വെനസ്വേലയിലെ വെടിമുഴക്കം, എണ്ണയ്ക്കായുള്ള അമേരിക്കൻ അട്ടിമറി

“303 ബില്യൺ ബാരൽ ക്രൂഡ് റിസർവ് സ്വന്തമായുള്ള വെനസ്വേലയുടെ അധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ് ആയുധബലത്തിന്റേയും കൊളോണിയൽ അവശിഷ്ടങ്ങൾ പകർന്ന അഹന്തയുടേയും ബലത്തിൽ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ റാഞ്ചിക്കൊണ്ടുപോവുകയെന്ന ആധുനികലോകത്തിലെ ഏറ്റവും കിരാതമായ നടപടിക്ക് അമേരിക്ക മുന്നിട്ടിറങ്ങിയത്,” മുസാഫിർ എഴുതുന്നു.

ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളുടെ ആരവമടങ്ങും മുമ്പേ കരീബിയൻ അതിരുകളിൽ അമേരിക്കൻ നരമേധം. ഭൂമിയിൽ സമാധാനം കാംക്ഷിക്കുന്നവർക്ക് ആയുധങ്ങൾ കൊണ്ട് പാരിതോഷികം. കേവലം മൂന്നുകോടി മാത്രം ജനസംഖ്യയുള്ള, എണ്ണരാജ്യമായ വെനിസ്വേലയെ വിഴുങ്ങാൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു ട്രംപ് ഭരണകൂടവും അമേരിക്കൻ ചാരസംഘടനയും. ശനിയാഴ്ച കാലത്ത് അവരത് പ്രാവർത്തികമാക്കി. ലോകരാജ്യങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ടാണ് ഒരു രാജ്യത്തിന്റെ ഭരണം അർധരാത്രിയിൽ അട്ടിമറിച്ച് ഇടത്പക്ഷക്കാരനായ പ്രസിഡന്റിനേയും പത്‌നിയേയും അമേരിക്ക തട്ടിക്കൊണ്ടുപോയത്. തലസ്ഥാനമായ കാരക്കാസിൽ ബോംബിട്ടുകൊണ്ട്, ശാന്തിയോടെ ഉറങ്ങിക്കിടന്ന ഒരു ജനതയുടേയും അവരുടെ ഭരണാധികാരിയുടേയും സ്വച്ഛജീവിതത്തിനു മീതെ അമേരിക്ക ദു:സ്വപ്‌നങ്ങൾ വിതച്ചു. വെനസ്വേലയുടെ അസ്ഥിരീകരണമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും ചില എതിർസ്വരങ്ങളുയർന്നതൊഴിച്ചാൽ ലോകം ഇപ്പോഴും അമേരിക്കയുടെ അധിനിവേശത്തെ അപലപിക്കുന്ന കാര്യത്തിൽ ആലസ്യത്തിലാണ്.

പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറെസിനേയും ന്യൂയോർക്കിലെ ഡീറ്റൻഷൻ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. സദ്ദാം ഹുസൈന്റേയും മുഅമ്മർ ഗദ്ദാഫിയുടേയും അവസാനകാലം ഓർമിപ്പിക്കുന്നതാണ് ട്രംപിന്റെ സൈന്യം വെനസ്വേലൻ ഭരണാധികാരിയ്ക്ക് നേരെയും പ്രയോഗിക്കുന്നത്. ശൂന്യതയിൽ നിന്നുയർത്തിയ രാസായുധമെന്ന പൊള്ളയായ വാദമായിരുന്നു ഇറാഖിന്റെ കാര്യത്തിൽ അന്നത്തെ അമേരിക്കൻ ഭരണാധികാരികൾ ചെയ്തിരുന്നതെങ്കിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കാര്യത്തിൽ അവരുടെ വാദം 'മയക്കുമരുന്നും ആയുധക്കടത്തു'മാണ്. ലോകത്തിന്റെ അഞ്ചിലൊന്ന് വരുന്ന എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേലയെന്നതാണ് എക്കാലത്തും ആ കൊച്ചുരാജ്യം വെട്ടിപ്പിടിക്കാൻ അമേരിക്കൻ ഇംപീരിയലിസത്തിന് പ്രേരണയായത് എന്നത് ലോകത്തിന് മുഴുവനുമറിയാം. 303 ബില്യൺ ബാരൽ ക്രൂഡ് റിസർവ് സ്വന്തമായുള്ള വെനിസ്വേലയുടെ അധികാരം കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ് ആയുധബലത്തിന്റേയും കൊളോണിയൽ അവശിഷ്ടങ്ങൾ പകർന്ന അഹന്തയുടേയും കരുത്തിൽ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ റാഞ്ചിക്കൊണ്ടുപോവുകയെന്ന ആധുനികലോകത്തിലെ ഏറ്റവും കിരാതമായ നടപടിക്ക് അമേരിക്ക മുന്നിട്ടിറങ്ങിയത്.

പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറെസിനേയും ന്യൂയോർക്കിലെ ഡീറ്റൻഷൻ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.
പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറെസിനേയും ന്യൂയോർക്കിലെ ഡീറ്റൻഷൻ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്.

1989-ൽ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പാനമയിൽ ബോംബിട്ട് അവിടത്തെ ഭരണം അസ്ഥിരീകരിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. പട്ടാളമേധാവിയും ഏറെക്കുറെ അവിടത്തെ അനൗദ്യോഗിക പ്രസിഡന്റായി തുടരുകയും ചെയ്തിരുന്ന പട്ടാളമേധാവി മാന്വൽ നൊറീഗയെ തടവിലിടുകയും മരണപ്പെടുന്നതിനു തൊട്ടുമുമ്പ് അദ്ദേഹത്തെ ജയിൽ മോചിതനാക്കുകയും ചെയ്ത ചരിത്രവുമുണ്ട് അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയ്ക്ക്. മയക്കുമരുന്ന് ലോബിയുടെ ആൾ എന്നായിരുന്നു നൊറീഗയ്‌ക്കെതിരേയും ഉയർന്നുകേട്ട ആരോപണം. വെനസ്വേലയുടെ തുറമുഖം നോട്ടമിട്ട അമേരിക്കൻ പടക്കപ്പലുകളും കരീബിയൻ ആകാശത്ത് നിബിഡമായ ചാരക്കണ്ണുകളും പൊടുന്നനവെയാണ് ആ കൊച്ചുരാജ്യത്തെ കീഴടക്കിയത്. വെനിസ്വേലൻ വിദേശകാര്യമന്ത്രി ഇവാൻ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് വെനസ്വേലയിൽ അമേരിക്ക അട്ടിമറി നടത്തിയത്. അന്താരാഷ്ട്രബന്ധങ്ങളിൽ വെനിസ്വേല പുലർത്തുന്ന പുതിയ നീക്കങ്ങളിലും ആഭ്യന്തരകാര്യങ്ങളിലുള്ള അവരുടെ സോഷ്യലിസ്റ്റ് അനുകൂല നിലപാടുകളിലും അമേരിക്ക തീർത്തും അസ്വസ്ഥമായിരുന്നു. സൈന്യത്തെ ഉപയോഗിച്ച് ഇറാഖിലും ലിബിയയിലും ബ്രസീലിലും കൊളംബിയയിലുമെല്ലാം നടത്തിയ നീചമായ അട്ടിമറിയുടെ മറ്റൊരു ഇരുൾ നിറഞ്ഞ എപ്പിസോഡാണ് വെനിസ്വേലയിൽ അമേരിക്ക പ്രയോഗിച്ച് വിജയിച്ചത്. ലോക ജനാധിപത്യചരിത്രക്രമ ത്തിലെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ അധ്യായം.

വെനിസ്വേലയുടെ മുൻ ഭരണാധികാരി ഹ്യൂഗോ ഷാവെസിനെതിരേയും അട്ടിമറി ശ്രമം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. 1998 ൽ വർധിച്ച ജനപിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഷാവേസിനെതിരെ 2002 ൽ നടത്തിയ അമേരിക്കൻ അട്ടിമറി ശ്രമം പരാജയപ്പെട്ടുവെങ്കിലും രണ്ടു വർഷത്തിനു ശേഷം അവർ വിജയം കണ്ടു. ഷാവേസ് പുറത്തായി. അമേരിക്കയെ പിന്തുണച്ച വലതുപക്ഷ പാർട്ടിയായ സുമാറ്റെയ്ക്ക് ഭരണത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താനായില്ല. പ്രതിപക്ഷ നേതാവായിരുന്ന മരിയാ മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം നൽകിയെങ്കിലും അമേരിക്കയുടെ പാവയാകാൻ പ്രതിപക്ഷത്തുള്ള പലരും വിസമ്മതിച്ചു. അന്ന് മുതൽ അമേരിക്കയാരംഭിച്ചതാണ് ആ രാജ്യത്തെ സാമ്പത്തിക ഉപരോധത്തിലൂടെ ശ്വാസം മുട്ടിക്കാൻ.

