Photo: Natiq Malikzada Twitter Page

തബലയും ഗിറ്റാറും കത്തിച്ച്​ താലിബാൻ ഭരണകൂടത്തിന്റെ സാംസ്​കാരിക വംശഹത്യ

‘സംഗീതം ധാർമികമായ അഴിമതിക്ക്​ വഴിവെക്കുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും പറഞ്ഞ്​ അഫ്​ഗാനിസ്​ഥാനിലെ താലിബാൻ ഭരണകൂടം സംഗീതോപകരണങ്ങൾ പിടിച്ചെടുത്ത്​ കത്തിക്കുകയാണ്​. സംഗീതത്തിൽ അതിസമ്പന്നമായ പൈതൃകമുള്ള ഒരു രാജ്യത്താണ് ഭരണകൂടത്തിന്റെ​ ഈ സംഗീത ദഹനം’- ഡോ. പി.എം. സലിം എഴുതുന്നു.

ഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ സാംസ്‌കാരിക നശീകരണ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് സംഗീതോപകരണങ്ങള്‍ പിടിച്ചെടുത്ത്​ കൂട്ടമായി കത്തിച്ചുകളയുന്നത്. ‘സംഗീതം ദുര്‍മാര്‍ഗ്ഗ ജീവിതത്തിനും ധാര്‍മികമായ അഴിമതിക്കും വഴിതെളിക്കുന്നു’വെന്ന് പ്രഖ്യാപിച്ചാണ്​ മതഭീകര ഭരണകൂടം ‘സംഗീത ദഹനം’ നടത്തുന്നത്.

പടിഞ്ഞാറന്‍ അഫ്ഘാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ വിവാഹവേദികളില്‍ നിന്ന് പിടിച്ചെടുത്ത തബലയും ഗിറ്റാറും ഹാര്‍മോണിയവും മ്യൂസിക്കല്‍ ആംപ്ലിഫയറുകളും മറ്റു ശബ്ദ വിന്യാസ വിനിമയ ഉപകരണങ്ങളുമൊക്കെ പിടിച്ചെടുത്ത് കത്തിച്ചു.
'സംഗീതം യുവാക്കളെ വഴിതെറ്റിക്കും' എന്ന് താലിബാന്‍ വൈസ് ആന്റ് വെര്‍ച്യു മിനിസ്ട്രി പ്രഖ്യാപിച്ചിരിക്കുകയാണ്​.
സംഗീതോപകരണങ്ങൾ കത്തിച്ചുകളയുന്നതിനെ അഫ്​ഗാനിസ്​ഥാൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മ്യൂസിക്​ സ്​ഥാപകൻ അഹമ്മദ്​ സർമാസ്​റ്റ്​ സംഗീതത്തിനെതിരായ വിധ്വംസകത്വം എന്നും സാംസ്​കാരിക വംശഹത്യ എന്നുമാണ്​ വിശേഷിപ്പിച്ചത്​.

Photo: Taliban's Ministry of Vice and Virtue

2023 ജൂലൈ 19-നും 29 നും അഫ്ഗാന്‍ മതഭീകര ഭരണകൂടം നടത്തിയ സംഗീതോപകരണങ്ങളുടെ കൂട്ട ദഹനത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​.

താലിബാന്‍ ആദ്യം അധികാരം പിടിച്ചെടുത്ത 1996 നും 2001 നും ഇടയിൽ എല്ലാ തരം സംഗീത സാംസ്‌കാരിക പരിപാടികളും സാമൂഹികമായ കൂടിച്ചേരലുകളും റേഡിയോ, ടെലിവിഷന്‍ മുതലായ മാധ്യമങ്ങളും നിരോധിച്ചിരുന്നു. 2001-ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന്​ നിഷ്‌കാസിതരായതിനുശേഷമുള്ള രണ്ടു പതിറ്റാണ്ട് അഫ്ഗാനിസ്ഥാനിലെ സംഗീതാദി കലകള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പുത്തനുണര്‍വുണ്ടായിരുന്നു. 2001-ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ ഒട്ടേറെ ഗായകരും സംഗീതജ്ഞരും രാജ്യം വിട്ടു. അവശേഷിച്ചവര്‍ കടുത്ത നിയന്ത്രണങ്ങളും പീഡനങ്ങളും ഏറ്റു കഴിഞ്ഞു കൂടുന്നു. 2021-ൽ, പൊതു സംഗീത പരിപാടികൾക്കും ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലും പാര്‍ക്കുകളിലുമൊക്കെ പെണ്‍കുട്ടികളെയും സ്ത്രീകളെയും വിലക്കിയിരിക്കുകയാണ്. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും പോലെയുള്ള സ്ഥാപനങ്ങളും പൂട്ടി.

