ദുർബലമാവുന്ന പെട്രോഡോളർ വ്യവസ്ഥ, അമേരിക്കയെ വേവലാതിപ്പെടുത്തുന്ന ഹോർമുസ്

“ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ മറ്റൊരു ഭീഷണി ഉയർത്തിയിരിക്കയാണ്. അത് ഹോർമുസ് കടലിടുക്കിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതിലെ കടന്നു പോകുന്ന എണ്ണക്കപ്പലുകൾ കച്ചവടം നടത്തുന്നത് ചൈനീസ് നാണയത്തിലായിരിക്കണം എന്നതാണത്. ഇത് മധ്യേഷ്യൻ എണ്ണയുടെ 80 ശതമാനത്തോളം വരും. ഈ ഭീഷണി നടപ്പായാൽ അത് യു.എസിന് വലിയൊരു പ്രതിസന്ധി തന്നെ ആയേക്കും. അതാണ് അവരെ വല്ലാതെ വേവലാതിപ്പെടുത്തുന്നത്,” ടി.പി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

റാനെതിരെ അമേരിക്ക പെട്ടെന്നൊരു യുദ്ധമാരംഭിച്ച് ലോകത്തെയാകെ മുൾമുനയിൽ നിർത്തിയതെന്തിനാണ്? ഏതാനും ആഴ്ചകൾക്ക് മുൻപ് വെനിസ്വേലയുടെ പ്രസിഡണ്ടിനേയും പത്നിയേയും അമേരിക്ക തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്തിനാണ്? ഏതാനും വർഷങ്ങൾക്ക് മുൻപ് ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസ്സൈനെ അമേരിക്ക ഇഞ്ചിഞ്ചായി കൊന്നത് എന്തിനായിരുന്നു? ഇതിനൊക്കെ ഒരു മാടമ്പി ഭാഷയിൽ ആണവായുധശേഖരം, ലഹരിക്കച്ചവടം, മാരകായുധ സൂക്ഷിപ്പ് എന്നൊക്കെ അമേരിക്ക അട്ടഹസിക്കുന്നുണ്ടെങ്കിലും ലോകത്ത് പല രാജ്യങ്ങളിലും നടക്കുന്ന ശരിതെറ്റുകളെ ഈ രീതിയിൽ ക്രൂരമായി ശിക്ഷിക്കാൻ അമേരിക്കയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന് ശേഷം മുപ്പതോളം രാജ്യങ്ങളിൽ അമേരിക്ക ഇത്തരം കടന്നാക്രമണങ്ങളും സൈനിക അട്ടിമറികളും നടത്തിയിട്ടുണ്ട്. ഇതിന്നായി വിവിധ രാജ്യങ്ങളിൽ അവർ നൂറുകണക്കിന് സൈനികത്താവളങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഇവയൊക്കെ എന്തിന് എന്നതിന് ഉത്തരം ലഭിക്കാൻ അമേരിക്കയുടെ സാമ്പത്തിക ചരിത്രം ഹൃസ്വമായെങ്കിലും മനസ്സിലാക്കണം. അക്കാര്യം വിശദമായി പരിശോധിക്കുന്നതാണ് വിഖ്യാത ചരിത്രകാരൻ ഹൊവാർഡ് സിന്നി (Howard Zinn) ൻറെ ‘അമേരിക്കൻ ഐക്യനാടുകളുടെ ഒരു ജനകീയ ചരിത്രം’ (A People’s History of the United States) എന്ന ഗ്രന്ഥം. അത്തരം വിശദാംശ ങ്ങളിലേക്കൊന്നും കടക്കാതെ, കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ യുദ്ധ ചരിത്രത്തിലൂടെ ‘പെട്രോഡോളർ വ്യവസ്ഥ’ (Petrodollar System) എന്ന എണ്ണക്കച്ചവട രീതിയെ പരിചയപ്പെടുത്താനും, ഈ വ്യവസ്ഥയുടെ പ്രവർത്തനങ്ങളും അത് ലോകത്തും ജനങ്ങൾക്കും ഉണ്ടാക്കുന്ന ആഘാതങ്ങളും, ഇന്നത്തെ പശ്ചിമേഷ്യൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ പരിശോധിക്കാനുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അത് മുകളിൽ സൂചിപ്പിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നൽകിയേക്കും.

അല്പം ചരിത്രം

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു വിഭാഗം ജനങ്ങളുടെ കുടിയേറ്റത്തോടെയാണ് പുതിയ യു.എസ് ചരിത്രം ആരംഭിക്കുന്നത്. തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ കൊന്നൊടുക്കിയും അടിമക്കച്ചവടം നടപ്പാക്കിയും പണി തുടങ്ങിയ ഈ കുടിയേറ്റക്കാർ ക്രമത്തിൽ ലോകത്തിൽ നിന്നെല്ലാം, അർത്ഥവും അറിവും സംഘടിപ്പിച്ചെടുക്കുന്നത് കാണാം. ഈ കാലയളവിൽ അമേരിക്കയിലെ ശാസ്ത്ര - സാങ്കേതിക - ഗവേഷണ സംവിധാനങ്ങളും വൻതോതിൽ വികസിച്ചു വന്നിരുന്നു. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളും ശാസ്ത്രജ്ഞരും കൂടി പങ്കാളികളായി. സമാന്തരമായി തന്നെ ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക നിക്ഷേപവും അമേരിക്കൻ കമ്പനികളിലും ഓഹരിച്ചന്തകളിലുമായി കുമിഞ്ഞുകൂടി. എന്നാൽ പിടിവിട്ട ഈ മുന്നേറ്റത്തിന് 1929-33 കാലത്തെ ‘വൻ സാമ്പത്തിക തകർച്ച’ (Great Depression) യിൽ വലിയ തിരിച്ചടി നേരിട്ടു. സോവിയറ്റ് യൂണിയൻ ഒഴികെയുള്ള ലോക രാജ്യങ്ങളെയെല്ലാം അത് പ്രതിസന്ധിയിലാക്കാൻ കാരണം അവയുടെ അമേരിക്കൻ ബന്ധമായിരുന്നു. അന്നൊക്കെ ലോകത്തിലെ പ്രധാന സൈനിക-സാമ്പത്തിക ശക്തി ബ്രിട്ടണായിരുന്നു. ഇവയെല്ലാം ചേർന്നാണ് ഒരർത്ഥത്തിൽ രണ്ടാം ലോകയുദ്ധത്തിലേക്ക് ലോകത്തെ നയിച്ചത്.

അമേരിക്കയുടെ സാമ്പത്തിക ചരിത്രം വിശദമായി പരിശോധിക്കുന്നതാണ് വിഖ്യാത ചരിത്രകാരൻ ഹൊവാർഡ് സിന്നി (Howard Zinn) ൻറെ ‘അമേരിക്കൻ ഐക്യനാടുകളുടെ ഒരു ജനകീയ ചരിത്രം’ (A People’s History of the United States) എന്ന ഗ്രന്ഥം.
അമേരിക്കയുടെ സാമ്പത്തിക ചരിത്രം വിശദമായി പരിശോധിക്കുന്നതാണ് വിഖ്യാത ചരിത്രകാരൻ ഹൊവാർഡ് സിന്നി (Howard Zinn) ൻറെ ‘അമേരിക്കൻ ഐക്യനാടുകളുടെ ഒരു ജനകീയ ചരിത്രം’ (A People’s History of the United States) എന്ന ഗ്രന്ഥം.

രണ്ടാം ലോകയുദ്ധം അവസാനിക്കുന്നത് ലോകത്ത്, അതുവരെ നിലവിലുണ്ടായിരുന്ന സാമ്പത്തിക രാഷ്ട്രീയ സമവാക്യങ്ങളെ പാടെ പൊളിച്ചെഴുതിക്കൊണ്ടാണ്. ലോകത്തെ നിയന്ത്രിച്ച ബ്രിട്ടണും അവരുടെ കറൻസിയായ പവനും (പൗണ്ട്); യുദ്ധാനന്തരം അമേരിക്കയ്ക്കും ഡോളറിനും വഴിമാറിക്കൊടുത്തു. യു എസിൻറെ സാമ്പത്തികവും സൈനികവുമായ ശാക്തിക ബലാബലത്തിൻറെ മുന്നേറ്റമായിരുന്നു ഇതിന് പ്രധാന കാരണം. ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ അമേരിക്ക പൂർണ്ണ പങ്കാളിയായിരുന്നെങ്കിലും, അമേരിക്കൻ മണ്ണിൽ യുദ്ധം നടന്നിരുന്നില്ല. അതിനാൽ അവരുടെ കൃഷിയും വ്യവസായവുമൊക്കെ നന്നായി വികസിക്കുകയായിരുന്നു. ആയുധക്ക ച്ചവടം തകൃതിയായി നടന്നു; യുദ്ധോപകരണങ്ങളുണ്ടാക്കി വിൽക്കുകയും അതിൻറെ ഉപയോ ഗത്തിനായി യുദ്ധത്തെ തന്നെ വളർ ത്തുന്ന ശക്തവും വിശാലവുമായ ഒരു യുദ്ധവ്യവസായ കോംപ്ലക്സ് (Military Industrial Complex MIC) തന്നെ രൂപപ്പെട്ടുവന്നു. അമേരിക്കയിലെ കോർപ്പറേറ്റുകൾ അതിസമ്പന്നരായി. യുദ്ധാവസാനം അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത് തന്നെ ഒരു ശാക്തിക പ്രകടനവും പരീക്ഷണവുമായിരുന്നു. (അന്ന് മുതൽക്കേ വൻതോതിൽ ആണവായുധങ്ങൾ ഉണ്ടാക്കി സൂക്ഷിക്കുന്ന അമേരിക്കയാണ് ഇപ്പോൾ മറ്റ് രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനെപ്പോലും എതിർക്കുന്നത്).

ബ്രട്ടൻവുഡ് കരാർ

സൈനിക രംഗത്ത് കൈവരിച്ച ഔന്നത്യം സാമ്പത്തിക രംഗത്തും നിലനിർത്താനായി രണ്ടാം ലോക യുദ്ധാനന്തരം നടന്ന ‘ബ്രട്ടൻവുഡ് സമ്മേളന’ത്തെ അമേരിക്ക പ്രയോജനപ്പെടുത്തി. ആ സമ്മേളനത്തിൽ രൂപപ്പെട്ടുവന്ന ഐ.എം.എഫ്, ലോകബേങ്ക് എന്നീ സ്ഥാപനങ്ങളെ തന്നിഷ്ട പ്രകാരം നിയന്ത്രിക്കാവുന്ന വേദികളാക്കി മാറ്റാൻ യു.എസിന് കഴിഞ്ഞു. ഇതോടൊപ്പം ഉണ്ടായ ബ്രട്ടൺവുഡ് കരാർ പ്രകാരം ഡോളറിനെ സ്വർണ്ണത്തിന് തുല്യമായി പരിഗണിക്കുന്നതിനുള്ള ഒരു അംഗീകാരം യു എസ് സംഘടിപ്പിച്ചെടുത്തു. ഇതനുസരിച്ച് ലോകരാജ്യങ്ങൾക്ക് കരുതലായി ഡോളർ സൂക്ഷിക്കാം, ക്രയവിക്രയം ചെയ്യാം, എപ്പോൾ വേണമെങ്കിലും സ്വർണമായി തന്നെ തിരികെ കൊടുക്കാൻ അമേരിക്ക തയ്യാറാണെന്നായിരുന്നു കരാർ (Brettonwood Agreement). ഈ കരാറിൽ ലോകരാജ്യങ്ങൾ അർപ്പിച്ച വിശ്വാസത്തെ അമേരിക്ക സമർത്ഥമായി ഉപയോഗിച്ചു. തുടർന്ന് തന്നിഷ്ടപ്രകാരം ഡോളർ അച്ചടിച്ച് വിതരണം ചെയ്തു. അതു കൊടുത്ത് എന്തും വാങ്ങിക്കൂട്ടി. എന്തിനായും ഡോളറിനെ ഉപയോഗിച്ചു. സൈനിക അട്ടിമറികൾ നടത്തി. ലോകത്താകെ സൈനികത്താവളങ്ങളുണ്ടാക്കി. എതാണ്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞ് 1970-കളിൽ റിച്ചാർഡ് നിക്‌സൺ യു.എസ് പ്രസിഡണ്ടായപ്പോഴേക്കും (1969-1974), ഈ കരാർ തുടരാൻ കഴിയാത്ത സ്ഥിതിയായി. ഡോളറിന് പകരം സ്വർണം തിരികെ നൽകാൻ കഴിയില്ലെന്ന് വന്നതോടെ, ബ്രട്ടൻവുഡ് കരാർ ദുർബലപ്പെട്ടു; അഥവാ യു.എസ് ആ കരാർ ലംഘിച്ചു. മാത്രമല്ല, ലോകരാജ്യങ്ങളെല്ലാം ഡോളറിനെ സ്വർണം പോലെ കണക്കാക്കി കരുതിവെച്ചാൽ മതിയെന്ന് എല്ലാവരേയും ഉപദേശിക്കാനും അവർ മറന്നില്ല. ഈ രീതിയിൽ കുരുക്കിലായ യു.എസിന് ശക്തിപ്പെടാനും കിട്ടിയ ഒരു അവസരമായി 1970-കളിലെ എണ്ണ പ്രതിസന്ധിയെ അവർ മാറ്റിയെടുത്തു.

സൈനിക രംഗത്ത് കൈവരിച്ച ഔന്നത്യം സാമ്പത്തിക രംഗത്തും നിലനിർത്താനായി രണ്ടാം ലോക യുദ്ധാനന്തരം നടന്ന ‘ബ്രട്ടൻവുഡ് സമ്മേളന’ത്തെ അമേരിക്ക പ്രയോജനപ്പെടുത്തി.
സൈനിക രംഗത്ത് കൈവരിച്ച ഔന്നത്യം സാമ്പത്തിക രംഗത്തും നിലനിർത്താനായി രണ്ടാം ലോക യുദ്ധാനന്തരം നടന്ന ‘ബ്രട്ടൻവുഡ് സമ്മേളന’ത്തെ അമേരിക്ക പ്രയോജനപ്പെടുത്തി.

പെട്രോ ഡോളർ വ്യവസ്ഥ

ലോകത്താകെ എണ്ണക്കച്ചവടം ഡോളറിൽ നടക്കുക എന്നത് അമേരിക്കയുടെ നിലനിൽപ്പിൻെറ ഭാഗമായാണ് അവർ കാണുന്നത്. അതുകൊണ്ടുതന്നെ ഈ കച്ചവട രീതിക്കെതിരായി ഉയരുന്ന ഏതൊരു ചെറിയ നീക്കത്തേയും എന്ത് വിലകൊടുത്തും അമേരിക്ക തടയുമെന്നതാണ് ഇതുവരെയുള്ള അനുഭവം. എന്താണ് ഇതിൻറെയൊക്കെ പിന്നാമ്പുറത്ത് നടക്കുന്നതറിയണമെങ്കിൽ പെട്രോൾ ഡോളർ വ്യവസ്ഥയെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ട്.

1960-കളിലെ OPEC രൂപീകരണവും തുടർന്ന് എണ്ണക്കച്ചവടത്തിൽ നിയന്ത്രണവും വന്നതോടെ ഗൾഫ് പ്രദേശങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. അറബ്-ഇസ്രയേൽ യുദ്ധത്തിൽ ഇസ്രയേലിനെ സഹായിച്ചവർക്ക് എണ്ണ നൽകില്ല എന്ന പ്രഖ്യാപനവും ഉണ്ടായി. ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കി. ഇങ്ങനെയാണ് ഒന്നാമത്തെ എണ്ണ പ്രതിസന്ധി ആരംഭിക്കുന്നത്. ലോകത്തിലെ ഉൽപ്പാദന വ്യവസ്ഥ എണ്ണയുമായി ഏറെ ബന്ധിതമായിരുന്നതിനാൽ അന്താരാഷ്ട്ര വ്യാപാരത്തിൽ എണ്ണ പ്രഥമ സ്ഥാനീയമായി. അന്ന് ലോകത്തിൽ കൂടുതൽ മിച്ച എണ്ണ ഉണ്ടായിരുന്ന രാജ്യം സൗദി അറേബ്യയായിരുന്നു. ആ രാജ്യവുമായി യു എസ്, 1974 ൽ തന്ത്രപരമായ ഒരു കരാറുണ്ടാക്കി.

എണ്ണപ്പാടമെന്നാൽ സ്വർണപ്പാടത്തിന് സമാനമാണെന്നും, യു.എസ് സൈനികമായിത്തന്നെ എണ്ണപ്പാടത്തെ സംരക്ഷിക്കാമെന്നും ഉറപ്പ് നൽകി. പകരം എണ്ണക്കച്ചവടം യു.എസ് കറൻസിയായ ഡോളറിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല, സൗദി അറേബ്യക്ക് എണ്ണക്കച്ചവടത്തിൽ നിന്നുണ്ടാകുന്ന ലാഭം, യു.എസ് ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കണമെന്നും കരാറായി. തുടർന്ന് മറ്റ് OPEC രാജ്യങ്ങളും ഈ കരാർ പിന്തുടരാനിടയായി. ലോകത്തിലെ എണ്ണക്രയവിക്രയത്തിൽ ഒരു ഡോളർ അധീശ ശൃംഖല’ തന്നെ ഉയർന്നുവന്നു. എവിടുന്ന് എണ്ണ വാങ്ങിയാലും അത് ഫലത്തിൽ യു.എസിലൂടെ കടന്ന് പോകുന്നതിന് തുല്യമായി. ക്രമത്തിൽ ദൃഡീകരിച്ചുവന്ന ഈ വ്യവസ്ഥയാണ് “പെട്രോഡോളർ വ്യവസ്ഥ” എന്നറിയപ്പെടുന്നത്. സമാന്തരമായി, ഏതാണ്ടെല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ സൈനികത്താവളങ്ങളും ഉയർന്നുവന്നു.

ലോകത്തിലെ എണ്ണക്രയവിക്രയത്തിൽ ഒരു ‘ഡോളർ അധീശ ശൃംഖല’ തന്നെ ഉയർന്നുവന്നു. എവിടുന്ന് എണ്ണ വാങ്ങിയാലും അത് ഫലത്തിൽ യു.എസിലൂടെ കടന്ന് പോകുന്നതിന് തുല്യമായി. ക്രമത്തിൽ ദൃഡീകരിച്ചുവന്ന ഈ വ്യവസ്ഥയാണ് “പെട്രോഡോളർ വ്യവസ്ഥ” എന്നറിയപ്പെടുന്നത്.
ലോകത്തിലെ എണ്ണക്രയവിക്രയത്തിൽ ഒരു ഡോളർ അധീശ ശൃംഖല’ തന്നെ ഉയർന്നുവന്നു. എവിടുന്ന് എണ്ണ വാങ്ങിയാലും അത് ഫലത്തിൽ യു.എസിലൂടെ കടന്ന് പോകുന്നതിന് തുല്യമായി. ക്രമത്തിൽ ദൃഡീകരിച്ചുവന്ന ഈ വ്യവസ്ഥയാണ് “പെട്രോഡോളർ വ്യവസ്ഥ” എന്നറിയപ്പെടുന്നത്.

ഈ കരാർ, യു.എസിന് പല തരത്തിൽ തുണയായി. എണ്ണ വാങ്ങുന്ന രാജ്യങ്ങളിലെല്ലാം ഡോളർ കരുതൽപ്പണമായി സൂക്ഷിക്കണമെന്നായി; ഡോളറിൻറെ ആവശ്യം ഗണ്യമായി വർധിച്ചു; യു.എസ്.ആകട്ടെ, ഡോളർ അച്ചടിച്ചുകൊണ്ടേയിരുന്നു. രാജ്യങ്ങൾ എണ്ണവാങ്ങി; OPEC രാജ്യങ്ങൾ തങ്ങളുടെ ലാഭം യു.എസ് ട്രഷറികളിൽ നിക്ഷേപിച്ചു. അങ്ങിനെ ഫെഡറൽ റിസർവ്വ് (അമേരിക്കൻ ട്രഷറി) അടിച്ചിറക്കുന്ന ഡോളർ, എണ്ണ വഴി തിരിച്ച് അവിടെതന്നെ എത്തി; ഓരോ തിരിച്ചു വരവിലും അതിൻറെ അളവ് കൂടിക്കൊണ്ടിരുന്നു. യു.എസ് കോർപ്പറേറ്റുകൾ ക്രമാതീതമായി സമ്പന്നമായി. ഒപ്പം, ഡോളർ ഒരു അപ്രമാദിത്വ കറൻസിയായി മാറി. അമേരിക്കൻ സമ്പദ്ഘടനയെ കൂടുതൽ ഭദ്രമാക്കി നിലനിർത്താൻ ഈ ചാക്രീക പ്രക്രിയയിലൂടെ അവർക്ക് കഴിഞ്ഞു.

എന്നാൽ ഈയിടെയായി അമേരിക്കയ്ക്ക് കാര്യങ്ങൾ അത്രക്ക് ഭദ്രമല്ല. OPEC അംഗങ്ങൾ അടക്കം പല രാജ്യങ്ങളും എണ്ണ ക്രയവിക്രയം സോളാർ ഇതര കറൻസികളിൽ നടത്താൻ തയ്യാറാവുകയാണ്. (ചൈനയുടെ യുവാൻ, റഷ്യൻ റൂബിൾ, യൂറോ എന്നിങ്ങനെ). റഷ്യ, വെനസ്വേല, ഇറാൻ എന്നിവ ഇപ്പോൾ തന്നെ ഈ രീതി സ്വീകരിച്ചിരിക്കുന്നു. നേരത്തെ ഇറാഖിൽ സദ്ദാം ഹുസൈൻ ഇതിനുള്ള നടപടി സ്വീകരിച്ചപ്പോഴാണ് അദ്ദേഹത്തെ ഇല്ലാതാക്കിയത്. റഷ്യക്കെതിരെയാകട്ടെ യു.എസ് ഇന്ന് പലതരം ഉപരോധം ഏർപ്പെടുത്തുകയാണ്. അവിടുന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിലക്കിക്കൊണ്ടിരിക്കുന്നു. ആ പണം ഉക്രൈൻ യുദ്ധത്തിന് ശക്തി പകരുമെന്നതാണ് അവരുടെ വിചിത്രമായ വാദം. ഇറാനാകട്ടെ, നേരത്തെതന്നെ, എണ്ണക്കച്ചവടം ഡോളർ ഇതര കറൻസിയിൽ നടത്താൻ തയ്യാറായിരുന്നു.

സൗദിയിൽ നിന്ന് ഒരുകാലത്ത് കൂടുതൽ എണ്ണ വാങ്ങിയിരുന്നത് യു എസ് ആയിരുന്നു. 2020-ലെ ഷെയിൽ എണ്ണ ഉൽപ്പാദനത്തോടെ യു.എസ്സിലേക്കുള്ള എണ്ണ ഇറക്കുമതി കുറഞ്ഞിരിക്കുന്നു. സൗദിയിൽ നിന്ന് ഇപ്പോൾ കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. ചൈനയും ഡോളർ ക്രയവിക്രയം ഇഷ്ടപ്പെടുന്നില്ല. അതോടൊപ്പം തന്നെ എണ്ണ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം, പെട്രോഡോളർ കരാറിൽ പറഞ്ഞതുപോലെ, പൂർണമായി യു.എസ് കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ ഇപ്പോൾ സൗദി അറേബ്യയും തയ്യാറല്ല. തദ്ദേശീയ വികസന പ്രവർത്തനത്തിന് ഈ പണം ഉപയോഗിക്കാൻ അവർ ഉദ്ദേശിക്കുന്നു.

 ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈൻ
ഇറാഖ് മുൻ പ്രസിഡൻറ് സദ്ദാം ഹുസൈൻ

ഇതൊക്കെയാണെങ്കിലും ഗൾഫ് പെട്രോളിയവുമായി ബന്ധപ്പെട്ടുണ്ടായ ഡോളർ അപ്രമാദിത്വം പെട്ടെന്നൊന്നും അവസാനിക്കില്ലെന്നും അറിയണം. കാരണം, ഇന്നും ലോകരാജ്യങ്ങളിൽ വിദേശ കരുതൽ ശേഖരത്തിൻറെ പകുതിയും ഡോളറിലാണ്. വിദേശ വിനിമയത്തിൻറെ മുക്കാൽ പങ്കിലധികവും നടക്കുന്നത് ഡോളറിലാണ്. എന്നാൽ, ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ മറ്റൊരു ഭീഷണി ഉയർത്തിയിരിക്കയാണ്. അത് ഹോർമുസ് കടലിടുക്കിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതിലെ കടന്നു പോകുന്ന എണ്ണക്കപ്പലുകൾ കച്ചവടം നടത്തുന്നത് ചൈനീസ് നാണയത്തിലായിരിക്കണം എന്നതാണത്. ഇത് മധ്യേഷ്യൻ എണ്ണയുടെ 80 ശതമാനത്തോളം വരും. ഈ ഭീഷണി നടപ്പായാൽ അത് യു.എസിന് വലിയൊരു പ്രതിസന്ധി തന്നെ ആയേക്കും. അതാണ് അമേരിക്കയെ വല്ലാതെ വേവലാതിപ്പെടുത്തുന്നത്.

ഇതൊക്കെ ചേർന്ന് ഇന്നത്തെ പലതരം നീക്കങ്ങൾ ശക്തിപ്പെട്ടാൽ പെട്രോഡോളർ വ്യവസ്ഥ’ ദുർബലപ്പെടും; അത് അമേരിക്കയ്ക്ക് വൻ തിരിച്ചടിയാകും. മറുഭാഗത്ത് ശക്തിപ്പെടുന്ന ചൈന, ദക്ഷിണകൊറിയ, ഇന്ത്യ എന്നിവരുടെ കൂട്ടത്തിൽ ഒരെണ്ണമായി യു.എസ് ഇകഴ്ത്തപ്പെടാൻ സാധ്യതയുണ്ട്. ശാസ്ത്രരംഗത്താകട്ടെ, അടിസ്ഥാന ഗവേഷണം ശക്തിപ്പെടുത്താൻ ട്രംപ് ആഗ്രഹിക്കുന്നുമില്ല. അതും ഭാവിയിൽ തിരിച്ചടിയാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

എണ്ണക്കച്ചവടം ഡോളറിൽ നടക്കാതായാലുണ്ടാകുന്ന പ്രതിസന്ധിയെ നേരിടാൻ എണ്ണ സ്രോതസ്സ് കൂടുതലുള്ള രാജ്യങ്ങളെ തന്നെ സ്വന്തം സാമന്തന്മാരാക്കി മാറ്റുക എന്നതാണ് പുതിയ യു.എസ് തന്ത്രം. അവിടേക്കാണ് വെനിസ്വേല, ഇറാൻ ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്. അമേരിക്കയിൽ കണ്ടെത്തിയതിനേക്കാൾ അഞ്ച് ഇരട്ടിയെങ്കിലും എണ്ണ സ്രോതസ്സ് ഉള്ള രാജ്യമാണ് വെനിസ്വേല എന്നത് കൂടി മനസ്സിലാക്കുമ്പോൾ കാര്യങ്ങളുടെ ഗൗരവം കുറേക്കൂടി ബോധ്യപ്പെടും. യു.എസിൻറെ സൈനികത്താവളങ്ങൾ ഉണ്ടായതുകൊണ്ടുമാത്രം യുദ്ധത്തിൽ പങ്കാളിയാകേണ്ടിവന്ന ഗൾഫ് രാജ്യങ്ങൾക്ക് ഇന്നത്തെ സ്ഥിതി വലിയൊരു ഭാരമായിരിക്കുന്നു; അവർക്കെതിരെയും തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. യു.എസിലെ മൂലധന വിപണിയുടെ ശക്തിയും സുരക്ഷയും ഇപ്പോഴും ശക്തമാണെങ്കിലും പഴയ പെട്രോഡോളർ വ്യവസ്ഥ ദുർബലപ്പെടുകയാണെന്നത് ഒരു വസ്തുതയാണ്.

ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ മറ്റൊരു ഭീഷണി ഉയർത്തിയിരിക്കയാണ്. അത് ഹോർമുസ് കടലിടുക്കിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.
ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ മറ്റൊരു ഭീഷണി ഉയർത്തിയിരിക്കയാണ്. അത് ഹോർമുസ് കടലിടുക്കിൻറെ നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.

ലോകം മറ്റൊരു പ്രതിസന്ധിയിലേക്കോ?

ലോകം മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടി നീങ്ങുകയാണെന്ന് ജോൺ ബല്ലാമി ഫോസ്റ്ററെപ്പോലുള്ള പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് സാമ്പത്തികമായും പാരിസ്ഥിതികവുമായ മാനങ്ങളുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. കൂടാതെ ഇന്നത്തെ സാങ്കേതികവും രാഷ്ട്രീയവുമായ ചില ഘടകങ്ങളും പ്രതിസന്ധികൾക്കിടയാക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന, നവ ഉദാരീകരണനയങ്ങൾ രാജ്യങ്ങൾക്കകത്തും, രാജ്യങ്ങൾ തമ്മിലുമുള്ള അസമത്വം വൻതോതിൽ വർധിപ്പിച്ചിരിക്കുന്നതായി ‘ലോക അസമത്വ റിപ്പോർട്ടുകൾ’ ഓരോ വർഷവും ചൂണ്ടിക്കാണിക്കുന്നു. സമ്പത്തും വിഭവങ്ങളും ശതകോടീശ്വരരിലേക്കും കോർപ്പറേറ്റുകളിലേക്കും കേന്ദ്രീകരിക്കയാണെന്ന് കണക്കുകളെല്ലാം കാണിക്കുന്നു. ഇതുണ്ടാക്കുന്ന തൊഴിൽ തകർച്ച, ദേശീയ വരുമാനത്തിൽ വേതനത്തിൻറെ അനുപാതം കുറയുന്നത്, ജനങ്ങളിലെ ക്രയശേഷിക്കുറവ്, എന്നി വയൊക്കെ സൃഷ്ടിക്കുന്ന സംഘർഷമാണ് സാമ്പത്തിക പ്രതിസന്ധിക്കിടയാക്കുന്നത്.

പാരിസ്ഥിതിക പ്രതിസന്ധിയാകട്ടെ, കാലാവസ്ഥാമാറ്റത്തിൻെറ ആഘാതങ്ങളായി പെയ്തു കൊണ്ടിരിക്കുന്നു. അവ അപ്രവചനീയങ്ങളാണ്. മുതലാളിത്തം തുടർന്നുവരുന്ന മത്സരാധിഷ്ടിത വികസന രീതികളിൽ നിന്ന് രൂപപ്പെട്ട കാലാവസ്ഥാ പ്രതിസന്ധിയാകട്ടെ, നവ ഉദാരീകരണത്തിൻറെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കൂടുതൽ തീവ്രമായിരിക്കയാണ്. ഇത് അപരിഹാര്യമായ മാറ്റങ്ങൾ പ്രകൃതിയിലും ജനജീവിതത്തിലും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ, സാമ്പത്തിക അസമത്വത്തിൻറെ തീവ്രതയും കാലാവസ്ഥാമാറ്റത്തിൻറെ ആഘാതങ്ങളും ചേർന്നുള്ള ഒരു മഹാപ്രതിസന്ധി (Mega Crisis) യിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പമാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയ ആശയങ്ങളും നവഫാഷിസ്റ്റ് ചിന്തകളും എന്നത്തേതിനേക്കാളും കരുത്താർജ്ജിച്ചു വരുന്നത്.

ആധുനിക സാങ്കേതികവിദ്യകളാകട്ടെ, അപാരമായ സാധ്യതകൾക്കൊപ്പം അപകടകരമായ ഭീഷണിയായും മാറിക്കൊണ്ടിരിക്കുകയാണ്. അപകടം പിടിച്ച പല കാര്യങ്ങളിലും മനുഷ്യ തീരുമാനങ്ങളെ നിർമിതബുദ്ധി (AI) ഉല്ലംഘിക്കാം എന്നത് പുതിയൊരു പ്രശ്നമാണ്. സൈബർ സുരക്ഷയുടെ പേരിൽ സ്വകാര്യ കമ്പനികൾ രാജ്യസുരക്ഷയുടെ ഭാഗമായി മാറുന്ന പ്രശ്നവും ഉയർന്നുവരുന്നു. ഊർജവിതരണ പാതകൾ, AI പ്രതിരോധ സഖ്യങ്ങൾ, വ്യാജവാർത്താ ശൃംഖലകൾ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാതിരിക്കൽ, UN-ൻെറ ദൗർബല്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, സാമൂഹിക ധ്രുവീകരണം, യുദ്ധങ്ങൾ നടക്കുന്ന സാഹചര്യം, പരിസ്ഥിതി നാശം എന്നിവയെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ആഗോള സാഹചര്യത്തിലാണ് ഇന്ന് യുദ്ധം നടക്കുന്നത്. അതുകൊണ്ടുതന്നെ അതിൻറെ ഗതി അപ്രവചനീയമാണ്.

പാരിസ്ഥിതിക പ്രതിസന്ധിയാകട്ടെ, കാലാവസ്ഥാമാറ്റത്തിൻെറ ആഘാതങ്ങളായി പെയ്തു കൊണ്ടിരിക്കുന്നു. അവ അപ്രവചനീയങ്ങളാണ്.
പാരിസ്ഥിതിക പ്രതിസന്ധിയാകട്ടെ, കാലാവസ്ഥാമാറ്റത്തിൻെറ ആഘാതങ്ങളായി പെയ്തു കൊണ്ടിരിക്കുന്നു. അവ അപ്രവചനീയങ്ങളാണ്.

പുനർ കോളണീകരണത്തിലേക്കോ?

ഈ പ്രതിസന്ധികളിലും ആധിപത്യം നിലനിർത്താനായി സാമ്രാജ്യത്വം കൂടുതൽ തീവ്രമായ നടപടികൾ കൈക്കൊള്ളുകയാണ്. സംഘടിത അധ്വാനശേഷിയെ തകർക്കുക, അതിൻറെ വില പേശൽ ശേഷി ഇല്ലാതാക്കുക, പ്രകൃതിവിഭവക്കൊള്ള തീവ്രമാക്കുക; അതുവഴിയെല്ലാം മനുഷ്യ-പ്രകൃതി വിഭവങ്ങൾ സ്വന്തം വരുതിയിൽ നിർത്തുക എന്നതാണ് ആ പദ്ധതി. എണ്ണയുടേയും ഇതര ഖനിജങ്ങളുടേയും നിയന്ത്രണത്തിനും ഇതിൽ വലിയ സ്ഥാനമുണ്ട്. WTO വഴി നടപ്പാക്കാൻ ശ്രമിച്ച കരാറുകൾ പരാജയപ്പെട്ടിരിക്കുന്നു. പകരം, ഉഭയകക്ഷികരാറുകളും പ്രാദേശിക വ്യാപാര കൂട്ടുകെട്ടുകളും ശക്തിപ്പെടുകയാണ്. ചുങ്കത്തെയും ഒരു അടിച്ചമർത്തൽ ഉപാധി യാക്കിക്കൊണ്ടിരിക്കുന്നതിനാൽ വ്യാപാര യുദ്ധങ്ങളും ശക്തിപ്പെടുകയാണ്.

ഈ നീക്കങ്ങൾക്ക് നാം കരുതുന്നതിനേക്കാൾ ഉയർന്ന രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് പ്രഭാത് പട്‌നായികിനെപ്പോലുള്ളവർ പറയുന്നു. അതിൻറെ ലക്ഷ്യം, മൂന്നാം ലോകരാജ്യങ്ങളുടെ പുനർ കോളണീകരണമാണ്. അതുവഴി വിഭവസമ്പന്നമായ മുന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക ഭരണവും രാഷ്ട്രീയ ഭരണവും ഒന്നിച്ച് കൈപ്പിടിയിലാക്കുകയാണ് അമേരിക്ക ലക്ഷ്യമാക്കുന്നത്. ഡോളറിൻറെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ, പണ്ടത്തേതുപോലെ അനിയന്ത്രിതമായി ഡോളർ അച്ചടിക്കുന്നതിന് ഭാവിയിൽ പരിമിതിയുണ്ട്. ഈയൊരു സാഹചര്യത്തിൽ, യു.എസ്. സ്റ്റേറ്റ് സെക്രട്ടറി Marco Rubio ഈയിടെ പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്. “The glorious western civilisation had in recent years suffered a setback, because of the risk of communism and of the anticolonial movement that communism supported. This setback had to be reversed.” അതിൻറെ അർത്ഥം പഴയ കൊളോണിയൽ ആധിപത്യത്തിലേക്ക് തിരിച്ചുപോകണമെന്നത് തന്നെയാണ്. കോളണിവിരുദ്ധ സമരങ്ങൾ വഴി മൂന്നാം ലോകരാജ്യങ്ങൾ നേടിയ നേട്ടങ്ങളെ തിരിച്ചെടുക്കണമെന്നാണ്. ചുരുക്കത്തിൽ, മൂന്നാംലോക രാജ്യങ്ങൾ ഇന്നനുഭവിക്കുന്ന പരിമിതമായ രാഷ്ട്രീയ അധികാരത്തെപ്പോലും തകർക്കുക എന്ന സാമ്രാജ്യത്വ ഗൂഢോദ്ദേശവും മറനീക്കി പുറത്തു വരികയാണ്. അതാണ് ഇന്നലെ വെനിസ്വേല, ഇന്ന് ഇറാൻ, നാളെ ക്യൂബ എന്നിങ്ങനെയുള്ള അമേരിക്കൻ ജൽപ്പനങ്ങൾ കാണിക്കുന്നത്.

ഇന്ന് ശാസ്ത്രസാങ്കേതിക രംഗത്തും വ്യാപാര വാണിജ്യ രംഗത്തും അമേരിക്ക ഒന്നാം സ്ഥാനത്തല്ല. ചൈനയുടെ ശക്തമായ സാന്നിധ്യമാണ് പ്രധാന കാരണം. അത്തരം വെല്ലുവിളികളെ സാമ്പത്തികമായി നേരിടലും എളുപ്പമല്ല. അതിനാൽ മതം, വംശം, ഭാഷ, ഗോത്രം, കുടിയേറ്റം എന്നിവയൊക്കെ കരുക്കളാക്കിയുള്ള ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താനായി മുതലാളിത്ത രാജ്യങ്ങൾ ഒന്നിച്ച് ശ്രമിക്കുകയാണ്. അമേരിക്കൻ നേതൃത്വത്തിൽ ഇസ്രായേലിനാണ് ഇതിൻെറ ചുമതല.

ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമായ ആയത്തുല്ല അലി ഖമേനി. 2026 ഫെബ്രുവരി 28 ന് ഇറാനിൽ ഇസ്രായേൽ-അമേരിക്കൻ സഖ്യസേന നടത്തിയ ആക്രമണത്തിനിടെയുണ്ടായ വ്യോമാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടു.
ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമായ ആയത്തുല്ല അലി ഖമേനി. 2026 ഫെബ്രുവരി 28 ന് ഇറാനിൽ ഇസ്രായേൽ-അമേരിക്കൻ സഖ്യസേന നടത്തിയ ആക്രമണത്തിനിടെയുണ്ടായ വ്യോമാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടു.

തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അധീശത്വം നിലനിർത്താനായി, അമേരിക്ക എക്കാലത്തും യുദ്ധങ്ങളും ഭരണ അട്ടിമറികളും കൊലകളും നടത്തിയിട്ടുണ്ട്. അതിൻറെ ഇരകളാണ്, ഇറാനിലെ മുഹമ്മദ് മോഡിബോഗ് (1953), ഗ്വാട്ടിമാലയിലെ ജേക്കബോ അർബന്ഡസ് (1954), കോംഗോവിലെ പാട്രിക് ലുമുംബെ (1961), ഘാനയിലെ ക്വാമ എൻക്രൂമ (1966), ക്യൂബയിലെ ചെഗുവേര (1967), ചിലയിലെ സാർവദോർ അലൻഡെ (1973), ഗ്രനേഡയിലെ മൊറിസ്സ് ബിഷപ്പ് (1983), ഇറാഖിലെ സദ്ദാം ഹുസ്സൈൻ (2003) ലിബിയയിലെ മുഹമ്മദ് ഗദ്ദാഫി (2011) തുടങ്ങി അനേകം പേരിലൂടെ അവസാനം നിക്കോളാസ് മദുറോ (വെനിസ്വേല), ആയത്തുള്ള ഖമേനേയ് (ഇറാൻ) എന്നിവരിൽ എത്തിനിൽക്കുന്നത്. അമേരിക്കൻ ഭരണകൂടത്തിൻറെ വർഗ്ഗ സ്വഭാവമാണ് ഇതിൻറെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന ചാലകശക്തി. ഓരോ രാജ്യത്തും വളർന്നുവരേണ്ട ജനാധിപത്യ- യുദ്ധവിരുദ്ധ മതേതര സമാധാന പ്രസ്ഥാനങ്ങളെയും ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര വേദികളെയും ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ ഇതിന് തടയിടാൻ കഴിയൂ. മറ്റൊരു ഇടപെടൽ സാധ്യത, സാമ്രാജ്യത്വത്തെ സാമ്പത്തികമായി ക്ഷീണിപ്പിക്കുന്നവിധം, ഗാന്ധിജി ആവിഷ്‌കരിച്ച് നടപ്പാക്കിയ ഉപഭോഗം ആയുധമാക്കുക എന്ന വിദേശ വസ്തു ബഹിഷ്‌കരണത്തെ വലിയൊരു രാഷ്ട്രീയ പ്രാധാന്യമുള്ള സമരമായി ഉയർത്തിക്കൊണ്ട് വരിക എന്നതാണ്. വിദേശ ആശ്രിതത്വം കുറച്ചുകൊണ്ട് പ്രാദേശിക സമ്പദ്ഘടനകളെ ശക്തിപ്പെടുത്തുക എന്നതും പ്രാധാന്യമർഹിക്കുന്നു. ലോകത്തെ സമാധാന കാംക്ഷികളായ എല്ലാവരേയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയ-സാമ്പത്തിക ഇടപെടൽവഴി മാത്രമെ യുദ്ധത്തെ നേരിടാൻ കഴിയൂ.


Summary: Strait of Hormuz and Petrodollar System crisis, TP Kunhikannan writes on the context of Isreal US war against Iran.


ടി.പി. കുഞ്ഞിക്കണ്ണൻ

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ മുൻ ജനറൽ സെക്രട്ടറി. ഗാഡ്​ഗിൽ റിപ്പോർട്ടും കേരള വികസനവും, കേരളം 2020 (എഡിറ്റർ), കേരളം സുസ്​ഥിര വികസനത്തിന്​ ഒരു രൂപ​രേഖ, നെഹ്​റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്​ട്രീയം എന്നിവയാണ്​ പ്രധാന പുസ്​തകങ്ങൾ.

Comments