നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ജപ്പാനും ദക്ഷിണ കൊറിയയും അവരുടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇത് നിരവധി സാധ്യതകള്‍ തുറക്കുന്നു എങ്കിലും ചരിത്രപരമായ ചില കൈപ്പേറിയ സ്മരണകള്‍ നിറഞ്ഞതാണ്. ഇരു രാജ്യങ്ങള്‍ക്കും പരസ്പര വിശ്വാസത്തോടും സഹകരണത്തോടും മുന്നോട്ടു പോകുവാന്‍ സാധിക്കുമോ അതോ മേല്‍പ്പറഞ്ഞ ചരിത്രപരമായ അസ്വാരസ്യങ്ങള്‍ ഈ കൂട്ടായ്മയില്‍ വിള്ളല്‍ വീഴ്ത്തുമോ?.
ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ 12 വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിൽ മെയ് ആദ്യ വാരം എത്തിയത് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ലോകം മുഴുവന്‍ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ യൂൺ സുക് യോൾ എന്ന യാഥാസ്ഥിതിക ആശയവാദി അധികാരമേറ്റതാണ് ഈ സന്ദര്‍ശനത്തിന് കാരണമെന്ന് മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
രാജ്യങ്ങളുടെ നേതാക്കള്‍ തമ്മില്‍ നടത്തിയ ഉച്ചകോടിക്കുശേഷം കൊറിയന്‍ ഉപദ്വീപ് ജപ്പാന്റെ കോളനിയായി കഴിഞ്ഞ 1910 മുതല്‍ 1945 വരെയുള്ള കാലഘട്ടത്തില്‍ കൊറിയന്‍ ജനത അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്കു മുന്നില്‍ തന്റെ ഹൃദയം വേദനിക്കുന്നു എന്ന് ജപ്പാനീസ് പ്രധാനമന്ത്രി കിഷിദ പ്രസ്താവിച്ചു. ഈ വര്‍ഷം ആദ്യം ദക്ഷിണ കൊറിയയുടെ പ്രസിഡൻറ് യൂണ്‍ ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു.
ജാപ്പനീസ് കൊളോണിയലിസത്തെ പറ്റി പ്രധാനമന്ത്രി പരാമര്‍ശം നടത്തിയെങ്കിലും ഈ സംഭവങ്ങള്‍ അരങ്ങേറി പതിറ്റാണ്ടുകള്‍ നിരവധി പിന്നിട്ടിട്ടും ജപ്പാന്‍ ഇതുവരെ തക്കതായ രീതിയില്‍ ഔദ്യോഗികമായി ഖേദപ്രകടനം നടത്താത്തതും കൊറിയന്‍ ജനത അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. നയതന്ത്രപരവും സാമ്പത്തികവുമായി എത്ര നേട്ടം കൊയ്താലും ആളിക്കത്തുന്ന ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ യൂണ്‍ ഭരണകൂടത്തിന് സാധിക്കില്ല.
1910- ല്‍ ജപ്പാന്‍ കൊറിയയെ കോളനിയാക്കി. ഇത് രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്റെ പതനം വരെയും തുടര്‍ന്നു. ഈ മൂന്നര പതിറ്റാണ്ടിനുള്ളില്‍ ഇംപീരിയല്‍ ജപ്പാന്‍ കൊറിയയില്‍ നടത്തിയ മനുഷ്യത്വ വിരുദ്ധനടപടികള്‍ക്കും കൊടുംക്രൂരതകള്‍ക്കും കയ്യും കണക്കുമില്ല. ഈ കാലയളവില്‍ നിരവധി കൊറിയന്‍ പൗരരെ നിര്‍ബന്ധിത തൊഴിലിനും നിര്‍ബന്ധിത ലൈംഗികവൃത്തിയ്ക്കും ജപ്പാന്‍ പാത്രരാക്കി.
