അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ ശേഷിക്കുന്ന രണ്ടുവർഷത്തെ രാഷ്ട്രീയദിശ നിർണയിക്കുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പിന് അമേരിക്ക നാളെ വിധിയെഴുതും. അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്ന് തീരുമാനിക്കുന്ന ജനവിധിയാണിത്. ട്രംപ് ഭരണകൂടത്തിന്റെ അധികാരത്തെയും നയങ്ങളെയും സ്വാധീനിക്കാൻ ശേഷിയുള്ള നിർണായക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിയും ഭൂരിപക്ഷം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലേക്കുമാണ് ഇത്തവണ തെരഞ്ഞെടുപ്പ്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 218–214 എന്ന നേരിയ ഭൂരിപക്ഷവും സെനറ്റിൽ 53–47 എന്ന നിലയിലുമാണ് കക്ഷിനില. ഈ ഭൂരിപക്ഷം നിലനിർത്താനാകുമോ എന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അഭിപ്രായ സർവേകൾ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ ഡെമോക്രാറ്റുകൾക്ക് അനുകൂലമായ സാഹചര്യമാണ് സൂചിപ്പിക്കുന്നത്. എന്നാൽ സെനറ്റിലെ മത്സരം പ്രവചനാതീതമാണ്. ഇരുസഭകളിലും ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് കൂടുതൽ സീറ്റുകൾ സ്വന്തമാക്കേണ്ടതുണ്ട്. നേരിയ ഭൂരിപക്ഷമുള്ളതിനാൽ ഏതാനും സീറ്റുകളിലെ ഫലങ്ങൾ പോലും വലിയ മാറ്റമുണ്ടാക്കാം.
ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ മാത്രമല്ല, അമേരിക്കയുടെ ആഭ്യന്തര-വിദേശനയങ്ങളുടെ തുടർദിശയും ഈ ജനവിധിയിലൂടെ സ്വാധീനിക്കപ്പെടും. അമേരിക്കയുടെ സാമ്പത്തിക വിദേശനയങ്ങൾ ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ തെരഞ്ഞെടുപ്പിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ ഒതുങ്ങില്ല.
അമേരിക്കയിൽ പ്രസിഡന്റാണ് ഭരണനിർവഹണത്തിന്റെ തലവനെങ്കിലും നിയമനിർമാണത്തിന്റെയും സർക്കാർ ചെലവുകളുടെയും നിയന്ത്രണം കോൺഗ്രസിനാണ്. അതിനാൽ കോൺഗ്രസിൽ ഭൂരിപക്ഷം നഷ്ടപ്പെടുന്നത് പ്രസിഡന്റിന്റെ നയങ്ങൾ നടപ്പാക്കാനുള്ള രാഷ്ട്രീയസാധ്യതകളെ ബാധിക്കും. റിപ്പബ്ലിക്കൻ പാർട്ടി ഇരുസഭകളിലും ഭൂരിപക്ഷം നിലനിർത്തിയാൽ ട്രംപിന് തന്റെ ഭരണപരിപാടികൾ മുന്നോട്ടുകൊണ്ടുപോകാൻ താരതമ്യേന കൂടുതൽ അനുകൂല സാഹചര്യമുണ്ടാകും. സുപ്രധാന നിയമനങ്ങൾക്കും ഭരണകൂടത്തിന്റെ പദ്ധതികൾക്കും പാർലമെന്റിൽനിന്നുള്ള പിന്തുണ ഉറപ്പാക്കുന്നതും എളുപ്പമാകും.
എന്നാൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് ഡെമോക്രാറ്റുകൾ തിരിച്ചുപിടിച്ചാൽ ട്രംപ് ഭരണകൂടത്തിന് പുതിയ രാഷ്ട്രീയ വെല്ലുവിളികൾ ഉയരും. സെനറ്റിലെ നിയന്ത്രണത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഫെഡറൽ ജഡ്ജിമാർ, സുപ്രീംകോടതി ജഡ്ജിമാർ, മന്ത്രിസഭാംഗങ്ങൾ തുടങ്ങിയവരുടെ നിയമനങ്ങൾക്ക് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. അതിനാൽ സെനറ്റിൽ ഭൂരിപക്ഷം മാറുന്നത് ട്രംപിന്റെ നിയമനാധികാരത്തെ നേരിട്ട് സ്വാധീനിക്കും. വിദേശരാജ്യങ്ങളുമായുള്ള ഉടമ്പടികൾക്ക് അംഗീകാരം നൽകുന്നതിലും സെനറ്റിന് പങ്കുണ്ട്.
2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയപരീക്ഷണം കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ട്രംപിന്റെ നേതൃത്വത്തിനും റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറയ്ക്കും ജനപിന്തുണ എത്രത്തോളമുണ്ടെന്നതിന്റെ സൂചനകൾ ഫലത്തിലുണ്ടാകും.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയമാറ്റങ്ങളും ശ്രദ്ധേയമാണ്. ബ്രസീലിൽ ഒക്ടോബർ 25-ന് നടന്ന രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 51.79 ശതമാനം വോട്ടുകൾ നേടി ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകൻ ഫ്ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരത്തിലെത്തിയത്.

അതേദിവസം യൂറോപ്യൻ രാജ്യമായ സെർബിയയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിദ്യാർഥി പ്രസ്ഥാനത്തിന്റെ പിന്തുണയുള്ള 'സ്റ്റുഡന്റ് ലിസ്റ്റ്' 52.7 ശതമാനം വോട്ടും 250 അംഗ പാർലമെന്റിൽ 140 സീറ്റുകളും നേടി. ഇതോടെ അലക്സാണ്ടർ വൂച്ചിച്ചിന്റെ നേതൃത്വത്തിലുള്ള സെർബിയൻ പ്രോഗ്രസീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തിന് തിരിച്ചടിയേറ്റു. 2024ൽ നോവി സാദിലെ റെയിൽവേ സ്റ്റേഷൻ മേൽക്കൂര തകർന്ന് 16 പേർ മരിച്ചതിനെത്തുടർന്ന് ആരംഭിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭങ്ങളാണ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ബ്രസീലിലും സെർബിയയിലും വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളിൽ അധികാരമാറ്റത്തിന് ജനവിധിയുണ്ടായപ്പോൾ അമേരിക്കയിൽ കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പും ആഗോളശ്രദ്ധ നേടുകയാണ്.
ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലത്തെ മാത്രമല്ല, അമേരിക്കയുടെ ആഭ്യന്തര-വിദേശനയങ്ങളുടെ തുടർദിശയും ഈ ജനവിധിയിലൂടെ സ്വാധീനിക്കപ്പെടും. അമേരിക്കയുടെ സാമ്പത്തിക വിദേശനയങ്ങൾ ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ തെരഞ്ഞെടുപ്പിന്റെ പ്രത്യാഘാതങ്ങൾ രാജ്യത്തിന്റെ അതിർത്തികളിൽ ഒതുങ്ങില്ല. വ്യാപാരനയം, ഇറക്കുമതി തീരുവകൾ, പ്രതിരോധ ചെലവുകൾ, കുടിയേറ്റ നയം, യുക്രെയ്ൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിലുള്ള സമീപനം എന്നിവയിൽ കോൺഗ്രസിന്റെ നിലപാടുകൾക്ക് പ്രസക്തിയുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങളിലും ഇതിന് സ്വാധീനമുണ്ടാവും. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയപരീക്ഷണം കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ട്രംപിന്റെ നേതൃത്വത്തിനും റിപ്പബ്ലിക്കൻ പാർട്ടിയുടെ രാഷ്ട്രീയ അടിത്തറയ്ക്കും ജനപിന്തുണ എത്രത്തോളമുണ്ടെന്നതിന്റെ സൂചനകൾ ഫലത്തിലുണ്ടാകും. അതേസമയം, ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്ന പിന്തുണ അവരുടെ തിരിച്ചുവരവിന്റെ സാധ്യതകളും വ്യക്തമാക്കും.

