ഭരണഘടനയുടെ അർഥം
ഇറാൻ എന്ന രാഷ്ട്രം
തിരിച്ചറിഞ്ഞ ഒരു രാത്രി

1953 -ൽ ഇറാനിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൊസാദക്കിൻ്റെ മതനിരപേക്ഷ ജനാധിപത്യ ഗവൺമെൻ്റിനെ അട്ടിമറിച്ചാണ്, അമേരിക്ക സാമാജ്യത്വ അധിനിവേശത്തിന് തുടക്കമിടുന്നത്. ഇപ്പോൾ ഇറാനെതിരെ അരങ്ങേറുന്ന സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണങ്ങൾ ഇതിന്റെ തുടർച്ചയാണ്- പി.എസ്. പൂഴനാട് എഴുതുന്നു.

‘‘ഈ കോടതിയുടെ വിധിന്യായം എൻ്റെ ചരിത്രപരമായ മഹത്വത്തെ യഥാർഥത്തിൽ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. നിങ്ങൾ എന്നെ ശിക്ഷിച്ചതിൽ അങ്ങേയറ്റം നന്ദിയുള്ളവനാണ് ഞാൻ. ഭരണഘടനയുടെ അർഥമെന്താണന്ന് ഈ രാത്രിയിൽ ഇറാൻ എന്ന രാഷ്ട്രം തീർച്ചയായും മനസ്സിലാക്കിയിരിക്കുന്നു’’.
- മുഹമ്മദ് മൊസാദെക്

ഒന്ന്

1953 മാർച്ച്.
അന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ ഫോസ്റ്റർ ഡള്ളസ്, CIA തലവനും തൻ്റെ ഇളയ സഹോദരനുമായ അലൻ ഡള്ളസിന് ലോകചരിത്രത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ അട്ടിമറിക്ക് നിർദ്ദേശം കൊടുത്തത്. ജനങ്ങൾ തെരഞ്ഞെടുത്ത ദേശീയവാദിയും മതനിരപേക്ഷതയുടെ ആൾരൂപവും സാമ്രാജ്യത്വമേൽക്കോയ്മയുടെ കടുത്ത എതിരാളിയുമായിരുന്ന ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെക്കിന്റെ സർക്കാരിനെ എത്രയും പെട്ടെന്ന് അട്ടിമറിക്കാനുള്ള അതിഗൂഢമായ നിർദ്ദേശമായിരുന്നു അത്. മൊസാദെക്കിനെ ഏതുവിധേനയും അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് 10 ലക്ഷം ഡോളറിന്റെ സാമ്പത്തിക പദ്ധതിയും തയ്യാറാക്കപ്പെട്ടു. ഏറെ താമസിയാതെ സി ഐ എയുടെ ടെഹ്റാൻ സ്റ്റേഷനിൽനിന്ന് മൊസാദെക്കിനെതിരെയുള്ള ഒരു വമ്പൻ പ്രചാരണയുദ്ധം ആകാശത്തിലാകമാനം അലയടിച്ചുയരാൻ തുടങ്ങി.

അമേരിക്കയുടെയും ബ്രിട്ടൻ്റെയും രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ നിരന്തരം കൈമാറിക്കൊണ്ടിരുന്നു. അവരുടെ തന്ത്രങ്ങളുടെ മിനുക്കുപണികൾ അവസാനഘട്ടങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു. അങ്ങനെ ടെഹ്റാനിലേയ്ക്ക്, മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്‌വെൽറ്റിൻ്റെ കൊച്ചുമകൻ കെർമിറ്റ് റൂസ്‌വെൽറ്റ് അട്ടിമറിദൗത്യത്തിന്റെ മേൽനോട്ടക്കാരനായി എത്തി. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും സി ഐ എയുടെ പ്രവർത്തന പദ്ധതികളുടെ ചുമതലക്കാരനായിരുന്നു കെർമിറ്റ് റൂസ്‌വെൽറ്റ്.

എല്ലാ തലങ്ങളിലും നിറഞ്ഞുനിന്ന അടിസ്ഥാനപരമായ പുതുക്കിപ്പണിയലുകളിലൂടെ പുതിയൊരു ഇറാനെ വാർത്തെടുക്കുകയായിരുന്നു മുഹമ്മദ് മൊസാദെക്.
എല്ലാ തലങ്ങളിലും നിറഞ്ഞുനിന്ന അടിസ്ഥാനപരമായ പുതുക്കിപ്പണിയലുകളിലൂടെ പുതിയൊരു ഇറാനെ വാർത്തെടുക്കുകയായിരുന്നു മുഹമ്മദ് മൊസാദെക്.

