സിംഗപ്പൂര്‍ പാര്‍ലമെൻറ് സ്പീക്കറും സഹപ്രവര്‍ത്തകയായ എം.പിയും ഉണ്ടാക്കിയ പുക്കാറ് മറക്കുന്നതിനുമുമ്പാണ് പ്രതിപക്ഷവും ഇക്കാര്യത്താല്‍ അത്ര പിറകിലല്ല എന്ന് തെളിഞ്ഞത്. സ്പീക്കറോടും എം.പിയോടും രാജി വെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതാണ്. ദിവസങ്ങള്‍ക്കകം പ്രതിപക്ഷ എം.പിയുടെ രാജി ചോദിച്ചുവാങ്ങിയത് പ്രതിപക്ഷ നേതാവും. അത് കേട്ടയുടനെയാണ്, ജൂലായ് 8 ന് 'എയര്‍ മെയിലി'ല്‍ കാല്‍ഡെര്‍ വാള്‍ട്ടന്‍ എഴുതിയ ലേഖനം കണ്ടത്.
അത് കണ്ടപ്പോള്‍ ഓര്‍മ വന്നത്, പഴയ ഒരു പത്രവാര്‍ത്തയാണ്. പത്തോ പതിനൊന്നോ വയസ്സുള്ളപ്പോളാണ്. പഴയതാണ് വാര്‍ത്ത എന്നര്‍ത്ഥം. പല ദിവസങ്ങളായി തുടര്‍ച്ചയായി വരികയാണ്. അതിലെ എരിവും മസാലയും മനസ്സിലാക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. എങ്കിലും കുട്ടികള്‍ അറിയേണ്ടതില്ലാത്ത കാര്യങ്ങളാണ് എന്നാണ് പറഞ്ഞുകേട്ടത്. അതോടെ ആകാംക്ഷ കൂടിയിരുന്നു എന്നത് നേരാണ്. ഞാനന്ന് സോവിയറ്റ് പക്ഷത്താണ്. അച്ഛന്‍ വീട്ടില്‍ വരുത്തുന്ന സോവിയറ്റ്‌നാട് അതിനൊരു കാരണമായിരിക്കാം. ശീതയുദ്ധം എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത് അക്കാലത്താണ്.
അന്ന് ആ വാര്‍ത്തകള്‍ വായിച്ച് വായിച്ച് മനസ്സില്‍ തറഞ്ഞ പേരുകളാണ് ക്രിസ്റ്റീനാ കീലറുടെതും ജോണ്‍ പ്രൊഫ്യൂമോയുടെതും. ക്രിസ്റ്റീനാ കീലര്‍ കോള്‍ഗേള്‍ എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ആനന്ദദായിനി ആയിരുന്നു എന്ന കാര്യം ഇപ്പോള്‍ അറിയാം. ‘അഭിസാരിക’ എന്നോ മറ്റോ ആണ് അന്ന് പത്രത്തില്‍ കണ്ടത്. അര്‍ത്ഥം ചോദിച്ചപ്പോഴാണ് അത് കുട്ടികള്‍ അറിയേണ്ടതല്ല എന്ന് മനസ്സിലായത്. പ്രൊഫ്യൂമോ ആണെങ്കില്‍ അന്നത്തെ ബ്രിട്ടണിലെ മന്ത്രിയും. ഇവര്‍ തമ്മില്‍ എന്തോ ചുറ്റിക്കളിയുണ്ട് എന്നേ അന്ന് മനസ്സിലായുള്ളൂ.
കുറച്ചുകൂടി കഴിഞ്ഞാണ് അത് ‘ഒരവിഹിത’ ബന്ധത്തിന്റെ കഥയാണെന്ന് മനസ്സിലായത്. മന്ത്രിയായ പ്രൊഫ്യൂമോയും നഗ്‌നമോഡലായ ക്രിസ്റ്റീനാ കീലറും ഒട്ടിനില്‍ക്കുന്ന വര്‍ണ്ണശബളിമയുള്ള ടാബ്ലോയ്ഡ് ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടത്. അത്രക്കൊട്ടുന്നത് ശരിയല്ല എന്ന ഒരു ബോധത്തിലേക്ക് അന്ന് എത്തിച്ചേര്‍ന്നിരുന്നല്ലോ.
