ദ്വീപുരാഷ്ട്രമായ ശ്രീലങ്കയുടെ (Sri Lanka) രാഷ്ട്രീയത്തിൽ ഒരു ദിശാമാറ്റം സംഭവിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊറുതിമുട്ടിയ ജനം നടത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് 2022-ൽ മുൻ പ്രസിഡൻറ് ഗോതബയെ രാജപക്സെയ്ക്ക് അധികാരം വിട്ടൊഴിയേണ്ടി വന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം നടന്ന തെരഞ്ഞെടുപ്പിൽ ലങ്കയിലെ ജനത നാഷണൽ പീപ്പിൾസ് പവർ (National Peoples Power) എന്ന മുന്നണിയെ രാജ്യത്തിൻെറ അധികാരം ഏൽപ്പിച്ചിരിക്കുന്നു. ചരിത്രത്തിൽ ഇതാദ്യമായി രാജ്യത്ത് ഒരു ഇടതുപക്ഷ നേതാവ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയുമടക്കമുള്ള പ്രതിസന്ധികളെ മറികടക്കാൻ ജനം വിശ്വാസമർപ്പിച്ചിരിക്കുന്നത് ഇടതുപക്ഷ ആശയത്തെ മുറുകെ പിടിക്കുന്ന, എ.കെ.ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, അനുര കുമാര ദിസനായകെയാണ് (Anura Kumara Dissanayake).
ശ്രീലങ്കയിലെ പുതിയ പ്രസിഡൻറിനെ സംബന്ധിച്ചിടത്തോളം ഇത് കേവലം വ്യക്തിപരമായ രാഷ്ട്രീയ വിജയമല്ല. വിദ്യാഭ്യാസകാലം മുതൽ താൻ വിശ്വസിച്ച് പ്രവർത്തിച്ച ഒരു രാഷ്ട്രീയ ധാരയ്ക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചുവെന്നത് അദ്ദേഹത്തിൻെറ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഇടത് - സോഷ്യലിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച ജനതാ വിമുക്തി പെരുമനയ്ക്ക് (ജെ.വി.പി.) രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാനുള്ള നയം രൂപീകരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ദിസനായകെ അതിന് നേതൃത്വം നൽകേണ്ടതുമുണ്ട്.
ലങ്കൻ രാഷ്ട്രീയത്തിൽ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച നേതാവല്ല ദിസനായകെ. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ അദ്ദേഹം രാഷ്ട്രീയ ഭൂമികയിലുണ്ട്. വിദ്യാർഥികളെ സംഘടിപ്പിച്ച് തുടങ്ങിയ രാഷ്ട്രീയത്തിൽ നിന്ന് പിന്നീട് യുവജന പ്രസ്ഥാനത്തിലേക്കും സായുധ വിപ്ലവത്തിൻെറ പാതയിലേക്കുമെല്ലാം ചുവടുമാറുന്നുണ്ട് അദ്ദേഹം. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരെയുള്ള അനുരാധപുര ജില്ലയിലെ തമ്പുട്ടെഗമ എന്ന ഗ്രാമത്തിൽ ഒരു മധ്യവർഗ കുടുംബത്തിലാണ് 1968 നവംബർ 24-ന് ദിസനായകെയുടെ ജനനം. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെ അലട്ടിയിരുന്നുവെങ്കിലും മകന് നല്ല വിദ്യാഭ്യാസം നൽകണമെന്ന കാര്യത്തിൽ ദിസനായകെയുടെ രക്ഷിതാക്കൾക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ദമ്പുത്തഗമയിലെ ഗമിനി വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ ദിസനായകെ നല്ല മാർക്കോടെ പാസ്സായി, ഒപ്പം രാഷട്രീയ പ്രവർത്തനവും തുടങ്ങി. കെലാനിയ സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ജനതാ വിമുക്തി പെരുമനയിലൂടെയാണ് (ജെ.വി.പി) മുഖ്യധാരാ രാഷ്ട്രീയത്തിൻെറ ഭാഗമാവുന്നത്.
