സൊഹ്‌റാൻ മംദാനി

നിയോ- ലിബറൽ
യുക്തിയിൽ നിന്ന്
പുറത്തുകടക്കുമോ
ഒന്നാം ലോക ഇടതുപക്ഷം

സൊഹ്‌റാൻ മംദാനിയെപ്പോലുള്ള നേതാക്കളുടെ സമീപകാല ഉയർച്ചയെ മുൻനിർത്തി, ഒന്നാം ലോകരാജ്യങ്ങളി​ലെ പുതിയ ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ ഭാവിയെക്കുറിച്ച് ഒരാലോചന; നവീൻ പ്രസാദ് അലക്സ് എഴുതുന്നു. സൊഹ്‌റാൻ മംദാനി

താണ്ട് അരനൂറ്റാണ്ടായി, ആഗോള ഇടതുപക്ഷം നവലിബറലിസം സൃഷ്ടിച്ച അന്തരീക്ഷത്തിൽ ശ്വസിക്കാൻ പാടുപെടുകയാണ്. 1970- കളുടെ അവസാനം മുതൽ ലോകത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതി, പ്രത്യേകിച്ച് പശ്ചാത്യരാജ്യങ്ങളിൽ, വിനാശകരമായ പരിവർത്തനത്തിന് വിധേയമായപ്പോൾ, തകർന്നത് ക്ഷേമരാഷ്ട്രസങ്കല്പം മാത്രമായിരുന്നില്ല മറിച്ച്, ഒരു നൂറ്റാണ്ടിലേറെയായി സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ നിലനിർത്തിയിരുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ മുഴുവൻ ആവാസവ്യവസ്ഥയുമാണ്.

നവലിബറലിസം വിപണികളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുക മാത്രമല്ല ചെയ്തത്; വർഗശക്തിയുടെ കേന്ദ്രങ്ങളെ അത് തകർത്തു. ഒരുകാലത്ത് തൊഴിലാളിവർഗത്തെ പ്രതിനിധികരിച്ചിരുന്ന പാർട്ടികൾ (സോഷ്യലിസ്റ്റ്, സോഷ്യൽ ഡെമോക്രാറ്റിക്, ലേബർ പാർട്ടികൾ) ക്രമേണ അവരുടെ ജനകീയ പിന്തുണയുടെ അടിസ്ഥാനമായ തൊഴിലാളി യൂണിയനുകളിൽ നിന്ന് അകലുകയോ യൂണിയനുകൾക്ക് നവലിബറൽ സാംസ്‌കാരിക യുക്തിയിൽ ശക്തി ക്ഷയിക്കുകയോ ചെയ്തു.

എന്നാൽ സമീപകാലത്തുണ്ടായ രാഷ്ട്രീയ വികാസങ്ങളെ ഇന്ത്യൻ- അമേരിക്കൻ രാഷ്ട്രീയ ചിന്തകൻ വിവേക് ചിബ്ബർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “നവലിബറൽ ക്രമത്തിലെ വൈരുധ്യങ്ങൾ കൂടുതൽ പ്രത്യക്ഷമാവുകയും, നേരിയതെങ്കിലും പുത്തൻ ഇടതുപക്ഷത്തിന്റെ അനുരണങ്ങൾ മേലെ ദൃശ്യമാവുകയും ചെയ്യുന്ന ഒരു വഴിത്തിരിവ്”.
കേവലം തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വിജയിക്കാം എന്നതല്ല ചോദ്യം; ഒരുകാലത്ത് ഇടതുപക്ഷത്തെ ചരിത്രശക്തിയാക്കിയ അടിസ്ഥാന വർഗ്ഗവുമായുള്ള ആഴമേറിയതും ജൈവികവുമായ ബന്ധം പുനർനിർമ്മിക്കാൻ ഇടതുപക്ഷത്തിന് കഴിയുമോ എന്നതാണ്.

യൂണിയനുകൾ നഷ്ടപ്പെട്ട
മധ്യ- ഇടതു പാർട്ടികൾ

1970 കളുടെ അവസാനം മുതൽ, ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ സംഘടനകൾക്ക് ആരും സങ്കൽപ്പിച്ചതിലും വേഗത്തിൽ ശക്തി ക്ഷയിച്ചു. ഈ കാലഘട്ടത്തിൽ സോഷ്യലിസത്തിന്റെ നട്ടെല്ലായ, ട്രേഡ് യൂണിയനുകൾ നിയമപരമായും പ്രത്യയശാസ്ത്രപരമായും നിരന്തരം അടിച്ചമർത്തപ്പെട്ടു. ഒരുകാലത്ത് യൂണിയൻവൽക്കരിക്കപ്പെട്ട തൊഴിലാളികളെ പ്രതിനിധീകരിച്ചിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്, തൊഴിലാളി പാർട്ടികൾ ക്രമേണ യൂണിയനുകളുമായുള്ള അടുത്ത ബന്ധങ്ങൾ വിച്ഛേദിച്ചു. യൂണിയനുകളുമായുള്ള ബന്ധം തകരുകയും അവയ്ക്ക് ശക്തി ക്ഷയിക്കുകയും ചെയ്തതോടെ, തൊഴിലാളി സമൂഹങ്ങൾക്കുള്ളിലെ പാർട്ടികളുടെ സാംസ്കാരിക സ്വാധീനം അപ്രത്യക്ഷമായി.

