സ്​ത്രീ ജീവിതത്തിന്​ വിലങ്ങിടുന്ന താലിബാൻ ഫത്​വകൾ

പതിനഞ്ചു കൊല്ലങ്ങൾ കൊണ്ട് അഫ്​ഗാൻ സമൂഹത്തിൽ സ്ത്രീജീവിതങ്ങൾക്ക് ഉണ്ടായ മാറ്റങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. നിയമ നിർമ്മാണ രംഗത്തും, ഭരണരംഗത്തും സ്ത്രീകൾ കടന്നു വന്നു കഴിഞ്ഞു. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകിയ സ്വകാര്യവും, വിപ്ലവാത്മകവുമായ അവരുടെ സ്വാതന്ത്ര്യത്തിന്റെ, പ്രതികരണത്തിന്റെ ഇടങ്ങൾ താലിബാന്റെ തിരിച്ചു വരവോടെ സ്ത്രീകൾക്ക് നഷ്ടപ്പെടും എന്നതൊരു യഥാർഥ്യമാണ്. അത്തരം ഭീതിയെ ശരി വെക്കുന്നതുപോലെ വരുന്ന ചങ്ങലകളണിഞ്ഞ ഫത്വകൾ കൂട്ടായ്മകളുടെ അവസാനമാവുമോ എന്ന ഭയം ഒളിഞ്ഞും തെളിഞ്ഞും സാഹിത്യവും സ്വാതന്ത്ര്യവും അറിഞ്ഞ ഒരു വലിയ കൂട്ടം സ്ത്രീകൾക്കുണ്ട്.

ഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം പ്രശ്‌നവൽക്കരിക്കുന്നത് അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതമാണ്. സ്ത്രീ വിരുദ്ധത രക്തത്തിൽ അലിഞ്ഞു ചേർന്ന താലിബാൻ ഭരണത്തിനുശേഷം അമേരിക്കൻ ഇടപെടലുകളുടെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞ് താലിബാൻ ശക്തിയാർജിച്ചു തിരിച്ചു വരുമ്പോൾ ഇരുൾ പകരുന്നത് ഒരു രാജ്യം മുഴുവനുമാണ്.

ഭരണാധികാരികൾ പോലും രാജ്യം വിടുമ്പോൾ ഓടിപ്പോകാൻ ഇടയില്ലാത്ത സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാവുന്നത്. കഴിഞ്ഞ ഇരുപത് വർഷവും അമേരിക്കൻ അധിനിവേശം പൂർണ സമാധാനത്തിന്റെയോ, ശാന്തതയുടെയോ ആയിരുന്നില്ല. അമേരിക്കൻ ഇരുതല രാഷ്ട്രീയം അഫ്ഗാനിസ്ഥാനിലെ സമാധാന കാംക്ഷികളായ സാധാരണ ജനതക്ക്​ഉപരിപ്ലവമായ ഒരു സ്ഥിരത മാത്രമേ നൽകിയിരുന്നുള്ളൂ. "ഒരു വശത്ത് സമാധാനം സ്ഥാപിക്കുമ്പോൾ മറു വശത്ത് പർവതങ്ങൾക്കപ്പുറത്തു അവർ തലിബാനു പരിശീലനം നൽകി' എന്ന് കരുതുന്നവർ ധാരാളം.

ഡെമോക്ലീസിന്റെ വാൾ കണക്കെ നിലകൊണ്ടിരുന്ന താലിബാൻ ഭീഷണിക്കും അക്രമത്തിനുമിടയിലും പാശ്ചാത്യ സ്വാധീനത്തിൽ ആഗോളവൽക്കരണത്തിന്റെ അലകൾ അഫ്ഗാനിസ്ഥാനിലും എത്തിയിരുന്നു. ഇന്റർനെറ്റ്, മറ്റു ഡിജിറ്റൽ മാധ്യമങ്ങൾ, പുതിയതും ആധുനികവുമായ ജീവിത ശൈലി എന്നീ വിവിധ തലങ്ങളിൽ തുറസുകൾ സൃഷ്ടിച്ചു. 2019 ലെ ഒരു റിപ്പോർട്ട് അനുസരിച്ചു 47 ശതമാനം അഫ്ഗാൻകാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് 90% അഫ്ഗാൻ വീടുകളിലും ഒരു മൊബൈൽഫോണെങ്കിലും ഉണ്ട്. ഈ ഇന്റർനെറ്റ് സ്വാതന്ത്ര്യം ഏറ്റവും ഉപയോഗിച്ചത് വിദ്യാഭ്യാസത്തിന്റെയും ആശയവിനിമയത്തിന്റെയും സാധ്യതകളിലേക്ക് ആഴ്ന്നിറങ്ങിയ സ്ത്രീകളും യുവജനങ്ങളും ആണ്.

