പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനം, ഇതുമായി ബന്ധപ്പെട്ട വിഷയം ആരംഭിച്ച കാലം മുതലുള്ള ചർച്ചകളെ വീണ്ടും സജീവമാക്കുകയാണ്. ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി യോഗം ചേരുന്നതിന് ദിവസങ്ങൾ മാത്രം മുമ്പാണ് ഈ രാജ്യങ്ങളുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. എന്നാൽ, അതേസമയം ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണം രൂക്ഷമാവുകയും, ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ പൊലിയുകയും ചെയ്തിട്ടുണ്ട്. പലസ്തീനെ അംഗീകരിക്കുന്ന തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞത് “സമാധാനത്തിനുള്ള ശ്രമങ്ങളെ ഇത് കൂടുതൽ സജീവമാക്കുന്നു” എന്നാണ്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ ബന്ധുക്കൾ ഈ നീക്കത്തിനെതിരെ ശബ്ദമുയർത്തുകയും ഇത് പരിഹാരശ്രമങ്ങളെ ദുർബലമാക്കുകയും ചെയ്യുമെന്ന് ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പലസ്തീനെ അംഗീകരിക്കുന്ന ശ്രമങ്ങളെ “ഭീകരവാദത്തിനുള്ള അംഗീകാര”മെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പലസ്തീൻ രാഷ്ട്രം ഒരു കാരണവശാലും യാഥാർത്ഥ്യമാവില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിഭജനം മുതൽ നിരന്തരയുദ്ധം വരെ
നിലവിലെ പ്രശ്നങ്ങളുടെ അടിവേരുകൾ ചെന്നുനിൽക്കുന്നത് 1947-ൽ ഒരു ജൂതരാഷ്ട്രവും അറബ് രാഷ്ട്രവുമായി മേഖലയെ വിഭജിക്കണമെന്ന യു.എന്നിൻെറ പദ്ധതിയാണ്. പലസ്തീൻ രാഷ്ട്രമെന്ന ആശയം അന്ന് ഉയർത്തുന്നത് ബ്രിട്ടണാണ്. പാശ്ചാത്യശക്തികൾ ഈ പദ്ധതിയെ പിന്തുണയ്ക്കുക മാത്രമല്ല, ഇത് സമാധാനശ്രമങ്ങളുടെ ഉദാത്ത മാതൃകയാണെന്നാണ് അമേരിക്ക അഭിപ്രായപ്പെട്ടത്. 1948- മെയിൽ ഇസ്രയേൽ സ്വതന്ത്രമാവുകയും അറബ് സൈന്യങ്ങൾ ഇടപെടൽ നടത്തുകയും ചെയ്തപ്പോൾ, ഒരു മടിയുമില്ലാതെ ജൂതരാഷ്ട്രത്തിന് സമ്പൂർണ പിന്തുണ നൽകുകയാണ് അമേരിക്ക ചെയ്തത്. എന്നാൽ പലസ്തീൻ ദേശീയത അനിശ്ചിതത്വത്തിലൂടെയാണ് മുന്നോട്ട് നീങ്ങിയത്. ‘അൽ നക്ബ’ എന്നറിയപ്പെട്ട കുടിയൊഴിപ്പിക്കൽ ദുരന്തത്തിലൂടെ ആയിരക്കണക്കിന് പലസ്തീനികൾ അക്കാലത്ത് പുറത്താക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തു. അവരുടെ വീടുകളും ഗ്രാമങ്ങളും ഇസ്രായേൽ രാഷ്ട്രം വികസിച്ചപ്പോൾ അതോടൊപ്പം ചേരുകയാണ് ചെയ്തത്. ഈ പ്രദേശങ്ങൾ തിരിച്ച് നൽകണമെന്ന ഐക്യരാഷ്ട്രസഭയുടെ 194ാം പ്രമേയത്തിൻെറ ഉറപ്പ് പൊള്ളയായ വാഗ്ദാനമായി മാറി.

തുടർന്നുള്ള ദശകങ്ങളിൽ, ആവർത്തിച്ചുള്ള നയതന്ത്ര ശ്രമങ്ങൾ പലസ്തീനികൾക്ക് പ്രതീക്ഷകൾ സമ്മാനിച്ചുവെങ്കിലും അവയൊന്നും യാഥാർത്ഥ്യമായില്ല. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടി പലസ്തീനികളുടെ സ്വയംഭരണത്തിന് വേണ്ടിയുള്ള സൂചനകൾ നൽകിയെങ്കിലും പരമാധികാരം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടു. 1993-ലെയും 1995-ലെയും ഓസ്ലോ കരാറുകൾ പലസ്തീന് അംഗീകാരം നൽകാമെന്ന സൂചന നൽകി, ദ്വിരാഷ്ട്ര പരിഹാര പദ്ധതിയെന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ ഒന്നും ചെയ്യാനാവാതെ പാതിയിൽ നിൽക്കുകയാണ് ചെയ്തത്. 2003-ലെ ‘സമാധാനത്തിലേക്കുള്ള പാത’യെന്ന ആശയം വീണ്ടും പലസ്തീൻ രാഷ്ട്രത്തെ കുറിച്ചുള്ള ഭാവി പ്രതീക്ഷകൾ നൽകിയെങ്കിലും, ഓരോ വർഷവും പലസ്തീൻ ഭൂമിയിൽ കൂടുതൽ കൂടുതൽ അധിനിവേശങ്ങൾ നടക്കുകയും ഒരു രാജ്യമെന്ന നിലയിലുള്ള ഭൗതിക സാധ്യതകൾ മങ്ങുകയുമാണ് ചെയ്തത്.
ഈ വർഷങ്ങളിലെല്ലാം പലസ്തീൻ ജനത രാഷ്ട്രീയമായ അസ്ഥിരതയിൽ മാത്രമല്ല, ഉപജീവനത്തിനുള്ള വഴികൾ പോലുമില്ലാതെയാണ് പൊയ്ക്കൊണ്ടിരുന്നത്. പട്ടാള ചെക്ക് പോയൻറുകളും അധിനിവേശ വ്യാപനവും പലസ്തീനിലെ മനുഷ്യരുടെ ദൈനംദിന ജീവിതത്തെ വല്ലാതെ സങ്കീർണമാക്കി. തൊഴിലെടുക്കാൻ പോവുമ്പോഴും കുടുംബത്തെ സന്ദർശിക്കുമ്പോഴും പോലും അവർ അനിശ്ചിതത്വത്തിലൂടെയും പരിഹാസം നേരിട്ടുമെല്ലാം കടന്നുപോവേണ്ടി വന്നു. ഗാസ, നിരന്തരമായ ഉപരോധങ്ങളും ആക്രമണങ്ങളും സഹിക്കേണ്ടി വന്നു. വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങൾ പലതലത്തിൽ ഇസ്രായേലിൻെറ നിയന്ത്രണത്തിൻ കീഴിലായി. ഓരോ നയതന്ത്ര ശ്രമങ്ങൾക്ക് ശേഷവും പുതിയ പുതിയ ഇടങ്ങൾ ഇസ്രായേൽ കൈവശമാക്കുകയും, ഏതെങ്കിലും തരത്തിൽ പലസ്തീൻ രാഷ്ട്രം ഉണ്ടാവുന്നതിനുള്ള സാധ്യതകളെ, അത് ജനിക്കും മുമ്പേ തന്നെ പരമാവധി ദുർബലമാക്കുകയും ചെയ്ത് കൊണ്ടേയിരുന്നു. 1948 മുതലുള്ള പലസ്തീൻ രാഷ്ട്ര അംഗീകാരത്തിന്റെ ചരിത്രം നയതന്ത്ര പരാജയം മാത്രമല്ല പറയുന്നത്, മറിച്ച് ഒരു സമാധാന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുവെന്ന പ്രതീതി നിലനിർത്തിക്കൊണ്ട് പലസ്തീൻ സ്വയം നിർണ്ണയാവകാശം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്ന ബോധപൂർവമായ തന്ത്രത്തിന്റെ തുടർച്ചയാണത്.