ഏകദേശം 40 വർഷം, വികസിത ലോകത്ത് ബഹുജന യൂണിയനുകളുടെ നേതൃത്വത്തിലുള്ള പ്രധാനപ്പെട്ട സമരങ്ങൾ ഉണ്ടായിരുന്നില്ല. ഇതിന്റെ പരിണതഫലം വിനാശകരമായിരുന്നു

1990-കളുടെ തുടക്കത്തിൽ, തൊഴിലാളികളും ഇടത്, മധ്യ- ഇടത് രാഷ്ട്രീയ പ്രതിനിധികളും തമ്മിലുള്ള ചരിത്രപരമായ ബന്ധം പൂർണമായും തകർന്നു. ഒരുകാലത്ത് തൊഴിലാളിവർഗ്ഗ പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്ന പാർട്ടികൾ ക്രമേണ നവലിബറൽ ക്രമം കൈകാര്യം ചെയ്യുന്ന വരേണ്ണ്യ ടെക്നോക്രാറ്റുകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്തവരായി മാറി.

1880-കൾ മുതൽ 1970-കൾ വരെ, ഓരോ കാൽ നൂറ്റാണ്ടിലും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തെ പുനരുജ്ജീവിപ്പിക്കുന്ന തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഓരോ തലമുറയിലെയും വർഗ്ഗനേതാക്കൾക്ക് അടുത്ത തലമുറയെ യൂണിയനുകൾ, ജോലിസ്ഥലങ്ങൾ, പാർട്ടിശാഖകൾ, കമ്മ്യൂണിറ്റി ഇടങ്ങൾ മുതലായ വേദികളിൽ നേരിട്ട് പരിശീലിപ്പിക്കാൻ കഴഞ്ഞിരുന്നു. എന്നാൽ, ഇവിടെ നവലിബറലിസം അഭൂതപൂർവമായ ഒരു തടസ്സം സൃഷ്ടിച്ചു. ഏകദേശം 40 വർഷം, വികസിത ലോകത്ത് ബഹുജന യൂണിയനുകളുടെ നേതൃത്വത്തിലുള്ള പ്രധാനപ്പെട്ട സമരങ്ങൾ ഉണ്ടായിരുന്നില്ല. ഇതിന്റെ പരിണതഫലം വിനാശകരമായിരുന്നു: തൊഴിലാളിവർഗ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ തലമുറകളുടെ കൈമാറ്റം തകർന്നു.

1970 കളുടെ അവസാനം മുതൽ, സോഷ്യലിസത്തിന്റെ നട്ടെല്ലായ, ട്രേഡ് യൂണിയനുകൾ നിയമപരമായും പ്രത്യയശാസ്ത്രപരമായും നിരന്തരം അടിച്ചമർത്തപ്പെട്ടു.
1970 കളുടെ അവസാനം മുതൽ, സോഷ്യലിസത്തിന്റെ നട്ടെല്ലായ, ട്രേഡ് യൂണിയനുകൾ നിയമപരമായും പ്രത്യയശാസ്ത്രപരമായും നിരന്തരം അടിച്ചമർത്തപ്പെട്ടു.

പിന്നീട് പല ഘട്ടങ്ങളിൽ പുതിയ ഇടതുപക്ഷ അനുരണനങ്ങൾ പാശ്ചാത്യലോകത്തുണ്ടായപ്പോൾ, കൂട്ടായ പോരാട്ടത്തിന്റെ ജൈവികഓർമ്മകൾ അവയ്ക്കുണ്ടായിരുന്നില്ല. അതിന്റെ കൂടി ഫലമായി ഒക്യൂപൈ വാൾ സ്ട്രീറ്റ് പോലെയുള്ള സമരങ്ങൾക്ക് അധികം മുന്നോട്ട് പോകാനായില്ല. അവരുടെ ബൗദ്ധിക ഊർജ്ജം തൊഴിലാളി പോരാട്ടങ്ങളിൽ നിന്നല്ല, സർവകലാശാലകളിലെ സെമിനാർ മുറികളിൽനിന്നും നോൺ- പ്രോഫിറ്റ് മേഖലയിൽ നിന്നുമാണ് വന്നത്. ഈ ശൂന്യതയിലേക്ക് ധാർമ്മികവും അതിവ്യക്തികേന്ദ്രികൃതവുമായ രാഷ്ട്രീയം കടന്നുവന്നു; അത് വർഗ സാർവദേശീയതയെ ചോദ്യം ചെയ്യുകയും ഭൗതികവാദത്തെ മാറ്റിനിർത്തുകയും റാഡിക്കലിസത്തെ ഒരു രാഷ്ട്രീയ പരിപാടി എന്നതിലുപരി സൗന്ദര്യാത്മകതയായി പുനർനിർമ്മിക്കുകയും ചെയ്തു.

