Photo: Oleg Petrasiuk via Defence of Ukraine, Twitter

യുദ്ധപക്ഷത്തെ മലയാളി

ലോകത്തിലെവിടെയും മനുഷ്യർക്കുനേരെ അതിക്രമങ്ങൾ സംഭവിക്കുമ്പോൾ അതിനോട് സർഗാത്മകമായി പ്രതികരിക്കുന്നതായിരുന്നു ആധുനിക മലയാളിയുടെ സ്വഭാവം. നിരായുധരായ ജനങ്ങളുടെ മേൽ സായുധരായ സൈനികർ നടത്തുന്ന കിരാതവും ഭയാനകവുമായ ഉറഞ്ഞാട്ടമാണ് യുക്രെയ്​നിൽ നടക്കുന്നത്. എന്നിട്ടും, നമുക്കിടയിൽനിന്ന്​ അതിനെതിരെ ഒരു പ്രതികരണമുണ്ടാകാത്തത്​ എന്തുകൊണ്ടാണ്​?

തിനായിരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മരിയോപോളിൽ കൊല്ലപ്പെട്ടുവെന്നും തന്ത്രപ്രധാനമായ തുറമുഖനഗരത്തിന്റെ നിയന്തണത്തിനായുള്ള ‘അവസാന യുദ്ധം' ആരംഭിച്ചുവെന്നും യുക്രെയ്​ൻ പ്രസിഡന്റ്‌ വൊളോദിമർ സെലൻസ്‌കി ഏപ്രിൽ 11-ന്​ ലോകത്തോട് വിളിച്ചുപറഞ്ഞു. പിന്തുണയ്ക്കുന്ന രാജ്യങ്ങളോട് സെലൻസ്‌കി ചെറുത്തുനിൽപ്പിനായി കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ തീർന്നുപോയേക്കാമെന്ന്​ മരിയോപോളിലെ യുക്രെയ്​ൻ സൈനികർ പറയുന്നു.

യുക്രെയ്​നും റഷ്യയും തമ്മിൽ നടന്നുവരുന്ന നയന്തന്ത്ര ചർച്ചകൾ എന്തെങ്കിലും ഫലം കാണുമെന്ന്​ ആരും ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ 90 ശതമാനവും തകർന്നുപോയിരിക്കുന്നു. തെരുവുകളിൽ മൃതദേഹങ്ങൾ പരവതാനി വിരിച്ചിരിക്കുന്നു. മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന യന്ത്രങ്ങളുമായി റഷ്യൻ സൈന്യം നഗരത്തിൽ സഞ്ചരിച്ച്​ ശവങ്ങളെ ഒഴിവാക്കുന്നു. അരുംകൊലകളുടെ സംഹാരചിത്രങ്ങൾ ലോകം അറിയാതിരിക്കാനായി, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വാഹനവ്യൂഹത്തെ നഗരത്തിൽ പ്രവേശിപ്പിക്കാതെ തടയുകയാണ് റഷ്യൻ സൈന്യം- മരിയോപോളിന്റെ മേയർ വദീം ബോയ്‌ചെങ്കോ കഴിഞ്ഞയാഴ്ച അസോസിയേറ്റ് പ്രസ്സിനോട് തന്റെ നഗരചിത്രങ്ങൾ പറഞ്ഞതിങ്ങനെയാണ്.

മരിയോപോളിന്റെ മേയർ വദീം ബോയ്‌ചെങ്കോ

ഈ യുദ്ധം ഒരു മായാ റിയലിസമല്ല

കഴിഞ്ഞ ഫെബ്രുവരി 24-ന്​ റഷ്യ യുക്രെയ്​നെ കടന്നാക്രമിച്ചു തുടങ്ങിയതിൽ പിന്നെ ആകെ 44 ദശലക്ഷം വരുന്ന യുക്രെയ്​ൻ ജനതയിൽ 10 ദശലക്ഷത്തിലധികമാളുകൾ ജീവരക്ഷ തേടി വീടുകളുപേക്ഷിച്ച് പോയിരിക്കുന്നു എന്നാണ്​ മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. അതിൽ സ്ത്രീകളും കുട്ടികളും ഭൂരിപക്ഷമായ 31 ലക്ഷം പേർ രാജ്യം വിട്ടുപോയവരും ബാക്കി അന്നാട്ടിൽ തന്നെ രക്ഷ ആഗ്രഹിച്ച് വേറെ ഇടങ്ങളിലേയ്ക്ക് പലായനം ചെയ്തവരുമാണ്. മരിയോപോളിലും സുമിയിലും അവശേഷിച്ച മനുഷ്യർ ദാരുണസ്ഥിതിവിശേഷത്തെയാണ് അഭിമുഖീകരിക്കുന്നത്. ആകാശത്തുനിന്നും കരയിൽനിന്നും നടത്തിയ ആക്രമണങ്ങളിൽ റഷ്യ, യുക്രെയ്​ൻ നഗരങ്ങളുടെ അസ്ഥിവാരം തകർത്തുകളഞ്ഞിട്ടുണ്ട്. ആംനെസ്റ്റി ഇൻറർനാഷനൽ സെക്രട്ടറി ജനറൽ കഴിഞ്ഞമാസം ഒടുവിൽ പറഞ്ഞത്, മരിയോപോൾ ഉപരോധത്തിൽ റഷ്യ മാനുഷിക പരിഗണനകളെയെല്ലാം ലംഘിച്ചിരിക്കുന്നുവെന്നാണ്. ജീവരക്ഷ തേടിപ്പോകാൻ ജനങ്ങളെ അനുവദിക്കാതിരിക്കുന്നതും അവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത്​ തടയുന്നതും ആക്രമണങ്ങൾക്ക് സാധാരണ ജനങ്ങളെ ലക്ഷ്യംവയ്ക്കുന്നതും യുദ്ധക്കുറ്റങ്ങളാവുന്ന ചെയ്തികളാണ്.

