അല്‍ ജസീറ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് സലാമയും എഡിറ്റര്‍ ഹല അസ്ഫൂറും പ്രണയബദ്ധരായിരുന്നു. റബീഉല്‍ അവ്വല്‍ മാസത്തിനു ശേഷം നിക്കാഹ് നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പക്ഷേ ഇവരിലൊരാളുടെ പ്രാണന്‍ ഇസ്രായേലിന്റെ മിസൈല്‍ തീമഴയില്‍ ചാരമായി മാറി. അന്നേരം രക്തസാക്ഷിയുടെ കാമുകി പ്രാര്‍ഥിച്ചിരിക്കണം: ഞങ്ങളെ സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കണേ…
അല്‍ ജസീറയുടെ ന്യൂസ് ഡെസ്‌കിലിരിക്കെ, ഭാവിവരന്റെ മരണവാര്‍ത്തയുടെ ടേയ്ക്കിലേക്ക് ഹലയുടെ മിഴിനീര് വീണ് പരന്നിട്ടുണ്ടാകാം.
മര്‍യം അബുദഖ എന്ന മുപ്പത്തഞ്ചുകാരി ഇന്‍ഡിപെന്‍ഡന്റ് അറേബ്യ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിലെ ഏറ്റവും മിടുക്കിയായ ഫോട്ടോ ജേണലിസ്റ്റായിരുന്നു. ഏത് നിമിഷവും മരണം തന്നെ തട്ടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മര്‍യം, പഠനത്തിനായി ദുബായിലേക്ക് പോകാന്‍ തിടുക്കം കാട്ടിയ പന്ത്രണ്ടുകാരനായ മകന്‍ ഗെയ്ത്തിന് അവസാനമായി എഴുതിയ കത്ത്: ‘‘മരണം സദാ ഉമ്മയുടെ പിറകെയുണ്ട്. മോന്‍ എവിടേയും പോകേണ്ട. ഞാന്‍ ഇവിടം വിട്ടു പോയാലും മോന്‍ വലുതാകുമ്പോള്‍ നമ്മുടെ പലസ്തീനിലെ പോരാളികള്‍ക്കൊപ്പം പിറന്ന മണ്ണിനു വേണ്ടിയുള്ള സമരത്തിലേര്‍പ്പെടുക’’.
ഈ കത്തെഴുതിയതിന്റെ മൂന്നാം നാള്‍ മര്‍യത്തെയും ഇസ്രായേലിന്റെ ബോംബ് കൊലപ്പെടുത്തി.

ദക്ഷിണഗാസയിലെ ഖാന്‍ യൂനിസിലെ അല്‍ നാസര്‍ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ഇസ്രായേലിന്റെ കുരുതിമഴയുടെ ഇരമ്പത്തില്‍ കുതിര്‍ന്നും കുടിവെള്ളവും ഭക്ഷണവും കിട്ടാതെ നരകിച്ചും അന്ത്യം കാത്ത് കഴിയുന്ന പലസ്തീനികളുടെ കൊടുംയാതന പകര്‍ത്തുകയായിരുന്ന അഞ്ചു പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആദ്യം മിസൈലായും തുടര്‍ന്ന് ബോംബായും അപ്രതീക്ഷിത ആക്രമണം ഇസ്രായേല്‍ സൈന്യം അഴിച്ചുവിട്ടത്. ഇസ്രായേലിന്റെയെന്നല്ല, ഏത് ആക്രമണത്തിന്റെയും പുസ്തകത്തില്‍ ധാര്‍മികതയുടെ പാഠമില്ലാത്തതുകൊണ്ട്, കിടുകിടാ വിറച്ച ആശുപത്രിക്കിടക്കയില്‍ നിന്ന് കുഞ്ഞുങ്ങളും സ്ത്രീകളുമുള്‍പ്പെടെയുള്ള രോഗികള്‍ അവസാനശ്വാസത്തിനായി പിടഞ്ഞു. ഉള്ള് കലങ്ങുന്ന ആ ചിത്രങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്‍മാരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള അഞ്ചു പേരുടെ മരണം ഇസ്രായേല്‍ ആഘോഷിച്ചു.
