യമൻ വീണ്ടും ഗൾഫ് രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. 2022-ലെ വെടിനിർത്തലിനുശേഷം കുറച്ചുനാളുകളായി രാജ്യം യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള അനിശ്ചിതാവസ്ഥയിലായിരുന്നു. ആ ഘട്ടം ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നു.
അനിശ്ചിതത്തിൽ തുടരുന്ന യു.എസ്- ഇറാൻ യുദ്ധം യമനിലെ പോരാട്ടഭൂമി വീണ്ടും ആളിക്കത്തിക്കുകയും, സൗദിഅറേബ്യയെ നേരിട്ടുള്ള സൈനികഏറ്റുമുട്ടലിലേക്ക് തിരികെ കൊണ്ടുവരികയും, തങ്ങളുടെ ശക്തി എത്രത്തോളം പ്രധാനമാണെന്ന് തെളിയിക്കാൻ ഹൂതികൾക്ക് ഒരവസരം നൽകുകയും ചെയ്തു. സെപ്റ്റംബറിൽ അൽ-മുഖ (Mocha) നഗരവും ബാബ് അൽ- മന്ദെബ് കടലിടുക്കിന് ചുറ്റുമുള്ള തന്ത്രപ്രധാനസ്ഥലങ്ങളും അവർ പിടിച്ചെടുത്തതാണ് ഈ മാറ്റത്തിന്റെ സൂചന.
എന്നാൽ, സമീപകാലത്തെ തിരിച്ചടികൾ ഹൂതികളുടെ മുന്നേറ്റങ്ങളുടെ പരിമിതികളും വ്യക്തമാക്കുന്നുണ്ട്. സൗദി പിന്തുണയുള്ള യമൻ സൈന്യം ഇപ്പോൾ ശക്തമായി മറുപടിനൽകുകയും മുഖ, ദുബാബ് (Dhubab), കൂടാതെ കടലിടുക്കിലേക്ക് കണ്ണെത്തുന്ന പ്രധാന കേന്ദ്രങ്ങൾ തിരിച്ചുപിടിച്ചതായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
യമനിലെ സൈനികസന്തുലനാവസ്ഥ വേഗത്തിൽ മാറ്റാൻ തങ്ങൾക്ക് സാധിക്കുമെന്നും, സൗദിക്കുമേൽ ഭീഷണി ഉയർത്താനും, ചെങ്കടൽ സുരക്ഷ തടസ്സപ്പെടുത്താനും, ഇറാനും അമേരിക്കയും ഉൾപ്പെടുന്ന സങ്കീർണമായ ഏറ്റുമുട്ടൽ മുതലെടുക്കാനും തങ്ങൾക്ക് കഴിയുമെന്ന് ഹൂതികൾ തെളിയിച്ചു കഴിഞ്ഞു. അവരുടെ സമീപകാല മുന്നേറ്റങ്ങൾ എതിരാളികളായ യമൻ വിഭാഗങ്ങളുടെ ബലഹീനതകളെയും തുറന്നുകാട്ടി.
ഒരു യമനി പ്രസ്ഥാനത്തിൽനിന്ന്
മേഖലാ വളർച്ചയിലേക്ക്
1990-കളിൽ വടക്കൻ യമനിലെ സൈദി ഷിയ വിഭാഗത്തിൽനിന്നാണ് ഹൂതികൾ എന്നറിയപ്പെടുന്ന ‘അൻസാർ അള്ളാ’ രൂപമെടുക്കുന്നത്. രാഷ്ട്രീയമായ പാർശ്വവൽക്കരണം, അഴിമതി, പ്രസിഡന്റ് അലി അബ്ദുള്ള സാലിഹിന്റെ നയങ്ങൾ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളായിരുന്നു അതിന്റെ തുടക്കം. സർക്കാരുമായുള്ള വർഷങ്ങളായുള്ള സംഘർഷം പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി. അറബ് വസന്തത്തിനു ശേഷമുണ്ടായ രാഷ്ട്രീയ അസ്ഥിരത അവർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയും, 2014-ൽ ഹൂതികൾ സനാ പിടിച്ചെടുക്കുകയും ചെയ്തു.
തങ്ങളുടെ തെക്കൻ അതിർത്തിയിൽ ഇറാന്റെ സൗഹൃദത്തിലുള്ള ഒരു സായുധ പ്രസ്ഥാനത്തിന്റെ വളർച്ച സൗദി അറേബ്യ വലിയൊരു സുരക്ഷാ ഭീഷണിയായി കണ്ടു. 2015 മാർച്ചിൽ സൗദി അറേബ്യ സൈനികമായി ഇടപെടുകയും, അതിൽ യു.എ.ഇ പ്രമുഖ പങ്കാളിയാവുകയും ചെയ്തു. എന്നാൽ സനായിൽനിന്ന് ഹൂതികളെ പുറത്താക്കാൻ ഈ ഇടപെടലിനായില്ല. പകരം, യമൻ അതിഭയാനകമായ ഒരു യുദ്ധത്തിലേക്ക് തള്ളപ്പെട്ടു. 2021 അവസാനത്തോടെ ഈ സംഘർഷം 3,77,000-ത്തിലധികം മരണങ്ങൾക്ക് കാരണമായെന്നും 40 ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കിയെന്നും ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ക്രമേണ ഇറാൻ ഹൂതികളുടെ പ്രധാന പിന്തുണക്കാരായി മാറി, തന്ത്രപ്രധാനമായ പങ്കാളിയും. ആയുധങ്ങൾ, സാങ്കേതികവിദ്യ, പരിശീലനം, രാഷ്ട്രീയ പിന്തുണ എന്നിവ ഇറാൻ നൽകി. എങ്കിലും ഈ ബന്ധത്തെ കേവലം ഒരു "നിഴൽ യുദ്ധം" എന്നുമാത്രം വ്യാഖ്യാനിക്കാൻ കഴിയില്ല. ഹൂതികൾക്ക് സ്വന്തമായി നേതൃത്വവും, പ്രദേശിക താൽപ്പര്യങ്ങളും, ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. അതിനാൽ, വിശാലമായ പ്രവർത്തന സ്വാതന്ത്ര്യമുള്ള ഇറാന്റെ ഒരു "അനൗദ്യോഗിക പങ്കാളി" എന്നാണ് വിദഗ്ദ്ധർ അവരെ വിശേഷിപ്പിച്ചത്.

ഗസ യുദ്ധം ഹൂതികളുടെ മേഖലാപ്രാധാന്യം വർദ്ധിപ്പിച്ചു. 2023 അവസാനത്തോടെ ചെങ്കടലിലെ കപ്പലുകൾക്കുനേരെ നടത്തിയ ആക്രമണങ്ങൾ, ഒരു യമനി സായുധ പ്രസ്ഥാനത്തിന് ആഗോള വാണിജ്യത്തിന് വലിയ നഷ്ടം വരുത്താൻ സാധിക്കുമെന്ന് തെളിയിച്ചു. ബാബ് അൽ-മന്ദെബിന് സമീപമുള്ള അവരുടെ ഭൗമരാഷ്ട്രീയ സ്ഥാനം, യമന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് നീങ്ങി. ഇതോടെ അവരുടെ മിസൈലുകൾക്കും ഡ്രോണുകൾക്കും നാവിക ആയുധങ്ങൾക്കും തന്ത്രപ്രധാനമായ പ്രാധാന്യം കിട്ടി.
ഹൂതികൾ യഥാർത്ഥത്തിൽ നേടിയതെന്താണ്?
2026 സെപ്റ്റംബറിലെ സൈനിക മുന്നേറ്റമാണ് അവരുടെ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. ഹൂതി സൈന്യം ചെങ്കടൽ തീരത്തിലൂടെ 115 കിലോമീറ്ററോളം മുന്നേറുകയും, മുഖ (Mocha) നഗരവും ബാബ് അൽ- മന്ദെബിനോട് അടുത്തുള്ള പ്രദേശങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. അപ്രതീക്ഷിത വേഗതയിലാണ് അവരുടെ എതിരാളികൾ തകർന്നടിഞ്ഞത്. സൗദി പിന്തുണയുള്ള സൈന്യവും യു.എ.ഇ ബന്ധമുള്ള യമൻ വിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകൾ ഹൂതി വിരുദ്ധ മുന്നണിയെ എത്രത്തോളം ദുർബലപ്പെടുത്തിയെന്നും ഈ സൈനിക മുന്നേറ്റം തെളിയിച്ചു.
