക്കക്കാർ കൂടുതൽ ഉപയോഗിക്കുന്ന ക്രാക്ക് കൊക്കൈയ്ൻ അഞ്ച് മില്ലീഗ്രാം കൈയ്യിൽ വെച്ചാൽ അഞ്ചുവർഷമാണ് തടവ്, വെള്ളക്കാർ കൂടുതൽ ഉപയോഗിക്കുന്ന പൗഡർ കൊക്കൈയ്‌ന് ഈ അളവ് 500 മില്ലീഗ്രാം ആയി. ഒരുപക്ഷേ നിയമങ്ങൾ എങ്ങനെ പക്ഷപാതപരമായി നിർമിക്കാം എന്നും, നിയമ നിർമിതിയിൽ വംശീയ മൂല്യബോധങ്ങൾ എങ്ങനെ കടന്നുകൂടുന്നു എന്നും ഇത് കാട്ടിത്തരുന്നു.

ഏവ ഡുവെർനെ
ഏവ ഡുവെർനെ

അമേരിക്കൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥ അമേരിക്കൻ ചരിത്രവുമായി എങ്ങനെ ഇഴപിണഞ്ഞു കിടക്കുന്നു എന്ന്​ ഏവ ഡുവെർനെ (Ava DuVernay) 13-th എന്ന ഡോകുമെന്ററിയിൽ കാണിച്ചുതരുന്നുണ്ട്. അടിമത്തത്തിൽ നിന്ന് എല്ലാ ജനങ്ങളെയും മോചിപ്പിച്ച് 1865ൽ പുറത്തിറക്കിയതാണ് അമേരിക്കൻ ഭരണഘടനയുടെ 13ാം ഭേദഗതി. എന്നാൽ അടിമത്തം നിരോധിച്ചശേഷവും നിയമനിർമിതിയിലൂടെ ആഫ്രിക്കൻ അമേരിക്കൻ ജനതയെ സ്വാതന്ത്ര്യത്തിൽ നിന്നും, രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്നും എങ്ങനെ അകറ്റി നിർത്തി എന്ന് ഡുവേർനെ കാട്ടിത്തരുന്നു. ചെറിയ തെറ്റുകളെ ക്രിമിനൽവൽക്കരിച്ച് ആഫ്രിക്കൻ അമേരിക്കൻ ജനതയെ വീണ്ടും ജയിലിലടയ്ക്കുന്ന അനേകം സന്ദർഭങ്ങളും, ജിം ക്രോ (Jim Crow) ഉൾപ്പടെയുള്ള നിയമങ്ങളും നിറഞ്ഞതാണ് ആ ചരിത്രം. ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമേ അമേരിക്കയിലുള്ളൂ എങ്കിലും, ലോകത്താകമാനം ജയിലിൽ കഴിയുന്ന വ്യക്തികളിൽ 25 ശതമാനവും നോർത്ത് അമേരിക്കയിലാണ്, അതിൽ ബ്ലാക്ക് അമേരിക്കൻ തടവുകാരുടെ എണ്ണം ആനുപാതികമായി വളരെ കൂടുതലുമാണ്. ഇത്തരത്തിൽ നിയമങ്ങൾ നിർമിച്ച്, കൂട്ടമായി ജനങ്ങളെ തടവിലടക്കുന്നത് (mass incarceration) അടിമത്തത്തിന്റെ തുടർച്ചയാണ് എന്നു ഈ ഡോക്യുമെന്ററി വാദിക്കുന്നു.

കമല ഹാരിസ്
കമല ഹാരിസ്

ഈ ചരിത്രത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സമകാലിക അബോളീഷൻ (abolition), ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ' മുന്നേറ്റങ്ങൾ ജയിലുകൾ പൂട്ടാനും, പൊലീസിന് നൽകുന്ന പണം വെട്ടിച്ചുരുക്കി, അത് മറ്റ് സാമൂഹ്യ നന്മയക്കായുള്ള പ്രവൃത്തികൾക്ക് ചെലവാക്കാനും ആഹ്വാനം ചെയ്യുന്നത്. അമേരിക്കയിൽ കോവിഡ് പടർന്നു പിടിച്ചപ്പോൾ, പ്ലാസ്റ്റിക് കവർ കെട്ടി രോഗികളെ പരിചരിച്ച നഴ്‌സുമാരെ കണ്ട ലോകം, ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ' പ്രതിഷേധം തടയാൻ റയട്ട് ഗിയർ വെച്ച് തെരുവിലിറങ്ങിയ പൊലീസുകാരെയും പട്ടാളക്കാരെയും കണ്ട് ഞെട്ടി. ചില കണക്കുകൾ പ്രകാരം ഒരു പോലീസുകാരനെ റയട്ട് ഗിയർ അണിയിക്കുന്ന തുകക്ക് 31 നഴ്‌സുമാർക്ക് പി.പി.ഇ കൊടുക്കാം. എന്നാൽ മറ്റെല്ലാ അവശ്യമേഖലകളിയും അനായാസേന ഫണ്ട് വെട്ടിച്ചുരുക്കുന്ന അമേരിക്കൻ വ്യവസ്ഥയിൽ പൊലീസിന് ഫണ്ടിംഗ് കുറക്കുന്നതിനോട് എതിർപ്പുണ്ട്.

