മലയാളി ക്രിസ്ത്യാനികളുടെ ഇസ്രായേൽ പ്രേമം

പാശ്ചാത്യരുടെ പ്രൊപ്പഗാണ്ട ആയ ഇസ്‌ലാമോഫോബിയ പോലെ ഇസ്രായേലിന്റെ ഏറ്റവും വിജയിച്ച പ്രോപപ്പഗണ്ട ആയിരുന്നു വിശുദ്ധ നാട്, വിശുദ്ധ വംശം എന്ന ആശയം. അതിന്റെയെല്ലാം അനുരണനങ്ങളാണ്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ക്രിസ്ത്യാനികളുടെ ഇസ്രായേൽ പ്രേമം.

1896 ൽ സയണിസത്തിന്റെ ആധികാരിക പുസ്തകമായ "The Jewish State" തെയദോർ ഹെർസെൽ പ്രസിദ്ധീകരിക്കുന്നതിന്റെ പന്ത്രണ്ട് കൊല്ലം മുൻപ് , അതായത് 1884 ൽ റവ. വില്യം ഹെച്ചലർ എന്ന ആംഗ്ലിക്കൻ പുരോഹിതൻ "The Restoration of the Jews to Palestine" എന്നൊരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി.

ക്രിസ്ത്യൻ വിശ്വാസികൾ കാത്തിരിക്കുന്ന യേശുവിന്റെ മടങ്ങിവരവിനുള്ള മുൻകൂർ വ്യവസ്ഥയായി ജൂതന്മാർ പലസ്തീനിലേക്ക് മടങ്ങണമെന്നത് ബൈബിൾ അടിസ്ഥാനത്തിൽ ഒരു അനിവാര്യതയാണ് എന്നദ്ദേഹം വാദിച്ചു. അതിനു അതുകൊണ്ട്, യഹൂദരെ സ്നേഹിക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്നും പ്രബന്ധം വിശദീകരിക്കുന്നു.

"The Restoration of the Jews to Palestine" എന്ന പുസ്തകതമെഴുതിയ ക്രിസ്തീയ സയണിസ്റ്റിന്റെ പിതാവ്
"The Restoration of the Jews to Palestine" എന്ന പുസ്തകതമെഴുതിയ ക്രിസ്തീയ സയണിസ്റ്റിന്റെ പിതാവ്

വില്യം ഹെച്ചലർ ജനിച്ചത് ഇന്ത്യയിൽ ബനാറസിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് CMS സഭയുടെ പ്രചരണാർത്ഥം ഇന്ത്യയിലെത്തിയ ഒരു ക്രിസ്ത്യൻ പുരോഹിതനായിരുന്നു. റവ. വില്യം ഹെച്ചലറിന്റെ കുറിപ്പുകൾ പിന്തുടർന്നിരുന്ന തെയദോർ ഹെർസെൽ അദ്ദേഹത്തെ കണ്ടുമുട്ടുന്നത് 1896 ൽ അതായത് The Jewish State പ്രസിദ്ധീകരിച്ച അതെ വർഷമാണ്.

ഇത്തരം ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെയാണ് പുതിയ തരം ദൈവശാസ്ത്രം ഉയർന്നു വരുന്നത്. എപ്പിസ്‌കോപ്പൽ സഭകൾ അടുത്തകാലം വരെ ബൈബിളിന്റെ അവസാന പുസ്തകമായ "വെളിപ്പാടി" ന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. പക്ഷെ, ഇവാഞ്ചലിക്കൽ സഭകളുടെ ആവിർഭാവത്തോടെ ബൈബിളിലെ അക്ഷരം കുഴിച്ച് നോക്കുകയും, മുഴുവൻ ടെക്സ്റ്റും അങ്ങനെ തന്നെ നടന്നതാണെന്നും, ഭാവിയിൽ ബൈബിൾ പ്രവചനങ്ങൾ പോലെ ലോക സംഭവങ്ങൾ നടക്കുമെന്നും വ്യാഖ്യാനിച്ച് തുടങ്ങി. വെളിപ്പാട് പുസ്തകത്തിന്റെ ഭാഷ ദുർഗ്രഹവും ഉപമാനോപമേയങ്ങൾ നിറഞ്ഞതായതുകൊണ്ടും ഏതു തരത്തിലുള്ള വ്യാഖ്യാനത്തിനും വഴങ്ങുന്നതായിരുന്നു. അന്ത്യകാലശാസ്ത്രത്തിനു (Escatology) പുതിയ അർത്ഥങ്ങൾ അവർ കണ്ടെത്തി.