ഇസ്രായേലി ബോംബാക്രമണത്തില്‍ തകര്‍ന്ന അല്‍ നാസര്‍ ആശുപത്രിയുടെ ദൃശ്യങ്ങളാണ് അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി മര്‍യം അവസാനമായി പകര്‍ത്തിയത്.
ഇസ്രായേലി ബോംബാക്രമണത്തില്‍ തകര്‍ന്ന അല്‍ നാസര്‍ ആശുപത്രിയുടെ ദൃശ്യങ്ങളാണ് അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി മര്‍യം അവസാനമായി പകര്‍ത്തിയത്. കൊല്ലപ്പെട്ട മര്‍യമിന്റെ ക്യാമറയില്‍നിന്ന് ബുധനാഴ്ചയാണ്, അവരെടുത്ത അവസാന ചിത്രങ്ങള്‍ കണ്ടെത്തിയത്. ദക്ഷിണ ഗാസയിലെ പ്രധാന ആരോഗ്യസുരക്ഷാകേന്ദ്രമായിരുന്നു അല്‍ നാസര്‍ ആശുപത്രി. ബോംബാക്രമണത്തില്‍ തകര്‍ന്ന സ്‌റ്റെയര്‍ കേസുകളും ജനാലകളും മര്‍യമിന്റെ ഫോട്ടോകളില്‍ കാണാം. രോഗികളും ബന്ധുക്കളുമെല്ലാം നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്്‌റ്റെയര്‍ കേസുകളിലാണ് പൊടുന്നനെ ഷെല്‍വര്‍ഷമുണ്ടായത്. അഞ്ച് മാധ്യമപ്രവര്‍ത്തകരടക്കം 22 പേര്‍ കൊല്ലപ്പെട്ടു.
റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റ് ഹുസാം അല്‍ മസ്‌രി, മുആസ് അബു താഹ, അഹമ്മദ് അബു അസീസ് എന്നവരാണ് മര്‍യമിനോടും മുഹമ്മദ് സലാമയോടുമൊപ്പം ഗാസയില്‍ രക്തസാക്ഷികളായത്. ആശുപത്രിയില്‍ കിടക്കുകയായിരുന്ന പതിനാറ് രോഗികളാണ് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റോയിട്ടേഴ്‌സിലെ തന്നെ ഹാത്തിം ഖാലിദ് എന്ന ഫോട്ടോഗ്രാഫറുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അല്‍ജസീറ റിപ്പോര്‍ട്ടര്‍ അനസ് അല്‍ ഷെരീഫ് ബോംബാക്രമണത്തില്‍ മരിച്ചത്. ഗാസാ സിറ്റിയിലെ ആശുപത്രിക്കുമേലെയുണ്ടായ മിസൈലാക്രമണത്തിലാണ്, ‘ഗാസയുടെ ശബ്ദം’ എന്നറിയപ്പെട്ട അനസിന്റെ അന്ത്യം സംഭവിച്ചത്. ജേണലിസ്റ്റുകളെ തിരഞ്ഞുപിടിച്ചുള്ള തിങ്കളാഴ്ചത്തെ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

2023 ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ച ശേഷം മൊത്തം 273 മാധ്യമ പ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്.
