രണ്ടാണ്ടല്ല, 1947-ൽ യു.എൻ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കാനുള്ള പ്രമേയം അംഗീകരിച്ചതുമുതൽ പലസ്തീൻ മണ്ണിൽ അറബ് വംശജരായ മനുഷ്യരെ വംശീയമായി ഉന്മൂലനം ചെയ്ത് തങ്ങളുടെ മഹാ ഇസ്രായേൽ സാക്ഷാത്കരിക്കാനുള്ള പൈശാചികവും ഭീകരവുമായ ആക്രമണങ്ങളാണ് സയണിസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പലസ്തീനികളെ അവരുടെ ജന്മഭൂമിയിൽ നിന്ന് ആട്ടിയോടിച്ചും ഓടിപ്പോകാൻ കൂട്ടാക്കാത്തവരെ കൊന്നുകൂട്ടിയുമാണ് ഇസ്രായേലിന്റെ രാഷ്ട്രപിതാവായി ഗണിക്കപ്പെടുന്ന ഡേവിഡ്‌ബെൻഗൂരിയാൻ പലസ്തീനികളുടെ മണ്ണിൽ ജൂതരുടെ രാഷ്ട്രം സ്ഥാപിച്ചത്.
ഇസ്രായേൽ ഗസയിലെയും വെസ്റ്റ്ബാങ്കിലെയും അവശിഷ്ട പലസ്തീൻ ഭൂമി കൂടി കയ്യടക്കാനുള്ള തുടർച്ചയായ കടന്നാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2023 ഒക്ടോബർ 7-ന് ഹമാസ് മിലിട്ടന്റുകൾ ഇസ്രായേലിലെ സൈനികകേന്ദ്രങ്ങൾക്കും ഗ്രാമനഗര പ്രദേശങ്ങൾക്കുമെതിരെ പ്രത്യാക്രമണം ആരംഭിച്ചത്. ട്രംപിന്റെ അധികാരാരോഹണത്തോടെ ഇസ്രായേലിന്റെ തലസ്ഥാനം തന്നെ ടെൽഅവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റാനും പലസ്തീനികളുടെ അധിവാസമേഖലകളാകെ കയ്യടക്കാനുമുള്ള സൈനിക നീക്കങ്ങളാണ് നെതന്യാഹു ഭരണകൂടം നടത്തിയത്.

കുടിയൊഴിഞ്ഞുപോകാനും വഴങ്ങിക്കൊടുക്കാനും തയ്യാറാകാത്ത പലസ്തീൻ കുടുംബങ്ങളെ ഇസ്രായേൽ സേന വെടിവെച്ച് കൊല്ലുകയായിരുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞതുപോലെ ഒക്ടോബർ 7ന് ശൂന്യതയിൽ നിന്നുണ്ടായതല്ല തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളിൽ സഹികെട്ട ഗസയിലെ ഹമാസ് മിലിട്ടന്റുകളുടെ പ്രത്യാക്രമണമായിരുന്നുവെന്ന് തിരിച്ചറിയണം. ഒക്ടോബർ 7-ന് മുമ്പും ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം പലസ്തീനിൽ തുടരുന്ന വംശീയ ഉന്മൂലനത്തിന്റെയും ആക്രമണപരമ്പരകളുടെയും തുടർച്ചയാണ് യു.എസ് പിന്തുണയോടെ നെതന്യാഹു ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കണ്ണും കരളുമില്ലാത്ത ആക്രമണങ്ങളും കൂട്ടക്കൊലകളും.
