“ക്ഷാമം കൊണ്ടും പട്ടിണി കൊണ്ടും മരിക്കുന്നവർ ഇഞ്ചിഞ്ചായി മരിക്കുന്നു. ക്ഷാമവും പട്ടിണിയും ശരീരത്തെ മാത്രമല്ല തകർത്ത് കളയുന്നത്. പ്രതീക്ഷയുടെ ഓരോ തരിയും അത് ഇല്ലാതാക്കി നിരാശയുടെ പടുകുഴിയിലേക്ക് നയിക്കുന്നു,” മാത്യു ഹെൻറി എഴുതുന്നു. ഗാസയിൽ കൃത്യമായി ഇപ്പോൾ ഇതാണ് നടക്കുന്നത്. ഏകദേശം അര ദശലക്ഷത്തോളം പേരാണ് അവിടെ പട്ടിണി കൊണ്ട് വലയുന്നത്. അടച്ചിട്ട അതിർത്തികൾക്ക് പിന്നിൽ ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നു. തെരുവുകളിലെ മനുഷ്യരെല്ലാം വിശപ്പിൻെറ ക്രൂരമായ വേട്ടയാടൽ അനുഭവിക്കുന്നു.
ക്ഷാമം ഒരു ജനതയെ ഇഞ്ചിഞ്ചായി കൊല്ലുന്നത് നാം കൺമുന്നിൽ കാണുന്നു. ബോംബുകൾ കൊണ്ടല്ല, പട്ടിണി കൊണ്ടാണ് അവിടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുലപ്പാൽ കിട്ടാതെ കരയുന്നു. അമ്മമാർ ക്ഷീണം കൊണ്ട് തളർന്നു വീഴുന്നു. തെരുവുകൾ മുഴുവൻ ദുഃഖത്തിന്റെയും നിരാശയുടെയും ശബ്ദം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് നമ്മുടെ ലോകത്ത് ഇപ്പോൾ നടക്കുന്ന യാഥാർത്ഥ്യമാണ്. ഗാസയിലെ മനുഷ്യരുടെ ദുരിതം തുടരുകയാണ്. എന്നാൽ, ലോകം അതിനെ നിശബ്ദമായി നോക്കിക്കാണുക മാത്രമാണ് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ മനുഷ്യരുടെ ആത്മാഭിമാനത്തിൻെറയും സ്വപ്നങ്ങളുടെയും ശവപ്പറമ്പായി മാറിയിരിക്കുകയാണ്. പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ മുതൽ 59,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ആയിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ഇസ്രായേലി പത്രമായ 'ഹാരെറ്റ്സ്' (Haaretz) സ്ഥിരീകരിക്കുന്നു. പക്ഷേ, ഈ മരണങ്ങളിൽ പലതും സംഭവിക്കുന്നത് വെടിയുണ്ടകളോ ബോംബുകളോ കൊണ്ടല്ല. പട്ടിണിയിൽ നിന്നാണ്, സാവധാനത്തിലുള്ള ഭീതിജനകമായ മരണം അവർക്ക് സംഭവിക്കുന്നു. പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്നതായി ആശുപത്രികൾ റിപ്പോർട്ട് ചെയ്യുന്നു. ഇലകളും പുല്ലും എന്തിന് മൃഗങ്ങളുടെ തീറ്റ പോലും കഴിച്ചാണ് മനുഷ്യർ അതിജീവിക്കുന്നത്. ആരോഗ്യ സംവിധാനം ആകെ തകർന്നിരിക്കുന്നു. ജലം മലിനമായിരിക്കുന്നു. അന്തരീക്ഷം മുഴുവൻ ഭയത്താൽ മൂടപ്പെട്ടിരിക്കുന്നു.