മന്ത്രി മാത്രമല്ല, പ്രധാനമന്ത്രി ഹരോള്‍ഡ് മാക്മില്ലന്റെ സര്‍ക്കാര്‍ തന്നെ രാജി വെക്കുന്നതിലേക്ക് കാര്യങ്ങളെത്തി. വിവാഹിതനായ മന്ത്രി അന്യസ്ത്രീക്കൊപ്പം ഹോട്ടല്‍ മുറിയില്‍ തങ്ങി എന്ന വാര്‍ത്ത നിഷേധിച്ചതാണ് പ്രൊഫ്യൂമോയുടെ തെറ്റത്രെ. അതൊരു സദാചാരവിരുദ്ധ നടപടിയാണ് എന്ന് വലുതായപ്പോള്‍ മനസ്സിലായിത്തുടങ്ങിയിരുന്നു.
സ്പ്രീവാള്‍ഡിലെ വിവാഹ മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്റുള്ളത് അങ്ങനെ മുലയൂട്ടി വരുമാനമുണ്ടാക്കാനാവുന്ന പെണ്ണുങ്ങള്‍ക്കാണ് എന്നു കൂടി അറിഞ്ഞപ്പോഴാണ് സദാചാരമൂല്യങ്ങള്‍ കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മാറുമെന്ന് മനസ്സിലായത്.
കുറച്ചുകൂടി വലുതായപ്പോഴാണ് സദാചാര സങ്കല്‍പ്പങ്ങളെ പറ്റി ബര്‍ട്രാന്റ് റസ്സലും മറ്റും എഴുതിയത് ശരിയല്ലേ എന്ന് തോന്നിത്തുടങ്ങിയത്. അതിനിടക്കാണ് ആഗസ്റ്റ് ബാബേലിന്റെ 'ഭാവിയിലെ സമൂഹം' വായിക്കുന്നത്. അതില്‍ നിന്നാണ് ബര്‍ലിനിലെ പ്രഭ്വികള്‍ സ്തനസൗന്ദര്യത്തിന് ഇടിവുതട്ടാതിരിക്കാന്‍ മുലയൂട്ടാറില്ലെന്നും അതിന് നാട്ടുമ്പുറമായ സ്പ്രീ വാള്‍ഡില്‍ നിന്ന് അപ്പണി നന്നായി ചെയ്യാനറിയുന്ന സല്‍സ്തനികളായ പെണ്ണുങ്ങളെ കണ്ടെത്തുകയാണ് പതിവെന്നും അറിയുന്നത്. മാത്രവുമല്ല, സ്പ്രീവാള്‍ഡിലെ വിവാഹ മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്റുള്ളത് അങ്ങനെ മുലയൂട്ടി വരുമാനമുണ്ടാക്കാനാവുന്ന പെണ്ണുങ്ങള്‍ക്കാണ് എന്നു കൂടി അറിഞ്ഞപ്പോഴാണ് സദാചാരമൂല്യങ്ങള്‍ കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മാറുമെന്ന് മനസ്സിലായത്.
60- കളിലെ ബ്രിട്ടീഷ് സദാചാരബോധം ഉണര്‍ന്നെണീറ്റതുകൊണ്ടാണ് മന്ത്രിക്കും മന്ത്രിസഭക്കും രാജിവെക്കേണ്ടിവന്നത്. 19 വയസ്സുകാരിയായിരുന്നു മോഡലായ കീലര്‍. (മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യയില്‍, കേരളത്തില്‍ ഏതാണ്ട് ഇതേ കാരണത്താല്‍ അക്കാലത്ത് മന്ത്രിസഭയില്‍ നിന്ന് ഒരു മന്ത്രി രാജിവെച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.)
2019- ല്‍ ബി ബി സി, 'ട്രയല്‍ ഓഫ് ക്രിസ്റ്റീനാ കീലര്‍ ' എന്ന ഒരു തുടരന്‍സീരിയല്‍ പുറത്തുവിടുന്നു. പിന്നത്തെ കഥ ചുരുള്‍ നിവരുന്നത് ബ്രിട്ടീഷ് രഹസ്യപ്പോലീസിന്റെ രേഖകള്‍ 2022- ല്‍ ഡി ക്ലാസിഫൈ ചെയ്ത് പരസ്യമാക്കിയതോടെയാണ്.
