2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനെതുടർന്ന് അഫ്ഗാനിസ്ഥാൻ അതിക്രൂരമായ അടിച്ചമർത്തലുകളിലേക്കും സംഘടിതമായ മനുഷ്യാവകാശലംഘനങ്ങളിലേക്കും എടുത്തെറിയപ്പെട്ടു. 1990-കളുടെ ഒടുവിൽ താലിബാൻ ഭരണകൂടം നടപ്പാക്കിയ കിരാത ഭരണകൂടത്തിനുസമാനമായ ഭരണം പുനഃസ്ഥാപിക്കപ്പെട്ടതോടെ, ലക്ഷക്കണക്കിന് വരുന്ന ജനതയുടെ പ്രതീക്ഷാനിർഭരമായ അഭിലാഷങ്ങളുടെ സ്ഥാനത്ത് ഭയവും നിരാശയും നിറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും എതിരായ ആക്രമണങ്ങളായിരുന്നു ഈ അടിച്ചമർത്തലുകളുടെ മുഖമുദ്ര. സ്വേച്ഛാധിപത്യപരമായ ആണധികാരവ്യവസ്ഥയെന്ന ആ സംഘടനയുടെ സ്ഥായീഭാവമാണ് താലിബാന്റെ അജണ്ടയിലൂടെ സാക്ഷാൽക്കരിക്കപ്പെട്ടത്.
സ്ത്രീകൾക്ക് വിലക്ക്
താലിബാന്റെ ഏകാധിപതിയായ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ് സാദെയുടെ പുതിയ ഉത്തരവനുസരിച്ച് അഫ്ഗാൻ പൗരരുടെ അവകാശങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള നിർദേശങ്ങളടങ്ങിയ 35 വകുപ്പുകളുള്ള ഒരു നിയമരൂപരേഖ പ്രഖ്യാപിച്ചിരിക്കുകയാണ്. 2021-ൽ അധികാരത്തിൽവന്നശേഷം കൊണ്ടുവന്ന സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ 'ധാർമിക നിയമ'ങ്ങളെ വ്യവസ്ഥാപിതമാക്കുന്നതാണ് പ്രൊപഗേഷൻ ഓഫ് വെർച്യൂ ആന്റ് ദ പ്രിവൻഷൻ ഓഫ് വൈസ് മന്ത്രാലയം പുറത്തിറക്കിയ നിയമങ്ങൾ.
താലിബാൻ ഭരണത്തിൽ മനുഷ്യവിരുദ്ധനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിൽ കുപ്രസിദ്ധിയാർജിച്ച ഈ മന്ത്രാലയത്തിന് ഇപ്പോൾ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും കടന്നുകയറി ഭീകരനിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാൻ കഴിയും വിധം കൂടുതൽ അധികാരങ്ങൾ നൽകിയിരിക്കുകയാണ്.
സ്ത്രീകളെ ഉന്നം വക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് പുതിയ ഉത്തരവിലുള്ളത്. സ്ത്രീകളെ പൊതുജീവിതത്തിൽനിന്നും പൊതുഇടങ്ങളിൽനിന്നും വിലക്കുകയും അവരുടെ ദൃശ്യതയും ശബ്ദവും പരമാവധി ഇല്ലാതാക്കുന്നതുമാണ് ഈ വിലക്കുകൾ. പൂർണമായും ശരീരം മറച്ചുമാത്രമേ സ്ത്രീകൾക്ക് ഇപ്പോൾ പൊതുസ്ഥലത്ത് വരാനാകൂ.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ വിലക്കുകൾ താലിബാന്റെ ആക്രമണോത്സുക അജണ്ടയാണ് വെളിപ്പെടുത്തുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ, രണ്ടു ദശാബ്ദം കൊണ്ട് സ്ത്രീഅവകാശങ്ങളിലുണ്ടായ എല്ലാത്തരം മുന്നേറ്റങ്ങളെയും റദ്ദാക്കുന്ന ഒരു കൂട്ടം നയങ്ങൾ അവർ കൊണ്ടുവന്നു.
പ്രലോഭനത്തിന് കാരണമാകുന്നുവെന്ന് താലിബാൻ പറയുന്ന മുഖം പുറത്തുകാട്ടാൻ സ്ത്രീകൾക്ക് അനുവാദമില്ല. പുതിയ നിയമം ആക്രമണം ഒന്നുകൂടി കടുപ്പിച്ച്, അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാർ സ്ത്രീകളുടെ മുഖം കാണുന്നത് പൂർണമായും നിരോധിച്ചു. അതിനാൽ, സ്ത്രീകൾക്ക് മേലിൽ പൊതു ഇടങ്ങളിൽ വരാനാകില്ല. നേർത്തതോ ഇറുകിയതോ ഇറക്കം കുറഞ്ഞതോ ആയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.
ശാരീരികമായ ഇത്തരം നിയന്ത്രണങ്ങൾക്കുപുറമേ, സ്ത്രീകളുടെ ശബ്ദത്തിനും വിലക്കുണ്ട്. പൊതുസ്ഥലത്ത് സ്ത്രീകൾ പാടാനോ, കവിതകൾ ആലപിക്കാനോ ഉറക്കെ വായിക്കാനോ പാടില്ല. കാരണം അവരുടെ ശബ്ദം വികാരപരമായ ആകർഷണമുണ്ടാക്കുന്നതാണത്രേ.
സ്ത്രീകളുടെ ശരീരങ്ങളെ മാത്രമല്ല, അവരുടെ സാന്നിധ്യം തന്നെ പൊതുവിടങ്ങളിൽനിന്ന് നിരോധിക്കുന്ന നിയമങ്ങളാണിവ. ഇവിടെ തീരുന്നില്ല, സംഗീതത്തിനും ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനും സ്ത്രീകൾക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നതിനും ബന്ധുക്കളല്ലാത്ത പുരുഷന്മാരും സ്ത്രീകളും തമ്മിൽ ഏതെങ്കിലും തരത്തിൽ ഇടപഴകുന്നതിനും കർശന വിലക്കുണ്ട്.
സർവകലാശാലകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. ഇത് വിദ്യാർഥികൾ തമ്മിലുള്ള വിനിമയങ്ങൾ ഇല്ലാതാക്കും.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ വിലക്കുകൾ താലിബാന്റെ ആക്രമണോത്സുക അജണ്ടയാണ് വെളിപ്പെടുത്തുന്നത്. അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ, രണ്ടു ദശാബ്ദം കൊണ്ട് സ്ത്രീഅവകാശങ്ങളിലുണ്ടായ എല്ലാത്തരം മുന്നേറ്റങ്ങളെയും റദ്ദാക്കുന്ന ഒരു കൂട്ടം നയങ്ങൾ അവർ കൊണ്ടുവന്നു.
താലിബാന്റെ തിരിച്ചുവരവിനുശേഷം 70 ശതമാനത്തിലേറെ മാധ്യമ സ്ഥാപനങ്ങളും പൂട്ടാൻ നിർബന്ധിതമായി. നിലനിൽക്കുന്നവ തന്നെ കർശന നിയന്ത്രണത്തിലുമാണ്. മാധ്യമപ്രവർത്തകർ തുടർച്ചയായി ഭീഷണിക്കും ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നു.
വിദ്യാഭ്യാസവും തൊഴിലും നേടാനുള്ള അവകാശവും പൊതു ഇടത്തിലെ സ്വാതന്ത്ര്യവും ഇല്ലാതാക്കി. മിക്കവാറും പ്രവിശ്യകളിൽ പെൺകുട്ടികളുടെ സെക്കൻഡറി സ്‌കൂളുകൾ പൂട്ടി. ആൺകുട്ടികളെയും പുരുഷന്മാരെയും പഠിപ്പിച്ചിരുന്ന സ്ത്രീകളെ അവരുടെ സ്ഥാനത്തുനിന്ന് ഒഴിവാക്കി. പല സർക്കാർ ജോലികളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. സ്ത്രീകളായ സർക്കാർ ജോലിക്കാരിൽ ഭൂരിഭാഗം പേരെയും പിരിച്ചുവിട്ടു.
പെൺകുട്ടികളെ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും സ്ത്രീവിദ്യാഭ്യാസത്തിന് പിന്തുണ നൽകുമെന്നുമുള്ള തുടക്കത്തിലെ പ്രഖ്യാപനം പാഴായി. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുവാദം നൽകുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും അത് അസാധ്യമാക്കുന്ന തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങളും കൊണ്ടുവന്നു.
അതായത്, പുരുഷന്മാർക്കൊപ്പം സ്ത്രീകൾ പഠിക്കാൻ പാടില്ല തുടങ്ങിയ നിയമങ്ങൾ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളായ അധ്യാപകർ ഇല്ലാതായതോടെ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഫലത്തിൽ നിഷേധിക്കപ്പെട്ടു, അവർ വീണ്ടും കടുത്ത പാർശ്വവൽക്കരണത്തിനിരകളായി.
2001-നുമുമ്പുള്ള കാലഘട്ടത്തിൽ ലിംഗസമത്വത്തിന്റെ കാര്യത്തിൽ രാജ്യം നേടിയ പുരോഗതിയുടെ അടയാളമായ വിമൻസ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ പേര് മാറ്റി, മിനിസ്ട്രി ഫോർ ദ പ്രൊപഗേഷൻ ഓഫ് വെർച്യു ആന്റ് പ്രിവൻഷൻ ഓഫ് വൈസ് (Ministry for the Propagation of Virtue and Prevention of Vice) എന്നാക്കി.
സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, വീട്ടിൽനിന്ന് എപ്പോൾ- എങ്ങനെ പുറത്തിറങ്ങണം പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണം തുടങ്ങിയ കർശന വിലക്കുകൾ കൊണ്ടുവരികയാണ് ഈ മന്ത്രാലയം ആദ്യം ചെയ്തത്. അക്രമങ്ങളിൽനിന്ന് രക്ഷതേടി, അഭയാർഥികളായി എത്തുന്ന സ്ത്രീകൾക്കായി സ്ഥാപിച്ചിരുന്ന വനിതാ ഷെൽട്ടറുകൾ പൂട്ടി, ചിലത് സ്ത്രീകൾക്കുള്ള തടവറകളാക്കി. അങ്ങനെ എല്ലാതരത്തിലും സ്ത്രീകളെ രണ്ടാം തരം പൗരരാക്കി മാറ്റി.
രാജ്യത്തെ സ്വതന്ത്രമായ എല്ലാതരം ആവിഷ്കാരങ്ങളെയും വിലക്കുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി, മാധ്യമങ്ങൾക്കുണ്ടായിരുന്ന സ്‌പെയ്‌സ് താലിബാൻ ഇല്ലാതാക്കിക്കൊണ്ടിരുന്നു.
താലിബാന്റെ തിരിച്ചുവരവിനുശേഷം 70 ശതമാനത്തിലേറെ മാധ്യമ സ്ഥാപനങ്ങളും പൂട്ടാൻ നിർബന്ധിതമായി. നിലനിൽക്കുന്നവ തന്നെ കർശന നിയന്ത്രണത്തിലുമാണ്. മാധ്യമപ്രവർത്തകർ തുടർച്ചയായി ഭീഷണിക്കും ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നു.
പഷ്‌തോ, പേർഷ്യൻഭാഷകളിൽ സംപ്രേഷണം ചെയ്തിരുന്ന ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മീഡിയ നെറ്റ്‌വർക്കുകൾനിശ്ശബ്ദമാക്കപ്പെട്ടു. ദേശീയ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതോ പൊതു നിലപാടുകളെ നെഗറ്റീവായി സ്വാധീനിക്കുന്നതോ ആയ ഉള്ളടക്കങ്ങളെ നിരോധിച്ചിട്ടുണ്ട്.
നിരവധി മാധ്യമപ്രവർത്തകർക്ക് രാജ്യം വിട്ട് പോകേണ്ടിവന്നു. ഇതേതുടർന്ന് രാജ്യത്ത് സ്വതന്ത്രമായ റിപ്പോർട്ടിങ് അസാധ്യമായി എന്നുതന്നെ പറയാം. ഈ സെൻസർഷിപ്പിന്റെ മറവിൽ വിമതശബ്ദങ്ങളെ എളുപ്പം അടിച്ചമർത്താം, അധികാരത്തിൽ താലിബാന്റെ പിടി, ചോദ്യം ചെയ്യപ്പെടാതെ മുറുക്കാം. ഇതുവഴി എല്ലാതരം അഭിപ്രായപ്രകടനങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കാനായി.
സ്വതന്ത്രമായ വാർത്താ ഉറവിടങ്ങൾ അഫ്ഗാൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശം നിഷേധിക്കുന്നതിനൊപ്പം വിവരങ്ങൾ അറിയാനുന്ന അവകാശം നിഷേധിച്ച് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ നിഷേധം കൂടിയാണ് മാധ്യമ നിയന്ത്രണങ്ങളിലൂടെ താലിബാൻസാധ്യമാക്കിയത്.
ഇത് രാജ്യത്ത് തീർത്തും ഒറ്റപ്പെട്ടതും ചോദ്യം ചെയ്യപ്പെടാത്ത വിലക്കുകളുടേതുമായ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ബാഹ്യലോകത്തുനിന്ന് ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ അഫ്ഗാൻ ജനത.
മുമ്പില്ലാത്തവിധം, മാനവികമായ എല്ലാ തലങ്ങളുടെയും സർവനാശത്തിലേക്കാണ് അധികാരത്തിലേക്കുള്ള താലിബാന്റെ തിരിച്ചുവരവ് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചത്. ഭക്ഷ്യസുരക്ഷ ആശങ്കയിലായതോടെ, രണ്ടര കോടി ജനങ്ങളാണ് അതിഭീകരമായ പ്രതിസന്ധിയിലാക്കപ്പെട്ടിരിക്കുന്നത്.
അന്താരാഷ്ട്ര സഹായങ്ങൾ നിലയ്ക്കുകയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ധനപ്രതിസന്ധിയും വിലക്കയറ്റവും ലക്ഷക്കണക്കിനുപേരുടെ ജീവിതം അസാധ്യമാക്കിയിരിക്കുന്നു.
ഇതോടൊപ്പമാണ് സിവിലിയൻ അപകടമരണങ്ങളുടെ കുത്തനെയുള്ള വർധന. താലിബാൻ വരുന്നതിനുമുമ്പ് സർക്കാർ സേനയും താലിബാനും തമ്മിലുള്ള സംഘർഷങ്ങളിൽ, വ്യോമാക്രമണങ്ങളിലും മോർട്ടാർ പ്രയോഗങ്ങളിലും മറ്റും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു, നിരവധി പേർക്ക് പരിക്കേറ്റിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന അരാജകാവസ്ഥ മുതലെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രൊവിൻസ് (Islamic State of Khorasan Province- ISKP) സ്കൂളുകൾക്കും പള്ളികൾക്കും ഹസാര ഷിയ പോലുള്ള ന്യൂനപക്ഷ സമുദായങ്ങൾക്കും നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം താലിബാന്റേതായ കൊലപാതകങ്ങളും കൂടിയായപ്പോൾ അഫ്ഗാനിലെ പൊതുജീവിതത്തിന്റെ സർവ മേഖലകളും ക്രൂരമായ അക്രമങ്ങളുടെയും പേടിയുടെയും വിറയലിലാണ്.
അന്താരാഷ്ട്ര സഹായങ്ങൾ നിലയ്ക്കുകയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ധനപ്രതിസന്ധിയും വിലക്കയറ്റവും ലക്ഷക്കണക്കിനുപേരുടെ ജീവിതം അസാധ്യമാക്കിയിരിക്കുന്നു.
ഹസാര സമുദായത്തെ ലക്ഷ്യം വച്ച് താലിബാൻ ഇപ്പോൾ വ്യാപകമായ ഒഴിപ്പിക്കലിനും നേതൃത്വം നൽകുന്നുണ്ട്. ഇതേതുടർന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. സമൂഹത്തിലെ സർവമേഖലകളിലും നിയന്ത്രണം അടിച്ചേൽപ്പിക്കുന്നതിനൊപ്പം അഫ്ഗാൻ സമൂഹത്തിന്റെ ആണിക്കല്ലായിരുന്ന ബഹുസ്വര ഘടനയെ പ്രതിനിധീകരിക്കുന്ന എല്ലാത്തിനെയും ഇല്ലാതാക്കാനും നേരിയ പ്രതിരോധ ശബ്ദങ്ങളെ പോലും തുടച്ചുമാറ്റാനുമാണ് താലിബാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
താലിബാന്റെ കിരാത നിയമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്ക പുറപ്പെടുവിക്കുന്നുണ്ട്. രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ ഐക്യരാഷ്ട്രസഭ അപലപിക്കുന്നു. പൗരസമൂഹത്തിനുനേരെയുള്ള താലിബാന്റെ സിസ്റ്റമാറ്റിക്കായ ആക്രമണങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് യു.എൻ പ്രതിനിധി റിച്ചാർഡ് ബെന്നറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധമായ അറസ്റ്റിനും പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും കുടിയിറക്കലുകൾക്കും വിധേയമാക്കപ്പെടുന്ന വംശീയ- മത ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയും ബെന്നറ്റിന്റെ റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. താലിബാന്റെ തിരിച്ചുവരവിനുശേഷം ഇത്തരം വിഭാഗങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമായിരിക്കുകയാണ്. രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തിന് സ്വാതന്ത്ര്യം നഷ്ടമായി, തദ്ദേശീയ മനുഷ്യാവകാശ നിരീക്ഷണ സംവിധാനങ്ങൾ തകർക്കപ്പെട്ടു. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന മനുഷ്യാവകാശ കമീഷൻ ഇല്ലാതായത് ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെ, മനുഷ്യവകാശലംഘനങ്ങൾ പരിശോധിക്കാൻ ദേശീയ തലത്തിലുള്ള സംവിധാനമാണ് ഇല്ലാതായത്. രാജ്യത്ത് നിലനിൽക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ഇത്തരം മുന്നറിയിപ്പുകൾക്കിടക്കും താലിബാൻ അവരുടെ പ്രവർത്തനങ്ങളിൽ ഒരുതരം വീണ്ടുവിചാരവും നടത്തുന്നില്ല. ഖാണ്ഡഹാറിൽ കഴിയുന്ന അഖന്ദ്‌സാദെ എന്ന പരമോന്നത നേതാവ് സ്ത്രീവിരുദ്ധവും അതിയാഥാസ്ഥിതികവുമായ പഷ്തുൺ ആചാരങ്ങൾ പിന്തുടരുന്ന ആളാണ്. രാജ്യത്തെ ജനങ്ങൾക്ക് എന്ത് പ്രത്യാഘാതങ്ങളുണ്ടാകുന്നു എന്നത് പരിഗണിക്കാതെ, അവരുടെ അതൃപ്തി കണക്കിലെടുക്കാതെ, അന്താരാഷ്ട്ര തലത്തിൽനിന്നുയരുന്ന പ്രതിഷേധങ്ങൾ വകവെക്കാതെ, ഇസ്‌ലാമിക നിയമങ്ങളുടെ കാർക്കശ്യത്തോടെയുള്ള വ്യാഖ്യാനത്തിലൂന്നി മുന്നോട്ടുപോകുകയാണ് അഖന്ദ് സാദെ.