ഇരുണ്ട മധ്യകാലഘട്ടത്തിനവസാനം യൂറോപ്പിൽ ഉണ്ടായ നവോത്ഥനവെളിച്ചം പോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളെ യുവത്വം ആഘോഷിച്ചത്. അഫ്ഗാൻ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ ഇടങ്ങളെ ധീരമായി വീണ്ടെടുത്തു എന്ന് തന്നെ പറയാം. വിവിധ തുറകളിൽ സ്ത്രീകൾ അവരുടെ ഇടങ്ങൾ ഇണക്കിയെടുത്ത കാലങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങൾ. അത് കവിതയുടെ, ചിന്തയുടെ ഇടങ്ങൾ ധാരാളമായി തുറന്നിട്ട് കൊണ്ടാണ്. ഇപ്പോൾ താലിബാന്റെ തിരിച്ചു വരവ് തകർക്കുന്നത് അതേ തുറസുകളെ തന്നെ.

നിങ്ങളെന്നെ സ്‌കൂളിൽ പോകാൻ അനുവദിക്കില്ല. ഞാനൊരു ഡോക്ടറുമാവില്ല. ഓർത്തുവെച്ചോ, ഒരുനാൾ നിങ്ങൾ രോഗാതുരനാവും. മിർമൻ ബഹീർ അംഗമായ 15-കാരി ലിമ നിയാസി താലിബാനെ അഭിസംബോധന ചെയ്ത് എഴുതിയ കവിത: (2012) / Photo: Seamus Murphy, pulitzercenter.org

കുഴിബോംബുകളുടേയും ഗറില്ല ആക്രമണങ്ങളുടെയും ഇടയിലും സ്വാതന്ത്ര്യത്തിന്റെ തുറസുകൾ പടുത്തുയർത്തിയ പെൺ കൂട്ടായ്മാകൾ പലതുണ്ടായി. എല്ലാ ശനിയാഴ്ചയും രഹസ്യമായി സമ്മേളിച്ചിരുന്ന മിർമൻ ബഹീർ എന്ന സ്ത്രീ സംഘടനയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. അവർ സ്ത്രീ വിവേചനത്തിനെതിരെ ശബ്ദമുയർത്തുകയും സ്ത്രീകൾക്ക് ഒരുമിച്ചിരുന്നു, പൊതുവായ പ്രശ്‌നങ്ങൾക്കും സ്ത്രീവിരുദ്ധമായ ആശയങ്ങൾക്കുമേതിരെ പ്രതിഷേധിക്കുവാനും, പ്രണയവും, വിരഹവും, ദുഖവും പങ്കുവെക്കാനുമുള്ള ഇടം നൽകുകയും ചെയ്യുന്നുണ്ട്. മിർമൻ ബഹിർ തന്നെയാണ് അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശ്രദ്ധേയമായ കവിതാ കൂട്ടായ്മയുടെ നേതൃത്വവും വഹിക്കുന്നത്.

