യുക്രെയ്ൻ - റഷ്യ പ്രശ്നത്തെക്കുറിച്ചുള്ള ചർച്ചകളിൽ മാറ്റിനിർത്താനാകാത്ത രാജ്യമായി ഗ്ലോബിന്റെ മറുവശത്തുള്ള അമേരിക്ക എങ്ങനെ എത്തിച്ചേർന്നു? വളരെ പെട്ടെന്ന് എത്തിച്ചേരാവുന്ന ലളിതമായ ഉത്തരങ്ങളുണ്ട്.
പഴയ കമാൻഡോയായിരുന്ന പുടിന്റെ പഴയ സോവിയറ്റ് ഹാങ്ഓവറിൽ വീണ്ടും രാജ്യവിപുലീകരണമാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ കാരണം എന്നതാണ് ലിബറൽ പക്ഷം. യുക്രെയ്ൻ ജനങ്ങൾ നാറ്റോയോട് ചേരാനാഗ്രഹിച്ചാൽ റഷ്യക്ക്അതിൽ എന്തുകാര്യം എന്നതും ഈ പക്ഷത്തിന്റെ ചോദ്യമാണ്.
പക്ഷേ, കാര്യങ്ങൾ അത്ര ലളിതമല്ല.
2016-ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റൺ വ്‌ളാദിമിർ പുടിനെപ്പറ്റി പറഞ്ഞത് ഓർക്കുന്നത് നന്നായിരിക്കും. കെ.ജി.ബി. ഏജന്റായിരുന്ന പുടിൻ ഹിറ്റ്‌ലറെപ്പോലെ പെരുമാറുന്നു എന്നാണവർ പറഞ്ഞത്. അതേസമയം, എതിർ സ്ഥാനാർഥി ട്രംപ് പറഞ്ഞു, I think I can work with him. പിന്നീട് അമേരിക്കൻ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ചരിത്രം. ട്രംപിന്റെ വിജയം റഷ്യൻ ഇടപെടൽ കൊണ്ടുമാത്രമല്ലെങ്കിലും, നിർണായക പങ്കുവഹിച്ചിരുന്നു എന്ന് ഹിലരിക്കുവരെ സമ്മതിക്കേണ്ടിവന്നു, എന്നുവച്ചാൽ, അതേ നാണയത്തിൽ റഷ്യ ഹിലരിയ്ക്ക് മറുപടികൊടുത്തു. പുടിനെ അംഗീകരിക്കുന്ന ട്രംപിന്റെ വഴി വിജയിച്ചു. റഷ്യയുമായുള്ള ഏതുതരം സംഘർഷങ്ങളെയും കൈകാര്യം ചെയ്യുന്നതിനുള്ള ഉദാത്തമാർഗം ഇതാണെന്ന് അവസാനമെങ്കിലും അമേരിക്ക മനസിലാക്കണമായിരുന്നു. ഒരു പക്ഷത്തുള്ളവർക്ക് പൂർണമായും ഉൾക്കൊള്ളാനായില്ലെങ്കിലും മറുപക്ഷത്തിനും ഒരു ന്യായമുണ്ടാകും എന്ന ചിന്തയാണ് പ്രശ്‌നപരിഹാരങ്ങൾക്കുള്ള ഉത്തമമായ മാർഗം.
റഷ്യ അന്നേ മുന്നറിയിപ്പുനൽകി...
പുടിൻ ആരാണെന്ന് മുൻപും തെളിയിച്ചിട്ടുണ്ട്.
2008 എപ്രിലിൽ ബുക്കാറസ്റ്റ്സമ്മിറ്റിന്റെ അവസാന പ്രഖ്യാപനത്തിൽ, ജോർജിയയെയും യുക്രെയ്നെയും നാറ്റോയിൽ ചേർക്കാൻ ആഹ്വാനം നടത്തിയപ്പോൾ, അത് നടക്കില്ല എന്ന് റഷ്യ തീർത്തുപറഞ്ഞു. ആഗസ്റ്റിൽ റഷ്യ ജോർജിയയെ ആക്രമിച്ചു. ഈ വിഷയത്തിൽ റഷ്യ എങ്ങനെ പ്രതികരിക്കും എന്നതിന്റെ എറ്റവും ശക്തമായ മുന്നറിയിപ്പായിരുന്നു ആ യുദ്ധം. അന്നും ഫ്രാൻസും ജർമനിയും നാറ്റോ വിപുലീകരണത്തെ ശക്തമായി എതിർത്തിരുന്നു. പക്ഷെ, അമേരിക്കൻ പാവകളായ യൂറോപ്യൻ രാജ്യങ്ങളുടെ അഭിപ്രായങ്ങൾ പതിവുപോലെ അമേരിക്ക ചെവിക്കൊണ്ടില്ല.