അല്‍നാസര്‍ ആശുപത്രിയിലെ ബോംബിംഗിനു ശേഷം പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, 'എക്‌സ് ' പ്ലാറ്റ്‌ഫോമില്‍ തൂകിയ മുതലക്കണ്ണീര്‍: ‘‘ജേണലിസ്റ്റുകളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സാധാരണ മനുഷ്യരുടേയും (സിവിലിയന്മാര്‍) ജീവനുകള്‍ക്ക് ഞങ്ങള്‍ വില കല്‍പിക്കുന്നു. ഈ സംഭവം ദൗര്‍ഭാഗ്യകരമായി. ഞങ്ങളുടെ സൈനിക അതോറിറ്റി ഇക്കാര്യം അന്വേഷിക്കും’’
പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കൊല്ലുകയെന്നത് ഇസ്രായേലി രഹസ്യപ്പോലീസിന്റേയും സൈനികരുടേയും അജണ്ടയാണെന്നറിയുന്ന മീഡിയാലോകം നെതന്യാഹുവിന്റെ പ്രതികരണം വായിച്ച് ചിരിച്ചിരിക്കണം.
ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ വിദേശ മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന ജറുസലം ആസ്ഥാനമായുള്ള ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഈ സംഭവത്തില്‍ ഇസ്രായേല്‍ നേതൃത്വത്തെ പ്രതിഷേധമറിയിച്ചു.
അതിനിടെ, ഇസ്രായേലിനെ പ്രോസിക്യൂട്ട് ചെയ്യാനും പലസ്തീന്‍ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവരുടെ യു.എന്‍അംഗത്വം റദ്ദാക്കണമെന്നും 57 അറബ് - ഇസ്‌ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്റെ (ഒ.ഐ.സി) വിദേശകാര്യമന്ത്രിമാരുടെ യോഗം ജിദ്ദയില്‍ ആവശ്യപ്പെട്ടു.
വാര്‍ത്തയെഴുത്തും സ്റ്റോറി ഫയലിംഗും മാത്രമല്ല ജേണലിസമെന്നും റിപ്പോര്‍ട്ടിംഗിനിടെ, പൊടുന്നനവെ ശിരസ്സിനുമീതെ പൊട്ടിവീഴുന്ന ഇടിത്തീ കൂടിയാണ് അതെന്നും അതൊരു രക്തസാക്ഷിത്വം കൂടിയാണെന്നും പലസ്തീനി ജേണലിസ്റ്റുകള്‍ കരുതുന്നുണ്ടാവും.
പലസീതിനികളുടെ പ്രതിരോധ പൈതൃകത്തിന്റേയും ഒപ്പം ശാന്തിദൗത്യത്തിന്റേയും പ്രതീകമാണ് ഒലീവ്. മിലിട്ടറി ഉടുപ്പിന്റെ ഹോള്‍സ്റ്ററില്‍ പിസ്റ്റളും കൈയില്‍സമാധാനത്തിന്റെ ഒലീവ് ചില്ലയുമേന്തി ഐക്യരാഷ്ട്രസഭയിലേക്ക് നടന്നുകയറിയ അബു അമ്മാര്‍ എന്ന് തന്റെ ജനത സ്‌നേഹപൂര്‍വം വിളിക്കുന്ന പലസ്തീന്റെ പടനായകന്‍ യാസര്‍ അറഫാത്തിന്റെ ചിത്രം അറബ് ലോകം മറന്നുകാണില്ല. പൊരുതാന്‍ വേണ്ടി ജനിക്കുകയും പൊരുതി മരിക്കുകയും ചെയ്യുന്ന പലസ്തീനികളുടെ മനസ്സില്‍നിന്ന് സമാധാനപ്രാവുകളുടെ കുറുകല്‍ നിശ്ശബ്ദമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആയിരക്കണക്കിന് ഒലീവ് മരങ്ങളാണ് ഇസ്രായേലി സൈനികര്‍ അടുത്ത കാലത്ത് വേരോടെ പിഴുതെറിഞ്ഞു കളഞ്ഞത്.