സ്ത്രീകളുടെ ആഭിമുഖ്യത്തിൽ ലാൻഡേ എന്ന ആയിരം വർഷം പഴക്കമുള്ള കാവ്യശൈലി സമകാലികമായി പരിഷ്‌കരിച്ചു ഉപയോഗിച്ചതാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ പെണ്ണൊരുമ്പെടലുകളിൽ ഒന്ന്. കാബൂളിലും മറ്റു പ്രദേശങ്ങളിലുമായി നൂറു കണക്കിന് സ്ത്രീകൾ ഇതിൽ അംഗങ്ങളാണ്. അവർ സാമൂഹിക, വിദ്യാഭ്യാസ, വർഗ, പ്രാദേശിക വ്യത്യാസങ്ങൾക്കപ്പുറം സ്ത്രീ സംവേദനത്തിന്റെ പൊതുവായ ഒരിടം സൃഷ്ടിച്ചു. അതിൽ പ്രധാനം ലാൻഡേ സദസ്സുകളാണ്. താലിബാൻ ഭരണകാലത്തും, അതിനെ തുടർന്നുള്ള കാലങ്ങളിലും അഫ്ഗാൻ സ്ത്രീകളുടെ സ്വയം പ്രതിരോധത്തിന്റെ സ്വരങ്ങളാണ് ലാൻഡേ എന്ന ഈ രീതി. തലമുറകളായി അക്രമം ശീലമായ അഫ്ഗാൻ ജനതക്ക് സമ്മർദങ്ങളിൽ നിന്നുള്ള വിടുതൽ കൂടിയാണ് കവിതകൾ. ലാൻഡേ എന്ന പ്രത്യേകതരം കവിതയാകട്ടെ, വെറും രണ്ടു വരികളിലെ 22 സിലബിളിൽ ഒതുങ്ങുന്ന കുറുങ്കവിതകൾ. പക്ഷെ അവയിലെ എതിർപ്പിന്റെ, ജീവിതത്തിന്റെ സ്വരം ഒട്ടും കുറുകിയതല്ല. വാമൊഴി വഴക്കത്തിൽ ഏതാണ്ട് 1000 വർഷം പഴക്കമുള്ള കവിതാ പാരമ്പര്യത്തിൽ പെട്ടവയാണ് ലാൻഡേ. ഓരോ ലാൻഡേയിലും ആദ്യത്തെ വരിയിൽ 9 സിലബിളും രണ്ടാമത്തെ വരിയിൽ 13 സിലബിളും ഉള്ള 22 സിലബിൾ കവിത. പഴയകാലത്തും പൊതുവെ പ്രണയം, യുദ്ധം, ദേശം, വിരഹം, ദുഖം എന്നിങ്ങനെയാണ് ലാൻഡേക്ക് വിഷയമായിട്ടുള്ളത്.

കവിതയും അഫ്ഗാൻ സ്ത്രീകളുടെ നിരോധിത സന്തോഷങ്ങളിൽ പെടുന്നതുകൊണ്ട് , കവിതയുടെ ഇടങ്ങളിലേക്കുള്ള തുറസ്സ്, ആശയപരമായ വിപ്ലവം കൂടിയാണ്. തുറന്ന കഫെകളിലും, കലാസദസ്സിലും ഒരുമിച്ചു കൂടുന്നുണ്ടെങ്കിലും, കവിതയുടെ സ്ത്രീ കൂട്ടങ്ങളുടെ തുടക്കം രഹസ്യമായി തന്നെയായിരുന്നു.

ഇത് കാബൂളിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ മാത്രം ഇടമല്ല, പകരം ദൂരെയുള്ള പഷ്ത്തൂൻ ഗ്രാമങ്ങളിൽ നിന്ന്, മൺവീടുകളിൽ നിന്നു കൊടും തണുപ്പിലിറങ്ങി മിർമൻ ബഹീർ ആസ്ഥാനത്തേക്ക് ഫോൺ ചെയ്തു കവിത വായിക്കുന്ന നാടൻ പെൺകുട്ടികളുടേത് കൂടിയാണ്. ഏതു നിമിഷവും, ഒരു കുഴി ബോംബ് പൊട്ടിയോ, ബുള്ളറ്റ് കൊണ്ടോ നഷ്ടപ്പെടാവുന്ന ജീവിതത്തിൽ, അവസ്ഥകൾക്കെതിരെ പ്രതികരിക്കാൻ സ്ത്രീക്കുള്ളത് കവിത മാത്രമാണല്ലോ. പല കവികളും യഥാർത്ഥ പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം കുടുംബം തന്നെ കവിതകളിലെ പ്രണയത്തെ സ്വാതന്ത്ര്യത്തിന്റെ ഭാഷയെ എതിർത്തു ജീവൻ എടുത്തേക്കാം എന്നത് തന്നെ കാരണം. പലപ്പോഴും
വിദൂരഗ്രാമങ്ങളിലെ സ്വാതന്ത്ര്യ ദാഹികളായ പെൺകുട്ടികളുടെ പുറം ലോകവുമായുള്ള ഒരേ ഒരു ബന്ധം റേഡിയോയും അത് വീടിനുള്ളിലേക്ക് കൊണ്ടുവരുന്ന സംഗീതത്തിന്റെ ലോകവും മാത്രമാണ്.