2014 മാർച്ചിൽ വീണ്ടും റഷ്യ ശക്തമായ താക്കീത് നൽകി. യുക്രെയ്നിൽ പ്രോ-അമേരിക്കൻ പ്രസിഡൻറ് അധികാരമേറ്റതിന്റെ രണ്ടാം ദിവസം, പ്രാദേശിക ഭാഷകളെ സംരക്ഷിക്കുന്ന നിയമം എടുത്തുകളഞ്ഞു. പ്രാദേശിക ഭാഷയായി അംഗീകരിച്ചിരുന്ന റഷ്യൻ ഭാഷയുടെ നിരോധനം ആ ഭാഷ സംസാരിക്കുന്ന ക്രിമിയൻ ജനതയെയും സ്വാഭാവികമായി റഷ്യയെയും ചൊടിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിൽ യുക്രെയ്നിൽ നിന്ന് പാട്ടത്തിനെടുത്തിരുന്ന റഷ്യൻ സൈനികകേന്ദ്രമായിരുന്ന ബ്ലാക്ക് സീ ഫ്ലീറ്റ് സ്ഥിതി ചെയ്തിരുന്ന സെവാസ്റ്റോപ്പോൾ ഉൾപ്പെടുന്ന ക്രിമിയ, ഒരു എതിർപ്പും കൂടാതെ, റഫറണ്ഡം വഴി റഷ്യയുടെ ഭാഗമായി. ക്രിമിയയിൽ നടന്ന റഫറണ്ഡം നീതിപൂർവമായിരുന്നോ അല്ലയോ എന്നൊക്കെ വാദിക്കാം, പക്ഷേ, ഇനി റഷ്യ എന്ന രാജ്യം നിലനിൽക്കുന്നിടത്തോളം കാലം ക്രിമിയ റഷ്യയുടെ ഭാഗമായിരിക്കും, നാറ്റോയുടെ സൈനികകേന്ദ്രമാക്കുക എന്ന അമേരിക്കൻ ഗൂഢലക്ഷ്യം അതോടെ പാളുകയും ചെയ്തു.
റഷ്യയുടെ പേടി, അമേരിക്കയുടെ തോൽവി
പുടിന്റെ റഷ്യ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ ശൈലിയിൽ ഭരണം നടത്തുന്ന രാഷ്ട്രീയനേതാവാണ് പുടിൻ എന്നാണ് പല അമേരിക്കൻ വിദഗ്ധരുടെയും അഭിപ്രായം, അത് ഏറക്കുറെ ശരിയാണുതാനും. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയർന്നാൽ എങ്ങനെ പ്രതികരിക്കും എന്ന് ഇവ്വിധം അമേരിക്കയ്ക്ക് താക്കീത് നൽകിയിട്ടുണ്ട്. ലാത്വിയയും എസ്തോണിയയും നാറ്റോയുടേ അംഗരാജ്യങ്ങളാണെങ്കിലും വളരെ ചെറിയ അതിർത്തി മാത്രമേ റഷ്യയുമായി പങ്കിടുന്നുള്ളൂ. പക്ഷേ, യുക്രെയ്ൻ അങ്ങനെയല്ല, 2300 കിലോമീറ്റർ ദൈർഘ്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തിയുണ്ട്. അതിനടുത്ത് അമേരിക്ക വരുന്നതിനെ അവർ ഭയപ്പെടുന്നു. അതിൽ ന്യായമുണ്ടോ, ഭയപ്പെടേണ്ടതുണ്ടോ, ജനാധിപത്യത്തിന്റെ അപ്പോസ്‌തോലോന്മാരായ അമേരിക്കയെ എന്തിനു ഭയപ്പെടണം, 21-ാം നൂറ്റാണ്ടിൽ പഴയപോലെയുള്ള സൈനികാക്രമണങ്ങൾ സാധ്യമാണോ എന്നൊക്കെ വാദിക്കുകയും സന്ദേഹിക്കുകയം ചെയ്യാം, പക്ഷെ, റഷ്യ ഭയപ്പെടുന്നു, അവരുടെ രാജ്യത്തിനുനേരെ വരുന്ന ഭീഷണികളെ, ശക്തമായ ആണവരാജ്യം എന്ന നിലയിൽ അവരുടെ രീതിയിൽ പ്രതികരിക്കുന്നു. ഈ സംഘർഷ സാഹചര്യം നയതന്ത്രപരമായി കൈകാര്യം ചെയ്യുന്നതിനും ചർച്ചയിലൂടെ രണ്ട് രാജ്യങ്ങൾക്കുമിടയിൽ നഷ്ടപ്പെട്ട അവിശ്വാസം തിരികെ കൊണ്ടുവരുന്നതിനും അമേരിക്കയ്ക്ക് കഴിഞ്ഞില്ല. പ്രത്യുത, പ്രകോപന നടപടികളിലൂടെ അമേരിക്ക മുന്നോട്ടുപൊയ്‌ക്കൊണ്ടിരുന്നു. അതിനു വിലകൊടുക്കേണ്ടിവരുന്നത് യുക്രെയ്ൻ ജനതയും.
പൊതുവിൽ പറയുന്നതുപോലെ സോവിയറ്റ് യൂണിയൻ തകർന്നു എന്നുപറയുന്നത് ശരിയല്ല. റഷ്യൻ - അമേരിക്കൻ ജേർണലിസ്റ്റ് വ്‌ളാദിമിർ പോസ്നർ അഭിപ്രായപ്പെടുന്നതുപോലെ, യുക്രെയ്ൻ പ്രസിഡന്റും ബലറൂസ് പ്രസിഡന്റും റഷ്യൻ പ്രസിഡന്റും തമ്മിൽ വേർപിരിയുകയാണ് ചെയ്തത്. റഷ്യൻ പ്രസിഡൻറായി യെൽറ്റ്സിൻ തുടർന്നു, യൂണിയൻ ഇല്ലാതായതോടെ ഗോർബച്ചേവ് പ്രസിഡൻറ് അല്ലാതെയായി.
അമേരിക്കൻ പ്രസിഡന്റുമാർ ചെയ്തത്
സോവിയറ്റ് യൂണിയനുശേഷം റഷ്യയിൽ ഉയർന്നുവന്ന ഏറ്റവും ശക്തനായ ഭരണാധികാരിയാണ് വ്‌ളാഡിമിർ പുടിൻ. 1991 മുതൽ 2002 വരെ റഷ്യയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമുണ്ടായിരുന്നില്ലെങ്കിലും നിരന്തരം റഷ്യയെ അമേരിക്ക പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ശീതസമരകാലത്ത് ഉണ്ടായിരുന്നതിലും വലിയ അവിശ്വസ്തത രണ്ട് ഭരണകൂടങ്ങളുടെയും ഇടയിൽ മാത്രമല്ല, ജനങ്ങളുടെയും ഇടയിൽ ഉണ്ടാകുന്നതിനുള്ള എല്ലാ കാരണങ്ങളും ഒരുക്കിയത് ഇക്കാലത്ത് അമേരിക്കയായിരുന്നു.
ഗോർബച്ചേവിനെ അമേരിക്കക്കാർ ‘ഗോർബി’ എന്നാണ് വിളിച്ചിരുന്നത്, മുഴുവൻ പേരും വിളിക്കുമായിരുന്നില്ല. 1992-ൽ അമേരിക്കയിലെത്തി കോൺഗ്രസിനെ അഭിസംബോധന ചെയ്യുമ്പോൾ ബോറിസ് യെൽറ്റ്സിൻ പറഞ്ഞത്, ഞങ്ങൾ സഹകരണത്തിന്റെ കൈകൾ നീട്ടുന്നു, നമുക്ക് ഒരുമിച്ച് മെച്ചപ്പെട്ട ഒരു ലോകം പണിയാം എന്നായിരുന്നു. യുദ്ധമില്ലാത്ത സമാധാനത്തിന്റെ ഒരു ലോകം. പക്ഷെ, കാര്യങ്ങൾ പുരോഗമിച്ചത് ആ വഴിക്കല്ല. സോവിയറ്റ് യൂണിയനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിൽ ബൈഡൻ വരെയുള്ള അമേരിക്കൻ പ്രസിഡന്റുമാർക്ക് പങ്കുണ്ട്. അതിൽ എന്തെങ്കിലും ഗുണപരമായ ഇടപെടൽ ശ്രമം നടത്തിയത് ട്രംപ് മാത്രമാണ്, കാര്യമായ പ്രയോജനങ്ങളുണ്ടായില്ലെങ്കിലും.
യുക്രെയ്ൻ നാറ്റോയിൽ അംഗമാകുന്നതും, യൂറോപ്യൻ യൂണിയനിൽ ചേരുന്നതും, അമേരിക്ക പ്രചരിപ്പിക്കുന്നതുപോലെ ജനാധിപത്യവൽക്കരിക്കുന്നതും (എന്നുവച്ചാൽ പാവ സർക്കാരിനെ സ്ഥാപിക്കുന്നതും) തങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റഷ്യ കരുതുന്നു. ആഭ്യന്തര സുരക്ഷാഭീഷണിയിൽ പ്രത്യാക്രമണത്തിനൊരുങ്ങി നിൽക്കുന്ന ഒരു ന്യൂക്ലിയർ ശക്തിയെ എങ്ങനെ അനുനയിപ്പിക്കാമെന്നതിൽ അമേരിക്ക പരാജയപ്പെട്ടിരിക്കുന്നു. ഇതിൽ ശരിയും തെറ്റുമല്ല വിഷയം. ഞങ്ങൾ ‘ഗുഡ് ബോയ്സും’ റഷ്യ ‘ബാഡ് ബോയ്സും’ ആണെന്നുപറഞ്ഞാൽ വേണമെങ്കിൽ പെട്ടെന്ന് ഉത്തരത്തിലെത്താം, പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നുമാത്രം, കാരണം അങ്ങനെ തന്നെ മറുപക്ഷവും ചിന്തിക്കുന്നു.
അമേരിക്കൻ- പാശ്ചാത്യ മാധ്യമങ്ങളുടെ പങ്ക്
രണ്ട് രാജ്യങ്ങൾക്കിടയിലെ അവിശ്വാസം വർധിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചത് മാധ്യങ്ങൾ കൂടിയാണ്. പുടിനെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിക്കുകയായിരുന്നു, അമേരിക്കൻ- പാശ്ചാത്യ മാധ്യമങ്ങളിക്കാലമത്രയും. മറുപക്ഷവും വെറുതെയിരുന്നില്ല, അവരും ആ വഴിയേ തന്നെ സഞ്ചരിച്ചു - പക്ഷെ, അതിൽ കൂടുതൽ തെറ്റുപറ്റിയത് അമേരിക്കൻ മാധ്യമങ്ങൾക്കാണ്. കാരണം, അവർ സ്വതന്ത്ര മാധ്യമങ്ങളാണെന്നാണ് പറയപ്പെടുന്നത്, അതേസമയം റഷ്യയിൽ മാധ്യമങ്ങളുടെമേൽ നിയന്ത്രണമുണ്ട്. ആ സാഹചര്യത്തിൽ വീണ്ടും വളർന്നുവരുന്ന ശക്തിയായ ആണവരാജ്യത്തെ പരമാവധി തെറ്റായി ചിത്രീകരിക്കുകയും, എതിർസ്ഥാനത്തുനിർത്തി പ്രോപഗണ്ടകളിറക്കുകയും ചെയ്യുന്നതിനുപകരം അമേരിക്കൻ മാധ്യമങ്ങൾ കൂടുതൽ പുരോഗമനപരമായ സംഭാവനകൾ ചെയ്യണമായിരുന്നു.
നാറ്റോ വികസനവൂം ചില ഉടമ്പടികളും
എഴുതപ്പെട്ട കരാറുകളുണ്ടായിരുന്നില്ല എങ്കിലും ഗോർബച്ചേവിന്റെ കാലത്തുതന്നെ നാറ്റോയുടെ കിഴക്കോട്ടുള്ള വികസനം അമേരിക്കയും നാറ്റോ കക്ഷികളും, പ്രത്യേകിച്ച്, ജർമനിയും, ബ്രിട്ടനും സമ്മതിച്ചിരുന്നതാണ്. അത്തരം ചർച്ചകളുടെയും ഉഭയസമ്മതങ്ങളുടെയും ധാരാളം രേഖകൾ ലഭ്യമാണ്. ജോർജ് വാഷിങ്ൺ യൂണിവേഴ്‌സിറ്റിയിലെ നാഷണൽ ഡിഫെൻസ് ആർക്കൈവിൽ ഡീക്ലാസിഫൈ ചെയ്ത 30 ഡോക്കുമെന്റുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1990 ഫെബ്രുവരി ഒമ്പതിന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ബേക്കർ ഗോർബച്ചേവുമായി നടത്തിയ ചർച്ചയുടെ മിനുറ്റ്സാണ്. (D0c. 01, page 5). അതിലാണ് പ്രസിദ്ധമായ ‘not one inch eastward'ഫോർമുല ബേക്കർ മുന്നോട്ട് വയ്ക്കുന്നത്. ഒരുമിച്ചുചേരുന്ന ജർമനിയെയല്ലാതെ മറ്റൊരു രാജ്യത്തെയും നാറ്റോയുടെ ഭാഗമാക്കില്ല എന്ന് ബേക്കർ കാറ്റഗറിക്കലി സമ്മതിച്ചിരുന്നു. ആ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ റഷ്യ ജർമനിയുടെ ഏകീകരണത്തിനു സമ്മതിച്ചു.
ഗോർബച്ചേവും ജർമനിയിലെ എക്കാലത്തെയും പ്രശസ്തനായിരുന്ന ഫെഡറൽ ചാൻസലർ ഹെൽമ്യുട്ട് കൊഹലും തമ്മിൽ 1990 ഫെബ്രുവരി 10-നു മോസ്‌കോയിൽ നടത്തിയ ചർച്ചയുടെ ഡീക്ലാസിഫൈ ചെയ്ത മെമ്മോറാണ്ഡവും (Doc.02 page1) ലഭ്യമാണ്. അതിൽ കൊഹൽ, യുക്രെയ്ൻ മാത്രമല്ല, വാഴ്‌സാ പാക്ടിൽ നിന്ന്പിരിഞ്ഞുപോയാൽ പോളണ്ടിനെയും നാറ്റോയിൽ ചേർക്കില്ല എന്നു സമ്മതിച്ചിരുന്നു. 1991 ജൂലൈ ഒന്നിന്, നാറ്റോ ഹെഡ് ക്വർട്ടേഴ്സിൽ സെക്രട്ടറി ജനറൽ മാൻഫ്രഡ് വോർനർ യുക്രെയ്ന്റെ നാറ്റോ വികസനം റഷ്യയ്ക്ക് ദോഷകരമാണ് എന്നു മനസിലാക്കുന്നു എന്നും സമ്മതിച്ചിരുന്നു (Doc.03).
1990 ഫെബ്രുവരി ആറിന് ബെർലിനിൽ നടന്ന ‘ഫോറം ഫോർ ജർമനി കോൺഫറൻസി’ൽ വാഴ്‌സാ പാക്ട് ഇല്ലാതെയായാൽ നാറ്റോ പിരിച്ചുവിടണം എന്ന ആവശ്യം വരെ ഉയർന്നിരുന്നു, പക്ഷെ, അത് തീരുമാനമാകാതെ പിരിഞ്ഞു. യു.എസ്.എസ്.ആറിന്റെ പക്ഷത്തുനിന്ന് നോക്കിയാൽ, വാഴ്‌സാ പാക്ട് ഇല്ലാതെയായാൽ പിന്നീട് നാറ്റോ നിലനിൽക്കുന്നതിൽ സാംഗത്യമില്ല എന്ന വാദം ന്യായമുള്ളതാണ്. പക്ഷെ, അത് അമേരിക്കയ്ക്ക് സമ്മതമായിരുന്നില്ല. എങ്കിലും നാറ്റോ കിഴക്കോട്ട് വളരാൻ സാഹചര്യമൊരിക്കില്ല എന്ന എല്ലാനിലയിലുള്ള ഉറപ്പും ഗോർബച്ചേവിന് ലഭിച്ചിരുന്നു.
യു.എസ്.എസ്.ആർ. പിരിഞ്ഞതോടെ വാഴ്‌സാ പാക്ട് ഇല്ലാതായി, സൈനിക സഹകരണ സംവിധാനമായ നാറ്റോ മാത്രം ബാക്കിയായി. രണ്ട് സൈനിക സംവിധാനങ്ങളിൽ ഒന്ന് ഇല്ലാതെയായാലുണ്ടാകുന്ന അസംതുലിതാവസ്ഥയെ അമേരിക്ക മുതലെടുക്കാൻ ശ്രമിച്ചു. ദുർബലമായ റഷ്യ അമേരിക്കയ്ക്ക് ഒരു പ്രതിയോഗിയല്ലാതെയായി മാറി. പക്ഷെ, ദുർബലമെങ്കിലും റഷ്യയെ കൂടെ നിർത്തുന്നതില്ല അമേരിക്ക ശ്രമിച്ചത്, ഏതുവിധവും കൂടുതൽ ദുർബലമാക്കാനും ഇല്ലായ്മ ചെയ്യുകയുമായിരുന്നു അമേരിക്കൻ ലക്ഷ്യം. ഗോർബച്ചേവുമായി നടന്ന ചർച്ചയ്ക്കു വിപരീതമായി, നാറ്റോ കിഴക്കോട്ട് വികസനം തുടർന്നു. ആദ്യം 1999-ൽ ഹംഗറിയും ചെക്കും പോളണ്ടും നാറ്റോയിൽ ചേർന്നു, 2004-ൽ എസ്തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാജ്യങ്ങളും നാറ്റോയുടെ ഭാഗമായി. റഷ്യൻ അതിരുവരെയും അമേരിക്കൻ മിസൈൽ വിന്യസിക്കുന്നതിൽ റഷ്യ (അന്ന് യു.എസ്.എസ്.ആർ.) ഭയപ്പെട്ടിരുന്നതിൽ അസ്വാഭാവികതയില്ല.
ഓർമയുണ്ടോ ക്യൂബയെ?
ഇത്തരം ഒരു ഭീഷണി വരുന്നതിനെ 19-ാം നൂറ്റാണ്ടുമുതൽ തടഞ്ഞ ഒരു രാജ്യമാണ് അമേരിക്ക. 1823-ൽ മൺറോ ഡോക്ട്രിൻ പ്രകാരം പാശ്ചാത്യ അർധഗോളം അമേരിക്കയുടെ വീട്ടുമുറ്റമായി അവർ പ്രഖ്യാപിച്ചു. അവിടെ മറ്റൊരു രാജ്യത്തിന്റെയും ഒരുതരത്തിലുള്ള സൈനികസാന്നിധ്യവും അവർ അംഗീകരിക്കുന്നില്ല- ഇത് അമേരിക്കയുടെ ഏറ്റവും ശക്തമായ വിദേശനയമായിരുന്നു. അത്തരം ഒരു രാജ്യമാണ് മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിലേയ്ക്ക് ഭൂമിയുടെ അർധഗോളവും കടന്ന് ആയുധവിന്യാസത്തിന് നീക്കം നടത്തുന്നത്.
അമേരിക്കയോട് ചേർന്നുകിടക്കുന്ന ക്യൂബയിൽ 1962-ൽ റഷ്യൻ നിർമിത ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചപ്പോൾ അത് തങ്ങൾക്ക് ഭീഷണിയാകുമെന്നു പറഞ്ഞ് വലിയ യുദ്ധത്തിലേയ്ക്ക് പോകാൻ ഒരു മടിയും അമേരിക്കയ്ക്കുണ്ടായിരുന്നില്ല. ആണവയുദ്ധമെങ്കിൽ ആണവയുദ്ധം, ലോകത്തിലെ മനുഷ്യന്റെ നിലനിൽപ്പല്ല, അമേരിക്കൻ ആഭ്യന്തരസുരക്ഷയാണ് പ്രധാനം എന്നുപറഞ്ഞത് അമേരിക്കൻ പ്രസിഡൻറ് കെന്നഡിയാണ് എന്നതും ഓർക്കേണ്ടതാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് റഷ്യ ക്യൂബയിൽ വിന്യസിച്ചിരുന്ന മിസൈലുകൾ പിൻവലിക്കുകയാണുണ്ടായത്. ലോകത്തിലെ എതു രാജ്യവും അമേരിക്ക പ്രതികരിച്ചതുപോലെ തന്നെ പ്രതികരിക്കും. നേപ്പാളിൽ പാക്കിസ്ഥാൻ ആണവശേഖരം ഉണ്ടാക്കിയാൽ ഇന്ത്യ പ്രതികരിക്കാതിരിക്കുകയില്ല. അത് ഒരുപക്ഷേ, യുദ്ധം വഴിയായിരിക്കില്ല എന്നുമാത്രം. പക്ഷേ, ഇന്ത്യയല്ല റഷ്യ, ജനാധിപത്യ സർക്കാർ ഭരിക്കുന്ന ഡൽഹിയല്ല മോസ്‌കോ.
യു.എസ്.എസ്.ആറിന് നൽകിയ എല്ലാ ഉറപ്പും അമേരിക്ക ലംഘിക്കുന്നതാണ് 1991-നുശേഷം ലോകം കണ്ടത്. ദുർബലമായിരുന്ന റഷ്യ പ്രതികരണത്തിന് അശക്തരായിരുന്നു. അതേസമയം, യു.എസ്.എസ്.ആറിന് കൊടുത്ത ഉറപ്പുകൾ അങ്ങനെയൊരു രാജ്യം ഇല്ലാതെയായതുകൊണ്ട് പാലിക്കേണ്ടതില്ല, റഷ്യ മറ്റൊരു രാജ്യമാണ് എന്നതായിരുന്നു അമേരിക്കൻ ന്യായീകരണം. പക്ഷെ, പല സാമ്പത്തിക നടപടികളിലൂടെയും റഷ്യ വീണ്ടും പ്രബലമായ ഒരു രാജ്യമായി വളർന്നു. പുടിൻ 2000-ൽ അധികാരമേറ്റു. അമേരിക്കൻ ഇടപാടുകളിൽ മാത്രമല്ല, ഗോർബച്ചേവിന്റെയും യെൽറ്റ്സിന്റെയും നടപടികളിലും താല്പര്യമില്ലാത്ത നേതാവാണ് പുടിൻ. മുൻകാല ഉറപ്പുകളെല്ലാം അവഗണിച്ച അമേരിക്കയോടും അവരുടെ പക്ഷം ചേർന്ന രാജ്യങ്ങളോടും നാറ്റോ എന്ന റഷ്യയുടെ എക്കാലത്തെയും എതിർ സൈനിക സംവിധാനത്തോടും പുടിൻ സംയമനം പാലിച്ചു, അതിലുപരി 2002-ൽ നാറ്റോയുടെ ഭാഗമാകാൻ റഷ്യ ആഗ്രഹം പ്രകടിപ്പിച്ചു, പക്ഷെ, അമേരിക്ക അത് നിഷ്‌കരുണം തള്ളി.
ഒരുപക്ഷെ, ലോകശക്തിയായി നിലനിൽക്കാനുള്ള മോഹത്തിന് തുരങ്കംവയ്ക്കുവാൻ പോകുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാമത്തേതായിരുന്നു ആ അമേരിക്കൻ തീരുമാനം. എങ്ങനെയും റഷ്യയെ തകർക്കുക എന്നതിൽ നിന്ന് മാറി, പുടിനെ സ്വപക്ഷത്ത് നിർത്തിയിരുന്നുവെങ്കിൽ ഒരുപക്ഷെ, അമേരിക്ക തന്ത്രപരമായ തീരുമാനമെടുത്തു എന്നു കരുതാമായിരുന്നു. ഇപ്പോഴുണ്ടായ യുക്രെയ്ൻ- റഷ്യ സംഘർഷം ഒരുപക്ഷേ, ഉണ്ടാകുമായിരുന്നില്ല. അതിലുപരി ചൈനയോട് റഷ്യ അടുക്കാതിരിക്കാൻ ഇതിലും നല്ല തീരുമാനം ഉണ്ടാകുമായിരുന്നില്ല. ആ നല്ല അവസരം അമേരിക്ക കളഞ്ഞുകുളിച്ചു.
ഓരോ രാജ്യവും ഇന്നുകാണുന്ന നിലയിൽ എത്തുന്നതിന് ചരിത്രപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ കാരണങ്ങളുണ്ട്. കഴിഞ്ഞ ആയിരം കൊല്ലമായി ജനാധിപത്യം എന്തെന്നറിയാത്ത ജനതയാണ് റഷ്യയിലേത്. അമേരിക്കൻ ജനതയെപ്പോലെ തന്നെ തങ്ങളാണ് ലോകത്തിന്റെ രക്ഷകർ എന്ന മിഥ്യാബോധം അവരുടെ ഇടയിലുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ പ്രൊ -അമേരിക്കൻ മാത്രമായിരിക്കണം എന്ന് അമേരിക്ക കരുതുന്നതുപോലെ തന്നെ റഷ്യയും കരുതുന്നു. ലോകരാജ്യങ്ങളെ ജനാധിപത്യവൽകരിക്കണം എന്ന് അമേരിക്ക പറയുന്നതിന്റെ അർഥം അവരുടെ പാവ സർക്കാരുകൾ വരണമെന്നുമാത്രമാണ്, പ്രൊ-അമേരിക്കൻ ഭരണകൂടമാണെങ്കിൽ ഏത് മോശം ഏകാധിപതിയും ഏതു രാജ്യം ഭരിക്കുന്നതിലും അവർക്ക് വിരോധമൊന്നുമില്ല. അതായത് ജനാധിപത്യത്തിന്റെ പ്രചാരകർ എന്ന വേഷം ധരിച്ച് അമേരിക്കൻ അനുകൂല ഭരണകൂടങ്ങൾ സ്ഥാപിക്കുന്ന തിരക്കിലായിരുന്നു അമേരിക്ക എല്ലാക്കാലത്തും. അല്ലെങ്കിൽ അവർ അവിടുത്തെ ഭരണം അട്ടിമറിക്കും, ഉപജാപങ്ങൾ വഴിയോ (കോംഗോ, ചിലി, ഇറാൻ ഉദാഹരണങ്ങൾ) ഇല്ലെങ്കിൽ സൈനികമായി ഇടപെട്ട് ഭരണകൂടമോ, വേണ്ടിവന്നാൽ രാജ്യം തന്നെയും ഇല്ലാതാക്കിക്കളയും (ലിബിയ, ഇറാഖ് ഉദാഹരണങ്ങൾ). ഇക്കാര്യത്തിൽ ഇപ്പോഴത്തെ റഷ്യ അല്പം ഭേദമാണെന്ന് പറയേണ്ടിവരും. രാജ്യസുരക്ഷ ഭീഷണിയാകുന്ന രാജ്യങ്ങളിൽ മാത്രമേ അവർക്ക് നോട്ടമുള്ളൂ- അതിൽ ഒന്നാമത്തേതാണ് യുക്രെയ്ൻ.
ലോകത്തിൽ അമേരിക്കയ്ക്ക് അഭിമതരല്ലാത്ത എല്ലാ ഭരണാധികാരികളും പ്രശ്‌നക്കാരാണെന്നും അവിടെയെല്ലാം അമേരിക്ക പരിഹാരവുമായി എത്തുന്നുവെന്നുമുള്ള മട്ടിലുള്ള അമേരിക്കൻ -പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. ലോകത്തിൽ എവിടെ പ്രശ്‌നങ്ങളുണ്ടോ അതിന്റെ ഒരു വശത്ത് പ്രത്യക്ഷമായോ പരോക്ഷമായോ അമേരിക്കയുണ്ട് എന്നതാണ് യാഥാർഥ്യം.
അമേരിക്കയെ സംബന്ധിച്ച് ഒരുതരത്തിലും തന്ത്രപ്രധാനമായ പ്രദേശമാണ് യുക്രെയ്ൻ എന്നു കരുതാനാകില്ല. അതേസമയം റഷ്യയെ സംബന്ധിച്ച് അങ്ങനെയല്ല. അതുകൊണ്ട് അമേരിക്ക ഇതിൽനിന്ന് മാറിനിൽക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗം. യുക്രെയ്ൻ യൂറോപ്യൻ യൂണിയന്റെ ഭാഗമാക്കുന്നതിൽ നിന്നും നാറ്റോയിലെ അംഗരാജ്യമാക്കുന്നതിൽ നിന്നും പിന്നോട്ടുപോവുക. യുക്രെയ്ന്റെ ‘ജനാധിപത്യവൽകരണ’ പരിപാടി ഉപേക്ഷിക്കുക എന്നിവയാണ് ഉടനടി പരിഹാരത്തിനുള്ള മാർഗങ്ങൾ.
അതിനുശേഷം ചർച്ചയിലൂടെയും നയതന്ത്ര നടപടികളിലൂടെയും അമേരിക്കയുടെയും റഷ്യയുടെയും ഇടക്കാലം കൊണ്ട് ഉരുത്തിരിഞ്ഞതും പിന്നീട് നഷ്ടപ്പെട്ടതുമായ വിശ്വാസം വീണ്ടെടുക്കുക. ഇതിന് അമേരിക്ക തയ്യാറാകാൻ സാധ്യതയില്ല. അതിനു വില കൊടുക്കേണ്ടിവരുന്നത് യുക്രെയ്ൻ ജനതയായിരിക്കും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.