ചൈനയ്ക്കെതിരായ സാമ്രാജ്യത്വ കേന്ദ്രീകൃത ‘ഇടതുപക്ഷ' വിമർശനത്തിന്റെ വൈകാരിക നാവായി മാറേണ്ടതുണ്ടോയെന്ന് മാർക്‌സിസം- ലെനിസത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉൾക്കൊള്ളുന്നവർ ചിന്തിക്കേണ്ടതുണ്ട്. ചൈനീസ് മോഡൽ ഭരണക്രമവും വികസന കാഴ്ചപ്പാടും പൊളിറ്റിക്കൽ ഐഡിയോളജിയുടെ രീതിശാസ്ത്രവും വിഷയമാക്കി ചർച്ച തുടങ്ങുന്നു
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമില്ലാത്ത, സമത്വപൂർണമായ ഒരു സമൂഹ നിർമിതിയുടെ പ്രത്യയശാസ്ത്ര ആശയങ്ങളെക്കുറിച്ച് പറയാൻ കപട ദേശീയതയുടെയും വൈകാരിക രാജ്യസ്‌നേഹത്തിന്റെയും ലിറ്റ്മസ് ടെസ്റ്റ് വിജയിക്കേണ്ടതില്ല!
മാർക്‌സിസം-ലെനിനിസം സാർവ്വദേശീയ കാഴ്ചപ്പാടുള്ള പ്രത്യയശാസ്ത്രമാണ്. മത-ജാതി- ഭാഷാ- പ്രാദേശിക- ദേശീയ വാദങ്ങളുടെ വൈകാരികതയിൽ ജനങ്ങളുടെ ജീവിതദുരിതങ്ങളെ തളച്ചിടാനും കപട ദേശീയതയുടെയും വൈകാരിക രാജ്യ സ്‌നേഹത്തിന്റെയും രതിമൂർച്ഛയിൽ ആളുകളെ മയക്കിയിടാനുമാണ് ഹിന്ദുത്വയുടെ രാഷ്ട്രീയാധികാര പ്രത്യയശാസ്ത്രം പരിശ്രമിക്കുന്നത്. ആശയപരമായി തന്നെ ഹിന്ദുത്വയുടെ രാഷ്ട്രീയാധികാര പ്രത്യയശാസ്ത്രം മാർക്‌സിസം- ലെനിനിസത്തിന്റെ ആശയപ്രപഞ്ചത്തെ ശത്രുപക്ഷത്താണ് നിർത്തുന്നത്.
മാർക്സിസ്റ്റ് രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ രീതിശാസ്ത്രത്തിൽ ഉറച്ചു നിന്ന് ജനതയുടെ ജീവിതസാഹചര്യങ്ങളും സമൃദ്ധിയും ഉറപ്പുവരുത്താനും സമ്പൂർണമായ ദാരിദ്ര്യ നിർമാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ച രാജ്യമാണ് ചൈന.
നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ ഇരകൾ കർഷകരും തൊഴിലാളികളുമായ രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരായ ജനവിഭാഗമാണ്. നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്ത് മുതലാളിത്ത ചൂഷണത്തിന്റെയും കുത്തകവത്കരണത്തിന്റെയും സാധ്യതകളെയാണ് തുറന്നിട്ടത്. അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്താൽ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ കുത്തക മുതലാളിമാർ ഈ സാധ്യത പരമാവധി മുതലെടുത്ത് നാൾക്കുനാൾ ലാഭം കുന്നുകൂട്ടുകയാണ്. കുത്തകവത്കരണത്തിന്റെ നീരാളിക്കൈകൾ ഇന്ന് കാർഷിക മേഖല വരെ നീണ്ടെത്തിയിരിക്കുകയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം അടിസ്ഥാന ജനവിഭാഗങ്ങൾ നിത്യജീവിതത്തിന് വകയില്ലാത്ത അവസ്ഥയിൽ ജീവിത ദുരിതത്തിൽ നട്ടം തിരിയുകയാണ്. കോവിഡ് പ്രതിസന്ധി കൂനിന്മേൽ കുരു എന്ന പോലെയാണ് ഇത്തരത്തിൽ ദുരിത മുഖത്തായ രാജ്യത്തെ കർഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണ ജനങ്ങളെ ബാധിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണവർഗം അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്താൽ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ കുത്തക മുതലാളിമാർക്ക് ലാഭം ഉണ്ടാക്കി നൽകുന്ന നയങ്ങൾ നടപ്പിലാക്കുന്ന കൈക്കാരായി മാറിയിരിക്കുന്നു.
രാജ്യം കടന്നുപോകുന്ന സാമ്പത്തിക- സാമൂഹിക അസമത്വങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ വിമോചിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് മാർക്‌സിസം-ലെനിനിസം. മാർക്‌സിസം- ലെനിനിസത്തെ അടിസ്ഥാനപ്പെടുത്തി മാർക്സിസ്റ്റ് രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ രീതിശാസ്ത്രത്തിൽ ഉറച്ചു നിന്ന് അടിസ്ഥാന വിഭാഗത്തിലുള്ള ജനതയുടെ ജീവിതസാഹചര്യങ്ങളും സമൃദ്ധിയും ഉറപ്പുവരുത്താനും സമ്പൂർണമായ ദാരിദ്ര്യ നിർമാർജ്ജനം എന്ന ലക്ഷ്യം കൈവരിക്കാനും സാധിച്ച രാജ്യമാണ് ചൈന. 1949ലെ മഹത്തായ ചൈനീസ് വിപ്ലവത്തിനുശേഷമുള്ള 72 വർഷം കൊണ്ട് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയ ചൈനയുടെ നേട്ടങ്ങൾക്കു പിന്നിൽ മാർക്‌സിസം- ലെനിനിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രത്തിലേയ്ക്കുള്ള പരിണാമത്തിന്റെ ഘട്ടങ്ങളാണെന്ന് ഇന്ത്യയിലെ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റുകൾ പറയുമ്പോൾ, കപട ദേശീയതയും രാജ്യസ്‌നേഹ വൈകാരികതയും ഉയത്തി, ചർച്ച ചെയ്യപ്പെടേണ്ട അടിസ്ഥാന വിഷയത്തെ ചൈനീസ് സ്തുതിയെന്ന പേരിൽ ദുർപ്പെടുത്താനുള്ള നീക്കങ്ങളെ അതേ നിലയിൽ അവഗണിക്കുകയാണ് വേണ്ടത്.
നമ്മൾ സെമി ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് പറയുമ്പോൾ ചൈന മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടുന്ന മാഗ് ലെവ് ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്.
1947ൽ സ്വാതന്ത്ര്യം നേടുമ്പോഴുള്ള ഇന്ത്യയുടെ ജി.ഡി.പിയും ആളോഹരി വരുമാനവും 1949ൽ രൂപപ്പെട്ട ജനകീയ ചൈനയുടെ ജി.ഡി.പിയും ആളോഹരി വരുമാനവും താരതമ്യപ്പെടുത്തിയതിനുശേഷം ഇന്ന് ഈ രണ്ടു രാജ്യങ്ങളുടെയും ജി.ഡി.പി യും ആളോഹരി വരുമാനവും എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കുക. മനുഷ്യവിഭവ ശേഷിയിലും പ്രകൃതിവിഭവ ശേഷിയിലും ഏകദേശം ഒരേ നിലവാരത്തിലുള്ള രാജ്യങ്ങളായിരുന്നു 1940കളുടെ അവസാനത്തിൽ ഇന്ത്യയും ചൈനയും. (ഇന്ത്യ കുറച്ച് മുന്നിലായിരുന്നു) ഇന്ന് ചൈന ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലെത്തിയത് മാർക്‌സിസം-ലെനിനിസത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണക്രമത്തിന്റെ കാഴ്ചപ്പാടുകൾ കൊണ്ടാണ് എന്ന വസ്തുത പറയുമ്പോൾ ആരുടെ രാജ്യസ്‌നേഹമാണ് പൊള്ളുന്നത്?
ചൈനയിൽ 100/200 Gbps സ്പീഡുള്ള 6 G നെറ്റ്വർക്കിന്റെ real-time wireless communication സാധ്യതകൾ കണ്ടെത്തിയിരിക്കുകയാണ്. 5 G നെറ്റ്വർക്കിനേക്കാൾ ഏതാണ്ട് 10-20 തവണ transmission rate കൂടുതലാണ് ചൈന കണ്ടെത്തിയിരിക്കുന്ന 6 G നെറ്റ്വർക്കിന്റെ സാധ്യത. 4 G നെറ്റ്വർക്കിൽ നിന്ന് വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ ആഘോഷിക്കുന്ന നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും ദൂരത്തിലേയ്ക്ക് ചൈനയുടെ വിവരസാങ്കേതിക മികവ് കുതിച്ചെത്തിയിരിക്കുകയാണ്. നമ്മൾ സെമി ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനിനെക്കുറിച്ച് പറയുമ്പോൾ ചൈന മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ഓടുന്ന മാഗ് ലെവ് ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്. ഇത്തരത്തിൽ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിലും വലിയ മുന്നേറ്റങ്ങളാണ് ചൈന നടത്തിയിരിക്കുന്നത്. ഇത്തരം നേട്ടങ്ങൾ ആ രാജ്യത്തെ തൊഴിലാളികളും കർഷകരും അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തിയിട്ടുണ്ട്.