ഇറാനിലാകമാനം കുഴപ്പങ്ങളുടെയും നിയന്ത്രണരാഹിത്യങ്ങളുടെയും അവ്യവസ്ഥ സൃഷ്ടിച്ചെടുക്കലായിരുന്നു കെർമിറ്റ് റൂസ്‌വെൽറ്റിന്റെ ആദ്യ ദൗത്യം. ഒരു പറ്റം പ്രവർത്തന സന്നാഹങ്ങളിലൂടെ ആ പണി അദ്ദേഹം ഭംഗിയായി നിറവേറ്റി. പാർലമെന്റ് അംഗങ്ങളെയും മൊസാദെക്കിൻ്റെ ഐക്യമുന്നണി സർക്കാരിൻ്റെ ഭാഗമായി തുടർന്നിരുന്ന ചെറിയ പാർട്ടികളുടെ നേതാക്കന്മാരെയും പണം കൊടുത്ത് വിലയ്ക്കുവാങ്ങുകയായിരുന്നു ആദ്യം. അങ്ങനെ മൊസാദെക്കിൻ്റെ ഐക്യമുന്നണി സർക്കാരിൽ വിള്ളലുണ്ടാക്കി അതിനെ പിളർക്കുകയായിരുന്നു ലക്ഷ്യം. അടുത്തതായി റൂസ്‌വെൽറ്റ് ചെയ്തത് പത്രങ്ങളിലെ എഡിറ്റർമാരെയും ഉടമസ്ഥരെയും കോളമിസ്റ്റുകളെയും റിപ്പോർട്ടർമാരെയും വിലയ്‌ക്കെടുക്കലായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനിലെ 80 ശതമാനത്തോളം പത്രമാധ്യമങ്ങളെയും റൂസ്‌വെൽറ്റിൻ്റെ നേതൃത്വത്തിൽ സി ഐ എ വിലയ്ക്കെ‌ടുത്തു കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് മൊസാദെക്കിനെതിരെ കള്ളവാർത്തകളുടെ മഹാപ്രളയമായിരുന്നു. ഇറാനിലെ മതനേതാക്കന്മാരെയും സി ഐ എ വരുതിയിലാക്കി. എല്ലാ വെള്ളിയാഴ്ച പ്രാർത്ഥനകളിലും, ഇസ്ലാമിൻ്റെ ശത്രുവായ നിരീശ്വരവാദിയാണ് മൊസാദെക്കെന്ന് മതനേതാക്കന്മാർ ആർത്തുവിളിച്ചുകൊണ്ടിരുന്നു. അതോടൊപ്പം പൊലീസിൻ്റെയും പട്ടാളത്തിന്റെയും വലിയൊരു വിഭാഗത്തെ മൊസാദെക്കിനെതിരെ അണിനിരത്തുന്നതിലും സി ഐ എ വിജയിച്ചു. ഇറാനിലെ തെരുവുഗുണ്ടകളെയും ഗ്യാങ്ങുകളെയും തങ്ങളുടെ താൽപര്യാർത്ഥം ഉപയോഗിക്കാൻ സി ഐ എ പരുവപ്പെടുത്തി.

സുസ്ഥിരമായും സമാധാനപരമായും മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ സമൂഹത്തെ കലാപങ്ങളുടെയും അവ്യവസ്ഥകളുടെയും കൂടാരമായി സി ഐ എയ്ക്ക് മാറ്റാൻ കഴിഞ്ഞു.

ഇറാനിലെ നിയമവാഴ്ച സമ്പൂർണമായി പരാജയപ്പെട്ടെന്ന വാദമുയരുകയും അതിനെ സാധൂകരിക്കുന്ന തരത്തിൽ തെരുവുഗുണ്ടകൾ അഴിഞ്ഞാടുകയും ചെയ്തു. കാൽനടക്കാരെയും പൊതുജനങ്ങളെയും ഗുണ്ടകൾ കടന്നാക്രമിച്ചു. കച്ചവടസ്ഥാപനങ്ങൾ തകർത്തു. പള്ളികൾക്കുനേരെ വെടിയുതിർത്തു. എന്നിട്ടവർ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഞങ്ങൾ മൊസാദെക്കിന്റെയും കമ്യൂണിസത്തിന്റെയും അനുയായികളാണ്”. ഇത്തരം നിരന്തരമായ തന്ത്രങ്ങളിലൂടെ മൊസാദെക്കിനെ വെറുക്കുന്ന തരത്തിലേക്ക് ഇറാനിയൻ പൊതുബോധത്തെ പുനർനിർമിക്കാൻ സി ഐ എ നിരന്തരം ശ്രമിച്ചു. അതോടൊപ്പം മൊസാദെക്കിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും ഘോഷയാത്രകളും പരസ്‌പരം അറിയാത്തതരത്തിൽ ഇറാനിലുടനീളം സംഘടിപ്പിച്ചു. ഈ ഗ്രൂപ്പുകൾ തെരുവിൽ പരസ്‌പരം ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇങ്ങനെ ഏറ്റവും സുസ്ഥിരമായും സമാധാനപരമായും മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ കലാപങ്ങളുടെയും അവ്യവസ്ഥകളുടെയും ഒരു കൂടാരമായി സി ഐ എ പരിവർത്തിപ്പിച്ചുകൊണ്ടിരുന്നു.