നമ്മുടെ മോണ്‍സണ്‍ മാവുങ്കലിനെപ്പോലെ അതിസമ്പന്നരായ പ്രഭുക്കള്‍ക്കും വന്‍കിട രാഷ്ട്രീയനേതാക്കള്‍ക്കും സുഖചികിത്സ നല്‍കിപ്പോന്ന പോര്‍ട്രെയ്റ്റ് കലാകാരന്‍ കൂടിയായിരുന്നു സ്റ്റീഫന്‍ വാര്‍ഡ് എന്ന കക്ഷി. ആള്‍ഒരു പാതി ‘കൂട്ടിക്കൊടുപ്പുകാരന്‍’ കൂടിയായിരുന്നത്രെ. സുന്ദരികളായ സ്ത്രീകളെ സ്വാധീനശക്തിയുള്ള വമ്പന്‍മാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കലായിരുന്നു മൂപ്പരുടെ ഒരു തൊഴില്‍. വാര്‍ഡിന് നോക്കി നടത്താന്‍ കൊടുത്ത സ്പ്രിങ് കോട്ടേജ് എന്ന റിസോര്‍ട്ടിന്റെ ഉടമ ഒരു ആസ്റ്റര്‍ പ്രഭുവാണ്. അദ്ദേഹം ഒരു വേനല്‍ച്ചൂടില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പ്രൊഫ്യൂമോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും അതിഥികളായി അങ്ങോട്ട് ക്ഷണിക്കുകയാണ്. അത് 1961 ജൂലൈയിലാണ്. മറ്റതിഥികളുടെ കൂട്ടത്തില്‍ ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈ കമീഷണര്‍ അടക്കമുള്ളവരുണ്ട്. കുടിച്ച് പൂസായ അതിഥികള്‍ നിലാവത്ത് സ്വിമ്മിങ്ങ് പൂള്‍ ആസ്വദിക്കാനിറങ്ങിയത്രെ. കുളത്തില്‍ നിന്ന് നഗ്‌നയായിറങ്ങി വന്ന് ടവല്‍ തിരക്കുന്ന കീലര്‍ അവിടെ വെച്ചാണ് പ്രൊഫ്യൂമോവിനെ പരിചയപ്പെടുന്നത്. അതാണ് ഒരു വിവാഹബാഹ്യ ബന്ധമായി വളര്‍ന്നത്. ബന്ധം കുറച്ചേ തുടരാനയുള്ളൂ. പക്ഷേ അങ്ങനെയൊരു സൗഹൃദമേ ഇല്ലെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചതാണ് അപവാദങ്ങള്‍ക്കും രാഷ്ട്രീയക്കോളിളക്കങ്ങള്‍ക്കും വഴിവെച്ചത്. കേസായി, പുക്കാറായി. ഡണ്ണിങ്ങ് പ്രഭുവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. അതേപ്പറ്റിയുള്ള റിപ്പോര്‍ട്ട് ചൂടപ്പം പോലെ വിറ്റുപോയി. 1963 സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍അതിനായി ജനങ്ങള്‍ ക്യൂ നിന്നു. സാക്ഷിമൊഴികള്‍ അത്രക്കേറെ അശ്ലീലമയവും ജുഗുപ്‌സാവഹവുമായതു കൊണ്ട് തന്റെ വനിതാ സ്റ്റെനോഗ്രാഫര്‍മാരെ പുറത്തുനിര്‍ത്തേണ്ടിവന്നു എന്ന് ഡണ്ണിങ്ങ് പ്രഭു അതില്‍ എഴുതി വെച്ചതോടെ, അതൊരു ബെസ്റ്റ് സെല്ലറായി മാറി.
അതന്നത്തെ കഥ.
നാലുവര്‍ഷം മുമ്പാണ്, 2019- ല്‍ ബി ബി സി, 'ട്രയല്‍ ഓഫ് ക്രിസ്റ്റീനാ കീലര്‍ ' എന്ന ഒരു തുടരന്‍ സീരിയല്‍പുറത്തുവിടുന്നത്. പിന്നത്തെ കഥ ചുരുള്‍ നിവരുന്നത് ബ്രിട്ടീഷ് രഹസ്യപ്പോലീസിന്റെ രേഖകള്‍ 2022- ല്‍ ഡി ക്ലാസിഫൈ ചെയ്ത് പരസ്യമാക്കിയതോടെയാണ്. MI 5 എന്ന മിലിട്ടറി ഇന്റലിജന്‍സ് വിങ്ങിന്റെ അലമാരകളില്‍ ഉറങ്ങുകയായിരുന്ന 12 തടിയന്‍ വോള്യങ്ങളാണ് ജനങ്ങളെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അതാണ് കാല്‍ഡര്‍ വാള്‍ട്ടെന്റെ എയര്‍ മെയില്‍ ലേഖനം കൈകാര്യം ചെയ്യുന്നത്.
