സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കാൻ പാടില്ല,
പുതിയ ഭീകരനിയമങ്ങളുമായി താലിബാൻ

അഫ്ഗാൻ സ്ത്രീകൾ രക്തബന്ധത്തിലോ വിവാഹബന്ധത്തിലോ അല്ലാത്ത പുരുഷൻമാരെ നേരിട്ട് നോക്കാൻ പാടില്ല. പുരുഷന്റെ സാനിധ്യത്തിലല്ലാതെ ഒറ്റക്ക് വരുന്ന സ്ത്രീകളെ ടാക്‌സിയിൽ കയറ്റിയാൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. സ്ത്രീകളോ പെൺകുട്ടികളോ ഈ നിയമം അനുസരിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്താൽ അവരെ തടങ്കലിലാക്കുകയോ ശിക്ഷിക്കുകയോ ചെയ്യാം- അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം കൊണ്ടുവന്ന പുതിയ പ്രാകൃത നിയമങ്ങൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു.

സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കുന്നതും മുഖം കാണിക്കുന്നതും വിലക്കി താലിബാൻ. കഴിഞ്ഞയാഴ്ച താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദ അംഗീകരിച്ച് പുറത്തിറക്കിയ നിയമത്തിലാണ് സ്ത്രീകൾ പൂർണമായും ശരീരം മറയ്ക്കണമെന്നടക്കമുള്ള മനുഷ്യവിരുദ്ധമായ വ്യവസ്ഥകളുള്ളത്. പുരുഷൻമാരെ പ്രലോഭനത്തിലേക്ക് നയിക്കാതിരിക്കാൻ പൊതുസ്ഥലത്ത് സ്ത്രീകൾ മുഖമടക്കം ശരീരഭാഗം പൂർണമായും കട്ടിയുള്ള തുണികൾ കൊണ്ട് മറക്കണമെന്നാണ് താലിബാന്റെ പുതിയ നിയമത്തിൽ പറയുന്നത്. സ്ത്രീകളുടെ ശബ്ദം ദുഷ്പ്രവണതക്കുള്ള പ്രലോഭനമായി കണക്കാക്കുന്നതായും അതിനാൽ പൊതുസ്ഥലത്ത് സ്ത്രീകളുടെ ശബ്ദം പുറത്തു കേൾക്കരുതെന്നും നിയമത്തിൽ പറയുന്നു. വീടിനകത്താണെങ്കിലും ശബ്ദമുയർത്തി പാട്ട് പാടാനോ വായിക്കാനോ പാടില്ല. പ്രായപൂർത്തിയായ സ്ത്രീ പുറത്തിറങ്ങുമ്പോൾ അവളുടെ ശബ്ദവും മുഖവും ശരീരവും മറക്കാൻ ബാധ്യസ്ഥയാണെന്നാണ് താലിബാന്റെ വാദം. താലിബാന്റെ ഈ ഭീകരനിയമത്തെ അപലപിച്ച് യു.എന്നും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

അഫ്ഗാൻ സ്ത്രീകൾ രക്തബന്ധത്തിലോ വിവാഹബന്ധത്തിലോ അല്ലാത്ത പുരുഷൻമാരെ നേരിട്ട് നോക്കാൻ പാടില്ല. പുരുഷന്റെ സാനിധ്യത്തിലല്ലാതെ ഒറ്റക്ക് വരുന്ന സ്ത്രീകളെ ടാക്‌സിയിൽ കയറ്റിയാൽ ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കും. സ്ത്രീകളോ പെൺകുട്ടികളോ ഈ നിയമം അനുസരിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്താൽ അവരെ തടങ്കലിലാക്കുകയോ ശിക്ഷിക്കുകയോ ചെയ്യാമെന്നും നിയമത്തിലുണ്ട്.

