ചരിത്രം തന്നെ അവസാനിച്ചിരിക്കുന്നു എന്ന് വിശ്വസിച്ചുകൊണ്ട് പാശ്ചാത്യ ശക്തികൾ, പ്രത്യേകിച്ച് അമേരിക്ക, വിരാജിക്കുന്നതിനിടെ ചൈനയും ഇന്ത്യയും പെട്ടെന്ന് ലോകത്തിലെ രണ്ടും, മൂന്നും സാമ്പത്തിക ശക്തികൾ ആയി പ്രത്യക്ഷപെട്ടിരിക്കുന്നു. ഉപഭോഗ ശക്തിയുടെ അടിസ്ഥാനത്തിൽ ജിഡിപി അളക്കുമ്പോൾ അമേരിക്ക ഇന്ന് ലോകത്തിൽ രണ്ടാമത്തെ സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഒന്നാം സ്ഥാനത്ത് ചൈന ആണെന്ന വാർത്ത പരക്കെ അറിയപ്പെടുന്നില്ല. മൂന്നാം സ്ഥാനത്ത് ഇന്ത്യയും എത്തിയിരിക്കുന്നു.
യുദ്ധം അനിവാര്യമല്ലെങ്കിലും ട്രംപ് ഭരണം തുടങ്ങിയതിനുശേഷം, പ്രതേകിച്ചു കോവിഡ് എത്തിയതിനു ശേഷം അമേരിക്കയും ചൈനയും ഒരു പക്ഷെ ഇന്ത്യയും കെണിയിൽ പെടുമോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.
ഓസ്ട്രേലിയൻ ട്രഷറിയുടെ ഒരു എസ്റ്റിമേറ്റ് പ്രകാരം 2030 ആകുമ്പോഴേക്കും ചൈനയുടെ ജിഡിപി 42 ട്രില്യൻ ഡോളർ ആയി വളരാൻ സാധ്യതയുണ്ട് (42,000,000,000,000). എന്നാൽ അമേരിക്കയുടെ ജിഡിപി 24 ട്രില്യനിൽ ഒതുങ്ങാനാണ് സാധ്യത. അങ്ങനെ ഒരു പ്രതിയോഗിയെ വളരാൻ അമേരിക്ക സമ്മതിക്കുമോ എന്ന ചോദ്യത്തിന് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗ്രഹാം ആലിസൺ നൽകിയ ഓമനപ്പേരാണ് "തുസിഡൈഡിസ് ട്രാപ്' എന്ന യുദ്ധക്കെണി. യുദ്ധം അനിവാര്യമല്ലെങ്കിലും ട്രംപ് ഭരണം തുടങ്ങിയതിനുശേഷം, പ്രതേകിച്ചു കോവിഡ് എത്തിയതിനു ശേഷം അമേരിക്കയും ചൈനയും ഒരു പക്ഷെ ഇന്ത്യയും കെണിയിൽ പെടുമോ എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്.
കോവിഡ്-19 അമേരിക്കയുടെ ചില ബലക്ഷയങ്ങൾ തുറന്നു കാട്ടിയിട്ടുണ്ട്. നാട്ടിൽ നിന്ന് ഫോൺ വിളിക്കുന്നവരൊക്കെ "അമേരിക്കയുടെ പ്രസിഡന്റിന് എന്താ കുഴപ്പം' എന്ന ചോദ്യം മാറ്റി "അമേരിക്കയ്ക്ക് എന്ത് പറ്റി' എന്നാണ് ഇപ്പോൾ എന്നോട് ചോദിക്കുന്നത്. ഗൗരവതരവും സങ്കീർണവും ആയ ഒരു ചോദ്യമാണിത്. അമേരിക്ക കമ്പോള മൗലികവാദത്തിന് അടിമയായി എന്നതാണ് ഒറ്റ വാചകത്തിലുള്ള ഉത്തരം. ഗവണ്മെന്റ് ഒരു പ്രശ്‌നമാണ്, പരിഹാരമല്ല എന്ന നിയോലിബറൽ പ്രത്യയശാസ്ത്രമാണ് മൗലിക വാദത്തിന്റെ അടിത്തൂൺ. റൊണാൾഡ് റീഗനും, ഇംഗ്ലണ്ടിലെ മാർഗരറ്റ് താച്ചറും ഒക്കെയായിരുന്നു ഈ കമ്പോള മൗലിക വാദത്തിന്റെ ഉപജ്ഞാതാക്കൾ. മൂന്നാലു ദശവർഷങ്ങളായി അമേരിക്കയിൽ ജനക്ഷേമസഹായകമായ ഏതു പൊതു സ്ഥാപനങ്ങളെയും പുച്ഛിക്കാനും, ഒന്നൊന്നായി ഇല്ലെന്നാക്കാനും ഉള്ള പ്രവണത പ്രബലമായിക്കൊണ്ടിരുന്നു. ഗവണ്മെന്റ് സ്‌കൂളുകളും, പരിസ്ഥിതി നിയമങ്ങളും, പൊതുജനാരോഗ്യ സ്ഥാപനങ്ങളും, പൊതുഗാതാഗത മാർഗങ്ങളും, ഇപ്പോൾ പോസ്റ്റ് ഓഫീസ് പോലും ഇല്ലെന്നാക്കാൻ ഈ മൗലികവാദികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ജനാധിപത്യ പ്രസ്ഥാനത്തിന്റെയും, ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ഉറവിടമായി അമേരിക്കയെ കരുതാറുണ്ടെങ്കിലും ശാസ്ത്രവിരുദ്ധരാണ് ഈ രാജ്യം ഇപ്പോൾ ഭരിക്കുന്നത്. മിക്ക ക്രിസ്തീയ സ്‌കൂളുകളിലും പരിണാമശാസ്ത്രം പഠിപ്പിക്കാറേയില്ല. ഇവിടെ 40% ജനങ്ങളും ക്രിയേഷനിസമെന്ന വ്യാജശാസ്ത്രമാണ് വിശ്വസിക്കുന്നത് എന്ന് ഗ്യാലപ് സർവെ വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ അവസ്ഥയും പരിതാപകരം. ജനജീവിതം തന്നെ പടുകൂറ്റൻ കോർപറേഷനുകൾക്കു തീറെഴുതി കൊടുതിരിക്കുന്നു. We, the People, എന്ന മുഖവുരയോടെ തുടങ്ങുന്ന മഹത്തായ ഭരണഘടന ഉള്ള ഒരു രാഷ്ട്രം Corporations are people എന്ന് സുപ്രീം കോടതിയെ ക്കൊണ്ട് വ്യാഖ്യാനിപ്പിച്ചു ഒരു ശതമാനം മാത്രമായ കൊടും മുതലാളി വർഗം.
ഇലക്ഷനുകളിൽ നിയന്ത്രണമില്ലാതെ പണം മുടക്കി എല്ലാ നിലകളിലുമുള്ള നിയമനിർമാണവും കോർപറേഷനുകൾ തട്ടിയെടുത്തിരിക്കുകയാണ്. അവരുടെ കുത്തക സ്വത്തായി മാറിയിരിക്കുന്നു ഗവണ്മെന്റ്. എല്ലാ ഭരണ സഹായവും ഒരു ശതമാനത്തിനുമേൽ ചൊരിഞ്ഞു കൊണ്ടിരുന്നാൽ, ബാക്കി 99% ജനങ്ങൾക്ക് വേണ്ട അപ്പക്കഷണങ്ങൾ മുതലാളിമേശയിൽ നിന്ന് വീണു കൊള്ളും എന്നതാണ് പുതിയ അമേരിക്കൻ ജനാധിപത്യവിശ്വാസപ്രമാണം. ഗവണ്മെന്റ് ചുരുക്കൽ എന്ന ആശയം തന്നെ വെള്ളക്കാരുടെ പൊതു പ്രത്യശാസ്ത്രമാക്കി മാറ്റുവാനും വലതു മാധ്യമങ്ങൾക്കു സാധിച്ചു.
കോവിഡ്-19 എന്ന അദൃശ്യ ഭീകരൻ പെട്ടെന്ന് പടിക്കലെത്തിയപ്പോൾ തടഞ്ഞു നിറുത്തുവാൻ വേണ്ടത്ര ഗവണ്മെന്റ് അമേരിക്കയിൽ ബാക്കിയില്ലാതെ വന്നു. കൊച്ചു കേരളത്തിൽ ഗവണ്മെന്റ് ഉണ്ടായിരുന്നു, ന്യൂ സിലണ്ടിൽ ഗവണ്മെന്റ് ഉണ്ടായിരുന്നു, ചൈനയിൽ തീർച്ചയായും ഗവണ്മെന്റ് ഉണ്ടായിരുന്നു.
കോവിഡ്-19 എന്ന അദൃശ്യ ഭീകരൻ പെട്ടെന്ന് പടിക്കലെത്തിയപ്പോൾ തടഞ്ഞു നിറുത്തുവാൻ വേണ്ടത്ര ഗവണ്മെന്റ് അമേരിക്കയിൽ ബാക്കിയില്ലാതെ വന്നു. കൊച്ചു കേരളത്തിൽ ഗവണ്മെന്റ് ഉണ്ടായിരുന്നു, ന്യൂ സിലണ്ടിൽ ഗവണ്മെന്റ് ഉണ്ടായിരുന്നു, ചൈനയിൽ തീർച്ചയായും ഗവണ്മെന്റ് ഉണ്ടായിരുന്നു. മഹാമാരികളെ നേരിടാൻ അമേരിക്കയിൽ നിലവിലുണ്ടായിരുന്ന ഒരു ഗവണ്മെന്റ് സ്ഥാപനത്തെ ട്രംപ് 2018-ൽ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച പത്രപ്രവർത്തകരോട് പ്രസിഡന്റ് പറഞ്ഞു: ""ഞാൻ ഒരു ബിസിനസുകാരൻ ആണ്. ആവശ്യമില്ലാതെ ആയിരം ഡോക്ടർമാരെ ഞാൻ ജോലിക്കു വെയ്ക്കുകയില്ല. ആവശ്യം വരുമ്പോൾ മാത്രം ഡോക്ടറെ വിളിക്കും.'' നാമെല്ലാം കണ്ടതാണ് ആവശ്യം വന്നപ്പോൾ ട്രംപിന്റെ അമേരിക്കയ്ക്ക് എന്തു ചെയ്യാൻ പറ്റിയെന്നത്.