പലസ്തീൻ ജനതയ്‌ക്കെതിരായി നുണകൾ പ്രചരിപ്പിച്ച് നിരപരാധികളെ വേട്ടയാടുന്ന സയണിസ്റ്റ് ഭീകരർ വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും തങ്ങളുടെ അധിനിവേശപ്രദേശങ്ങളിൽ മരണതാണ്ഡവമാടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കര-വ്യോമ-നാവികസേനകളെ ഉപയോഗിച്ച് ആരാധനാലയങ്ങളും അഭയാർത്ഥി ക്യാമ്പുകളും കളിക്കളങ്ങളുമെല്ലാം ബോംബിട്ട് ചോരയിൽ കുളിപ്പിക്കുകയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇസ്രയേലിനെതിരായി 5000-ത്തോളം വരുന്ന ഹമാസ് മിലിട്ടന്റുകൾ ആക്രമണം ആരംഭിക്കുന്നത്. അത് തീർച്ചയായും കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ ഇസ്രായേൽ നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു. സർവ്വ രഹസ്യാന്വേഷണ സൈനിക മുൻകരുതലുമുള്ള ഇസ്രായേലിന്റെ അതിർത്തിക്കകത്തേക്ക് 1948-ന് ശേഷം ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു ആക്രമണമുണ്ടാകുന്നത്. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ ഭരണകൂടത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഹമാസിന്റെ ഈ പ്രത്യാക്രമണം. 1139 ഇസ്രായേലികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 250 പേരെ ഹമാസ് സേന ബന്ദികളാക്കുകയും ചെയ്തു. ഓപ്പറേഷൻ അൽ അഖ്‌സ ഫ്‌ളഡ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗാസയുടെ ഈ പ്രത്യാക്രമണത്തിന് മുമ്പിൽ പ്രതിരോധം നഷ്ടപ്പെട്ട ഇസ്രായേലിന്റെ പൈശാചികതയാണ് കഴിഞ്ഞ 2 വർഷക്കാലമായി നടക്കുന്ന ഗാസയിലെ വംശഹത്യ.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ ഒക്ടോബർ 7-ന് ശേഷം ആരംഭിച്ചതല്ലെന്നും, പതിറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളുടെ കൂടുതൽ ബീഭൽസമായൊരു ഘട്ടം മാത്രമാണ് കഴിഞ്ഞ രണ്ട് വർഷക്കാലയി തുടരുന്നുവെന്നതുമാണ്. പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരച്ച് ഈ ഭൂമേഖലയാകെ തങ്ങളുടെ ആധിപത്യത്തിലേക്ക് കൊണ്ടുവരികയെന്ന പെന്റഗൺ പദ്ധതിയാണ് യു.എസ് സാമ്രാജ്യത്വവും അവരുടെ ഏഷ്യയിലെ ഏറ്റവും സുപ്രധാന സഖ്യകക്ഷിയായ ഇസ്രായേലും കൂട്ടക്കൊലകളിലൂടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഗാസയിലെ ജനങ്ങളെ കൊന്നു കൂട്ടിയും ഭൂമി പിടിച്ചെടുത്തും ട്രംപിന്റെ സ്വപ്നമായ മധ്യധരണ്യാഴിയുടെ തീരത്തെ സുഖവാസകേന്ദ്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമാധാന ഉടമ്പടികൾ പ്രഖ്യാപിച്ചിട്ടും ഗാസയിൽ കൂട്ടക്കൊലകൾ തുടരുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടയിൽ ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 67160 പലസ്തീനികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ബോംബിംങ്ങിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ 15000-ഓളമാണ്. മരണസംഖ്യ ഏകദേശം 82000-ലേറെയാണ്. 170000 പേർക്ക് പരിക്കുപറ്റിയിട്ടുണ്ട്. ചില പഠനറിപ്പോർട്ടുകളനുസരിച്ച് കഴിഞ്ഞ 2 വർഷക്കാലത്തിനിടയൽ 150000 ടൺ സ്‌ഫോടകവസ്തുക്കളാണ് വെറും 365 ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഗസയിൽ വർഷിച്ചത്. അങ്ങനെ വരുമ്പോൾ ഒരാൾക്ക് 70 കിലോ കണ്ട് സ്‌ഫോടകവസ്തുക്കൾ ഗസയിൽ ഇസ്രയേൽ ഉപയോഗിച്ചിട്ടുണ്ട്. മേഖലയിലെ വീടുകളും ആശുപത്രികളും വാണിജ്യസമുച്ചയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കൃഷിയിടങ്ങളുമെല്ലാം പൂർണമായിതന്നെ തകർത്തുകഴിഞ്ഞു. ഗാസയും വെസ്റ്റ്ബാങ്കും ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന് തരിപ്പണമായിക്കൊണ്ടിരിക്കുകയാണ്.
ഈ കാലയളവിൽ പലസ്തീൻ ജനതയോടൊപ്പം നിൽക്കുന്ന ലെബനനും ഇറാനും യെമനും ഖത്തറിനും നേരെ വരെ ആക്രമണങ്ങളുണ്ടായി. സിറിയയിലെ ബാഷർ അൽ അസദ് സർക്കാരിനെ അൽഖ്വയ്ദ ബന്ധമുള്ള ഭീകരവാദസംഘങ്ങളെ ഉപയോഗിച്ച് അട്ടിമറിച്ചു. പശ്ചിമേഷ്യയിലെ ആ മതനിരപേക്ഷരാജ്യത്ത് അഹമ്മദ് അൽഷാര എന്ന അൽഖ്വയ്ദ-ഇസ്ലാമിക്‌സ്റ്റേറ്റ് പശ്ചാത്തലമുള്ള ഭീകരവാദിയെ അവരോധിക്കുകയാണ് അമേരിക്ക ചെയ്തത്. ഈയൊരു പശ്ചാത്തലത്തിൽ നിന്ന് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന പലസ്തീനികൾക്കെതിരായ അധിനിവേശത്തെയും വംശഹത്യയെയും ചരിത്രപരമായിതന്നെ മനസ്സിലാക്കേണ്ടതുണ്ട്.

1947 നവംബർ 29-ന് പലസ്തീനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിന് കീഴിലായിരുന്നു 1947-ൽ പലസ്തീൻ ഭൂപ്രദേശമാകെ. ഒരു ഭാഗത്ത്, 14,000 ച.കിലോമീറ്റർ പ്രദേശത്ത് ജൂതരാഷ്ട്രവും 11,100 ച.കിലോമീറ്റർ വരുന്ന രണ്ടാം ഭാഗത്ത് അറബ് രാഷ്ട്രവും സ്ഥാപിക്കാനാണ് യു.എൻ ജനറൽ അസംബ്ലിയിൽ തീരുമാനിച്ചത്. പക്ഷെ ഐക്യരാഷ്ട്രസഭയുടെ പ്രമേയം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് പലസ്തീൻ പ്രദേശത്തുണ്ടായത്. 1947 ഡിസംബറിൽ തന്നെ യു.എൻ. പ്രമേയത്തിനെതിരെ ശക്തമായ പ്രതിഷേധം പലസ്തീനിലും പശ്ചിമേഷ്യൻ മേഖലയിലും അലയടിച്ചു. സയണിസ്റ്റ് രാഷ്ട്രത്തിനെതിരായി ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. വംശീയ ഉന്മൂലനത്തിലൂടെ പലസ്തീനികളെ ഇല്ലാതാക്കി ഇസ്രായേൽ രാഷ്ട്രം യാഥാർത്ഥ്യമാക്കാനാണ് സയണിസ്റ്റ് സൈനിക വിഭാഗമായ ഹഗനാഹ് പദ്ധതിയിട്ടത്. പിന്നീട് ഹഗനാഹാണ് ഇസ്രായേലിന്റെ ഔദ്യോഗിക സൈന്യമായി മാറിയത്.
ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി ഒരു സയണിസ്റ്റ് സൈനിക ഉദ്യോഗസ്ഥൻ നടത്തുന്ന സംഭാഷണം ട്രാൻസ്‌ജോർദ്ദാനിലെ അറബ് ലീഗിന്റെ ശിൽപിയായ ജനറൽ ബഗോട്ട്ഗ്ലബ് ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്: “ഭാവി ഇസ്രയേലിന്റെ ജനസംഖ്യയും അറബ് രാഷ്ട്രത്തിന്റെ ജനസംഖ്യയും ഏതാണ്ട് സമമായിരിക്കും. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും”. അതിന് ഹഗനാഹ് ഉദ്യോഗസ്ഥൻ പറഞ്ഞ ഉത്തരമിതായിരുന്നു; “ആ ബുദ്ധിമുട്ടൊക്കെ തീർക്കാൻ മാർഗമുണ്ട്. ആസൂത്രിതമായ ഏതാനും കൂട്ടക്കൊലകൾ നടത്തുമ്പോൾ പലസ്തീൻകാർ സ്ഥലംവിട്ടോടും.” സയണിസ്റ്റുകളുടെ പലസ്തീനെ സമ്പൂർണമായി കയ്യടക്കാനുള്ള അധിനിവേശതന്ത്രം തന്നെയായിരുന്നു വംശഹത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ആര്യവംശാഭിമാനത്തിന്റെ ഭീകരതയിൽ നിന്നാണ് ഹിറ്റ്‌ലർ ജൂതരെ ഉന്മൂലനം ചെയ്യാനായി ഗ്യാസ് ചേംബറുകൾ ഉപയോഗിച്ചത്. അതേ ജൂതരുടെ പേരിലുണ്ടായ സയണിസ്റ്റുകൾ പലസ്തീൻകാരെ ഒഴിവാക്കാൻ അറബ് വംശജരെ കൂട്ടക്കൊലചെയ്യുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. അത്തരം കൂട്ടക്കൊലകളുടെ അനുസ്യൂതിയിലാണ് ഇസ്രായേൽ രാഷ്ട്രം ജന്മംകൊണ്ടതും നിലനിന്നുപോരുന്നതും. ഡെയർയാസിനിൽ നടന്ന കൂട്ടക്കൊല നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. 1948-ലെ ആ ഏപ്രിൽ മാസത്തിൽ തന്നെയാണ് സയണിസ്റ്റ് സായുധസേന യൂണിറ്റുകൾ ഹൈഫ, ജാഫ, കട്ടാമോൺ എന്നീ ജറുസലേമിലെ അറബികളുടെ ആവാസമേഖലയിൽ നിന്നെല്ലാം തദ്ദേശീയരായ ജനതയെ ഓടിച്ചും ഓടിപ്പോകാൻ വിസമ്മതിച്ചവരെ അരിഞ്ഞുവീഴ്ത്തിയും പിടിച്ചെടുത്തത്. മെയ് മാസത്തിലാണ് സഫാദ്, ബെയ്‌സാൻ തുടങ്ങിയ പട്ടണങ്ങൾ സയണിസ്റ്റുകൾ കയ്യടക്കിയത്.