ആകാശത്തുനിന്നും കരയിൽനിന്നും നടത്തിയ ആക്രമണങ്ങളിൽ റഷ്യ, യുക്രെയ്​ൻ നഗരങ്ങളുടെ അസ്ഥിവാരം തകർത്തുകളഞ്ഞിട്ടുണ്ട്. / Photo: Defence of Ukraine, Twitter

നിരന്തരം ഷെല്ലാക്രമണങ്ങൾ നടത്തുകയും സൈനികർ നേരിട്ട് ക്രൂരമായി പെരുമാറുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലെ കടുത്ത സുരക്ഷാഭീഷണി കാരണം, പെട്ടുപോയ ഇടങ്ങളിൽനിന്ന്​ രക്ഷപ്പെടാനാവാതെ യുദ്ധമേഖലയിൽ കുടുങ്ങി ആപത്തിൽപെട്ടിരിക്കുന്നവർ മറ്റൊരു 12 ദശലക്ഷം എന്നാണ്​കണക്കാക്കുന്നത്. ആയിരം കോടി ഡോളർ നിർമാണച്ചെലവു വരുന്ന റോഡുകളും പാലങ്ങളും മറ്റു അടിസ്ഥാനസൗകര്യങ്ങളും തകർക്കപ്പെട്ടു എന്ന് ​യുക്രെയ്​ൻ അധികാരികൾ പറയുന്നു. കുടുങ്ങിക്കിടക്കുന്നവരുടെ ഭക്ഷണത്തിന്റെയും മരുന്നുകളുടെയും ലഭ്യത കൂടി നിലച്ചുപോയേക്കാം. വഴികൾ സുഗമമല്ലാത്തതിനാൽ അവരുടെ രക്ഷപ്പെടൽ അസാധ്യമായിട്ടുണ്ട്.
ആറാഴ്ച നീണ്ട പീരങ്കിപ്പട്ടാളത്തിന്റെ ആഗ്‌നേയാസ്ത്രപ്രയോഗത്തിനും മിസൈൽ വർഷങ്ങൾക്കും പിന്നാലെ കാലാൾപ്പടയുടെ കടന്നുകയറ്റത്തിനുശേഷമാണ് ഏപ്രിൽ ആദ്യ ആഴ്ച റഷ്യൻ സൈനികർ പൊടുന്നനെ കീവിൽ നിന്ന്​ മടങ്ങിയത്. നഗരത്തെ തവിടുപൊടിയാക്കുംവിധം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക മാത്രമല്ല, സാധാരണ ജനങ്ങളെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്താണ് അവർ മടങ്ങിയത്. റഷ്യൻ സൈനികർ പോയിക്കഴിഞ്ഞപ്പോൾ കീവിന്റെ നഗരപ്രാന്തമായ ബുച്ചയിൽ നൂറുകണക്കിന് സാധാരണ ജനങ്ങളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി വാർത്തകൾ വന്നു.

യുദ്ധചിത്രത്തെ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾ യൂറോപ്പിലും അമേരിക്കയിലും നടത്തുന്ന പ്രചാരണ പ്രവർത്തനമായും നിർമിതബുദ്ധി ഘടിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകൾ ഉത്പാദിപ്പിക്കുന്ന മായാ റിയലിസമായും വ്യാഖ്യാനിക്കുന്നുണ്ട്.

