സിറിയ അറബ്​ ലീഗിൽ; അറബ്​ രാഷ്​ട്രീയത്തിന്​ എന്തു സംഭവിക്കും?

ബഹുധ്രുവ ലോകത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ചൈനയും റഷ്യയും മറ്റ് രാജ്യങ്ങൾക്ക് വയ്ക്കുന്ന ഓഫർ ചോര പൊടിയാതെ സാമ്പത്തിക സ്വാതന്ത്യവും വളർച്ചയുമാണ്. അറബ്​ ലീഗ് പ്രവേശനത്തിനുശേഷം അസദ്ദ് പറഞ്ഞ ഒരു വരി ഭാവി അറബ് രാഷ്ട്രീയത്തിന്റെ ഒരു സൂചനയാണ്; ‘അറബ് രാജ്യങ്ങൾ ഭൂതകാലത്തിലേക്ക് നോക്കാതെ മുന്നോട്ട് ഭാവിയെ കുറിച്ച് ചിന്തിക്കണം.’

ന്താരാഷ്ട്ര പൊളിറ്റിക്‌സിൽ ഇപ്പോൾ സംഭവിച്ച പ്രധാനപ്പെട്ട ഒരു കാര്യം, സിറിയ അറബ് ലീഗിലേക്ക് തിരിച്ചുവന്നു എന്നതാണ്. കെയ്റോയിൽ അടിയന്തര അറബ് ലീഗ് രാജ്യങ്ങളുടെ മീറ്റിങ്ങിലാണ് സിറിയയെ തിരികേ പ്രവേശിപ്പിക്കാനുള്ള പ്രമേയം വിജയിപ്പിച്ചത്. ഒരു എമർജൻസി മീറ്റിംഗ് വിളിച്ച്​ സിറിയ്ക്ക് അറബ് ലീഗ് അംഗത്വം കൊടുക്കുന്നത് ഒരു വലിയ സൂചനയാണ്. അറബ് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി ഇത് മാറുമെന്ന് നിരീക്ഷണങ്ങളുണ്ട്.

അറബിതര രാജ്യങ്ങളുടെ ഇടപെടലും അവരുടെ നയതന്ത്ര ശ്രമങ്ങളും പരാജയപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ സംഭവ വികാസങ്ങൾ. ഇതിന് ചുക്കാൻ പിടിച്ചത് സൗദി അറേബ്യയാണ് എന്നറിയുമ്പോൾ പാശ്ചാത്യ ഡിപ്ലോമാറ്റുകൾ അത്ഭുതപ്പെടുമെങ്കിലും ഇറാൻ സൗദി കരാർ ഒരു ആരംഭമാണ് എന്ന് മനസിലാക്കിയ നയതന്ത്ര നിരീക്ഷകർ ഒരു ചെറുപുഞ്ചിരിയോടെ മാത്രമാണ് പ്രതികരിക്കുക. കൂടാതെ അമേരിക്ക സൃഷ്ടിച്ച സുഡാൻ പ്രതിസന്ധിയും അറേബ്യൻ ഉപദ്വീപിൽ പുനർചിന്തനങ്ങൾക്ക്‌ അവസരമൊരുക്കി. നീണ്ട 12 വർഷങ്ങൾക്കുശേഷമാണ് സിറിയ തിരിച്ചുവരുന്നത്. 

Photo: Arab League, Twitter
Photo: Arab League, Twitter

ഇന്റർനാഷണൽ റിലേഷൻസിൽ ലിബറൽ സമീപനം സ്വീകരിക്കുന്നവർക്കും വാട്സാപ്പിൽ നിന്ന് പഠിക്കുന്നവർക്കും സംഭവിക്കുന്ന ഒരു തെറ്റാണ് ഒരു സംഭവത്തെ അതിന്റെ ചരിത്രപരമായ പൊസിഷനിൽ നിന്ന് നോക്കിക്കാണാതെ ചരിത്രത്തിൽ നിന്ന് ഒറ്റപ്പെടുത്തി വായിക്കുന്നത്. റഷ്യ- യുക്രെയ്​ൻ സംഘർഷത്തിൽ പലർക്കും പിഴവുകൾ സംഭവിക്കുന്നത് അവിടെയാണ്.  