ഡെറിസിൻ, ഡെറിസിൻ എന്ന് ആക്രോശിച്ചുകൊണ്ട് സയണിസ്റ്റ് ക്രിമിനലുകൾ മനുഷ്യരെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു. ഡെറിസിൻ എന്ന ഹീബ്രു വാക്കിന്റെ അർത്ഥം അരിഞ്ഞുവീഴ്ത്തുകയെന്നാണ്. 1948 മെയ് മാസത്തിൽ ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനം നടക്കുമ്പോൾ തദ്ദേശീയരായ നാല് ലക്ഷം പലസ്തീൻ അറബികൾ അഭയാർത്ഥികളായി കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ് 1948-49 കാലത്തെ അറബ്-ഇസ്രയേൽ യുദ്ധം 340000-ലേറെ പലസ്തീൻകാരെയാണ് അഭയാർത്ഥികളാക്കിയത്. ഒരു ജനതയെ അനാഥരും നിരാലംബരുമാക്കി മാറ്റിയ എത്രയോ പലസ്തീനികളെ ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയ സയണിസ്റ്റ് ഭീകരതയിലാണ് ഇസ്രായേൽ രാഷ്ട്രം കെട്ടിപ്പടുത്തത്. ആ കാലഘട്ടത്തിൽ ഇസ്രായേൽ റേഡിയോ അറബികളെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു; “നിങ്ങൾ നിങ്ങളുടെ വീടുകൾ വിട്ടുപോകുന്നില്ലെങ്കിൽ ഡെയർയാസിൻകാർക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കും... ജെറിച്ചോയിലേക്കുള്ള റോഡ് ഇപ്പോഴും തുറന്നാണ് കിടക്കുന്നത്. നിങ്ങൾ ജീവനോടെയിരിക്കുമ്പോൾ ജറുസലേം വിട്ടുപോവുക.”
ഒരു ജനതയെ അവരുടെ സ്വന്തം മണ്ണിൽ നിന്ന് അടിച്ചോടിച്ചാണ് ഇസ്രായേൽ ഉണ്ടായത്. പലസ്തീൻ അഭയാർത്ഥികളിൽ അധികവും ട്രാൻസ്‌ജോർദ്ദാനിലും ഈജിപ്തിന്റെ ഭരണത്തിലായിരുന്ന ഗാസയിലുമായിരുന്നു അഭയം തേടിയത്. ലക്ഷക്കണക്കിന് പേർ ലെബനോണിലും സിറിയയിലും താമസമാക്കി. കുറേപേർ ഇറാക്കിലും അഭയം കണ്ടെത്തി. ഇന്നിപ്പോൾ ഗാസയും വെസ്റ്റ്ബാങ്കും മാത്രമാണ് പലസ്തീനികളുടെ നാടായി ഔപചാരികമായി നിലനിൽക്കുന്നത്. അതുകൂടി കയ്യടക്കി പലസ്തീനില്ലാത്ത ഇസ്രായേൽ യാഥാർത്ഥ്യമാക്കാനുള്ള കൂട്ടക്കൊലകളും ഭീകരാക്രമണങ്ങളുമാണ് സയണിസ്റ്റുകൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങിപ്പോകാനുള്ള പലസ്തീൻ അഭയാർത്ഥികളുടെ സമരം 1948 മുതൽ ആരംഭിച്ചിരുന്നു. ഐക്യരാഷ്ട്രസഭ തന്നെ 1948-നും 1967-നുമിടയ്ക്ക് അവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനോ അത് പറ്റുന്നില്ലെങ്കിൽ പകരം നഷ്ടപരിഹാരം ലഭിക്കുവാനോ ഉള്ള അവകാശം സ്ഥിരീകരിച്ചുകൊണ്ട് 19 പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. എന്തുപറയാൻ യു.എൻ അസംബ്ലി പാസാക്കിയ ഇതിലൊന്നിനുപോലും ഇസ്രായേൽ ഇന്നുവരെ വഴങ്ങിയിട്ടില്ല. 1967-ലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പലസ്തീൻ ജനത രണ്ടുഭാഗങ്ങളിലായി വിഭജിക്കപ്പെട്ടു. മൂന്ന് നാല് ലക്ഷത്തോളം വരുന്ന ആളുകൾ ഇസ്രായേലിലും ബാക്കിയുള്ളർ ഇസ്രായേലിന്റെ അയൽപക്കത്തുള്ള അറബ് രാജ്യങ്ങളിലും. 1968-ൽ ജോർദ്ദാൻ രാജാവ് ജോർദ്ദാൻ നദിക്കുമേലുള്ള പാലം അടച്ചിടുന്ന സമയംവരെ പലസ്തീൻകാർ ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരുന്നു.

1968-നുശേഷവും പതിനായിരക്കണക്കിന് പലസ്തീൻകാർ സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. പലസ്തീന്റെ സ്വയംനിർണയാവകാശത്തിനുവേണ്ടി വാദിക്കുന്ന ബുദ്ധിജീവികളെയും ജനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവരെയും മുൻ സർക്കാറുകളിൽ അംഗങ്ങളായിരുന്നവരെയും തെരഞ്ഞുപിടിച്ച് പുറത്താക്കുകയായിരുന്നു. ഒരു കുറ്റവും ചുമത്തപ്പെടാത്ത എത്രയോപേർ പലസ്തീനിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
പലസ്തീനികളെ അവരുടെ ജന്മനാട്ടിൽനിന്നും അടിച്ചോടിച്ചുവിടുകയെന്നതായിരുന്നു സയണിസ്റ്റുകളുടെ തന്ത്രം. ഓടിപ്പോകാൻ വിസമ്മതിക്കുന്നവരെ അരിഞ്ഞുവീഴ്ത്തുകയെന്നതും സയണിസ്റ്റ് ഭീകരസംഘങ്ങളുടെ പതിവ് പരിപാടിയാണ്. ഹീബ്രു സർവ്വകലാശാലയിലെ പത്രത്തിന് അവിടുത്തെ തന്നെ അധ്യാപകനായ ഒരു മുൻ സൈനിക കമാൻഡർ നൽകിയ അഭിമുഖസംഭാഷണം ഈ സയണിസ്റ്റ് തന്ത്രത്തെ മറയില്ലാതെ വെളിവാക്കുന്നതാണ്. ആ അഭിമുഖം ഇവിടെ ഉദ്ധരിച്ച് ചേർക്കുന്നു;
ചോദ്യം: പലസ്തീൻ പ്രശ്‌നം എപ്രകാരമാണ് പരിഹരിക്കേണ്ടത് എന്നാണ് താങ്കളുടെ അഭിപ്രായം?
ഉത്തരം: ഏറ്റവും എളുപ്പവും മനുഷ്യസ്‌നേഹപരവുമായ വഴിയിൽകൂടിതന്നെ; ഇന്ന് പലസ്തീൻകാർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അവരെ അറബ് രാഷ്ട്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുക.
അവർ അത് ആഗ്രഹിക്കുമോ?
മറ്റ് മാർഗമൊന്നുമില്ലെങ്കിൽ അവർ അത് സ്വീകരിക്കും.
അപ്പോൾ നമ്മൾ സ്വാഭാവികമായും സമാധാനിക്കുക അദ്ദേഹം പലസ്തീനികളെ ഗ്യാസ്‌ചേമ്പറിലേക്ക് അയക്കണമെന്ന് പറഞ്ഞില്ലല്ലോ എന്നാണ്. നാസികൾ ചിന്തിച്ചതുപോലെ സയണിസ്റ്റുകളും ചിന്തിക്കുന്നത് തങ്ങൾക്ക് ആവശ്യമായത്ര സ്ഥലം ഇസ്രയേലിൽ ഇല്ലല്ലോ എന്നാണ്. അവരുടെ ചിന്താഗതി പലസ്തീനികൾ എല്ലാം അവിടം വിട്ടുപോവുകവഴി ഇസ്രയേലികൾക്ക് ആവശ്യമായത്ര സ്ഥലം കിട്ടുമെന്നാണ്. അറബികളെ അടിച്ചിറക്കണമെന്ന തങ്ങളുടെ വാദത്തിന് ന്യായമായി സയണിസ്റ്റുകൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ജൂതജനസംഖ്യ വർദ്ധിക്കുന്നതിനേക്കാൾ വേഗത്തിലാണ് അറബികളുടെ ജനസംഖ്യ വർദ്ധിക്കുന്നതെന്നാണ്.