ഭരണഘടനാ ഭേദഗതിയിലൂടെ ഹൈഡ്രോ കാർബൺ പ്രശ്‌നത്തിനും എണ്ണ വിപണിയിലെ മൽസരനിയന്ത്രണത്തിനും മഡുറോ ശ്രമങ്ങൾ നടത്തി. കനേഡിയൻ - അമേരിക്കൻ എണ്ണക്കമ്പനിയായ എക്‌സോണും ഓസ്‌ട്രേല്യൻ എണ്ണക്കമ്പനിയായ ഷെവ്‌റോണും തമ്മിലുള്ള വാണിജ്യമൽസരം കൂടി വെനിസ്വേലയുടെ പുതിയ രാഷ്ട്രീയപ്രതിസന്ധിയ്ക്ക് കളമൊരുക്കിയതായി നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ആത്യന്തികമായ എണ്ണവിപണിയിലെ കടുത്ത മൽസരത്തിലും അപ്രതീക്ഷിതമായ വൻലാഭത്തിലും അത് വഴി നേടാവുന്ന അപ്രമാദിത്തത്തിലും തന്നെയാണ് അമേരിക്കയുടെ കണ്ണ്. ബോംബിട്ട് മനുഷ്യരെ കൂട്ടക്കുരുതി നടത്തിയിട്ടായാലും ഭരണാധികാരികളെ തട്ടിക്കൊണ്ടുപോയിട്ടായാലും ഈ ലക്ഷ്യത്തിലേക്ക് അവർ നടന്നടുക്കും. അതിനാകട്ടെ പലവിധ ന്യായീകരണങ്ങൾ ചമയ്ക്കുകയും ആ ന്യായീകരണങ്ങൾക്ക് ആശ്രിതരാജ്യങ്ങളുടെ ഹല്ലേലുയ്യ ഉയരുകയും ചെയ്യുന്നതാണ് കണ്ട് വരുന്നത്.

ബസ് ഡ്രൈവറായി ജീവിതമാരംഭിച്ച മഡുറോ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തത്. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു.
ബസ് ഡ്രൈവറായി ജീവിതമാരംഭിച്ച മഡുറോ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തത്. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു.

ബസ് ഡ്രൈവറായി ജീവിതമാരംഭിച്ച മഡുറോ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വഴി തെരഞ്ഞെടുത്തത്. മികച്ച സംഘാടകൻ, പ്രാസംഗികൻ എന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു. 2000-ൽ വെനസ്വേലൻ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ഷാവേസ് തന്നെയായിരുന്നു മഡുറോയുടെ ഗുരു. വളരെ വേഗം നാഷണൽ അസംബ്ലി പ്രസിഡന്റായും തുടർന്ന് വിദേശകാര്യ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. റഷ്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും ചില ലാറ്റിൻ അമേരിക്കൻ ഭരണാധികാരികളും പ്രതീക്ഷയോടെയാണ് ഈ നേതാവിനെ നോക്കിക്കണ്ടത്. രാജ്യത്തിന്റെ വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട മഡുറോ, ഷാവേസിന്റെ മരണ ശേഷം പ്രസിഡന്റ് പദവിയിലെത്തി. ആഭ്യന്തരമായ പല പ്രതിസന്ധികളെയും അമേരിക്കൻ ഇടപെടലുകളെയും അതിജീവിച്ചാണ് മഡുറോ, വെനിസ്വേലയുടെ രാഷ്ട്രീയം നിയന്ത്രിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം അടിച്ചമർത്തുന്നു എന്നായിരുന്നു മഡുറോ യ്ക്കെതിരെ ഉയർന്ന പ്രധാന ആരോപണം. കഴിഞ്ഞ വർഷം നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ മൂന്നാമതും പ്രസിഡന്റായി അവരോധിക്കപ്പെട്ട ഈ നേതാവ് അറുപത്തിമൂന്നാം വയസ്സിൽ അവിചാരിതമായി രാജ്യഭ്രഷ്ടനായതോടെ അദ്ദേഹത്തിന്റെ പ്രതിയോഗികൾ തലസ്ഥാനമായ കാരക്കാസിലും മറ്റ് നഗരങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നുണ്ട്. ദുഷ്ടനായ ഏകാധിപതിയായാണ് പലരുമിപ്പോൾ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്. ഈ പതനത്തിൽ അമേരിക്കയോടൊപ്പം മഡുറോയെ വിമർശിക്കുന്ന ലോകനേതാക്കളുടെ എണ്ണവും വർധിച്ചു വരുന്നു. ജൂത കുടുംബത്തിൽ പിറന്ന മഡുറോ, ക്രൈസ്തവനായി മതപരിവർത്തനം നടത്തുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്ത വിശ്വസിക്കാമെങ്കിൽ പ്രസിഡന്റ് മഡുറോ, സത്യസായിഭക്തനുമായിരുന്നു. 2005-ൽ അദ്ദേഹം പുട്ടപർത്തിയിൽ സായിബാബയുടെ അനുഗ്രഹം തേടാനെത്തിയിരുന്നുവത്രെ. വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്‌സിന് താൽക്കാലികമായി വെനസ്വേലയുടെ അധികാരം കൈമാറാൻ അമേരിക്ക തയാറായിട്ടുണ്ടെങ്കിലും അതെത്ര കാലം എന്നത് കണ്ടറിയേണ്ടതുണ്ട്- വെനസ്വലേയിലെ എണ്ണ ശേഖരങ്ങളാകെ അമേരിക്ക അധീനതയിലാക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ധാർഷ്ട്യം കലർന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

Comments