2012ൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ റേഡിയോ ലിബർട്ടിയുടെ സഹായത്തോടെ മിർമൻ ബഹിറിൽ കവിത വായിക്കാൻ വിളിച്ചിരുന്ന അഫ്ഗാൻ പെൺകുട്ടികളെ പറ്റി സൂചിപ്പിക്കുന്നുണ്ട്. പലപ്പോഴും കവിതകളും പാട്ട്, നൃത്തം എന്നിവയും യാഥാസ്ഥിതിക സമൂഹം അധാർമികം എന്ന് കരുതിയിരുന്നത് കൊണ്ട് പലപ്പോഴും കുടുംബാംഗങ്ങൾ പെൺകുട്ടികളെ കവിതകൾ എഴുതാൻ അനുവദിച്ചിരുന്നുമില്ല. അങ്ങനെ സമൂഹത്തിന്റെ എതിർപ്പുകളെ വെല്ലുവിളിച്ചാണ് സ്ത്രീകൾ അവരുടെ വികാരവിചാരങ്ങളെ ലാൻഡേയിൽ ആവിഷ്‌കരിച്ചിരുന്നത്. അഫ്ഗാൻ അതിജീവനത്തിന്റെ കവിതാവഴികൾ ആണ് ഇവ. ഗ്രാമമെന്ന ഇടുങ്ങിയ കൂടിനെ ക്കുറിച്ചും, അലിഖിതവും, അചഞ്ചലവുമായ ദൈവനിശ്ചയങ്ങളെ ചോദ്യം ചെയ്തും അവർ ഏതു നിമിഷവും കടന്നു വന്നേക്കാവുന്ന മരണത്തെ വെല്ലുവിളിച്ചു. താലിബാൻ കാലത്ത് സുവർണ സൂചി എന്ന ഒരു സാഹിത്യസംബന്ധിയായ നെറ്റ്‌വർക്ക്‌ പ്രവർത്തിച്ചിരുന്നു. വസ്ത്രങ്ങൾ തുന്നുന്നതിനു എന്ന വ്യാജേന ഒരുമിച്ചു ചേർന്നു സാമൂഹ്യ വിഷയങ്ങളെ പ്രശ്‌നവൽക്കരിച്ചു സാഹിത്യ വിചാരങ്ങളിൽ ഏർപ്പെട്ടു. കാബൂളിൽ സർവകലാശാല വിദ്യാഭ്യാസം ലഭിച്ച, അനുകൂല ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്ന ഉന്നത കുലജാതരായ വനിതകളെ പോലെയല്ല വിദൂരസ്ഥമായ ഗ്രാമങ്ങളിലെ സ്ത്രീകൾ. കാബൂളിലെ സ്ത്രീകൾക്ക് പരസ്യമായി സാഹിത്യ പ്രവർത്തനം സാധ്യമാണെങ്കിൽ, ഗ്രാമത്തിലെ വനിതകൾക്ക് അത് ജീവൻ പണയം വച്ചുള്ള കളിയാണ്. അവർക്ക് വിദ്യാഭ്യാസവും, സ്വാതന്ത്ര്യവും വിലക്കപ്പെട്ട, വിലപിടിപ്പുള്ള കനിയാണ്.

അഫ്ഗാനിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ ഫൗസിയ കൂഫി, സാരിഫ ഗഫാരി, സാലിമ മസാരി

അടിച്ചമർത്തപ്പെട്ട അഫ്ഗാൻ സ്ത്രീകളുടെ പ്രതികരണമാണ് വിഷപ്പാമ്പ് എന്ന് പഷ്ത്തൂൻ ഭാഷയിൽ അർഥം വരുന്ന ലാൻഡേ എന്ന കവിതയുടെ എരിവ്. കൂട്ടായ്മയാണ് ലാൻഡേയുടെ പ്രത്യേകത. ഓരോ സ്ത്രീയും ഈരണ്ടു വരി ചേർത്ത് ഉണ്ടാക്കുമ്പോൾ അത് ആരുടെയും സ്വന്തമല്ലാത്ത എന്നാൽ എല്ലാവരുടേതുമായ സൃഷ്ടി ആയി മാറുന്നു. ഓരോ സ്ത്രീയും ലാൻഡേയിൽ സ്വത്വം സംവേദിക്കുന്നു, അനുഭവിക്കുന്നു. അഫ്ഗാനിസ്ഥാനിൽ അകങ്ങളിലെ സ്ത്രീവിമോചന പ്രസ്ഥാനങ്ങളാണ് ലാന്റെ എന്ന കവിതകൾ. അത് സ്ത്രീകളുടേത് മാത്രമാണ്. ഓരോ കവിതയും അവർക്ക് ഇരുതലമൂർച്ചയുള്ള വാൾ പോലെയാണ്. സ്ത്രീജീവിതത്തിന്റെ എല്ലാ താളങ്ങളും, തലങ്ങളും അതിൽ പ്രതിബിംബിക്കുന്നു.