സയണിസ്റ്റുകൾ എല്ലാ കാലത്തും പറഞ്ഞുകൊണ്ടിരുന്നത് ഒന്നുകിൽ കൂടുതൽ അറബികൾ പലസ്തീൻ വിട്ട് എവിടേക്കെങ്കിലും പോകണം. അലെങ്കിൽ 1967-ലെ യുദ്ധത്തിൽ വെട്ടിപ്പിടിച്ച സ്ഥലങ്ങൾ ഇസ്രായേലിനോട് കൂട്ടിചേർക്കണം. പക്ഷെ ഈ സ്ഥലങ്ങളെല്ലാം മനുഷ്യനിബിഢമാണ്. അവരെയെല്ലാം അവിടെ നിന്ന് അടിച്ചോടിക്കണം എന്നതാണ് സയണിസത്തിന്റെ എക്കാലത്തെയും നിലപാട്. ഇതാണ് ഇപ്പോൾ പലസ്തീനികൾക്കെതിരായി യു.എസ് പിന്തുണയോടെ ഇസ്രായേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത് യുദ്ധമല്ല അധിനിവേശമാണ് വംശീയ ഉന്മൂലനമാണ് എന്ന് ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികൾ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. പലസ്തീൻ ജനതയ്‌ക്കെതിരായി നുണകൾ പ്രചരിപ്പിച്ച് നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വരെ വേട്ടയാടുന്ന സയണിസ്റ്റ് ഭീകരർ പശ്ചിമേഷ്യയിലെ തങ്ങളുടെ അധിനിവേശപദ്ധതി നടപ്പിലാക്കുകയാണ്.
1967-ലെ യുദ്ധവും 1970-73 കാലത്തെ യുദ്ധവുമെല്ലാം ഈയൊരു ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ്. അറബ് ദേശീയതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പലസ്തീൻ വിമോചനപ്രസ്ഥാനം സയണിസ്റ്റ് അധിനിവേശത്തെ സംഘടിതമായി പ്രതിരോധിച്ചത്. ഫത്താ പാർടിയും യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ പി.എൽ.ഒയും പലസ്തീൻ വിമോചനത്തിന് ലോകമെമ്പാടുമുള്ള ജനാധിപത്യശക്തികളുടെയും രാജ്യങ്ങളുടെയും പിന്തുണ നേടിക്കൊണ്ടാണ് പോരാടിയത്. 1964-ലാണ് പി.എൽ.ഒ രൂപീകരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുകാരുൾപ്പെടെയുള്ള പലസ്തീനിലെ ദേശീയ വിമോചനശക്തികളുടെ കൂട്ടായ്മയായിരുന്നു പി.എൽ.ഒ. 1967-ൽ ജൂൺ ആറിന് ഈജിപ്തിലെയും സിറിയയിലെയും വിമാനത്താവളങ്ങൾ ഒന്നാകെ ബോംബിട്ടുതകർത്തുകൊണ്ടാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചത്. എല്ലാംവിട്ടെറിഞ്ഞ് ഓടിപ്പോകുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അനൗൺസ്മെന്റ് നടത്തിക്കൊണ്ടാണ് ഇടതടവില്ലാത്ത ആക്രമണം പലസ്തീനിനുനേരെ നടത്തിയത്. സോവിയറ്റ് യൂണിയന്റെ സഹായത്തോടുകൂടി ശക്തമായ പ്രതിരോധമുയർത്താൻ 1970-73 കാലത്തെ യുദ്ധത്തിൽ പി.എൽ.ഒവിന് കഴിഞ്ഞു.
