2026 ഫെബ്രുവരി 28ന് ഇറാനുമേൽ അമേരിക്കയും ഇസ്രായേലും തുടങ്ങിവെച്ച യുദ്ധം സാമ്രാജ്യത്വത്തിന്റെ നഗ്നവും ക്രൂരവുമായ മുഖം വീണ്ടും ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെയും നയതന്ത്രമര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് പരമാധികാര രാഷ്ട്രമായ ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന നേതൃനിരയെയും അധിനിവേശ ശക്തികൾ വധിച്ചത്. ഇറാനിലെ മിനാബിൽ നടന്ന പ്രൈമറി സ്കൂളിന് നേരെയുള്ള മനുഷ്യത്വവിരുദ്ധമായ മിസൈൽ ആക്രമണം ലോക ജനതയെ മുഴുവൻ ഞെട്ടിച്ചു. 180-ഓളം പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ കൂടുതലും സ്കൂൾ കുട്ടികളായിരുന്നു. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധം, ‘സാമ്രാജ്യത്വം’ എന്നത് കാലഹരണപ്പെട്ട സങ്കല്പമാണെന്ന് പ്രഖ്യാപിച്ചവർക്കെതിരെയുള്ള ശക്തമായ മറുപടി കൂടിയാണ്.
സാമ്രാജ്യത്വം:
സിദ്ധാന്തവും ചരിത്രപരമായ
പരിണാമവും
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മുതലാളിത്തത്തിന് വന്ന പ്രധാന മാറ്റങ്ങൾ വിശദീകരിക്കാനാണ് സാമ്രാജ്യത്വം എന്ന ആശയം രൂപപ്പെടുന്നത്. കുത്തകവൽക്കരണം, ബാങ്കുകളുടെയും വ്യവസായ മൂലധനത്തിന്റെയും സംയോജനം, വർദ്ധിച്ചുവരുന്ന അധിനിവേശങ്ങൾ, മുതലാളിത്ത രാഷ്ട്രങ്ങൾ തമ്മിൽ കോളനികൾക്ക് വേണ്ടിയുള്ള സംഘർഷങ്ങൾ തുടങ്ങിയ പ്രതിഭാസങ്ങളെ മാർക്സിസ്റ്റ് രീതിശാസ്ത്രം ഉപയോഗിച്ച് വിശകലനം ചെയ്യാൻ ആദ്യകാലങ്ങളിൽ റുഡോൾഫ് ഹിൽഫെർഡിങ്ങും റോസ ലക്സംബർഗും വ്ലാദിമിർ ലെനിനും ശ്രമങ്ങൾ നടത്തി.
യുദ്ധം എന്നത് സാമ്രാജ്യത്വത്തിന്റെ ഒരു സ്വാഭാവിക പരിണതഫലമാണെന്നിരിക്കെ യുദ്ധങ്ങളുടെ അന്ത്യം സാമ്രാജ്യത്വത്തിന്റെ കൂടി അന്ത്യമായിരിക്കണം.
