Photo: eye.on.llebanon / Instagram

ലെബനനിൽ നിന്ന് കൂട്ട പലായനം, ആഭ്യന്തരയുദ്ധകാലത്ത് എത്തിയ സിറിയൻ അഭയാർഥികളും മടങ്ങുന്നു

ഇസ്രയേലിൻെറ ആക്രമണം ശക്തമായതോടെ ലെബനനിൽ കൂട്ടപലായനം തുടരുന്നു. അഭയാർഥികളായി എത്തിയവർ പോലും തിരികെ മടങ്ങുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് നൂറിലധികം പേർ

News Desk

ലെബനനിൽ (Lebanon) ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ (Israel) നടത്തുന്ന വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെ ബെക്കാ വാലിയിലെ സിറിയൻ അതിർത്തിയിൽ കൂട്ട പലായനം നടക്കുന്നു. സിറിയൻ (Syria) അതിർത്തിയിൽ പലായനം ചെയ്യുന്നവരിൽ കൂടുതലും ഒരു കാലത്ത് ലെബനനിലേക്ക് പലായനം ചെയ്തെത്തിയരാണ്. 2011-ലെ സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് അഭയം തേടിയായിരുന്നു അവർ ലെബനനിലെത്തിയത്. എന്നാൽ ഇപ്പോൾ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ നിന്നും രക്ഷതേടി അവർ വീണ്ടും സിറിയയിലേക്ക് തന്നെ തിരികെ പോകാൻ നിർബന്ധിതരായിരിക്കുകയാണ്. പതിനായിരത്തിലധികം പേർ ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്യുന്നതായി യു.എൻ വ്യക്തമാക്കി. United Nations High Commissioner for Refugese (UNHCR) ന്റെ കണക്ക് അനുസരിച്ച് 1.5 മില്യൺ സിറിയൻ അഭയാർഥികളാണ് ലെബനനിൽ കഴിഞ്ഞിരുന്നത്. സിറിയൻ - ലെബനൻ അതിർത്തിയിൽ ദിവസവും ആയിരക്കണക്കിനാളുകൾ സിറിയയിലേക്ക് കടക്കുന്നതായി U.N.H.C.R പ്രതിനിധി പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഏകദേശം ഒരു ദശലക്ഷം ആളുകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ പലായനം ചെയ്തതായി ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു.

ഇതിനിടെ ലെബനനിലേക്കും ഗാസയിലേക്കുമുള്ള വ്യോമാക്രമണങ്ങൾ ഇസ്രായേൽ സൈന്യം നിർത്താതെ തുടരുന്നുണ്ട്./ Photo: eye.on.llebanon / Instagram
ഇതിനിടെ ലെബനനിലേക്കും ഗാസയിലേക്കുമുള്ള വ്യോമാക്രമണങ്ങൾ ഇസ്രായേൽ സൈന്യം നിർത്താതെ തുടരുന്നുണ്ട്./ Photo: eye.on.llebanon / Instagram

ഇതിനിടെ ലെബനനിലേക്കും ഗാസയിലേക്കുമുള്ള വ്യോമാക്രമണങ്ങൾ ഇസ്രായേൽ സൈന്യം നിർത്താതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഗാസയിൽ 28 പേരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 41595-ഉം പരിക്കേറ്റവരുടെ എണ്ണം 96251 ആയതായുമാണ് ഔദ്യോഗിക കണക്കുകൾ. ഗാസയിലേതിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ലെബനനിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പുലർച്ചെ ബെയ്റൂത്തിലെ കോലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ Popular Front for the Liberation of Palestine (PFLP) നേതാക്കളായ മൂന്ന് പേർ കൊല്ലപ്പെട്ടു. 2006-ന് ശേഷം ആദ്യമായാണ് ബെയ്റൂത്തിലെ തെക്കൻ പ്രാന്തപ്രദേശത്തിന് പുറത്ത് ഇസ്രായേൽ ആക്രമണം ഉണ്ടാകുന്നത്. കോലയിലേക്ക് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ലെബനനെ ഞെട്ടിപ്പിക്കുന്നതാണ്. കാരണം ലെബനനിൽ സുരക്ഷിതമാണെന്ന് കരുതിയിരുന്ന പ്രദേശങ്ങളിലൊന്നായിരുന്നു കോല. ഇവിടേക്കാണ് ഏറ്റവുമൊടുവിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണങ്ങൾ തുടരുമ്പോഴും വെടിനിർത്തലിന് തങ്ങൾ സമ്മതിക്കില്ലെന്ന് തന്നെയാണ് ഇസ്രായേൽ നിലപാട്. ഹിസ്ബുല്ലയെ നിരായുധരാക്കുന്നത് വരെ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

Comments