‘വോക്കിസം’ അല്ലെങ്കിൽ സ്വത്വത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷ ഇടങ്ങൾ കൈവശപ്പെടുത്തി. അത് ചില അടിച്ചമർത്തലുകളെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചെങ്കിലും, പലപ്പോഴും അത് പ്രതീകാത്മകമായ രീതിയിലാണ് കലാശിച്ചത്. അസമത്വത്തിന്റെ ഘടനാപരവും ഭൗതികവുമായ വേരുകളെ അത് അവഗണിച്ചു. വംശം, ലിംഗഭേദം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള പോരാട്ടങ്ങളെ വർഗ വിശകലനത്തിൽനിന്ന് വേർപ്പെടുത്തുന്നതിലൂടെ, സാമൂഹിക പരിവർത്തനത്തിന്റെ ഏകീകൃത സിദ്ധാന്തത്തിനുപകരം റാഡിക്കൽ രാഷ്ട്രീയത്തെ ധാർമ്മിക നിലപാടിലേക്ക് ചുരുക്കാൻ ഇത് വഴിയൊരുക്കും. മർദ്ദിതവംശങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന അടിച്ചമർത്തലുകൾ ഉയർത്തിക്കാട്ടാൻ കഴിയുന്ന ഒരു ഇടതുപക്ഷമായിരുന്നു ഫലം; പക്ഷേ ആ അനീതി  സൃഷ്ടിക്കുന്ന വ്യവസ്ഥകളെ വെല്ലുവിളിക്കാൻ ശേഷിയുള്ള വിശകലന ഉപകരണങ്ങളുടെ അഭാവം പ്രകടമായിരുന്നു.

വലതുപക്ഷ ബുദ്ധിജീവികൾ പറഞ്ഞതുപോലെ, "ആധുനിക ന്യൂയോർക്ക് നഗരചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി" മംദാനി എങ്ങനെയാണ് നടത്തിയത്?. ആഗോള ഇടതുപക്ഷത്തിന് ഇനി അങ്ങോട്ട് പഠിക്കാൻ ഒരുപാടുള്ള രാഷ്ട്രീയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്.

പ്രതീകം മാത്രമല്ലാത്ത
സൊഹ്‌റാൻ മംദാനി

2010- കളുടെ തുടക്കത്തിൽ ഒരു മാറ്റം കണ്ടുതുടങ്ങി. മുതലാളിത്തമാണ് പ്രശ്‌നമെന്ന് പറയുന്ന ഒരു സംവാദം ഒക്യുപൈ വാൾസ്ട്രീറ്റ് സമരം അവതരിപ്പിച്ചു. ആഴത്തിലുള്ള നവലിബറൽ സമൂഹത്തിൽ പോലും വർഗരാഷ്ട്രീയത്തിന് ദശലക്ഷക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ - അണിനിരത്താൻ കഴിയുമെന്ന് ബെർണി സാൻഡേഴ്‌സ് തെളിയിച്ചു. എന്നാൽ ഈ പുതിയ ഇടതുപക്ഷം സംഘടനാപരമായി ദുർബലമായിരുന്നു. അതിന്റെ വിജയങ്ങൾ സ്ഥാപനപരമായ വിജയങ്ങളേക്കാൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് വിജയങ്ങളായിരുന്നു.  

സൊഹ്‌റാൻ മംദാനിയെപ്പോലുള്ള നേതാക്കളുടെ സമീപകാല ഉയർച്ചയാണ് ഈ ദുർബലതയെ വെളിച്ചത്തുകൊണ്ടുവരുന്നത്. വലതുപക്ഷ ബുദ്ധിജീവികൾ പറഞ്ഞതുപോലെ, "ആധുനിക ന്യൂയോർക്ക് നഗരചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി" മംദാനി എങ്ങനെയാണ് നടത്തിയത്?. ആഗോള ഇടതുപക്ഷത്തിന് ഇനി അങ്ങോട്ട് പഠിക്കാൻ ഒരുപാടുള്ള രാഷ്ട്രീയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. ന്യൂയോർക്ക് നഗരത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്ങ്ങളിൽ കേന്ദ്രീകരിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ പ്രത്യേകത. നഗരത്തിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സമ്പത്ത് പുനർവിതരണം ചെയ്യുന്നതും പൊതുമേഖല വികസിപ്പിക്കുന്നതും ഉൾപ്പെടുന്ന ഒരുപിടി ധീരമായ പരിഷ്കാരങ്ങൾ മംദാനി നിർദ്ദേശിച്ചു. താങ്ങാവുന്ന ഗതാഗതസൗകര്യം, നഗര ഉടമസ്ഥതയിലുള്ള പലചരക്ക് കടകൾ, സൗജന്യ ശിശുസംരക്ഷണം, താങ്ങാനാവുന്ന വിലയുള്ള താമസം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ന്യൂയോർക്കിലെ തൊഴിലാളിവർഗത്തിന്റെ ഏറ്റവും അടിയന്തര ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന വിഷയങ്ങൾ. ഭൗതിക പ്രശ്നങ്ങളെക്കുറിച്ചും മംദാനി നിർദ്ദേശിച്ച പരിഹാരങ്ങളെക്കുറിച്ചും ഉന്മേഷദായകവും  എളുപ്പം ജനങ്ങളിലേക്ക് എത്തുന്നതുമായ രീതിയിൽ ആശയവിനിമയം നടത്താനും കഴിഞ്ഞു.

നഗരത്തിലെ തൊഴിലാളി യൂണിയനുകളിലും മംദാനി പ്രധാന ഇടപെടലുകൾ നടത്തി. ഐ. ടി. മേഖല, സിനിമ- ടെലിവിഷൻ രംഗം, നിർമ്മാണ മേഖല തുടങ്ങി സമസ്ത തൊഴിലാളി മേഖലകളിലെയും യൂണിയനുകളുടെ പിന്തുണ ആർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത് വളരെ പ്രധാനമായ ചുവടുവെപ്പായിരുന്നു. നഗരത്തിലുടനീളം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെയും തൊഴിലാളി യുണിയനുകളുടെയും പ്രതിനിധികൾ നേരിട്ട് പ്രചാരണം നടത്തി.