ഇത് ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രത്യേകിച്ച് യൂറോപ്പിൽ അന്ന് വരെ നിലനിന്നിരുന്ന ജൂത വിരോധം (Antisemitism) മാറി ജൂത അനുകൂല ചിന്താഗതി ഉണ്ടാകുന്നതിനു കാരണമായി എന്ന് പറയാം. അതുവരെ ജൂതന്മാർ ചെന്ന് പാർത്ത എല്ലാ ക്രിസ്ത്യൻ രാജ്യങ്ങളിലും അവർ കൊടിയ പീഡനം അനുഭവിച്ചിരുന്നു.

 മാർട്ടിൻ ലൂഥർ 1543 ൽ എഴുതിയ " ജൂതന്മാരും അവരുടെ നുണകളും" എന്ന പുസ്‌തമായിരുന്നു ജൂതവിരോധം യൂറോപ്പിൽ വളരുവാൻ കാരണമായ ആദ്യ എഴുതപ്പെട്ട പുസ്തകം
മാർട്ടിൻ ലൂഥർ 1543 ൽ എഴുതിയ " ജൂതന്മാരും അവരുടെ നുണകളും" എന്ന പുസ്‌തമായിരുന്നു ജൂതവിരോധം യൂറോപ്പിൽ വളരുവാൻ കാരണമായ ആദ്യ എഴുതപ്പെട്ട പുസ്തകം

പ്രൊട്ടസ്റ്റന്റ് സഭകളുടെ സ്ഥാപകനായിരുന്ന മാർട്ടിൻ ലൂഥർ 1543 ൽ എഴുതിയ " ജൂതന്മാരും അവരുടെ നുണകളും" (On the Jews and Their Lies), എന്ന പുസ്തമായിരുന്നു ജൂതവിരോധം യൂറോപ്പിൽ വളരുവാൻ കാരണമായ ആദ്യ എഴുതപ്പെട്ട പുസ്തകം. യഹൂദന്മാരുടെ സിനഗോഗുകൾ ഇടിച്ച് നിരത്തണം എന്നും, ബാക്കിയുള്ളവ മാലിന്യമിട്ട് മൂടണം എന്നും ആ പുസ്തകത്തിൽ പറയുന്നു. ജൂതന്മാർ ക്രിസ്തു ഘാതകർ എന്ന നിലയിൽ ഏറ്റവും വെറുക്കപ്പെടെണ്ടവർ ആണെന്ന് പ്രചാരണം വളർന്നു വന്നു ഏതാണ് നാനൂറുകൊല്ലം കഴിഞ്ഞപ്പോൾ അറുപത്തി അഞ്ചു ലക്ഷം ജൂതന്മാർ കൊല്ലപ്പെടുന്ന ക്രൂരകൃത്യത്തിന്റെ വേരുകൾ തിരഞ്ഞു ചെന്നാൽ അത് മാർട്ടിൻ ലൂഥറിലെത്തും എന്നത് ലോകം മറന്നു പോയ ഒരു പഴങ്കഥയാണ്.

പക്ഷെ, മാർട്ടിൻ ലൂഥർ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് മൂവ്മെന്റ് പിന്നീട് ജോൺ കാൽവിൻ തുടങ്ങിയ മറ്റു സുവിശേഷകരിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ അദ്ധ്യാമിക ചിന്തയുടെ വഴിക്കു നീങ്ങി. അതിൽ നിന്നുമാണ് യൂറോപ്പിൽ ഇവാഞ്ചലിക്കൽ സഭകളുണ്ടാകുന്നതും അതുവഴി ക്രിസ്ത്യാനികളുടെ ഇടയിൽ ജൂത അനുകൂലികളും ഉണ്ടാകുന്നത്.

യഹൂദന്മാർക്ക് സ്വന്തമായ രാജ്യം എന്ന ആശയത്തിൽ ജൂത സയണിസ്റ്റ് മൂവ്മെന്റ് ഉണ്ടാകുന്നതിനും മുൻപേ, ആശയപരമായി ക്രിസ്ത്യൻ സയണിസ്റ്റുകളുണ്ടായിരുന്നു. ജൂതന്മാർ തിരഞ്ഞെടുക്കപ്പെട്ട വംശം ആണെന്നും അവർ ഒരു രാജ്യമായി പുനഃസ്ഥാപിക്കപ്പെടുന്നത് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെ ത്വരിതപ്പെടുത്തുമെന്നും അവർ പ്രചരിപ്പിച്ചു. ഇതിനെ സാധൂകരിക്കുന്ന രീതിയിൽ ബൈബിളിനെ (പ്രത്യേകിച്ച്, പുതിയ നിയമത്തിലെ വെളിപ്പാട് പുസ്തകം, പഴയ നിയമത്തിലെ ദാനിയേൽ പ്രവചന പുസ്തകം) വ്യാഖ്യാനിച്ച് പുതിയ തിയോളജി ഉണ്ടാക്കി. പക്ഷെ, പുതിയ നിയമത്തിൽ യഹൂദന്മാർക്ക് പഴയ നിയമം നൽകിയിരുന്ന എല്ലാ പ്രത്യേക പരിഗണനകളും എടുത്ത് കളഞ്ഞു എന്നത് അവർ സൗകര്യ പൂർവ്വം മറന്നു,

ബൈബിളിലെ പുതിയ നിയമത്തിലെ എഫെസ്യർ 2 ആം അദ്ധ്യായം മുഴുവനും പുതിയനിയമ വ്യവസ്ഥ കൃത്യമായി വിവരിക്കുന്നു
ബൈബിളിലെ പുതിയ നിയമത്തിലെ എഫെസ്യർ 2 ആം അദ്ധ്യായം മുഴുവനും പുതിയനിയമ വ്യവസ്ഥ കൃത്യമായി വിവരിക്കുന്നു

പുതിയ നിയമത്തിലെ എഫെസ്യർ 2 ആം അദ്ധ്യായം മുഴുവനും ഇതിനെക്കുറിച്ചുള്ള പുതിയനിയമ വ്യവസ്ഥ കൃത്യമായി വിവരിക്കുന്നു

(എഫെസ്യർ 2 : 12 -19 - അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽ പൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓർത്തു കൊൾവിൻ. മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു. അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്, സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും, ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ).

അതായത് പുതിയ നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ്, ജൂതന്മാരല്ല. ക്രിസ്തുവിൽ വിശ്വസിക്കാത്ത ജൂതന്മാർക്ക് ക്രിസ്തുമത വിശ്വാസപ്രകാരം ഒരു പ്രത്യേകതകളുമില്ല എന്ന് സാരം. പക്ഷെ, ഇതിനെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ്, ഇവാഞ്ചലിക്കൽ സഭകൾ ജൂതന്മാർക്ക് പ്രത്യേകതയുണ്ട് എന്ന ആശയവുമായി വന്നതും, അത് ക്രിസ്ത്യൻ സയണിസത്തിനു വഴി തെളിച്ചതും.

എങ്കിലും എണ്ണത്തിൽ ഇവാഞ്ചലിക്കൽ വിശ്വാസികൾ യൂറോപ്പിൽ കുറവായിരുന്നു എന്നതിനാൽ വലിയ സ്വ ധീനമുണ്ടാക്കുവാൻ കഴിഞ്ഞില്ല.യൂറോപ്പിൽ നാൾക്കുനാൾ ജൂതവിരോധം കൂടിക്കൂടി വന്നു. പരദേശികളായി അന്യദേശത്ത് പാർക്കുന്നതുകൊണ്ടുള്ള പ്രശ്നമാണ് തങ്ങൾക്കെതിരെയുള്ള പീഡനമുണ്ടാകുന്നത് എന്ന നിഗമനത്തിൽ തെയദോർ ഹെർസെൽ എത്തിച്ചെർന്നു.

 തെയദോർ ഹെർസെൽ
തെയദോർ ഹെർസെൽ

അക്കാലത്ത് (1894 ൽ) ഫ്രാൻസിലെ ആർമി ക്യാപ്റ്റനായിരുന്ന ആൽഫ്രെഡ് ഡ്രൈഫസ് (Alfred Dreyfus) സൈനിക രഹസ്യങ്ങൾ ജർമ്മനിയ്ക്ക് ചോർത്തി നൽകി എന്ന വലിയൊരു പ്രശ്നമുണ്ടായിരുന്നു. ആദ്യം ആർമിയുടെ പലരും അദ്ദേഹത്തിന്റെ അനുകൂലമായിരുന്നെങ്കിലും ഒരു ജൂതനായതുകൊണ്ട് ആൽഫ്രെഡ് രാജ്യദ്രോഹം ചെയ്യാനിടയുണ്ട് എന്ന പ്രചാരണത്തിന് മേൽക്കൈ നേടാനായി. രാഷ്ട്രീയവും സാമൂഹികവും സൈനീകവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു പ്രശ്നമായി ഇത് മാറി. 1906 ൽ കുറ്റങ്ങളെല്ലാം തള്ളി ആൽഫ്രഡിനെ തിരികെ ആർമിയിൽ തിരിച്ചെടുത്തുവെങ്കിലും ഫ്രാൻസിൽ നിലവിലുണ്ടായിരുന്ന ജൂതവിരോധം വർദ്ധിക്കുന്നതിനും ജൂതന്മാർ രണ്ടാം തരപൗരന്മാരാണ് എന്നും കരുത്തപ്പെടുന്നതിനും ഈ സംഭവം കാരണമായി.

ഇതെല്ലാം തെയദോർ ഹെർസെലിന് സ്വന്തമായ ഒരു ജൂത രാജ്യം എന്ന ചിന്തയിലേക്ക് നയിക്കാനിടവന്നു, സയണിസം എന്ന രാഷ്ട്രീയ ആശയം ശക്തമാവുകയും, അത് "The Jewish State" എന്ന പുസ്തകത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു.

 “The Jewish State"
 “The Jewish State"

 ജൂതരാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ The Jewish State നു മുൻപും പകരും എഴുതിയിട്ടുണ്ടായിരുന്നു. കാറൾ മാക്‌സിന്റെ സഹപ്രവർത്തകൻ മോസസ് ഹെസ് എഴുതിയ Rom und Jerusalem (1862), ഇഗ്ളീഷ്‌കാരനായിരുന്ന Benjamin Disraeli എഴുതിയ " നോവൽ " എന്ന പുസ്തകം എല്ലാം ഈ നിലയിൽ പ്രസിദ്ധമായിരുന്നു.

മൗറീസ് (Maurice, baron de Hirsch) എന്ന അതി സമ്പന്നനായ കച്ചവടക്കാരണ് ഹെർസെലിനെ കാണുകയും ജൂതന്മാർക്ക് അർജന്റീനയിൽ ഒരു രാജ്യം സ്ഥാപിക്കുന്നത് ഉചിതമാണെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇതിനിടയിൽ ജൂത സെറ്റിൽമെന്റ് ആയിരുന്ന കെനിയ -ഉഗാണ്ട- ഉറുണ്ടി പ്രദേശങ്ങളെ ഉൾപ്പെടുത്തി ഉഗാണ്ട പദ്ധതി എന്നൊരു നിർദ്ദേവവും ഉയർന്നു വന്നു. ഇവയെല്ലാം തള്ളിക്കളഞ്ഞു, പാലസ്തീനിലേയ്ക്ക് കുടിയേറണമെന്ന് നിർദ്ദേശം വയ്ക്കുന്നത് ബ്രിട്ടീഷ് താല്പര്യം കൂടിയായിരുന്നു. അത് ബാൽഫർ വിളിമ്പരം വഴി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

1917 ബ്രിട്ടൻ പാലസ്തീനിൽ ഒരു national home for the Jewish people വേണം എന്നു പ്രഖ്യാപിച്ചു. അതിനു വേണ്ടി വർഷാവർഷം നിശ്ചിത എണ്ണം ജൂതന്മാർ, അന്ന് ബ്രിട്ടന്റെ അധീനതിയിലായിരുന്ന പലസ്തീനിലേയ്ക്ക് കുടിയേറുവാൻ അനുമതിയും നൽകി. ബാൽഫർ വിളമ്പരത്തിലെ national home for the Jewish people എന്നത്തിന്റെ രൂപവും ഘടനയും എന്തായിരിക്കും എന്ന വിളമ്പരത്തിൽ വ്യക്തമായിരുന്നില്ല. അതൊരു രാജ്യമാണോ, ഓട്ടോണമസ് ബോഡിയാണോ, മറ്റൊരു കോളനിയാണോ എന്നൊന്നും വ്യാഖ്യാനിച്ചിരുന്നില്ല.

പക്ഷെ, ബാൽഫർ വിളമ്പരത്തിന്റെ ഒന്നാം ഡ്രാഫ്റ്റിൽ അത് വ്യക്തമാക്കിയിരുന്നു. "The re-constitution of Palestine into a Jewish Stae" എന്നായിരുന്നു അതിൽ. എങ്കിലും എഡ്വിൻ മോന്റെഗു വിനെപ്പോലെയുള്ള ജൂത ബ്രിട്ടീഷ് പാര്ലമെന്റേറിയന്മാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് അത് തിരുത്തി national home for the Jewish people എന്ന് മാറ്റിയെഴുതുകയായിരുന്നു. . ഒരു പ്രത്യേക വംശത്തിന്റെ കുടിയേറ്റം വഴി ജനസംഘ്യ വർദ്ധിപ്പിച്ച് ഒരു പ്രദേശത്ത് മറ്റൊരു രാജ്യം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അതിന്റെ പിന്നിൽ എന്ന തദ്ദേശവാസികളായ പാലസ്തീനികളറിഞ്ഞിരുന്നില്ല

അങ്ങിനെ ,ഒൻപത് ശതമാനം യഹൂദരും, എഴുപത്തിൽ നാലു ശതമാനം അറബികളും പതിന്നാല് ശതമാനം ക്രിസ്ത്യാനികളും കുറച്ച് നൊമാഡു കളും ജീവിച്ചിരുന്ന പാലസ്തീൻ എന്ന പ്രദേശത്ത് തദ്ദേശവാസികളുടെ അനുമതിയോ അറിവോ കൂടാതെ മറ്റൊരു രാജ്യം സ്ഥാപിക്കുന്നതിന് യൂറോപ്പിൽ, (മറ്റൊരു വൻകരയിൽ ) ഇരുന്നു നടത്തിൽ ബ്രഹത് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ബാൽഫർ വിളമ്പരം.

ബാൽഫർ വിളമ്പരത്തിന്റെ ഒന്നാം ഡ്രാഫ്റ്റ്
ബാൽഫർ വിളമ്പരത്തിന്റെ ഒന്നാം ഡ്രാഫ്റ്റ്

അതിന് പ്രകാരം യൂറോപ്പിൽ നിന്നും ബ്രിട്ടൻറെ സഹായത്തോടെ വലിയ തോതിൽ കുടിയേറ്റം ആരംഭിച്ചു, ഒൻപത് ശതമാനം ഉണ്ടായിരുന്ന യഹൂദർ 1946 ആയപ്പോഴേയ്ക്കും 33 ശതമാനമായി ഉയർന്നു. അതിനനുസരിച്ച് അറബികൾക്ക് വീടും കൃഷി സ്ഥലങ്ങളും നഷ്ടമായിക്കൊണ്ടിരുന്നു. ഇസ്രായേൽ 1948 ഒരു രാജ്യമായി

പ്രഖ്യാപിക്കപ്പെടുമ്പോൾ ഏഴര ലക്ഷം പാലസ്തീനികൾ അഭയാർഥിക്യാമ്പിലേയ്ക്ക് മാറ്റപ്പെട്ടു എന്നു ആംനസ്റ്റി ഇന്റർനാഷനലിന്റെ വെബ് സൈറ്റ് പറയുന്നു.