ഈ വിധം ഒരു യുദ്ധചിത്രത്തെ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങൾ യൂറോപ്പിലും അമേരിക്കയിലും നടത്തുന്ന പ്രചാരണ പ്രവർത്തനമായും നിർമിതബുദ്ധി ഘടിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകൾ ഉത്പാദിപ്പിക്കുന്ന മായാ റിയലിസമായും വ്യാഖ്യാനിക്കുന്നുണ്ട്. യുദ്ധനാശത്തിന്റെ ചിത്രങ്ങൾ ഒരുപക്ഷെ അങ്ങനെ ഉത്പാദിപ്പിക്കപ്പെട്ടതാവാം. എന്നാൽ, യുക്രെയ്നുള്ളിലുള്ള ജനങ്ങൾ സുരക്ഷിതസ്ഥലങ്ങൾ എന്ന്​ അവർ കരുതിയ സ്ഥലങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നതിന്റെ തെളിവുകൾ ധാരാളം പുറത്തുവന്നിട്ടുണ്ട്. ജനം അയൽരാജ്യങ്ങളിലേക്ക് കുടിയേറിപ്പോകുന്നതും ഭക്ഷ്യധാന്യ വിതരണശ്രംഖലകൾ തകർന്നതിനെതുടർന്ന്​ മനുഷ്യർ ദുരിതമനുഭവിക്കുന്നതും കമ്പ്യൂട്ടറിലെ നിർമിതബുദ്ധിയ്ക്ക് മായാ റിയലിസം വഴി സൃഷ്ടിക്കാനാവില്ല.

ഉക്രൈനിലെ ബുച്ചയിൽ ഒരു ബേസ്‌മെന്റിൽ കൊല്ലപ്പെട്ട സിവിലിയൻസ്. കൈകൾ പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉക്രൈൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രം.

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യൂണിസെഫ് എമർജൻസി പ്രോഗ്രാം ഡയരക്ടർ മാനുവൽ ഫോണ്ട്‌ടൈൻ ഏപ്രിൽ 11-ന്​ യു.എൻ. സെക്യൂരിറ്റി കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്ര ചെറിയ കാലയളവിൽ ഇത്രമാത്രം കേടുപാടുകൾ വരുത്തുന്നത് തന്റെ 31 വർഷത്തെ യുദ്ധഭൂമിയിലെ ദുരിതാശ്വാസപ്രവർത്തന ചരിത്രത്തിൽ കണ്ടിട്ടില്ലെന്നാണ് മാനുവൽ ഫോണ്ട്‌ടൈൻ പറഞ്ഞത്. നൂറുകണക്കിന് പാർപ്പിടങ്ങളെയാണ്​ യുദ്ധം നശിപ്പിച്ചത്. ആശുപത്രികളും ആരോഗ്യപരിപാലന കേന്ദ്രങ്ങളും അവിടുത്തെ ഉപകരണങ്ങളും ആക്രമിക്കപ്പെടുകയും ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന അനേകം പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടർന്ന്​ ജനങൾക്ക് അടിയന്തര വൈദ്യസഹായവും മരുന്നുകളും ലഭിക്കുക നഗരങ്ങളിൽ അസാധ്യമായിരിക്കുന്നു എന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യക്ഷ വ്യക്തതയുള്ള ആ അനുഭവസാക്ഷ്യങ്ങൾ യുക്രെയ്​നിലെ യുദ്ധം മറ്റേതൊരു യുദ്ധവും പോലെ നൃശംസത നിറഞ്ഞതാണെന്നു തെളിയിക്കുന്നു. നിരായുധരായ ജനങ്ങളുടെമേൽ സായുധരായ സൈനികർ നടത്തുന്ന കിരാതവും ഭയാനകവുമായ ഉറഞ്ഞാട്ടമാണ് യുക്രെയ്​നിൽ നടക്കുന്നത്.
യുക്രെയ്​ൻ അധിനിവേശത്തിന്​ റഷ്യ തുനിഞ്ഞിറങ്ങിയത് ഇപ്പോഴാണ്. അതാകട്ടെ ‘നാറ്റോ’യുടെ തന്ത്രപരമായ യുക്രെയ്​ൻ അധിനിവേശം കഴിഞ്ഞശേഷവും. ഈ യുദ്ധത്തിൽ പ്രത്യക്ഷത്തിൽ വരാതെ വൊളോദിമിർ സെലൻസ്‌കിയെ മുൻനിർത്തി യുദ്ധം ചെയ്യുന്നത് ‘നാറ്റോ’ സഖ്യ രാജ്യങ്ങളാണ്​.