ഇത്തരം വിഷയങ്ങൾ അഭിസംബോധന ചെയ്യുമ്പോൾ മാർക്‌സിസം- ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണക്രമത്തിന്റെ നേട്ടങ്ങൾ എന്ന നിലയിൽ ചൈനയുടെ നേട്ടങ്ങളെ ലോകമെങ്ങുമുള്ള മാർക്‌സിസ്റ്റ്- ലെനിനിസ്റ്റുകൾക്ക് ഉയർത്തിക്കാണിക്കാൻ അവകാശമുണ്ട്. ആശയങ്ങൾ പ്രചരിക്കാനുള്ള അവകാശം ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന സാഹചര്യത്തിൽ ചൈനയിലെ മാർക്‌സിസം- ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണക്രമത്തിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച്, ഇന്ത്യൻ സാഹചര്യത്തിൽ കർഷകരുടെയും തൊഴിലാളികളുടെയും ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരവും അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള പോംവഴിയും മാർക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമമാണ് എന്ന് പറയുമ്പോൾ അത് പറയുന്നവരെ രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും ലിറ്റ്മസ് ടെസ്റ്റിന് വിധേയരാക്കേണ്ട സാഹചര്യമെന്താണ്.
നെഹ്‌റുവിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും ഒരു ബൂർഷ്വാ മുതലാളിത്ത ഭരണക്രമത്തിൽ കാര്യക്ഷമമായി പ്രയോഗിക്കാൻ സാധിക്കുന്നതല്ല ആ ടൂൾ എന്നത് കൂടിയാണ് ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളെ യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തിയാൽ മനസ്സിലാകുക.
മാർക്‌സിസം- ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണക്രമത്തിന്റെ നേട്ടങ്ങൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച രാജ്യമായിരുന്നു സോവിയറ്റ് യൂണിയൻ. സോവിയറ്റ് ഭരണക്രമത്തിന്റെ ആരാധകനും പ്രയോക്താവുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ രാജ്യസ്‌നേഹവും ദേശീയതയും ചോദ്യം ചെയ്യേണ്ടതുണ്ടോ. നെഹ്‌റു നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയും പൊതുമേഖല വ്യവസായങ്ങളുമെല്ലാം സോവിയറ്റ് സ്വാധീനത്തിന്റെ പ്രതിഫലനമായിരുന്നു. ഇന്ദിരാഗാന്ധി ഭരണഘടനയിൽ സോഷ്യലിസം എഴുതി ചേർത്തതും സോവിയറ്റ് യൂണിയനെ പിൻപറ്റിയായിരുന്നു. 1971ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധ സമയത്ത് പാക്കിസ്ഥാനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏഴാം കപ്പൽപടയെ അമേരിക്ക ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വിട്ടപ്പോൾ ഇന്ദിരാഗാന്ധി സഹായം അഭ്യർത്ഥിച്ചത് സോവിയറ്റ് യൂണിയനോടായിരുന്നു. അഡ്മിറൽ വ്‌ളാഡിമിർ ക്രുഗ്ല്യകോവിന്റെ നേതൃത്വത്തിലുള്ള ചെമ്പടയുടെ നാവിക വിഭാഗത്തിന്റെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിൽ തിരിച്ചറിഞ്ഞാണ് അന്ന് അമേരിക്കയുടെ ഏഴാം കപ്പൽപ്പട പിന്തിരിഞ്ഞത്. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും സോവിയറ്റ് അനുകരണത്തെയും ആരാധനയെയും സഹവർത്തിത്വത്തെയും രാജ്യവിരുദ്ധതയായും സോവിയറ്റ് സ്തുതിയായും ഇന്നത്തെ കോൺഗ്രസ് ബുദ്ധിജീവികൾ സംഘപരിവാറിന്റെ രാജ്യസ്‌നേഹ- ദേശീയതാ സൂചിക്കുഴലിലൂടെ നോക്കി വിലയിരുത്തിയേക്കാം!
സോവിയറ്റ് മാതൃക പിന്തുടർന്നാണ് ചൈനയും പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയത്. ചൈനയുടെ പഞ്ചവത്സര പദ്ധതികളുടെയും ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളുടെയും ലക്ഷ്യപ്രാപ്തിയും അത് അടിസ്ഥാന വിഭാഗത്തിൽപ്പെടുന്ന ജനതയുടെ ജീവിത നിലവാരത്തിലുണ്ടാക്കിയ മാറ്റവും ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടതുണ്ട്. നെഹ്‌റു കടം കൊണ്ടത് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഭരണക്രമത്തിന്റെ സാമൂഹ്യവികസനത്തിനുളള പഞ്ചവത്സര പദ്ധതി എന്ന സ്റ്റാലിൻ അവതരിപ്പിച്ച ടൂൾ ആയിരുന്നു. നെഹ്‌റുവിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുമ്പോഴും ഒരു ബൂർഷ്വാ മുതലാളിത്ത ഭരണക്രമത്തിൽ കാര്യക്ഷമമായി പ്രയോഗിക്കാൻ സാധിക്കുന്നതല്ല ആ ടൂൾ എന്നതുകൂടിയാണ് ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തിയാൽ മനസ്സിലാകുക. എന്നാൽ ചൈനയും സോവിയറ്റ് മാതൃകയിൽ പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയിരുന്നു. മാർക്‌സിസം- ലെനിനിസത്തിന്റെ സാമൂഹ്യ വികസനത്തിനുള്ള ടൂൾ എന്ന നിലയിൽ പഞ്ചവത്സര പദ്ധതികളെ ഫലപ്രദമായി നടപ്പിലാക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു. ചൈന കൈവരിച്ച സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിൽ പഞ്ചവത്സര പദ്ധതികളുടെ നിർണായകമായ പങ്കിനെയും ഈ അവസരത്തിൽ വിലയിരുത്തിപ്പോകാവുന്നതാണ്.
ഫ്യൂഡലിസത്തെയും ജന്മിത്വത്തെയും കടപുഴക്കി നിലവിൽ വന്ന ജനകീയ ജനാധിപത്യ ഭരണക്രമമാണ് സോവിയറ്റ് യൂണിയനിലും ചൈനയിലും പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കിയത്. അതിനാൽ തന്നെ തൊഴിലാളികളും കർഷകരും ഉൾപ്പെടെയുള്ള അടിസ്ഥാന വിഭാഗത്തിന്റെ ജീവിതനിലവാരം ഉയർത്തുന്ന സാമൂഹ്യ വികസന ടൂൾ എന്ന നിലയിൽ പഞ്ചവത്സര പദ്ധതികളെ ഫലപ്രദമായി ആവിഷ്‌കരിക്കാനും ഫലപ്രാപ്തിയോടെ നടപ്പിലാക്കാനും സോവിയറ്റ് യൂണിയനും ചൈനയ്ക്കും സാധിച്ചു. രണ്ട് വ്യവസ്ഥിതികൾ (ഇന്ത്യയും ചൈനയും) മാർക്‌സിസം- ലെനിനിസത്തിന്റെ സാമൂഹ്യ വികസനത്തിനുള്ള ടൂൾ എന്ന നിലയിൽ പഞ്ചവത്സര പദ്ധതികളെ എങ്ങനെ ഉപയോഗിച്ചു, ഏത് വിധത്തിൽ ഫലപ്രാപ്തി കൈവരിച്ചു എന്ന് എല്ലാ വൈകാരിക രാജ്യസ്‌നേഹികൾക്കും വിലയിരുത്താവുന്നതാണ്.
പറഞ്ഞു വരുന്നത്, ചൈനയെയും മാർക്‌സിസം- ലെനിനിസത്തെയും ചൂണ്ടിക്കാണിക്കുമ്പോൾ രാജ്യസ്‌നേഹ വൈകാരികത ഉയർത്തി അസഹിഷ്ണുത പ്പെടുന്നവരെക്കുറിച്ചാണ്. ചൈനയിൽ മാർക്‌സിസം- ലെനിനിസവും കമ്യൂണിസവും ഒന്നുമില്ല, ചൈന മുതലാളിത്ത രാജ്യമാണ് എന്ന വാദം ഉയർത്തിയാണ് ചൈനയുടെ നേട്ടങ്ങളെ ഒരു വിഭാഗം നേരിടുന്നത്. മാർക്‌സിസ്റ്റ്-ലെനിനിസത്തിന്റെ ആശയപ്രപഞ്ചം ഉൾക്കൊള്ളാൻ കഴിയാത്തവരാണ്, ചൈനയുടെ നേട്ടങ്ങളുടെ പിൻബലമാകുന്നത് മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണക്രമമാണ് എന്നതിനെയും ഉൾക്കൊള്ളാൻ മടിക്കുന്നത്. അവരാണ് രാജ്യസ്‌നേഹ- ദേശീയതാ രതിമൂർച്ഛയുടെ ഉത്തുംഗതയിൽ നിന്ന് ചൈനാ ചാരന്മാർ എന്ന നരേറ്റീവെല്ലാം ഉണ്ടാക്കുന്നത്.
ചൈന മുതലാളിത്തമാണെങ്കിൽ എന്തുകൊണ്ടാണ് മറ്റു വികസിത മുതലാളിത്ത രാജ്യങ്ങൾക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ജീവിത നിലവാരം ചൈനയുടെ തലത്തിലേക്കുപോലും എത്തിക്കാൻ കഴിയാതെ പോകുന്നത് എന്ന ചോദ്യത്തിനുകൂടി ഇത്തരക്കാർ മറുപടി പറയേണ്ടതുണ്ട്. ഇനി ചൈനയിലേത് മുതലാളിത്തമാണെങ്കിൽ ഇന്ത്യയിലെ വലതുപക്ഷ മുതലാളിത്ത ഭരണകൂടത്തിന് അത്തരം മാതൃക പിൻപറ്റാൻ കഴിയാത്തത് എന്തുകൊണ്ടാണ്.
മാർക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണക്രമം അംഗീകരിക്കാൻ മടിക്കുന്നവർക്കുപോലും ചൈനയുടെ നേട്ടങ്ങളെ അവഗണിക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും അത്തരക്കാരെ അവരുടെ വഴിക്ക് വിടുക. താരതമ്യം രണ്ടു വ്യവസ്ഥകൾ തമ്മിലാണെന്നും പ്രകീർത്തിക്കപ്പെടുന്നത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ മനുഷ്യപുരോഗതിക്കും, അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ എങ്ങനെ ഇടപെടുന്നു എന്നതിനെ വിലയിരുത്തിയാണെന്നും മനസ്സിലാക്കാൻ കഴിയുന്നവർക്കുമാത്രമേ വിശാലമായ അർത്ഥത്തിൽ ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയൂ.
ചൈന എത്രത്തോളം കമ്യൂണിസ്റ്റാണ്?
ചൈനയെ കമ്യൂണിസ്റ്റ് രാഷ്ട്രം എന്ന് പറയാനാവുമോ?
കടുത്ത വലത് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രമല്ലേ ചൈന? എന്നീ ചോദ്യങ്ങൾ തന്നെ ഇടതുപക്ഷത്തുള്ളവരും മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നവരും ആവർത്തിക്കുന്നതാണ് നേരത്തെ സൂചിപ്പിച്ച വലതുപക്ഷ യുക്തികളെക്കാൾ ഖേദകരം.
ചൈന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ല. കമ്യൂണിസ്റ്റ് രാഷ്ട്രം എന്നൊന്നില്ല എന്നുതന്നെ പറയേണ്ടിവരും. സോഷ്യലിസ്റ്റ് രാഷ്ട്രം എന്നും ജനകീയ ജനാധിപത്യ രാഷ്ട്രം എന്നും രണ്ടു തരം രാഷ്ട്രവ്യവസ്ഥാ നിർമിതിയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്. മുതലാളിത്ത വ്യവസ്ഥ മറികടന്ന് കമ്യൂണിസ്റ്റ് ലോകത്തേക്കുള്ള വിപ്ലവകരമായ പരിവർത്തനത്തിന്റെ രണ്ട് നാഴികക്കല്ലുകളാണ് ജനകീയ ജനാധിപത്യ രാഷ്ട്രവും സോഷ്യലിസ്റ്റ് രാഷ്ട്രവും. ഇതിൽ ‘സോഷ്യലിസ്റ്റ് രാഷ്ട്രം' എന്ന നാഴികക്കല്ലിൽ ഇനിയും ചൈന എത്തിയിട്ടില്ല എന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തന്നെ വിലയിരുത്തിയിട്ടുണ്ട്. നിലവിൽ ജനകീയ ജനാധിപത്യ വ്യവസ്ഥയുള്ള ജനകീയ ജനാധിപത്യ രാഷ്ട്രമാണ് ചൈന എന്നാണ് വ്യക്തതയോടെ പറയേണ്ടത്. എന്താണ് ജനകീയ ജനാധിപത്യ ഘട്ടവും സോഷ്യലിസ്റ്റ് ഘട്ടവും തമ്മിലുള്ള വ്യത്യാസം എന്ന് മനസ്സിലാക്കിയാൽ മാത്രമേ സോഷ്യലിസ്റ്റ് സാമൂഹ്യ നിർമ്മിതി ലക്ഷ്യം വച്ചുള്ള ചൈനയുടെ മുന്നേറ്റത്തെ മാർക്‌സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ മനസിലാക്കാൻ കഴിയുകയുള്ളൂ.
ചൈന മുതലാളിത്തമാണെങ്കിൽ എന്തുകൊണ്ടാണ് മറ്റു വികസിത മുതലാളിത്ത രാജ്യങ്ങൾക്ക് രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതനിലവാരം ചൈനയുടെ തലത്തിലേക്കുപോലും എത്തിക്കാൻ കഴിയാതെ പോകുന്നത്.
സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് ജനകീയ ജനാധിപത്യത്തിന്റെ ഭരണം. ജനകീയ ജനാധിപത്യ രാഷ്ട്രത്തിൽ മൂന്നുതരം ഉടമസ്ഥതയുണ്ട്. ഉൽപാദനോപാധികളുടെ രാജ്യവ്യാപകമായ സോഷ്യലിസ്റ്റ് ഉടമസ്ഥത; സോഷ്യലിസ്റ്റ് ആയ സഹകരണ ഉടമസ്ഥത; രണ്ട് തരത്തിലുള്ള ഉല്പാദനോപാധികളുടെയും സ്വകാര്യ ഉടമസ്ഥത. ജനകീയ ജനാധിപത്യ രാജ്യങ്ങളിൽ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാകേണ്ടതുണ്ട്. കാർഷിക പരിഷ്‌കരണവും ബൂർഷ്വാസിയുടെ കർഷക ചൂഷണം നിയന്ത്രിക്കുകയും കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. കറൻസി ശക്തിപ്പെടുത്തുകയും വ്യവസായത്തിലും കാർഷിക മേഖലയിലും ഉൽപ്പാദനത്തിൽ വർദ്ധനവും ഉണ്ടാകേണ്ടതുണ്ട്. അതുവഴി തൊഴിലാളികളുടെയും കർഷകരുടെയും ബുദ്ധിജീവികളുടെയും ജീവിതനിലവാരത്തിൽ ഗണ്യമായ വർദ്ധനവ് സാധ്യമാക്കേണ്ടതുണ്ട്.
കൊളോണിയൽ, ആശ്രിത രാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ജനശക്തിയുടെ രൂപമെന്ന നിലയിൽ ജനകീയ ജനാധിപത്യത്തിന് അടിയന്തര പ്രാധാന്യമുണ്ടെന്ന് മാർക്‌സിസം- ലെനിനിസം അടിവരയിടുന്നുണ്ട്. കൊളോണിയൽ, ആശ്രിത രാജ്യങ്ങളിലെ കാർഷിക, ഫ്യൂഡൽ, സാമ്രാജ്യത്വ വിരുദ്ധ വിപ്ലവങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ നയം, അടവുനയം, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് തീസിസുകൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമെന്ന നിലയിലാണ് ചൈനീസ് വിപ്ലവം മാർക്‌സിസ്റ്റ് സൈദ്ധാന്തികർ വിലയിരുത്തുന്നത്.
സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരായ വിജയത്തിനുശേഷം രാഷ്ട്ര ഘടനയുടെ ഏറ്റവും ഉചിതമായ രൂപം ജനകീയ ജനാധിപത്യമാണെന്ന ലെനിനിസ്റ്റ് കാഴ്ചപ്പാടിലാണ് ചൈന ജനകീയ ജനാധിപത്യ രാഷ്ട്രമായി സോഷ്യലിസ്റ്റ് സമൂഹ നിർമിതിയിലേയ്ക്കുള്ള സഞ്ചാരം തുടങ്ങിയത്. സാമ്രാജ്യത്വ വിരുദ്ധ, ഫ്യൂഡൽ വിരുദ്ധ വിപ്ലവ വിജയത്തിന്റെ ഫലമായി ചൈനയിൽ സ്ഥാപിതമായ ഭരണക്രമം അതിന്റെ ഉള്ളടക്കത്തിൽ തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും ജനാധിപത്യ സ്വേച്ഛാധിപത്യത്തിന്റെ സ്വഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. ചൈനയിലെ തൊഴിലാളി വർഗത്തിന്റെ സ്വേച്ഛാധിപത്യത്തിൻ കീഴിലുളള ജനകീയ ജനാധിപത്യ രാഷ്ട്രത്തിന് സോഷ്യലിസ്റ്റ് സമൂഹ നിർമാണത്തിന്റെ വലിയൊരു ഘട്ടം ഇനിയും പൂർത്തീകരിക്കാനുണ്ട്. അഭിവൃദ്ധി പ്രാപിച്ച ദേശീയ സമ്പദ്വ്യവസ്ഥയും സംസ്‌കാരവും സ്ഥാപിതമായ ശേഷം, ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിനുശേഷം മാത്രമേ ചൈന, മുഴുവൻ ജനങ്ങളുടെയും ഇച്ഛക്കനുസൃതമായി സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ചുമതലകൾ നിർവ്വഹിക്കാൻ തുടങ്ങുകയുള്ളൂവെന്ന് വിപ്ലവാനന്തരം മാവോ സേ തുങ് ചൂണ്ടിക്കാട്ടിയിരുന്നു.
മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടിക്ക് മാത്രമേ സോഷ്യലിസ്റ്റ് നിർമാണത്തിന്റെ സർവ്വസൈന്യാധിപരാകാൻ കഴിയൂ. അത്തരമൊരു സമരോത്സുകമായ, ഉരുക്കു പോലെ ശക്തമായ പാർട്ടി ഇല്ലെങ്കിൽ, തൊഴിലാളി വർഗം നിരായുധരാണ്, വർഗശത്രുവിനെതിരെ നിലകൊള്ളാൻ കഴിയില്ല, സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ദൗത്യം വിജയിപ്പിക്കാൻ കഴിയില്ല. ജനകീയ ജനാധിപത്യ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്, വർക്കേഴ്‌സ് പാർട്ടികൾ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകുന്ന മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടിയായി ശക്തിപ്പെട്ടതിന്റെ ഉദാഹരണമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.
മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം, എല്ലാ രാജ്യങ്ങളിലെയും സാഹചര്യം പരിഗണിച്ച് അതിന്റേതായ രീതിയിൽ നടപ്പിലാക്കണമെന്ന കാഴ്ചപ്പാടാണ് ലെനിൻ മുന്നോട്ടു വച്ചത്. അതിന് മൂർത്തമായ ചരിത്ര സാഹചര്യങ്ങളെ ആശ്രയിക്കണമെന്നും ലെനിൻ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ തൊഴിലാളി വർഗത്തിന്റെ വിമോചന സമരത്തിൽ ദേശീയമായി പ്രത്യേകവും ദേശീയമായി സവിശേഷവും ആയ ഘടകങ്ങൾ കണക്കിലെടുക്കേണ്ടത് ആവശ്യമാണെന്ന് ലെനിൻ ഊന്നിപ്പറയുന്നുണ്ട്. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്ഥിര സങ്കല്പ സമീപനത്തെയും പിടിവാശിയെയും ലെനിനും സ്റ്റാലിനും നിരാകരിക്കുന്നുണ്ട്. തന്ത്രങ്ങളിൽ പരമാവധി വഴക്കവും, തൊഴിലാളി വർഗത്തിന്റെയും എല്ലാ അധ്വാനിക്കുന്ന ജനങ്ങളുടെയും വിമോചനത്തിനായുള്ള പോരാട്ടത്തിൽ, പഴയതും പുതിയതുമായ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും ഉപയോഗിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാർക്‌സിസം- ലെനിനിസം മുന്നോട്ടുവയ്ക്കുന്ന ആശയപ്രപഞ്ചത്തെയും സ്റ്റാലിന്റെ കാഴ്ചപ്പാടുകളെയും ചൈനീസ് സാഹചര്യത്തിനനുസരിച്ച് സാംശീകരിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനകീയ ജനാധിപത്യ രാഷ്ട്രത്തെ സോഷ്യലിസ്റ്റ് രാഷ്ട്രത്തിലേയ്ക്ക് വികസിപ്പിക്കാൻ പരിശ്രമിക്കുന്നത്.
മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടിക്ക് മാത്രമേ സോഷ്യലിസ്റ്റ് നിർമാണത്തിന്റെ സർവ്വസൈന്യാധിപനാകാൻ കഴിയൂ. അത്തരമൊരു സമരോത്സുകമായ, ഉരുക്കു പോലെ ശക്തമായ പാർട്ടി ഇല്ലെങ്കിൽ, തൊഴിലാളിവർഗം നിരായുധരാണ്.
മാവോ സേ തൂങ്ങിന്റെ കാലം മുതൽ ഷിയുടെ ഘട്ടം വരെ ചൈനീസ് സ്വഭാവ സവിശേഷതകളുള്ള സോഷ്യലിസത്തിന്റെ സിദ്ധാന്തം രൂപീകരിക്കുകയും മാർക്‌സിസത്തെ ചൈനീസ് സന്ദർഭത്തിനനുയോജ്യമായി നിരന്തരം നവീകരിക്കുന്നതിനുമുള്ള ഇടപെടലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്നത്. വിപ്ലവാനന്തരം ഓരോ ഘട്ടത്തിലും സ്വയം വിമർശനപരമായി ചരിത്രാനുഭവങ്ങളെ സമഗ്രമായി അവലോകനം ചെയ്യുകയും തിരുത്തലുകൾ വരുത്തുകയും പുതിയ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ടു പോകുകയും ചെയ്യുന്ന സമീപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്. സോവിയറ്റ് തകർച്ചക്കുശേഷം മാർക്‌സിസം- ലെനിനിസത്തിന് പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിട്ടുവെന്ന് വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വിലയിരുത്തിയപ്പോഴും അമേരിക്കയുടെ ഏകധ്രുവ മുതലാളിത്ത കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയുടെ നീരാളിപ്പിടുത്തം ലോകം ചുറ്റിസഞ്ചരിച്ചപ്പോഴും നവലിബറൽ കമ്പോള വ്യവസ്ഥ ലോകം കീഴടക്കാനിറങ്ങിയപ്പോഴുമെല്ലാം മാർക്‌സിസത്തെ ചൈനീസ് സന്ദർഭത്തിന് അനുയോജ്യമായി നിരന്തരം നവീകരിക്കുന്നതിനുള്ള നിലപാടുകളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്.
ഡെങ്ങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളും കമ്പോളത്തെ ഉപയോഗപ്പെടുത്തി സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാനുള്ള നീക്കങ്ങളും സർവോപരി അമേരിക്കൻ കമ്പനികൾ അടക്കമുള്ള മുതലാളിത്ത സ്ഥാപനങ്ങളെ ചൈനയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ അടക്കം സൃഷ്ടിച്ച് സ്വാഗതം ചെയ്തതുമെല്ലാം ലോകത്തെ ഇതര കമ്യൂണിസ്റ്റ് പാർട്ടികളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിരുന്നു. നവലിബറൽ നയങ്ങളുടെ ഭാഗമായി സ്വതന്ത്ര വ്യാപാരം ശക്തിപ്പെടുകയും ലോകം ഒരൊറ്റ വിപണയിയെന്ന നിലയിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. നവലിബറൽ കാലത്തെ ഇത്തരം സാധ്യത മുതലെടുക്കാൻ ഡെങ്ങ് പാത പിന്തുടർന്ന ചൈനയുടെ സമീപനം വലതുപക്ഷ വ്യതിയാനമായി വായിക്കപ്പെട്ടു. അഭിവൃദ്ധി പ്രാപിച്ച ദേശീയ സമ്പദ്വ്യവസ്ഥ സ്ഥാപിതമായശേഷം, ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ച ശേഷം മാത്രമേ ചൈന, മുഴുവൻ ജനങ്ങളുടെയും ഇച്ഛക്കനുസൃതമായി സോഷ്യലിസം കെട്ടിപ്പടുക്കാൻ ശ്രമിക്കൂ എന്ന മാവോ ചിന്തയുടെ അടിസ്ഥാനത്തിൽ നിന്നാണ് ചൈനയെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്താനുള്ള ഡെങ്ങ് ചിന്ത രൂപപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 1990കളുടെ മധ്യത്തോടെ ചൈന അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഏറ്റവും വലിയ വിപണി പങ്കാളിയായി മാറിയത്. അമേരിക്കയും പാശ്ചാത്യ ലോകവും കടുത്ത സാമ്പത്തി പ്രതിസന്ധി നേരിടുന്ന ഘട്ടമായിരുന്നു ഇത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഈ രാഷ്ട്രങ്ങൾ സ്വീകരിച്ച സാമ്പത്തിക സമാശ്വാസ പദ്ധതികളുടെ ഗുണഭോക്താക്കളായി ചൈനീസ് സമ്പദ്ഘടന മാറിയതിനെ അതേ അർത്ഥത്തിൽ വേണം വിലയിരുത്താൻ. അഭിവൃദ്ധി പ്രാപിച്ച ഒരു ദേശീയ സമ്പദ് വ്യവസ്ഥക്കു മാത്രമേ രാജ്യത്തെ മുഴുവൻ ജനതയുടെ ഇച്ഛക്കനുസൃതമായി സോഷ്യലിസം കെട്ടിപ്പെടുക്കാൻ കഴിയൂ എന്ന മാവോ ചിന്തയെ നവലിബറൽ കാലത്തെ ലോക സാഹചര്യത്തിൽ ചൈന എങ്ങനെ പ്രയോജനപ്പെടുത്തി എന്ന നിലയിൽ ഈ ദശാസന്ധിയെ പരിഗണിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ ചൈനീസ് സമ്പദ്ഘടന ലോകത്തെ ഏറ്റവും വികസന സ്വഭാവം പ്രകടിപ്പിക്കുന്ന സമ്പദ്ഘടനയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയായും മാറിയതിന്റെ നാൾവഴികൾ പരിശോധിക്കേണ്ടതുണ്ട്.
നവലിബറൽ കാലഘട്ടത്തിലാണ് നിരവധി അമേരിക്കൻ കമ്പനികൾ ചൈനയിൽ ഉദ്പാദനം ആരംഭിക്കുന്നത്. ചൈന മുതലാളിത്ത മൂലധനത്തിന് പിന്നാലെയാണ് എന്ന നിലയിലുള്ള ചർച്ചകൾ ഈ ഘട്ടത്തിൽ രൂക്ഷമായി. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം വലതുവത്കരിക്കപ്പെടുന്നു എന്ന നരേറ്റീവ് കൂടുതലായി രൂപപ്പെടുന്നത് ഈ കാലയളവിലാണ്. ചൈനയിൽ ആരംഭിച്ച വിദേശകമ്പനികൾക്ക് ചൂഷണ സ്വഭാവത്തിൽ, തൊഴിലാളി വിരുദ്ധമായി ചൈനയിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നോ എന്നത് ഇത്തരം വിമർശനം ഉന്നയിക്കുന്നവർ പരിശോധിച്ചിട്ടില്ല. ചൈനയിൽ സ്ഥാപിതമാകുന്ന വിദേശ നിക്ഷേപമുള്ള സ്ഥാപനങ്ങൾ ഒരു നിശ്ചിതകാലം കഴിഞ്ഞാൽ രാജ്യത്തിന്റെ പൊതുസ്വത്തായി മാറുന്ന വിധത്തിലായിരുന്നു ചൈന വിദേശകമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൽ സൗകര്യം ഒരുക്കിയിരുന്നത്. കമ്പനികൾ സ്ഥാപിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ചൈന ഉറപ്പാക്കിയിരുന്നു. 2005നുശേഷം സമസ്ത മേഖലയിലും സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ചൈന നടത്തിയ കുതിച്ചു ചാട്ടത്തെ ഈ നിലയിൽ വേണം മനസ്സിലാക്കാൻ. ആധുനിക സാങ്കേതിക വിദ്യകളും വിദേശ നിക്ഷേപവും ഉപയോഗപ്പെടുത്തി ചൈനയിലെ ഉൽപാദന ശക്തികളെ കെട്ടഴിച്ചു വിടുന്ന സമീപനമാണ് ചൈന സ്വീകരിച്ചത്. കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ ചൈനീസ് സമ്പദ്ഘടന ലോകത്തെ ഏറ്റവും വികസന സ്വഭാവം പ്രകടിപ്പിക്കുന്ന സമ്പദ്ഘടനയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയായും മാറിയതിന്റെ നാൾവഴികൾ പരിശോധിക്കേണ്ടതുണ്ട്.