സൗദി- യു.എ.ഇ മത്സരത്തിന്റെ പ്രത്യാഘാതങ്ങളിലൊന്നാണ് ഇത് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിനെയാണ് സൗദി പൊതുവെ പിന്തുണച്ചത്. എന്നാൽ യു എ ഇ തെക്കൻ വിഭാഗങ്ങളുമായി, പ്രത്യേകിച്ച് സതേൺ ട്രാൻസിഷണൽ കൗൺസിലുമായി (STC) അടുത്ത ബന്ധം സ്ഥാപിച്ചു. തെക്കൻ യമൻ, തുറമുഖങ്ങൾ, രാഷ്ട്രീയ അധികാരം എന്നിവയെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായവ്യത്യാസങ്ങൾ 2015-ൽ രൂപീകരിച്ച സഖ്യത്തെ ദുർബലപ്പെടുത്തി. സൗദി അറേബ്യയുമായുള്ള സംഘർഷം രൂക്ഷമായതോടെ യു.എ.ഇ തങ്ങളുടെ ബാക്കിയുള്ള സൈനികരെ പിൻവലിച്ചെങ്കിലും, പ്രാദേശിക ബന്ധങ്ങളിലൂടെ സ്വാധീനം നിലനിർത്തി. ഈ ബന്ധം നന്നാക്കാനുള്ള ശ്രമങ്ങൾ ഇരു ഗൾഫ് സർക്കാരുകളും തമ്മിൽ അടുത്തിടെയുണ്ടായ ചർച്ചകൾ സൂചിപ്പിക്കുന്നു.
ഹൂതികളുടെ മറ്റൊരു പ്രധാന അനുകൂലഘടകം അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. ബാബ് അൽ-മന്ദെബ് കടലിടുക്ക് ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്നു. ഇറാൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിൽ ഒരേസമയം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ഇവിടെ ഉണ്ടാകുന്ന സമ്മർദ്ദം കൂടുതൽ ഗുരുതരമാകുന്നു. ചെങ്കടൽ അടിസ്ഥാന സൗകര്യങ്ങളെ ഇന്ധന കയറ്റുമതിക്കുള്ള ബദൽ മാർഗ്ഗമായാണ് സൗദിഅറേബ്യ പണ്ടേ കാണുന്നത്. അതുകൊണ്ടുതന്നെ, ഈ രണ്ട് സമുദ്രപാതകളിലെയും അസ്ഥിരത സൗദിഅറേബ്യയെ തന്ത്രപരമായ പ്രതിസന്ധിയിലാക്കുന്നു.
സെപ്റ്റംബറിലെ മുന്നേറ്റത്തിനുശേഷം ഹൂതികൾക്ക് വലിയൊരു തിരിച്ചടിയും നേരിടേണ്ടിവന്നിട്ടുണ്ട്. ഒക്ടോബർ ആദ്യം സൗദി പിന്തുണയോടെ ആരംഭിച്ച പ്രത്യാക്രമണം ബാബ് അൽ-മന്ദെബിന് ചുറ്റുമുള്ള നിരവധി കേന്ദ്രങ്ങളിൽ നിന്ന് ഹൂതികളെ പിന്നോട്ട് തള്ളി. സൗദി വ്യോമസേന വൻതോതിൽ തിരികെ എത്തുകയും, സനാ ഉൾപ്പെടെയുള്ള ഹൂതി നിയന്ത്രണത്തിലുള്ള എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കാനാണ് തങ്ങളുടെ ദൗത്യം ലക്ഷ്യമിടുന്നതെന്ന് യമന്റെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാലും പുതുതായി പിടിച്ചെടുത്ത ചില പ്രദേശങ്ങൾ നഷ്ടപ്പെട്ടു എന്നത് ഹൂതികളുടെ വലിയ നേട്ടത്തെ ഇല്ലാതാക്കുന്നില്ല. പുതിയ മുന്നണികൾ തുറക്കാനും, സമുദ്രപാതകളെ ഭീഷണിപ്പെടുത്താനും, തങ്ങളേക്കാൾ വളരെ ശക്തരായ രാജ്യങ്ങളെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃസംഘടിപ്പിക്കാൻ നിർബന്ധിതരാക്കാനും തങ്ങൾക്ക് കഴിയുമെന്ന് അവർ തെളിയിച്ചു.

സൗദി അറേബ്യയും
മക്ക കരാറും
ഇതിനിടയിൽ മക്ക കരാർ എന്നറിയപ്പെടുന്ന പ്രതിരോധ ക്രമീകരണം (Mecca defence arrangement) വാർത്തകളിൽ നിറഞ്ഞു. ഓഗസ്റ്റ് ഏഴിന് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ 'മക്ക സംയുക്ത പ്രതിരോധ കരാറിൽ' ഒപ്പുവെച്ചിരുന്നു. കൂട്ടായ പ്രതിരോധമാണ് ഇതിന്റെ പ്രധാന തത്വം: ഒരംഗത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.