ഐക്യരാഷ്ട്രസഭയും മാനുഷിക ഏജൻസികളുമെല്ലാം ഗാസയിൽ പട്ടിണി കിടക്കുന്ന മനുഷ്യരെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമങ്ങളെല്ലാം എല്ലാ വഴികളിലും തടയപ്പെടുകയാണ് ചെയ്യുന്നത്. ഭക്ഷണവും മരുന്നുമടക്കമുള്ള സഹായവുമായി എത്തിയ 1000-ത്തിലധികം ട്രക്കുകൾ ഇസ്രായേലി സൈന്യം തകർത്തുവെന്ന് ആ രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റേഴ്സ് തന്നെ പുറത്തുവിട്ടിട്ടുള്ള കാര്യമാണ്. ഗാസയിൽ മനുഷ്യർ പട്ടിണി കിടക്കുമ്പോൾ അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്ന ട്രക്കുകളിൽ ഭക്ഷണം ചീഞ്ഞ് നശിക്കുകയാണ് ചെയ്യുന്നത്.
വളരെ പരിമിതമായ സഹായം മാത്രമാണ് ഗാസയിൽ നേരിട്ടെത്തുന്നത്. എന്നാൽ, അത് തീർത്തും പോരാത്ത അവസ്ഥയാണ്. ആശുപത്രികൾക്കും ജലവിതരണ സംവിധാനങ്ങൾക്കും ആവശ്യമായ ഇന്ധനം തീർന്നുപോയിരിക്കുന്നു. ഗർഭിണികളായ സ്ത്രീകളും നവജാത ശിശുക്കളും വലിയ അപകടസാധ്യതയിലൂടെയാണ് കടന്നുപോവുന്നത്. വളരെ ആസൂത്രിതമായാണ് എല്ലാം നശിപ്പിക്കുന്നത്. ജനങ്ങളുടെ ദുരിതം ഒട്ടും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കൃത്യമായ പദ്ധതികളോടെ ജനങ്ങളെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ ചെയ്യുന്നതാണിത്.

ഇതെല്ലാം സംഭവിക്കുമ്പോഴും, അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ മൗനം തുടരുകയാണ്. മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാറുള്ള ലോകത്തിലെ വൻ ശക്തികൾ പോലും ഗാസയുടെ കാര്യം വരുമ്പോൾ ഒന്നും മിണ്ടുന്നില്ല. ഡൊണാൾഡ് ട്രംപിൻെറ നേതൃത്വത്തിൽ അമേരിക്ക ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് നൽകുന്നത്. ട്രംപ് അറിഞ്ഞുകൊണ്ടാണ് ഇസ്രായേൽ പലസ്തീൻ ജനതയ്ക്കുള്ള സഹായവും ഭക്ഷണവും നിഷേധിക്കുന്നത്. സങ്കൽപ്പിക്കാനാവാത്ത വിധം ഭീകരമായ ഒരു അവസ്ഥയിലേക്ക് സ്ഥിതിഗതികൾ നീങ്ങിയിട്ടും, ആഗോള വേദികളിൽ വാഷിംഗ്ടൺ ഇസ്രായേലിനെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഈ നിശബ്ദത ക്രൂരതയ്ക്കുള്ള പിന്തുണയാണ്
ഈ പ്രതിസന്ധി രാഷ്ട്രീയമായ പരാജയം മാത്രമല്ല, ധാർമികതയുടെ കൂടി പരാജയമാണ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ കൺവെൻഷനിൽ പ്രഖ്യാപിച്ച അവകാശ സംരക്ഷണ പ്രഖ്യാപനത്തിൽ ഇസ്രായേലും ഒപ്പുവെച്ചിട്ടുള്ളതാണ്. യുദ്ധതന്ത്രമെന്ന നിലയിൽ സാധാരണക്കാരെ പട്ടിണിക്കിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ, പ്രത്യേകിച്ച് ജനീവ കൺവെൻഷനുകളുടെ ലംഘനമാണ്. വിശപ്പ് ആയുധമായി ഉപയോഗിക്കുന്നത് യുദ്ധകുറ്റകൃത്യമാണ്. ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പല നിയമ പണ്ഡിതരും ഇതിനോടകം തന്നെ തുറന്നുപറഞ്ഞിട്ടുള്ളതാണ്.
ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളും മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കലുമെല്ലാം കാരണം നീതിക്ക് വേണ്ടിയുള്ള മുറവിളിയെല്ലാം മുങ്ങിപ്പോവുകയാണ് ചെയ്യുന്നത്. ന്യൂയോർക്ക് മുതൽ ഇസ്താംബൂൾ വരെയുള്ള തെരുവുകളിൽ വെടിനിർത്തലിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നടന്നുവെങ്കിലും അതിനെയെല്ലാം കണ്ടിലെ്ലെന്ന് നടിക്കുകയാണ് സർക്കാരുകൾ. സഹായം നൽകുന്ന ഏജൻസികൾ അവരുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ സന്നദ്ധമാണെങ്കിലും ഇസ്രായേൽ അവരെ തടയുകയാണെന്ന് മാത്രമല്ല, ലോകത്തെ വൻശക്തികളൊന്നും തന്നെ പിന്തുണയും നൽകുന്നില്ല.
എന്താണ് ചെയ്യേണ്ടത്?
മാനുഷിക സംഘടനകൾക്ക് ഗാസയിൽ എത്രയും പെട്ടെന്ന് സന്ദർശനം നടത്തുവാനും അവിടെ പ്രവർത്തിക്കാനുമുള്ള അനുമതി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. യുഎന്നിന് അതിന് സാധിക്കുമോ? അതിർത്തിവഴികൾ തുറന്നുകൊടുക്കണം. ഒട്ടും വൈകിക്കാതെ, ഇപ്പോൾ തന്നെ ഇന്ധനം, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയെല്ലാം ഗാസയിൽ എത്തിക്കണം.
രണ്ടാമത്, അന്താരാഷ്ട്രസമൂഹം കാര്യമായി തന്നെ സമ്മർദ്ദം ചെലുത്തണം, അത് വെറും വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെ തന്നെ വേണം. റഷ്യയും ചൈനയും ഇന്ത്യയും വെറും കാഴ്ചക്കാരായി മാറരുത്. നിയമ പ്രതിബദ്ധത പിന്തുടരണം. ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളെ കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി സമഗ്രമായി അന്വേഷണം നടത്തണം.

മൂന്നാമതായി, ധാർമികതയുടെ കാര്യത്തിൽ ആഗോളതലത്തിൽ കൂടുതൽ വ്യക്തതയുണ്ടാവണം. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം കാണാതെ പോവരുത്. പട്ടിണി, ജനങ്ങളെ ഒഴിപ്പിക്കൽ, വിവേകരഹിതമായ ബോംബാക്രമണം എന്നിവയൊന്നും ഗാസയിൽ മാത്രമല്ല, ലോകത്തെവിടെയും ഒരു സാഹചര്യത്തിലും അനുവദിക്കരുത്. ഏറ്റവും പ്രധാനമായി, ഇസ്രായേലിനെതിരായ പോരാട്ടത്തിന് സാധാരണക്കാരായ മനുഷ്യരെ ഇനി പരിചകളാക്കാൻ കഴിയില്ല എന്ന യാഥാർത്ഥ്യത്തിലേക്ക് ഹമാസ് വരണം. ഹമാസ് ചെയ്യുന്ന കാര്യങ്ങൾക്ക്, ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അവർ മനസ്സിലാക്കണം.
ഈ നിശബ്ദതയ്ക്ക് ചരിത്രം മാപ്പുതരില്ല. കുട്ടികൾ പട്ടിണി കിടന്ന് മരിക്കുമ്പോഴും അവിടേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരിക്കുന്നതിന് ഒരു നീതീകരണവുമില്ല. നീതിയിലും നിയമത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ നമ്മൾ എത്രയും പെട്ടെന്ന് അനുകമ്പയോടെ നിരുപാധികം പ്രവർത്തിച്ച് തുടങ്ങണം. ഗാസയ്ക്ക് ഇനിയും കാത്തിരിക്കാനാവില്ല…
കടപ്പാട്: countercurrents.org