ഇറാൻ രാജാധിപത്യത്തിൻ്റെ തലവനായ ഷായോട് മൊസാദെക്കിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ സി ഐ എ നിരന്തരം സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാൽ, തന്നെ അട്ടിമറിക്കാനുള്ള നീക്കം അരങ്ങേറിക്കൊണ്ടിരിക്കുന്നത് മൊസാദെക്‌ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തൻ്റെ അധികാരങ്ങളെ കൂടുതൽ വികസിതമാക്കാനും അതുവഴി അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്താനും മൊസാദെക്‌ ശ്രമിച്ചു. ഇതിന്റെ ഭാഗമായി, 1953 ആഗസ്ത് 16-ാം തീയതി പാർലമെൻ്റിനെ മരവിപ്പിക്കാൻ മൊസാദെക് നിർബന്ധിതനായി. ഇതേതുടർന്ന് ഷാ ഇറ്റലിയിലേക്ക് പലായനം ചെയ്‌തു. എന്നാൽ അതിനു മുന്നോടിയായി, സി ഐ എയുടെ താൽപര്യാർത്ഥം മൊസാദെക്കിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചിരുന്നു. സി ഐ എ നിർദ്ദേശിച്ച ഫസലുള്ള സഹേലി എന്ന നാസി ഭക്തനായ പട്ടാളജനറൽ ഇറാന്റെ പുതിയ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

ഇറാനിലാകമാനം കുഴപ്പങ്ങളുടെയും നിയന്ത്രണരാഹിത്യങ്ങളുടെയും അവ്യവസ്ഥ സൃഷ്ടിച്ചെടുക്കലായിരുന്നു കെർമിറ്റ് റൂസ്‌വെൽറ്റിന്റെ ആദ്യ ദൗത്യം. ഒരു പറ്റം പ്രവർത്തന സന്നാഹങ്ങളിലൂടെ ആ പണി അദ്ദേഹം ഭംഗിയായി നിറവേറ്റി.
ഇറാനിലാകമാനം കുഴപ്പങ്ങളുടെയും നിയന്ത്രണരാഹിത്യങ്ങളുടെയും അവ്യവസ്ഥ സൃഷ്ടിച്ചെടുക്കലായിരുന്നു കെർമിറ്റ് റൂസ്‌വെൽറ്റിന്റെ ആദ്യ ദൗത്യം. ഒരു പറ്റം പ്രവർത്തന സന്നാഹങ്ങളിലൂടെ ആ പണി അദ്ദേഹം ഭംഗിയായി നിറവേറ്റി.

ഇതിനെ തുടർന്ന് വലിയ പ്രതിഷേധങ്ങൾ തെരുവോരങ്ങളിൽ അരങ്ങേറി. രാജവാഴ്‌ചയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും രക്തരൂഷിതമായി ഏറ്റുമുട്ടി. കടകളും പള്ളികളും കൊള്ളയടിക്കപ്പെട്ടു. മുന്നൂറോളം പേർ മരിച്ചു. യഥാർത്ഥത്തിൽ ഈ ഏറ്റുമുട്ടലുകൾ സംഘടിപ്പിച്ചതും ഇരു ഭാഗത്തുള്ളവർക്കും പണം നൽകിയതും സി ഐ എയായിരുന്നു.

ഒടുവിൽ ആൾക്കൂട്ടം മുഹമ്മദ് മൊസാദെക്കിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. വസതിക്കു ചുറ്റും ബോംബുകൾ പൊട്ടിത്തെറിച്ചു. അവിടെ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മൊസാദെക്കിനെ തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തു. തുടർന്ന് പട്ടാളജയിലിലാക്കി.

എന്തിനായിരുന്നു മുഹമ്മദ് മൊസാദെക് എന്ന ഏറ്റവും ജനകീയനായ ഇറാനിയൻ പ്രധാനമന്ത്രിയെ സി ഐ എ ഭരണത്തിൽ നിന്ന് അട്ടിമറിക്കുകയും ജയിലിടക്കുകയും ചെയ്തത്? യഥാർത്ഥത്തിൽ ആരായിരുന്നു. മുഹമ്മദ് മൊസാദെക്?

രണ്ട്

ടെഹ്റാനിലെ ഏറ്റവും ഉന്നതമായ രാജകീയ പശ്ചാത്തലത്തിലുള്ള കുടുംബത്തിലാണ് 1882 ജൂൺ 16ന് മുഹമ്മദ് മൊസാദെക് ജനിച്ചത്. 1789 മുതൽ 1925 വരെയുള്ള സുദീർഘ കാലയളവിൽ ഇറാന്റെ ഭരണവർഗമായി തുടർന്ന ഖാജർ രാജവംശത്തിനു കീഴിലിലെ സാമ്പത്തികകാര്യ മന്ത്രിയായിരുന്നു മൊസാദെക്കിൻ്റെ പിതാവ്. ഖാജർ രാജകുടുംബത്തിലെ രാജകുമാരിയായിരുന്നു മാതാവ്.

