ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ തുറന്ന യുദ്ധത്തിലേക്ക് വഴി മാറിയതോടെ പശ്ചിമേഷ്യയിൽ ആശങ്കകൾ വർധിക്കുകയാണ്. പേജർ, വാക്കിടോക്കി ആക്രമണ പരമ്പരയിലൂടെ മൊസാദ് യുദ്ധരീതി തന്നെ മാറ്റിയതോടെ ഹിസ്ബുല്ലയും തിരിച്ചടിക്കുകയാണ്. തുറന്ന യുദ്ധം തന്നെ നടത്താനാണ് ഇനി ഹിസ്ബുല്ലയുടെ തീരുമാനം. ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡറുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത ശേഷം ഹിസ്ബുല്ല ഡപ്യൂട്ടി സെക്രട്ടറി ജനറൽ നയീം ഖാസിമാണ് ഇസ്രായേലിനെതിരെ തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയത്. ലെബനനിലെ പേജർ, വോക്കി ടോക്കി പൊട്ടിത്തെറിയിൽ ഹിസ്ബുള്ള അംഗങ്ങളടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണങ്ങൾ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല തലവൻ ഹസൻ നസ്റുള്ള നേരത്തെ പ്രതികരിച്ചിരുന്നു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രിയും പ്രതികരിച്ചിരുന്നു. ഇസ്രായേൽ സൈന്യം ലെബനനിലേക്ക് പ്രവേശിക്കുമോയെന്ന ചോദ്യത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വക്താവ് റിയർ അഡ്മിറൽ ഡാനിയേൽ ഹഗാരി പറഞ്ഞത്. ലെബനെന്റെ തെക്ക് - കിഴക്ക് ബെക്കാ താഴ് വരയിലും സിറിയക്ക് സമീപമുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രായേൽ വ്യാപകമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ വ്യോമാക്രമണമാണിത്.
ലെബനൻ മറ്റൊരു ഗാസയാകുമോ ?
ഗാസയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കിടയിൽ ലെബനൻ മറ്റൊരു ഗാസയാകുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു. പേജർ, വാക്കി ടോക്കി ആക്രമണങ്ങളെ യുഎൻ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ആക്രമണമെന്നായിരുന്നു യുഎന്നിൻെറ പ്രസ്താവന. തെക്കുകിഴക്കൻ ലെബനൻ മേഖലകളിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് (തിങ്കളാഴ്ച) രാവിലെ 30 മിനുറ്റിനുള്ളിൽ 80 ഓളം മിസൈൽ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്.
ഗാസയിലും വെസ്റ്റ് ബാങ്കിലും എന്താണോ സംഭവിച്ചു കൊണ്ടിരിക്കുന്നത് അത് തന്നെ ലെബനനിലും സംഭവിക്കുമെന്നാണ് യു.എൻ ആശങ്കപ്പെടുന്നത്. കഴിഞ്ഞ പതിനൊന്ന് മാസത്തോളമായി പലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾക്ക് സമാനമായ സാഹചര്യമാണ് ലെബനനിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗാസയിലും ലെബനനിലും ഒരേ സമയം യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ നിലപാട്. അതേസമയം, ഹമാസിനേക്കാൾ ശക്തമായ ഹിസ്ബുള്ള പ്രത്യക്ഷ യുദ്ധത്തിലേക്ക് ഇറങ്ങാൻ തയ്യാറെടുക്കുന്നതോടെ സംഘർഷം കടുക്കുമെന്ന് ഉറപ്പാണ്.
ലെബനൻ അതിർത്തിയിൽ നടക്കുന്ന കൂട്ട പലായനം
തെക്കൻ ലെബനനിലെ പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാർ ഇതിനോടകം പലായനം ചെയ്യാൻ ആരംഭിച്ചതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങളായ ബെയ്റൂത്തിന്റെ തെക്കൻ മേഖലകളിൽ നിന്നും കൂടുതൽ ആളുകൾ പലായനം ചെയ്യുന്നുണ്ട്. ബെയ്‌റൂത്തിലെ തെരുവുകൾ പകൽ സമയങ്ങളിൽ ശൂന്യമായതായും ആളുകൾ തെരുവിലേക്കിറങ്ങാൻ ഭയപ്പെടുന്നതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ യുദ്ധം രൂക്ഷമാവുന്നതിനാൽ ബെയ്റൂത്തിൽ നിന്നും ഉടൻ മാറണമെന്ന് ലെബനൻ പൗരൻമാർക്ക് ഇസ്രായേൽ സൈന്യത്തിന്റെ സന്ദേശം ലഭിച്ചിട്ടുണ്ട്.
മാധ്യമങ്ങളെ വിലക്കാൻ ഇസ്രായേൽ
ഇസ്രായേൽ നടത്തി വരുന്ന വംശഹത്യാപരമായ ആക്രമണങ്ങൾ പുറം ലോകമറിയാതിരിക്കാൻ ഇസ്രായേൽ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. അൽ ജസീറയടക്കമുള്ള മാധ്യമങ്ങൾ നൽകി വരുന്ന വാർത്തകൾ തടയാനായിരുന്നു ശ്രമം. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടണമെന്ന് ഇസ്രായേൽ മന്ത്രിസഭ ബിൽ പാസാക്കിയിരുന്നു. അൽ ജസീറയുടെ പ്രവർത്തനം തടയുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള അൽ ജസീറയുടെ ഓഫീസിൽ ഇതിനിടയിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തുകയും ചെയ്തു. 45 ദിവസത്തേക്ക് ബ്യൂറോ അടച്ചിടാൻ തങ്ങളോട് ഉത്തരവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.