ആഗോളശക്തികളും അവരുടെ ഇരട്ടത്താപ്പും
കഴിഞ്ഞ 70 വർഷത്തോളമായി ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൻെറ രാഷ്ട്രീയ പരിഹാരത്തിനുള്ള നിയന്ത്രണരേഖ നിർണയിക്കുന്നത് അമേരിക്കയാണ്. ഹാരി ട്രൂമാൻ മുതൽ ജോ ബൈഡൻ വരെയുള്ളവർ സമാധാനത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ളവരാണ്, എന്നാൽ അമേരിക്കയുടെ എക്കാലത്തുമുള്ള നയം അന്താരാഷ്ട്ര സമ്മർദ്ദത്തിൽ നിന്ന് ഇസ്രായേലിന് പ്രതിരോധം തീർക്കുകയാണ് ചെയ്തത്. പലസ്തീനിലെ അധിനിവേശ വ്യാപനത്തെ അപലപിക്കുകയോ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന നിരവധി യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ വാഷിംഗ്ടൺ വീറ്റോ ചെയ്തിട്ടുണ്ട്. അമേരിക്ക ഒരുഭാഗത്ത് ഇസ്രായേലിന് കോടിക്കണക്കിന് ഡോളറിന്റെ സൈനിക സഹായം നൽകുകയും, മറുഭാഗത്ത് എങ്ങുമെത്താത്ത ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് പലസ്തീനോട് പറയുകയും ചെയ്ത് കൊണ്ടേയിരുന്നു.
പലസ്തീൻ രാഷ്ട്രത്തിന് അമേരിക്കൻ പ്രസിഡന്റുമാർ വലിയവായിൽ പിന്തുണ വാഗ്ദാനം ചെയ്ത പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. 2002-ൽ ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തെക്കുറിച്ച് ജോർജ് ഡബ്ല്യൂ. ബുഷ് സംസാരിച്ചിരുന്നു. 1967-ലെ രേഖകളുടെയും പരസ്പരം സമ്മതിച്ച ഭൂമി കൈമാറ്റങ്ങളുടെയും അടിസ്ഥാനത്തിൽ അതിർത്തികൾ നിർണയിക്കണമെന്ന് ബരാക് ഒബാമ ആവശ്യപ്പെട്ടു. അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ കെറി 2016-ൽ നടത്തിയ പ്രസംഗത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള വാതിലുകൾ സമ്പൂർണമായി അടയുകയാണെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ പ്രസ്താവനകളെല്ലാം വളരെ വിദഗ്ദമായി തുലനം ചെയ്തുകൊണ്ട് നടത്തിയവയായിരുന്നു. ഇസ്രായേൽ തീരുമാനിക്കുന്നത് പോലെയല്ലാതെ ഒന്നും നടക്കില്ലെന്ന് അവർക്ക് വ്യക്തമായ ഉറപ്പ് നൽകിക്കൊണ്ടായിരുന്നു അമേരിക്കൻ നേതാക്കളുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ. യു.എൻ അംഗത്വത്തിനുള്ള പലസ്തീൻ ആവശ്യം വാഷിംഗ്ടൺ നിരാകരിച്ചു, പലസ്തീൻ അഭയാർത്ഥികൾക്ക് സഹായം നൽകുന്ന യുഎൻ ഏജൻസികൾക്കുള്ള ധനസഹായം വെട്ടിക്കുറച്ചു, രാഷ്ട്രമായി അംഗീകരിക്കുന്നതിനുള്ള യൂറോപ്യൻ ശ്രമങ്ങളെ "ഉപയോഗശൂന്യം" എന്ന് വിമർശിച്ചു. ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്, കടലാസിൽ മാത്രമാണ് അമേരിക്ക പലസ്തീനെ പിന്തുണയ്ക്കുന്നത്, അത് യാഥാർത്ഥ്യമാവാൻ അവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