മൊസാദെക്കിന് പത്ത് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. 1901- ൽ മൊസാദെക്കിന്റെ വിവാഹവും കഴിഞ്ഞു. 1909-ൽ നിയമപഠനത്തിന് മൊസാദെക് പാരീസിലേക്ക് പോയി. രണ്ടു വർഷത്തെ പഠനത്തിനുശേഷം രോഗബാധയെത്തുടർന്ന് മൊസാദെക്കിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഏറെ താമസിയാതെ നിയമത്തിൽ ഡോക്ടറേറ്റ് പഠനം തുടരുന്നതിനായി മൊസാദെക് യൂറോപ്പിലേക്ക് യാത്ര തിരിച്ചു. 1913- ൽ നിയമത്തിൽ ഡോക്ടറേറ്റും നേടി. അങ്ങനെ ഒരു യൂറോപ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ഇറാൻകാരനായി മൊസാദെക്. പിന്നീട് ടെഹ്റാൻ സ്‌കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസിൽ അധ്യാപകനായി.

ഇറാനിൽനിന്നും എണ്ണയൂറ്റി കടത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ആഗ്ലോ - ഇറാനിയൻ (പേർഷ്യൻ) എണ്ണക്കമ്പനിയെ ദേശസാൽക്കരിക്കുകയായിരുന്നു മൊസാദെക്കിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ഇറാനിൽ ഭരണഘടനാദത്തമായ പാർലമെന്റ്റ് നിലവിൽവരുന്നതിനുവേണ്ടി 1905 - 07 കാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിൻ്റെ സജീവതയിലേക്ക് മൊസാദെക് കടന്നുവരുന്നത്. ഇറാനിൽ പുതുതായി രൂപംകൊണ്ട മജിലിസിലേയ്ക്ക് 24-ാമത്തെ വയസ്സിലായിരുന്നു മൊസാദെക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ പാർലമെന്ററിൽ എത്തിച്ചേരാനുള്ള നിയമപരമായ പ്രായം 30 വയസ്സായിരുന്നു. അതുകൊണ്ടുതന്നെ ആ വിജയത്തിലൂടെ അന്ന് പാർലമെൻ്റിലേക്ക് കടക്കാൻ മൊസാദെക്കിന് കഴിഞ്ഞിരുന്നില്ല.

ഒരു രാജ്യത്തിന്റെയും നേരിട്ടുള്ള സമ്പൂർണമായ കൊളോണിയൽ ഭരണക്രമം ഇറാനിലില്ലായിരുന്നു. എങ്കിൽകൂടിയും ബ്രിട്ടീഷ് സ്വാധീന വലയത്തിലൂടെയായിരുന്നു ഇറാൻ കടന്നുപൊയ്ക്കൊണ്ടിരുന്നത്. 1919 ആഗസ്റ്റിൽ ആംഗ്ലോ - പേർഷ്യൻ ഉടമ്പടി വ്യവസ്ഥകളെ ഏകപക്ഷീയമായി ഇറാനുമേൽ ബ്രിട്ടൻ അടിച്ചേൽപ്പിച്ചു. ബ്രിട്ടൻ ആസ്ഥാനമായ ആംഗ്ലോ - പേർഷ്യൻ എണ്ണക്കമ്പനിയ്ക്ക് ഇറാനിലുള്ള ഖനനതാൽപര്യങ്ങളെ ഉറപ്പിച്ചെടുക്കുന്നതായിരുന്നു ആ ഉടമ്പടി. ഇറാനിലെ മസ്‌ജദ് സുലൈമാൻ പ്രദേശത്ത് വൻ എണ്ണപ്പാടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്, 1908- ൽ ആഗ്ലോ - പേർഷ്യൻ ഓയിൽ കമ്പനി എന്ന ബ്രിട്ടീഷ് കമ്പനി രൂപീകരിക്കപ്പെട്ടു. ഈ കമ്പനിയുടെ 51 ശതമാനം ഓഹരികളും ബ്രിട്ടീഷ് ഗവൺമെൻ്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ എണ്ണക്കമ്പനിയായിരുന്നു ഇറാനിൽ നിന്ന് ആദ്യമായി പെട്രോളിയം ഖനനം ചെയ്യുന്നത്. ആഗ്ലോ- പേർഷ്യൻ ഉടമ്പടിയിലൂടെ ഇറാനിലെ എല്ലാ എണ്ണപ്പാടങ്ങളിലേയ്ക്കും ഈ എണ്ണക്കമ്പനിയുടെ ഖനനതാൽപര്യങ്ങൾ വേരുകളാഴ്ത്തിയിരുന്നു. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ ഈയൊരു ഉടമ്പടിയെ അധീശത്വപരമെന്നാണ് അന്ന് വിശേഷിപ്പിച്ചത്. ആ എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കൻ കണ്ണുകളും പതിഞ്ഞിട്ടുണ്ടായിരുന്നു.

ഇറാനിൽ ഭരണഘടനാദത്തമായ പാർലമെന്റ്റ് നിലവിൽവരുന്നതിനുവേണ്ടി 1905 - 07 കാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിൻ്റെ സജീവതയിലേക്ക് മൊസാദെക് കടന്നുവരുന്നത്.
ഇറാനിൽ ഭരണഘടനാദത്തമായ പാർലമെന്റ്റ് നിലവിൽവരുന്നതിനുവേണ്ടി 1905 - 07 കാലത്ത് അരങ്ങേറിയ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിൻ്റെ സജീവതയിലേക്ക് മൊസാദെക് കടന്നുവരുന്നത്.