1987-89 കാലത്ത് പാർട്ടിയുടെ നേതൃത്വത്തിൽ, അന്നത്തെ ശ്രീലങ്കൻ സർക്കാരിൻെറ നയങ്ങൾക്കെതിരെ നടന്ന സായുധ സമരത്തിൽ യുവാവായിരുന്ന ദിസനായകെ സജീവമായി തന്നെ പങ്കെടുത്തിരുന്നു. 1995-ൽ സോഷ്യലിസ്റ്റ്സ് സ്റ്റുഡൻറ്സ് അസോസിയേഷൻെറ ദേശീയ ഓർഗനൈസറായി മാറി. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനമായിരുന്നു അത്. പൊതുജന രാഷ്ട്രീയത്തിൽ സജീവമായ ദിസനായകെ പിന്നീട് ജെ.വി.പിയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗമായി. 1998-ൽ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായി. തൊഴിലാളി വർഗത്തോടും അടിസ്ഥാന ജനവിഭാഗങ്ങളോടും അനുഭാവപൂർണമായ പ്രത്യയശാസ്ത്ര വ്യക്തതയുള്ള ഇടതുരാഷ്ട്രീയക്കാരനായ ദിസനായകെ എക്കാലത്തും അധികാര വർഗ രാഷ്ട്രീയത്തിനോട് കലഹിച്ച് നിന്ന നേതാവാണ്.
സായുധ വിപ്ലവത്തിൻെറ പാതയിലൂടെ, ലങ്കയിൽ അധികാരത്തിലിരുന്നവരോട് പോരാട്ടം നയിച്ച ദിസനായകെയുടെ പാർട്ടിയിൽ ഇപ്പോഴും അതുമായി ബന്ധപ്പെട്ട ആശയഭിന്നത നിലനിൽക്കുന്നുണ്ട്. തീവ്ര ഇടതു രാഷ്ട്രീയത്തിൽ നിന്ന് ജെ.വി.പിയുടെ വഴി മാറ്റുന്നതിൽ ദിസനായകെ അടക്കമുള്ള നേതാക്കൾക്ക് വലിയ പങ്കുണ്ട്. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലും രാഷ്ട്രീയ കമ്മിറ്റിയിലുമൊക്കെ തൻെറ ശബ്ദം ഉയർത്തുന്നതിൽ ദിസനായകെ ഒരു മടിയും കാണിച്ചിട്ടില്ല. പാർലമെൻററി രാഷ്ട്രീയത്തിൽ ഇന്ന് ജനതാ വിമുക്തി പെരുമനയ്ക്ക് സംഭവിച്ച ദിശാമാറ്റത്തിന് അങ്ങനെ അദ്ദേഹം പ്രധാന കാരണക്കാരനായി മാറുന്നു. 1998-ൽ സെൻട്രൽ പ്രൊവിൻഷ്യൽ കൗൺസിലിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നതോടെയാണ് ദിസനായകെ പാർലമെൻററി രാഷ്ട്രീയത്തിൽ ആദ്യചുവട് വെക്കുന്നത്. തെരഞ്ഞെടുപ്പിൽ ജെ.വി.പിയ്ക്ക് വിജയം നേടാനൊന്നും സാധിച്ചില്ലെങ്കിലും ദിസനായകയ്ക്ക് ജനങ്ങളുടെ മനസ്സറിയാനും തിരിച്ചും ലഭിച്ച അവസരമായിരുന്നു അത്. രണ്ട് വർഷത്തിന് ശേഷം ലങ്കയുടെ പാർലമെൻറിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. കുരുനെഗല ജില്ലയെ പ്രതിനിധീകരിച്ച് പാർലമെൻറിലെത്തിയ ദിസനായകെ ചന്ദ്രിക കുമാരതുംഗെ സർക്കാരിൽ മന്ത്രിയുമായിരുന്നു. ശ്രീലങ്ക ഫ്രീഡം പാർട്ടി രാജ്യം ഭരിച്ചിരുന്ന അക്കാലത്ത് ജെ.വി.പി ആ മുന്നണിയുടെ ഭാഗമായിരുന്നു. ദിസനായകെയിലെ ഭരണാധികാരിയുടെ മികവ് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാലമായിരുന്നു അത്. കൃഷി, ഭൂവിഭവം, ജലസേചനം തുടങ്ങിയ വകുപ്പുകൾ ഭരിച്ച അദ്ദേഹം കാർഷിക മേഖലയിലും പ്രാദേശിക വികസനത്തിൻെറ കാര്യത്തിലും സർക്കാരിൻെറ നയരൂപീകരണത്തിൽ പ്രധാനപങ്ക് വഹിച്ചു.
പാർലമെൻറംഗമെന്ന നിലയിലും മന്ത്രിയെന്ന നിലയിലും ശോഭിച്ച ദിസനായകെ വൈകാതെ തന്നെ ലങ്കയിൽ ജെ.വി.പി.യുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി വളർന്നു. 2008-ൽ പാർട്ടിയുടെ പാർലമെൻററി ഗ്രൂപ്പ് നേതാവായ അദ്ദേഹം, അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചടി നേരിട്ടിട്ടും വിജയിച്ച് വീണ്ടും പാർലമെൻറ് അംഗമായി മാറി. ഇടതു രാഷ്ട്രീയത്തിൽ ഉറച്ചുനിന്ന ദിസനായകെയ്ക്ക് രാജ്യത്തെ പുതുതലമുറ വോട്ട് ബാങ്കിൽ വലിയ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചിരുന്നു. തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അദ്ദേഹം വിജയിച്ചതിനും ഒരു പ്രധാനകാരണം ഇത് തന്നെയായിരുന്നു. അധികാര ദുർവിനിയോഗത്തിലും അരക്ഷിതാവസ്ഥയിലും മനം മടുത്ത യുവജനതയുടെ പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2014-ൽ സോമവൻസെ അമരസിംഗെയുടെ പിൻഗാമിയായി ദിസനായകെ ലങ്കയിലെ ഇടതുപക്ഷ പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെട്ടു. കൃത്യം പത്ത് വർഷങ്ങൾക്കിപ്പുറം രാജ്യത്തിൻെറ ആദ്യ ഇടതു പ്രസിഡൻറായി മാറുകയും ചെയ്യുന്നു.
ജെ.വി.പിയെ പൊതുസ്വീകാര്യതയുള്ള പാർട്ടിയാക്കി മാറ്റുക എന്നതായിരുന്നു ദിസനായകെ പാർട്ടി നേതൃപദവിയിൽ വന്ന ശേഷം ലക്ഷ്യമിട്ടത്. അതിൽ അദ്ദേഹം കൃത്യമായി വിജയിക്കുകയും ചെയ്തു. സായുധ വിപ്ലവത്തിൻെറ ചരിത്രമുള്ള പാർട്ടിയെ അഴിമതി വിരുദ്ധ പാർട്ടിയാക്കി, ജനാധിപത്യ സോഷ്യലിസ്റ്റ് പാർട്ടിയാക്കി, രാഷ്ട്രീയ ജീർണതയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന പാർട്ടിയാക്കി അദ്ദേഹം മാറ്റിമറിച്ചു. 2015-ൽ കൊളംബോയിൽ നിന്നും പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ദിസനായകെ പാർലമെൻറിൽ ചീഫ് ഓപ്പോസിഷൻ വിപ്പായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. സർക്കാർ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച അദ്ദേഹം അഴിമതിക്കെതിരെയും അതി ദേശീയതക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. ലങ്കയിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പാർലമെൻറിൽ ഉന്നയിച്ച് അവരുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു. 2019 ആവുമ്പോഴേക്കും ദിസനായകെ ദേശീയ തലത്തിൽ പ്രധാനപ്പെട്ട നേതാവായി വളർന്നിരുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി നേതൃത്വത്തിലുള്ള മുന്നണിയുടെ പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹത്തിന് വെറും 3.16 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിലും, ആ അടിത്തറയിലൂടെയാണ് 2024ലും പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിക്കുന്നത്. 2022-ൽ ഗോതബയ രാജപക്സെയെ സ്ഥാനഭ്രഷ്ടനാക്കിയ പ്രക്ഷോഭങ്ങളുടെ മുൻനിരയിലും ദിസനായകെ ഉണ്ടായിരുന്നു.