പക്ഷപാതിത്വമില്ലാതെ ഇടപെടുന്നുവെന്ന വ്യാജനാട്യവുമില്ലാതെയാണ് ഇപ്പോഴുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ട് പോവുന്നത്. 2017-ൽ അമേരിക്ക ജറുസലേമിനെ ഇസ്രായേലിന്റെ അവിഭക്ത തലസ്ഥാനമായി അംഗീകരിക്കുകയും അവരുടെ എംബസി ടെൽ അവീവിൽ നിന്ന് മാറ്റുകയും ചെയ്തു. ജറുസലേം നഗരത്തിന്റെ പദവി ചർച്ചകൾക്ക് വിധേയമാക്കണമെന്ന പതിറ്റാണ്ടുകളായുള്ള നയം മാറ്റി. 2020-ൽ ട്രംപ് അവതരിപ്പിച്ച, ‘സമാധാനത്തിൽ നിന്നും അഭിവൃദ്ധിയിലേക്ക്’ എന്ന പദ്ധതി, പരസ്പരബന്ധമില്ലാത്ത പല പ്രദേശങ്ങൾ കൂടിച്ചേർന്ന, ഇസ്രായേൽ നിയന്ത്രിത മേഖലക്കുള്ളിലുള്ള ഒരു പലസ്തീൻ ഭൂപടം അവതരിപ്പിക്കുകയുണ്ടായി. പലസ്തീൻ അഭയാർത്ഥികൾക്ക് തിരിച്ചുവരാനുള്ള അവകാശം നിഷേധിച്ചുകൊണ്ട് വെസ്റ്റ് ബാങ്കിലെയും ജോർദാൻ താഴ്-വരയിലെയും കൂടുതൽ ഭാഗത്തിൻെറയും പരമാധികാരം ഇസ്രായേലിന് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പലസ്തീനിലെ മനുഷ്യരെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതി പോലും ട്രംപ് മുന്നോട്ട് വെച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് പല നിയമവിദഗ്ദരും വിലയിരുത്തിയിരുന്നു.
ഇസ്രായേൽ നേതാക്കൾ തങ്ങളുടെ ലക്ഷ്യങ്ങളൊന്നും തന്നെ മറച്ചുവെക്കാതെയാണ് പ്രവർത്തിക്കുന്നത്. ഒരു പരമാധികാര പലസ്തീൻ രാഷ്ട്രം ഒരിക്കലും സംഭവിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. വലതുപക്ഷ, സെൻറർ രാഷ്ട്രീയമുള്ള ഇസ്രായേൽ സർക്കാരുകൾ അധിനിവേശം ശക്തിപ്പെടുത്തി കൊണ്ടേയിരിക്കുകയാണ് ചെയ്യുന്നത്. അമേരിക്കൻ സൈനികസഹായവും നയതന്ത്ര പിന്തുണയും ഇസ്രായേലിന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ നിന്ന് കവചം സൃഷ്ടിക്കുകയും ചെയ്യുന്നു. കിഴക്കൻ യൂറോപ്പ് മുതൽ ദക്ഷിണ ചൈനാ കടൽ വരെയുള്ള മേഖലകളിൽ വാഷിംഗ്ടൺ എപ്പോഴും പിന്തുണയ്ക്കുന്ന സ്വയം നിർണ്ണയ തത്വം - പലസ്തീനികളെ സംബന്ധിച്ചിടത്തോളം അവർ അംഗീകരിക്കുന്നേയില്ല.