ന്യൂയോർക്ക് നഗരത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്ങ്ങളിൽ കേന്ദ്രീകരിച്ചു എന്നതായിരുന്നു സൊഹ്‌റാൻ മംദാനിയുടെ പ്രചാരണത്തിന്റെ പ്രത്യേകത.
ന്യൂയോർക്ക് നഗരത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്ങ്ങളിൽ കേന്ദ്രീകരിച്ചു എന്നതായിരുന്നു സൊഹ്‌റാൻ മംദാനിയുടെ പ്രചാരണത്തിന്റെ പ്രത്യേകത.

പലസ്തീനോട്‌ ഐക്യപ്പെടാനും മംദാനിക്ക് കഴിഞ്ഞു. സാർവ്വദേശീയതയെ ഉയർത്തിപ്പിടിക്കുന്നതും സാമാന്യബുദ്ധിയുള്ളതുമായ രീതിയിലാണ് മംദാനി സംസാരിച്ചത്. ‘ഇസ്രായേലിന് നിലനിൽക്കാൻ അവകാശമുണ്ടോ’ എന്ന് ചോദിച്ച വാചാലരായ പ്രമുഖർ ഒരുക്കിയ കെണിയിൽ വീഴുന്നതിനുപകരം, എല്ലാ പൗരർക്കും "തുല്യ അവകാശങ്ങളുള്ള ഒരു രാഷ്ട്രമായി" നിലനിൽക്കാൻ അതിന് അവകാശമുണ്ടെന്ന് മംദാനി വാദിച്ചു. ഈ പ്രചാരണത്തിന് സമാനമായ മുന്നേറ്റങ്ങളായിരുന്നു അയർലാൻഡിലെ ഇടതുപക്ഷ വിജയവും, ഡീ- ലിങ്കെ എന്ന ഇടതുപക്ഷ പാർട്ടി ജർമ്മനിയിൽ നടത്തിയ മുന്നേറ്റവും.

അടിച്ചമർത്തപ്പെട്ട വംശങ്ങൾ, ലൈംഗിക ന്യുനപക്ഷങ്ങൾ, കുടിയേറ്റ കുടുംബങ്ങൾ മുതലായ ജനസമൂഹങ്ങളുടെ പ്രശ്നങ്ങളെ മുതലാളിത്തത്തിൽനിന്ന് വേർപ്പെടുത്തി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ് സൊഹ്‌റാൻ മംദാനി, കാതറിൻ കോണോളി എന്നിവരെപ്പോലുള്ള നേതാക്കൾ. സൊഹ്‌റാൻ ക്വിയർ പതാക വീശുന്നതും, കറുത്തവരുടെയും ലാറ്റിനോ സമൂഹത്തിന്റെയും പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതും, കുടിയേറ്റ കുടുംബങ്ങളെ സംരക്ഷിക്കുന്നതും കാണാം. രാഷ്ട്രീയത്തെ വ്യക്തികേന്ദ്രികൃതമായി ചുരുക്കുന്ന ലിബറലുകളിൽ നിന്നോ, സമൂഹത്തെ ഭിന്നിപ്പിക്കാൻ സ്വത്വത്തെ ആയുധമാക്കുന്ന യാഥാസ്ഥിതികരിൽ നിന്നോ വ്യത്യസ്തമായി, മംദാനി ട്രാൻസ്ജെൻഡർ അവകാശങ്ങളെ പ്രതിരോധിക്കുകയും തന്റെ കുടിയേറ്റ മുസ്ലീം സ്വത്വത്തെ ഉയത്തിപ്പിടിക്കുകയും ചെയ്യുന്നു., കാരണം ഈ പോരാട്ടങ്ങൾ ഒരേ സാമൂഹിക മേഖലയിൽ നിന്നാണ് ഉയർന്നുവരുന്നത്.

സെഡ്രിക് റോബിൻസൺ വാദിച്ചതുപോലെ, "മുതലാളിത്തം അതിന്റെ തുടക്കം മുതൽ വംശീയമായിരുന്നു", ഫ്യൂഡൽ വംശീയ ക്രമങ്ങളിൽനിന്ന് ഉയർന്നുവന്ന് അതിന്റെ വികാസത്തിനുള്ള ഒരു വ്യവസ്ഥയായി വംശീയ വ്യത്യാസത്തെ ഉപയോഗിക്കുന്നത് തുടരുന്നു.

ജർമ്മനിയിൽ ഡീ- ലിങ്കെയുടെ അപ്രതീക്ഷിത പുനരുജ്ജീവനത്തിന് ഒരു വർഷത്തിനുള്ളിൽ ന്യൂയോർക്കിൽ മംദാനിയുടെ വിജയം വ്യക്തിഗത പ്രചാരണങ്ങളേക്കാൾ ആഴമേറിയ ഒന്നിലേക്ക് വിരൽ ചൂണ്ടുന്നു. രണ്ട് സാഹചര്യങ്ങളിലും, ഇടതുപക്ഷം രണ്ട് കെണികളെ ചെറുത്തുനിന്നിടത്ത് വിജയിച്ചു: ഘടനാപരമായ രാഷ്ട്രീയത്തിനുപകരം അതിവ്യക്തികേന്ദ്രികൃതവും കേവലം സ്വത്വരാഷ്ട്രീയത്തിൽ അധിഷ്ഠിതവുമായ “വോക്ക്” അടക്കമുള്ള രാഷ്ട്രീയ മാതൃകകൾ. മർദ്ദിത സ്വത്വങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ഭരണവർഗ്ഗം കണ്ടുപിടിച്ച ഒരു ശ്രദ്ധതിരിക്കൽ എന്ന് റദ്ദു ചെയ്തുകളയുന്ന മറ്റൊരു രാഷ്ട്രീയ മാതൃക. പകരം, രണ്ട് പ്രചാരണങ്ങളും വിട്ടുവീഴ്ചയില്ലാത്ത ഭൗതികവാദ അടിത്തറയിൽ ഉറച്ചുനിന്നു. തൊഴിലാളി വർഗ്ഗത്തിന്റെ ചൂഷണത്തിൽ നിന്ന് ലാഭം നേടുന്ന അതേ മുതലാളിത്ത വ്യവസ്ഥയെ നേരിടാതെ മർദ്ദിത വംശങ്ങൾ, സ്ത്രീകൾ, കുടിയേറ്റ ജനസമൂഹങ്ങൾ മുതലായ വിഭാഗങ്ങൾക്കെതിരായ ചൂഷണങ്ങളെയും നേരിടാനാവില്ല. ഇതിനെ സംബന്ധിച്ച് ഗൗരവകരമായ പ്രത്യയശാസ്ത്രചിന്തകളും സംവാദങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്, കൂടുതൽ മുന്നോട്ട് പോകേണ്ടതും ഉണ്ട്.

വംശീയ മുതലാളിത്തവും വിമോചനവും

ഈ പുതിയ രാഷ്ട്രീയ സാധ്യത മനസ്സിലാക്കുന്നതിന്, നീണ്ട നവലിബറൽ ഇരുണ്ട യുഗത്തിൽ ഇടതുപക്ഷം ഉപേക്ഷിച്ച ഒരു ചട്ടക്കൂടിനെ വീണ്ടെടുക്കേണ്ടതുണ്ട്: വംശീയ മുതലാളിത്തം. മുതലാളിത്തം കേവലം വംശീയശ്രേണിയെ അതിലേക്ക് സംയോജിപ്പിക്കുകയല്ല, സെഡ്രിക് റോബിൻസൺ വാദിച്ചതുപോലെ, "മുതലാളിത്തം അതിന്റെ തുടക്കം മുതൽ വംശീയമായിരുന്നു", ഫ്യൂഡൽ വംശീയ ക്രമങ്ങളിൽനിന്ന് ഉയർന്നുവന്ന് അതിന്റെ വികാസത്തിനുള്ള ഒരു വ്യവസ്ഥയായി വംശീയ വ്യത്യാസത്തെ ഉപയോഗിക്കുന്നത് തുടരുന്നു. മുതലാളിത്തം ഉയർന്നുവന്നപ്പോൾ യൂറോപ്യൻ ഫ്യൂഡൽ ശ്രേണികൾ, വംശീയ അക്രമം, കോളനിവൽക്കരണ പ്രേരണകൾ മുതലായവ അപ്രതീക്ഷിതമായില്ല എന്ന് റോബിൻസൺ വാദിക്കുന്നു. അവ മുതലാളിത്ത സഞ്ചയത്തിന്റെ ഘടനയായി രൂപാന്തരപ്പെട്ടു. തൊഴിലാളി വർഗ്ഗത്തെ വിഭജിക്കുക എന്നതിലുപരി, അധ്വാനത്തെ തന്നെ വേർതിരിക്കാനും (segment) മൂല്യം കുറയ്ക്കാനും (de-value) നിയന്ത്രിക്കാനും (control) കഴിയുന്ന ഒരു ഭൗതിക ആവശ്യകതയായിരുന്നു. ആഞ്ചല ഡേവിസ് ഈ ബന്ധം കൂടുതൽ മൂർച്ചയോടെ അവതരിപ്പിക്കുന്നു. ലിംഗപരവും വംശീയവുമായ തൊഴിൽ വിഭജനത്തിലൂടെയും കാർസറൽ (carceral) സ്റ്റേറ്റിന്റെ വികാസത്തിലൂടെയും മുതലാളിത്തം ചൂഷണത്തെ സ്വാഭാവികമാക്കുന്നതിനെ വിശദീകരിച്ചു. വംശീയ വാദവും വർഗ്ഗചൂഷണവും പരസ്പരം ശക്തിപ്പെടുത്തുകയും, വംശീയവൽകൃതമായ നീതിസംവിധാനം മുതലാളിത്തം സൃഷ്ടിക്കുന്ന മിച്ചം വന്ന തൊഴിലാളികളെ, (surplus labour and surplus population) അതിൽ പ്രധാനവും മർദ്ദിത വംശങ്ങളിൽ നിന്നാവും, അടിച്ചമർത്തിയും രണ്ടാംകിട പൗരരാക്കിയും ലാഭം സ്ഥിരപ്പെടുത്തുന്നു.

മുതലാളിത്തം ഉയർന്നുവന്നപ്പോൾ യൂറോപ്യൻ ഫ്യൂഡൽ ശ്രേണികൾ, വംശീയ അക്രമം, കോളനിവൽക്കരണ പ്രേരണകൾ മുതലായവ അപ്രതീക്ഷിതമായില്ല എന്ന് റോബിൻസൺ വാദിക്കുന്നു.
മുതലാളിത്തം ഉയർന്നുവന്നപ്പോൾ യൂറോപ്യൻ ഫ്യൂഡൽ ശ്രേണികൾ, വംശീയ അക്രമം, കോളനിവൽക്കരണ പ്രേരണകൾ മുതലായവ അപ്രതീക്ഷിതമായില്ല എന്ന് റോബിൻസൺ വാദിക്കുന്നു.

ഇത്തരം വിശകലനങ്ങളുടെ സമകാലിക വിചാരങ്ങളിൽ പ്രധാനമാണ് ഏഷ്യൻ- അമേരിക്കൻ ചിന്തകയും കവിയുമായ ജാക്കി വാങിന്റെ ‘കാർസെറൽ ക്യാപിറ്റലിസം’ (Carceral Capitalism). വംശീയവൽക്കരണം കേവലം സാംസ്‌കാരിക ഉൽപ്പന്നമല്ല, അത് വായ്പാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ (debt economy), ക്രെഡിറ്റ് സ്കോറിംഗ് (credit scoring), പ്രവചനാത്മക പോലീസിംഗ് ( Predictive policing), വംശീയ പ്രൊഫൈലിംഗ് (racial profiling) മുതലായ നവലിബറൽ കാലത്തെ മുതലാളിത്ത അടിച്ചമർത്തൽ ഉപകരണങ്ങളെ രൂപപ്പെടുത്തുന്നു എന്ന് ജാക്കി വാങ് തെളിവുകൾ നിരത്തി കാണിക്കുന്നു. മുതലാളിത്തത്തിന് നിലനിൽക്കാൻ നിരന്തരം മുതലാളിത്ത ബാഹ്യമായ മേഖലകളെ  അക്രമാസക്തമായ ചൂഷണത്തിനു വിധേയമാക്കണം. അതിനാൽ തന്നെ സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന ആശയം മുന്നോട്ട് വെച്ച ലക്സംബർഗിന്റെ ഉൾക്കാഴ്ചയെ വാങ് ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് വിശദീകരിക്കുന്നുണ്ട്.

കറുത്ത വർഗ്ഗക്കാർ, ലാറ്റിനോ വിഭാഗങ്ങൾ, ആദിമ നിവാസികൾ, കുടിയേറ്റക്കാർ എന്നിങ്ങനെ വംശീയവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ സമകാലിക സാഹചര്യത്തിൽ ‘മുതലാളിത്ത ബാഹ്യമായ മേഖലകളിൽപ്പെടുന്നു’ എന്ന് വാങ് വാദിക്കുന്നു. ജാക്കി വാങിനു പുറമെ റോബിൻ ഡി. ജി. കെല്ലി, റൂത്ത് വിൽസൺ ഗിൽമോർ, കീംഗ-യമഹ്ത ടെയ്‌ലർ മുതലാവരും ഈ വിഷയത്തെ പറ്റി എഴുതുന്നുണ്ട്. വംശീയത, ക്യുർഫോബിയ (Queerphobia), സ്ത്രീവിരുദ്ധത എന്നിവ അരക്ഷിതാവസ്ഥ അസമമായി വിതരണം ചെയ്തുകൊണ്ട് മുതലാളിത്ത ലാഭക്ഷമത സ്ഥിരപ്പെടുത്തുന്നു.

ഇത്തരം പുതിയ ആഖ്യാനങ്ങൾ മാർക്സിനെ നിഷേധിക്കുന്നതല്ലേ എന്ന് പ്രഥമദൃഷ്ടിയിൽ തോന്നാം. എന്നാൽ ഈ ചട്ടക്കൂട് മാർക്സിസത്തിന് പുറത്തുള്ളതല്ല എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ അധികം വയ്ക്കപ്പെടാത്തതും അവഗണിക്കപ്പെട്ടതുമായ രചനകളുമായി ശക്തമായി യോജിക്കുന്നതുമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ എത്‌നോളജിക്കൽ നോട്ട്ബുക്കുകൾ (The Ethnological Notebooks), ശാസ്ത്ര നോട്ട്ബുക്കുകൾ, കത്തിടപാടുകൾ, ദ ക്രിട്ടിക് ഓഫ് ദ ഗോത്ത പ്രോഗ്രാം (Critique of the Gotha Programme) തുടങ്ങിയ കൃതികൾ.

ധാർമ്മിക ശക്തിയും തെരഞ്ഞെടുപ്പ് വിജയങ്ങളും ഉണ്ടായിരുന്നിട്ടും, വളർന്നുവരുന്ന ഇടതുപക്ഷത്തിന് തൊഴിലാളിവർഗത്തിലെ സംഘടനാ, സാംസ്കാരിക, സ്ഥാപനപരമായ അടിത്തറ ഇപ്പോഴും ഇല്ല.

മുതലാളിത്ത വികസനത്തിന്റെ ഘടനാപരമായ ഘടകങ്ങളായി സാമുദായിക ഭൂവ്യവസ്ഥകൾ, തദ്ദേശീയ പ്രതിരോധം, കൊളോണിയൽ കൊള്ള, സ്വതന്ത്രമല്ലാത്ത അധ്വാനം (unfree labour) എന്നിവയെ മാർക്സ് ഇവിടെ പരിശോധിക്കുന്നു.  വ്യാവസായിക തൊഴിലാളിവർഗത്തിന്റെ മാത്രം ചിന്തകനെന്ന നിലയിലുള്ള മാർക്സിന്റെ യൂറോ- സെൻട്രിക് ചിത്രീകരണത്തെ കൂടിയാണ് മാർക്സ് ഇവിടെ സ്വയം തകർക്കുന്നത്. ഐറിഷ് കർഷകതൊഴിലാളികൾ മുതൽ അടിമത്തം നേരിട്ട കറുത്ത വർഗ്ഗക്കാർ വരെയുള്ള സ്വതന്ത്രമല്ലാത്ത (unfree labour) അധ്വാനത്തിന്റെ രൂപങ്ങളെ മൂലധനം എങ്ങനെ എങ്ങനെ പരിവർത്തനം ചെയ്യുകയും വംശീയവൽക്കരിക്കുകയും ചെയ്യുന്നു എന്നതിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ, റോബിൻസണും ഡേവിസും പിന്നീട് സിദ്ധാന്തിച്ചത് മുൻകൂട്ടി കാണുന്നു. വംശീയ മുതലാളിത്തത്തിന്റെ വിശകലനത്തിൽ വേരൂന്നിയ ഒരു മാർക്സിസത്തിന് പ്രസക്തിയേറുകയാണ്. അത്തരത്തിലൊരു ആശയത്തിന് മാത്രമേ അടിച്ചമർത്തപ്പെട്ട സ്വത്വങ്ങൾ ചൂഷണത്തിന്റെ ഏറ്റവും മൂർച്ചയുള്ള വശങ്ങൾ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടെന്നും സാർവത്രികമായ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിനു മാത്രമേ ആ അവസ്ഥകളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നും വിശദീകരിക്കാൻ കഴിയൂ.

കറുത്ത വർഗ്ഗക്കാർ, ലാറ്റിനോ വിഭാഗങ്ങൾ, ആദിമ നിവാസികൾ, കുടിയേറ്റക്കാർ എന്നിങ്ങനെ വംശീയവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ സമകാലിക സാഹചര്യത്തിൽ ‘മുതലാളിത്ത ബാഹ്യമായ മേഖലകളിൽപ്പെടുന്നു’ എന്ന് വാങ് വാദിക്കുന്നു.
കറുത്ത വർഗ്ഗക്കാർ, ലാറ്റിനോ വിഭാഗങ്ങൾ, ആദിമ നിവാസികൾ, കുടിയേറ്റക്കാർ എന്നിങ്ങനെ വംശീയവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ സമകാലിക സാഹചര്യത്തിൽ ‘മുതലാളിത്ത ബാഹ്യമായ മേഖലകളിൽപ്പെടുന്നു’ എന്ന് വാങ് വാദിക്കുന്നു.

ഇരുണ്ട യുഗത്തിൽനിന്നുള്ള പുറത്തുകടക്കൽ

ധാർമ്മിക ശക്തിയും തെരഞ്ഞെടുപ്പ് വിജയങ്ങളും ഉണ്ടായിരുന്നിട്ടും, വളർന്നുവരുന്ന ഇടതുപക്ഷത്തിന് തൊഴിലാളിവർഗത്തിലെ സംഘടനാ, സാംസ്കാരിക, സ്ഥാപനപരമായ അടിത്തറ ഇപ്പോഴും ഇല്ല. യൂണിയനുകളും ബഹുജന സംഘടനകളും ഇല്ലാതെ ഒരു തിരഞ്ഞെടുപ്പ് തരംഗത്തിനും നിലനിൽക്കാനാവില്ല. അതുകൊണ്ടുതന്നെ എത്ര വലിയ തെരഞ്ഞെടുപ്പ് വിജയങ്ങളും ഇതിന് പകരമാവില്ല. ഇടതുപക്ഷം എവിടെയെങ്കിലും തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, വർഗസംഘടനകളെ പുനർനിർമ്മിക്കുന്നതിനുള്ള പ്രചോദനമായി ഈ വിജയങ്ങൾ ഉപയോഗിക്കണം.

വിവേക് ചിബ്ബർ ഈ പ്രക്രിയയെ പറ്റി പറയുന്നത് ഇങ്ങനെയാണ്: “ഈ പ്രക്ഷുബ്ധമായ രാഷ്ട്രീയ യുഗത്തിൽ, ഇടതുപക്ഷം തങ്ങളുടെ ചരിത്രപരമായ അധികാര സ്രോതസ്സുകൾ പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് കേൾക്കുന്നത് സാധാരണമാണ്. എന്നാൽ ഇടതുപക്ഷം അടിസ്ഥാനപരമായി ഒരു പുനരാരംഭിക്കൽ പ്രക്രിയയിലാണെന്ന് പറയുന്നതാണ് കൂടുതൽ കൃത്യം.”

നവലിബറൽ കാലഘട്ടത്തിലെ ഇടതുപക്ഷത്തിന്റെ ഭീരുത്വം നിറഞ്ഞ രൂപീകരണത്തെ പുതിയ ഇടതുപക്ഷം പ്രതിഫലിപ്പിക്കില്ല. അത് കൂടുതൽ ശക്തവും ഉദ്ദേശ്യശുദ്ധിയിൽ വ്യക്തവും, മുതലാളിത്തം എഴുതിത്തള്ളിയ ആളുകളുടെ ജീവിച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയതുമായിരിക്കും.സാമ്പത്തിക ഞെരുക്കത്തിന്റെയും അസംഘടിത തൊഴിലാളിവർഗത്തിന്റെയും തകർന്ന യൂണിയനുകളുടെയും തകർച്ചയുടെ കാലത്തിനും ശേഷം പുതിയ ഐക്യദാർഢ്യങ്ങൾ ഉയർന്നുവരുന്നു. അവ പല രീതിയിലും അപൂർണമാണ്. എന്നാൽ നിഷേധിക്കാനാവാത്തവിധം യഥാർത്ഥവുമാണ്. ഇവയുടെ വളർച്ച ലളിതവും ബുദ്ധിമുട്ടുള്ളതുമായ ഒരു തിരിച്ചറിവിനെ ആശ്രയിച്ചിരിക്കുന്നു.