എന്താണ് അറബ് ലീഗ്?


1945- ൽ രൂപീകൃതമായ ഒരു സഖ്യമാണ് അറബ് ലീഗ്. ചരിത്രം പരിശോധിച്ചാൽ ചേരിചേരാ മുന്നേറ്റം പോലെ ശക്തമായ ഒന്നായിരുന്നില്ല ലീഗ്. ഈജിപ്തിന്റെ നായകനായിരുന്ന നാസറിന്റെ കാലത്ത് ലീഗ് പ്രതാപകാലത്തിലെത്തി. എന്നാൽ പിന്നീട്‌ വീണ്ടും ദുർബലമായി.  പലസ്തീൻ വിഷയം, ഗൾഫ് യുദ്ധം തുടങ്ങി അനേകം പ്രശ്നങ്ങളിൽ കരുത്തുള്ള നിലപാടൊന്നും ലീഗിനുണ്ടായിരുന്നില്ല. ഭിന്നിച്ചു ഭരിക്കുന്ന അമേരിക്കൻ തന്ത്രം ലീഗിനെ ദുർബലമാക്കി വച്ചിരുന്നു. എന്നാൽ അമേരിക്കയുടെ എതിർപ്പ് അവഗണിച്ചു സിറിയയെ തിരിച്ചെടുത്തത് ഒരു സൂചനയാണ്.

Photo: Wikimedia Commons
Photo: Wikimedia Commons

സിറിയയിൽ 2011- ൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തോടെയാണ് അറബ് ലീഗിൽ നിന്ന് സിറിയ പുറത്താവുന്നത്. അതിനുപുറകെ അമേരിക്കൻ പട്ടാളം മിഡിൽ ഈസ്റ്റിൽ കാലുകുത്തി.  പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ചുമത്തിയതോടെ സിറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഇറാനും മറ്റ്  സംഘടനകളും തമ്മിലുള്ള  ബന്ധം തകർക്കാൻ 2011 മുതൽ, ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ എന്നിവരുമായി അമേരിക്ക സഖ്യമുണ്ടാക്കി സിറിയയിൽ വന്നിറങ്ങി.സംഘടനകൾ എന്ന് പറയുമ്പോൾ ഹിസ്ബുല്ലയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. ഉദാഹരണത്തിന്, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ദമസ്‌കസിൽ ഇടതുപക്ഷ പലസ്തീനിയൻ സംഘടനകൾക്ക് പൊതുസമ്മേളനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു എന്ന വസ്തുത, യു.എസ്. സാമ്രാജ്യത്വത്തിനോ സാമ്രാജ്യത്വ വിരുദ്ധർക്കോ തള്ളിക്കളയാൻ കഴിയുന്നതല്ല. സംഘടനകൾ നിരോധിക്കപ്പെടുകയും ഒളിവിൽപോകാൻ നിർബന്ധിതരാക്കുകയും ചെയ്തു.

യു.എസ്  സിറിയയുടെ ചില ഭാഗങ്ങളിൽ രാസായുധ പരീക്ഷണവും  വ്യോമാക്രമണം നടത്തി. നവംബർ 16, നവംബർ 22 തീയതികളിൽ യു.എസ് എയർഫോഴ്‌സ് എ-10 ഫിക്‌സഡ് വിംഗ് വിമാനത്തിൽ നിന്ന് 5,265 കവചം തുളയ്ക്കുന്ന ഡീപ്ലീറ്റഡ് യുറേനിയം (ഡിയു) അടങ്ങിയ  30 എം.എം റൗണ്ട്​ വെടിവച്ചതായി സെൻട്രൽ കമാൻഡ് (സെന്റ്‌കോം) വക്താവ് മേജർ ജോഷ് ജാക്വസ്, എയർവാർസ് ആൻഡ് ഫോറിൻ പോളിസിയോട് പറഞ്ഞു.