ഒരാൾക്ക് നാട് ഉണ്ടാക്കുവാൻ രണ്ട് പേർക്ക് വീട് നഷ്ടപ്പെടുന്ന അവസ്ഥ. അന്ന് അഭയാർഥിക്യാമ്പിലേക്ക് പോയവർക്ക് പിന്നീടൊരിക്കലും തിരികെ പോകാനായില്ല. അവരുടെ രണ്ടാം തലമുറയിലെ കുഞ്ഞുങ്ങളാണ് ഇപ്പോൾ ബോംബ് വർഷത്തിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി ഒന്ന് വർഷമായി വർഷം ശരാശരി നൂറു പലസ്തീൻ കുഞ്ഞുങ്ങൾ ഇസ്രായേൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെടുന്നു. അഭയാർത്ഥി ക്യാമ്പിൽ ജനിച്ച്, അവിടെ ജീവിച്ച്, അതിനുളിൽ മരിച്ചു പോകുന്ന വീടും നാടുംനഷ്ടപ്പെട്ട പലസ്തീനികൾ. ഹമാസ് അക്രമിച്ചാലും ഇല്ലെങ്കിലും ഇതാണ് അവസ്ഥ. ഹമാസ് ഉണ്ടാകുന്നതിനു മുൻപും ഇതായിരുന്നു അവസ്ഥ

ഇസ്രായേൽ രാജ്യം സ്ഥാപിച്ചതിനു ശേഷം ക്രിസ്ത്യൻ സയണിസ്റ്റ് മൂവ്മെന്റുകൾ ശക്തമായി വന്നതോടെ അവരുടെ ശുപാര്ശ പ്രകാരം ക്രിസ്ത്യാനികളെ ജൂതാനുകൂലികളാക്കി മാറ്റുതിന് ഇസ്രായേൽ ഒരുക്കിയ ഒരു വൻപദ്ധതിയാണ് "വിശുദ്ധനാട് തീർത്ഥയാത്ര"

90 രാജ്യങ്ങളിൽ ഓഫീസുകളുള്ള International Christian Embassy Jerusalem എന്ന ക്രിസ്ത്യൻ സയനിസ്‌റ്റ്‌ സംഘടനയും മറ്റു സമാന സംഘടനകളും ചേർന്ന് വല്യ തോതിൽ യേശു ജീവിച്ചിരുന്ന നാട് സന്ദർശനത്തിനുള്ള സംവിധാനമൊരുക്കി. ഹരിദ്വാറിൽ പോകുന്ന ഹൈന്ദവർ ഗംഗാജലം കൊണ്ടുവരുന്നതുപോലെ വിശുദ്ധ നാട് സന്ദര്ശിച്ചവർ ഇസ്രായേലിലെ ഒരു പിടി മണ്ണ് കൊണ്ടുവരുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾനീങ്ങി. അവിടെ സന്ദർശിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ഇസ്രയേലിനോട് അനുകൂല മനോഭാവം ഉണ്ടാക്കുന്നിന് ഇത് മൂലം സാധിച്ചു. പുതിയ നിയമവിശ്വാസ പ്രകാരം ഭൂമിയിൽ വിശുദ്ധ നാട് ഇല്ല. രണ്ടോ മൂന്നു പേര് എന്റെ (ക്രിസ്തുവിന്റെ ) നാമത്തിൽ കൂട്ടുന്നിടത്ത് ഞാൻ വരും എന്നതാണ് പുതിയ നിയമം. അത് വഴിവക്കിലായാലും, ബെഡ്‌റൂമിൽ ആയാലും പള്ളിയിൽ ആയാലും, ക്രിസ്തു വരുന്നയിടമാണ് വിശുദ്ധ സ്ഥലം, ഇസ്രായേൽ അല്ല- (According new testament )

