ഗാസയിലെ കൂട്ടക്കുരുതി
യു.എൻ നോക്കിനിൽക്കുന്നത് എന്തുകൊണ്ട്?

യു.എസ്- ഇസ്രായേൽ മേധാവികളുടെ സമ്മർദ്ദത്തിൽപ്പെട്ട് ഗാസയിലെ സംഭവങ്ങളിൽ നോക്കുകുത്തിയായി നിൽക്കുകയാണ് യു.എൻ. അത്യന്തം രോഷജനകമായ നിസംഗതയാണ് യു.എൻ പലസ്തീൻ സംഭവങ്ങളിൽ പുലർത്തുന്നത്. അത് രൂപീകരിക്കാനിടയായ ആശയങ്ങളെയും അതിന്റെ ലക്ഷ്യങ്ങളെയും വൻശക്തികൾക്കുമുമ്പിൽ അടിയറവെച്ചിരിക്കുകയാണ് യു.എൻ എന്നുപറയാം.

ലസ്തീനിൽ ഇസ്രായേൽ നിഷ്ഠൂരമായ അധിനിവേശയുദ്ധം തുടരുന്നതിനിടയിലാണ് യു.എന്നിന്റെ 78-ാം ജന്മവാർഷികദിനം കടന്നുപോകുന്നത്. ലോകരാജ്യങ്ങൾക്കിടയിൽ സഹകരണവും സൗഹൃദവും ഉണ്ടാക്കുന്നതിന് എന്തെല്ലാം പരിമിതികളും പക്ഷപാതിത്വങ്ങളും യു.എന്നിന് നിലനിൽക്കുന്നുണ്ടെങ്കിലും രാഷ്ട്രങ്ങളുടെ ആഗോളവേദിയെന്ന നിലയ്ക്ക് അതിനിപ്പോഴും പ്രസക്തിയും പ്രാധാന്യവുമുണ്ട്.

വൻശക്തിരാഷ്ട്രങ്ങളുടെ വീറ്റോ അധികാരത്തിനു കീഴിൽ നീതിപൂർവ്വവും ജനാധിപത്യപരവുമായി പ്രവർത്തിക്കാൻ യു.എൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലിക്കും കഴിയുന്നില്ല എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ചരിത്രവും സമകാലീന അനുഭവങ്ങളും ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഗാസയിലെ കൂട്ടക്കുരുതിക്കും ഇസ്രായേൽ ഭീകരതയ്ക്കുമിടയിൽ നിസംഗത പുലർത്തുകയാണ് ഐക്യരാഷ്ട്രസഭ. ഈ കുറ്റകരമായ നിസംഗതയ്ക്കും സാർവദേശീയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലുള്ള വിമുഖതയ്ക്കും കാരണം ഐക്യരാഷ്ട്രസഭയുടെ കൈകൾ വൻശക്തികൾ കെട്ടിയിട്ടിരിക്കുന്നുവെന്നതാണ്.

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം വീറ്റോ ചെയ്യുന്ന അമേരിക്കന്‍ പ്രതിനിധി

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാഷ്ട്രങ്ങളുടെ രാജ്യാന്തര സഹകരണവും സൗഹാർദ്ദപൂർണമായ ബന്ധങ്ങളും ലക്ഷ്യമാക്കി രൂപീകൃതമായതാണ് ഐക്യരാഷ്ട്രസഭ. ലോകസമാധാനം, സാമ്പത്തിക വികസനം, സാമൂഹിക സമത്വം എന്നിവയൊക്കെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ബൃഹത്തായൊരു ചരിത്രദൗത്യവുമായിട്ടാണ് 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ പ്രവർത്തനമാരംഭിച്ചത്. ആരംഭത്തിൽ 51 അംഗങ്ങളുമായി ആരംഭിച്ച ഐക്യരാഷ്ട്രസഭയിൽ ഇന്ന് 191 രാജ്യങ്ങൾ അംഗങ്ങളാണ്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലും ജനറൽ അസംബ്ലിയും നടത്തിയ മഹാ പ്രഖ്യാപനങ്ങളും പലസ്തീൻ രാഷ്ട്രസ്ഥാപനത്തെ സംബന്ധിച്ച 280-ാമത്തെ പ്രമേയവുമെല്ലാം കടലാസിലെ മഷിയായി ഇന്നും നിലനിൽക്കുകയാണ്.

78 വർഷം പിന്നിടുമ്പോഴും മനുഷ്യരാശിക്ക് സമാധാനവും രാഷ്ട്രങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിൽ യു.എൻ പരാജയപ്പെട്ടുപോയിരിക്കുന്നു എന്നുവേണം പറയാൻ. അതിനുകാരണം വൻശക്തി രാഷ്ട്രങ്ങളുടെ സെക്യൂരിറ്റി കൗൺസിലിന്റെ ഘടനാപരമായ സ്വാധീനവും അവർ നയിക്കുന്ന ആഗോള മൂലധനതാൽപര്യങ്ങൾക്കനുസൃതമായ നിലപാടുകളുമാണ്. 1995-ൽ യു.എന്റെ 50-ാം വാർഷികം അതിന്റെ ആസ്ഥാനമായ ന്യൂയോർക്കിൽ ഗംഭീരമായി സംഘടിപ്പിച്ചു. യു.എന്നിന്റെ മഹാനേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളും മാറിയ ലോകത്തിൽ യു.എൻ വഹിക്കാനുള്ള റോളിനെക്കുറിച്ചുള്ള വമ്പൻ ചർച്ചകളും നടക്കുന്നതിനിടയിൽത്തന്നെയാണ് ആ ആഘോഷവേദിയിൽ പലസ്തീൻ നേതാവ് യാസർ അറാഫത്ത് അപമാനിക്കപ്പെട്ടതെന്നും നാം മറന്നുപോകരുത്. വാർഷികത്തിന്റെ ഭാഗമായി ന്യൂയോർക്ക് മേയർ ഗിലാനി നൽകിയ സംഗീതവിരുന്നിൽ നിന്നാണ് പലസ്തീൻ ജനതയുടെ മാത്രമല്ല, ലോക വിമോചനപ്രസ്ഥാനങ്ങളുടെ ആവേശം കൂടിയായ യാസർ അറാഫത്തിനെ ഇറക്കിവിട്ടത്. അതിനുപിറകിൽ അമേരിക്കയിലെ സയണിസ്റ്റ് ലോബിയും അവരെ നിലനിക്കുനിർത്താൻ ധൈര്യമില്ലാത്ത അമേരിക്കൻ ഭരണധികാരികളുമായിരുന്നു.

യാസർ അറാഫത്ത്

ഇന്ന് യു.എൻ 78-ാം വാർഷികദിനത്തിലൂടെ കടന്നുപോകുന്നത് പലസ്തീനിലെ കൂട്ടക്കുരുതികളും നിലയ്ക്കാത്ത കുഞ്ഞുങ്ങളുടെ നിലവിളികൾക്കുമിടയിലാണ്. എല്ലാ അന്താരാഷ്ട്രനിയമങ്ങൾക്കും ജനീവ കരാറിനും വിരുദ്ധമായിട്ടാണ് ഇസ്രായേൽ സേന ഗാസയിൽ വംശീയ ഉന്മൂലന ലക്ഷ്യത്തോടെ റോക്കറ്റാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം കരസേനയെ വിന്യസിച്ച് ഗാസയെ വളഞ്ഞുവെച്ചിരിക്കുകയാണ്. വെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുമില്ലാതെ 23 ലക്ഷത്തോളം വരുന്ന ഗാസ നിവാസികൾ ജീവനും മരണത്തിനുമിടയിൽപ്പെട്ട് രക്ഷയ്ക്കായ് ലോകത്തിനുമുമ്പിൽ കൈനീട്ടുകയാണ്.

ഉത്തരവാദിത്വപൂർവ്വം പെരുമാറാൻ ബാധ്യസ്ഥമായ യു.എൻ യു.എസ്- ഇസ്രായേൽ മേധാവികളുടെ സമ്മർദ്ദത്തിൽപ്പെട്ട് ഗാസയിലെ സംഭവങ്ങളിൽ നോക്കുകുത്തിയായിനിൽക്കുകയാണ്. അത്യന്തം രോഷജനകമായ നിസംഗതയാണ് യു.എൻ പലസ്തീൻ സംഭവങ്ങളിൽ പുലർത്തുന്നത്. അത് രൂപീകരിക്കാനിടയായ ആശയങ്ങളെയും അതിന്റെ ലക്ഷ്യങ്ങളെയും വൻശക്തികൾക്കുമുമ്പിൽ അടിയറവെച്ചിരിക്കുകയാണ് യു.എൻ എന്നുപറയാം.

ഗാസ

1945-ൽ രണ്ടാം ലോക യുദ്ധാവസാനത്തോടെ ലോകമെമ്പാടും അലയടിച്ചുയർന്ന അതിശക്തമായ യുദ്ധവിരുദ്ധ മനോഭാവത്തിന്റെയും ഫാഷിസ്റ്റ് അധികാരശക്തികൾക്കെതിരായി വളർന്നുവന്ന ജനാധിപത്യബോധത്തിന്റെയും പ്രതിഫലനമെന്നനിലയിലാണ് ഐക്യരാഷ്ട്രസഭ രൂപീകരണം നടക്കുന്നത്. മറ്റൊരർത്ഥത്തിൽ സാമ്രാജ്യത്വവിരുദ്ധ മനോഭാവമായി യുദ്ധവിരുദ്ധ സമാധാനശ്രമങ്ങൾ മാറുകയും സാമ്രാജ്യത്വമാണ് യുദ്ധങ്ങൾ സൃഷ്ടിക്കുന്നതെന്നും, മനുഷ്യരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നത് മുതലാളിത്ത ചൂഷണമാണെന്നുമൊക്കെയുള്ള അവബോധവും വളർന്നുവന്ന സാഹചര്യത്തിലാണ് വൻശക്തിരാജ്യങ്ങളുടെ മുൻകൈയിൽ യുദ്ധങ്ങൾ അവസാനിപ്പിക്കാനും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനുമുള്ള ആഗോളവേദിക്ക് രൂപം നൽകുന്ന സാഹചര്യമുണ്ടായത്. സാമ്രാജ്യത്വത്തിനും യുദ്ധത്തിനുമെതിരായ ജനവികാരം മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് മേൽക്കൈ നേടാനുള്ള അവസരമാകുമോ എന്ന ഭയവും യുദ്ധങ്ങൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ വേദികൾ ഉണ്ടാക്കുന്നതിന് വൻശക്തികളെ നിർബന്ധിതമാക്കി.

ഒന്നാം ലോക യുദ്ധത്തിനുശേഷവും ഒരു സർവ്വരാജ്യ ലീഗിന് മുതലാളിത്തശക്തികൾ രൂപം നൽകിയിരുന്നല്ലോ. അത് തകർന്നുപോകുകയാണുണ്ടായത്. അതിനുകാരണം യുദ്ധത്തിൽ മേൽക്കൈ നേടിയ ശക്തികളുടെ വെറുമൊരു ഉപകരണമായി സർവ്വരാജ്യലീഗ് അധഃപതിച്ചുപോയതായിരുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായ സാഹചര്യം രണ്ടാം ലോകമഹായുദ്ധാനന്തരം ലോകത്തുണ്ടായിരുന്നു. അത് യു.എൻ പോലുള്ള ഒരു ആഗോളവേദിക്ക് രൂപം നൽകുന്നതോടൊപ്പം കോളനിരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുള്ള ഒരു പദ്ധതിയും കൂടി അമേരിക്കയും കൂട്ടാളികളും മുന്നോട്ടുവെക്കാൻ നിർബന്ധിതമായിയെന്നതാണ്.

ലെനിൻ വിശകലനം ചെയ്തിട്ടുള്ളതുപോലെ, ഒന്നും രണ്ടും യുദ്ധങ്ങൾ കോളനികളുടെ പുനർവിഭജനവും വെട്ടിപ്പിടുത്തവുമെല്ലാം ബന്ധപ്പെട്ടാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൊളോണിയലിസത്തെ ലോകയുദ്ധത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ജനങ്ങൾ മനസ്സിലാക്കിയിരുന്നു. ഈയൊരു കൊളോണിയൽ അധിനിവേശത്തെ ഇല്ലായ്മ ചെയ്യാനും രാജ്യങ്ങൾക്കെല്ലാം സ്വാതന്ത്ര്യവും പരമാധികാരവും ഉറപ്പുചെയ്യാനും അവ സംരക്ഷിക്കാനും അതേപോലെ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങളും ധാരണകളും രൂപപ്പെടുത്താനുമെല്ലാമായിട്ടാണ് ഐക്യരാഷ്ട്രസഭ എന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെട്ടത്. അത് ഭാഗികമായി ശരിയുമായിരുന്നു. എന്നാൽ അമേരിക്കയും അവരുടെ കൂട്ടാളികളായ പാശ്ചാത്യ മുതലാളിത്തലോകവും തങ്ങളുടെ പുതിയ കൊളോണിയൽ അധികാരത്തെ ലോകജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള പരീക്ഷണവും ഈയൊരു ഘട്ടത്തിൽ ആരംഭിച്ചിരുന്നു.

കൊളോണിയൽ കോയ്മകൾ ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കുമുമ്പിൽ കീഴടങ്ങുന്നുവെന്നും കോളനിരാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനും സോവിയറ്റ് യൂണിയന്റെ നിലനിൽപും ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തിലെ വിജയവും പ്രധാന ഘടകമായി വർത്തിച്ചുവെന്നതാണ് യാഥാർത്ഥ്യം. തീർച്ചയായിട്ടും ഐക്യരാഷ്ട്രസഭയ്ക്ക് ലോകരാജ്യങ്ങളിൽ അംഗീകാരമുണ്ടാക്കിക്കൊടുക്കുന്നത് നിർകോളനീകരണവും സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും സാന്നിധ്യവും ഇടപെടലും പ്രധാനപ്പെട്ട പങ്കുവഹിച്ചു.

മുതലാളിത്ത ശക്തികളുടെ ഇടങ്കോലിടലുകളെയും ഉപരോധങ്ങളെയും കുത്തിത്തിരുപ്പുകളെയുമെല്ലാം തുറന്നുകാട്ടാനും പ്രതിരോധമുയർത്താനും സോവിയറ്റ് യൂണിയൻ ശക്തമായി നിലപാടെടുക്കുകയും യു.എന്നിനെ അതിനുള്ള വേദിയാക്കുകയും ചെയ്തു. ഇത് യു.എൻ എല്ലാ രാജ്യങ്ങൾക്കും സ്വീകാര്യമാകുന്ന ആഗോള സംവിധാനമാകുകയും നവസ്വതന്ത്രരാജ്യങ്ങളെല്ലാം അതിൽ അംഗങ്ങളാവുകയും ചെയ്തു. ശീതയുദ്ധതന്ത്രങ്ങളും അതിനെതിരായ സ്വതന്ത്ര വിദേശനയത്തിൽനിന്നുകൊണ്ടുള്ള വൻശക്തികൾക്കെതിരായ നവസ്വതന്ത്ര രാജ്യങ്ങളുടെ ചേരിചേരാ കൂട്ടായ്മകളും യു.എൻ വേദികളെ നന്നായി ഉപയോഗിച്ചു.

സ്വാതന്ത്ര്യത്തിനും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാകുന്ന അധിനിവേശങ്ങളെയും യുദ്ധങ്ങളെയും തുറന്നുകാണിക്കാൻ യു.എൻ വേദികൾ ഉപയോഗപ്പെട്ടു. എന്നാൽ ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിലും അതിന്റെ സംവിധാനങ്ങളിലും വൻശക്തികൾക്ക് മേൽക്കൈ കിട്ടാവുന്ന തെറ്റായ രീതികളായിരുന്നു നിലനിന്നിരുന്നത്. യു.എന്നിന്റെ ഒട്ടേറെ ഘടകസംഘടനകളിലും നിർണായകമായ ഒന്നാണ് സെക്യൂരിറ്റി കൗൺസിൽ. അതിലെ അംഗത്വം വൻശക്തികളെന്ന് പരസ്പരം അംഗീകരിക്കുന്ന 5 രാജ്യങ്ങൾക്ക് സ്ഥിരാംഗത്വവും വീറ്റോ അധികാരവും നൽകുന്നതായിരുന്നു. ഈയൊരു സെക്യൂരിറ്റി കൗൺസിൽ സംവിധാനത്തെ ഉപയോഗപ്പെടുത്തി വൻശക്തികൾക്ക് തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഏതൊരു കരുനീക്കത്തെയും യു.എൻ വഴി പ്രതിരോധിക്കാനും തടയാനും കഴിയുന്നു. ഈയൊരു സാഹചര്യത്തെ അവസരമാക്കിയാണ് യു.എസ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ വൻശക്തികൾ തങ്ങളുടെ ലോകാധിപത്യ ശ്രമങ്ങൾ തുടരുന്നത്. പശ്ചിമേഷ്യയിൽ ചോരപ്പുഴകൾ സൃഷ്ടിച്ചും പലസ്തീനെ ഇല്ലാതാക്കി സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ നിലനിൽക്കുന്നതും വൻശക്തികൾക്ക് യു.എന്നിലുള്ള വീറ്റോ അധികാരത്തിന്റെ സൗകര്യത്തിലാണ്.

Comments