ട്രംപ് ഇലക്ഷൻ പ്രചരണങ്ങളിൽ വാഗ്ദാനം ചെയ്തത് മുഖ്യമായും ചൈനയെ ഒരു പാഠം പഠിപ്പിക്കും എന്നാണ്. ചൈനയിലേതിലും വലിയ മതിൽ പണിത് മെക്‌സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയുമെന്ന് ആലപിച്ചുകൊണ്ടാണ് ട്രംപ് മധ്യവർഗത്തിന്റെ രഹസ്യ പിന്തുണനേടിയത്. അമേരിക്കയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരും എന്ന് തൊപ്പിയിൽ എഴുതിയ ട്രംപ് ഭരണത്തിൽ വന്ന ഉടൻ ചെയ്തത് ചൈനക്കെതിരെ വാണിജ്യ യുദ്ധം പ്രഖ്യാപിക്കുകയാണ്. ചൈനയെ പഴിക്കാൻ ഒരു സുവർണാവസരം ഒരുക്കി കൊണ്ട് ഇപ്പോൾ കോവിഡ്-19 ഉം എത്തിയിരിക്കുന്നു. സദ്ദാം ഹുസൈൻ രാസആണവായുധങ്ങൾ സംഭരിക്കുന്നു എന്ന വ്യാജ പ്രചരണം നടത്തി ഇറാഖിനെ ആക്രമിച്ചതുപോലെ തന്നെ ഇപ്പോൾ കോവിഡ് -19 ചൈന അഴിച്ചുവിട്ടിരിക്കുന്ന ജൈവായുധമാണെന്ന ആരോപണവുമായിട്ടാണ് അമേരിക്ക രംഗത്തിറങ്ങിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ശത്രുതയിൽ കഴിഞ്ഞ അമേരിക്ക പ്രസിഡന്റ് നിക്‌സൺന്റെ 1972 ലെ ചൈന സന്ദർശനത്തിന് ശേഷം മെല്ലെ മെല്ലെ ചൈനയുമായി അടുത്തുവരുകയായിരുന്നു. ചില ശീതയുദ്ധ കണക്കുകൂട്ടലുകളുടെ ഭാഗമായി ജനാധിപത്യം ഉപദേശിച്ച് ചൈനയെ സ്വന്തമാക്കാമെന്നു പോലും അമേരിക്ക മോഹിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വ്യവസായ വിപ്ലവത്തോടനുബന്ധിച്ച് തുടങ്ങിയ പാശ്ചാത്യരുടെ സാമ്രാജ്യത്വ സംരംഭത്തിന്റെ തുടർച്ചയായിരുന്നു അമേരിക്കയുടെ ചൈന നയം. ബൈബിൾ ഉപയോഗിച്ച് ചൈനയെ മാനസാന്തരപ്പെടുത്തി കോളണിവൽകരിക്കാൻ ശ്രമിച്ച പാശ്ചാത്യ ശക്തികൾക്കൊപ്പം അമേരിക്കയിലെ ജെപി മോർഗനും, ആൻഡ്രൂ കാർനെഗിയും ഒക്കെ ആദ്യമേ കളത്തിലിറങ്ങിയിരുന്നു. ബൈബിൾ പരാജയപ്പെട്ടപ്പോൾ വൻതോതിൽ കറുപ്പ് വിറ്റഴിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി രണ്ട് തവണ യുദ്ധം ചെയ്തു. ക്രിസ്ത്യൻ മിഷൻ പ്രവർത്തനത്തിന്റെ പ്രത്യാഘ്യതമായുണ്ടായ തായ് പിംഗ് കലാപം (1850-1864) അടിച്ചമർത്താൻ സഹായിച്ചുകൊണ്ട് യൂറോപ്യൻ ശക്തികൾ മുതലെടുപ്പു നടത്തി. യേശുക്രിസ്തുവിന്റെ സ്വന്തം അനുജനാണെന്നു പറഞ്ഞു കൊണ്ട് ഹോംഗ് ഷിക്വാൻ (1814-1864) എന്ന ഒരു മത തീവ്രവാദി സാമ്രാജ്യത്വത്തിനെതിരെ നയിച്ച ആഭ്യന്തര യുദ്ധം, വിവിധ പ്രവിശ്യകളിലുള്ള ലഹളകൾ ഹിമഗോളം പോലെ ഒന്നായി മൂന്നു കോടി ചൈനക്കാരുടെ മരണത്തിൽ അവസാനിച്ചു എന്നാണ് കരുതപ്പെടുന്നത്. അന്ന് ഫ്രാൻസും, ഇംഗ്ലണ്ടും ചിങ് സാമ്രാജ്യത്തിന്റെ പക്ഷത്ത് നിന്നു കൊണ്ട് യുദ്ധത്തിന് നേതൃത്വം നൽകി. വിഖ്യാത ഇംഗ്ലീഷ് ജനറൽ ജോർജ് ഗോർഡൻ ആയിരുന്നു ഈ യുദ്ധത്തിന്റെ ഒരു മുഖ്യ തന്ത്രജ്ഞൻ. ചിങ് വംശം ഏതാണ്ട് അസ്തമിക്കാറായ അവസരം നോക്കി എട്ടു യൂറോപ്യൻ ശക്തികൾ ഒത്തുചേർന്ന് ചൈന പകുത്തെടുക്കാൻ ഒരു ശ്രമം കൂടി നടത്തി. അതാണ് മിഷനറി വിരുദ്ധ റിബലുകൾക്ക് എതിരെ അഴിച്ചുവിട്ട ബോക്‌സർ യുദ്ധം (1899-1901).