കഥാപുഷന്‍ സ്റ്റീഫന്‍ വാര്‍ഡിന്റെ റിസോര്‍ട്ടിലെത്തിയ അതിഥികളുടെ കൂട്ടത്തില്‍ ലണ്ടനിലെ സോവിയറ്റ് നാവല്‍ അറ്റാഷേ യെവ്‌ജെനി ഇവാനോവും ഉണ്ടായിരുന്നു എന്നതാണ് ആദ്യത്തെ ഞെട്ടലിന് ഇടനല്‍കിയത്. ഇവാനോവ് ലണ്ടനിലെത്തുന്നത് 1960 മാര്‍ച്ചിലാണത്രെ. സോവിയറ്റ് ഉദ്യോഗസ്ഥരെ നിരീക്ഷണ വിധേയമാക്കുന്ന റഡാറില്‍ പെട്ടതോടെ മൂപ്പരുടെ നീക്കം മുഴുവന്‍ അവര്‍ ഒപ്പിയെടുക്കുന്നുണ്ട്. ഇവാനോവിനെക്കുറിച്ചുള്ള ഫയല്‍ പറയുന്നത്, ആള്‍ ഒരു മുഴുക്കുടിയനാണ് എന്നാണ്. വിവാഹിതനാണെങ്കിലും, പെണ്‍സൗഹൃദത്തിനുള്ള വന്യാസക്തി ഒരു വലിയ ദൗര്‍ബ്ബല്യ മാണെന്നും അവര്‍ കണ്ടെത്തുന്നുണ്ട്. അങ്ങനെയുള്ള ഒരാളെ ചാടിച്ച് തങ്ങളുടെ ഇന്‍ഫോമര്‍ ആക്കാന്‍ ഏറിയ ശ്രമവും നടത്തുന്നുണ്ട്, ഹണി ട്രാപ്പില്‍ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുമുണ്ട്.
എം ഐ 5- ന്റെ നിരീക്ഷണത്തില്‍ കണ്ടെത്തിയത്, ഈ റഷ്യന്‍ ചാരനെ ഡെയ്‌ലി ടെലഗ്രാഫ് പത്രാധിപര്‍ലണ്ടനിലുള്ള ഒരു ക്ലബ്ബില്‍ വെച്ച് വാര്‍ഡിന് പരിചയപ്പെടുത്തുന്നുണ്ട് എന്നാണ്. വാര്‍ഡാകട്ടെ, കീലറെ ഇവാനോവിന് ബന്ധപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്.
ഈ വാര്‍ഡിനെ പരിചയപ്പെടാന്‍ ഒരു വുഡ് എന്ന കക്ഷി പ്രത്യേക താല്‍പര്യമെടുത്ത് വരുന്നുണ്ട്. അത് 1961 ജൂണിലാണ്. പ്രൊഫ്യൂമോ - ക്രിസ്റ്റീനാ കീലര്‍ സംഭവത്തിനും ഒരു മാസം മുമ്പ്. വന്ന വുഡ് വെറും വുഡ്ഡല്ല എന്ന കാര്യം ഇവാനോവിന്റെ സുഹൃത്തായ വാര്‍ഡിനറിയുകയുമില്ല. അയാള്‍ എം ഐ 5- ന്റെ രഹസ്യപ്പോലീസായ ഒരു കീത്ത് വാഗ്സ്റ്റാഫായിരുന്നു. ഇവാനോവും വാര്‍ഡും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമളക്കാന്‍ നിയുക്തനായ ആളായിരുന്നു കക്ഷി. സോവിയറ്റ് യൂനിയന്‍ നേതാവായ ക്രൂഷ്‌ചേവിനെ ആരാധിക്കുന്ന ഇവാനോവ് ഒരു സുരക്ഷാ ഭീഷണിയല്ലെങ്കിലും ആള്‍ ഒരു വിശ്വസ്തനായ കമ്യൂണിസ്റ്റാണ് എന്നാണ് വാഗ്സ്റ്റാഫ് നിരീക്ഷിക്കുന്നത്.