ജപ്പാന്റെ ഈ ചെയ്തികള്‍ക്കെതിരായ പ്രതിഷേധം 1980- കളുടെ അവസാന പാദം മുതല്‍ കൊറിയയില്‍ ശക്തമാണ്. പൗരസമൂഹവും പുരോഗമന ചേരിയും ചേര്‍ന്ന് നീതിക്കായുള്ള പോരാട്ടം ശക്തമാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ജാപ്പനീസ് ഭരണകൂടം അവകാശപ്പെടുന്നത്, 1960- കളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തി എന്നാണ്. എന്നാല്‍ ദക്ഷിണ കൊറിയയിലെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നത് 1960- കളിൽ കൊറിയ സൈനിക ഭരണത്തിൻ കീഴിലായിരുന്നു എന്നും ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് ഇത് അംഗീകരിക്കുവാന്‍ കഴിയില്ല എന്നുമാണ്. ഇപ്പോള്‍ രാജ്യം ഭരിക്കുന്ന യാഥാസ്ഥിതിക ഭരണകൂടം സൈന്യത്തിന്റെ പിന്മുറക്കാരാണ് എന്നും ഈ കൂട്ടര്‍ ആരോപിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത് 2018- ല്‍ നടന്ന കൊറിയയിലെ ചില കോടതി വ്യവഹാരങ്ങള്‍ക്കുശേഷമാണ്. കൊളോണിയല്‍ കാലത്ത് നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കപ്പെട്ട ജനതയ്ക്ക്, നിര്‍ബന്ധിത തൊഴിലിലൂടെ ലാഭം കൊയ്ത ജാപ്പനീസ് കമ്പനികള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം എന്നൊരു വിധി ഉണ്ടാവുന്നു. എന്നാല്‍ ഈ കോടതിവിധിയോട് തീര്‍ത്തും നിഷേധാത്മക സമീപനമാണ് ജാപ്പനീസ് കമ്പനികള്‍ സ്വീകരിച്ചത്. അതുപോലെ, 2022-ല്‍ സാഡോ സ്വര്‍ണഖനികള്‍ക്ക് യുനെസ്കോയുടെ പൈതൃക പദവിക്ക് ജപ്പാന്‍ നിര്‍ദ്ദേശിച്ചപ്പോഴും സമാനമായ പ്രതിഷേധം ഉയര്‍ന്നു. ജാപ്പനീസ് സമ്പദ്വ്യവസ്ഥക്ക് കാര്യമായ സംഭാവന നല്‍കിയ ഒരിടമാണ് ഈ കനികള്‍ എങ്കിലും ഇവ പ്രവര്‍ത്തിച്ചിരുന്നത് കൊറിയയില്‍ നിന്നുള്ള നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കപ്പെട്ടവരുടെ കണ്ണീരിലും വിയര്‍പ്പിലും ചോരയിലുമാണ്.
പ്രസിഡന്റായി ഒരു വര്‍ഷം പിന്നിട്ട യൂണിന്റെ ഭരണത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്തുനിന്നുള്ളത്. അമേരിക്കയും ജപ്പാനവുമായിയുള്ള ബന്ധം ദൃഢമാക്കുക, ഉത്തര കൊറിയയോടുള്ള സമീപനം കൂടുതല്‍ കടുപ്പിക്കുക, ചൈനയുമായി തെറ്റില്ലാത്ത രീതിയില്‍ ബന്ധം സ്ഥാപിക്കുക എന്നതാണ് നിലവില്‍ സൗത്ത് കൊറിയന്‍ ഭരണകൂടത്തിന്റെ വിദേശനയം. യൂൺ സര്‍ക്കാര്‍ മൂല്യാധിഷ്ഠിതമായ ഒരു വിദേശനയമാണ് നിലവില്‍ കൈകൊണ്ടിരിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്നുണ്ടാകുന്ന നിരന്തര ആണവ വില്ലുവിളികള്‍, റഷ്യ - യുക്രെയ്ൻ യുദ്ധം, അമേരിക്ക - ചൈന നവശീതയുദ്ധം എന്നിവയെയെല്ലാം മുന്‍നിര്‍ത്തിയാണ് ദക്ഷിണ കൊറിയ ജപ്പാനുമായി അടക്കുന്നത് എന്നുവേണം മനസ്സിലാക്കാന്‍.
ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടിന്റെ ഈ നീക്കം ദക്ഷിണ കൊറിയ -ജപ്പാന്‍ ബന്ധത്തിന് പുതിയ മാനങ്ങളും സാധ്യതകളും സൃഷ്ടിക്കുമെന്ന് കരുതുമ്പോഴും ഈ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല. ജപ്പാന്റെ താൽപര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കി കൊറിയയെ നിലവിലെ ഭരണകൂടം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നു. ജപ്പാന്‍ അധിനിവേശത്തില്‍ ബാധിക്കപ്പെട്ട തങ്ങളുടെ ജനതയ്ക്ക് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞതും, തങ്ങള്‍ ഈ പണം കൈപ്പറ്റില്ല എന്ന് നിര്‍ബന്ധ തൊഴിലിന് വിധേയരാക്കപ്പെട്ടവരില്‍ ചിലര്‍ പറഞ്ഞതും വന്‍ തിരിച്ചടിയായി.
‘ഞാന്‍ നയിക്കാം, നിങ്ങള്‍ വെറുതെ എന്നെ പിന്തുടര്‍ന്നാല്‍ മതി’ എന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സമീപനവും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഭൂരാഷ്ട്രതന്ത്രപരമായ ചില ആനുകൂല്യങ്ങള്‍ നിലവിലെ സൗത്ത് കൊറിയന്‍ സര്‍ക്കാരിന് ലഭിക്കുമെങ്കിലും ഈ പുതിയ ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുവാന്‍ സാധ്യമല്ല.