അധികാരം പിടിച്ചെടുത്ത് മൂന്ന് വർഷങ്ങൾക്കുള്ളിൽ താലിബാൻ അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും പൊതുഇടത്തിൽ നിന്ന് ഒഴിവാക്കുകയും നീതിന്യായ വ്യവസ്ഥയിലേക്ക് എത്തിനോക്കാൻ പോലും അവരെ സമ്മതിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. പുതിയ നിയമം അടിച്ചേൽപിക്കുന്നതിനുമുമ്പ് പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. ഒട്ടുമിക്ക ജോലി സ്ഥലത്ത് നിന്നും സ്ത്രീകളെ താലിബാൻ വിലക്കിയിരുന്നു. പൊതുഇടത്തിൽ നടക്കാനോ ജിമ്മിലോ ബ്യൂട്ടി പാർലറുകളിലോ പോകാനോ സ്ത്രീകൾക്ക് അനുമതി ഉണ്ടായിരുന്നില്ല. വ്യഭിചാരക്കുറ്റം ചുമത്തി സ്ത്രീകളെ പരസ്യമായി കല്ലെറിയുന്നതും ചാട്ടവാറടിക്കുന്നതും പുനരാരംഭിക്കുമെന്ന് താലിബാൻ ഈ വർഷം തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ പ്രത്യേക യു.എൻ പ്രതിനിധി റോസ ഒതുൻബയേവ നിയമത്തെ ശക്തമായി അപലപിച്ചു. 2021- ൽ താലിബാൻ അധികാരത്തിലെത്തിയ ശേഷം സ്ത്രീകൾക്കെതിരെയും പെൺകുട്ടികൾക്കെതിരെയും അസഹനീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് റോസ ഒതുൻബയേവ പറയുന്നു. അഫ്ഗാന്റെ ഭാവിയെ സംബന്ധിച്ച് ഇത് വിഷമകരമായ കാര്യമാണ്. അവ്യക്തമായ ചില നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി ആരെയും തടവിൽ വെക്കാനും ഭീഷണിപ്പെടുത്താനും ഈ നിയമം അധികാരം നൽകുന്നതായും റോസ ഒതുൻബയേവ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ നിയമങ്ങൾ അഫ്ഗാന്റെ ആഭ്യന്തരവും അന്തർദേശീയവുമായ നിയമപരമായ ബാധ്യതകൾക്ക് വിരുദ്ധമാണെന്ന് അഫ്ഗാൻ ലോയേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മിർ അബ്ദുൽ വാഹിദ് സാദത് പറഞ്ഞു. നിയമപരമായി ഇത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടിന് വിരുദ്ധമാണിത്. ബലപ്രയോഗത്തിലൂടെയോ സ്വേച്ഛാധിപത്യത്തിലൂടെയോ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ നിയമം അഫ്ഗാന്റെ ആഭ്യന്തര നിയമത്തിന്റെ ലംഘനം മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ കൂടി ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 റോസ ഒതുൻബയേവ
റോസ ഒതുൻബയേവ

സ്ത്രീകളോടുള്ള താലിബാനിന്റെ വെറുപ്പിന്റെ സൂചനയാണ് ഈ നിയന്ത്രണങ്ങളെന്ന് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തകയും അഫ്ഗാൻ പാർലമെന്റിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റുമായ ഫൗസിയ കൂഫി പറഞ്ഞു. സ്ത്രീകളെ മാത്രമല്ല, എല്ലാ മനുഷ്യരെയുമാണ് താലിബാൻ ലക്ഷ്യമിടുന്നത്. സ്ത്രീകൾ പൊതു സ്ഥലത്ത് ശബ്ദമുയർത്തരുതെന്ന് അവർ പറയുമ്പോൾ സ്ത്രീശബ്ദം കേവലം പരസ്പരം അടുക്കാനുള്ള ഉപാധിയായി കണക്കാക്കപ്പെടുന്നു. ഇതിനെ ലോകം മുഴുവൻ നോർമലായാണ് കാണുന്നത്. ഈ നിസ്സംഗതയെ താലിബാൻ ഉപയോഗപ്പെടുത്തുകയാണെന്നും അവർക്കെതിരെ ശബ്ദിക്കണമെന്നും ഫൗസിയ കൂഫി പറഞ്ഞു.

അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും അടിച്ചമർത്താനുള്ള താലിബാൻ ശ്രമത്തിനെതിരെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഗൗരവകരമാണെന്ന് നോർവെയിലെ അഫ്ഗാൻ അംബാസഡറായിരുന്ന ശുക്രിയ ബർസകി പറഞ്ഞു. യു.എന്നും യൂറോപ്യൻ യൂണിയനുമടക്കമുള്ള അന്താരാഷ്ട്ര സമൂഹം താലിബാനെതിരെ നിലപാടെടുക്കുന്നതിനുപകരം താലിബാന്റെ ഇത്തരം നിയമങ്ങളെ നോർമലൈസ് ചെയ്യുകയാണ്. താലിബാൻ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന വസ്ഥുത നിലനിൽക്കെ തന്നെ അവർ താലിബാനെ വെള്ള പൂശുകയാണെന്നും ശുക്രിയ ബർസകി പറഞ്ഞു.

Comments