അങ്ങനെയൊരു റിപ്പോര്‍ട്ടും നല്‍കി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വാര്‍ഡ് 'വുഡ്ഢി 'നെ ഫോണ്‍ ചെയത് ഒരു പ്രധാന കാര്യം അറിയിക്കാനുണ്ടെന്നും അതിന് നേരില്‍ കാണണമെന്നും പറയുന്നതത്രെ. വിഷയം മറ്റൊന്നുമല്ല, സോവിയറ്റ് യൂനിയനുവേണ്ടി ചില്ലറ ചാരപ്പണി ചെയ്യണമെന്ന് ഇവാനോവ് തന്നോട് പല തവണയായി ആവശ്യപ്പെട്ടിട്ടുണ്ട് എന്നതാണത്. വാര്‍ഡിന്റെ തണ്ണിപ്പാര്‍ട്ടികളിലെത്തുന്ന ഉന്നതാധികാരികളെ ഉപയോഗിച്ച് പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ അമേരിക്കന്‍ ആണവായുധ വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ശേഖരിക്കണമെന്നായിരുന്നുവത്രെ അഭ്യര്‍ത്ഥന. ക്ലൈവ് ഡെണ്ണില്‍ നടന്ന പാര്‍ട്ടിയില്‍ ഇവാനോവും പ്രൊഫ്യൂമോയും ക്രിസ്റ്റീനാ കീലറും ഉണ്ടായിരുന്നുവെന്നും പ്രൊഫ്യൂമോയും ഇവാനോവും സ്വിമ്മിങ്ങ് പൂളില്‍ നീന്തല്‍ മത്സരത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നുമാണ് വാര്‍ഡ് വെളിപ്പെടുത്തിയത്. അതോടെയാണ് അതൊരു രാജ്യസുരക്ഷാ വിവാദമാവുന്നത്.
സി.ഐ.എ നല്‍കിയ വിവരമനുസരിച്ച് വാര്‍ഡിന്റെയും ക്രിസ്റ്റീനാ കീലറിന്റെയും സഹായത്തോടെ ഒട്ടേറെ രഹസ്യങ്ങളാണ് ഇവാനോവ് ചോര്‍ത്തിയത്. ആ വിവരം പുറത്തറിയുന്നത് എം ഐ 5, തങ്ങളുടെ പഴയ രേഖകള്‍ ഡിക്ലാസ്സിഫൈ ചെയ്ത് പുറത്തുവിട്ട 2022 ലും!
ഒരു ക്യാബിനറ്റ് മന്ത്രിയും സോവിയറ്റ് ഇന്റലിജന്‍സ് ഓഫീസറും ഇരുവരോടും ബന്ധം പുലര്‍ത്തിയിരുന്ന ഒരു കാള്‍ ഗേളും ഉള്‍പ്പെട്ട കേസാണ്. സ്വാഭാവികമായും എം ഐ 5 ഡയറക്ടര്‍ ജനറല്‍ ക്യാബിനറ്റ് സെകട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ട്രെന്റാകട്ടെ, ക്രിസ്റ്റീനാ കീലറുമായുള്ള ബന്ധം ഉടന്‍ ഉപേക്ഷിക്കാന്‍ പ്രൊഫ്യൂമോവിനോട് ആവശ്യപ്പെടുന്നുണ്ട്; ആളെ നന്നായി വിരട്ടുന്നുമുണ്ട്. അതുപ്രകാരം ബന്ധം വിച്ഛേദിച്ചു കൊണ്ട് കീലര്‍ക്ക് മൂപ്പരയച്ച കത്ത് ഡാര്‍ലിങ്ങ് എന്നു വിളിച്ചാരംഭിച്ച കാര്യം നാട്ടില്‍ പാട്ടാവുന്നുമുണ്ട്.
പക്ഷേ അത്യന്തം വിചിത്രമായ ഒരു കാര്യം, 1962 മെയില്‍, ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് തങ്ങളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സോവിയറ്റ് യൂനിയനിലേക്കയച്ചത് റഷ്യന്‍ ചാരന്‍ ഇവാനോവിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത സ്റ്റീഫന്‍ വാര്‍ഡ് വഴിയായിരുന്നു എന്നതാണ്. ഔദ്യോഗിക രേഖകള്‍ ഇങ്ങനെയൊരാള്‍ വഴിയാണ് സോവിയറ്റ് യൂനിയനിലേക്ക് അയക്കുന്നത് എന്ന കാര്യം, ബ്രിട്ടീഷ് സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള എം ഐ 5 അറിഞ്ഞതേയില്ല എന്നത് അതിലും വിചിത്രം!