ഇറാൻ പാർലമെന്ററിലും മന്ത്രിതലങ്ങളിലും നിരവധി ഉന്നതസ്ഥാനങ്ങളിലൂടെ മുഹമ്മദ് മൊസാദെക് കടന്നുപോയി. ഇതിനിടയിൽ സമരോത്സുകനായ ദേശീയവാദിയും മതനിരപേക്ഷതയുടെ പ്രചാരകനും പുരോഗമനാത്മക വീക്ഷണങ്ങളുടെ പ്രയോക്താവുമായി മൊസാദെക്കിൻ്റെ നിലപാടുകൾ കൂടുതൽ ഊർജ്ജസ്വലമായി. 1949- ൽ നാഷണൽ ഫ്രണ്ട് ഓഫ് ഇറാൻ എന്നൊരു സംഘടനയ്ക്കും മൊസാദെക് രൂപം നൽകി. ഇറാനിയൻ രാഷ്ട്രീയജീവിതത്തിലും രാഷ്ട്രശരീരത്തിലും അടിവേരുകളാഴ്ത്തിക്കൊണ്ടിരുന്ന വൈദേശിക രാഷ്ട്രീയത്തിൻ്റെ സാന്നിധ്യം അവസാനിപ്പിച്ച് ഇറാനെ ജനാധിപത്യത്തിൻ്റെ പുതിയ ആകാശങ്ങളിലേക്ക് തുറന്നു വിടുകയായിരുന്നു ആ സംഘടനയുടെ ലക്ഷ്യം. ഇറാനിൽനിന്നും എണ്ണയൂറ്റി കടത്തിക്കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് ആഗ്ലോ - ഇറാനിയൻ (പേർഷ്യൻ) എണ്ണക്കമ്പനിയെ ദേശസാൽക്കരിക്കുകയായിരുന്നു പ്രധാന പ്രവർത്തനലക്ഷ്യങ്ങളിലൊന്ന്. ഇറാനിലെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും താൽപര്യവും ആഗ്രഹവും അതായിരുന്നു. ഇറാനിയൻ ജനാധിപത്യപ്രക്രിയയെ കൂടുതൽ തീക്ഷ്‌ണമാക്കിത്തീർക്കുന്നതിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണബില്ലും അദ്ദേഹം പാർലമെൻ്റിൽ കൊണ്ടുവന്നിരുന്നു.

ജനകീയ താൽപര്യങ്ങളെയും സമ്മർദങ്ങളെയും തുടർന്ന് ഷായ്ക്ക് മുഹമ്മദ് മൊസാദെക്കിനെ പ്രധാനമന്ത്രിയായി നിയമിക്കേണ്ടിവന്നു. അങ്ങനെ 1951 ഏപ്രിൽ 28ന് മൊസാദെക് പ്രധാനമന്ത്രിയായി ചുമതലയേറ്റു. രാജവാഴ്ച്ചയുടെ അടയാളമായ ഷായാകട്ടെ അമേരിക്കയുടെയും ബ്രിട്ടന്റെയും വാലാട്ടിയായിരുന്നു. ഇറാനിലെ രാജവംശങ്ങളിലൂടെണ് വൈദേശിക സ്വാധീനം ഇറാനിൽ തീവ്രമായിത്തീർന്നത്. ഇപ്പോൾ അതിൻ്റെ പ്രതിനിധിയായി നിലകൊള്ളുന്നതാകട്ടെ ഷായുടെ രാജവംശമാണ്. അതുകൊണ്ടുതന്നെ മുഹമ്മദ് മൊസാദെക്കിൻ്റെ ദേശീയവാദ പുരോഗമന രാഷ്ട്രീയധാരണകളോട് ഷാ ഉൾപ്പെടെയുള്ള ഭരണവർഗത്തിന് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്.

മുഹമ്മദ് മൊസാദെക്കിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണക്രമം സാമൂഹ്യപരിഷ്കാരങ്ങളുടെ പുതിയ വഴിത്താരകളെ ഇറാനിൽ തുറന്നുവെച്ചു. തൊഴിൽരഹിതവേതനത്തിന് ഇറാനിൽ തുടക്കം കുറിച്ചു. രോഗബാധിതരും പരിക്കേറ്റവരുമായ തൊഴിലാളികൾക്ക് ആശ്വാസ വേതനം ഉറപ്പുവരുത്തണമെന്ന് ഫാക്ടറി ഉടമകൾക്ക് ഉത്തരവ് നൽകി. ഭൂപ്രഭുക്കന്മാരുടെ എസ്റ്റേറ്റുകളിൽ കർഷകരെക്കൊണ്ട് നിർബന്ധിത അധ്വാനം ചെയ്യിക്കുന്നതിന് വിലക്കേർപ്പെടുത്തി.

മൊസാദെക്കിൻ്റെ അട്ടിമറിയെത്തുടർന്ന് അവരോധിക്കപ്പെട്ട പുതിയ സർക്കാർ, എണ്ണയുടെ ദേശസാൽക്കരണത്തെ റദ്ദുചെയ്യുകയും വിദേശ കമ്പനികൾക്കായി ഇറാൻ്റെ എണ്ണപ്പാടങ്ങളെ മുഴുവനായി തുറന്നു കൊടുക്കുകയും ചെയ്തു.

1952- ൽ ഭൂപരിഷ്‌കരണ നിയമം പാസാക്കി. ഭൂപ്രഭുക്കന്മാർ അവരുടെ വരുമാനത്തിന്റെ 20% കുടികിടപ്പുകാരുടെ ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. സാർവദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് ബ്രിട്ടീഷ് എണ്ണക്കമ്പനിയായ ആഗ്ലോ - ഇറാനിയൻ ഓയിൽ കമ്പനിയെ ദേശസാൽക്കരിച്ചു. എണ്ണക്കമ്പനിക്ക് അനുവദിച്ചുകൊടുത്തിരുന്ന എല്ലാ സൗജന്യങ്ങളും റദ്ദാക്കി. എണ്ണക്കമ്പനിയുടെ എല്ലാ സ്വത്തുവകകളും പിടിച്ചെടുത്തു. ഇറാനിലെ എല്ലാ എണ്ണപ്പാടങ്ങളും ഇറാന്റെ സ്വത്താണെന്നും അതിൽ നിന്നുള്ള വരുമാനം ഇറാൻ്റേതു മാത്രമായിരിക്കുമെന്നും മൊസാദെക് പ്രഖ്യാപിച്ചു. എണ്ണയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് ഇറാനിലെ സാധാരണ മനുഷ്യരുടെ ദാരിദ്ര്യവും രോഗങ്ങളും പിന്നാക്കാവസ്ഥകളും പരിഹരിക്കാൻ കഴിയും. ബ്രിട്ടീഷ് കമ്പനിക്ക് ഇറാനിലുള്ള സ്വാധീനത്തെ ഇല്ലാതാക്കുന്നതിലൂടെ അഴിമതിയും സ്വജനപക്ഷപാതവും ഇറാനിൽ നിന്ന് തുടച്ചുനീക്കാനാകും. ഇറാന് മുഖ്യം ഇറാൻ്റെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ്.

എന്നാൽ ബ്രിട്ടീഷ് ഭരണകൂടവും അതിന്റെ കൂട്ടാളികളും നിറഞ്ഞാടാൻ തുടങ്ങിയിരുന്നു. എല്ലാ വിധത്തിലും അവർ ഇറാനെ വിരട്ടിനിന്നു. എന്നാൽ ദേശസാൽക്കരണത്തിൽനിന്ന് ഒരിഞ്ച് പിന്നോട്ടുനീങ്ങാൻ മൊസാദെക് ഒരുക്കമല്ലായിരുന്നു. ഒടുവിലവർ ഇറാൻ്റെ എണ്ണയ്ക്കുമേൽ ഉപരോധമേർപ്പെടുത്തി. അതിനെത്തുടർന്ന് എണ്ണ വിൽക്കാൻ ഒരിടവുമില്ലാതെ ഇറാൻ വലയാൻ തുടങ്ങി. എണ്ണയിൽ നിന്നുമുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പദ്ധതികളെല്ലാം വരുമാനമില്ലാതെ കുഴഞ്ഞുമറിയാൻ തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇറാൻ കൂപ്പുകുത്തി. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയായിരു ന്നു ഇറാൻ പിടിച്ചുനിന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് പാർടിയും (ടൂഡെ പാർട്ടി) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

മൊസാദെക്കാകട്ടെ ജനകീയമായ പരിഷ്ക്കാരങ്ങളെ മുന്നോട്ടുപായിച്ചു കൊണ്ടിരുന്നു. രാജാധികാരത്തിന്റെ അവകാശങ്ങളെ പരിമിതപ്പെടുത്തുകയും ഷായുടെ വ്യക്തിഗത സാമ്പത്തിക ബജറ്റിനെ റദ്ദാക്കുകയും ചെയ്‌തു. വിദേശ നയതന്ത്രജ്ഞരുമായുള്ള ഷായുടെ നേരിട്ടുള്ള ആശയവിനിമയങ്ങളും നിരോധിക്കപ്പെട്ടു. രാജകുടുംബത്തിൻ്റെ സ്വത്തുവകകളെ രാഷ്ട്രത്തിന്റെ സ്വത്താക്കി പരിവർത്തിപ്പിച്ചു. ഭൂപരിഷ്കരണ നിയമങ്ങൾ കൂടുതൽ ശക്തിയോടെ നടപ്പിലാക്കി. വില്ലേജ് കൗൺസിലുകൾക്ക് രൂപം നൽകി. ഉൽപാദനത്തിൽ കർഷകർക്കുള്ള പങ്കിനെ വിപുലപ്പെടുത്തി. ഇറാനിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ഫ്യൂഡൽ - കാർഷിക ബന്ധങ്ങളെ നിരോധിച്ചു. കൂട്ടുൽപാദനരീതികളെ വ്യാപിപ്പിച്ചു. ഇങ്ങനെ എല്ലാ തലങ്ങളിലും നിറഞ്ഞുനിന്ന അടിസ്ഥാനപരമായ പുതുക്കിപ്പണിയലുകളിലൂടെ പുതിയൊരു ഇറാനെ വാർത്തെടുക്കുകയായിരുന്നു മുഹമ്മദ് മൊസാദെക്.