പ്രതിരോധത്തിന്റെ
പ്രതീക്ഷാസൂചനകൾ
കടുത്ത നിയന്ത്രണങ്ങളുടെ ഭീകരാന്തരീക്ഷങ്ങൾക്കിടയിലും പ്രതിരോധത്തിന്റെ പ്രത്യാശാഭരിതമായ നേരിയ സൂചനകളും കാണാം. താലിബാനിനുള്ളിൽതന്നെയുള്ള യുവതലമുറ നേതൃത്വം, രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ആശങ്കകളുയർത്തുന്നുണ്ട്.
താലിബാന്റെ പൊതുവായ ലക്ഷ്യങ്ങളോടൊപ്പം നിൽക്കുമ്പോൾ തന്നെ ഈ വിഭാഗം, കുറെക്കൂടി സന്തുലിതമായ സമീപനം വേണമെന്ന് തിരിച്ചറിയുന്നവരാണ്. പ്രത്യേകിച്ച്, മനുഷ്യാവകാശ പ്രതിസന്ധികളുടെയും സാമ്പത്തിക തകർച്ചയുടെയും സാഹചര്യത്തിൽ. ഇത്തരമൊരു നിലപാടുണ്ടെങ്കിലും താലിബാനിലെ ഈ വിഭാഗം ഇപ്പോഴും നിശ്ശബ്ദരാണ്, പരമോന്നത നേതൃത്വത്തിന്റെ യാഥാസ്ഥിതിക സമീപനങ്ങളെയോ അധികാരത്തെയോ വെല്ലുവിളിക്കാൻ കഴിയാത്ത സ്ഥിതിയിലുമാണ്.
താലിബാന് അകത്തുള്ള ഈ മിതവാദ ശബ്ദങ്ങളെ പിന്തുണക്കുന്നതിൽ ആഗോള തലത്തിലുള്ള ഇസ്‌ലാമിക പണ്ഡിതർക്കും രാഷ്ട്രീയമേഖലിലെ പ്രമുഖർക്കും നിർണായക പങ്കുണ്ട്. താലിബാനിൽ ഒരു നവീകരണം സാധ്യമാക്കുംവിധം സംഘടനയിലെ മിതവാദ നിലപാടുകാരുമായി വിനിമയത്തിന്, ഇത്തരം ഗ്രൂപ്പുകളുമായി ബന്ധമുള്ള നിരീക്ഷകനായ ഫർഹാദി ഒരു നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട്. അത്, കുറെക്കൂടി ഇൻക്ലൂസീവായതും അടിച്ചമർത്തൽ നിലപാടിൽ അയവുള്ളതുമായ ഒരു ഭരണസംവിധാനത്തിലേക്ക് നയിച്ചേക്കാം എ ന്നും അദ്ദേഹം പറയുന്നു. ശരിയായ വിധത്തിൽ സമ്മർദവും സ്വാധീനവും ചെലുത്തിയാൽ ഒരു മാറ്റത്തിനുള്ള സാധ്യതയും ഫർഹാദിയെപ്പോലുള്ളവർ മുന്നിൽ കാണുന്നുണ്ട്.
അഫ്ഗാനിലെ അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ ലോകം പുറംതിരിഞ്ഞുനിൽക്കുന്നതിലുള്ള പ്രതിഷേധവും ചിലർ പങ്കുവെക്കുന്നുണ്ട്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം, പ്രത്യേകിച്ച്, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും, എവിടെയുമെത്തിയിട്ടില്ല. അതുകൊണ്ട്, താലിബാനെ നിലയ്ക്കുനിർത്തുന്നതിലും നല്ലൊരു ഭാവിക്കായുള്ള അഫ്ഗാനികളുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിലും അന്താരാഷ്ട്ര സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്.
(The Geopolitics -TGP -ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവർത്തനം)