'Imperialism, the Highest Stage of Capitalism' എന്ന പ്രബന്ധത്തിൽ ലെനിൻ സാമ്രാജ്യത്വത്തെ സമഗ്രമായി ഇങ്ങനെ വിശദീകരിച്ചു: മൂലധന കേന്ദ്രീകരണവും കുത്തകവൽക്കരണവും; ബാങ്കുകളും വ്യവസായ മൂലധനവും ചേർന്നുണ്ടാകുന്ന ഫിനാൻസ് മൂലധനത്തിന്റെ ഉത്ഭവം; ഉൽപ്പന്ന കയറ്റുമതിയേക്കാൾ മൂലധന കയറ്റുമതിക്കുള്ള പ്രാധാന്യം; അന്താരാഷ്ട്ര കുത്തകകളുടെ രൂപീകരണം; പ്രധാന മുതലാളിത്ത ശക്തികൾക്കിടയിൽ ലോകത്തിന്റെ ഭൂപ്രദേശങ്ങൾ വിഭജിക്കപ്പെടൽ. കേവലമായ വിശദീകരണത്തിനപ്പുറം, ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാമ്രാജ്യത്വവിശകലനത്തെ ചരിത്രഗതിയെ നിർണ്ണയിക്കുന്ന ഒരായുധമാക്കി മാറ്റാൻ സാധിച്ചു എന്നതാണ് ലെനിന്റെ ഏറ്റവും വലിയ വിജയം. യുദ്ധത്തെ മുതലാളിത്ത ശക്തികൾ തമ്മിലുള്ള പങ്കുവെക്കൽ പോരാട്ടമായി തുറന്നുകാണിക്കാനും, മൂലധനത്തിന്റെ താല്പര്യങ്ങൾക്ക് വേണ്ടി തൊഴിലാളികൾ കുരുതി കൊടുക്കപ്പെടുകയാണെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. തങ്ങളുടെ രാഷ്ട്രങ്ങളിലെ അധികാരവർഗ്ഗത്തിന് നേരെ യുദ്ധകാഹളം മുഴക്കുവാനും സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ യുദ്ധങ്ങൾ അവസാനിപ്പിക്കാനുമുള്ള ലെനിന്റെ ആഹ്വാനം റഷ്യൻ വിപ്ലവത്തിൽ കലാശിക്കുകയും തൊഴിലാളികൾ അധികാരം പിടിച്ചെടുത്ത് യുദ്ധത്തിൽനിന്ന് പിന്മാറുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ശീതയുദ്ധത്തിന്റെയും മുൻ കോളനികൾ സ്വാതന്ത്ര്യം നേടിയതിന്റെയും പുതിയ സാഹചര്യത്തിൽ സാമ്രാജ്യത്വത്തിന് തങ്ങളുടെ പ്രത്യക്ഷമായ ചൂഷണ രീതികൾ ഉപേക്ഷിക്കേണ്ടിവന്നു. സൈന്യാധിപത്യത്തിലൂന്നിയ നേരിട്ടുള്ള അധിനിവേശത്തിൽനിന്ന് വ്യത്യസ്തമായി, മുൻ കോളനികൾക്കുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ മാർഗ്ഗങ്ങളിലൂടെ നടത്തുന്ന ഇത്തരത്തിലുള്ള പരോക്ഷ നിയന്ത്രണത്തെ മുൻ ഘാന പ്രസിഡന്റ് ക്വാമി എൻക്രുമ 'നിയോ-കൊളോണിയലിസം' (Neo-colonialism) എന്ന് വിളിച്ചു. ഈ കാഴ്ചപ്പാടിന് സമാനമായി 1960-കളിലും 70-കളിലും ആർഗിരി ഇമ്മാനുവേൽ, ഇമ്മാനുവേൽ വാലർസ്റ്റീൻ, സമീർ അമിൻ തുടങ്ങിയ ചിന്തകർ അൺഈക്വൽ എക്സ്‌ചേഞ്ച് (Unequal Exchange), വേൾഡ് സിസ്റ്റം അനാലിസിസ് (World-system analysis), ഡിപെൻഡൻസി തിയറി (Dependency theory) തുടങ്ങിയവയിലൂടെ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക വശങ്ങളെ സൈദ്ധാന്തികമായി കൂടുതൽ വികസിപ്പിച്ചു. മുതലാളിത്തം എന്നത് അത്യന്തികമായി അസമത്വപൂർണ്ണമായ ഒരു സമ്പ്രദായമാണെന്ന് ഇവർ സ്ഥാപിച്ചു. അന്താരാഷ്ട്രപരമായ തൊഴിൽ വിഭജനത്തിലൂടെ (Global division of labour) കോർ-പെരിഫറി (Core-Periphery) എന്ന ദ്വന്ദ്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വം, പെരിഫറി രാജ്യങ്ങളിലെ അധ്വാനത്തിന്റെ ഫലമായുണ്ടാകുന്ന മൂല്യം 'കോർ' രാജ്യങ്ങളാൽ ഊറ്റിയെടുക്കപ്പെടുന്ന പ്രക്രിയയാണ്. ഈ പ്രക്രിയ ഒരു ധ്രുവത്തിൽ വികസനം സൃഷ്ടിക്കുമ്പോൾ മറു ധ്രുവത്തിൽ അവികസനവും ദാരിദ്ര്യവും സൃഷ്ടിക്കുന്നു.
നവലിബറലിസവും
സാമ്രാജ്യത്വ നിഷേധവും
1970-കളുടെ അവസാനത്തോടെ നവലിബറലിസത്തിന്റെ വളർച്ചയോടെയാണ് സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന് സൈദ്ധാന്തിക പ്രതിസന്ധികൾ നേരിട്ടു തുടങ്ങിയത്. കേവലം ഒരു സാമ്പത്തിക നയം എന്നതിലുപരി ഒരു സമഗ്ര ലോകവീക്ഷണവും പ്രത്യയശാസ്ത്രവുമായി നവലിബറലിസം മാറി. ആഗോളവൽക്കരണം ലോകത്തെ ഏകീകരിച്ച ഒരു വലിയ സമൂഹമാക്കുമെന്നും, 'സ്വതന്ത്ര വിപണി' രാഷ്ട്രങ്ങൾ തമ്മിലുള്ള അസമത്വം മെല്ലെ ഇല്ലാതാക്കുമെന്നും (Economic Convergence) വാദിക്കപ്പെട്ടു. സ്വതന്ത്ര വിപണിയുടെ ആധിപത്യത്തിൽ രാഷ്ട്രഅതിർത്തികൾക്ക് പ്രാധാന്യം നഷ്ടപ്പെടുമെന്നും, അതോടെ സാമ്രാജ്യത്വം എന്നത് ഒരു പഴയകാല ചരിത്രമായി മാറുമെന്നും പ്രചരിപ്പിക്കപ്പെട്ടു.
സാമ്രാജ്യത്വം ഇന്ന് കൃത്യമായ ഒരു കേന്ദ്രമില്ലാത്ത പ്രതിഭാസമാണെന്ന് വാദിക്കുന്നവർക്ക് വാഷിംഗ്ടണിന്റെ കേന്ദ്രസ്ഥാനം അടിവരയിട്ട് തെളിയിച്ചു കൊടുക്കുന്നതാണ് നിലവിലെ ആക്രമണം.
എന്നാൽ ഈ ലിബറൽ വാദങ്ങൾ ഒരു തരത്തിൽ പാശ്ചാത്യ ഇടതുപക്ഷത്തെയും പിടികൂടിയിരുന്നു. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ബിൽ വാറൻ ആണ് ഇത്തരത്തിൽ 'സാമ്രാജ്യത്വം' എന്ന ആശയത്തിനെതിരെ ആദ്യം രംഗത്തുവരുന്നത്. സാമ്രാജ്യത്വം വികസ്വരരാജ്യങ്ങളിൽ വികസനം കൊണ്ടുവരുന്ന പുരോഗമന ശക്തിയാണെന്നും, ഡിപെൻഡൻസി തിയറി തെറ്റാണെന്നും വാറൻ വാദിച്ചു. ഇത്തരത്തിൽ മറ്റൊരു പ്രധാന സാമ്രാജ്യത്വ നിഷേധ തീസിസാണ് അന്റോണിയോ നെഗ്രിയും മൈക്കൽ ഹാർട്ടും ചേർന്ന് മുന്നോട്ടുവെച്ച 'Empire' എന്ന സങ്കല്പം. തങ്ങളുടെ പുസ്തകത്തിൽ ഇവർ പരമ്പരാഗത സാമ്രാജ്യത്വത്തിന്റെ കാലം അസ്തമിച്ചെന്നും, നിലവിൽ ദേശ- രാഷ്ട്ര കേന്ദ്രീകൃതമല്ലാത്തതും പ്രദേശബന്ധിതമല്ലാത്തതുമായ (Decentred and Deterritorialised) ഒരു ആഗോള ക്രമമാണ് നിലവിലുള്ളതെന്നും വാദിച്ചു.