പട്ടിണിയ്ക്കിട്ട് ഒരു ജനതയെയാകെ കൊന്നൊടുക്കുക, എല്ലും തൊലിയുമായി കഴിയുന്ന ആ ജനങ്ങളെ നോക്കി ഭീകരതയുടെ മുദ്ര കുത്തുക, അവരുടെ ദീനരോദനം പുറംലോകത്തെ കേള്‍പ്പിക്കാതിരിക്കുക, നിസ്സഹായരായ ആ മനുഷ്യരുടെ ആശകള്‍ക്കും കിനാവുകള്‍ക്കും തണലേകിയ ഒലീവിന്‍ ശിബിരങ്ങളില്‍ നൂറ്റാണ്ടുകളായി കൂട് കൂട്ടിയ സാംസ്‌കാരിക പൈതൃകത്തെപ്പോലും ഉന്മൂലനം ചെയ്യുക. ഇതാണ് ഇസ്രായേലിന്റെ മറ്റൊരു വാര്‍ സ്ട്രാറ്റജി. എക്കോ ഫാഷിസത്തിന്റെ മധ്യേഷ്യാ മാതൃക.
ബുള്‍ഡോസറുകളുപയോഗിച്ചാണ് റാമല്ലയ്ക്ക് വടക്ക് കിഴക്കുള്ള അല്‍മഗയിര്‍ ഗ്രാമത്തില്‍ ഇസ്രായേലി സൈന്യം ഒലീവ്മരങ്ങള്‍ പിഴുതെറിഞ്ഞത്. ബുള്‍ഡോസറുകൾ നീക്കം ചെയ്ത പശിമയുള്ള മണ്ണും ജീവനറ്റ ഒലീവ് മരങ്ങളും ഗ്രാമത്തിലെ ദൈന്യദൃശ്യങ്ങളായി. എ.എഫ്.പി ഫോട്ടോഗ്രാഫര്‍മാരാണ് ഈ പ്രകൃതിനാശം ആദ്യമായി ലോകത്തെ അറിയിച്ചത്. അന്ന് അവരോടൊപ്പം മര്‍യം അബുദഖയുമുണ്ടായിരുന്നു. പലസ്തീനികളുടെ വരുമാനസ്രോതസ്സ് ഇല്ലാതാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഈ വൃക്ഷനശീകരണത്തിന്റെ പിറകില്‍. വെസ്റ്റ് ബാങ്കിലേക്കായിരിക്കും ഇനി ബുള്‍ഡോസറുകള്‍ നീങ്ങുകയെന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

ജൂതപ്പടയുടെ ക്രൂരമായ അഗ്നിവര്‍ഷം മുച്ചൂടും തകര്‍ത്തെറിഞ്ഞ പലസ്തീനികളുടെ മഹാദുരന്തങ്ങളുടെ ജീവനുള്ള ചിത്രങ്ങളും അവര്‍ പിഴുതുകളഞ്ഞ് അനാഥമാക്കിയ ഒലീവ് മരങ്ങളുടെ അനാഥത്വവുമായിരിക്കണം, മര്‍യം അബുദഖ എന്ന ദേശാഭിമാനിയായ ജേണലിസ്റ്റ് തന്റെ ക്യാമറയിലേക്ക് അവസാനമായി സൂം ചെയ്തത്.
വാര്‍ത്തയെഴുത്തും സ്റ്റോറി ഫയലിംഗും മാത്രമല്ല ജേണലിസമെന്നും റിപ്പോര്‍ട്ടിംഗിനിടെ, പൊടുന്നനവെ ശിരസ്സിനുമീതെ പൊട്ടിവീഴുന്ന ഇടിത്തീ കൂടിയാണ് അതെന്നും അതൊരു രക്തസാക്ഷിത്വം കൂടിയാണെന്നും പലസ്തീനി ജേണലിസ്റ്റുകള്‍ കരുതുന്നുണ്ടാവും. ജീവത്യാഗത്തില്‍ യുദ്ധഭൂമിയിലെ പട്ടാളക്കാരോടൊപ്പമാണ് കുരുതിനിലങ്ങളില്‍ ക്യാമറയും ലാപ്‌ടോപ്പുമേന്തി നില്‍ക്കുന്ന ധീരത മുഖമുദ്രയാക്കിയ പലസ്തീനി ജേണലിസ്റ്റുകളത്രയും.