മുന്നോട്ടുപോകുന്നതിന്, മാർക്സിസത്തെ ജീവസുറ്റ ഗവേഷണ പരിപാടിയായി വീണ്ടെടുക്കണ്ടതുണ്ട്.

വർഗ്ഗവിമോചനം മർദ്ദിതസ്വത്വങ്ങളുടെ വിമോചനത്തിൽ നിന്ന് വേർപ്പെടുത്തി കാണാനാവില്ല. മർദ്ദിതസ്വത്വങ്ങളുടെ വിമോചനം ഒരിക്കലും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വേർപ്പെടുത്തി സാധ്യമല്ല. യൂണിയനുകളുമായും തൊഴിലാളിവർഗ്ഗവുമായുമുള്ള ജൈവിക ബന്ധത്തിന്റെ നഷ്ടവും, മുതലാളിത്തം മർദ്ദിത സത്വങ്ങളെ അടിച്ചമർത്തുന്ന രീതി മനസ്സിലാക്കാതെ പോയതും ബ്രിട്ടീഷ് മധ്യ- ഇടതു പാർട്ടികൾ ഇന്ന് നേരിടുന്ന വലിയ ആന്തരിക വൈരുധ്യങ്ങളുടെ പിന്നിലെ ഒരു കാരണമാണ്. ആശയപരമായി ഇടതു സ്‌പെക്ട്രം നിലന്നിന്നിരുന്ന ഇടത്തേക്ക് ‘വോക്കിസം’ കടന്നുവന്നതോടെ തൊഴിലാളികളിൽ ഒരു വലിയ വിഭാഗവും രാഷ്ട്രീയമായി ഇടതുപക്ഷത്തു നിന്ന് അകന്നു. തുടർന്ന് കുടിയേറ്റക്കാർ, കറുത്ത വംശജർ തുടങ്ങിയ ജനവിഭാഗങ്ങളെ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെയും നിയോ ലിബറൽ കെണിയുടെയും ഭാഗമായി അന്യവൽക്കരിക്കയും ചെയ്തു, ഈ പാർട്ടികൾ.

മുന്നോട്ടുപോകുന്നതിന്, മാർക്സിസത്തെ ജീവസുറ്റ ഗവേഷണ പരിപാടിയായി വീണ്ടെടുക്കണ്ടതുണ്ട്. നമ്മുടെ കാലത്തെ പ്രതിസന്ധികളോട് പ്രതികരിക്കുംവിധം പരിണമിക്കുകയും, പൊരുത്തപ്പെടുകയും, മൂർച്ച കൂട്ടുകയും ചെയ്യുന്ന ഒന്നായി മാർക്സിസത്തെ മാറ്റാനാവശ്യമായ പ്രത്യയശാസ്ത്ര സംവാദങ്ങളും ചർച്ചകളും ഉണ്ടാവേണ്ടതുണ്ട്. ഇതിനു കെല്പുള്ള ബുദ്ധിജീവിനിരയും ഉയരുന്നുവരേണ്ടതുണ്ട്. അതിൽ ഗ്രാംഷി പറഞ്ഞ ജൈവ ബുദ്ധിജീവികളുടെ സാന്നിധ്യവും ഉണ്ടാവണം.

ഗ്ലോബൽ സൗത്തിലെ പ്രശ്നങ്ങളുടെ സ്വഭാവം വ്യത്യസ്തമാണ് എന്ന വിഷയവും, ഇതുവരെയുള്ള ചർച്ചകളിൽ ഇതെങ്ങനെ അഡ്രസ് ചെയ്യാം എന്നതും കാര്യമായി വികസിപ്പിക്കാനായിട്ടില്ല. ആ ദിശയിലുള്ള ചർച്ചകൾ പുരോഗമിക്കേണ്ടതുണ്ട്. വിവേക് ചിബ്ബർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “സോഷ്യൽ ഡെമോക്രസി, അതിന്റെ ചരിത്രപരമായ എല്ലാ നേട്ടങ്ങൾക്കുമൊപ്പവും, ഒരു രാഷ്ട്രീയ ലക്ഷ്യസ്ഥാനമല്ല, മറിച്ച് ഒരു പരിവർത്തന ഘട്ടമാണെന്ന് തിരിച്ചറിയുക എന്നതും ഇതിനർത്ഥമാണ്”.
വംശീയ മുതലാളിത്തത്തെ നേരിടാനും, തൊഴിലാളിവർഗശക്തി പുനർനിർമ്മിക്കാനും, സമൂഹത്തെ അതിന്റെ വേരുകളിൽ പരിവർത്തനം ചെയ്യാനും കഴിവുള്ള ജനാധിപത്യ, സാർവത്രിക സോഷ്യലിസമായി അന്തിമലക്ഷ്യം നിലനിൽക്കണം.


Summary: Future of Left politics ideology in first world countries, Naveen Prasad Alex writes about global politics.


നവീൻ പ്രസാദ് അലക്സ്

ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ബയോളജിയിൽ IMPRS ഫെലോ. ഇക്കോളജി, എവല്യൂഷണറി ബയോളജി എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്നു.

Comments