1979-ൽ ജിമ്മി കാർട്ടറുടെ മധ്യസ്ഥതയിൽ പശ്ചിമേഷ്യൻ സമാധാനത്തിനായി ഉടമ്പടി ഒപ്പുവെച്ചു. ഇസ്രായേൽ പ്രധാനമന്ത്രി മോനിച്ചംബെഗിനും ഈജിപ്ത് പ്രസിഡണ്ട് സാദത്തും പശ്ചിമേഷ്യയിൽ സമാധാനം ശാശ്വതമാക്കുമെന്ന് പ്രഖ്യാപിച്ചു. യഥാർത്ഥത്തിൽ ക്യാമ്പ്‌ഡേവിഡ് എന്ന സ്ഥലത്തുവെച്ച് നടന്ന ഈ ഒത്തുതീർപ്പ് സാദത്തിനെ ഉപയോഗിച്ച് അമേരിക്ക നടത്തിയ കൊടുംവഞ്ചനയായിരുന്നു. 1967-ൽ ഇസ്രായേൽ കീഴടക്കിയ ഗാസയും വെസ്റ്റ്ബാങ്കുമെല്ലാം ഇസ്രായേലിന്റെ ഭാഗമാക്കാനുള്ള തന്ത്രമായിരുന്നു ക്യാമ്പ് ഡേവിഡ് കരാർ. റീഗന്റെ കാലത്തോടെ എണ്ണയ്ക്കും പ്രകൃതിവിഭവങ്ങൾക്കും വേണ്ടിയുള്ള അക്രമാസക്തമായ അധിനിവേശതന്ത്രങ്ങൾ അമേരിക്ക തീക്ഷ്ണമാക്കി. 1983-ലെ യുദ്ധത്തിലൂടെ പലസ്തീനെ പൂർണ്ണമായി കീഴടക്കാൻ അമേരിക്ക സയണിസ്റ്റകൾക്ക് എല്ലാ സഹായങ്ങളും നൽകി. പലസ്തീൻ വിമോചന സംഘടനകളെ ഭിന്നിപ്പിക്കാനും അസ്ഥിരീകരിക്കാനും ആസൂത്രിതമായ നീക്കങ്ങൾ ആരംഭിച്ചു. 1981-ലെ ഇസ്രയേൽ അമേരിക്കൻ പദ്ധതിയനുസരിച്ച് ജോർദ്ദാനുമായി ചേർന്നുരൂപീകരിക്കുന്ന ഒരു ഫെഡറേഷന്റെ ചട്ടക്കൂട്ടിനകത്ത് ഒരു സ്വയംഭരണ പലസ്തീനെന്ന റീഗൻ പദ്ധതിപോലും ഈ യുദ്ധത്തിലൂടെ തകർക്കപ്പെട്ടു. വെസ്റ്റ്ബാങ്കും ഗാസയും ഉൾപ്പെടുന്ന പലസ്തീൻ രാഷ്ട്രമെന്ന പി.എൽ.ഒ. ആവശ്യത്തെപോലും അമേരിക്ക എതിർക്കുകയായിരുന്നു.

1987-ൽ തീവ്ര ഇസ്ലാമിക നിലപാടുകളിൽ നിന്നാണ് ഹമാസ് രൂപംകൊള്ളുന്നത്. പോരാട്ടങ്ങളിലൂടെ ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും സ്വയംനിയന്ത്രണാധികാരം ഇസ്രായേലിന്റെ ഉപരോധത്തിനിടയിലും ഒരുപരിധിവരെ പലസ്തീൻ പോരാളികൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. 1993-ലെ ഓസ്ലോ കരാറുൾപ്പെടെ രൂപം കൊള്ളുന്നത് പലസ്തീൻ ജനത തങ്ങളുടെ സ്വയം നിർണയത്തിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെയും ആഗോള സമ്മർദ്ദങ്ങളുടെയും ഫലമായിട്ടാണ്. ഇന്നിപ്പോൾ ഗാസയും വെസ്റ്റ്ബാങ്കും ചേർന്ന് ഒരു ഒത്തുതീർപ്പ് ഗവൺമെന്റുണ്ടാക്കാനുള്ള നീക്കങ്ങളാണ് ഇസ്രായേലിനെ വിറളി പിടിപ്പിച്ചത്. അവർ കൗമാരപ്രായക്കാരുടെ തിരോധാനത്തിന്റെ കള്ളക്കഥകൾ പ്രചരിപ്പിച്ച് ഗാസക്കുനേരെ കൂട്ടസംഹാരത്തിനുള്ള യുദ്ധമാരംഭിച്ചത് പലസ്തീൻ വിമോചനശക്തികളുടെ ഐക്യവും സംഘടിതശേഷിയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്.
പലസ്തീൻ രാഷ്ട്രം അറബ്ജനതയുടെ ഐക്യത്തിലൂടെയും ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ വഴിയാണ് യാഥാർത്ഥ്യമാകുക എന്ന കാര്യം പി.എൽ.ഒ.വിലെ ഇടതുപക്ഷ വിഭാഗങ്ങൾ ശക്തമായി ഉയർത്തിയിട്ടുണ്ട്. എല്ലാവിധ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് പലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യവും ദേശീയസ്വത്വവും വീണ്ടെടുക്കാനുള്ള വിമോചന യത്‌നങ്ങളാണ്. സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെ വിജയംവരെ പോരാടാനുള്ള ആത്മവിശ്വാസവും പ്രചോദനവും അറബ്ജനതയുടെ ഐക്യമാണെന്ന കാര്യം അനുഭവങ്ങളിലൂടെ പലസ്തീൻ പോരാളികൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. സാർവദേശീയമായ എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചുകൊണ്ട് പലസ്തീനികൾ സ്വാതന്ത്ര്യത്തിനും ദേശീയ സ്വത്വത്തിനും വേണ്ടി സമരം തുടരുകയാണ്.

പലസ്തീനികളെ അവരുടെ ജന്മനാട്ടിൽ നിന്നും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കുന്ന വംശീയവാദമാണ് സയണിസം. ഈ വംശീയവാദത്തിന് ആര്യവംശാഭിമാനത്തിന്റേതായ, നാസികളുടെ ജൂതവിരോധത്തിലധിഷ്ഠിതമായ വംശീയവാദത്തിൽ നിന്നും എന്ത് വ്യത്യാസമാണുള്ളത്. സയണിസ്റ്റുകളുടെ വംശീയവാദത്തിന്റെ അർത്ഥം ഒന്നുമാത്രമാണ്; ഞങ്ങൾക്ക് ജീവിക്കാൻ കൂടുതൽ സ്ഥലം വേണം. അതിന് തങ്ങളേക്കാൾ താഴ്ന്ന വംശക്കാർ അവരുടെ ദേശം വിട്ടുതരണം. അല്ലെങ്കിൽ ഞങ്ങൾ അവരെ ഉന്മൂലനം ചെയ്ത് ഭൂമിയിൽ നിന്നുതന്നെ ഇല്ലാതാക്കും. നാസികളുടെ അതേ വംശീയ ഉന്മൂലന സിദ്ധാന്തമാണ് സയണിസം. ലോകമെമ്പാടും ഒട്ടുമിക്ക രാജ്യങ്ങളിലും ജൂതർ താമസിച്ചുവരുന്നുണ്ട്. തലമുറകളായി പലരാജ്യങ്ങളിലായി താമസിക്കുന്ന ജൂതർ ആ രാജ്യങ്ങളിലെ പൗരരാണ്. എന്നിട്ടും തിയോഡർഹെർസന്റെ സിദ്ധാന്തമനുസരിച്ച് സയണിസ്റ്റുകൾ തങ്ങളാണ് ലോകമെമ്പാടുമുള്ള ജൂതരുടെ പ്രതിനിധികളും വക്താക്കളുമെന്നും തങ്ങൾ അഭിലഷിക്കുന്ന രീതിയിൽ ജൂതർക്ക് പലസ്തീൻ മണ്ണിൽതന്നെ രാഷ്ട്രം വേണമെന്നുമുള്ള വാദമാണ് സയണിസത്തിന്റെ ആരംഭകാലം മുതൽ അവർ ഉയർത്തിയത്.
മഹാ ഇസ്രായേലിനെക്കുറിച്ചുള്ള പഴയനിയമത്തിലെ സങ്കൽപനങ്ങളുടെ പുനരുദ്ധാരണത്തിലൂടെയാണ് തിയോഡർ ഹെർസൻ തന്റെ ഇസ്രായേൽ രാഷ്ട്രസങ്കൽപം അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സയണിസ്റ്റ്‌വാദിയുടെയും ചരിത്രഭാവനകളെയും ദേശീയസങ്കൽപങ്ങളെയും വാർത്തെടുത്തിട്ടുള്ളതും. 1956-ൽ ഈജിപ്തിനെ ആക്രമിച്ചപ്പോൾ ഇസ്രായേൽ ഭരണകൂടം വാദിച്ചത്; തങ്ങളുടെ ചരിത്രപരമായ ഉൾപ്രദേശങ്ങൾ വിമോചിപ്പിക്കാനുള്ള യുദ്ധമാണിതെന്നാണ്. ആ തരത്തിലുള്ള പ്രഛണ്ഡമായ പ്രചാരണമാണ് നടത്തിയത്. ഈജിപ്ഷ്യൻ പ്രദേശങ്ങളെല്ലാം ഇസ്രായേലിന്റെ ഭാഗമായിരുന്നു എന്ന് അവകാശപ്പെടുന്ന ബുള്ളറ്റിനുകൾപോലും അക്കാലത്ത് ഇസ്രായേലി ന്യൂസ് ഏജൻസി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അവരുടെ പട്ടാളം മൗണ്ട്‌സിനിയിലെത്തിയപ്പോൾ ആ സൈനികരെ അനുമോദിച്ചുകൊണ്ട് ഇസ്രയേലിന്റെ രാഷ്ട്രപിതാവായി ഗണിക്കപ്പെടുന്ന ബെൻഗുറിയാൻ ഇങ്ങനെയാണ് പ്രസ്താവനയിറക്കിയത്; “കൽപനകൾ നൽകുകയും നമ്മെ തെരഞ്ഞെടുക്കപ്പെട്ട ജനതയായി പ്രഖ്യാപിക്കുകയും ചെയ്ത സ്ഥലത്തേക്ക് ഞങ്ങളെ നിങ്ങൾ തിരിച്ചുകൊണ്ടുവന്നു.”.