ഇത്തരത്തിൽ പരമ്പരാഗത സാമ്രാജ്യത്വത്തിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന മറ്റൊരു പ്രമുഖ മാർക്സിസ്റ്റ് ചിന്തകനാണ് ഡേവിഡ് ഹാർവി. ഹാർവി മുന്നോട്ടുവെക്കുന്ന അതിശയിപ്പിക്കുന്ന ഒരു വാദം, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന സമ്പത്തിന്റെ ഗതി ഇന്ന് മാറിമറിഞ്ഞുവെന്നും സമ്പത്ത് ഇപ്പോൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒഴുകുകയാണെന്നുമാണ്.
ഇത്തരത്തിലുള്ള സാമ്രാജ്യത്വ നിഷേധ തീസിസുകളെ വെല്ലുവിളിക്കുന്നതാണ് ജോൺ സ്മിത്ത് 2016-ൽ പ്രസിദ്ധീകരിച്ച 'Imperialism in the Twenty-First Century' എന്ന പുസ്തകം. ആധുനിക മുതലാളിത്തം ഇന്നും നിലനിൽക്കുന്നത് ഗ്ലോബൽ സൗത്തിലെ തൊഴിലാളികളുടെ അമിത ചൂഷണം (Super Exploitation) വഴിയാണെന്നും, ഉല്പാദനം മൂന്നാം ലോക രാജ്യങ്ങളിലേക്ക് മാറ്റുന്നതിലൂടെ വികസിത- വികസ്വര രാജ്യങ്ങൾ തമ്മിലുള്ള അമിതമായ വേതന അന്തരം മുതലെടുക്കുന്ന 'Global Labour Arbitrage' വഴി ഉയർന്ന ലാഭവിഹിതം നിലനിർത്താൻ ബഹുരാഷ്ട്ര കമ്പനികൾക്ക് സാധിക്കുന്നു എന്നും അദ്ദേഹം സമർത്ഥിക്കുന്നു.
2021-ൽ ജേസൺ ഹിക്കലും ഒരു കൂട്ടം ഗവേഷകരും നടത്തിയ പഠനത്തിൽ, ഇത്തരത്തിൽ ഗ്ലോബൽ സൗത്തിൽ നിന്ന് നോർത്തിലേക്കുള്ള മൂല്യക്കവർച്ച ഏകദേശം 10 ട്രില്യൺ യു.എസ്. ഡോളറിന് മുകളിലാണെന്ന് (2015 എന്ന ഒറ്റ വർഷത്തിൽ) കണക്കാക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്നുമാത്രം ഏകദേശം 45 ട്രില്യൺ യു.എസ്. ഡോളർ സമ്പത്താണ് കവർച്ച ചെയ്തു പോയത് എന്നാണ് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ഉത്സാ പട്നായിക്കിന്റെ കണക്കുകൂട്ടൽ. അഞ്ച് നൂറ്റാണ്ടായി പാശ്ചാത്യ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന സമ്പത്ത് കവർച്ചയുടെ ആധുനിക രൂപവും തുടർച്ചയുമാണ് ഹിക്കലിന്റെ പഠനം വരച്ചുകാട്ടുന്നത്.