റഷ്യയുടെ ‘നല്ല യുദ്ധം’

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ശീതയുദ്ധം അവസാനിച്ചു എന്ന്​ ലോകം കരുതിയെങ്കിലും അത്​അവസാനിച്ചിരുന്നില്ല. കാരണം ശീതയുദ്ധം ആരംഭിക്കുന്നത് സോവിയറ്റ് യൂണിയന്റെ പ്രഭാവം കാരണമല്ല, മറിച്ച് റഷ്യയായിരുന്നു യഥാർഥ കാരണമെന്നുവേണം അനുമാനിക്കാൻ. മാർക്‌സിസത്തെക്കാൾ പാശ്ചാത്യ ശക്തികൾക്കു കീഴ്‌പ്പെടുത്തേണ്ടിയിരുന്നത് റഷ്യയെയാണ്​. വിഭവ ധാരാളിത്തത്തോടെ ഭൂമിയുടെ ആറിലൊന്നു പരന്നുകിടക്കുന്ന സമ്പന്ന രാജ്യം. കോളനിവാഴ്ചക്കാലത്തെ വൻശക്തികൾക്ക്​ വഴങ്ങാതെ റഷ്യ അജയ്യതയോടെ നിലകൊണ്ടു. കോളനിവാഴ്​ചയ്ക്ക്​ അന്ത്യം സംഭവിച്ചിട്ടും ലോകത്തെ വെറുതെവിടാൻ യൂറോപ്പിലെയും അമേരിക്കയിലെയും വരേണ്യശക്തികൾ തയ്യാറല്ലായിരുന്നു. ഭൂമിയിലെ മുഴുവൻ വിഭവങ്ങളും സമ്പത്തും തങ്ങളുടെ വരുതിയിൽ നിലനിർത്താൻ അവർ ആവിഷ്‌കരിച്ച നിയോ കൊളോണിയൽ മുതലാളിത്തനയങ്ങളുടെ നടപ്പാക്കലും അടിച്ചേൽപ്പിക്കലുമായി സാമ ദാന ദണ്ഡങ്ങളുടെ കഥയാണ് കഴിഞ്ഞ ഏഴെട്ടു ദശകങ്ങളിലെ ഭൂമിയുടെ ചരിത്രം.

പുടിനെ പിന്തുണയ്ക്കുന്നവർ തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. റഷ്യ - യുക്രെയ്​ൻ യുദ്ധത്തിന്റെ ഈ ഘട്ടത്തിൽ വിജയിച്ചുനിൽക്കുന്നത് പാശാത്യസഖ്യത്തിന്റെ തന്ത്രങ്ങളാണ്.

ജനാധിപത്യയുഗത്തിൽ അധികാരം പൗരന്മാർക്കാണ്​. പക്ഷെ മനുഷ്യർ ഏറെയുള്ള ഏഷ്യയിലെ ഗവൺമെന്റുകളിൽ നിന്നല്ല റഷ്യയുടെ നേതൃത്വത്തിലാണ്, പാശ്ചാത്യശക്തികൾക്ക്​ ഏറ്റവും ഫലപ്രദമായ ചെറുത്തുനിൽപ്പും വെല്ലുവിളിയും ഉയർന്നത്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ റഷ്യയുമായി അതിരുപങ്കിടുന്ന രാജ്യങ്ങളിലേയ്ക്ക് നാറ്റോയെ വികസിപ്പിക്കുകയില്ലെന്ന്​ പാശ്ചാത്യശക്തികൾ വാക്ക് കൊടുത്തിരുന്നെങ്കിലും അതു ലംഘിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ മൂന്നുദശകങ്ങളിലും അമേരിക്കയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരുന്നത്. എണ്ണപ്പണത്തിലധിഷ്​ഠിതമായ സമ്പദ്​വ്യവവസ്ഥ ലോകത്തെ നിയന്ത്രിച്ചിരുന്ന കഴിഞ്ഞ ദശകങ്ങളിൽ റഷ്യ തങ്ങളുടെ അളവില്ലാത്ത ഓയിൽ- ഗ്യാസ് നിക്ഷേപങ്ങളിൽ നിന്ന്​ വീണ്ടും ധനശക്തിയാർജിക്കുകയാണ് ചെയ്തത്. മാത്രമല്ല, മാർക്‌സിസം ഇല്ലാത്ത ഒരു സോവിയറ്റ് യൂണിയൻ ലക്ഷ്യമിട്ട് റഷ്യ സമഗ്രാധിപതിയായ വ്‌ളാദിമിർ പുടിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോവുകയുമാണ്. റഷ്യയെ പിടിച്ചുകെട്ടാൻ യുക്രെയ്നിലെ തങ്ങളുടെ പാവകളെയാണ് പാശ്ചാത്യശക്തികൾ ഉപയോഗിച്ചത്. പ്രകോപിതനായ പുടിന്​ മറ്റു വഴിയൊന്നുമില്ലെന്നും ഈ യുദ്ധം പാശ്ചാത്യസഖ്യം വരുത്തിവച്ചതാണെന്നും വാദിച്ച്​ വ്‌ളാദിമിർ പുടിനെയും യുദ്ധത്തെയും പിന്തുണയ്ക്കുന്നവർ ധാരളമുണ്ട്.