ചിങ് സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം (1912) നടന്ന ആഭ്യന്തര യുദ്ധവും കമ്മ്യൂണിസ്റ്റ് വിപ്ലവവും, വിപ്ലവാനന്തര ചൈനയുടെ ചരിത്രവും, പ്രസിഡന്റ് നിക്‌സൺ തുടങ്ങിവച്ച നയതന്ത്ര ബന്ധവും പരക്കെ അറിയപ്പെടുന്നതാണ്.
2001 ഡിസംബറിൽ ആണ് ചൈനയെ World Trade Organization-നിൽ ചേർക്കുന്നത്. അമേരിക്കയിലെ തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകാൻ മടിയുള്ള കോർപറേഷനുകളാണ് ഇതിനു മുൻകൈ എടുത്തത്. അമേരിക്കയിലെ തൊഴിലാളി യൂണിയനുകളെ ഏതാണ്ട് പൂർണമായും നിർജീവമാക്കിയതിനു ശേഷം ചെയ്ത നടപടിയാണ് ഫാക്ടറി ജോലികൾ കയറ്റുമതി ചെയ്യുക എന്നത്. തൊഴിലാളി പ്രസ്ഥാനം തന്നെ രാജ്യദ്രോഹമാണെന്നാണ് കോർപ്പറേറ്റ് ശക്തികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രത്യയശാസ്ത്രം. അതേസമയം തൊഴിൽ സമത്വം ഹനിക്കാൻ അവർ നിർമിച്ചെടുത്ത നിയമത്തിന് "തൊഴിൽ സ്വാതന്ത്ര്യം നിയമം' എന്ന നുണപ്പേരാണ് ഇട്ടുകൊടുത്തത് എന്നോർക്കണം. അമേരിക്കയിലെ ഭൂരിഭാഗം പള്ളികളുടെയും, പ്രത്യേകിച്ച് ടെലിവിഷൻ പള്ളികളുടെയും, പ്രധാന തൊഴിൽ മുതലാളിത്ത മഹാത്മ്യം മദ്ധ്യവർഗത്തെ വിശ്വസിപ്പിക്കുക എന്നതാണ്.
ഈ സാഹചര്യത്തിലാണ് ചൈന ലോക വിപണിയിൽ ഇറങ്ങി സ്വന്തം സമ്പദ് വ്യവസ്ഥയെ എട്ടു മടങ്ങു വളർത്തികൊണ്ട് അമേരിക്കയുടെ തന്നെ പ്രതിയോഗിയായി ഉയർന്നു വരുന്നത്. ഇന്ത്യയും പെട്ടെന്ന് വളർന്നു, പക്ഷെ അപ്പോഴേക്കും അമേരിക്കയിലെ അവിദഗ്ധ തൊഴിലാളി മേഖല ഏതാണ്ട് തളർന്നു പോയിരുന്നു. പുതിയ അങ്ങാടി യാഥാർത്ഥ്യത്തിന്റെ ഇരകൾ അമേരിക്കയിലെ തൊഴിലാളി വർഗമാണെന്നതിന്റെ തെളിവാണ് 40% ജനങ്ങൾക്കും അത്യാവശ്യത്തിന് 400 ഡോളർ എടുക്കാൻ കൈയിൽ ഇല്ല എന്ന പുതിയ വാർത്ത. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർ അമേരിക്കയിൽ മൂന്നു കോടിയാണ്. ഇൻഷുറൻസ് ഉള്ളവർക്കും അതൊരു വലിയ സാമ്പത്തിക ബാധ്യതയാണ്. ഇല്ലാത്തവർക്കു ഒരു പ്രസവത്തിന് പതിനായിരം മുതൽ ഒരുലക്ഷം വരെ ഡോളർ ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരും. ഈയിടെ കോവിഡ് -19 ചികിത്സ കഴിഞ്ഞിറങ്ങിയ മൈക്കിൽ ഫ്‌ലോർ എന്നയാൾക്ക് ലഭിച്ച ബില്ല് 181 പേജുകൾ നീണ്ടതായിരുന്നു. ചികിത്സ തുക: 11 ലക്ഷം ഡോളർ.
ചൈനയെ നിലക്കു നിറുത്തിയില്ലെങ്കിൽ ചതിയിലൂടെ അവർ അമേരിക്കയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ലോകമെമ്പാടും ജനാധിപത്യം തന്നെ നിർമാർജനം ചെയ്യുമെന്നൊക്കെയാണ് ഫ്‌ളോറിഡ സെനറ്റർ മാർക്കോ റുബിയോ സ്ഥിരമായി പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.
സാധാരണക്കാരുടെ അഭിവൃദ്ധിയിൽ യാതൊരു താല്പര്യവും ഇല്ലാത്ത ട്രംപ് ഭരണം പ്രതിപക്ഷത്തെയും, ന്യൂനപക്ഷത്തേയും, കുടിയേറ്റക്കാരെയും, മറ്റു രാജ്യങ്ങളെയും പഴിചാരിയാണ് നിലനിന്നു പോകുന്നത്. മുഖ്യ ശത്രു ചൈന. ചൈനയെ നിലക്കു നിറുത്തിയില്ലെങ്കിൽ ചതിയിലൂടെ അവർ അമേരിക്കയുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും ലോകമെമ്പാടും ജനാധിപത്യം തന്നെ നിർമാർജനം ചെയ്യുമെന്നൊക്കെയാണ് ഫ്‌ളോറിഡ സെനറ്റർ മാർക്കോ റുബിയോ സ്ഥിരമായി പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് ബാധിതരെ ചൈന വിമാനങ്ങളിൽ കുത്തിനിറച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു എന്നാണ് പല വാഷിംഗ്ടൺ വക്താക്കളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് സംബന്ധിച്ച ഒരു പത്രസമ്മേളനത്തിനിടയിൽ പ്രസിഡന്റ് ട്രംപ് തന്റെ പ്രസംഗകത്തിന്റെ മൂലരൂപത്തിൽ "കൊറോണ വൈറസ്' എന്ന പ്രയോഗം "ചൈന വൈറസ്' എന്ന് ഗോപ്യമായി തിരുത്തിയത് എല്ലാവരും കണ്ടതാണ്.
പുതിയ വൈറസ് മറച്ചുവെച്ചു എന്ന ആരോപണം മുന്നോട്ടു വച്ചുകൊണ്ട് ചൈനയെയും ലോകാരോഗ്യ സംഘടനേയും ഒക്കെ ട്രംപ് ശിക്ഷിക്കാൻ തുടങ്ങിക്കഴിഞ്ഞു. ലോകം മുഴുവൻ ചാരവലയത്തിൽ പൊതിഞ്ഞിരിക്കുന്ന അമേരിക്കയിൽ നിന്ന് ഇങ്ങനെയൊരു രഹസ്യം മറച്ചുവെയ്ക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്നാലോചിക്കേണ്ടതാണ്. പുതിയ കൊറോണ വൈറസിന്റെ ജെനോമിക് ഡേറ്റ ജനുവരി 10-ന് ചൈന പ്രസിദ്ധപ്പെടുത്തിയിരുന്നു. മഹാമാരികൾ നേരിടാൻ ഒബാമ ഭരണകൂടം സ്ഥാപിച്ച ഓഫീസ് അട്ടിമറിച്ച ട്രംപ് മാർച്ച് 30-ാംതിയതിയും പറഞ്ഞത് വൈറസിനെപ്പറ്റി ആർക്കും അറിയില്ലായിരുന്നു എന്നാണ്. ഒബാമ അമേരിക്കൻ പൗരനല്ല എന്ന നുണ പ്രചരിപ്പിച്ചു കൊണ്ട് ഇലക്ഷന് പ്രചരണം തുടങ്ങിയ ട്രംപ് കോവിഡ്-19 ഡെമോക്രാറ്റിക് പാർട്ടി ചമച്ച നുണകഥയാണെന്ന് പറയുന്ന അതേ നാവുകൊണ്ട് ഇപ്പോൾ വൈറസ് വുഹാനിലെ ലാബിൽ നിർമിച്ച ജൈവായുധമാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനാ വിരുദ്ധ സംസാരങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന ആവേശക്കയ്യടി വിമർശന ബുദ്ധിയോടെ നോക്കിക്കാണണം. കാലങ്ങളായി ഇന്ത്യയെ അകറ്റി നിർത്തിയിരുന്ന അമേരിക്ക പെട്ടന്ന് ഇന്ത്യയുടെ വലിയ മിത്രമായി തീർന്നിരിക്കുകയാണ്. ഇത് ചൈനയ്ക്കെതിരെയുള്ള തന്ത്രപരമായ കരുതിക്കൂട്ടലാണെന്നു പറയുന്നതിൽ അതിശയോക്തിയില്ല. അതിലും ആശ്ചര്യം ഇന്ത്യൻ മാധ്യമങ്ങൾ അമേരിക്കൻ മാധ്യമങ്ങളേക്കാൾ ഉച്ചത്തിൽ ചൈനക്കെതിരെ യുദ്ധച്ചെണ്ട കൊട്ടുന്നതാണ്. ഡൽഹിയിൽ ഉറവെടുക്കുന്ന ചാനൽ ചർച്ചകളിലൊക്കെ അമേരിക്ക ഇന്ത്യയുടെ പോക്കറ്റിൽ ആണെന്ന രീതിയിലുള്ള സംസാരം കേൾക്കാം. ചൈന ജൈവ യുദ്ധം തന്നെ അഴിച്ചു വിട്ടിരിക്കുന്നെന്നും, ഒരു വെടിപോലും പൊട്ടിക്കാതെ മൂന്നാം ലോകമഹായുദ്ധം തന്നെ ജയിച്ചിരിക്കുന്നു എന്നൊക്കെയാണ് പ്രബുദ്ധർ മാത്രം നിവസിക്കുന്ന കേരള മണ്ണിൽ പോലും പ്രചരണം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനവും അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യസന്ദർശനവും, തുടർന്നുണ്ടായ തീവ്ര ദേശീയ വാചകമേളയുടെയും ഒക്കെ പിന്നിൽ ചില പ്രതിരോധ കണക്കു കൂട്ടലുകളാണെന്നത് വ്യക്തം.
ഇന്ത്യയും ചൈനയും അതിർത്തിയിൽ അതിഹിംസാത്മകമായി ഏറ്റുമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ പ്രതിരോധ സന്തുലന തന്ത്രങ്ങളുടെ ഭാഗമാകാതെ ചൈനയും, ഇന്ത്യയും ഉഭയകക്ഷി ചർച്ചകളിലൂടെ ക്രിയാത്മകമായ ഒത്തുതീർപ്പുകളിൽ എത്തേണ്ട സമയമാണിത്. അല്ലെങ്കിൽ "തുസിഡൈഡിസ് കെണിയിൽ' ഇന്ത്യയും വീണു പോയെന്നിരിക്കും.
പെലെപ്പോനീഷ്യൻ യുദ്ധചരിത്രം ഏഴുതിയ തുസ്സിഡിഡീസിനെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. രണ്ടായിരത്തി അഞ്ഞൂറ് വർഷങ്ങൾമുമ്പ്, സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും ഒക്കെ കാലത്തു സ്പാർട്ടയും ആതെൻസും യുദ്ധക്കെണിയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ അമേരിക്കയും ചൈനയും ഏറ്റുമുട്ടാനുള്ള സാധ്യത ഏറെയാണെകിലും അനിവാര്യമല്ല എന്നതാണ് വാസ്തവം. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളിൽ വിവിധ ലോകശക്തികൾ വീണ്ടും വീണ്ടും തുസിഡൈഡിസ് കെണിയിൽ വീണു കൊണ്ടിരുന്നതിന്റെ ചരിത്രാപഗ്രഥനം പ്രൊഫസർ ഗ്രഹാം ആലിസൺ നടത്തിയിട്ടുണ്ട്. ലോകശക്തികൾ തമ്മിൽ നടന്ന 16 കിടമത്സരങ്ങൾ അവലോകനം ചെയ്തതിൽ 12-ഉം യുദ്ധത്തിൽ കലാശിച്ചു. എന്നാൽ നാല് ചരിത്ര സാഹചര്യങ്ങളിൽ യുദ്ധം ഉണ്ടായില്ല. ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇംഗ്ലണ്ടിൽ നിന്ന് ഹെജെമോണിക് പവർ അമേരിക്കയിലേക്ക് മാറപ്പെട്ടപ്പോൾ ഇംഗ്ലണ്ട് ആറാം സ്ഥാനത്ത് തൃപ്തരായി.
രണ്ടോ മൂന്നോ സ്ഥാനത്തു ഒതുങ്ങാൻ അമേരിക്കയിലെ നിയോലിബറൽ ആയുധ-വ്യവസായ സമുച്ചയം സമ്മതിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.
അവർ ഇപ്പോൾ ഗവണ്മെന്റിനെയും ജനാധിപത്യവ്യവസ്ഥയെയും ദാസ്യപ്പെടുത്തിയിരിക്കുന്നു എന്നതാണ് സത്യം. വേണമെങ്കിൽ യുദ്ധത്തിൽ നിന്ന് തന്നെ തന്ത്രപൂർവം ഒഴിഞ്ഞു നിന്നുകൊണ്ട് പകരം ചൈനയെയും, ഇന്ത്യയെയും, രണ്ട് കൊറിയകളെയും, ഓസ്ട്രേലിയയെയും, ജപ്പാനെയും, ഇന്തോനേഷ്യയെയും, ഫിലിപ്പീൻസിനെയും ഒക്കെ യുദ്ധക്കെണിയിലേക്ക് വലിച്ചിഴയ്ക്കാൻ അവർക്കു സാധിക്കും. ഇപ്പോൾ ലോകമനുഭവിക്കുന്ന അരക്ഷിതാവസ്ഥക്കിടയിൽ ചൈനയും, ഇന്ത്യയും ബുദ്ധിപൂർവം ഒത്തുതീർപ്പുകളിൽ എത്തിയില്ലെങ്കിൽ നാമറിയാതെ തന്നെ തുസ്സിഡിഡീസ് കെണിയിൽ വീണുപോകാനുള്ള സാധ്യതകൾ ഏറിയിരിക്കുകയാണ്.
ചൈനീസ് ചാണക്യനായ സൂന്സ്സ് പറഞ്ഞിട്ടുണ്ട് ക്ഷമയോടെ കാത്തിരുന്നാൽ ശത്രു നദിയിലൂടെ ഒഴുകി വരുന്നത് കാണാനൊക്കുമെന്ന്.