‘ഞാൻ ക്ഷുഭിതയാണ്, എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട'

അമേരിക്കയിൽ പുതിയ ഭരണകൂടം നിലവിൽ വരുന്ന സാഹചര്യത്തിൽ കെനോഷായിലെ സംഭവങ്ങളും പൊലീസിന്റെ വംശീയാതിക്രമങ്ങളും വീണ്ടും ചർച്ചകളിൽ സജീവമാകും എന്നു കരുതാം. പ്രതീക്ഷിച്ചപോലെ, വലതുപക്ഷ മുന്നേറ്റങ്ങളും, മാധ്യമങ്ങളും കെനോഷയിൽ വെടിയുതിർത്ത കൈൽ റിട്ടേൺഹൗസിന് നൽകുന്നത് വീരപരിവേഷമാണ്. വംശീയതയിൽ തൊടാതെ, റിപ്പബ്ലിക്കൻ കോണവേഷനിൽ വൈസ് പ്രസിഡന്റ് പെൻസ് പറഞ്ഞത് ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും, തെരുവിൽ അക്രമാസക്തരായി പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും എന്നുമാണ്.

മെെക്ക് പെൻസ്
മെെക്ക് പെൻസ്

ഡെമോക്രാറ്റ് നോമിനികളായ ജോ ബൈഡനും, കമല ഹാരിസും പൊലീസിനോടും ക്രിമിനൽ നീതിന്യായ വ്യവസ്ഥയോടും പാലിക്കുന്ന മൃദുസമീപനം ഈ പശ്ചാത്തലത്തിൽ റാഡിക്കൽ ലെഫ്റ്റ് കൂട്ടായ്മകളിലും മുന്നേറ്റങ്ങളിലും ശക്തമായി വിമർശന വിധേയമാകുന്നുണ്ട്. എന്നാൽ അത് മുഖ്യധാരാ ലിബറൽ വോട്ടർമാർക്കിടയിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇരു പാർട്ടികളും പൊലീസ് സേന പുനഃസംഘടനയിൽ ശക്തമായ, വിപ്ലവകരമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാൻ വിസമ്മതിക്കുന്ന ഈ കാലഘട്ടത്തിൽ, ജേക്കബ് ബ്ലെയ്ക്കിന്റെ സഹോദരിയും, ബ്ലാക്ക് ഹിസ്റ്ററി മൈനറും ആയ ലെറ്റേട്ര വിട്മാൻ (Letetra Widman) പറഞ്ഞ വാക്കുകൾ ഓർത്ത് അവസാനിപ്പിക്കാം: ‘‘എനിക്ക് നിങ്ങളുടെ മാപ്പ് വേണ്ട. ഇത് എന്റെ കുടുംബത്തിൽ സംഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എമെറ്റ് ടിൽ (Emmett Till-1955 ആഗസ്റ്റ് 28ന് അതിക്രൂരമായി കൊല്ലപ്പെട്ട 14 കാരനായ ആഫ്രിക്കൻ അമേരിക്കൻ), ഫിലൻഡോ (Philando Castile- 2016 ജൂലൈ ആറിന് പൊലീസിന്റെ വെടിയേറ്റുമരിച്ച 34 കാരനായ ആഫ്രിക്കൻ അമേരിക്കൻ), സാന്ദ്ര (Sandra Bland- 2015 ജൂലൈ 13ന് ജയിലിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയ 28 കാരിയായ ആഫ്രിക്കൻ അമേരിക്കൻ യുവതി) ഇവരെല്ലാം എന്റെ കുടുംബമാണ്. എനിക്കു ദുഃഖമില്ല. ഞാൻ ഒരു തുള്ളി കണ്ണീർ പൊഴിച്ചിട്ടില്ല. എന്നെപ്പോലുള്ളവരെ പൊലീസ് കൊല്ലുന്നത് വർഷങ്ങളായി ഞാൻ കാണുന്നു. ഞാൻ ഈ ഭൂമിയിൽ ജീവിച്ച 30 വർഷവും, അതിനും എത്രയോ മുമ്പും ഇത് നടന്നുപോരുന്നു. എന്റെ മനസ്സ് മരവിച്ചു പോയിരിക്കുന്നു. ഞാൻ ക്ഷുഭിതയാണ്. എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട. എനിക്കു വേണ്ടത് മാറ്റം ആണ്.''

Reference
https://www.yahoo.com/lifestyle/one-police-officers-riot-gear-153434349.html
https://www.theguardian.com/us-news/video/2020/aug/26/family-of-jacob-blake-say-he-is-paralysed-after-police-shooting-video
https://www.latimes.com/entertainment-arts/tv/story/2020-08-27/jacob-blake-shooting-trevor-noah-daily-show
https://www.aljazeera.com/news/2020/08/teenager-kyle-rittenhouse-arrested-charged-kenosha-shootings-200826180242065.html
https://edition.cnn.com/2020/08/27/us/kenosha-wisconsin-shooting-suspect/index.html
https://www.youtube.com/watch?v=krfcq5pF8u8
https://www.npr.org/2016/12/17/505996792/documentary-13th-argues-mass-incarceration-is-an-extension-of-slavery
https://edition.cnn.com/2020/08/27/politics/mike-pence-commencement-speech-kenosha/index.html
https://www.theguardian.com/us-news/2020/aug/27/white-supremacists-militias-infiltrate-us-police-report
https://www.brennancenter.org/our-work/research-reports/hidden-plain-sight-racism-white-supremacy-and-far-right-militancy-law

(2020 ആഗസ്​റ്റ്​ 28ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേഷൻ)

Comments