വ്‌ളാദിമിർ പുടിൻ

പുടിനെ പിന്തുണയ്ക്കുന്നവർ തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. റഷ്യ - യുക്രെയ്​ൻ യുദ്ധത്തിന്റെ ഈ ഘട്ടത്തിൽ വിജയിച്ചുനിൽക്കുന്നത് പാശാത്യസഖ്യത്തിന്റെ തന്ത്രങ്ങളാണ്. റഷ്യയുടെ ധനപ്രമത്തതയുടെ നട്ടെല്ലൊടിക്കണം എന്ന ലക്ഷ്യത്തോടെ ഗൾഫിലെ രാജ്യങ്ങളോടുചേർന്ന്​അമേരിക്ക എണ്ണയുടെ ഉത്പാദനം വർധിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി എണ്ണയുടെ വില ലോക കമ്പോളത്തിൽ കുറച്ചുകൊണ്ടുവന്നിട്ടും റഷ്യയുടെ ധനശക്തിയെയും റൂബിളിന്റെ മൂല്യത്തെയും അവർക്ക് തോൽപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഈ യുദ്ധം പ്രഖ്യാപിച്ച ദിവസം തന്നെ അവർ വിജയിച്ചുതുടങ്ങി. സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച്​ റഷ്യയുടെ നിക്ഷേപങ്ങൾ മരവിപ്പിക്കുവാനും വിദേശ വ്യാപാരം തടയാനും അവർ കാത്തിരിക്കുകയായിരുന്നു. അനവധി പരോക്ഷ യുദ്ധങ്ങൾ അവർ ആരംഭിച്ചു. റൂബിൾ സർവകാല തകർച്ചയിലേക്ക് പോയി. വ്‌ളാദിമിർ പുടിനെന്ന അതിശക്തനായ നായകന്​ ലോകമദ്ധ്യത്തിൽ നിഷ്ഠൂരനായ ചെകുത്താന്റെ പ്രതിച്​ഛായ ചാർത്തിക്കൊടുത്തു. പുടിന്റെ മാർഷൽ ആർട്ട് യോഗ്യതകളായ ഏതൊക്കെയോ ബെൽറ്റുകൾ പോലും ആരെല്ലാമോ തിരിച്ചെടുത്തു.

സൈനികേതരമായ ഒന്നും ആക്രമിച്ചു നശിപ്പിക്കാതെ, അമിത ബലപ്രയോഗം നടത്താതെ, സാധാരണ ജനങ്ങളെ ഉപദ്രവിക്കാതെയുള്ള നല്ല യുദ്ധമാണ് തങ്ങൾ ചെയ്യുന്നതെന്ന്​ ഇപ്പോൾ റഷ്യ നിലപാടെടുക്കുന്നുണ്ട്. പ്രസിഡൻറ്​ പുടിൻ ആ വിധം യുദ്ധനിയന്ത്രണത്തിൽ ജാഗരൂകനാണെന്ന് പുറംലോകത്തെ അറിയിക്കാൻ റഷ്യ നന്നായി ശ്രമിക്കുന്നുമുണ്ട്. നിരന്തരം യുദ്ധം ചെയ്യുകയും യുദ്ധോപകരണങ്ങളുടെയും ആയുധങ്ങളുടെയും വ്യവസായം പ്രധാന വരുമാനമാർഗം ആയിരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾ യുദ്ധങ്ങളെ മഹത്വവത്കരിക്കാനും സാമാന്യവത്കരിക്കാനും പ്രചരിപ്പിക്കുന്ന ഒരു ആശയമാണ് ‘ശുദ്ധമായ യുദ്ധം’. ഭൂമിയുടെ മുഴുവൻ നിയന്ത്രണവും കൈക്കലാക്കാൻ തങ്ങൾ സർവഥാ യോഗ്യരാണെന്ന് വിശ്വസിക്കുകയും നിയോ കൊളോണിയലിസം നടപ്പിലാക്കാൻ പുറപ്പെടുമ്പോൾ അതിനെതിരുനിൽക്കുന്ന ശക്തികളെ തോൽപ്പിക്കാനുള്ള ഉപായങ്ങളിൽ ഒന്നായി യുദ്ധത്തെ കരുതുകയും ചെയ്യുന്ന അമേരിക്കയും സഖ്യരാജ്യങ്ങളും വിജയകരമായി പ്രചരിപ്പിച്ചതാണ് യുദ്ധങ്ങളെ സംബന്ധിച്ച ആ ആശയം.

‘ഞങ്ങൾ ചെയ്യുന്നത്​ നീതിപൂർവമായ യുദ്ധമാണ്, ശത്രുവാകട്ടെ പ്രാകൃതയുദ്ധം ചെയ്യുന്നു’ എന്ന്​ നവീന മാധ്യമങ്ങളെ കൈയടക്കിവച്ചിട്ടുള്ള പാശ്ചാത്യശക്തികൾ നിരന്തരം ആവർത്തിച്ചുണ്ടാക്കിയ പൊതുബോധം നമ്മെയെല്ലാം ചൂഴ്​ന്നുനിൽക്കുന്നുണ്ട്.

അതിലുപരി മനുഷ്യചരിത്രത്തിൽ ഒരിയ്ക്കലും ഒരു യുദ്ധവും നല്ല യുദ്ധം ആയിരുന്നില്ല. ‘ഞങ്ങൾ ചെയ്യുന്നത്​ നീതിപൂർവമായ യുദ്ധമാണ്, ശത്രുവാകട്ടെ പ്രാകൃതയുദ്ധം ചെയ്യുന്നു’ എന്ന്​ നവീന മാധ്യമങ്ങളെ കൈയടക്കിവച്ചിട്ടുള്ള പാശ്ചാത്യശക്തികൾ നിരന്തരം ആവർത്തിച്ചുണ്ടാക്കിയ പൊതുബോധം നമ്മെയെല്ലാം ചൂഴ്​ന്നുനിൽക്കുന്നുണ്ട്. അതുകൊണ്ട് അളവും തൂക്കവും കൃത്യമാക്കിയ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തി തങ്ങൾ സംസ്‌കാരമുള്ള ശുദ്ധയുദ്ധങ്ങൾ നടത്തുന്നുവെന്നും തങ്ങളുടെ ശത്രുക്കൾ പ്രാകൃതമായ വന്യയുദ്ധം ചെയ്യുന്നുവെന്നും സ്ഥാപിക്കാൻ പാശ്ചാത്യശക്തികൾക്കു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ 9/11 നുശേഷം അമേരിക്ക നടത്തിയ യുദ്ധങ്ങളിൽ നാലുലക്ഷത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്​. കുറെ രാജ്യങ്ങളെയും അവിടുത്തെ ജനതയുടെ സ്വാഭാവികജീവിതങ്ങളെയും ആ യുദ്ധങ്ങൾ തകർത്തു നാമാവശേഷമാക്കിയതാണ് അവയുടെ അനന്തരഫലം. എല്ലാ യുദ്ധങ്ങളിലും അക്രമം അതിന്റെ സ്വാഭാവികപ്രക്രിയയിൽ പ്രചണ്ഡഹിംസയുടെ പ്രയോഗങ്ങളായി മാറുന്നു. അതിനാൽ യുദ്ധങ്ങൾ മനുഷ്യവിരുദ്ധമാണ്. യുക്രെയ്​നിൽ ഇപ്പോൾ നടക്കുന്നതും മനുഷ്യവിരുദ്ധമായ യുദ്ധമാണ്.

എവിടെ മലയാളിയുടെ മനുഷ്യപക്ഷം?

പക്ഷെ ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ യുദ്ധവിരുദ്ധ ചിന്തയോ പ്രചാരണങ്ങളോ ഒന്നും സംഭവിക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രധാന വാർത്തകളിൽ നിന്ന് യുക്രെയ്​ൻ യുദ്ധം മാറിപ്പോയിരിക്കുന്നു. ആദ്യം മുതൽക്കേ മലയാളം ചാനലുകൾ യുദ്ധത്തെ യുക്രെയ്​നിൽ പഠിക്കാൻ പോയ മെഡിക്കൽ വിദ്യാർഥികളുടെ ഒഴിപ്പിക്കൽ നടപടിയായാണ്​ കണ്ടത്. അതെല്ലാം അവർ ആ കുട്ടികളോടുതന്നെ ചോദിച്ചുമനസ്സിലാക്കി മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്. ഒരു യുദ്ധത്തിന്റെ ഭീകരതയും അതിക്രമങ്ങളും സിവിൽ ഡിഫൻസ് നടപടികളുടെ വളരെ ചെറിയ ഒരു ഭാഗമാക്കി അവർ മലയാളിമനസുകളിൽ നിക്ഷേപിച്ചവസാനിപ്പിച്ചു. കുട്ടികളുടെ വർത്തമാനങ്ങൾക്കിടയിൽ വിദഗ്ദ്ധർ ഉൾപ്പെട്ട ചർച്ചകളും ഉണ്ടായിരുന്നു. ആക്രമണം നടത്തുന്ന റഷ്യയുടെ പക്ഷമോ ‘നാറ്റോ’യുടെ നിഴലായ യുക്രെയ്​ൻ പ്രസിഡൻറിന്റെ പക്ഷമോ ചേർന്നുമാത്രം വിദഗ്ധർ സംസാരിച്ചു. തങ്ങളുടെ പക്ഷങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്ന വാദമുഖങ്ങൾ മാത്രം ചർച്ചയാക്കി. ഉയർന്നുവരേണ്ടിയിരുന്ന യുദ്ധവിരുദ്ധ മനോഭാവത്തിനിടം കിട്ടാതെപോയി.

ലോകത്തിലെവിടെയും മനുഷ്യർക്കുനേരെ അതിക്രമങ്ങൾ സംഭവിക്കുമ്പോൾ അതിനോട് സർഗാത്മകമായി പ്രതികരിക്കുന്നതായിരുന്നു ആധുനിക മലയാളിയുടെ സ്വഭാവം. എല്ലാ യുദ്ധങ്ങളോടും ചരിത്രത്തിൽ മാനവികക്കെതിരെയുണ്ടായ സംഭവങ്ങളോടും അതുണ്ടയിട്ടുണ്ട്. ഹരിദ്വാറിൽ മണി മുഴങ്ങുന്നു എന്ന എം. മുകുന്ദൻ നോവലിൽ, ഹരിദ്വാറിലെ മാനസാ ദേവിയുടെ അമ്പലത്തിൽ നായകൻ രമേശ് പണിക്കരും കാമുകിയും പോകുന്നുണ്ട്. ആ അമ്പലമുറ്റത്തെ മരത്തിൽ അഭീഷ്ടസിദ്ധിക്ക്​ ദാഗ, ചരട്, ബന്ധിക്കുമ്പോൾ ആഗ്രഹിച്ചാവശ്യപ്പെടുന്നത് സംഭവിക്കുമെന്നാണ് വിശ്വാസം. താൻ പ്രാർഥിച്ചത് എന്തെന്ന് രമേശ് പണിക്കർ പിന്നീട് കാമുകിയോട് പറയുന്നുണ്ട്. ‘‘ദേവീ, വിയറ്റ്നാമിലെയും ബയാഫ്രയിലെയും രക്തചൊരിച്ചിൽ അവസാനിപ്പിക്കണമേ!'' എന്നായിരുന്നു. അന്ന്​, ഒരു ആധുനിക മലയാളി യൗവനത്തിന്​ അങ്ങനെ മാത്രമേ പ്രാർഥിക്കാനാവുമായിരുന്നുള്ളൂ. കാലം മുന്നോട്ടുപോയപ്പോൾ അവരവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച്​ ലോകത്തിലെ സംഭവവികാസങ്ങളിൽ നിലപാടെടുക്കുന്ന പക്ഷപാതം ആയി. ഇപ്പോൾ അവരവരുടെ മത-വംശ പക്ഷങ്ങൾക്കനുസരിച്ചല്ലാതെ ഒരു ചിന്തയും പ്രകടിപ്പിക്കാനാവില്ല, ഒരു പക്ഷത്തോടും ചേരാൻ അനുവദിക്കില്ല, എന്നിടത്തേയ്ക്ക് നമ്മുടെ സമൂഹം അതിവേഗം പോവുകയും ചെയ്യുന്നു.

1967 മുതൽ 1970 വരെ നടന്ന ബയാഫ്ര യുദ്ധത്തിൽ(നൈജീരിയൻ ആഭ്യന്തര യുദ്ധം) നിന്നുള്ള ചിത്രം. / Wikimedia Commons

നിരപരാധികളായ യുക്രെയ്​ൻ ജനതയോട് റഷ്യ അഴിച്ചുവിട്ടിരിക്കുന്ന ബലപ്രയോഗം അതിരുവിട്ട് വളരുമ്പോഴും യുദ്ധവിരുദ്ധ വികാരമുണ്ടാകാതിരിക്കുന്നത് യുദ്ധങ്ങളെ സാധൂകരിക്കുന്ന വലതുപക്ഷ ചിന്തയോട് നാം അനുരജ്ഞനപ്പെടുന്നതുകൊണ്ടാണ്. ഇതാണ് മനുഷ്യാവസ്ഥ, ഇങ്ങനെയോക്കെയാണ് മനുഷ്യജീവിതം മുന്നോട്ടുപോകുന്നത് എന്ന്​ പ്രബലമായ രാഷ്ട്രീയധാരണ പൊതുസമൂഹത്തിന്റെ ബോധത്തിന് സ്വീകാര്യമാകുന്നു. ഇതാണ് യഥാർഥ്യം, ഇങ്ങനെയാണ് കാര്യങ്ങൾ എന്ന പക്ഷവും ചിന്തയും എന്നും ഉണ്ടായിരുന്നു. അവർക്കായിരുന്നു അധികാരബലവും. പക്ഷെ, അങ്ങനെയല്ല വേണ്ടത്, അത്​ തിരുത്തപ്പെടെണ്ടതാണ്, ആ ജീവിതാവസ്ഥയെ മാറ്റിപ്പണിയേണ്ടതാണ് എന്നു വാദിച്ച്​ മുന്നോട്ടുവരുന്ന സംഘടനകളും ലോകസമാധാന പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു. ചിന്തകരും എഴുത്തുകാരും കലാപ്രവർത്തകരും സംഘംചേരുകയും യുദ്ധമില്ലാത്ത ലോകം സ്വപ്നം കാണുകയും അതിനായി മുദ്രാവാക്യങ്ങൾ ഉയർത്തുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. യുദ്ധത്തിൽ ഏർപ്പെടുന്ന രണ്ട് പക്ഷങ്ങളുടെയും പിന്തുണക്കാരോ അനുകൂലികളോ ആയിരുന്നില്ല അവർ. പകരം, മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരായിരുന്നു. അതിനെയാണ് പുരോഗമന നിലപാടെന്ന് സമൂഹം കണ്ടത്.

നോം ചോംസ്കി

റഷ്യയിലെയും അമേരിക്കയിലെയും തീവ്ര വലതുപക്ഷ - സമഗ്രാധികാരവാദികൾ ‘മനുഷ്യചരിത്രത്തിലെ ഏറ്റവും അപകടകരമായ ബിന്ദുവിലേക്ക് ഭൂമിയെ കൊണ്ടുപോകുന്നു' എന്നാണ്​ യുക്രെയ്​ൻ യുദ്ധത്തെയും ഭൂഗോളം സമീപിച്ചുകൊണ്ടിരിക്കുന്ന അടിയന്തരാവസ്ഥയെയും സൂചിപ്പിച്ച്​ ഏപ്രിൽ ആറിന്​ ന്യൂ സ്റ്റേറ്റ്​സ്​മാന്​ നൽകിയ അഭിമുഖത്തിൽ വിഖ്യാത പണ്ഡിതൻ നോം ചോംസ്‌കി പറഞ്ഞത്. ‘ചർച്ചചെയ്തു പരിഹരിക്കാൻ നിലവിലുള്ള സാധ്യതകളെ നമ്മൾ ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ ഒരുപക്ഷെ സർവനാശകരമായ ആണവയുദ്ധത്തിലേക്ക് നാം നീങ്ങിയേക്കാം', അദ്ദേഹം പറഞ്ഞു- ‘ചിത്രം ഇതാ വഷളായിരിക്കുന്നു, ഭൂമിയിലെ മനുഷ്യരുടെ സംഘജീവിതം തകർന്നുപോയേക്കാമെന്ന തരത്തിലെ ദൃശ്യങ്ങളെയാണ് നാമിപ്പോൾ നേരിടുന്നത്.'- ആദ്യത്തെ ആണവയുദ്ധം മുതൽക്കേ ഈ ലോകത്തെ കണ്ടുപഠിച്ചുകൊണ്ടിരിക്കുന്ന 93 കാരനായ ചോംസ്‌കി പറയുന്നു.

നോം ചോംസ്‌കിയുടെ ഓർമപ്പെടുത്തൽ ശരിയായ സമയ മുഹൂർത്തത്തിലാണ്​, കൃത്യവുമാണ്. അങ്ങനെയൊരു അപായസൂചനയാലോ താക്കീതിനാലോ തിരുത്തുന്നവരോ ആക്രമണങ്ങൾ മതിയാക്കുന്നവരോ അല്ല റഷ്യയിലെയും അമേരിക്കയിലെയും, ലോകത്തിൽ ഒരു രാജ്യത്തിലെയും, തീവ്ര വലതുപക്ഷ സമഗ്രാധികാരവാദികൾ. ഇത്തരം നൃശംസവും കിരാതവുമായ യുദ്ധങ്ങൾക്കടിപ്പെട്ട്​നരകയാതന അനുഭവിച്ച്​ ഇല്ലാതായിപ്പോവുകയെന്ന വേഷങ്ങൾ മാത്രം ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള സാമാന്യ ജനങ്ങൾക്ക് ഒന്നുമാത്രമേ ചെയ്യാനുള്ളൂ- യുദ്ധത്തെ, എല്ലാ യുദ്ധങ്ങളെയും എതിർക്കുക. അപ്പോൾ യുദ്ധവിരുദ്ധതയുടെ മഹാപ്രസ്ഥാനങ്ങൾ ഉണ്ടായിവരും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഇ.എ. സലിം

പ്രഭാഷകൻ. 40 വർഷത്തിലേറെയായി ബഹ്റൈ​നിൽ. ഇപ്പോൾ ബഹ്‌റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയിൽ കൺസ്ട്രക്ഷൻ എഞ്ചിനീയർ.

Comments