മുതലാളിത്വത്തിന്റെ രീതിശാസ്ത്രത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് ചൈന സോഷ്യലിസ്റ്റ് കമ്പോളവും സോഷ്യലിസ്റ്റ് ആധുനികവത്കരണവും പ്രയോഗത്തിൽ വരുത്തുന്നത് എങ്ങനെയെന്ന് അമേരിക്കൻ മുതലാളിത്വം തിരിച്ചറിയാൻ വൈകി. വർത്തമാനകാലത്ത് വ്യാപാര പങ്കാളി എന്ന നിലയിൽ നിന്ന് വ്യാപാര എതിരാളിയായി അമേരിക്കയും പാശ്ചാത്യ മുതലാളിത്വ ശക്തികളും ചൈനയെ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് വിലയിരുത്തേണ്ടതുണ്ട്. ‘ഹാസ് ചൈന വൺ' എന്ന പുസ്തകത്തിൽ സിംഗപ്പൂർ നയതന്ത്രജ്ഞനായ കിഷോർ മെഹ്ബുബാനി അമേരിക്ക- ചൈന വ്യാപാരയുദ്ധത്തെ ചരിത്രപരമായി നിരീക്ഷിക്കുന്നുണ്ട്. ചൈന ആർജ്ജിച്ച സാങ്കേതിക മികവിനെ പിന്നോട്ടടിക്കാൻ കഴിയുമോ എന്ന നിലയിലാണ് ട്രംപ് ഭരണകൂടം ഹുവായെ നിരോധിക്കുന്നതും ചൈനയ്‌ക്കെതിരെ പരോക്ഷമായ പുതിയ ശീതയുദ്ധ പ്രഖ്യാപനം നടത്തുന്നതും.
സാമ്രാജ്യത്വ വിരുദ്ധ വിപ്ലവങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ നയം, അടവുനയം, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ലെനിനിസ്റ്റ് ആശയങ്ങളെ പ്രായോഗികമാക്കുന്ന സമീപനമാണ് ഈ കാലയളവുകളിൽ ചൈന സ്വീകരിച്ചതെന്ന് വിലയിരുത്തേണ്ടിവരും. തന്ത്രങ്ങളിൽ പരമാവധി വഴക്കവും, തൊഴിലാളി വർഗത്തിന്റെയും എല്ലാ അധ്വാനിക്കുന്ന ജനങ്ങളുടെയും വിമോചനത്തിനായുള്ള പോരാട്ടത്തിൽ പഴയതും പുതിയതുമായ എല്ലാ സാമൂഹിക പ്രവർത്തനങ്ങളും ഉപയോഗിക്കാനുള്ള ലെനിന്റെ സമീപനമാണ് ചൈന മാറിയ ലോക സാഹചര്യത്തിൽ പരീക്ഷിച്ചത്. ചൈനയിലെ മുഴുവൻ ജനങ്ങളുടെയും ഇച്ഛക്കനുസൃതമായി സോഷ്യലിസം കെട്ടിപ്പെടുക്കാനുള്ള അടിത്തറ എന്ന നിലയിൽ ചൈനയുടെ ദേശീയ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താനുള്ള തന്ത്രപരമായ സമീപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചതെന്ന് കണക്കാക്കേണ്ടിവരും. അതൊരു ലെനിനിസ്റ്റ് സമീപനമാണെന്നും വിലയിരുത്തേണ്ടിവരും.
സോഷ്യലിസം അടിസ്ഥാനപ്പെടുത്തിയുള്ള കമ്പോള സ്ഥാപന രൂപത്തെ പ്രയോജനപ്പെടുത്തിയാണ് ചൈന നവലിബറൽ കാലത്ത് ക്രിയാത്മകമായ കുതിച്ചുചാട്ടം നടത്തിയത്.
പാശ്ചാത്യ മാർക്‌സിസ്റ്റ് വിമർശനം
നവലിബറൽ കാലത്ത് ചൈന വലതുവത്കരിക്കപ്പെട്ടു എന്ന വിമർശനം മുഖ്യമായും ഉയർത്തിയത് പാശ്ചാത്യ മാർക്‌സിസ്റ്റുകളായിരുന്നു. വിപണിയുടെ ഉപയോഗം ‘മുതലാളിത്ത പാതയിൽ' അല്ലെങ്കിൽ ‘വിപ്ലവത്തിന്റെ വഞ്ചന' ആയിട്ടാണ് ഇവർ കണ്ടത്. ഉൽപാദന ശക്തികളെ വിമോചിപ്പിക്കുന്നതിലും ചൈനീസ് ജനതയുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്തുന്നതിലും കമ്പോള സ്ഥാപന രൂപത്തിന് അതിന്റെ പങ്ക് വഹിക്കാൻ കഴിഞ്ഞു എന്ന യാഥാർത്ഥ്യം പരിഗണിക്കാൻ പാശ്ചാത്യ മാർക്‌സിസ്റ്റുകൾക്ക് സാധിച്ചില്ല. സോഷ്യലിസം അടിസ്ഥാനപ്പെടുത്തിയുള്ള കമ്പോള സ്ഥാപന രൂപത്തെ പ്രയോജനപ്പെടുത്തിയാണ് ചൈന നവലിബറൽ കാലത്ത് ക്രിയാത്മകമായ കുതിച്ചുചാട്ടം നടത്തിയത്. എന്നാൽ ആസൂത്രിത സ്ഥാപന രൂപത്തിന് വൈരുദ്ധ്യാത്മക വിരുദ്ധത ഉണ്ടെന്നതിനാൽ പാശ്ചാത്യ മാർക്‌സിസ്റ്റുകൾക്ക് അത് അംഗീകരിക്കാൻ സാധിച്ചില്ല.
ചൈനയിലെ വിപണികളുടെ ഉപയോഗം പാശ്ചാത്യ മാർക്‌സിസ്റ്റുകളുടെ കപട-വിശുദ്ധിയുടെ കാഴ്ചപ്പാടിൽ സോഷ്യലിസ്റ്റ് ആദർശത്തിന്റെ അവഹേളനമായിരുന്നു. ഒരു സോഷ്യലിസ്റ്റ് കമ്പോള സമ്പദ്വ്യവസ്ഥയെ ഒരു മുതലാളിത്ത വ്യവസ്ഥയായി വ്യാഖ്യാനിക്കുന്നത്, പൊതുവായതും പ്രത്യേകതയും തമ്മിലുള്ള അന്തരം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ആശയക്കുഴപ്പത്തിന് വഴിതെളിക്കും എന്നത് പാശ്ചാത്യ മാർക്‌സിസ്റ്റുകൾ പരിഗണിച്ചില്ല. ചൈനയെക്കുറിച്ച് പാശ്ചാത്യ മാർക്‌സിസ്റ്റുകൾ ഇത്തരത്തിൽ ഉയർത്തിയ വിമർശനങ്ങൾ ലോകത്തെ ക്ലാസിക്കൽ മാർക്‌സിസ്റ്റ്- ലെനിസ്റ്റുകളെയും സ്വാധീനിച്ചിരുന്നു.
‘ചില ആളുകളെ ആദ്യം സമ്പന്നരാക്കാൻ അനുവദിക്കുക' എന്ന നിലയിൽ ഡെങ് സിയാവോ പിങ്ങിന്റെ നയങ്ങൾ ചൈനയിൽ സ്വാധീനം ചെലുത്തിയിരുന്നു. ഉദ്പാദന ശക്തികളെ കെട്ടഴിച്ചുവിടുക എന്ന നിലയിൽ രൂപപ്പെട്ട ഡെങ്ങിന്റെ പുതിയ സാമ്പത്തിക നയം ചൈനയിൽ ഉയർന്ന വരുമാനമുള്ള ഗ്രൂപ്പിനെയും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പിനെയും സാവധാനത്തിൽ സൃഷ്ടിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ജാക്ക് മായെപ്പോലുള്ള മുതലാളിമാർ ചൈനയിൽ ഉയർന്നു വരുന്നത്. ഇത്തരം മുതലാളിമാർക്ക് പാർട്ടി അംഗത്വം നൽകാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനത്തെ ആശങ്കയോടെയാണ് ലോകത്തെ ഇതര സഹോദര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കണ്ടത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ മൂലധന ശക്തികളെ പ്രതിരോധിക്കാനും ലോകത്തെ ഇതര ഭാഗങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ പിന്തുണക്കാനും ചൈന തയ്യാറാകുന്നില്ലെന്ന വിമർശനവും ഈ ഘട്ടത്തിൽ ശക്തമായിരുന്നു.
സമ്പന്നരുടെ പിന്നാലെ പോയപ്പോൾ, പ്രാദേശിക നേതൃത്വവും ഉന്നത നേതൃത്വവും പാർട്ടി അംഗത്വമുള്ള ബ്രൂറോക്രാറ്റുകളും അഴിമതിയുടെ ഭാഗമായി എന്നതും ഇക്കാലയളവിൽ ഉയർന്നു വന്ന വിമർശനമായിരുന്നു. നവലിബറൽ ഏകധ്രുവ ലോകത്തിന്റെ നേതൃസ്ഥാനത്ത് അമേരിക്ക സ്വയം പ്രതിഷ്ഠിക്കപ്പെടുകയും ലോകത്തെ സോഷ്യലിസ്റ്റ് ചേരി ബദൽ സാമ്പത്തിക ക്രമത്തിന്റെ വക്താക്കൾ എന്ന നിലയിൽ അപ്രസക്തരാകുകയും ചെയ്തിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം സോവിയറ്റ് യൂണിയന്റെ വിടവ് നികത്തി സോഷ്യലിസ്റ്റ് ചേരിയുടെ നേതൃസ്ഥാനം ചൈന ഏറ്റെടുക്കുമെന്ന പ്രതീക്ഷ അതേ നിലയിൽ സാക്ഷാത്കരിക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായില്ല. മറിച്ച് അമേരിക്കയോടും ഇതര പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളോടും തുറന്ന വ്യാപാര സൗഹൃദം പുലർത്താനും ചൈന തയ്യാറായി. സ്വഭാവികമായും അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ മൂലധന ശക്തികളെ പ്രതിരോധിക്കാനും ലോകത്തെ ഇതര ഭാഗങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളെ പിന്തുണക്കാനും ചൈന തയ്യാറാകുന്നില്ലെന്ന വിമർശനവും ഈ ഘട്ടത്തിൽ ശക്തമായിരുന്നു.
സി.പി.എമ്മിന്റെ ചൈനീസ് വിമർശനം
ചൈനയെ സംബന്ധിച്ച ഇത്തരം ആശങ്കൾ 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിലെ പ്രത്യയശാസ്ത്ര പ്രമേയത്തിൽ സി.പി.എം വ്യക്തമാക്കിയിരുന്നു. നേരത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയപരമായ വീഴ്ചകളിലുളള ആശങ്കകളും അതാത് ഘട്ടത്തിൽ സി.പി.എം ചൂണ്ടിക്കാണിച്ചിരുന്നു. 2012ലെ പ്രത്യയശാസ്ത്ര പ്രമേയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, മുതലാളിമാർക്ക് പാർട്ടി മെമ്പർഷിപ്പ് നൽകുന്നത് ആ പാർട്ടിയുടെ വർഗ്ഗഘടനയിൽ മാറ്റം ഉണ്ടാക്കുമോ എന്ന ആശങ്ക സി.പി.എം ഉയർത്തിയിരുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സോഷ്യലിസ്റ്റ് മാർക്കറ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കാനുള്ള നയസമീപനത്തെ ഈ പ്രത്യയശാസ്ത്ര പ്രമേയത്തിൽ സി.പി.എം വസ്തുനിഷ്ഠമായി വിലയിരുത്തിയിരുന്നു. ആ വിലയിരുത്തലിന്റെ സാരാംശം ഇങ്ങനെ സംക്ഷിപ്തപ്പെടുത്താം:
‘ചൈനയിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ചരക്ക് വിപണി സമ്പദ്വ്യവസ്ഥയാണ്, അവിടെ ഉൽപാദനോപാധികളുടെ പൊതു ഉടമസ്ഥത പ്രധാനമായി നിലനിൽക്കും; ഇതിലൂടെ സി.പി.സി അർത്ഥമാക്കുന്നത് ‘ആദ്യം പൊതു മൂലധനം മൊത്തം സാമൂഹിക മൂലധനത്തിൽ പ്രബലമാണ്; രണ്ടാമതായി, സംസ്ഥാന സമ്പദ്വ്യവസ്ഥ സാമ്പത്തിക ജീവിതരേഖയെ നിയന്ത്രിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇതിലൂടെ, സ്വകാര്യ കമ്പോള സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക ധ്രുവീകരണവും വർദ്ധിച്ചുവരുന്ന അസമത്വങ്ങളും തടയാനും അധ്വാനിക്കുന്ന ജനങ്ങളുടെ പൊതു അഭിവൃദ്ധി ഉറപ്പാക്കാനും അവർ ശ്രമിക്കുന്നു.'
സോഷ്യലിസ്റ്റ് മാർക്കറ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയസമീപനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോഴും വസ്തുനിഷ്ഠമായ ചില ആശങ്കളും സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര രേഖ പങ്കുവയ്ക്കുന്നുണ്ട്: ‘ഈ സംഭവ വികാസങ്ങളുടെ ഫലമായി പുതിയ പ്രശ്‌നങ്ങളും അസ്വസ്ഥജനകമായ പ്രവണതകളും ഉയർന്നുവരുന്നു. അവ പ്രധാനമായും വളരുന്ന അസമത്വങ്ങൾ, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ്’ എന്ന് വ്യക്തതയോടെ സൂചിപ്പിച്ചാണ് ഇത്തരം ആശങ്കകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
അനുചിതമായ സർക്കാർ- ബിസിനസ് ബന്ധങ്ങൾ വേരോടെ പിഴുതെറിയാൻ വ്യാപക പ്രചാരണം ആരംഭിച്ചതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ‘സെൻട്രൽ കമീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്‌പെക്ഷൻ’ പ്രഖ്യാപിച്ചു കഴിഞ്ഞു.
‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ധാരണയിൽ നിന്ന് സാമ്രാജ്യത്വവിരുദ്ധ സങ്കൽപ്പം കൈവിട്ടുപോയന്ന' ഗൗരവമായ വിമർശനവും സി.പി.എം 20-ാം പാർട്ടി കോൺഗ്രസിലെ പ്രത്യയശാസ്ത രേഖ മുന്നോട്ടുവച്ചിരുന്നു. ‘സാമ്രാജ്യത്വ വിരുദ്ധ ദിശാബോധം നഷ്ടമാകുന്നത്, തൊഴിലാളിവർഗ സാർവദേശീയവാദത്തെ നേർപ്പിക്കുമെന്ന' മുന്നറിയിപ്പും പ്രത്യയശാസ്ത്രരേഖ മുന്നോട്ടുവച്ചിരുന്നു. ‘ഈ വൈരുദ്ധ്യങ്ങൾ എത്രത്തോളം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു, അവ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നത് ചൈനയുടെ ഭാവി ഗതിയെ നിർണയിക്കും' എന്ന വിലയിരുത്തലും പ്രത്യയശാസ്ത്രരേഖ നടത്തിയിരുന്നു. സോഷ്യലിസത്തെ ശക്തിപ്പെടുത്താനും യോജിപ്പിച്ച് കൊണ്ടുപോകാനുമുള്ള ശ്രമങ്ങൾക്ക് സി.പി.എമ്മിൽ നിന്നും ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളിൽ നിന്നും ഐക്യദാർഢ്യം ലഭിക്കുമെന്നും പ്രത്യയശാസ്ത്ര രേഖ വ്യക്തമാക്കിയിരുന്നു.
നയവ്യതിയാന ആശങ്കകളെ അഭിസംബോധന ചെയ്ത് ഷി ജിൻപിങ്ങ്
സി.പി.എം 2012ൽ പ്രത്യയശാസ്ത്ര രേഖയിൽ സൂചിപ്പിച്ച ആശങ്കളെയും വിമർശനങ്ങളുമെല്ലാം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും സ്വയം വിമർശനപരമായി വിലയിരുത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാൻ. ഇത്തരം വിഷയങ്ങളെയെല്ലാം അടിയന്തരമായി അഭിസംബോധന ചെയ്താണ് 2013ൽ ഷി ജിൻപിങ്ങ് ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നേതൃത്വവും ജനകീയ ചൈനീസ് റിപ്പബ്ലിക്കിന്റെ ഭരണ നേതൃത്വവും ഏറ്റെടുത്തത്. അധികാരത്തിലെത്തിയ ഉടനെ ഷി ‘പുതിയ തരം സർക്കാർ- ബിസിനസ് ബന്ധങ്ങൾ'ക്കായി വാദിക്കാൻ തുടങ്ങിയിരുന്നു. സ്വകാര്യ കമ്പനികളുടെ ശബ്ദം കേൾക്കുമ്പോൾ, പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോൾ, രാഷ്ട്രീയക്കാർ അവരുടെ സംശുദ്ധി നിലനിർത്തണം, അവരുടെ അധികാരം വ്യക്തിപരമായ നേട്ടങ്ങൾക്കായി മുതലെടുക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ഷി മുന്നോട്ടുവച്ചത് അഴിമതിക്കെതിരായ ചുവടുവെപ്പിൽ നിർണായമായിരുന്നു. അഴിമതിയുടെ ഭാഗമായിരുന്ന മുതിർന്ന പാർട്ടി നേതാക്കൾക്കും ബ്യൂറോക്രാറ്റുകൾക്കും എതിരെ അധികാരത്തിലെത്തിയശേഷം ഷി കർശന നടപടികളാണ് സ്വീകരിച്ചത്.
ഷിയുടെ പ്രവർത്തന കേന്ദ്രമായിരുന്ന ഷെജിയാങ് പ്രവിശ്യ പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കൂടി കേന്ദ്രമായിരുന്നു. ഷെജിയാങ് പ്രവിശ്യ ചൈനയിലെ സ്വകാര്യ കമ്പനികളുടെ ജന്മസ്ഥലമായി അറിയപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെയോ ബ്യൂറോക്രാറ്റുകളെയോ ആശ്രയിക്കാത്ത സ്വയം സുസ്ഥിരമായ സാമ്പത്തിക വികസനം ഈ മേഖല കൈവരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്ഷൗ ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഗ്രൂപ്പിന്റെ ആസ്ഥാനം കൂടിയാണ്. ഹാങ്ഷൗവിലെ ഉയർന്ന ഉദ്യോഗസ്ഥനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായിരുന്ന ഷൗ ജിയാങ്യോങ്ങിനെതിരെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്താൻ തീരുമാനിച്ചതാണ് അഴിമതി വിരുദ്ധ നീക്കത്തിൽ ഏറ്റവും ഒടുവിലായി ഷി എടുത്ത കർശന നിലപാട്.