ചൈനീസ് അനുകൂല നിലപാടുകളെടുക്കുന്ന, ഇന്ത്യയോട് വിമർശനാത്മക സമീപനമെടുക്കുന്ന നേതാവായിട്ടാണ് ലങ്കയിലെ ഇടതു നേതാവിനെ രാഷ്ട്രീയ വിദഗ്ദർ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ അതിന് തെളിവായി നിരവധി ഘടകങ്ങൾ ഉണ്ടായിട്ടുണ്ട്. വടക്കുകിഴക്കൻ ലങ്കയിലെ തമിഴ് സ്വയംഭരണത്തോടും ഇന്ത്യൻ സമാധാന സേനയുടെ ഇടപെടലിനോടും വിയോജിച്ചിട്ടുള്ള പാർട്ടിയാണ് ജെ.വി.പി. ഇന്ത്യാ - ശ്രീലങ്ക സാമ്പത്തിക ഉടമ്പടിയോടും പാർട്ടിക്ക് വിയോജിപ്പുണ്ടായിരുന്നു. ശ്രീലങ്കയിൽ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളോട് പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദിസനായകെ. കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് തിരികെ നൽകരുതെന്ന് അദ്ദേഹം ലങ്കൻ പാർലമെൻറിൽ നിലപാടെടുത്തിട്ടുമുണ്ട്. ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധം തുടരുമെന്ന് ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ദിസനായകെ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയുക്ത ലങ്കൻ പ്രസിഡൻറിനെ അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക, വിദേശകാര്യ നയങ്ങളുടെ കാര്യത്തിൽ ദിസനായകെ സർക്കാർ എടുക്കുന്ന നയങ്ങളിൽ നിന്ന് വ്യക്തമാവും എന്തായിരിക്കും ഇന്ത്യയോടുള്ള നിലപാടെന്നത്.
പ്രസിഡൻറായി ചുമതലേൽക്കുന്ന ദിസനായകെയ്ക്ക് മുന്നിൽ നിരവധി വെല്ലുവിളികളുണ്ട്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക അസ്ഥിരതയും പണപ്പെരുപ്പവുമെല്ലാം വേട്ടയാടുന്ന രാജ്യത്ത് സുസ്ഥിര ഭരണം ഉറപ്പാക്കുകയെന്നതാണ് ഒന്നാമത്തെ കാര്യം. പലവിധത്തിൽ ഭിന്നിച്ച് നിൽക്കുന്ന രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ടതുണ്ട്. രാജപക്സെ സർക്കാരിനെ പുറത്താക്കിയ ജനങ്ങളാണ് ദിസനായകെയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ മുന്നിൽ കണ്ട് അവർക്ക് ഗുണകരമാവുന്ന പദ്ധതികൾ നടപ്പിലാക്കുകയെന്നതാണ് മറ്റൊന്ന്. ചൈന, ജപ്പാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളോട് ശ്രീലങ്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ട്. അത് തീർക്കുകയും ഐഎംഎഫ് ലോണുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുകയും വേണം. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങി രാജ്യം നേരിടുന്ന അനവധിയായ പ്രതിസന്ധികളെ മറികടന്ന് വേണം രാജ്യം ഭരിക്കേണ്ടത് എന്നത് ദിസനായകെയുടെ വെല്ലുവിളി വർധിപ്പിക്കുന്നുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ, യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന്, ഇടതു പാർട്ടിയെ സോഷ്യലിസ്റ്റ് ആശയത്തിൽ അടിയുറപ്പിച്ച് മുന്നോട്ട് നയിച്ച് എംപിയായും മന്ത്രിയായും പ്രതിപക്ഷ നേതാവായുമെല്ലാം പാർലമെൻററി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പരിചയസമ്പത്ത് 56കാരനായ ദിസനായകെയ്ക്ക് ഈ പ്രതിസന്ധികളെ മറികടക്കാൻ ഗുണകരമാവുമെന്നാണ് ലങ്കൻ ജനത കരുതുന്നത്.