മിഡിൽ ഈസ്റ്റിൽ അമേരിക്കൻ- ഇസ്രായേൽ താല്പര്യങ്ങൾക്കെതിരെ ഇറാന്റെ നേതൃത്വത്തിൽ ഉയർന്നുവരുന്ന പ്രതിരോധത്തെ തകർക്കുക എന്നതും യു.എസിന്റെ നിലനിൽപ്പിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
യു.എസ്. ആധിപത്യത്തിന്റെ
തകർച്ചയും പുതിയ ലോകക്രമവും
സാമ്രാജ്യത്വം മരിച്ചു എന്നും ദേശ- രാഷ്ട്രങ്ങളുടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നുമുള്ള വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഒന്നാണ് ഇറാൻ യുദ്ധം. മുകളിൽ പ്രതിപാദിച്ച സാമ്പത്തിക ചൂഷണത്തിന്റെ അടിത്തറ അമേരിക്കയുടെ രാഷ്ട്രീയ- സൈനിക ശേഷിയാണ്. സാമ്രാജ്യത്വം ഇന്ന് കൃത്യമായ ഒരു കേന്ദ്രമില്ലാത്ത പ്രതിഭാസമാണെന്ന് വാദിക്കുന്നവർക്ക് വാഷിംഗ്ടണിന്റെ കേന്ദ്രസ്ഥാനം അടിവരയിട്ട് തെളിയിച്ചു കൊടുക്കുന്നതാണ് നിലവിലെ ആക്രമണം. ഇറാൻ യുദ്ധം കേവലം ഒരു പ്രാദേശിക സംഘർഷമോ 'ജനാധിപത്യത്തിന്' വേണ്ടിയുള്ള പോരോ അല്ല. മറിച്ച്, തകർന്നുകൊണ്ടിരിക്കുന്ന ലോകാധിപത്യം ഏതു വില കൊടുത്തും നിലനിർത്താൻ ശ്രമിക്കുന്ന അമേരിക്കയുടെ ഗതികെട്ട ശ്രമങ്ങളിലൊന്നാണ്. തന്ത്രപ്രധാനവും വിഭവസമൃദ്ധവുമായ ഇറാന്റെ ഭൂപ്രദേശങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കുക എന്നതിനൊപ്പം, മിഡിൽ ഈസ്റ്റിൽ അമേരിക്കൻ- ഇസ്രായേൽ താല്പര്യങ്ങൾക്കെതിരെ ഇറാന്റെ നേതൃത്വത്തിൽ ഉയർന്നുവരുന്ന പ്രതിരോധത്തെ തകർക്കുക എന്നതും അവരുടെ നിലനിൽപ്പിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

അമേരിക്കൻ ഏകധ്രുവ ആധിപത്യം അതിന്റെ ചരിത്രപരമായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലാണിന്ന്. ഈ തകർച്ചാഭീതിയെ ലോകത്തിനുമുന്നിൽ പരസ്യമായി വെളിപ്പെടുത്തിയതായിരുന്നു യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മാർക്കോ റൂബിയോ ഫെബ്രുവരി മാസത്തിൽ മ്യൂണിക്കിൽ വെച്ച് നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗം. 1945-നു ശേഷം ദൈവവിരോധികളായ കമ്മ്യൂണിസ്റ്റുകളാലും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളാലും പാശ്ചാത്യലോകം പ്രതിസന്ധിയിലായെന്നും, ഇതിനെ മറികടക്കാൻ പാശ്ചാത്യർ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപുള്ള കാലത്തിലേക്ക് തിരിച്ചുപോകണമെന്നുമാണ് റൂബിയോ ആഹ്വാനം ചെയ്തത്. ലളിതമായി പറഞ്ഞാൽ, ലോകത്തെ വീണ്ടും കോളനിവൽക്കരിക്കുക എന്നതാണ് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ലക്ഷ്യം.
റൂബിയോയുടെ ഈ പരിഭ്രാന്തിക്ക് കാരണം, കഴിഞ്ഞ പതിറ്റാണ്ടുകളിലായി ലോകക്രമത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സുപ്രധാന മാറ്റങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡി- ഇൻഡസ്ട്രിയലൈസ് (De-industrialize) ചെയ്തപ്പോൾ ചൈന ലോകത്തിന്റെ ഫാക്ടറിയായി മാറുകയും, അത്യാധുനിക ശാസ്ത്രസാങ്കേതികവിദ്യകളിൽ വൻ കുതിപ്പ് കൈവരിക്കുകയും ചെയ്തു. ചൈനയുടെ സാമ്പത്തിക വളർച്ചയോടൊപ്പം, ബ്രിക്സ്+ (BRICS+) കൂട്ടായ്മയുടെ വിപുലീകരണവും ഗ്ലോബൽ സൗത്തിന്റെ ഉയിർത്തെഴുന്നേൽപ്പും അമേരിക്കൻ സാമ്രാജ്യത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകത്തെ പകുതിയോളം ജനസംഖ്യയെയും ആഗോള ജി.ഡി.പി.യുടെ 35 ശതമാനത്തോളമുള്ള പങ്കും, ആഗോള എണ്ണ ഉല്പാദനത്തിന്റെ 30 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്സ്+ രാജ്യങ്ങൾ, IMF കണക്കുകൾ പ്രകാരം 2028 ഓടെ ആഗോള ഉല്പാദനത്തിന്റെ മൂന്നിലൊന്ന് വിഹിതം കൈവരിക്കും.