ഷൗവിനെതിരായ അന്വേഷണത്തിനൊപ്പം, അനുചിതമായ സർക്കാർ- ബിസിനസ് ബന്ധങ്ങൾ വേരോടെ പിഴുതെറിയാൻ വ്യാപക പ്രചാരണം ആരംഭിച്ചതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ‘സെൻട്രൽ കമീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്‌പെക്ഷൻ’ പ്രഖ്യാപിച്ചു കഴിഞ്ഞു. 25,000 ഉദ്യോഗസ്ഥരെ അന്വേഷണത്തിന് വിധേയമാക്കുമെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനായിരുന്ന ഷൗവിനെതിരായ നടപടികൾ പ്രഖ്യാപിക്കപ്പെട്ടത് 2021 ആഗസ്റ്റ് 17നായിരുന്നു. ഇതിന് നാലു ദിവസം മുമ്പ് ഷി നടത്തിയ പ്രസംഗം അഴിമതിക്കും അസമത്വത്തിനും എതിരായി ശക്തമായ നിലപാടുകൾ ഉണ്ടാകുമെന്നതിന്റെ കൂടി സൂചനയായിരുന്നു.
വ്യക്തമായ സോഷ്യലിസ്റ്റ് ചൈനയിലേക്കുള്ള മൂർച്ചയുള്ള ഇടത് തിരിവിന്റെ സൂചനയായാണ് ഷി യുടെ നിലപാടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
‘ബെയ്‌ദൈഹെ വാർഷിക മീറ്റിംഗിൽ' പങ്കെടുത്ത ശേഷമായിരുന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് നിർണായകമായ പ്രസംഗം ഷി നടത്തിയത്.
എല്ലാ വർഷവും രണ്ടാഴ്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ നേതാക്കന്മാരും അധികാരമൊഴിഞ്ഞ മുൻഗാമികളും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കുന്ന സെഷനാണ് ‘ബെയ്‌ദൈഹെ മീറ്റിംഗ്'. ഹെബെയ് പ്രവിശ്യയിലെ കടൽത്തീര റിസോർട്ടിൽ നടക്കുന്ന ഈ കൂടിച്ചേരലിനെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും മുൻഗാമികളുടെ അനുഭവപരിചയത്തിൽ ഏതെങ്കിലും തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുമുള്ള അവസരം എന്ന നിലയിലുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കാണുന്നത്.
മുകളിൽ സൂചിപ്പിച്ച നിർണായക പ്രസംഗത്തിൽ 15 തവണയാണ് പൊതുസമൃദ്ധി എന്ന വാക്ക് ഷി ആവർത്തിച്ചത്. നിർണായക ഘട്ടത്തിലേയ്ക്കാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രവേശിക്കുന്നത് എന്നും ‘ബെയ്‌ദൈഹെ മീറ്റിംഗ്' അതിന് പച്ചക്കൊടി കാണിച്ചു എന്നും ഷിയുടെ സംസാരത്തിൽ വ്യക്തമായിരുന്നു. പൊതു അഭിവൃദ്ധിയുടെ പേരിൽ, ഇടത്തരം വരുമാന ഗ്രൂപ്പിന്റെ വലുപ്പം വിപുലീകരിക്കുമെന്നും താഴ്ന്ന വരുമാനമുള്ള ഗ്രൂപ്പിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്നും മൂന്ന് ഘട്ടങ്ങളുള്ള വരുമാന വിതരണവും നികുതി സമ്പ്രദായവും ഉൾപ്പെടെ ‘അമിത വരുമാനം ക്രമീകരിക്കുമെന്നും' ഉറച്ച ശബ്ദത്തിലാണ് ഷി പ്രഖ്യാപിച്ചത്. പൊതു അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള മാതൃകാ പ്രദേശമായി ഷെജിയാങ്ങിനെ തിരഞ്ഞെടുത്തു എന്നതും പ്രധാനമായിരുന്നു. ഷെജിയാങ്ങും പ്രത്യേകിച്ച് ഹാങ്ഷൗവും പഴയ പ്രവർത്തന മേഖല എന്ന നിലയിൽ ഷിക്ക് നന്നായി അറിയുന്ന പ്രദേശങ്ങളാണ്. പ്രബലമായ സ്വകാര്യ കമ്പനികൾ മേലാൽ ഭരിക്കുന്നില്ലെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന സാഹചര്യമാണ് ഷി വിഭാവനം ചെയ്യുന്നത്. ഈ സമീപനം ആദ്യം ഹാങ്ഷൗവിലും പിന്നീട് രാജ്യത്തുടനീളവും നടപ്പിലാക്കുമെന്നാണ് ഷിയുടെ കർശന നിലപാട്. നിരവധി വൻകിട സ്വകാര്യ കമ്പനികളുടെ ആസ്ഥാനമായ ഷെജിയാങ്ങ്, പൊതു സമൃദ്ധിയുടെ മാതൃകാ പ്രദേശമായി ഷി തിരഞ്ഞെടുത്തത് വരാനിരിക്കുന്ന ശക്തമായ തിരുത്തൽ പ്രക്രിയയുടെ തുടക്കം എന്ന നിലയിൽ തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
‘ചില ആളുകളെ ആദ്യം സമ്പന്നരാക്കാൻ അനുവദിക്കുക' എന്ന ഡെങ് സിയാവോ പിങ്ങിന്റെ നയത്തിലെ വൈകല്യങ്ങൾ സൃഷ്ടിച്ച മുതലാളിമാരെ ലക്ഷ്യമിടുന്നതിന്റെ സൂചനകളാണ് ഷി പങ്കുവയ്ക്കുന്നത്. വ്യക്തമായ സോഷ്യലിസ്റ്റ് ചൈനയിലേക്കുള്ള മൂർച്ചയുള്ള ഇടത് തിരിവിന്റെ സൂചനയായാണ് ഷി യുടെ നിലപാടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സോഷ്യലിസ്റ്റ് വ്യവസ്ഥയിലേയ്ക്കുള്ള ചൈനയുടെ പരിണാമത്തിൽ ഷിയുടെ ചിന്തകൾ നിർണായകമായിരിക്കും എന്നുതന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും വ്യക്തമാക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19-ാമത് സെൻട്രൽ കമ്മിറ്റിയുടെ ആറാമത്തെ പ്ലീനറി സെഷനിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഇത് വ്യക്തമാണ്. റിപ്പോർട്ട് അഭിസംബോധന ചെയ്യുന്ന പ്രധാന വിഷയങ്ങൾ ഇതാണ്; ‘നമ്മുടെ കാലത്തെ പ്രധാന ചോദ്യങ്ങളെ ചുറ്റിപ്പറ്റിയാണ്: ചൈനീസ് സ്വഭാവ സവിശേഷതകളുള്ള ഏതുതരം സോഷ്യലിസമാണ് ഈ പുതിയ കാലഘട്ടത്തിൽ നാം ഉയർത്തിപ്പിടിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത്, ഏതുതരം മഹത്തായ ആധുനിക സോഷ്യലിസ്റ്റ് രാജ്യം നാം കെട്ടിപ്പടുക്കണം, ഏത് തരത്തിലുള്ള മാർക്സിസ്റ്റ് പാർട്ടിയാണ് ദീർഘകാല ഭരണം നടത്തേണ്ടത്. വികസിപ്പിച്ചെടുക്കുക, അതുപോലെ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നമ്മൾ എങ്ങനെ പോകണം. അങ്ങനെ ഒരു പുതിയ യുഗത്തിനായുള്ള ചൈനീസ് സ്വഭാവസവിശേഷതകളുള്ള സോഷ്യലിസത്തെക്കുറിച്ചുള്ള ഷി ജിൻ പിങ്ങ് ചിന്തകളാണ് സമകാലിക ചൈനയുടെയും 21-ാം നൂറ്റാണ്ടിന്റെയും മാർക്‌സിസം.'
ഭാവി ചൈന എന്തായിരിക്കണം എന്ന രൂപരേഖയും റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്; ‘വികസനത്തിന്റെ ഈ പുതിയ ഘട്ടത്തിൽ ഞങ്ങളുടെ പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി പുതിയ വികസന തത്വശാസ്ത്രം പ്രയോഗിക്കുകയും വികസനത്തിന്റെ ഒരു പുതിയ മാതൃക വളർത്തുകയും ഉയർന്ന നിലവാരമുള്ള വികസനം പ്രോത്സാഹിപ്പിക്കുകയും വേണം. നാം പരിഷ്‌കരണം ആഴത്തിലാക്കുകയും എല്ലാവർക്കും പൊതുവായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നമ്മുടെ രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയും വേണം. ജനകീയ ജനാധിപത്യം വികസിപ്പിക്കുകയും രാജ്യത്തെ ഭരിക്കുന്നത് ജനങ്ങളാണെന്ന് ഉറപ്പാക്കുകയും വേണം. എല്ലാ അർത്ഥത്തിലും നിയമാധിഷ്ഠിത ഭരണം മുന്നോട്ടുകൊണ്ടുപോകുകയും, അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും, വികസനത്തിന്റെ പാതയിൽ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും, മാനവികതയും പ്രകൃതിയും തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുകയും വേണം.'
