തെക്കൻ ലെബനനിൽ (Lebanon) ഇസ്രയേലിൻെറ (Israel) ആക്രമണങ്ങൾ തുടരുന്നതിനിടെ വെടിനിർത്തലിന് ഐക്യരാഷ്ട്ര സഭയുടെ (United Nations) നേതൃത്വത്തിൽ ശ്രമം. ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ 21 ദിവസത്തേക്ക് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അമേരിക്കയും ഫ്രാൻസും ചേർന്ന് സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി മേഖലയിൽ ഇസ്രയേൽ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ചാണ് ആദ്യം സ്ഫോടനങ്ങളുണ്ടാവുന്നത്. പിന്നീട് നേരിട്ട് ബോംബ് വർഷവും വ്യോമാക്രമണവും ആരംഭിച്ചു. ലെബനൻ മറ്റൊരു ഗാസയാക്കാൻ അനുവദിക്കരുതെന്നും, നിലവിലുള്ള പോലെയാണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നതെങ്കിൽ വലിയ ദുരത്തിലേക്കായിരിക്കും മിഡിൽ ഈസ്റ്റ് പോവുകയെന്നും യുഎൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകളുടെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കിയത്.
“ഇസ്രയേൽ - ലെബനൻ അതിർത്തിയിൽ ഇടപെടലുകൾ ഉണ്ടാവേണ്ട സമയമാണിത്. പൗരരുടെ ജീവനും സുരക്ഷയ്ക്കും പരിഗണന നൽകി അവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം. ഒക്ടോബർ 7ന് ശേഷമുണ്ടായ സംഘർഷം പരിധിവിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി മേഖലയിൽ പൂർണമായും സമാധാനം ഇല്ലാതായിരിക്കുന്നു. അതിർത്തിയിൽ സംഘർഷം വർധിക്കുന്നത് സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നത്” - യുഎസ്, ഫ്രഞ്ച് സംയുക്ത പ്രസ്താവനയിൽ പറയുന്നു. സാഹചര്യം കൂടുതൽ വഷളാവുന്നതിന് മുമ്പ് നയതന്ത്ര ചർച്ചകൾ ആരംഭിക്കണമെന്നും ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരുനേതാക്കളും വ്യക്തമാക്കി. യുകെ, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ജർമ്മനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളെല്ലാം ലെബനൻ - ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനം എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്നവരാണ്.
മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇസ്രയേലിൻെറ ആക്രമണങ്ങൾക്ക് പിന്നാലെ തെക്കൻ ലെബനനിൽ നിന്ന് ജനം പലായനം ചെയ്യുകയാണ്. സ്കൂളുകളും മറ്റും കേന്ദ്രീകരിച്ച് ലെബനൻ സർക്കാർ ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ലെബനനിൽ നിന്ന് തങ്ങളുടെ പൗരരോട് തിരികെ പോരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
വെടിനിർത്തലിനുള്ള ശ്രമങ്ങളെ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും വിഷയത്തിൽ അമേരിക്കയുടെ ഇടപെടലിൽ ആത്മാർഥതയില്ലെന്ന് കഴിഞ്ഞ ദിവസം ലെബനൻ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നജിബ് മിക്കാറ്റി സെക്യൂരിറ്റി കൗൺസിലിൽ വളരെ വൈകാരികമായാണ് സംസാരിച്ചത്. ഇസ്രയേൽ തങ്ങളുടെ രാജ്യത്തിൻെറ പരമാധികാരം ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “ലെബനനിലെ ആശുപത്രികൾ ആക്രമണത്തിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇനി ആളുകളെ ഉൾക്കൊള്ളാനോ ചികിത്സ നൽകാനോ പറ്റാത്ത അവസ്ഥയാണുള്ളത്” - മിക്കാറ്റി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ മാത്രം ഏകദേശം 600-ലധികം പേരാണ് തെക്കൻ ലെബനനിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിൽ 50ലധികം കുഞ്ഞുങ്ങളുമുണ്ട്. 2000ത്തിലധികം പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ.
മിഡിൽ ഈസ്റ്റിൽ സമ്പൂർണമായ യുദ്ധത്തിന് തങ്ങൾക്ക് താൽപര്യമില്ലെന്ന് യുഎന്നിലെ ഇസ്രയേൽ പ്രതിനിധി പറഞ്ഞു. മേഖലയിലെ നിലവിലുള്ള അസ്ഥിരതയ്ക്ക് യഥാർഥ കാരണം ഇറാനാണെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. എന്നാൽ, ഇസ്രയേലിനെതിരെ രൂക്ഷ വിമർശനമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാക്ചി ഉയർത്തിയത്. അമേരിക്കയുടെയും യുകെയുടെയും നിരുപാധിക പിന്തുണ കാരണമാണ് ഇസ്രയേൽ മിഡിൽ ഈസ്റ്റിൽ ക്രൂരത കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രയേൽ - ഹിസ്ബുല്ല വെടിനിർത്തൽ ആലോചനകൾക്കിടയിൽ ഗാസയിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളും പുനരാരംഭിച്ചേക്കും. ഹമാസ് വെടിനിർത്തലിന് തയ്യാറാവുകയാണെങ്കിൽ തങ്ങൾ പിന്തുണയ്ക്കുമെന്ന് ഹിസ്ബുല്ല നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഹമാസ് നേതൃത്വവും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തലിനെ അനുകൂലിക്കാനുള്ള സാധ്യത കാണുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഒരുഭാഗത്ത് വെടിനിർത്തലുമായി ബന്ധപ്പെട്ട് ആലോചനകളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും ലെബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കാനാണ് ശ്രമമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തി കടന്ന് കര ആക്രമണത്തിനാണ് ഇസ്രയേലിൻെറ ഏറ്റവും പുതിയ പദ്ധതി. ലെബനനിൽ കടന്ന് കര ആക്രമണത്തിനുള്ള എല്ലാ സാധ്യതയും നോക്കാൻ ഇസ്രയേൽ ആർമി ചീഫ് ഹെർസി ഹാലേവി തൻെറ സൈനികരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായ ഇസ്രയേൽ ആക്രമണങ്ങൾക്കിടെ, ടെൽ അവീവിലുള്ള മൊസാദ് ആസ്ഥാനത്തിന് നേരെ ഹിസ്ബുല്ല ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. മൊസാദ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ ശ്രമിക്കുന്നത്.