2021 ൽ താലിബാൻ നശിപ്പിച്ച കാബൂളിലെ ഗവൺമെന്റ് സംഗീത സ്റ്റുഡിയോയുടെ ഉപകരണങ്ങൾ / Photo: Kabir Haqmal Twitter Page

പാട്ടിലലിഞ്ഞ
ഒരു നാട്​

സംഗീതാദി കലകളില്‍ സമ്പന്നവും വൈവിധ്യപൂർണവുമായ പൈതൃകമുള്ളൊരു രാജ്യമാണ് അഫ്ഘാനിസ്ഥാന്‍. അഫ്ഘാനിസ്ഥാനിലെ സംഗീത പാരമ്പര്യത്തില്‍ പ്രധാനപ്പെട്ടവ അവിടുത്തെ ക്ലാസിക്കല്‍, നാടോടി, ആധുനിക സംഗീതമാണ്​. അവിടുത്തെ സംഗീത വഴിത്താരകള്‍ പ്രധാനമായും പേര്‍ഷ്യന്‍ മധുരസംഗീതത്തിന്റെയും ഇന്ത്യന്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ രൂപപെടുത്തിയെടുത്തവയാണ്. അതുതന്നെ പഷ്തൂണ്‍, താജിക്, ഹസാര വംശീയ ഭാഷാ പദപ്രയോഗങ്ങളില്‍ക്കൂടി ചിട്ടപ്പെടുത്തി, തബലയും ല്യൂട്ടുമടക്കമുള്ള സംഗീത ഉപകരണങ്ങളുടെ ശബ്ദസമന്വയത്തോടുകൂടിയാണ് അവതരിപ്പിച്ചിരുന്നത്.

പേര്‍ഷ്യന്‍ കവിതാപാരമ്പര്യത്തിന്റെയും നാടോടിപാട്ടുകളുടെയും മൗലാന ഭക്തിഗാനങ്ങളുടെയും ഭാവഗീതങ്ങള്‍ ഇന്ത്യന്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനഫലമായി പുഷ്ടിപ്പെട്ട് മധ്യേഷ്യയിലെ തനതായ സംഗീതപാരമ്പര്യമായി തുടര്‍ന്നുവന്നു. അഫ്ഘാന്‍ സംഗീതത്തിലെ വായ്പാട്ടിലെ വരികളിലും പദപ്രയോഗങ്ങളിലും ഏറെയും ദാരി ഭാഷയിലും പഷ്ടോ ഭാഷയിലും ചിട്ടപ്പെടുത്തിയവയാണ്.

Photo: metmuseum.org

വൈവിധ്യങ്ങളുടെ നാടാണ് അഫ്ഘാനിസ്ഥാന്‍. വംശപരമായും ഭാഷാപരമായും ഭൂമിശാസ്ത്രപരമായും മതപരമായും വര്‍ഗ്ഗഘടനയുടെ കാര്യത്തിലുമുള്‍പ്പെടെ നാനാവിധ വൈവിധ്യങ്ങളോടെ തുടര്‍ന്നുവന്നതാണ് അഫ്ഘാനിസ്ഥാനിലെ സാമൂഹ്യ- സാംസ്‌കാരിക ജീവിതം. ഈ വൈവിധ്യങ്ങള്‍ അവിടുത്തെ സംഗീതപാരമ്പര്യത്തെയും സ്വാധീനിച്ചിട്ടുണ്ട്. അഫ്ഘാനിസ്ഥാനിലെ സംഗീതത്തെ കേവലം ഭാഷ- പ്രാദേശിക വൈവിധ്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനേക്കാളുപരിയായി ശുദ്ധ സംഗീതത്തിന്റെ ശൈലിയില്‍ത്തന്നെ തരംതിരിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം.
ആ രീതിയില്‍ അഫ്ഘാനിസ്ഥാനിലെ സംഗീതത്തെ നാലായി തരംതിരിക്കാം.
ഒന്നാമത്തേത്; 'മൊഹാലി' എന്നപേരിലറിയപ്പെടുന്ന പ്രാദേശിക നാടോടി സംഗീതം.
രണ്ടാമത്തേത്; ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം. മൂന്നാമത്തേത്; ശുദ്ധ അഫ്ഘാന്‍ സംഗീതമെന്ന പേരിലറിയപ്പെടുന്ന പേര്‍ഷ്യന്‍ പാരമ്പര്യമുള്ള സംഗീതജ്ഞരുടെ തനതായ നടന്‍ സംഗീതം. നാലാമത്തേത്; ആധുനിക പാശ്ചാത്യ സംഗീതം.

അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആ നാട്ടിലെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്‌കാരിക പൈതൃകത്തെയും സംഗീതാദി കലകളെയും നാമാവശേഷമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മൊഹാലി എന്നറിയപ്പെടുന്ന അഫ്ഘാന്‍ നടന്‍ സംഗീതം ലളിതവും വൈവിധ്യമുള്ളതുമാണ്. വ്യത്യസ്തമായ പ്രാദേശിക നാടോടി ശൈലികളുള്ള മൊഹാലി സംഗീതം ബാഹ്യസ്വാധീനമില്ലാതെ തദ്ദേശീയമായി ഉരുത്തിരിഞ്ഞുവന്നതാണ്. നാട്ടുഭാഷാവൈവിധ്യമനുസരിച്ച് ലൊഗാരി, ക്വറ്റഗാനി, ക്വര്‍സാക് എന്നീ ശൈലികളിലുള്ള മൊഹാലി സംഗീതമുണ്ട്. ഉസ്താദ് ബില്‍തുന്‍, ഉസ്താദ് ഹമാങ് ഖാന്‍ എന്നിവര്‍ മൊഹാലി സംഗീതത്തിലെ പ്രഗത്ഭരായിരുന്നു. പ്രത്യേക രാഗങ്ങളോ, ശൈലികളോ, കാവ്യരീതികളോ ഇല്ലാത്ത മൊഹാലിയെന്ന ശുദ്ധ നാടന്‍ സംഗീതം അഫ്ഘാനിസ്ഥാനിലെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ജൈവികതയെ ഉയര്‍ത്തികാട്ടുന്നു.

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ പാരമ്പര്യമുള്ള ഒരു സംഗീതധാര 1980- കള്‍ വരെ അഫ്ഗാനിസ്ഥാനില്‍ സജീവമായിരുന്നു. ഈ സംഗീതശൈലിയുടെ പ്രധാന പ്രണേതാക്കള്‍ ഉസ്താദ് മുഹമ്മദ് ഹുസൈന്‍, ഉസ്താദ് നഷേനാസ്, റഹിം ബക്ഷ് തുടങ്ങിയവരായിരുന്നു. ഹിന്ദുസ്ഥാനി രാഗശൈലിയില്‍ ചിട്ടപ്പെടുത്തിയ ഇവരുടെ മനോഹരമായ ഈണത്തിലുള്ള ഗസലുകള്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് സമാനമായിരുന്നു.

2001-ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ ഒട്ടേറെ ഗായകരും സംഗീതജ്ഞരും രാജ്യം വിട്ടു. അവശേഷിച്ചവര്‍ കടുത്ത നിയന്ത്രണങ്ങളും പീഡനങ്ങളും ഏറ്റു കഴിഞ്ഞു കൂടുന്നു. 2021-ൽ, പൊതു സംഗീത പരിപാടികൾക്കും ഭരണകൂടം വിലക്കേർപ്പെടുത്തി.