വിവാഹത്തിന് മുമ്പ് വധുവിനെ മൈലാഞ്ചി ഇടുന്ന ദിവസം സ്ത്രീകൾ ഒരുമിച്ചു ചേർന്നു കളി പറഞ്ഞും, കളിയാക്കിയും തുടങ്ങിയ പഷ്ത്തൂൻ പാരമ്പര്യത്തിലെ ലാന്റെയിൽ ലൈംഗികത, ശരീരം, പ്രേമം, വിരഹം, യുദ്ധം എന്നിവയെല്ലാം വിഷയങ്ങൾ ആവുന്നു. പാട്ടും കൂത്തും സദാചാരവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് താലിബാൻ, കവിത, ഗാനങ്ങൾ എന്നിവയെ, സ്ത്രീകളെയെന്നപോലെ അകറ്റി നിർത്തുന്നു. സമകാലീന ലാൻഡേകൾ താലിബാനെയും അമേരിക്കൻ സൈനിക അധിനിവേശത്തെയും ഒരു പോലെ പ്രശ്‌നവൽക്കരിക്കുന്നു. അനേകം യുവതികളുടെ നാളേക്കുള്ള പ്രതീക്ഷകളും ഈ ലാൻഡേകളിൽ തന്നെയാണ്. ഓരോ പഷ്ത്തൂൻ സ്ത്രീക്കും അത് സാംസ്‌കാരിക വിപ്ലവത്തിന്റെ സൂചകമാണ്. പലപ്പോഴും കവിത എഴുതുന്ന, പാടുന്ന സ്ത്രീകളെ സമൂഹം ദുഷിക്കുകയും, ഒറ്റപ്പെടുത്തുകയും, സദാചാരവിരുദ്ധം എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ആശുപത്രി, മരുന്ന് വാങ്ങൽ, തയ്യൽക്കട എന്നിങ്ങനെ ഒഴികഴിവുകളിലാണ് പലപ്പോഴും സ്ത്രീകൾ ഏതെങ്കിലും ബേസ്മെൻറ്​ മുറികളിൽ കവിതസദസ്സിന് എത്തിച്ചേരുന്നത്. മൊബെെലിന്റെ വരവ് അഫ്ഗാൻ സ്ത്രീജീവിതത്തെ കൂടുതൽ വിവിധവും വിശാലവുമാക്കി എന്ന് നിസ്സംശയം പറയാം.

കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങൾ കൊണ്ട് അഫ്ഗാൻ സമൂഹത്തിൽ സ്ത്രീജീവിതങ്ങൾക്ക് ഉണ്ടായ മാറ്റങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. നിയമ നിർമ്മാണ രംഗത്തും, ഭരണരംഗത്തും സ്ത്രീകൾ കടന്നു വന്നു കഴിഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അലയൊലികൾ യുവജനങ്ങളിലേക്ക് ധാരാളമായി എത്തുന്നുമുണ്ട്. മൊബൈൽ ഫോണും ഇന്റർനെറ്റും നൽകിയ സ്വകാര്യവും, വിപ്ലവാത്മകവുമായ അവരുടെ സ്വാതന്ത്ര്യത്തിന്റെ, പ്രതികരണത്തിന്റെ ഇടങ്ങൾ താലിബാന്റെ തിരിച്ചു വരവോടെ സ്ത്രീകൾക്ക് നഷ്ടപ്പെടും എന്നതൊരു യഥാർഥ്യമാണ്. അത്തരം ഭീതിയെ ശരി വെക്കുന്നതുപോലെ വരുന്ന ചങ്ങലകളണിഞ്ഞ ഫത്​വകൾ കൂട്ടായ്മകളുടെ അവസാനമാവുമോ എന്ന ഭയം ഒളിഞ്ഞും തെളിഞ്ഞും സാഹിത്യവും സ്വാതന്ത്ര്യവും അറിഞ്ഞ ഒരു വലിയ കൂട്ടം സ്ത്രീകൾക്കുണ്ട്. പക്ഷെ ഒരിക്കലും അവസാനിക്കാത്ത സാഹിത്യത്തിന്റെ വസന്തം പുതിയ പ്രതിരോധമാർഗങ്ങൾ തീർത്തെങ്കിൽ...


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments