സ്വിങ് സ്റ്റേറ്റുകളിൽ പിന്തുണ കമലയ്ക്കോ ട്രംപിനോ? പ്രവചനാതീതം അമേരിക്കൻ തെരഞ്ഞെടുപ്പ്

അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കരോളിന, വിസ്കോൻസിൻ, പെൻസിൽവാനിയ എന്നീ ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് ഇത്തവണ അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ അന്തിമഫലം തീരുമാനിക്കുക. ഈ സ്റ്റേറ്റുകളിൽ കമല ഹാരിസാണോ, ഡോണൾഡ് ട്രംപാണോ മുന്നിലെത്തുകയെന്നതിനെ ആശ്രയിച്ചായിരിക്കും അടുത്ത അമേരിക്കൻ പ്രസിഡൻറ് ആരെന്ന് നിശ്ചയിക്കപ്പെടുക…

News Desk

അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് (US Election 2024) ഒരൊറ്റ ദിവസം ബാക്കിനിൽക്കെ സ്വിങ് സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന് (Donald Trump) മേൽക്കൈ എന്ന് ഏറ്റവും പുതിയ സർവേഫലം. ദേശീയതലത്തിലുള്ള വോട്ടെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിന് (Kamala Harris) നേരിയ മേൽക്കൈ ഉണ്ടെന്ന് പൊതുവേ സർവേഫലങ്ങളെല്ലാം പറയുന്നുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡൻറിനുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകം സ്വിങ് സ്റ്റേറ്റുകളാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കോ ഡെമോക്രാറ്റുകൾക്കോ കൃത്യമായി മേൽക്കൈ പറയാൻ സാധിക്കാത്ത അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നവയാണ് സ്വിങ് സ്റ്റേറ്റുകൾ. ഇലക്ടറൽ കോളേജിലേക്കുള്ള വോട്ടുകൾ നിർണയിക്കുന്ന സ്റ്റേറ്റുകൾ മൂന്ന് തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് സാധ്യത കൂടുതലുള്ളതാണ് റെഡ് സ്റ്റേറ്റുകൾ. 1980-കൾ മുതൽ സ്ഥിരമായി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവയാണ് ഇവ. 1992 മുതൽ ഡെമോക്രാറ്റുകളെ കൂടുതലായി പിന്തുണയ്ക്കുന്നവയാണ് ബ്ലൂ സ്റ്റേറ്റുകൾ. ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ആർക്കാണ് മേൽക്കൈ എന്ന് പറയാനാവാത്തവയാണ് സ്വിങ് സ്റ്റേറ്റുകൾ.

കഴിഞ്ഞയാഴ്ച പുറത്തുവന്ന റോയിറ്റേഴ്സ് - ഇപ്സോസ് പോൾ പ്രകാരം ജനകീയ വോട്ടിൽ കമലാ ഹാരിസിന് 1 ശതമാനത്തിൻെറ മുൻതൂക്കമുണ്ട്. കമലയ്ക്ക് 44 ശതമാനവും ട്രംപിന് 43 ശതമാനവും പിന്തുണയുണ്ടെന്നാണ് പോളുകൾ പറയുന്നത്. അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കരോളിന, വിസ്കോൻസിൻ, പെൻസിൽവാനിയ എന്നിവയാണ് ഏഴ് സ്വിങ് സ്റ്റേറ്റുകൾ. ഇവയിലെല്ലാം തന്നെ ട്രംപിന് മുൻതൂക്കമുണ്ടെന്നാണ് അറ്റ്ലസ് ഇൻറൽ പുറത്തുവിട്ട ഏറ്റവും പുതിയ പോൾ പറയുന്നത്. മൊത്തത്തിൽ സ്വിങ് സ്റ്റേറ്റുകളിൽ ട്രംപിന് 49 ശതമാനം പിന്തുണയുണ്ട്. കമലയേക്കാൾ 1.8 ശതമാനം പോയൻറിന് മുന്നിലാണ് ട്രംപെന്നും സർവേ വ്യക്തമാക്കുന്നു. അരിസോണയിലാണ് ട്രംപിന് ഏറ്റവും വലിയ പിന്തുണയുള്ളത്. ട്രംപിന് 51.9 ശതമാനവും കമലയ്ക്ക് 45.1 ശതമാനവുമാണ് ഇവിടെ പിന്തുണയുള്ളത്. നെവാദയിലും (51.4 ശതമാനം) നോർത്ത് കരോളിനയിലും (50.4) ട്രംപ് ബഹുദൂരം മുന്നിലാണെന്നും സർവേ പറയുന്നു. ഒരൊറ്റ സർവേഫലത്തിൻെറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ ഒരാൾ മുന്നിലാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും സെപ്തംബറിന് ശേഷം വന്ന പോൾഫലങ്ങൾ പ്രകാരം പൊതുവിൽ ട്രംപിന് മുന്നേറ്റമുണ്ടായിട്ടുണ്ടെന്നത് യാഥാർഥ്യമാണ്.

Photo: Gilbert Mercier / Flickr
Photo: Gilbert Mercier / Flickr

ഒക്ടോബർ 31 വരെയുള്ള വിവരശേഖരണത്തിൻെറ അടിസ്ഥാനത്തിൽ യൂഗവ് പോൾ തയ്യാറാക്കിയ സർവേ പറഞ്ഞിരുന്നത് സ്വിങ് സ്റ്റേറ്റുകളിൽ കമല മുന്നേറുമെന്നാണ്. വിസ്കോൻസിൻ, പെൻസിൽവാനിയ, മിഷിഗൻ, നെവാദ എന്നിവിടങ്ങളിൽ കമലയ്ക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നാണ് ഈ സർവേഫലം പറയുന്നത്. അരിസോണയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണെന്നും നോർത്ത് കരോളിനയിലും ജോർജിയയിലും ട്രംപിന് നേരിയ മേൽക്കൈ ഉണ്ടെന്നുമാണ് സർവേ പറഞ്ഞത്. ഒരൊറ്റ കാര്യത്തിൽ മാത്രമാണ് സർവേകൾക്കെല്ലാം സമാന അഭിപ്രായമുള്ളത്. അത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാണെന്ന് മാത്രമാണ്!

സ്വിങ് സ്റ്റേറ്റുകളിലെ സാധ്യതകൾ

അമേരിക്കൻ തെരഞ്ഞെടുപ്പിൻെറ അന്തിമഫലം നിർണയിക്കുക സ്വിങ് സ്റ്റേറ്റുകളിലുള്ള വോട്ടിങ് ട്രെൻഡായിരിക്കും. നേരിയ മാർജിനിലായിരിക്കും ഇവിടെ വിജയി തീരുമാനിക്കപ്പെടുക. 2020-ൽ അരിസോണയിൽ വെറും 10000 വോട്ടുകളാണ് ഡോണൾഡ് ട്രംപിനേക്കാൾ ജോ ബൈഡന് കൂടുതൽ ലഭിച്ചിരുന്നത്.

ജോർജിയ

കറുത്ത വർഗക്കാരും ന്യൂനപക്ഷങ്ങളും ഏറെയുള്ള സ്റ്റേറ്റാണ് ജോർജിയ. വലിയ ജനസംഖ്യയുള്ള ഇവിടെ 2020-ൽ ബൈഡനാണ് മേൽക്കൈ ഉണ്ടായിരുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങളുള്ള ഇവിടെ നിന്നും പൊതുവിൽ കമലയ്ക്ക് അനുകൂലമായ ഫലം ഉണ്ടാവേണ്ടതാണ്. എന്നാൽ 2024-ലെ തെരഞ്ഞടുപ്പിൻെറ ട്രെൻഡ് പറയുന്നത് കറുത്ത വർഗക്കാർക്കിടയിൽ ഡോണൾഡ് ട്രംപിന് നേരിയ മുൻതൂക്കമുണ്ടെന്നാണ്. ജോർജിയയിലെ പരമ്പരാഗത വോട്ടിങ് രീതിക്ക് ഇത്തവണ മാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്.

നെവാഡ

ആറ് ഇലക്ടറൽ വോട്ടുകൾ മാത്രമേ ഉള്ളൂവെങ്കിലും അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നെവാദയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ലാറ്റിനോ, ബ്ലാക്ക്, ഏഷ്യൻ അമേരിക്കൻ പെസഫിക് ദ്വീപുവാസികൾ എന്നിവർ ധാരാളമായുള്ള നെവാഡയിൽ പൊതുവിൽ കമലയ്ക്ക് മേൽക്കൈ ഉണ്ടാവേണ്ടതാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കുടിയേറ്റ പ്രശ്നങ്ങളുമെല്ലാം ചർച്ചയായാൽ ട്രംപിന് മേൽക്കൈ വന്നേക്കും.

മിഷിഗൻ

പതിനഞ്ച് ഇലക്ടറൽ വോട്ടുകളുള്ള മിഷിഗൻ ഡെമക്രോറ്റുകൾക്ക് മേൽക്കൈ ഉള്ള സംസ്ഥാനമാണ്. എന്നാൽ, 2016-ൽ ഇവിടെ ഡോണൾഡ് ട്രംപിനായിരുന്നു മുൻതൂക്കം ലഭിച്ചത്. ട്രംപിനെ പ്രസിഡൻറ് ആക്കുന്നതിൽ ഇത് നിർണായകമായിരുന്നു. അന്ന് ഹിലരി ക്ലിൻറണും ഡെമോക്രാറ്റ് ക്യാമ്പിനും തിരിച്ചടിയായത് അമിത ആത്മവിശ്വാസമാണ്. അറബ് അമേരിക്കൻ ജനത ധാരാളമായുള്ള സ്റ്റേറ്റാണ് മിഷിഗൻ. ഗാസയിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ അമേരിക്ക നൽകുന്ന പിന്തുണയിൽ, ബൈഡൻ ഭരണകൂടത്തോട് വലിയ വിയോജിപ്പുള്ള ഇവരുടെ വോട്ടുകൾ ഡെമോക്രാറ്റുൾക്ക് അനുകൂലമാവാനുള്ള സാധ്യത കുറവാണ്. അങ്ങനെ വന്നാൽ ഇവിടെ കമല തിരിച്ചടി നേരിടുകയും ട്രംപ് മുൻതൂക്കം നേടുകയും ചെയ്യും.

പെൻസിൽവാനിയ

ഡെമോക്രാറ്റുകൾക്ക് നേരത്തെ വലിയ മേൽക്കൈ ഉണ്ടായിരുന്ന പെൻസിൽവാനിയയിൽ നിലവിൽ പോരാട്ടം ശക്തമാണ്. ഇവിടെ 19 ഇലക്ടറൽ വോട്ടുകളുണ്ട്. ഡോണൾഡ് ട്രംപും കമലാ ഹാരിസും ഒരുപോലെ ശക്തമായ പ്രചാരണം നടത്തിയ സ്റ്റേറ്റുകളിൽ ഒന്നാണ് പെൻസിൽവാനിയ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വ്യാവസായിക പുരോഗതിയുമാണ് ഇവിടെ വലിയ ചർച്ചയാവാൻ പോവുന്നത്. ഫിലാഡൽഫിയയും പിറ്റ്സ്ബർഗും പോലുള്ള വ്യാവസായിക മേഖലകളിൽ ഉണ്ടായ ഇടിവ് നിലവിലെ ഭരണകൂടത്തിനോട് ഈ മേഖലയിലെ ജനങ്ങൾക്ക് വിയോജിപ്പിനുള്ള കാരണമാണ്. അത് ട്രംപിന് അനുകൂലമായി വോട്ടായി മാറുകയും ചെയ്യും.

അരിസോണ

2020-ൽ ട്രംപും ബൈഡനും തമ്മിലുള്ള മത്സരത്തിൽ ഏറ്റവും ശക്തമായ പോരാട്ടം നടന്ന സ്റ്റേറ്റാണ് അരിസോണ. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന സ്റ്റേറ്റായതിനാൽ അരിസോണയിൽ കുടിയേറ്റ വിഷയം വലിയ ചർച്ചയായി മാറും. ബൈഡൻ - കമല ഭരണകൂടത്തിൻെറ കുടിയേറ്റ നയങ്ങളിൽ ഈ മേഖലിയുള്ളവർക്ക് കടുത്ത വിയോജിപ്പുകളുണ്ട്. കുടിയേറ്റവിരുദ്ധനായ ട്രംപ് അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

നോർത്ത് കരോളിന

റിപ്ലബ്ലിക്കൻ പാർട്ടിക്ക് നേരത്തെ മേൽക്കൈ ഉണ്ടായിരുന്ന നോർത്ത് കരോളിന് ഇപ്പോൾ പ്രവചനാതീതമാണ്. ചരിത്രപരമായി കഴിഞ്ഞ അഞ്ച് ദശകങ്ങളായി പൊതുവിൽ നോർത്ത് കരോളിന റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമാവാറാണ് പതിവ്. എന്നാൽ, 2008-ൽ ബാരക് ഒബാമ വിജയിച്ചപ്പോൾ ഇവിടെ ഡെമോക്രാറ്റുകൾ അപ്രതീക്ഷിതനേട്ടം ഉണ്ടാക്കിയിരുന്നു.

വിസ്കോൻസിൻ

സ്വിങ് സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന് ഏറ്റവും ആത്മവിശ്വാസമുള്ള ഇടമാണ് വിസ്കോൻസിൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ അവസാന ദേശീയസമ്മേളനം നടന്നത് ഇവിടെയായിരുന്നു. ഇത്തവണത്തെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൻെറ തുടക്കത്തിൽ ബൈഡനേക്കാൾ മുൻതൂക്കം ഇവിടെ ട്രംപിനുണ്ടായിരുന്നു. എന്നാൽ കമല വന്നതോടെ വിസ്കോൻസിൻ പ്രവചനാതീതമായിരിക്കുകയാണ്.

Comments