Photo: Pixabay
Photo: Pixabay

എന്നാൽ, സിറിയയുടെ നേരിട്ടുള്ള സൈനികാധിനിവേശത്തിനുമുമ്പ്, യു.എസിന്റെ പ്രധാന സൈനികാക്രമണം സി ഐ എ ആയുധവും സഹായവും നൽകിയ  പ്രോക്സി സേനകളായിരുന്നു. 2017 ഡിസംബറിലെ  കോൺഫ്ലിക്റ്റ് ആർമമെൻറ്​ റിസർച്ച് (സി എ ആർ) പ്രകാരം സിറിയൻ സംഘർഷത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ യൂണിയൻ നിർമ്മിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പ്രതിപക്ഷ സേനയ്ക്ക് ആവർത്തിച്ച് മറച്ചുനൽകി  എന്നു കണ്ടെത്തി. തൽഫലമായി  ജബത്ത് അൽ-നുസ്ര മുതൽ നൂർ അൽ-ദിൻ അൽ-സെങ്കി വരെ ഇസ്‌ലാമിക് സ്റ്റേറ്റിന് പുറമെ നിരവധി തീവ്രവാദ  സംഘടനകൾക്ക് ആ ആയുധങ്ങൾ ലഭിച്ചു.

സിറിയൻ യുദ്ധം പ്രത്യേകിച്ചും അമേരിക്കക്ക്​ തങ്ങളുടെ സുഹൃത്തുക്കൾക്ക് ആയുധ വിൽപ്പന വ്യാപിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്. റോയിട്ടേഴ്‌സിലെ ഒരു വാർത്ത പ്രകാരം, ഒബാമ ഭരണകൂടം സൗദി അറേബ്യക്ക് 115 ബില്യൺ ഡോളറിലധികം ആയുധങ്ങൾ, മറ്റ് സൈനിക ഉപകരണങ്ങൾ, പരിശീലനം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. 71 വർഷത്തെ യു.എസ്.- സൗദി സഖ്യത്തിലെ ഏതൊരു യു.എസ് ഭരണകൂടത്തിനെയും വച്ച് നോക്കുമ്പോൾ ഏറ്റവും വലിയ ഓഫറാണ്. 10 വർഷത്തെ കരാറിൽ കുറഞ്ഞത് 38 ബില്യൺ ഡോളറിന്റെ ആയുധങ്ങളുടെ റെക്കോർഡ് പാക്കേജ്  ഒബാമ ഇസ്രായേലിന് നൽകി. 2017 ജനുവരിയിൽ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള മെസ്സ സൈനിക വിമാനത്താവളത്തിനുനേരെ നടത്തിയ വ്യോമാക്രമണം ഉൾപ്പെടെ, ഇസ്രായേലി യുദ്ധവിമാനങ്ങൾ, സിറിയൻ സൈന്യത്തെയും സർക്കാർ സൈറ്റുകളിലും നാശം വിതച്ചിട്ടുണ്ട്.

Photo: Wikimedia Commons
Photo: Wikimedia Commons

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സിറിയക്ക് അറബ് രാജ്യങ്ങളുമായി വാണിജ്യം ഉണ്ടായാലേ നിലനിൽപ്പുള്ളൂ. അറബ് ലീഗിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നതിന്  മുൻപ് തന്നെ സിറിയയുമായി ബന്ധങ്ങൾ പുനസ്ഥാപിക്കാൻ പല രാജ്യങ്ങളും തയ്യാറായി. അതിന്റെ ടൈം ലൈൻ:

  • മെയ് 1 2023: സിറിയ ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തിയിലെ ലഹരി മാഫിയകളെ തകർക്കാൻ സഹായിക്കുമെന്ന് ജോർദാനുമായി നടത്തിയ ബൈലാറ്ററൽ ചർച്ചയിൽ പ്രഖ്യാപിച്ചു.

  • മെയ് 2 2023: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സിറിയ സന്ദർശിച്ച് കച്ചവട കരാറുകൾ ഒപ്പിട്ടു. ഇസ്രായേൽ അലെപ്പോയിലെ എയർപോർട്ടിന് നേരെ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ സന്ദർശനം. 13 വർഷത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച്ച. സിറിയയെ എതിർത്ത് നിന്നിരുന്ന അറബ് രാഷ്ട്രങ്ങൾ  ഇന്ന് സൗഹൃദത്തിന്റെ പാതയിലേക്ക് വരുന്നുവെന്നും പ്രഖ്യാപനമുണ്ടായി. 