മറ്റ് ആഗോളശക്തികളും സെലക്ടീവായ നിലപാടാണ് ഈ വിഷയത്തിൽ എടുക്കുന്നതെന്ന് കാണാം. റഷ്യയും ചൈനയും അമേരിക്കയുടെ ആധിപത്യത്തെ വിമർശിക്കുന്നുണ്ടെങ്കിലും വാക്കാലുള്ള പിന്തുണയല്ലാതെ പലസ്തീന് ഒരു സഹായവും അവർ നൽകുന്നില്ല. പലസ്തീൻ വിഷയം പരിഹരിക്കപ്പെടുന്നത് വരെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിരുന്ന പല അറേബ്യൻ രാജ്യങ്ങളും അതിൽ നിന്നെല്ലാം പിൻമാറിക്കഴിഞ്ഞു. പലസ്തീൻ വിഷയത്തിൽ കാര്യമായ പുരോഗതിയൊന്നും സംഭവിക്കാതിരുന്നിട്ടും 2020-ലെ അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഇസ്രായേലുമായുള്ള ബന്ധം പുനസ്ഥാപിച്ചിരിക്കുകയാണ് യു.എ.ഇ, ബഹ്റിൻ, മൊറോക്കോ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ. ഈ മാറ്റങ്ങളെല്ലാം വെളിപ്പെടുത്തുന്നത് ശാശ്വതമായ ഒരു സത്യമാണ്: ആഗോളശക്തികൾക്ക്, പലസ്തീൻെറ സ്വയം നിർണയാവകാശം എന്നുപറയുന്നത് ഒരു വിലപേശൽ വിഷയം മാത്രമാണ്, അല്ലാതെ അതൊരു നയമായി ആരും ഏറ്റെടുക്കുന്നില്ല.

യൂറോപ്പിൽ നിന്നുള്ള ശബ്ദങ്ങൾ, പിന്തുണയും വിയോജിപ്പുകളും
പലസ്തീനെ വാഷിങ്ടൺ അംഗീകരിക്കാതിരിക്കുമ്പോഴും, യൂറോപ്യൻ രാജ്യങ്ങൾ പലതും വൈരുദ്ധ്യമുള്ള നിലപാടുകളാണ് എടുത്തിട്ടുള്ളത്. 2014-ൽ സ്വീഡനാണ് ആദ്യം പലസ്തീനെ അംഗീകരിക്കുന്നത്. അയർലണ്ട്, നോർവെ, സ്പെയ്ൻ, സ്ലൊവേനിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ ഇതേ നിലപാട് പ്രഖ്യാപിച്ചവരാണ്. ഫ്രാൻസ് ഈ വർഷമാദ്യം യു.എന്നിൽ പലസ്തീനെ അംഗീകരിക്കുമെന്ന സൂചന നൽകുകയുണ്ടായി. ഇപ്പോഴിതാ ബ്രിട്ടണും കാനഡയും ഓസ്ട്രേലിയയും ഈ പട്ടികയിലെത്തിയിരിക്കുന്നു. യു.എൻ ജനറൽ അസംബ്ലി യോഗത്തിന് മുമ്പ് ഈ വിഷയത്തിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് ഈ നീക്കങ്ങൾ.
ഇത് വെറും പ്രതീകാത്മക നിലപാടുകളായി മാത്രം കണക്കാക്കേണ്ടതല്ല. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇസ്രായേൽ തുടരുന്ന അധിനിവേശ പ്രവർത്തനങ്ങളിലും നിരന്തരമായി തുടരുന്ന ആക്രമണങ്ങളിലും ലോകരാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന നിരാശയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ചരിത്രപരമായി ഇസ്രായേൽ - പലസ്തീൻ സംഘർഷം ഉണ്ടാവുന്നതിന് തന്നെ കാരണക്കാരായ ബ്രിട്ടൻെറ ഇപ്പോഴത്തെ നിലപാട് വളരെ നിർണായകമായ വഴിത്തിരിവാണ് സൃഷ്ടിക്കുന്നത്. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് "സമാധാന സാധ്യത നിലനിർത്തുന്നതിനുള്ള" ഒരു മാർഗമായി പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ കരുതുമ്പോൾ, ഇത് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സമയമാണെന്നും അതിനൊപ്പം നിൽക്കേണ്ടതുണ്ടെന്നും ഉറപ്പിച്ച് പറയുകാണ് ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡേവിഡ് ലാമി. ഇതേ ഭാഷ തന്നെയാണ് കാനഡയുടെയും ഓസ്ട്രേലിയയുടെയും നിലപാടുകളിൽ പ്രതിധ്വനിക്കുന്നത്. ധാർമ്മികവും പ്രായോഗികവുമായ നയമാണിതെന്നും ഈ രാഷ്ട്രങ്ങൾ പ്രഖ്യാപിക്കുന്നു.