ഗ്ലോബൽ സൗത്തിൽ അമേരിക്കൻ ഉപരോധങ്ങൾക്കും ഡോളറിന്റെ ആയുധവൽക്കരണത്തിനുമെതിരെ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടുവരുന്നത് നിലവിലെ ലോകക്രമത്തിൽ വരുന്ന മാറ്റങ്ങളുടെ വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്.
ഗ്ലോബൽ സൗത്തിൽ അമേരിക്കൻ ഉപരോധങ്ങൾക്കും ഡോളറിന്റെ ആയുധവൽക്കരണത്തിനുമെതിരെ ഒരു പൊതു അഭിപ്രായം രൂപപ്പെട്ടുവരുന്നത് നിലവിലെ ലോകക്രമത്തിൽ വരുന്ന മാറ്റങ്ങളുടെ വേഗത വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി ഡോളറിനുപകരം മറ്റു പ്രാദേശിക കറൻസികളിലേക്ക് (De-dollarization) മാറാനുള്ള ആലോചനകൾ സജീവമായി. ഇതിനോടൊപ്പം അന്താരാഷ്ട്ര പണമിടപാടുകൾക്ക് സ്വിഫ്റ്റിന് (SWIFT) ബദലായുള്ള സംവിധാനങ്ങളെക്കുറിച്ചും ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നു. ഇത്തരം നീക്കങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക അടിത്തറയെയാണ് നേരിട്ട് ദുർബലപ്പെടുത്തുന്നത്. തങ്ങളുടെ ആജ്ഞകൾക്ക് വഴങ്ങാത്ത രാജ്യങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ഉപയോഗിക്കുന്ന 'ഉപരോധം' എന്ന ആയുധം ഇത്തരത്തിൽ ഗ്ലോബൽ സൗത്തിന്റെ കൂട്ടായ നീക്കങ്ങളാൽ മറികടക്കപ്പെടുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിൽ വാഷിംഗ്ടണിനെതിരെ ഒരു സമവായം രൂപപ്പെട്ടുവരുന്ന സാഹചര്യത്തിൽ ബഹുധ്രുവലോകത്തിന്റെ (Multipolar World) വിത്തുകൾ പാകപ്പെട്ടു കഴിഞ്ഞു.

ഈ ആധിപത്യനഷ്ടത്തിന്റെ പരിണിതഫലങ്ങളാണ് നമ്മൾ ഇറാൻ മുതൽ വെനിസ്വേല വരെ കാണുന്നത്. ഇറാനിലേതുപോലെ തന്നെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ ട്രംപ് ഭരണകൂടം തട്ടിക്കൊണ്ടുപോയത്. സാമ്പത്തികവും രാഷ്ട്രീയവുമായ അപ്രമാദിത്വം നഷ്ടപ്പെടുന്ന സാമ്രാജ്യം, ഇനിയും ഇത്തരത്തിലുള്ള ക്രൂരമായ സൈനിക ആക്രമണങ്ങളിൽ ഏർപ്പെടും എന്നതിൽ സംശയമില്ല. യുദ്ധത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ കാലത്ത് ഒരു നൂറ്റാണ്ട് മുൻപ് ലെനിൻ നടത്തിയ നിരീക്ഷണം ഇന്നും പ്രസക്തമാവുന്നു: യുദ്ധം എന്നത് സാമ്രാജ്യത്വത്തിന്റെ ഒരു സ്വാഭാവിക പരിണതഫലമാണെന്നിരിക്കെ യുദ്ധങ്ങളുടെ അന്ത്യം സാമ്രാജ്യത്വത്തിന്റെ കൂടി അന്ത്യമായിരിക്കണം.