അതിലേറെ വിചിത്രം, ക്യൂബന്‍ പ്രതിസന്ധിയുടെ കാലത്ത്, അതിന്റെ മൂര്‍ദ്ധന്യത്തില്‍, ഒക്ടോബര്‍ 24 ന്, ഇവാനോവില്‍നിന്ന് കിട്ടിയ ഒരു സന്ദേശം വാര്‍ഡ് ബ്രിട്ടീഷ് ഫോറിന്‍ ഓഫീസിന് എത്തിച്ചു കൊടുത്തു എന്നതാണ്! അതിലെ സന്ദേശം, സോവിയറ്റ് യൂനിയന്‍ ബ്രിട്ടനെ 'അനുരഞ്ജന ചര്‍ച്ചകള്‍ക്കുള്ള ഏക പ്രതീക്ഷ'യായാണ് കണക്കാക്കുന്നത് എന്നായിരുന്നു. ഒക്ടോബര്‍ 27- ന് വാര്‍ഡിനോടൊപ്പം ഫോറിന്‍ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ സന്ദര്‍ശിച്ച ഇവാനോവ് അഭ്യര്‍ത്ഥിച്ചത്, ക്യൂബന്‍ പ്രതിസന്ധി പരിഹരിക്കാന്‍ബ്രിട്ടീഷ് ഗവണ്‍മെൻറ് ഒരുന്നതതല ഉച്ചകോടി വിളിച്ചുചേര്‍ക്കാന്‍ മുന്‍കൈ എടുക്കണമെന്നാണ്. ആ നിര്‍ദേശം പ്രധാനമന്ത്രി വരെ ചെന്നെത്തിയതുമാണ്. പക്ഷേ അതിന്റെ പിറ്റേന്നാണ് സോവിയറ്റ് മിസൈലുകള്‍ നീക്കം ചെയ്തുകൊള്ളാമെന്ന് ക്രൂഷ് ചേവ് സമ്മതിക്കുന്നതും പ്രശ്‌നം സ്വയം പരിഹൃതമാവുന്നതും.
പക്ഷേ തൊട്ടടുത്ത വര്‍ഷം 1963 ലാണ് പ്രൊഫ്യൂമോ വിവാദത്തിന് പുതിയൊരു മാനം കൈവരുന്നത്. സി.ഐ.എ നല്‍കിയ വിവരമനുസരിച്ച് വാര്‍ഡിന്റെയും ക്രിസ്റ്റീനാ കീലറിന്റെയും സഹായത്തോടെ ഒട്ടേറെ രഹസ്യങ്ങളാണ് ഇവാനോവ് ചോര്‍ത്തിയത്. ആ വിവരം പുറത്തറിയുന്നത് എം ഐ 5 തങ്ങളുടെ പഴയ രേഖകള്‍ ഡിക്ലാസ്സിഫൈ ചെയ്ത് പുറത്തുവിട്ട 2022 ലും!
ഹണി ട്രാപ്പില്‍ വീഴ്ത്താനുള്ള എം ഐ 5- ന്റെ ശ്രമത്തെ തോല്‍പ്പിച്ച് സോവിയറ്റ് യൂനിയനുവേണ്ടി ചാരപ്പണി നടത്തിയ ഇവാനോവ്, വീഴ്ത്താന്‍ പോയവര്‍ വീണ കഥ പറയുന്ന എം ഐ ഫൈവുകാര്‍, രഹസ്യങ്ങളുടെ രഹസ്യം തോണ്ടിയെടുത്ത സി.ഐ.എക്കാര്‍ - ഇവരെല്ലാവരും കൂടി ബാല്യകാലത്ത് 'കുട്ടികള്‍ അറിയേണ്ടതില്ലാത്ത' ആ വാര്‍ത്തയെ, എല്ലാ രാഷ്ട്രീയ വിദ്യാര്‍ത്ഥികളും ഓര്‍ത്തുവെക്കേണ്ട ഒരു സംഭവമാക്കിത്തീര്‍ക്കുകയാണ് ഇത്രയേറെ വര്‍ഷങ്ങള്‍ക്കുശേഷം.