അഫ്ഘാനിസ്ഥാനിലെ ക്ലാസിക്കല്‍ സംഗീതം വിവിധ ഘടകങ്ങളാല്‍ സമ്പന്നമായിരുന്നു. മധ്യകാല ഇന്‍ഡോ- പേര്‍ഷ്യന്‍ സൂഫി സംഗീതജ്ഞനും കവിയുമായിരുന്ന അമീര്‍ ഖുസ്റു ചിട്ടപ്പെടുത്തിയ 'താരാന' ഗാനങ്ങളും ഗസലുകളും ഉപകരണസംഗീതവുമായി സമന്വയിപ്പിച്ഛ്, പഷ്ടോ - ദാരി ഭാഷകളിലുള്ള വായിപ്പാട്ടുകളും ബെല്ലി നൃത്ത രാഗങ്ങളുമൊക്കെ കുട്ടിച്ചേര്‍ത്ത് സംഗീതാവിഷ്‌കാരം നടത്തുമായിരുന്ന ഉസ്താദുമാര്‍ കാബൂളിലും ഹെരാത് നഗരത്തിലുമൊക്കെ ധാരാളമുണ്ടായിരുന്നു. അഫ്ഘാനിസ്ഥാന് ഇന്ത്യയുമായി ഉണ്ടായിരുന്ന സാംസ്‌കാരികബന്ധം ഹിന്ദുസ്ഥാനി സംഗീത സിദ്ധാന്തങ്ങളും സംഗീതപദങ്ങളും രാഗവും താളവുമൊക്കെ അവിടുത്തെ സംഗീതജ്ഞരെ ആവേശിക്കുന്നതിനിടയൊരുക്കി. അഫ്ഘാന്‍ ക്ലാസിക്കല്‍ സംഗീതത്തിലെയും തെക്കന്‍ അഫ്ഘാനിസ്ഥാനിലെ പഷ്ടോ സംഗീതത്തിലേയും മുടിചൂടാമന്നനായിരുന്നു 1980- ല്‍ അന്തരിച്ച ഉബൈദുള്ളാ ജാന്‍ കാണ്ടഹാരൈ. ഉസ്താദ് ഖാസിം, ഉസ്താദ് റഹിംബക്ഷ് എന്നിവര്‍ ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റു പ്രഗത്ഭരായ അഫ്ഘാന്‍ ക്ലാസിക്കല്‍ സംഗീതജ്ഞരായിരുന്നു

Photo: metmuseum.org

അഫ്ഘാനിസ്ഥാനിലെ സംഗീതധാരകളില്‍ കൂടുതല്‍പ്രസിദ്ധം പഷ്ടോ സംഗീതവും ശുദ്ധ അഫ്ഘാന്‍ സംഗീതവുമാണ്. അഫ്ഘാന്‍ നാടന്‍ സംഗീതത്തോടും ഹിന്ദുസ്ഥാനി സംഗീത ശൈലിയോടുമൊക്കെ ഇഴയടുപ്പമുള്ളതാണ് പഷ്ടോ സംഗീതം. ശുദ്ധ അഫ്ഘാന്‍ സംഗീതം പേര്‍ഷ്യന്‍ ദാരി ഭാഷ ജനവിഭാങ്ങളുടെ ഇടയിലാണ് കൂടുതല്‍ സ്വാധീനമുളവാക്കിയത്. നാടന്‍ സംഗീത പാരമ്പര്യത്തില്‍നിന്നും അറേബ്യന്‍- ഇറാനിയന്‍-ഇന്ത്യന്‍ സംഗീത ശൈലികളില്‍നിന്നുമൊക്കെ കടംകൊണ്ടിട്ടുള്ള അഫ്ഘാന്‍ ശുദ്ധ സംഗീതത്തിന്റെ സ്വരവിന്യാസവും ശ്രുതി- ലയ- താള ക്രമീകരണങ്ങളും പക്കമേളങ്ങളുടെ സങ്കലനവുമൊക്കെ വശ്യതയും ഗാംഭീര്യവുമാര്‍ന്ന ശബ്ദമാധുര്യം ആസ്വാദകരിലുളവാക്കുന്നു. ശുദ്ധ അഫ്ഘാന്‍ സംഗീതത്തെ ലോക സംഗീത ആസ്വാദകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് 20-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഫ്ഘാന്‍ സംഗീതജ്ഞന്‍ അഹമ്മദ് സാഹിര്‍ ആയിരുന്നു. സമകാലീകനായിരുന്ന മറ്റൊരു സംഗീതജ്ഞനായിരുന്നു അബ്ദുറഹ്മാന്‍ സര്‍ബാന്‍. അഫ്ഘാന്‍ സംഗീതത്തിലെ മറ്റ് പ്രഗത്ഭരാണ് ഇന്ന് അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന ഫര്‍ഹാദ് ദരിയ, അഹമ്മദ് വാലി, ജവാദ് ഗാസിയര്‍, ലണ്ടനിലേക്ക് കുടിയേറിയ നഷേനാസ് (Dr. Sadiq Fitrat) തുടങ്ങിയവര്‍.

2001-ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന്​ നിഷ്‌കാസിതരായതിനുശേഷമുള്ള രണ്ടു പതിറ്റാണ്ട് അഫ്ഗാനിസ്ഥാനിലെ സംഗീതാദി കലകള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും പുത്തനുണര്‍വുണ്ടായിരുന്നു.

പാശ്ചാത്യ സംഗീത സാങ്കേതികവിദ്യയുടെയും ആധുനിക സംഗീതോപകരണങ്ങളുടെയും സൗണ്ട് എഞ്ചിനീറിങ്ങിന്റെയും സൗകര്യങ്ങള്‍ ഇണക്കിച്ചേർത്തുള്ള അഫ്ഘാന്‍- പാശ്ചാത്യ സംഗീതവും ശ്രദ്ധേയമാണ്. പോപ് സംഗീതത്തിന്റെയും റോക്​ ആൻറ്​ റോള്‍ സംഗീതത്തിന്റെയുമൊക്കെ ശൈലികള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള അഫ്ഘാന്‍ സംഗീതം മുഖ്യധാരാ സംഗീതത്തിന്റെ ഭാഗമാക്കിയത് അഹമ്മദ് സാഹിറും പിന്മുറക്കാരുമാണ്. അഫ്ഘാന്‍ പോപ് സംഗീതവും ഹിപ്‌ഹോപ് സംഗീതവും റാപ് സംഗീതവുമൊക്കെ സംഗീതപ്രേമികളെ ആവേശം കൊള്ളിക്കുന്നവയാണ്.

അഫ്ഘാനിസ്ഥാനിലെ പരമ്പരാഗത സംഗീതോപകരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഗിചാക്, റുബാബ്

ഉപകരണ സംഗീതത്തിലും അഫ്ഘാനിസ്താന് തനതായപൈതൃകമുണ്ട്. സരോദ് എന്ന ഇന്ത്യന്‍ സംഗീത ഉപകരണത്തിന്റെ മുന്‍ഗാമിയായ റുബാബ് അഫ്ഘാനിസ്ഥാനിലെ പരമ്പരാഗത സംഗീതോപകരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന്, ധൊമ്പുരു എന്ന പേരിലറിയപ്പെടുന്നു. താജിക്, ഹസാര, ഉസ്‌ബെക്, തുര്‍ക്‌മെന്‍ വംശജരുടെയിടയില്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന തദ്ദേശീയ സംഗീത ഉപകരണമാണ് ധൊമ്പുരു. ഹസാരെ വംശജര്‍ ഉപയോഗിച്ചിരുന്നതാണ് ഗിചാക് എന്ന സംഗീതോപകരണം.

അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആ നാട്ടിലെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്‌കാരിക പൈതൃകത്തെയും സംഗീതാദി കലകളെയും നാമാവശേഷമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്തുതന്നെയായാലും മാനവസംസ്‌കൃതിയില്‍ അഫ്ഘാന്‍ സംഗീതധാരകളുടെയും കലാപാരമ്പര്യത്തിന്റെയും അലയൊലികള്‍ സ്വാധീനം ചെലുത്തുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ ആശങ്ക വേണ്ട.


ഡോ. പി.എം. സലിം

സാമൂഹ്യശാസ്ത്ര ഗവേഷകൻ. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കമ്മ്യൂണിസ്റ്റ്‌ ഭരണവും വിമോചന സമരവും: ഒരു ചരിത്രന്യോഷണം എന്ന പുസ്തകം മലയാളത്തിലും കന്നടത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments