പണ്ട്, സോവിയറ്റ് ബ്ലോക്കിൽ പെട്ട കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരേ അവിടത്തെ ജനങ്ങളെ അണിനിരത്താൻ അമേരിക്കൻ രഹസ്യപ്പോലീസ് ഉപയോഗിച്ചിരുന്ന ഒരു രീതി ‘കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം’ പ്രചരിപ്പിയ്ക്കുക എന്നായിരുന്നു. അതാത് ഭാഷകളിൽ തയ്യാറാക്കി അച്ചടിച്ച ആ സാഹിത്യം, ചിലപ്പോൾ, ഹെലികോപ്റ്ററുകളിൽ നിന്നുവരെ താഴേക്ക്, ജനങ്ങളിലേക്ക്, പറന്നു. അതിലൊന്ന്, ജോർജ് ഓർവേലിന്റെ 1984 എന്ന കൃതിയുടെ പരിഭാഷയായിരുന്നു. ലൂയിസ് മെനൻഡ് എഴുതിയ The Free World - Art and Thought in the cold war എന്ന ശ്രദ്ധേയമായ കൃതിയിൽ ഇതിന്റെ വിശദ വിവരങ്ങൾ കാണാം.
ശീതയുദ്ധകാലത്ത് അമേരിക്കൻ ചാര സംഘടനകളുടെയും കമ്യൂണിസ്റ്റ് വിരുദ്ധ ബുദ്ധിജീവിവേദികളുടെയും അത്തരം ‘രാഷ്ട്രീയ/സാംസ്കാരിക പ്രവർത്തികൾ’ പ്രസിദ്ധവുമായിരുന്നു.
സമൂഹത്തിന്റെ വിചാരജീവിതത്തിൽ ഇടപെടാൻ ഭരണകൂടങ്ങൾ എടുക്കുന്ന രീതികളും വഴികളും അങ്ങനെ പല വിധത്തിലായിരുന്നു. സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള ഒരു വഴി "സ്വതന്ത്ര ചിന്ത"യ്‌ക്കും "ഭരണകൂട വിമർശന രാഷ്ട്രീയ"ത്തിനുമുള്ള സാധ്യതകൾ കണ്ടെത്തുക എന്നു തന്നെയാണ് എന്ന്, അല്ലെങ്കിൽ, ശീത യുദ്ധകാലം കാണിച്ചുതന്നു. ജനാധിപത്യ പ്രതിരോധങ്ങളുടെ ആ നീണ്ടകാലം ഇന്ന് മനുഷ്യ രാശിയുടെ ബൗദ്ധികാന്വേഷണങ്ങളുടെ തന്നെ ഭാഗവുമാണ്.
ലോകരാജ്യങ്ങളിൽ, ഇന്ത്യ അടക്കം, പല രാഷ്ട്രങ്ങളിലും നിലവിൽ വന്ന "പാർലമെന്ററി സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ", സോവിയറ്റ് കാലത്തെ പോലെ വലത് - മൂരാച്ചി- ഭരണകൂടങ്ങൾ ആയില്ല എന്നാണ് വാസ്തവം.
എന്നാൽ, തൊണ്ണൂറുകളുടെ ആദ്യ പകുതിയോടെ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ 'സമാധാനപൂർണ്ണമായ തകർച്ച' ലോകത്ത് ജനാധിപത്യ രാഷ്ട്രീയത്തിന് നൽകിയ മഹത്തായ അവസരത്തിന് ബദലെന്നവണ്ണം, ഇപ്പുറത്ത്, ഇതേ കാലത്ത്, അമേരിക്കയുടെ "രക്ഷാകർത്തൃത്വ ജനാധിപത്യ"വും നിലവിൽ വന്നു: ഗൾഫ് യുദ്ധങ്ങൾക്കൊപ്പവും അതിനു ശേഷവും പ്രബലമായ ഈ രക്ഷാകർത്തൃത്വ രാഷ്ട്രീയത്തിന്റെ നെടുനായകത്വത്തിലേക്ക് അമേരിക്ക എത്തിയത് ശീതയുദ്ധ കാലാനന്തര ലോകത്തിന് സ്വാഭാവികമായ പരിണിതിയുമായിരുന്നു. ലോകം ഒരൊറ്റ സാമ്രാജ്യത്തിനു കീഴെ എന്ന് തോന്നത്തക്ക വിധം നമ്മൾ അതിനെ 'പ്രബലമായ വലത്' എന്നും അതിലളിതമായി ഇതിനെ നമ്മൾ മനസിലാക്കുകയായിരുന്നു.
ഇടതിന് വലത് എന്ന കറുപ്പും വെളുപ്പുമായി പകുത്ത ഈ രാഷ്ട്രീയവിശ്വാസത്തിനും ശീത യുദ്ധകാലത്തോളം പഴക്കമുണ്ട്. മറ്റൊരർത്ഥത്തിൽ, പരമ്പരാഗത ലെനിനിസ്റ്റ് വിശകലന രീതിയായിരുന്നു അത്. എപ്പോഴും അതൊരു "മുഖ്യ വൈരുധ്യ"ത്തെ തേടി. ഇപ്പോൾ അത് സോവിയറ്റ് റഷ്യ ഇല്ലാത്ത അമേരിക്കൻ സാമ്രാജ്യത്വമായി എന്നു മാത്രം. എന്നാൽ, അതൊരു വെറും'വലത്' ആയിരുന്നില്ല. ‘സാമ്രാജ്യത്വം’ എന്ന കല്പനയിൽ ഒടുങ്ങുന്നതുമായിരുന്നില്ല.

ലോകരാജ്യങ്ങളിൽ, ഇന്ത്യ അടക്കം, പല രാഷ്ട്രങ്ങളിലും നിലവിൽ വന്ന "പാർലമെന്ററി സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ", സോവിയറ്റ് കാലത്തെ പോലെ വലത് - മൂരാച്ചി- ഭരണകൂടങ്ങൾ ആയില്ല എന്നാണ് വാസ്തവം. അവ, തങ്ങളുടെ രക്ഷാകർത്തൃത്വഭരണത്തിലേക്ക് അതാത് സമൂഹങ്ങളിൽ നിലനിൽക്കുന്ന മേധാവിത്വ സാക്ഷ്യങ്ങളെക്കൂടി കൂടെ കൂട്ടി. ഇതാകട്ടെ, നിലവിലെ ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുതന്നെ കണ്ടെത്തി. ട്രംപ് ഭരണകൂടത്തിനത് "വൈറ്റ്- റിച്ച്-കാത്തലിക്ക്" എന്നായിരുന്നുവെങ്കിൽ, മോദിക്ക് അത് "ഹിന്ദു- റിച്ച്- ബ്രാഹ്മണിക് "ആശയമായിരുന്നു. ("ആർ എസ് എസ് ലൂടെ ബി ജെ പി യെ കാണരുത്" എന്ന് ആർ എസ് എസ് മേധാവി പറയുന്നതിന്റെ പൊരുളിലും ഇതാണ് അവരുടെ ആശയശാസ്ത്രം). പുട്ടിൻന്റെ റഷ്യ, നെതന്യാഹുവിന്റെ ഇസ്രായേൽ, അങ്ങനെ... ഈ രക്ഷാകർത്തൃത്വ മേധാവിത്വത്തിന്റെ ഒരു സവിശേഷത, സമൂഹത്തിന്റെ ഏറ്റവും അടിയിൽ കിടക്കുന്ന ജനവിഭാഗത്തെ, അതിൽ ലിംഗവും ജാതിയും മതവും ചിതറിയ തൊഴിലാളി കർഷക സംഘടനകളും എല്ലാം പെടുന്നു, ഭയപ്പെടുത്തി കോളനീകരിക്കുക എന്നാണ്. അവിടെ ഭരണകൂടം അതിന്റെ ആശയശാസ്ത്രത്തേക്കാൾ ആശ്രയിക്കുന്നത് സർവ്വാധികാരിയായ ഒരു ഭരണാധികാരിയെയാണ്. അയാൾ പഴയ സാമ്രാജ്യത്ത്വത്തിന്റെ പ്രതിനിധിയല്ല. മറിച്ച്, നമ്മൾ (അതാത് സമൂഹം) വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്ന നമ്മുടെ പ്രതിനിധിയാണ്.
ജനാധിപത്യത്തെ ലോകം സ്വീകരിച്ചത്, പ്രാക്ടീസ് ചെയ്തത്, ഭരണകൂടങ്ങളുടെ ആശയം എന്ന നിലയ്ക്കായിരുന്നുവോ എന്ന ശങ്കയാണ് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത്. രാഷ്ട്രീയപാർട്ടികൾ, കുടുംബ സംവിധാനങ്ങളിൽ എന്ന പോലെ, ആൺ മേധാവിത്വത്തിന്റെ ആശയമായി മാറുകയായിരുന്നു, മിക്കവാറും എല്ലാ വലിയ സ്വാതന്ത്ര്യസമരങ്ങൾക്കും ശേഷം.
അമേരിക്കൻ പ്രസിഡന്റ് ആണെങ്കിലും, യുദ്ധം പോലുള്ള സംഗതികൾക്ക് കോൺഗ്രസിന്റെ അനുമതി വേണമെങ്കിലും, ട്രംപിന് വെനസ്വേലയെ ആക്രമിക്കാനും അവിടത്തെ ഭരണാധികാരിയെ (അയാളുടെ ഭാര്യയേയും) പിടിച്ചുകൊണ്ടുവരാനും ഇതൊന്നും ബാധകമാവുന്നില്ല. അങ്ങനെ ആവശ്യമുണ്ടെന്ന് ട്രംപ് വിചാരിക്കുന്നതു പോലുമില്ല. കാരണം, തന്റെ രക്ഷാകർത്തൃത്വ രാഷ്ട്രീയത്തിന് അതൊരാവശ്യമേ ആവുന്നില്ല. അഥവാ, ജനാധിപത്യത്തെ അതിനകത്തു നിന്നുകൊണ്ടുതന്നെ സ്വേച്ഛാധിപത്യമാക്കി മാറ്റാൻ, അഥവാ ജനാധിപത്യ രാഷ്ട്രീയത്തെ തന്നെ പ്രച്ഛന്നമാക്കാൻ, രക്ഷാകർത്തൃത്വ രാഷ്ട്രീയത്തിന് ഇന്ന് കഴിയുന്നു. അതായത്, ഭരണാധികാരി രാഷ്ട്രം തന്നെയും, തന്റെ തീരുമാനങ്ങൾ ആത്യന്തികമായി രാഷ്ട്രത്തിന്റെ തന്നെ ആയി മാറുകയും ചെയ്യുന്നു.
വെനസ്വേലൻ പ്രസിഡന്റ്, നിക്കോളസ് മഡൂറോ, ആ അർത്ഥത്തിൽ, ഒരേസമയം തന്റെ തന്നെ വിധിയുടെ സന്ദർശകൻ കൂടി ആവുകയാണ് ഉണ്ടായത്. തന്റെ "സോഷ്യൽ ഫാഷിസ"ത്തെ റാഞ്ചിയത് പഴയ അമേരിക്കൻ സാമ്രാജ്യത്വമല്ല, മറിച്ച്, ഒരുപക്ഷേ, തനിക്ക് രക്ഷകനായി മാറാവുന്ന ഒരു രക്ഷാധികാരിയാണ് ഇന്ന് അമേരിക്ക ഭരിക്കുന്നത് എന്ന് മഡൂറോ (വേഗം) മനസ്സിലാക്കുകയാണ്.

("ഞാൻ സന്തോഷവാനല്ല എന്ന് മോദിക്ക് അറിയാം", "എന്നെ സന്തോഷിപ്പിക്കുകയാണ് മോദി ചെയ്യേണ്ടത്" - ട്രംപ്. അഥവാ, ഞാൻ മോദിയുടെയും രക്ഷാകർത്താവ് ആണ്. നോക്കൂ: മോദി തന്റെതന്നെ രക്ഷാകർത്തൃത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു വാചാലനായ ഉടമയെ കാണുന്നു).
മഡൂറോ എന്ത് ചെയ്യും?
അത് ദിവസങ്ങൾ തെളിയിക്കട്ടെ.
എന്നാൽ, നമ്മെ അസ്വസ്ഥപ്പെടുത്തുന്നത് മറ്റൊന്നാണ്. ജനാധിപത്യത്തെ ലോകം സ്വീകരിച്ചത്, പ്രാക്ടീസ് ചെയ്തത്, ഭരണകൂടങ്ങളുടെ ആശയം എന്ന നിലയ്ക്കായിരുന്നുവോ എന്ന ശങ്കയാണ് അത്: രാഷ്ട്രീയപാർട്ടികൾ, കുടുംബ സംവിധാനങ്ങളിൽ എന്ന പോലെ, ആൺ മേധാവിത്വത്തിന്റെ ആശയമായി മാറുകയായിരുന്നു, മിക്കവാറും എല്ലാ വലിയ സ്വാതന്ത്ര്യസമരങ്ങൾക്കും ശേഷം. അവരാണ് providers- ന്റെ റോളിലേക്ക്, guardians- ന്റെ റോളിലേക്ക് വന്നത്. അവരാണ് ജനാധിപത്യത്തെ പാർലമെന്ററി മോക്കറിയാക്കിയതും.
ചിലപ്പോൾ തോന്നും, ലോകം നേരിടുന്നത് ജനാധിപത്യമെന്ന ആശയത്തെ തന്നെയാണ് എന്ന്. എങ്കിൽ, അത് നല്ലതിനാവാനാണ് സാധ്യത. മനുഷ്യ സമൂഹം കടന്നുവന്ന, കടന്നുപോകുന്ന രാഷ്ട്രീയ ജീവിതം വെറുമൊരു ഓർമയല്ലല്ലോ.