എന്നാൽ, യൂറോപ്യൻ യൂണിയനിൽ മൊത്തത്തിൽ വിരുദ്ധ നിലപാടുകളാണുള്ളത്. ഉദാഹരണത്തിന്, ചർച്ചകളിലൂടെ പരിഹാര കരാറിലെത്താതെ പലസ്തീനെ അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് ജർമ്മനിയുടെ നിലപാട്. ഒരു ആഗോള സമാധാന ഉടമ്പടിയുടെ ഭാഗമായി മാത്രമേ അംഗീകാരം സാധ്യമാവുകയുള്ളൂവെന്നും ജർമ്മനി പറയുന്നു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ പലസ്തീൻെറ അവകാശങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇസ്രായേലിനെ പ്രകോപിപ്പിക്കരുതെന്ന് കരുതി ഉറച്ച നിലപാട് പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ഈ വ്യക്തതക്കുറവ് യൂറോപ്പിൻെറ വിശ്വാസ്യതയെ ദുർബലപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങൾ ഓരോ രാജ്യങ്ങൾക്കും ഓരോ പോലെയാണ് ബാധകമാവുന്നതെന്ന ആശങ്കയുണർത്തുന്ന സന്ദേശം നൽകുകയും ചെയ്യുന്നു.

പലസ്തീനെ അംഗീകരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതിനൊപ്പം വെസ്റ്റ് ബാങ്കിൻെറ കൂടുതൽ മേഖലകൾ കൂട്ടിച്ചേർക്കുക, യൂറോപ്യൻ വ്യാപാരകരാറുകളിൽ മാറ്റം വരുത്തുക, യു.എന്നിൽ ഇസ്രായേലിൻെറ സ്ഥാനവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുക തുടങ്ങിയ നീക്കങ്ങൾക്ക് സാധ്യതയുണ്ട്. ഈ നീക്കങ്ങൾ ഇസ്രായേലിനെ കൂടുതൽ ഒറ്റപ്പെടുത്തുമെങ്കിലും, നിലവിൽ ചോരക്കളമായിരിക്കുന്ന, പട്ടിണിയും രോഗങ്ങളും ദുരിതം വിതയ്ക്കുന്ന, പലായനം തുടർന്നു കൊണ്ടേയിരിക്കുന്ന ഗാസയിലെ സാഹചര്യങ്ങളിൽ പെട്ടെന്നൊരു മാറ്റവും കൊണ്ടുവരാൻ സാധ്യതയില്ല. ബ്രിട്ടണും കാനഡയും ഓസ്ട്രേലിയയും പലസ്തീനെ അംഗീകരിച്ചത് കാരണം, ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിച്ചെന്ന് വരില്ലെങ്കിലും പതിറ്റാണ്ടുകളായി അമേരിക്കയുടെ മധ്യസ്ഥ ചർച്ചകളിൽ നടക്കുന്ന ഫലമൊന്നുമില്ലാത്ത ചർച്ചകൾക്ക് വേണ്ടി ഇനിയും കാത്തിരിക്കാൻ വയ്യെന്ന് തുറന്നുപറഞ്ഞ് കൊണ്ട് കൂടുതൽ രാജ്യങ്ങൾ മുന്നോട്ടു വരുന്നുവെന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്.