  • 15 മെയ് 2023: അറബ് ലീഗിൽ തിരികെ പ്രവേശിച്ച സാഹചര്യത്തിൽ സിറിയയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപങ്ങൾ നടത്തണം എന്ന് ബാഷർ അൽ അസദ്ദ് ആഹ്വാനം ചെയ്തു. 

ഏതുരാജ്യത്ത് നടക്കുന്ന പ്രശ്നവും സമീപ രാജ്യങ്ങളെ മാത്രമല്ല ചിലപ്പോൾ ആഗോള രാഷ്ട്രീയത്തെ തന്നെ ബാധിച്ചേക്കാം. ഗ്ലോബലൈസ്ഡ് ലോകത്തിന്റെ ഒരു പ്രത്യേകതയാണത്. സിറിയയെ ബാധിക്കുന്ന പ്രശ്നങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും മറ്റ് അറബ് രാജ്യങ്ങളെ ബാധിക്കുന്നുണ്ട് എന്ന് ഒരു വാർത്ത സമ്മേളനത്തിൽ അറബ് ലീഗിന്റെ സെക്രട്ടറി ജെനെറൽ ഹൊസം സാകി പറയുന്നു. 

ഇറാന്‍-സൗദി ചര്‍ച്ച, Photo: Screengrab, Aljazeera
ഇറാന്‍-സൗദി ചര്‍ച്ച, Photo: Screengrab, Aljazeera

ഷിയ- സുന്നി തർക്കങ്ങൾ തുടങ്ങി അനേകം നൂലാമാലകളുള്ള മിഡിലീസ്റ്റിൽ എങ്ങനെയാണ് സിറിയ അറബ് ലീഗിലേക്ക് തിരിച്ചു വരുന്നത്? അത് മറ്റ് ചില സംഭവങ്ങളുടെ തുടർച്ചയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്  ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ഇറാൻ സൗദി ഡീൽ ആണ്. അറബ് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് വിലയിരുത്തലുണ്ടായത് ഈ ചരിത്രപരമായ ഡീലിനു ശേഷമാണ്. അതിന് തൊട്ടുപുറകെ യെമെനിൽ സമാധാനം പുലർന്നു. അറബ് രാഷ്ട്രീയത്തിൽ യഥാർത്ഥ സമാധാനവും രാഷ്ട്രീയ സ്ഥിരതയും ഉണ്ടാകുന്നത് ഇപ്പോഴാണ്.  

കാര്യങ്ങൾ സമാധാന പാതയിൽ പോകുമ്പോഴാണ് അമേരിക്കയും നോർവെയും ഒക്കെ ചേർന്ന് സുഡാനിൽ ‘ജനാധിപത്യ പുനഃസ്ഥാപനം’ പ്രഖ്യാപിച്ച് സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയത്. റഷ്യയുമായി ഏപ്രിലിൽ സുഡാൻ ഒരു കരാർ ഒപ്പിട്ടിരുന്നു. സുഡാന്റെ തുറമുഖത്ത് റഷ്യക്ക് ഒരു നേവൽ ബേസുണ്ടാക്കാൻ അനുമതി ആ നൽകുന്ന കരാറിന് പുറകെയാണ് അമേരിക്ക സ്പോൺസർ ചെയ്ത ആഭ്യന്തര യുദ്ധം ആരംഭിച്ചത്.  ഈ സംഭവത്തോടെ ഭയചകിതരായ അറബ് രാഷ്ട്രങ്ങൾ സഹകരണമാണ് ഇനി മുന്നോട്ടുള്ള വഴിയെന്ന് ഉറപ്പിച്ചു. സുഡാനിന്റെ അയൽ രാജ്യമായ ഈജിപ്തിൽ വച്ച് തന്നെ സിറിയയെ അറബ് ലീഗിൽ തിരികെ പ്രവേശിപ്പിക്കുന്നുവെന്ന് പ്രഖ്യാപനമുണ്ടായി. 