അമേരിക്കൻ  പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാനും മുഹമ്മദ് മൊസാദെക്കും.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാനും മുഹമ്മദ് മൊസാദെക്കും.

മൂന്ന്

ബ്രിട്ടീഷ് ഭരണകൂടത്തിന് മൊസാദെക്കിൻ്റെ ദേശസാൽക്കരണനയങ്ങളോട് ഒരുതരത്തിലും ഒത്തുപോകാൻ കഴിയുമായിരുന്നില്ല. ഇറാൻ്റെ എണ്ണപ്പാടങ്ങൾ ബ്രിട്ടീഷ് മുതലാളിമാരെ ത്രസിപ്പിച്ചുകൊണ്ടിരുന്നു. ആ എണ്ണപ്പാടങ്ങളുടെ കുത്തകാവകാശം വീണ്ടും ബ്രിട്ടൻ്റെ കൈകളിലെത്തിക്കാനുള്ള പദ്ധതികൾ അവർ ആസൂത്രണം ചെയ്‌തു. ബ്രിട്ടൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ എം 16 അമേരിക്കൻ സി ഐ എയുമായി ചേർന്ന് മൊസാദെക്കിനെ അട്ടിമറിക്കാനുള്ള ആലോചനകളിൽ മുഴുകി. ഹാരി എസ്. ട്രൂമാനെ തുടർന്ന് ഡ്രൈറ്റ് ഐസനോവർ അമേരിക്കൻ പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്തിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് വിരുദ്ധനുമായ വിൻസ്റ്റൻ ചർച്ചിലിന്, സോവിയറ്റ് യൂണിയനുമായും ഇറാനിലെ കമ്യൂണിസ്റ്റുകളുമായും മൊസാദെക്കിനുണ്ടായിരുന്ന ബന്ധം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇറാനും കമ്യൂണിസത്തിലേക്ക് നീങ്ങുകയാണെന്ന് ഐസനോവറിനും തോന്നി. അതുകൊണ്ടുതന്നെ മൊസാദെക്കിനെ ഇനിയും തുടരാനനുവദിച്ചുകൂടാ. ശീതയുദ്ധത്തിന്റെ ആശയപരിസരങ്ങൾ കൊടുമ്പിരിക്കൊണ്ടിരുന്ന ആ സവിശേഷ സന്ദർഭത്തിൽ മൊസാദെക്കെന്നെ പുരോഗമന ദേശീയവാദിയുടെ സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതികളെല്ലാം അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ആ അട്ടിമറിപദ്ധതിക്ക് ‘ഓപ്പറേഷൻ അജാക്‌സ്’ എന്ന് അവർ പേരും നൽകി.

11 വർഷം മുഹമ്മദ് മൊസാദെക്കിന് ഒരു മുറിക്കുള്ളിൽ വിട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. ആ മുറിയിൽ കിടന്ന് ആ മഹാനായ സാമ്രാജ്യത്വ വിരുദ്ധപ്പോരാളി 1967 മാർച്ച് അഞ്ചിന് അന്ത്യശ്വാസം വലിച്ചു. ആ മുറിക്കുള്ളിൽത്തന്നെ സാമ്രാജ്യത്വത്തിൻ്റെ നിയന്ത്രണത്തിലുള്ള ഇറാനിലെ ഏകാധിപത്യഭരണകൂടം അദ്ദേഹത്തെ കുഴിച്ചുമൂടി.