2012ലെ പ്രത്യയശാസ്ത്ര രേഖയിൽ സി.പി.എം മുന്നോട്ടുവച്ച നിരവധി ആശങ്കകൾക്കും വിമർശനങ്ങൾക്കും തിരുത്തൽ പുതിയ കാലത്ത് ചൈന നടത്തുന്നുണ്ട്. ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ധാരണയിൽ നിന്ന് സാമ്രാജ്യത്വവിരുദ്ധ സങ്കൽപ്പം കൈവിട്ടുപോയന്ന' സി.പി.എം പ്രത്യയശാസ്ത്ര രേഖയിലെ വിമർശനത്തെ ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവ് (BRI) മുന്നോട്ടു വച്ച് ഷി യുടെ ചൈന ബദൽ ഉയർത്തുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യത്തെയും മുതലാളിത്വത്തിന്റെ അന്താരാഷ്ട്ര മൂലധനത്തിന്റെ ചിറകായ ലോകബാങ്കിനെയും ഇതിനകം വെല്ലുവിളിക്കാൻ ചൈന നേതൃത്വം നൽകുന്ന BRI ക്ക് സാധിച്ചിട്ടുണ്ട്. അപ്പോഴും പലസ്തീൻ വിഷയം അടക്കമുള്ള സാമ്രാജ്യത്വ വിരുദ്ധ വിമോചനപ്പോരാട്ടങ്ങളോട് സോഷ്യലിസ്റ്റ് ചേരി ഐക്യദാർഢ്യപ്പെടേണ്ട അതേ നിലയിൽ ചൈന ഐക്യദാർഢ്യപ്പെടുന്നില്ല. മൂന്നാംലോക രാജ്യങ്ങളിലെ സാമാജ്യത്വ വിരുദ്ധ വിമോചന പോരാട്ടങ്ങളോട് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച സാഹോദര്യ സമീപനം ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല എന്ന വിമർശനം ഈ ഘട്ടത്തിലും വസ്തുനിഷ്ഠമാണ്.
ഉൽപാദന ശക്തികളെ ഉപയോഗപ്പെടുത്തി നവലിബറൽ കാലത്ത് ചൈന നടത്തുന്ന ഭൂമിശാസ്ത്രപരമായ പരിമിതികൾ ഇല്ലാത്ത ഇടപെടലുകൾക്ക് സാമ്രാജ്യത്വ വിരുദ്ധതയുടെ സ്വഭാവം കൂടിയുണ്ട്.
കൂടുതൽ രാജ്യങ്ങളെയും പ്രദേശങ്ങളെയും സാമ്പത്തിക ആഗോളവൽക്കരണത്തിലേക്ക് സമന്വയിപ്പിക്കാനും പരസ്പര പ്രയോജനകരമായ സഹകരണത്തിലൂടെ പങ്കിട്ട അഭിവൃദ്ധി കൈവരിക്കാനുമാണ് BRI രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. ബെൽറ്റ് ആൻഡ് റോഡ് സഹകരണം സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ ചരിത്രപരമായ പ്രവണതയെ ഉൾക്കൊള്ളുന്നു, ആഗോള ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ആഹ്വാനത്തോട് പ്രതികരിക്കുന്നു, മെച്ചപ്പെട്ട ജീവിതത്തിനായുള്ള ജനങ്ങളുടെ ആഗ്രഹത്തെ അഭിസംബോധന ചെയ്യുന്നു എന്ന നിലപാട് ചൈന മുന്നോട്ടു വയ്ക്കുമ്പോൾ അമേരിക്കയും സഖ്യ രാജ്യങ്ങളും ഈ പദ്ധതിയുടെ സാമ്രാജ്യത്വ വിരുദ്ധ ബദൽ സാധ്യത തിരിച്ചറിയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഉൽപാദന ശക്തികളെ ഉപയോഗപ്പെടുത്തി നവലിബറൽ കാലത്ത് ചൈന നടത്തുന്ന ഭൂമിശാസ്ത്രപരമായ പരിമിതികൾ ഇല്ലാത്ത ഇടപെടലുകൾക്ക് സാമ്രാജ്യത്വ വിരുദ്ധതയുടെ സ്വഭാവം കൂടിയുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തുന്ന ഉദ്പാദന ശക്തികൾ ഭൂഖണ്ഡാന്തരമായി BRI പദ്ധതിയുടെ ഭാഗമായി ആധുനിക തൊഴിലാളി വർഗ്ഗത്തെ രൂപപ്പെടുത്തും എന്ന സാധ്യതയും പരിഗണിക്കേണ്ടതുണ്ട്. ബെൽറ്റ് ആൻഡ് റോഡ് സഹകരണത്തിൽ പങ്കാളികാകുന്ന രാജ്യങ്ങൾക്ക് വ്യാപാര മിച്ചമൂല്യം കൂടി ഉറപ്പാക്കുമ്പോൾ ചൈനയുടെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയോടും സോഷ്യലിസ്റ്റ് കമ്പോളത്തോടും സോഷ്യലിസ്റ്റ് ആധുനികവത്കരണത്തോടും കൂടിച്ചേർന്ന് സഹകരിക്കാൻ ലോകത്തെ വിവിധ രാജ്യങ്ങൾക്ക് അവസരം കൈവരികയാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും മൂന്നാം ലോക രാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക അഭിവൃദ്ധിക്ക് BRI വഴി തെളിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തുന്നുണ്ട്. അതിനാൽ തന്നെ നവലിബറൽ കാലത്തെ ചൈനീസ് ഇടപെടലിന്റെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ആഗോള ഇടപെടലിന്റെ രാഷ്ട്രീയ സമ്പദ്വ്യവസ്ഥയിൽ നിന്ന് പ്രായോഗികമായി വേറിട്ട് നിൽക്കുന്നു എന്നു നിരീക്ഷണങ്ങളുണ്ട്.
ചൈനയുടെ BRI പദ്ധതിയെ 21-ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ സി.പി.എം ഗൗരവത്തിൽ വിലയിരുത്തിയിട്ടുണ്ട്. അമേരിക്കൻ സഖ്യകക്ഷികൾ പോലും അണിചേരുന്ന BRIയുടെ സാമ്രാജ്യത്വ വിരുദ്ധ സ്വഭാവം രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുകയും BRI പദ്ധതിയുടെ രാജ്യാന്തര ഇടപെടൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
മുതലാളിത്തത്തിൽ നിന്ന് വിപണികളുടെ ബന്ധം വേർതിരിക്കാനും സോഷ്യലിസത്തിന്റെ അറ്റത്ത് ബന്ധിക്കാവുന്ന ഒരു രീതിയായും മാർഗമായും ഉപയോഗിക്കാനും ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉൽപ്പാദന ശക്തികളെ മോചിപ്പിക്കുന്നതിനും കൂട്ടായ അഭിവൃദ്ധി ഉറപ്പു വരുത്തുന്നതിനും ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്താനും 800 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ 40 വർഷത്തെ നയസമീപനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ പ്രത്യയശാസ്ത്രപരമായി വിലയിരുത്താൻ മാർക്‌സിസം- ലെനിനിസം പിന്തുടരുന്നവർ തയ്യാറാവേണ്ടതുണ്ട്. അതോടൊപ്പം ചൈനയ്‌ക്കെതിരായ വസ്തുനിഷ്ഠമായ പ്രത്യയശാസ്ത്ര വിമർശനങ്ങൾ തുടരേണ്ടതുമുണ്ട്.
അമേരിക്കൻ സാമ്രാജ്യത്വവും അത് മുന്നോട്ടു വയ്ക്കുന്ന മുതലാളിത്ത, കോർപറേറ്റ് കേന്ദ്രീകൃത, നവലിബറൽ സമ്പദ് വ്യവസ്ഥയും സമാനതകളില്ലാത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്.
ചൈനയ്ക്കെതിരായ യു.എസ് നിലപാടുകൾ (മറിച്ച് വായിക്കേണ്ടവർക്ക് അങ്ങനെയും വായിക്കാം) ലോകത്തെ ഒരു പുതിയ ശീതയുദ്ധത്തിലേക്ക് നയിക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വവും അത് മുന്നോട്ടു വയ്ക്കുന്ന മുതലാളിത്ത, കോർപറേറ്റ് കേന്ദ്രീകൃത, നവലിബറൽ സമ്പദ് വ്യവസ്ഥയും സമാനതകളില്ലാത്ത തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിന് ചൈന വെല്ലുവിളിയാകുകയാണ്. മുതലാളിത്തം, പിടിച്ചു നിൽക്കാനും പുതിയ സാധ്യതകൾ തുറന്നെടുക്കാനുമുള്ള അന്തിമ പോരാട്ടത്തിലാണ്. ഉപഗ്രഹ നെറ്റ് വർക്കും ഹൈപ്പർ സോണിക് മിസൈലുകളും ആർട്ടിഫിഷ്യൻ ഇന്റലിജൻസും നിർണായകമാകുന്ന പുതിയ കാലത്തിന്റെ സൈനിക മേധാവിത്വ പോരാട്ടത്തിലും അമേരിക്കയും യൂറോപ്യൻ മുതലാളിത്ത ശക്തികളും പിന്നണിയിലാണ്.
ലോകത്തിന്റെ വസ്തുനിഷ്ഠ സാഹചര്യം ഉൾക്കൊള്ളാതെ ചൈനയെ വിലയിരുത്തുന്നതിൽ മാർക്‌സിസ്റ്റ്- ലെനിസ്റ്റുകൾക്ക് സംഭവിക്കുന്ന സൈദ്ധാന്തിക വീഴ്ചകൾ അസ്തിത്വപരമായ വീഴ്ച കൂടിയാണ്. ചൈനയ്ക്കെതിരായ സാമ്രാജ്യത്വ കേന്ദ്രീകൃത ‘ഇടതുപക്ഷ' വിമർശനത്തിന്റെ വൈകാരിക നാവായി മാറേണ്ടതുണ്ടോയെന്ന് മാർക്‌സിസം- ലെനിസത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഉൾക്കൊള്ളുന്നവർ ചിന്തിക്കേണ്ടതുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.