ഹൂതികളുടെ പോരാട്ടവീര്യം വർദ്ധിച്ചതോടെ ഈ കരാറിന്റെ ആദ്യ പരീക്ഷണം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ഒക്ടോബർ അഞ്ചിന് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ റിയാദിൽ അടിയന്തരമായി യോഗം ചേർന്നു. സൗദി നഗരങ്ങൾക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ അവർ അപലപിക്കുകയും, ഒപ്പുവെച്ച പ്രതിരോധ വാഗ്ദാനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിലേക്ക് നീങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഇതിൽ അവർ അംഗീകരിച്ച സൈന്യത്തെയും സൈനിക ശേഷികളെയും സൗദി അറേബ്യയിലേക്ക് വേഗത്തിൽ വിന്യസിക്കുന്നതും ഉൾപ്പെടുന്നു. പാകിസ്ഥാൻ സൈന്യത്തിൽനിന്ന് വിരമിച്ച ലഫ്റ്റനന്റ് ജനറൽ നൗമാൻ മഹ്മൂദിനെ സഖ്യത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ഇത് സൗദി അറേബ്യയ്ക്ക് കൂടുതൽ സൈനിക ബലവും രാഷ്ട്രീയ പിന്തുണയും നൽകുന്നു. എന്നാൽ ഇത് ഹൂതി പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാകുന്നില്ല. യമനിൽ നേരിട്ട് ഇടപെടുന്നതിൽ പാകിസ്ഥാൻ പരമ്പരാഗതമായി ജാഗ്രത പുലർത്തുന്നവരാണ്. അതേസമയം തുർക്കിക്ക് സ്വന്തമായ പ്രാദേശിക കണക്കുകൂട്ടലുകളുമുണ്ട്. യമനിനുള്ളിൽ നേരിട്ട് കരയുദ്ധം നടത്തുന്നതിനു പകരം, സൗദി ഭൂഭാഗത്തിന്റെ വ്യോമ പ്രതിരോധം, രഹസ്യാന്വേഷണം, പരിശീലനം, സംരക്ഷണം എന്നിവയിലായിരിക്കും ഇവരുടെ സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത. ഇത് പ്രധാന്യമുള്ളതാണ്. ഒരു പ്രതിരോധ കരാറിന് സൗദി അറേബ്യയ്ക്ക് ചുറ്റുമുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ യമനിനുള്ളിലെ രാഷ്ട്രീയ സംഘർഷം പരിഹരിക്കാൻ അതിന് കഴിയില്ല.
സൗദിയുടെ ആശയക്കുഴപ്പവും
അമേരിക്കൻ പ്രതിസന്ധിയും
മേഖലയിൽ വീണ്ടും ശക്തിപ്പെട്ട പോരാട്ടം സൗദി അറേബ്യയെ വീണ്ടും നേരിട്ടിട്ടുള്ള ഒരു സമ്മർദ്ദത്തിലേക്കു വലിച്ചിഴക്കുന്നു. ഒരു വലിയ വ്യോമാക്രമണം ഉണ്ടായാൽ, അത് 2015-നുശേഷം സൗദി അറേബ്യ സ്വീകരിച്ച അതേ തന്ത്രത്തിലേക്ക് തിരികെ പോകാനിടയാക്കും. ആ സൈനിക നീക്കം ഹൂതികളുടെ ശക്തി ഇല്ലാതാക്കാതെ യമന് വൻ നാശനഷ്ടങ്ങൾ വരുത്തിവെക്കുക മാത്രമാണ് ചെയ്തത്. ചർച്ചകളാണ് മറ്റൊരു വഴി. എന്നാൽ ഒരു പതിറ്റാണ്ട് മുൻപത്തേക്കാൾ വളരെ വലിയ സൈനിക-രാഷ്ട്രീയ കരുത്തോടെയായിരിക്കും ഹൂതികൾ ചർച്ചകളിൽ പങ്കെടുക്കുക.
ഇതേ പ്രശ്നം അമേരിക്കയെയും അലട്ടുന്നുണ്ട്. അമേരിക്കൻ നാവികസേനയ്ക്കും വ്യോമാക്രമണങ്ങൾക്കും മിസൈലുകൾ, ഡ്രോണുകൾ, വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർക്കാൻ കഴിയും. എന്നാൽ ഹൂതി അധികാരത്തിന്റെ രാഷ്ട്രീയ അടിത്തറ മാറ്റുന്നതിൽ അവ വലിയ വിജയമായിരുന്നില്ല. ഇറാനുമായുള്ള ഏറ്റുമുട്ടൽ തുടരുമ്പോൾ മറ്റൊരു വലിയ സൈനിക ഇടപെടൽ ഒഴിവാക്കാൻ അമേരിക്കയ്ക്കും കാരണങ്ങളുണ്ട്.
ഹൂതികളുടെ സമീപകാല ആക്രമണങ്ങൾ ഈ പ്രതിസന്ധിയെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ഒക്ടോബർ അഞ്ചിനുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി സൗദി അധികൃതർ അറിയിച്ചു. സൗദിയുടെ എണ്ണ, സൈനിക, വ്യോമയാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെട്ടു. അതുകൊണ്ട്, യമനിനുള്ളിലെ പ്രദേശങ്ങൾ നഷ്ടപ്പെടുമ്പോൾ പോലും വലിയ നഷ്ടങ്ങൾ വരുത്തിവെക്കാൻ ഹൂതികൾക്കു സാധിക്കും.

യമനികളെ സംബന്ധിച്ച്, പുനരാരംഭിച്ച മേഖലാ സംഘർഷം മറ്റൊരു മാനുഷിക ദുരന്തം കൂടിയാണ്. പുതിയ യുദ്ധം ഒരു ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും, 2022-ലെ വെടിനിർത്തലിന് ശേഷം നിലനിന്നിരുന്ന പരിമിതമായ ശാന്തത ഇല്ലാതാക്കുമെന്ന് സൂചന നൽകുകയും ചെയ്യുന്നു. യുദ്ധം ആരംഭിച്ചശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ സമാധാനത്തിന്റെ കാലഘട്ടമെന്നാണ് അന്ന് ഐക്യരാഷ്ട്രസഭ ആ വെടിനിർത്തലിനെ വിശേഷിപ്പിച്ചത്.
ഒരു പ്രത്യേക തുറമുഖമോ മലയോര പ്രദേശമോ പിടിച്ചെടുക്കുന്നതിനേക്കാൾ സ്ഥിരതയുള്ള ഒന്ന് ഹൂതികൾ നേടിയെടുത്തിട്ടുണ്ട്. തന്ത്രപരമായ പ്രാധാന്യമാണ് അത്. ഒരു പതിറ്റാണ്ടുകാലത്തെ യുദ്ധഅതിജീവനം, വർദ്ധിച്ചുവരുന്ന മിസൈൽ-ഡ്രോൺ ശേഷികൾ, ഇറാനുമായുള്ള ബന്ധം, ബാബ് അൽ- മന്ദെബിന് സമീപമുള്ള സ്ഥാനം എന്നിവ അവരെ യമന്റെ അതിർത്തിക്കുള്ളിൽ മാത്രം ഒതുക്കിനിർത്താൻ പറ്റാതാക്കി. ഹൂതികളുടെ സെപ്റ്റംബറിലെ മുന്നേറ്റം ആ ശക്തി പ്രകടമാക്കി. ഒക്ടോബറിലെ പ്രത്യാക്രമണം അതിന്റെ പരിമിതികളും കാണിച്ചുതന്നു.
യു.എസ്- ഇറാൻ ഏറ്റുമുട്ടലിന്റെ ഒരു സ്ഥിരം വേദിയായി യമൻ മാറുന്നു എന്നതാണ് ഇപ്പോഴത്തെ അപകടം. മക്ക സഖ്യത്തിന് സൗദിയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അവരുടെ സുരക്ഷാ ആശങ്കകൾ കുറയ്ക്കാനും കഴിഞ്ഞേക്കാം. എന്നാൽ ശാശ്വതമായ ഒരു പരിഹാരത്തിന്, യമന്റെ ഭിന്നിച്ചുനിൽക്കുന്ന അവസ്ഥ, പരസ്പരം പോരാടുന്ന സായുധ സേനകൾ, പ്രാദേശിക ഇടപെടലുകൾ എന്നിവ പരിഹരിക്കാൻ ശേഷിയുള്ള ഒരു രാഷ്ട്രീയപ്രക്രിയ ആവശ്യമാണ്. അതില്ലാതെ ഉണ്ടാകുന്ന ഓരോ പ്രതിസന്ധിയും യമനിലെ യുദ്ധം വീണ്ടും തുറക്കാനുള്ള മറ്റൊരു അവസരമായിരിക്കും.
നവംബറിലെ തിരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ അമേരിക്ക ഇറാനെതിരെ ശക്തമായി നീങ്ങുമെന്ന സൂചനകൾ ഹൂതികൾക്കും ആശങ്കയുണ്ടാക്കുന്നതാണ്. അങ്ങനെ വന്നാൽ വീണ്ടും ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ഉപരോധങ്ങളും ഏറ്റുമുട്ടലുകളുമുണ്ടാവും. ലോകസമ്പദ് വ്യവസ്ഥയെ വീണ്ടും സമ്മർദ്ദത്തിലാക്കാൻ ഇത് വഴിവെക്കും.