മൊസാദെക്കിൻ്റെ അട്ടിമറിയെത്തുടർന്ന് അവരോധിക്കപ്പെട്ട പുതിയ സർക്കാരാകട്ടെ, എണ്ണയുടെ ദേശസാൽക്കരണത്തെ റദ്ദുചെയ്യുകയും വിദേശ കമ്പനികൾക്കായി ഇറാൻ്റെ എണ്ണപ്പാടങ്ങളെ മുഴുവനായി തുറന്നു കൊടുക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളും ബ്രിട്ടനും ഇറാൻ്റെ എണ്ണയുടെമേൽ അധികാരമുറപ്പിച്ചു. മൊസാദെക്കിന്റെ എല്ലാ സാമൂഹ്യപരിഷ്കാരങ്ങളും അട്ടിമറിക്കപ്പെട്ടു. കമ്യൂണിസ്റ്റുകളും ദേശീയവാദികളും കൊടിയ പീഡനങ്ങൾക്കും മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയരായിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. മൊസാദെക്കിൻ്റെ അടുത്ത അനുയായികൾ വധിക്കപ്പെട്ടു. മൂന്നു വർഷത്തെ ഏകാന്തതടവായിരുന്നു മൊസാദെക്കിന് വിധിക്കപ്പെട്ടത്. ആ സൈനിക തടവറയ്ക്കുള്ളിൽ ഏകനായി ആ മനുഷ്യൻ തീതിന്നു ജീവിച്ചു. അതിനുശേഷം 11 വർഷം അദ്ദേഹത്തിന് ഒരു മുറിക്കുള്ളിൽ വിട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. ആ മുറിയിൽ കിടന്ന് ആ മഹാനായ സാമ്രാജ്യത്വ വിരുദ്ധപ്പോരാളി 1967 മാർച്ച് അഞ്ചിന് അന്ത്യശ്വാസം വലിച്ചു. ആ മുറിക്കുള്ളിൽത്തന്നെ സാമ്രാജ്യത്വത്തിൻ്റെ നിയന്ത്രണത്തിലുള്ള ഇറാനിലെ ഏകാധിപത്യഭരണകൂടം അദ്ദേഹത്തെ കുഴിച്ചുമൂടുകയും ചെയ്‌തു. രാഷ്ട്രീയ ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെട്ടവർ അന്ത്യവിശ്രമംകൊള്ളുന്ന പൊതുശ്മശാനത്തിനു സമീപത്തായി തന്നെയും അടക്കം ചെയ്യണമെന്ന മൊസാദെക്കിന്റെ അന്ത്യാഭിലാഷത്തെപ്പോലും അംഗീകരിച്ചുകൊടുക്കാൻ ആ പുഴുത്ത സാമ്രാജ്യത്വഭരണകൂടം ഒരുക്കമല്ലായിരുന്നു.

മുഹമ്മദ് മൊസാദക്കിൻ്റെ മതനിരപേക്ഷ ഗവൺമെൻ്റിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഇറാൻ്റെ സമ്പൂർണ്ണമായ നിയന്ത്രണം അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കൈകളിലേയ്ക്ക് എത്തിച്ചേരുന്നത്.
മുഹമ്മദ് മൊസാദക്കിൻ്റെ മതനിരപേക്ഷ ഗവൺമെൻ്റിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഇറാൻ്റെ സമ്പൂർണ്ണമായ നിയന്ത്രണം അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കൈകളിലേയ്ക്ക് എത്തിച്ചേരുന്നത്.

ഇങ്ങനെ അമേരിക്കൻ സാമ്രാജ്യത്വം ഏറ്റവും സുസംഘടിതമായി ലോകത്താദ്യമായി ഒരു പരമാധികാര രാഷ്ട്രത്തിനെതിരെ ജനാധിപത്യ അട്ടിമറി സംഘടിപ്പിക്കുന്നത് 1953 -ലായിരുന്നു. ഇറാനിൽ ഏറ്റവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മൊസാദക്കിൻ്റെ മതനിരപേക്ഷ ഗവൺമെൻ്റിനെ അട്ടിമറിച്ചുകൊണ്ടായിരുന്നു ആ സാമാജ്യത്വ അധിനിവേശത്തിന് അമേരിക്ക പരിപൂർണ്ണമായ തുടക്കമിട്ടത്. ആ അട്ടിമറിയിലൂടെയായിരുന്നു ഇറാൻ്റെ സമ്പൂർണ്ണമായ നിയന്ത്രണം അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കൈകളിലേയ്ക്ക് എത്തിച്ചേരുന്നത്. പിന്നീട് ഇറാനിലെ ആ അമേരിക്കൻ സാമ്രാജ്യത്വമേൽക്കോയ്മയ്ക്ക് വലിയ പ്രഹരമേൽക്കുന്നത് 1979- ലെ ഇറാനിയൻ മതവിപ്ലവത്തിലൂടെയായിരുന്നു. ഇപ്പോൾ ഇറാനെതിരെ അരങ്ങേറികൊണ്ടിരിക്കുന്ന എല്ലാവിധത്തിലുള്ള സാമ്രാജ്യത്വ- സയണിസ്റ്റ് കടന്നാക്രമണങ്ങളെയും പ്രചാരണയുദ്ധങ്ങളെയും ഈ ചരിത്രപശ്ചാത്തലത്തിൻ്റെ തുടർച്ചയിലാണ് വായിച്ചെടുക്കേണ്ടത്.


Summary: The U.S. began its interference in Iran by overthrowing Mohammad Mosaddegh’s democratic government in 1953. Today’s attacks are a continuation of that legacy. P.S. Poozhanadu writes


പി.എസ്​. പൂഴനാട്​

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം. ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖമാസികയായ എംപ്ലോയീസ് ഫോറത്തിന്റെ അസോസിയേറ്റഡ് എഡിറ്റർ. ‘ലോകദർശനങ്ങൾ: ചാർവാകൻ മുതൽ മാർക്സ് വരെ’, ‘മാർക്സ് വീണ്ടും മാർക്സ്: സമകാലിക വായനകൾ’, ‘ജനങ്ങൾക്കുവേണ്ടി മരിച്ചുവീഴാം: മാൽക്കം എക്സും പോരാളികളും’, ‘റെഡ് ആഫ്രിക്ക’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments