അമേരിക്കയിൽ ചരിഞ്ഞ ആന

"സമാനതകളും വൈജാത്യങ്ങളും നിറഞ്ഞതാണ് ഇന്ത്യയുടെയും വടക്കേ അമേരിക്കയുടെയും രാഷ്ട്രീയ ചരിത്രം. ഇന്ത്യയെ അപേക്ഷിച്ച് വൈകിയാണ് സാർവജനീനമായ വോട്ടിങ് അവകാശം അമേരിക്കയിൽ ഉണ്ടാവുന്നത്. മോബ് ലിഞ്ചിങ്ങ് യുദ്ധപൂർവ അമേരിക്കയിൽ ധാരാളമുണ്ടായിട്ടുണ്ട്. അതേ സമയം ബ്രിട്ടീഷ് അധീശത്വത്തിൽ നിന്നും നേരത്തെ പുറത്തിറങ്ങാൻ അമേരിക്കക്ക് കഴിഞ്ഞുവെന്നും യൂറോപ്യൻമാർ തദ്ദേശീയമായി ആധിപത്യം സ്ഥാപിച്ചിരുന്നുവെന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം സാമ്പത്തികമായി അമേരിക്ക പുരോഗതി നേടുന്നതിന് യൂറോപ്പ് തടസം നിന്നിരുന്നില്ല എന്നതും അമേരിക്ക വികസിതരാജ്യമാവുന്നതിന് സഹായകമായി"

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം രാജ്യാന്തരവാർത്ത ആയി. അമേരിക്കയിൽ ഉടനീളം ശക്തമായ പ്രതിഷേധഷേധങ്ങൾ തുടരുന്നു. സാമൂഹ്യമാധ്യമങ്ങളുടെയും സിറ്റിസൻ ജേണലിസത്തിന്റെയും നല്ല സാധ്യതകൾ ആണ് ഇതിന് വഴിയൊരുക്കിയത്. അതേ സമയത്ത് തന്നെയാണ് കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട നുണപ്രചരണങ്ങൾ ഉത്തരേന്ത്യയിൽ വൈറൽ ആവുന്നതും. മലപ്പുറം ജില്ലയെയും മുസ്‌ലിങ്ങളെയും പറ്റി വർഗീയവിദേഷപ്രചരണങ്ങൾക്ക് സംഘപരിവാറിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ അടക്കമാണ് മുന്നിൽ നിന്നത്. വൈറലാവുക എന്ന സാമൂഹ്യമാധ്യമങ്ങളുടെ ശക്തി തന്നെയാണ് നുണപ്രചരണത്തിന്റെ കാര്യത്തിൽ അതിന്റെ ദൗർബല്യവുമായി മാറുന്നത്. ഇന്ത്യയിൽ തന്നെ ദളിത് വിഭാഗങ്ങൾക്കെതിരെയും അധഃസ്ഥിതർക്കെതിരെയും ദൈനം ദിനേന നടക്കുന്ന ക്രൂരതകളും കൊലപാതകങ്ങളുമൊന്നും സോഷ്യൽ മീഡിയയിലെ ഇന്ത്യൻ സെലിബ്രിറ്റികളുടെയും മധ്യവർഗത്തിന്റെയും കണ്ണിൽ പെടുന്നില്ല എന്നതും ഖേദകരമായ യാഥാർഥ്യമാണ്.

ഇന്ത്യയിൽ ദളിത് വിഭാഗങ്ങളും അതിഥി തൊഴിലാളികളും കർഷകരും ഒക്കെ കൊല്ലപ്പെടുന്നതും ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്നതുമൊന്നും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിന് സമാനമായ രാജ്യവാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടില്ല

അമേരിക്കയിൽ ഇന്നും കറുത്ത വർഗക്കാർ വംശീയവിദ്വേഷത്തിന്റെ ഇരകളാണ്. സമീപകാലത്തെ ആദ്യകൊലപാതകമല്ല ജോർജ് ഫ്ലോയ്ഡിന്റേത്. ആത്മരക്ഷാർഥം വെടിവെയ്ക്കേണ്ടി വന്നതാണ് എന്ന ഔദ്യോഗിക ഭാഷ്യങ്ങളൊക്കെയാണ് പൊലീസ് നടത്തുന്ന കറുത്ത വർഗക്കാരുടെ കൊലപാതകങ്ങളെ പറ്റി പ്രചരിപ്പിക്കാറ്. കറുത്ത ജീവനുകളും വിലപ്പെട്ടതാണ് എന്ന പ്രതിഷേധ മുദ്രാവാക്യങ്ങളുടെ പശ്ചാത്തലം ഇതാണ്. നിരായുധനായ, അറസ്റ്റിനോട് എതിരിടാത്ത നിസ്സഹായനായ ജോർജ് ഫ്ലോയ്ഡിനെ കാൽമുട്ട് കൊണ്ട് വെളുത്ത വർഗക്കാരനായ പൊലീസുകാരൻ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ‘ആത്മരക്ഷാർത്ഥം' എന്നൊരു വാദത്തിന് സ്കോപ്പില്ലതായി. എങ്കിലും കോടതിയിൽ എത്തുന്ന തെളിവുകൾ എന്താണെന്ന് കണ്ട് തന്നെ അറിയണം. ഇന്ത്യയിൽ ദളിത് വിഭാഗങ്ങളും അതിഥി തൊഴിലാളികളും കർഷകരും ഒക്കെ കൊല്ലപ്പെടുന്നതും ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് ന്യൂനപക്ഷങ്ങളെ തല്ലിക്കൊല്ലുന്നതുമൊന്നും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിന് സമാനമായ രാജ്യവാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടില്ല.

സമാനതകളും വൈജാത്യങ്ങളും നിറഞ്ഞതാണ് ഇന്ത്യയുടെയും വടക്കേ അമേരിക്കയുടെയും രാഷ്ട്രീയ ചരിത്രം. ഇന്ത്യയെ അപേക്ഷിച്ച് വൈകിയാണ് സാർവജനീനമായ വോട്ടിങ് അവകാശം അമേരിക്കയിൽ ഉണ്ടാവുന്നത്. മോബ് ലിഞ്ചിങ്ങ് യുദ്ധപൂർവ അമേരിക്കയിൽ ധാരാളമുണ്ടായിട്ടുണ്ട്. അതേ സമയം ബ്രിട്ടീഷ് അധീശത്വത്തിൽ നിന്നും നേരത്തെ പുറത്തിറങ്ങാൻ അമേരിക്കക്ക് കഴിഞ്ഞുവെന്നും യൂറോപ്യൻമാർ തദ്ദേശീയമായി ആധിപത്യം സ്ഥാപിച്ചിരുന്നുവെന്നത് കൊണ്ട് സ്വാതന്ത്ര്യാനന്തരം സാമ്പത്തികമായി അമേരിക്ക പുരോഗതി നേടുന്നതിന് യൂറോപ്പ് തടസം നിന്നിരുന്നില്ല എന്നതും അമേരിക്ക വികസിതരാജ്യമാവുന്നതിന് സഹായകമായി. യൂറോപ്യൻ ഇമ്പീരിയലിസത്തിന്റെ തുടർശക്തിയാവാനും അമേരിക്കക്ക് ആയി. എന്നാൽ അമേരിക്കയിലെ കറുത്ത വർഗക്കാർ തുടർന്നും ചൂഷണം മാത്രം നേരിട്ടു. എന്നാൽ ഒത്തൊരുമിച്ചുള്ള പ്രതിഷേധ പരിപാടികളുടെയും മറ്റും ഭാഗമായി കുറേ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം കറുത്ത വർഗക്കാർക്കിടയിൽ ഒരു ചെറുന്യൂനപക്ഷത്തിനെങ്കിലും വെർട്ടിക്കൽ മൊബിലിറ്റി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അതിസമ്പന്നരോ സെലിബ്രിറ്റികളോ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതോ ആയ വിരലിൽ എണ്ണാവുന്ന കറുത്ത വർഗക്കാർ എങ്കിലുമുണ്ട്. ചെറുതെങ്കിലും മോശമല്ലാത്ത ഒരു മധ്യവർഗവുമുണ്ട്. വംശീയത അതേ പടി ബാക്കി നിൽക്കുമ്പോഴും ഈ വെർറ്റിക്കൽ മൊബിലിറ്റിയാണ് ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അമേരിക്കയിൽ സാധ്യമാക്കുന്നത്. ഇന്ത്യയിൽ സമാനമായ ഒരു വെർട്ടിക്കൽ മൊബിലിറ്റി ദളിത് വിഭാഗങ്ങൾക്ക് സാധ്യമായിട്ടില്ല.

അമേരിക്ക പതിയെ സാമ്പത്തികവളർച്ച നേടുന്ന കാലത്തും ഇന്ത്യ ബ്രിട്ടീഷ് ചൂഷണത്തിന് കീഴിൽ തന്നെ തുടരുകയായിരുന്നു. അമേരിക്കയിലെ വംശീയവിദ്വേഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണെങ്കിൽ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് അതിന്റെ എത്രയോ ഇരട്ടി പഴക്കമുണ്ട്, അതിനാൽ തന്നെ കൂടുതൽ ആഴത്തിൽ വേരുള്ളതും സങ്കീർണവുമാണ്. അംബേദ്കറിനെപ്പോലെ ഉള്ള വിഷനറികൾ ഇടപെടലുകൾ നടത്താൻ ശ്രമിച്ചിട്ടും സ്വാതന്ത്ര്യാനന്തരമുള്ള ദശാബ്ദങ്ങളിൽ ദളിത് വിഭാഗങ്ങളുടെ ഉയർച്ച ഉണ്ടായിട്ടില്ല. ആ തരത്തിലുള്ള മാറ്റവും പ്രതിഷേധങ്ങളും ഇനിയുമുണ്ടാവാനിരിക്കുന്നതേയുള്ളൂ, തീർച്ചയായും ഉണ്ടാവും. അമേരിക്കയിലെ പ്രതിഷേധങ്ങളോട് ഐക്യപ്പെടാൻ ഇന്ത്യാക്കാർക്ക് അവകാശമില്ല എന്നൊക്കെ ഇടയിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ഇതിൽ ശരികേടുണ്ട്. മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിൽ ഒട്ടും പിറകിൽ അല്ലാത്ത രാജ്യമാണ് അമേരിക്ക. ഡ്രോണുകൾ ഉപയോഗിച്ച് മിഡിൽ ഈസ്റ്റിൽ കുട്ടികൾ അടക്കമുള്ള സിവിലിയൻസിനെതിരെ ബോംബ് പ്രയോഗിക്കുകയും ഗ്വാണ്ടനാമോ ജയിലുകളിലും മറ്റുമായി പീഢനങ്ങൾ നടത്തുകയും ചെയ്യുന്ന അമേരിക്കക്കാർക്ക് ഇന്ത്യയിലെ മോബ് ലിഞ്ചിങ്ങിനെതിരെയും പ്രതിഷേധിക്കാൻ അവകാശമില്ല എന്ന് അപ്രകാരമാണെങ്കിൽ പറയേണ്ടി വരും. എന്നാൽ അമേരിക്കയിൽ ആയാലും ഇന്ത്യയിൽ ആയാലും സിസ്റ്റമാറ്റിക് ആയ വയലൻസിന് പിറകിൽ സ്വാർഥതാല്പര്യമുള്ള ഒരു ഭരണവർഗവും അവരുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന ഒരു പ്രിവിലേജിഡ് വർഗവുമാണുള്ളത്. അതിന് വെളിയിലുള്ള ബഹുഭൂരിപക്ഷം മനുഷ്യരും ചൂഷണത്തിന്റെ ഇരകൾ മാത്രമാണ്. ഇവർക്കിടയിൽ യോജിപ്പിന് സാധ്യതകളുണ്ട്. ഇന്ത്യയിലെയും അമേരിക്കയിലെയും ബ്രിട്ടണിനിലെയുമെല്ലാം തീവ്രവലതുപക്ഷത്തെ പിന്തുണയ്ക്കുന്നവർ തമ്മിൽ രാഷ്ട്രീയമായ ഐക്യമുണ്ടാവുന്നത് നാം കാണുന്നുണ്ട്. ഇന്ത്യയ്ക്ക് വെളിയിൽ താമസിക്കുന്ന സംഘപരിവാർ അനുകൂലികൾ എല്ലാം ട്രമ്പിന്റെയോ ബോറിസ് ജോൺസന്റെയോ തിരഞ്ഞെടുപ്പിനെ സഹായിക്കാൻ താല്പര്യമുള്ളവർ ആയിരിക്കുന്നത് അങ്ങിനെയാണ്.

എല്ലാ രാജ്യങ്ങളിലും മനുഷ്യൻ മനുഷ്യരെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നു. ഇവിടെ ഇരകൾ ആക്കപ്പെടുന്ന മനുഷ്യരും പ്രകൃതിയും പരിസ്ഥിതിയുമെല്ലാം സ്വന്തമായി ശബ്ദമില്ലാത്തവരാണ്

ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് സംഘപരിവാർ നുണപ്രചാരങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി തന്നെ പ്രതിരോധം സൃഷ്ടിക്കേണ്ട സാഹചര്യം ഉണ്ടായി. വർഗീയവിദേഷത്തിനെതിരെ ഉള്ള സമരത്തിൽ അത്യാവശ്യമായ കാര്യമായിരുന്നു അത്. എന്നാൽ അതിനിടയിൽ ഇന്ത്യയിൽ വളരെയധികം ചൂഷണം നേരിടുന്ന വന്യമൃഗമാണ് ആന എന്ന വസ്തുത മുങ്ങിപ്പോയി. ആനപ്രേമികൾ എന്ന് വിളിക്കുന്ന മനുഷ്യർ തന്നെയാണ് ആനയെ ദ്രോഹിക്കുന്നത് എന്നതാണ് വസ്തുത. അതേ പോലെ വന്യമൃഗങ്ങൾ മനുഷരിൽ നിന്നും നേരിടുന്ന ക്രൂരതകൾ. ഏതോ കൃഷിയിടത്തെ സംരക്ഷിക്കാൻ ഒരു കർഷകത്തൊഴിലാളി വെച്ച പന്നിപ്പടക്കത്തേക്കാൾ വ്യാപ്തിയേറിയതാണ് സ്റ്റേയ്റ്റിന്റെ ഒത്താശയോടെ ആധുനികമുതലാളിത്തം ആവാസവ്യവസ്ഥ ഇല്ലായ്മ ചെയുന്നതും അതിന്റെ ഭാഗമായി വനത്തോട് ചേർന്ന് കിടക്കുന്ന റൂറൽ ഏരിയകൾ മനുഷ്യരും മൃഗങ്ങളും തമ്മിൽ ഉള്ള കോൺഫ്ലിക്റ്റുകൾ വർദ്ധിക്കുന്നതും.

സ്‌ഫോടകവസ്തു പൊട്ടി വായ തകർന്ന് പാലക്കാട് ചരിഞ്ഞ ആന

എല്ലാ രാജ്യങ്ങളിലും മനുഷ്യൻ മനുഷ്യരെ ചൂഷണം ചെയ്യുന്നു. മനുഷ്യൻ പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്നു. ഇവിടെ ഇരകൾ ആക്കപ്പെടുന്ന മനുഷ്യരും പ്രകൃതിയും പരിസ്ഥിതിയുമെല്ലാം സ്വന്തമായി ശബ്ദമില്ലാത്തവരാണ്. എന്നാൽ ഒരേ ചൂഷണവ്യവസ്ഥിതിയുടെ തന്നെ ഇരകളാണ് എന്നത് കൊണ്ട് ഈ പ്രശ്നങ്ങൾ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചൂഷണത്തിനിരയാവുന്ന മനുഷ്യർ ആണ് ആദ്യ പരിഗണന അർഹിക്കുന്നവർ. എന്നാൽ പരിസ്ഥിതിയും മൃഗങ്ങളും ചൂഷണത്തിനിരയാവുമ്പോഴും അതിന്റെ ദുർഫലങ്ങൾ ആത്യന്തികമായി ബാധിക്കുക നിലവിൽ മറ്റ് ചൂഷങ്ങൾ നേരിടുന്ന ജനവിഭാഗങ്ങൾ തന്നെ ആയിരിക്കുമെന്നതും വസ്തുതയാണ്. വെസ്റ്റേൺ ഇമ്പീരിയലിസത്തിനിരയാകുന്ന ഇതരജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ജെൻഡർ ഈക്വാലിറ്റിയുമെല്ലാം ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളോടൊപ്പം ചേർത്ത് വെച്ച് കാണുന്നതിന് പിറകിലെ യുക്തിയും ഇതാണ്. ലോകത്താകമാനം നിലനിൽക്കുന്ന ചൂഷണങ്ങൾക്കെതിരെ യുദ്ധം നയിക്കാൻ കെൽപ്പുള്ള വിഭാഗം തൊഴിലാളികളാണ് എന്നാണ് മാർക്സും ഏംഗൽസും കരുതിയത്. അതുകൊണ്ട് സർവരാജ്യത്തെയും തൊഴിലാളികളോട് ഒരുമിച്ച് ചൂഷണത്തെ നേരിടാനാണ് അവർ ആഹ്വാനം ചെയ്തത്. മാർക്സും ഏംഗൽസും ലെനിനും ലക്സംബർഗും അംബേദ്കറും മണ്ടേലയുമെല്ലാം സാർവദേശീയത കൂടെ സ്വന്തം വീക്ഷണത്തിൽ ഉൾപ്പെടുത്തിയവർ ആയിരുന്നു. പ്രശ്നങ്ങളെയെല്ലാം വേർതിരിച്ച് മാറ്റി പ്രതിഷേധിക്കുന്ന മനുഷ്യർ സ്വയം അകലം പാലിക്കേണ്ടതില്ല എന്നാണ് കാണേണ്ടത്. ഫാർ റൈറ്റ് കൺസർവേറ്റീവുകൾ എല്ലാം തങ്ങളുടെ താല്പര്യസംരക്ഷണാർത്ഥം പരസ്പരസഹായം ചെയ്ത് കൊണ്ടിരിക്കുന്ന ഒരു കാലത്ത് പ്രത്യേകിച്ചും.

Comments