വിശുദ്ധനാട് തീർത്ഥയാത്ര
വിശുദ്ധനാട് തീർത്ഥയാത്ര

ജൂതമതം ഏറ്റവും പഴയ മതങ്ങളിൽ ഒന്നാണ്, അവരും ക്രിസ്ത്യാനികളും നിതാന്തര ശത്രുതയിൽ തുടരണം എന്നല്ല. പക്ഷെ, ജൂതസയണിസത്തോട് സന്ധിചെയ്യുന്ന ക്രിസ്ത്യൻ സയണിസം അപകടമാണെന്ന് കാലം തെളിയിച്ചു .

നിര്ഭാഗ്യവശാൽ ക്രിസ്ത്യൻ സയണിസത്തിന്റെ പ്രചാരണങ്ങളിൽ കേരളത്തിലെ ക്രിസ്ത്യാനികൾ വീണുപോയിട്ടുണ്ട്. ഒരു രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടാത്തവരുടെ ഉള്ളിലും ഇസ്രായേൽ ഒരു വിശുദ്ധ നാടാണെന്നും, ജൂതന്മാർ തിരഞ്ഞെടുക്കപ്പെട്ട വംശം ആണെന്നും, ധാരണ ഇപ്പോൾ ശക്തമായിട്ടുണ്ട്. .Port of Entry യിൽ ഏറ്റവും ശക്തമായ പരിശോധനയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ. വിശുദ്ധ നാട് സന്ദർശിക്കുന്ന സംഘങ്ങൾക്ക് വെള്ളപ്പേപ്പറിൽ (പാസ്‌പോർട്ടിൽ അല്ലാതെ ) വിസ സ്റ്റാമ്പ് ചെയ്തു കൊടുത്തതുകൊണ്ട് , ഇസ്രയേലുമായി നോർമലൈസ് ചെയ്യാത്ത ഗൾഫ് രാജ്യങ്ങളിൽ നിന്നും ധാരാളം ക്രിസ്ത്യൻ വിശ്വാസികൾ വിശുദ്ധനാട് തീർത്ഥാടനത്തിനു പോകാൻ അവർ അവസരം ഒരുക്കി. ഇതെല്ലാം ഒരു ബ്രഹത്ത് പദ്ധതിയുടെ ഭാഗമായിരുന്നു.

ഇവാഞ്ചലിക്കൽ സഭകൾ ബൈബിൾ വായിക്കുകയും വ്യാഖ്യാനം ചെയ്യുകയും അതിലേയ്ക്ക് ആളെ കൂട്ടുകയും ചെയ്തപ്പോൾ, അല്മായർക്ക് ബൈബിൾ വായിക്കാൻ അനുവാദമില്ലാതിരുന്ന കത്തോലിക്കാ സഭ ഉൾപ്പെടുന്ന എപ്പിസ്‌കോപ്പൽ സഭകളും ബൈബിൾ കൈയ്യിലെടുത്തു . കരിസ്മാറ്റിക് ധ്യാനവും ധ്യാനഗുരുക്കളുമുണ്ടായി. അവരും ഇസ്രായേലിനെയും ജൂതന്മാരെയും മഹത്വവൽക്കരിക്കുവാൻ തുടങ്ങി.

പാശ്ചാത്യരുടെ പ്രൊപ്പഗാണ്ട ആയ ഇസ്‌ലാമോഫോബിയ പോലെ ഇസ്രായേലിന്റെ ഏറ്റവും വിജയിച്ച പ്രോപപ്പഗണ്ട ആയിരുന്നു വിശുദ്ധ നാട്, വിശുദ്ധ വംശം എന്ന ആശയം. അതിന്റെയെല്ലാം അനുരണനങ്ങളാണ്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ക്രിസ്ത്യാനികളുടെ ഇസ്രായേൽ പ്രേമം.

Comments