യൂറോപ്പും അമേരിക്കയും തമ്മിലുള്ള ഈ നിലപാട് വ്യത്യാസം പ്രാധാന്യമർഹിക്കുന്നത്, മിഡിൽ ഈസ്റ്റ് നയതന്ത്രത്തെ ദീർഘകാലമായി രൂപപ്പെടുത്തിയ ഒരു ട്രാൻസ് അറ്റ്ലാന്റിക് സമവായത്തിന്റെ ദുർബലത തുറന്നുകാട്ടുന്നതിനാലാണ്. വർഷങ്ങളോളം അമേരിക്കയുടെ നിലപാടുകൾക്ക് യൂറോപ്പിൻെറ പിന്തുണ കിട്ടാറുണ്ടായിരുന്നു. ഇന്ന് ആ ഐക്യം ഇല്ലാതായിരിക്കുന്നു. യൂറോപ്പിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും പ്രതീകാത്മകമായിരുന്നുവെങ്കിലും, ഇന്ന് ആ പ്രതീകാത്മകതയ്ക്ക് തന്നെ വലിയ പ്രാധാന്യം ഉണ്ട്. ഓരോ പുതിയ രാജ്യവും പലസ്തീനെ അംഗീകരിക്കുന്നത്, യാതൊരു പ്രത്യാഘാതവും ഉണ്ടാവില്ലെന്ന വിശ്വാസത്തോടെ ആക്രമണങ്ങളും അധിനിവേശവും തുടർന്ന് കൊണ്ടേയിരിക്കുന്ന ഇസ്രായേലിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.
തിരിച്ചുവരവിനുള്ള അവകാശവും സ്വയംഭരണവും
പലസ്തീനിയൻ സമരത്തിൻെറ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്നത് സ്വയംഭരണമെന്ന ആവശ്യവും തങ്ങളുടെ പൂർവിക വാസസ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള അവകാശവുമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ യുഎൻ ചാർട്ടറിലും നിരവധി പ്രമേയങ്ങളിലും ഈ അവകാശങ്ങൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും പലസ്തീനികൾ ഇപ്പോഴും രാജ്യമില്ലാത്തവരും നാടുകടത്തപ്പെട്ടവരുമായി തുടരുകയാണ്. ലെബനൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി കഴിയുന്നത്. ഗാസയിൽ, രണ്ട് ദശലക്ഷത്തിലധികം ആളുകൾ ഉപരോധത്തിലും ബോംബാക്രമണങ്ങളിലും ദുരിതമനുഭവിക്കുന്നു, ചുരുക്കം ചിലരുടെ പ്രവൃത്തികൾക്ക് കൂട്ടമായി ശിക്ഷിക്കപ്പെടുന്നു.
ഹമാസിന്റെ വളർച്ചയാണ് പലപ്പോഴും പലസ്തീന് അംഗീകാരം വൈകിപ്പിക്കുന്നതിന് ന്യായീകരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനീവ കൺവെൻഷനുകൾ ഒരു ജനതയ്ക്ക് കൂട്ടശിക്ഷ വിധിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. ആന്തരിക രാഷ്ട്രീയ ഭിന്നതകൾ കാരണം ഒരു ജനതയുടെ മുഴുവൻ ദേശീയ അവകാശങ്ങളും റദ്ദാക്കുന്നത് കടുത്ത അനീതിയാണ്. 1967-ലെ അതിർത്തി നിർണയപ്രകാരമുള്ള ഒരു രാഷ്ട്രത്തെ അംഗീകരിക്കുന്നതായി ഹമാസ് തന്നെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്, എന്നാൽ ഗാസയിൽ അവർക്കുള്ള ആധിപത്യവും പലസ്തീൻ അധികൃതരുമായുള്ള സംഘർഷവും ഒരു ഏകീകൃത രാഷ്ട്രീയ മുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. ഐക്യത്തിന്റെ അഭാവം ഒരു ജനതയുടെ മുഴുവൻ അടിസ്ഥാന അവകാശങ്ങളും തുടർച്ചയായി നിഷേധിക്കപ്പെടുന്നതിന് ന്യായീകരണമാകില്ല.
പലസ്തീൻെറ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂടിനെ അന്താരാഷ്ട്ര തലത്തിൽ തന്നെ ആവർത്തിച്ച് ദുർബലപ്പെടുത്തിയിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും അഭയാർത്ഥി പ്രശ്നത്തിന് നീതിപൂർവമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ എണ്ണമറ്റ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അമേരിക്കയുടെ എതിർപ്പ് കാരണം ഈ ശ്രമങ്ങളെല്ലാം തന്നെ പാഴായി. ഇസ്രായേൽ എതിർത്തതിനാലും വീറ്റോയിലൂടെയും ഒന്നും നടക്കാതെ പോയി. കാര്യങ്ങൾ ഇങ്ങനെ പോയതിനാൽ അന്താരാഷ്ട്ര വ്യവസ്ഥിതിയിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി. ചില രാജ്യങ്ങളുടെ സ്വയംഭരണാവകാശത്തിന് ആഗോളശക്തികൾ മുൻകയ്യെടുക്കുകയും ചിലരുടെ അവകാശം നിരാകരിക്കുകയും ചെയ്യുമ്പോൾ ആശയം തന്നെയാണ് അർത്ഥശൂന്യമായി മാറുന്നത്.
ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് കൊണ്ടുമാത്രം മേഖലയിൽ സമാധാനം പുനസ്ഥാപിക്കപ്പെടുക്കയോ ഗാസ പുനർനിർമ്മിക്കപ്പെടുകയോ ചെയ്യില്ല. എന്നാൽ ഇത് നയതന്ത്ര മേഖലയിലെ നിർണായകമായ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു. പലസ്തീൻെറ രാഷ്ട്ര പദവിക്ക് ഇസ്രായേലിന്റെ അംഗീകാരത്തിനും അമേരിക്കയുടെ മധ്യസ്ഥതയ്ക്കും വേണ്ടി കാത്തിരിക്കണമെന്ന ദീർഘകാല ധാരണയെ ഇത് വെല്ലുവിളിക്കുന്നു. നീതി സാധ്യമാവുന്നതിന് വേണ്ടി അന്താരാഷ്ട്ര സമൂഹം ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ലെന്ന സന്ദേശമാണ് നൽകുന്നത്. പതിറ്റാണ്ടുകളായി അധിനിവേശവും ആക്രമണങ്ങളും അനുഭവിക്കുന്ന പലസ്തീനികളെ സംബന്ധിച്ചിടത്തോളം, ലോകം അവരുടെ പ്രശ്നങ്ങളെ ഉൾക്കൊള്ളുന്നുവെന്നും അവരെ പിന്തുണയ്ക്കുന്നുവെന്നുമുള്ള പ്രതീക്ഷയാണിത്.

പലസ്തീനെ അംഗീകരിക്കാനുള്ള യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തീരുമാനം അന്തിമ വിജയമല്ല, മറിച്ച് മുക്കാൽ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പോരാട്ടത്തിലെ അർത്ഥവത്തായ ഒരു ചുവടുവെയ്പ്പാണ്. യുഎൻ ചാർട്ടറിലെ ആദർശ പ്രഖ്യാപനങ്ങളും അത് നടപ്പിലാക്കുമ്പോൾ ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ എടുക്കുന്ന തീരുമാനങ്ങളും തമ്മിലുള്ള അന്തരം ഇത് തുറന്നുകാട്ടുന്നു. വൈകിക്കിട്ടുന്ന നീതി അനീതിയാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. ഈ കാലതാമസം കൊണ്ടുള്ള അനീതിയുടെ വ്യാപ്തി ചിതറിപ്പോയ മനുഷ്യജീവനുകളും നിരന്തര ആക്രമണങ്ങൾക്ക് ഇരയാവേണ്ടി വരുന്ന ഒരു മേഖലയുടെ തകർച്ചയും നോക്കിയാണ് അളക്കേണ്ടി വരുന്നത്. മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടരുമെന്നോ, അംഗീകാരം യഥാർത്ഥ സ്വയംഭരണത്തിലേക്ക് നയിക്കുമെന്നോ എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല. ഒരു കാര്യം ഉറപ്പാണ്, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നവരെ മാത്രമല്ല ലോകം വിലയിരുത്താൻ പോവുന്നത്, ശക്തി ഉണ്ടായിട്ടും അത് ഉപയോഗിക്കുന്നവരെയും ഉപയോഗിക്കാത്തവരെയും കൂടിയാണ്…