Photo: Council for International Development
Photo: Council for International Development

ഈ വർഷമവസാനം അർമേനിയേയും അസർബൈജാനും തമ്മിൽ സമാധാന കരാർ ഉണ്ടാകുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ നേതൃത്വം നൽകുന്ന യുറേഷ്യൻ എക്കണോമിക്ക് കൗൺസിൽ യോഗത്തിലാണ് ഉറപ്പായും സമാധാന കരാർ ഉണ്ടാകുമെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പശിനിയാനും അസർബൈജാൻ പ്രസിഡൻറ്​ ഇലാം അലിയേവും പ്രഖ്യാപിച്ചത്. 

ചൈനയും റഷ്യയും ബഹുധ്രുവ ലോകം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ വിജയിച്ചു വരുന്നു എന്നതിന്റെ തെളിവാണ് ഇതെല്ലാം. അറബ് ജനതയ്ക്കിടയിൽ ചൈന വളരെ പോപ്പുലർ ആകുന്നുവെന്നും അമേരിക്കയെക്കാൾ ചൈനയോടുള്ള താത്പര്യം വർധിക്കുന്നുണ്ട് എന്നും സർവേകൾ പറയുന്നു. 

സാമുവല്‍ ഹണ്ടിംഗ്ടണ്‍
സാമുവല്‍ ഹണ്ടിംഗ്ടണ്‍

സാമുവൽ ഹണ്ടിംഗ്ടണിന്റെ ‘ക്ലാഷ് ഓഫ് സിവിലൈസേഷൻ’ തിയറി പറയുന്നത്, ശീതയുദ്ധശേഷമുള്ള കാലങ്ങളിൽ മനുഷ്യരുടെ മത സാംസ്‌കാരിക സ്വത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ യുദ്ധമായി പരിണമിക്കുമെന്നാണ്. ഇത് ശരിവയ്ക്കുന്ന രീതിയിൽ യുദ്ധങ്ങൾ നടന്നപ്പോൾ ലോകം ഈ തിയറി പരിപൂർണമായി ശരിയാണ് എന്ന് വിശ്വസിച്ചു. എന്നാൽ ഇത്തരം സംഘർഷങ്ങൾ ബോധപൂർവം സൃഷ്ടിച്ച് ലാഭം കൊയ്യാൻ അമേരിക്കയും മറ്റ് കോർപ്പറേറ്റ് ശക്തികളും ഇടപെടൽ നടത്തിയത് പലരും കാണാതെ പോയി. വിഷയം എന്നും സാമ്പത്തികം തന്നെയാണ്. ഇപ്പോൾ മത, സാംസ്കാരിക വൈരം മാറ്റിവച്ച് സഹകരണ കരാറുണ്ടാക്കാനുള്ള കാരണം സാമ്പത്തികമായി മെച്ചപ്പെടണം എന്ന് രാജ്യങ്ങൾക്ക്‌ തോന്നി തുടങ്ങിയതുകൊണ്ടാണ്. 

ബഹുധ്രുവ ലോകത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ ചൈനയും റഷ്യയും മറ്റ് രാജ്യങ്ങൾക്ക് വയ്ക്കുന്ന ഓഫർ ചോര പൊടിയാതെ സാമ്പത്തിക സ്വാതന്ത്യവും വളർച്ചയുമാണ്. ലീഗ് പ്രവേശനത്തിന് ശേഷം അസദ്ദ് പറഞ്ഞ ഒരു വരി ഭാവി അറബ് രാഷ്ട്രീയത്തിന്റെ ഒരു സൂചനയാണ്; ‘അറബ് രാജ്യങ്ങൾ ഭൂതകാലത്തിലേക്ക് നോക്കാതെ മുന്നോട്ട് ഭാവിയെ കുറിച്ച് ചിന്തിക്കണം.’

ഡ്രഗ്ഗ് മാഫിയ, സാമ്പത്തിക ഉപരോധങ്ങൾ, തീവ്രവാദം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ സമവാക്യങ്ങൾക്ക് കഴിഞ്ഞാൽ ലോകത്തിന്റെ വറചട്ടി എന്ന ചാപ്പയിൽ നിന്ന്  മിഡിൽ ഈസ്റ്റിന് മോചനം ലഭിക്കും. 

Comments